Monday, June 13, 2011

ഞരമ്പിലെ കലയും ഞരമ്പുരോഗികളും


വർഷങ്ങൾക്കുമുൻപാണ് എം.എഫ്.ഹുസൈൻ എന്ന ചിത്രകാരനെ നേരിൽ കാണുന്നത്. കൽക്കത്തയിൽ വെച്ച്. താൻ വരച്ച ചിത്രങ്ങൾ എടുത്താൽ പൊന്താത്ത വിലയ്ക്ക് വിറ്റഴിക്കുന്ന ഒരു ചിത്രകാരൻ എന്നേ അന്ന് തോന്നിയിരുന്നുള്ളൂ. അധികവും, കുതിരകളുടെയും ലളിതമായ ബാഹ്യരേഖകളിലൂടെ വരച്ച മനുഷ്യമുഖങ്ങളുടെയും ചിത്രങ്ങളായിരുന്നു അവ. ചിത്രങ്ങളിൽ അയാൾ തന്റെ കയ്യൊപ്പ് ചാർത്തുമ്പോൾ വില പിന്നെയും പിന്നെയും ഇരട്ടിക്കുന്നുണ്ടായിരുന്നു.

ബൊംബെയിലെ തെരുവുകളിൽ ഹിന്ദിസിനിമക്കുവേണ്ടി ബാനറുകൾ വരച്ച് കാലക്ഷേപം കഴിച്ചിരുന്ന പാവപ്പെട്ട കലാകാരനിൽനിന്ന്, ടാറ്റാ സെന്ററിലെ ചിത്രകലാപവലിയനിൽ നിൽക്കുന്ന ഹുസൈനിലേക്കുള്ള ദൂരം എത്രയോ വലുതായി തോന്നുകയും ചെയ്തിരുന്നു. 

ഇന്ത്യൻ സ്ത്രീത്വത്തിന്റെ മാതൃകയായി മാധുരി ദീക്ഷിതിനെ കൊട്ടിഘോഷിച്ച് വാർത്തകളിൽ വിവാദപുരുഷനായപ്പോഴും  ഹുസൈൻ കൂടുതൽ കൂടുതൽ ബാലിശനാവുകയാണല്ലോ എന്ന് തോന്നാതിരുന്നില്ല. ഏറെക്കുറെ ആ തോന്നലുകളൊന്നും ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടുമില്ല. ചിത്രകലയെക്കുറിച്ച് വലിയ പിടിപാടുകളൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ടാകാം, ഹുസൈൻ ചിത്രങ്ങളെ വിലയിരുത്താനും ഞാനാളല്ല.

