Wednesday, January 4, 2012

മഴവില്ലുകളും ഗോവിന്ദച്ചാമിമാരും


ഒഴിവുകിട്ടുമ്പോൾ ടി.വി.യിലെ മ്യൂസിക്ക് റിയാലിറ്റി ഷോ പേക്കൂത്തുകളുടെ മുന്നിലിരിക്കുന്നത് രണ്ടുമൂന്നു കാരണങ്ങൾ കൊണ്ടാണ് ഒന്ന്, പഴയ പാട്ടുകൾ കേൾക്കാം; രണ്ട്, കേട്ടു മറന്നു പോയ ചില പാട്ടുകളെ തിരിച്ചുപിടിച്ച് ആഘോഷിക്കാം; മൂന്ന്, നന്നായി പാടുന്ന കുട്ടികളെ കണ്ട് വെറുതെയെങ്കിലും സന്തോഷിക്കാം. കൈരളിയിലെ ‘ഗന്ധർവ്വസംഗീതം’ ഇതിനൊക്കെ അൽ‌പ്പം ഉപകാരപ്പെട്ടിരുന്നു.

മലയാള മനോരമ മുത്തശ്ശിയുടെ ചെറുമകൾ മഴവിൽ മനോരമയുടെ മുന്നിലിരിക്കുന്നതും ഇതൊക്കെകൊണ്ടുകൂടിയാണ്. എന്നാൽ, വർഗ്ഗീസ് മാപ്പിളയുടെ കാലം തൊട്ടേ പത്രധർമ്മത്തെ കൊന്ന് കൊലവിളിച്ചുകൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ നേർപകർപ്പാണ് പാട്ടിന്റെ കാര്യത്തിൽ  ചെറുമകളും. ഒരേ ഛായ.

മായാത്ത മഴവില്ലുകൾപോലെ മനസ്സിൽ ബാക്കിയാവുന്ന ബാബുരാജ്-ദക്ഷിണാമൂർത്തി-ദേവരാജൻ-രാഘവ മാസ്റ്റർമാരുടെ പാട്ടുകളെ എത്ര നിഷ്ക്കരുണമാണിവൾ അംഗഭംഗം വരുത്തുന്നത്? തബലയുടെയും മുരളികയുടെയും വയലിന്റെയും ഹാർമ്മോണിയത്തിന്റെയും ഇഴപ്പൊരുത്തത്തിലൂടെ മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠിതമായ പാട്ടുകളെ തീരാപ്പകയോടെയെന്നവണ്ണമാണ് മഴവിൽ മനോരമ ഒരു ഗൂഢസന്തോഷത്തോടെ ഛിന്നഭിന്നമാക്കുന്നത്.

അതിനു നിമിത്തമാകുന്നതോ സ്റ്റീഫൻ ദേവസ്സിയും. പ്രതിഭാധനനായ ഒരു സംഗീതജ്ഞനാണ് ആ ചെറുപ്പക്കാരൻ. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ സർഗ്ഗധനരായ ആ പഴയ മാസ്റ്റർമാരുടെ മാനസസന്താനങ്ങളെ തന്റെ കൈകൾ കൊണ്ട് കൊല്ലാനാണ് ആ ചെറുപ്പക്കാരന്റെ നിയോഗം.

പക്ഷേ ആ പഴയ പാട്ടുകളുടെ സൌന്ദര്യം (ഏതു പാട്ടിന്റെയും) അതിന്റെ പിന്നണി സംഗീതത്തിന്റെകൂടി സൃഷ്ടിയാണെന്ന തിരിച്ചറിവില്ലാത്ത  ഈ അപസ്വരചാനലുകളെ എന്താണ് ചെയ്യേണ്ടത്?