പക്ഷേ എം.എഫ്.ഹുസൈൻ എന്ന കലാകാരനെ ഇത്തരം സ്വകാര്യ ആസ്വാദന രീതികളും രുചികളും വെച്ച് മാത്രം അളക്കുന്നതെങ്ങിനെ? അറുപതിനായിരത്തോളം ചിത്രങ്ങൾ എം.എഫ്.ഹുസൈന്റേതായിട്ടുണ്ട്. വീണ വായിക്കുന്ന തുണിയുടുത്ത ഗണപതിയും, കുട്ടിയുമായി തെരുവിലുറങ്ങുന്ന അർദ്ധനഗ്നയായ ദരിദ്രയുവതിയും, അശ്വവേഗങ്ങളിലൂടെ ചിത്രീകൃതമാകുന്ന അശോകന്റെ കീർത്തിസ്തംഭവും, ഒരുപോലെ അതിൽ പെടും. മനുഷ്യരും പ്രകൃതിയും മൃഗങ്ങളും മനുഷ്യമൃഗങ്ങളും മൃഗമനുഷ്യരും എല്ലാവർക്കും ഹുസൈന്റെ ചിത്രത്തിൽ ഒരുപോലെ ഇടമുണ്ടായിരുന്നു. ഹിന്ദുക്കളുടെ ദൈവങ്ങളിൽ ആ മനുഷ്യൻ ഒരു അമിത സ്വാതന്ത്യമെടുത്തിട്ടുണ്ടെങ്കിൽ, അത് ഒരു കലാകാരന്റെ സ്വാതന്ത്ര്യം എന്നതിലുപരി, കലയുടെ സെക്കുലർ സ്വഭാവവുമായി അയാൾ നടത്തിയ ഉദാരമായ കൊടുക്കൽ വാങ്ങലിന്റെ ഭാഗമായിരുന്നു. വയസ്സറിയിച്ചിട്ട് ഒരു നൂറ്റാണ്ടുപോലും തികഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ദേശീയതയെയല്ല, മറിച്ച്, കണ്ണുനീർ പൊഴിക്കുന്ന സർവ്വംസഹയായ ഇന്ത്യൻ ഭൂമികയെയാണ് ഹുസൈൻ തന്റെ ‘നഗ്നയായ ഭാരതമാതാവിന്റെ‘ ചിത്രത്തിൽ അർത്ഥഗർഭമായി എഴുതിയത്. ഒരു ഭാഗത്ത് ഇന്ത്യൻ യോഗാത്മക്തയും, മറുഭാഗത്ത് കൊളോണിയലിസത്തിന്റെ വരവും, നഗ്നരൂപത്തിന്റെ പിന്നിൽ, കറുത്ത നിഴലായി മറ്റെന്തൊക്കെയോ അപായസൂചനകളും ഹുസൈൻ അതിസമർത്ഥമായി അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സർവ്വാഭരണവിഭൂഷിതയായി, ഉടുത്തൊരുങ്ങി, ശൂലവുമേന്തി പുലിപ്പുറത്തേറിവരുന്ന സുന്ദരിയായ ഭാരതമാതാവിനെ ശിവകാശിക്കാരന് സങ്കൽ‌പ്പിക്കാമെങ്കിൽ, തന്റേതായ രൂപത്തിൽ ഭാരതമാതാവിനെ സങ്കൽ‌പ്പിക്കാൻ ഹുസൈനും നിസ്സംശയം അവകാശമുണ്ട്. ശിവകാശിക്കാരനെപ്പോലും വെല്ലുന്ന സ്റ്റൈലിൽ പരമ്പരാഗതസങ്കൽ‌പ്പത്തോടിണങ്ങുന്ന ഹൈന്ദവ ദേവീദേവന്മാരുടെ ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച്, ഒരു പക്ഷേ അത് മടുത്തിട്ടാകാം, ആ ഭാവനാലോകത്തിന്റെ അതിരില്ലാത്ത മറുദേശങ്ങളിലേക്ക് കുതിക്കാൻ ചങ്കൂറ്റം കാണിച്ചവനെയാണ്, ചിത്രകലയുടെ നൈതികതയും ബാലപാഠങ്ങളും അറിയാത്ത തുണിയുടുത്ത ആഞ്ജനേയന്മാർ ഇവിടെനിന്ന് തുരത്തിയോടിച്ചത്. അവർക്കുമേൽ ചരിത്രം വിധിയെഴുതട്ടെ.

അറുപതിനായിരം ചിത്രങ്ങളിൽനിന്ന് വെറും ഏഴോ എട്ടോ ചിത്രങ്ങൾ പൊക്കിക്കാട്ടിയാണ് ഹിന്ദുകോമരങ്ങൾ ഉറഞ്ഞുതുള്ളിയത്. ആ ചിത്രങ്ങൾക്ക് ഹുസൈൻ നൽകിയ തലക്കെട്ട് വായിച്ചിരുന്നുവോ ഈ ഹിന്ദു കോമരങ്ങളിലാരെങ്കിലും? പുലിപ്പുറത്തേറിയ ദുർഗ്ഗയെന്ന യഥാർത്ഥ ചിത്രശീഷകത്തിന്, പുലിയുമായി സംഭോഗത്തിലേർപ്പെടുന്നവളെന്ന ചെല്ലപ്പേരിട്ടത് ആരാണ്, ഹുസൈനോ, മറ്റാരാനോ? പുറം തിരിഞ്ഞുനിൽക്കുന്ന നഗ്നസന്ന്യാസിയെയും, വാളൂരുന്ന തുണിയുടുത്ത മുസൽമാനെയും ഒരുപോലെ പൊളിച്ചെഴുതുന്ന ഹുസൈൻ വരകളെ എന്തുകൊണ്ടാണ് വിശ്വജന്തുപ്പരിഷകൾ കാണാൻ വിസമ്മതിച്ചത്? പ്രാചീനരും ആധുനികരുമായ എത്രയെത്രപേർ ദേവീദേവന്മാരുടെ നഗ്നതയെ ചിത്രങ്ങളിലും ശിൽ‌പ്പങ്ങളിലും കാവ്യങ്ങളിലും ആഘോഷിച്ചിട്ടുണ്ട്. അതിലൊന്നും ആരും അശ്ലീലത കാണുകയോ അതിനെതിരെ ആരും വാളിളക്കിയതായോ കേട്ടിട്ടില്ല. എന്നിട്ടെന്തേ ഹുസൈൻ മാത്രം? ഹുസൈനായതുകൊണ്ടോ?

കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് ഹുസൈൻ ഇസ്ലാം ബിംബങ്ങളിൽ തന്റെ ആവിഷ്ക്കാരങ്ങൾ പരീക്ഷിക്കാൻ ധൈര്യം കാണിച്ചില്ല എന്ന മറുചോദ്യക്കാർ നിരവധിയാണ്. തെറ്റ്. “മീനാക്ഷി, മൂന്നു നഗരങ്ങളുടെ കഥ“ എന്ന സിനിമയിൽ ഖുറാൻ വചനങ്ങൾ ഉപയോഗിച്ച ഹുസൈനെതിരെ വാളോങ്ങിയ അസഹിഷ്ണുക്കളായ മുസ്ലിം വർഗ്ഗീയ കോമരങ്ങളും ഇവിടെയുണ്ടായിരുന്നു. ഒരിക്കലും ഒരുമിക്കാത്ത എല്ലാ ഉലമകളും ഒരുമിച്ചാണ് അപ്പോൾ ആ സിനിമക്കെതിരെ പടവാളിളക്കിയത്. ഹിന്ദുക്കളുടെ വികാരങ്ങൾ മുറിപ്പെട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ മാപ്പു പറഞ്ഞ ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന് ആ സിനിമയും പിന്നീട് പിൻ‌വലിക്കേണ്ടിവന്നു.

നഗ്നപാദങ്ങളിൽനിന്ന് ഫെരാരിയുടെ സുഖശീതളിമയിലേക്കും, തെരുവിലെ കൂറ്റൻ സിനിമാപരസ്യങ്ങളുടെ ആപൽക്കരവും അരക്ഷിതവുമായ ഉയരങ്ങളിൽനിന്ന് പഞ്ചനക്ഷത്രപ്രദർശനശാലകളിലേക്കും കൂടു മാറിയപ്പോഴും, ഇന്ത്യയെ നൂറു ശതമാനവും സ്നേഹിച്ച ഒരു കലാകാരനായിരുന്നു എം.എഫ്.ഹുസൈൻ. ദൈവത്തന്മാരെ പട്ടുകുപ്പായമണിയിച്ച മുഗളന്മാരുടെയും വിക്ടോറിയന്മാരുടെയും കലാസങ്കൽ‌പ്പങ്ങളുമായി അബോധപരമായി കലഹിച്ച്, അവരെ അവരുടെ പ്രാചീനമായ നഗ്നതയിലേക്ക് പറിച്ചുനട്ടവനായിരുന്നു അയാൾ. സുന്ദരികളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. സ്വന്തം സർഗ്ഗാത്മകതയിലുള്ള വിശ്വാസത്തേക്കാളേറെയായി സ്വന്തം ജീവനുനേരെയുള്ള ഭീഷണികളെ ഭയപ്പെട്ടിരുന്ന ഒരു പാവം വൃദ്ധൻ.