വാസന്തപഞ്ചമിനാളും, അമ്പലപ്പറമ്പിലെ ആരാമവും, പഞ്ചവർണ്ണതത്തയും, സാമ്യമകന്നോരുദ്യാനവും, ഒരുപുഷ്പവും, ഹൃദയസരസ്സും, സുറുമയെഴുതിയ മിഴികളും ഒക്കെ വരുന്നത്, ഭാസ്ക്കരൻ-ഒ.എൻ.വി മാസ്റ്റർമാരിലൂടെയോ, ബാബുരാജ് എന്ന നമ്മുടെ ബാബുക്കയിലൂടെയോ, രാഘവൻ മാഷിലൂടെയോ, ദേവരാജൻ മാസ്റ്ററിലൂടെയോ, ദക്ഷിണാമൂർത്തി സ്വാമിയിലൂടെയോ (പിന്നീട് രവീന്ദ്രൻ-ജോൺസൺ മാസ്റ്റർമാരിലൂടെയോ)  ആ പാട്ടുകൾ പാടി ഫലിപ്പിച്ച്, അന്യഥാ അസുന്ദരമാകുമായിരുന്ന നമ്മുടെ ജീവിതത്തെ അൽ‌പ്പമെങ്കിലും ശ്രുതിമധുരമാക്കി ജീവിതയോഗ്യമാക്കിത്തന്ന ഗായക/ഗായികമാരിലൂടെയോ മാത്രമല്ല. ആ പാട്ടുകളുടെ പിന്നാമ്പുറങ്ങളിലിരുന്ന് അതിലെ ഓരോ പല്ലവിയെയും അനുപല്ലവിയെയും ചരണത്തെയും നമ്മുടെ ഹൃദയതാളം കൊണ്ട്  മുഴുമിപ്പിക്കുകയും പൂർണ്ണതയിലേക്കെത്തിക്കുകയും, പെരുക്കുകയും കൂട്ടുകയും കിഴിക്കുകയും ഭാഗിക്കുകയും ചെയ്ത വാദ്യങ്ങളിലൂടെയുമായിരുന്നു. ചിലപ്പോഴൊക്കെ ആ പാട്ടെഴുത്തുകാരും, സംഗീതശിൽ‌പ്പികളും പാട്ടുകാരും അപ്രത്യക്ഷമാവുകപോലും ചെയ്തിരുന്നു. ഒരു വയലിന്റെ തന്ത്രിയിലൂടെയോ ഒരു മുരളികയുടെ സുഷിരത്തിലൂടെയോ, ഒരു തബലയുടെ പദനിസ്വനത്തിലൂടെയോ മാത്രം നിലനിൽക്കാറുണ്ടായിരുന്നു അപ്പോഴും നമ്മുടെ ഹ്രസ്വവും താത്ക്കാലികവുമായതെങ്കിലും സുരക്ഷിതമായ അഭയലോകങ്ങൾ. നമ്മെ സംബന്ധിച്ചിടത്തോളം ആ പാട്ടുകളെ എല്ലാ അർത്ഥത്തിലും പൂർണ്ണമാക്കുന്നവയായിരുന്നു ലളിത വാദ്യങ്ങളുടെ ആ മഴവിൽ ലോകങ്ങൾ.

അതിനെയാണ് മാധ്യമമുത്തശ്ശിയുടെ ഈ കുരുത്തംകെട്ട ചെറുമകൾ മായ്ക്കാൻ നോക്കുന്നത്. എന്റെ നിഘണ്ടുവിലുള്ള എല്ലാ തെറികളും അവൾക്ക് ഞാൻ നൽകുന്നു. കെട്ടിക്കിടന്ന് നാവ് കയ്ക്കാതിരിക്കാൻ. എന്റെ മഴവില്ലുകളെ തിരിച്ചുപിടിക്കാൻ.

3 comments:

Rajeeve Chelanat said...

അതിനെയാണ് മാധ്യമമുത്തശ്ശിയുടെ ഈ കുരുത്തംകെട്ട ചെറുമകൾ മായ്ക്കാൻ നോക്കുന്നത്. എന്റെ നിഘണ്ടുവിലുള്ള എല്ലാ തെറികളും അവൾക്ക് ഞാൻ നൽകുന്നു. കെട്ടിക്കിടന്ന് നാവ് കയ്ക്കാതിരിക്കാൻ. എന്റെ മഴവില്ലുകളെ തിരിച്ചുപിടിക്കാൻ.

ഷാരോണ്‍ said...

പഴയ ഗാനങ്ങള്‍ അന്നത്തെ പഴമയില്‍ കേള്‍ക്കാന്‍ നിര്‍ബന്ധം പിടിക്കുന്നത് പുതുമയെ സ്വീകരിക്കാനുള്ള മനുഷ്യന്റെ സഹജമായ വൈഷമ്യം കൊണ്ട് മാത്രമാണ്.

സ്ടീഫന്റെ കീ സ്ട്രോക്കുകളും പിന്നണിയും ഗാനത്തെ അത്ര നോവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.

അതിലും എനിക്ക് അരോചകം ആകുന്നത്..സുശീലാമ്മയുടെ പാട്ടിനു ജീവന്‍ കൊടുക്കാന്‍ അവര്‍ പാടിയ പോലെ അനുനാസിക ശബ്ദത്തില്‍ പാടുകയും അതിനു കൈയടി കൊടുക്കുകയും ചെയ്യുന്നതാണ്.

പണ്ട് ടെക്നോളജി ഇല്ലാത്തത് കൊണ്ടാണ് അവര്‍ അന്ന് ഉണ്ടായിരുന്ന ഉപകരണങ്ങള്‍ കൊണ്ട് അതിനെ ലിമിറ്റ് ചെയ്തത്.
പുതുതലമുറ നല്‍കുന്ന ഒരു സല്യൂട്ട് ആയി കണ്ടാല്‍ പോരെ ഇതിനെ?

Anonymous said...

പഴയ ഗാനഗല്‍ അതുപോലെ കേള്‍ക്കാന്‍ ആണേല്‍ cd ഇട്ടു കേട്ടാല്‍ പോരെ
എന്തിനാ TV കു മുന്‍പില്‍ വരുനത്‌
ഒരു ഇന്ത്യന്‍ വോയിസ്‌ ഫാന്‍