അങ്ങിനെയുള്ള മനുഷ്യനെയാണ് നമ്മൾ ആട്ടിയോടിച്ചതും, ഞരമ്പുരോഗിയെന്ന് മറ്റുചിലർ മുദ്രകുത്തുന്നതും. വാർദ്ധക്യത്തിൽ ഞരമ്പുകൾ ക്ഷയിച്ചേക്കാം, ദുർബ്ബലമായേക്കാം. പക്ഷേ അതൊരു രോഗമല്ല. മരിച്ചവരെ പോലും ഭയക്കുന്ന, വരകളെയും വരികളെയും വാക്കുകളെയും സംഗീതത്തെയും ഉറക്കത്തിലും ഉണർവ്വിലും, ബോധത്തിലും അബോധത്തിലും ഒരുപോലെ ഭയപ്പെടുന്ന, സ്വന്തം വിശ്വാസസംഹിതകളുടെ ഉള്ളുറപ്പിൽ വിശ്വാസമില്ലാത്തവരുടേതാണ് യഥാർത്ഥ ഞരമ്പുരോഗം.

രോഗം സർവ്വസാധാരണമാണെങ്കിലും അതിനുള്ള മരുന്നാകട്ടെ, ഇന്നുവരെ ആരും കണ്ടെത്തിയിട്ടുമില്ല.

7 comments:

Rajeeve Chelanat said...

കലയെ നാടുകടത്തുമ്പോൾ

ബയാന്‍ said...

മഖ്ബൂല്‍ഫിദാ ഹുസൈന് ഏതു ഭാരതീയന്റേയും അഭിമാനമാണ്‍. അവസാനനാളുകളില്‍ അദ്ദേഹത്തെ വേദനിപ്പിച്ചതില്‍ ജന്മനാട്ടിലെ കുഞ്ഞുങ്ങളെയോര്‍ത്ത് ആ വൃദ്ധമനസ്സ് വേദനിച്ചിട്ടുണ്ടാകണം.

ChethuVasu said...

"ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന് ആ സിനിമയും പിന്നീട് പിൻ‌വലിക്കേണ്ടിവന്നു."

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവം അന്ന് വായിച്ചപ്പോള്‍ (അധികം പത്രങ്ങളില്‍ അത് വന്നിരുന്നില്ല ) ആണ് ഹുസയിന്‍ എന്നാ വലിയ ചിത്രകാരന്റെ 'ചെറിയ' മനസ്സ് ബോധ്യപ്പെട്ടത് .. താന്‍ മുതല്‍ മുടക്കിയ ചിത്രം നഷ്ടം സഹിച്ചു അദ്ദേഹം പിന്‍ വലിച്ചു കാരണം സ്വ സമുദായത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു എന്നത് കൊണ്ട് (എന്തായിരുന്നു ആ എതിര്‍പ്പിന്റെ കാരണം എന്നത് അറിയില്ല ).. എന്നാല്‍ അന്യ സമുദായത്തില്‍ നിന്നും എതിര്‍പ്പ് വരുമ്പോള്‍ അതരതിലുല്ല്ല തന്റെ സ്വന്തം ശ്രുഷ്ടി യില്‍ നിന്നും പിന്നോക്കം പോകാന്‍ അദ്ദേഹത്തിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല , രാഷ്ട്രീയക്കാരന്റെ അനുശോചന പ്രസംഗം പോലെ 'ഞാന്‍ ഖേദിക്കുന്നു' എന്നൊക്കെ പറഞ്ഞു തടി തപ്പി . തന്റെ പണം മുടിക്കിയ സിനിമ പിന്‍ വലിക്കാന്‍ ഉള്ള 'സെന്സിട്ടിവിട്ടി ' ഉള്ള ഒരാള്‍ അതെ സമയം വിവാദമായ മറ്റു ചിത്രങ്ങള്‍ വിട്ടു കാശാക്കി എന്നതും ശ്രേധേയം ...

യഥാര്‍ത്ഥത്തില്‍ ഏതാനും വര്ഷം മുമ്പ് (?) എം എഫ് ഹുസയിനെ പറ്റി വന്ന ഈ വാര്‍ത്ത‍ അന്ന് വായിച്ചപ്പോള്‍ ഞെട്ടിപ്പോയി , അങ്ങേരെ പറ്റി ഇങ്ങനെ ഒന്നും അല്ല ധരിച്ചിരുന്നത് .. തന്റെ സര്‍ഗ്ഗ പ്രോചോടനയില്‍ ആവേശം കൊണ്ട് മറ്റെല്ലാം മറന്നു - സമൂഹത്തെ പോലും മറന്നു - ശ്രുഷ്ടിയുടെ അടിസ്ഥാന ചോദന ഉള്‍ക്കൊണ്ടു , തനിക്കു പോലും തടഞ്ജിടാന്‍ പറ്റാതെ തന്റെ സര്‍ഗ്ഗ സൃഷ്ടി നടതുകായിരുന്നു അദ്ദേഹം എന്നായിരുന്നു അതിനു മുമ്പ് വരെ കരുതിയത്‌ - എന്നാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിന്ടെ വികാരങ്ങളെ മനസ്സിലാക്കാനും അതിന്റെ കാറിന്യതിനും , ഭീഷണിയുടെ തീവ്രതക്കനുസരിച്ചും വേണമെകില്‍ തന്റെ ക്രിയെടിവ് സ്പ്രീട്ടിനെ തള്ളിപ്പറയാനും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയും ആയിരുന്നു എന്ന് ആ സംഭവം മനസ്സിലാക്കി തന്നു ....

ChethuVasu said...

contd...

ഒരാള്‍ മറ്റുള്ള്ളവരെ മനുഷ്യരായി കാണുന്നുണ്ടോ , അവരുടെ പൊതു ബോധത്തെ മാനുഷികമായ പരിഗണയില്‍ വീക്ഷിക്കുന്നുണ്ടോ , അഥവാ, തന്റെ സ്വാര്‍ത്ഥ തക്കും സന്തോഷത്തിനും ആഗ്രഹപൂരണത്തിനും വേണ്ടിയുള്ള അചേതനമായ ഉപഭോഗ വസ്തുക്കളുടെ ഒരു ശേഖരമായി - (കുഴക്കാന്‍ പറ്റിയ പാകത്തിനുള്ള കളി മണ്ണ് ) - കാണുന്നുണ്ടോ എന്നത് ചിന്തനീയം തന്നെ . ആ കാഴ്ചപ്പാട് ക്രീയെട്ടിവ് ആയ ഒരു വ്യക്തിക്ക് അത്യാവശ്യവും , ആ ചുറ്റുപാട് അയാളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നത് സത്യമാണ് - പക്ഷെ , അതില്‍ ഉടമ - ഉപഭോഗവസ്തു ദ്വന്തം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് - ഒരു സാമൂഹ്യ ജീവി തന്റെ ക്രീയെട്ടിവിട്ടി 'പരസ്യമായി' പ്രദര്ഷിക്കുമ്പോള്‍ (ശ്രുഷിയിലൂടെ സമൂഹത്തോട് സംവദിക്കുമ്പോള്‍ ) മാനവീയമായ നീതി ബോധത്തോടെ തന്നെ ഇതൊക്കെ കണക്കിലെടുക്കുക തന്നെ വേണം .

(അതെ സമയം താന്‍ തനിക്കു വേണ്ടി മാത്രം ശ്രുഷ്ടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സൃഷ്ടികളില്‍ ഒഅയാള്‍ക്ക്‌ സമൂഹത്തിനെ പരിഗണിക്കേണ്ട ആവശ്യമേ ഇല്ല . ). ഹുസയിന്‍ ശ്രുഷികള്‍ സമൂഹത്തിന്റെ മുന്നില്‍ അവതരിക്കപ്പെട്ടവ്യായിരുന്നു ..അവ പലതും വിപണനം ചെയ്യപ്പെട്ടവാ കൂടി ആയിരുന്നു !!!!!!!!!!

ഹുസയിന്‍ വലിയ ഒരു ചിത്രകാരന്‍ ആണ് . എനിക്ക് ഹുസയിന്റെ ചിത്രങ്ങള്‍ ആകര്ഷകാംയും തോന്നുന്നു. പസ്ഖെ ഒരു മനുഷ്യന്‍ എന്നാ നിലയില്‍ ( ചിത്രകാരന്‍ എന്നാ നിലയില്‍ അല്ല ) അദ്ദേഹത്തിന്റെ നീതി ബോധത്തെ പറ്റി എനിക്ക് വലിയ മതിപ്പില്ല

Rajeeve Chelanat said...

വാസൂ,

സിൽമാപ്പാട്ടിൽ ഖുറാനില വരികൾ ഉപയോഗിക്കുന്നത് ഹറാമാണെന്ന് പ്രാക്റ്റീസിംഗ് മുസ്ലിം ആയ ഹുസൈന് അറിയില്ലായിരുന്നു. ഉലമകൾക്ക് പേയിളകിയതിന്റെ കാരണം അതായിരുന്നു. സിൽമ പിൻ‌വലിക്കുകയും ചെയ്തു ഹുസൈൻ. തുണിയുടുക്കാത്ത സരസ്വതിയെയും ദുർഗ്ഗയെയും കണ്ടപ്പോൾ പ്രദർശന ശാലകളിൽനിന്ന് ആ മനുഷ്യൻ അതും പിൻ‌വലിച്ചു. ഇരു കേസുകളിലും സമുദായങ്ങളുടെ ‘ചൊറിചിരങ്ങ്’ തോണ്ടിയതിൽ, ഖേദപ്രകടനവും നടത്തി. അതിലപ്പുറം എന്താണ് ഒരു മനുഷ്യന് ചെയ്യാൻ കഴിയുക വാസൂ.

മനുഷ്യൻ എന്ന നിലയിൽ ഹുസൈന്റെ നീതിബോധത്തെക്കുറിച്ച് വാസുവിന് മതിപ്പില്ലെങ്കിൽ അത് വാസുവിന്റെ ഇഷ്ടം. സംഘികൾക്കും, സഭകൾക്കും ഉലമകൾക്കുമൊക്കെ ഇഷ്ടം പോലെ നീതിബോധമുണ്ടല്ലോ. കലാകാരനും, ചരിത്രകാരനും, കവിയും, പാട്ടുകാരനും, കാർട്ടൂണിസ്റ്റുമൊക്കെ എന്തൊക്കെ എഴുതണമെന്നും പാടണമെന്നും, വരക്കണമെന്നും ഡിക്ടേറ്റ് ചെയ്യുന്ന സമുദായങ്ങളുടെ ‘മഹത്തായ’ നീതിബോധത്തെക്കുറിച്ച് ഗീർവ്വാണമടിക്കാതെ വാസ്വോ.

വായനകൾക്ക് നന്ദി.
അഭിവാദ്യങ്ങളോടെ

Anonymous said...

മനുഷ്യനെ ചുട്ടു തിന്നാനിരിക്കുന്നവര്‍ക്ക് ഇതൊക്കെ മനസ്സിലായാലും മനസ്സിലായില്ലെന്നു നടിക്കും ചെത്തുകാരന്‍ വാസു അണ്ണോ...

പാര്‍ത്ഥന്‍ said...

ഹുസ്സൈൻ ഒരു പാവമായിരുന്നു.

ഏഷ്യാനെറ്റിലൂടെ ഹുസ്സൈൻ മരിച്ച ദിവസം വിജയകുമാർ എന്ന വ്യക്തി പറഞ്ഞതാണ് അദ്ദേഹത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തൽ എന്നു തോന്നുന്നു. “അദ്ദേഹം വരച്ച ചിത്രങ്ങൾക്ക് ടൈറ്റിൽ കൊടുത്തതാണ് വിവാദമായത്” എന്നായിരുന്ന ആ അഭിപ്രായം.

അടിക്കുറിപ്പില്ലാതെയും തലക്കെട്ടില്ലാതെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കാണികളുമായി സംവദിക്കാനാവില്ലെന്നുണ്ടോ.