Wednesday, October 17, 2012

വീട്ടിയുടെ കാതല്‍



ഭാരതപ്പുഴയുടെ തീരത്തുള്ള നരിപ്പറ്റ മനയില്‍, പണ്ടു പണ്ട് ഉമ എന്നൊരു നമ്പൂതിരി പെണ്‍കുട്ടിയുണ്ടായിരുന്നു. മറ്റൊരു മനയ്ക്കലേക്ക് വേളി ചെയ്തുകൊണ്ടുപോയ ആ അന്തര്‍ജ്ജനം ഒരു സുപ്രഭാതത്തില്‍ പിതൃഗൃഹത്തിലേക്ക്  മകനെയുമെടുത്ത് ആരോടും പറയാതെ  ഓടിപ്പോയി. ചെറിയൊരു ശീലക്കേടുണ്ടായിരുന്നുവത്രെ അവര്‍ക്ക്. വസ്തുസ്തേയം എന്ന് നമ്പൂതിരിമാര്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഒരു ചെറിയ ദു:ശ്ശീലം. തനിക്കിഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടാല്‍ അത് തരപ്പെടുത്തുന്ന അസുഖം. ഭര്‍ത്തൃഗൃഹത്തില്‍ അത് പാട്ടാവാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഒളിച്ചോടിയത്.  വീട്ടില്‍ തിരിച്ചെത്തിയ അവര്‍ ചുറ്റുവട്ടത്ത് ചില ബന്ധങ്ങള്‍ തുടങ്ങി. കാര്യം പുറത്ത് അറിയാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ബന്ധമൊഴിഞ്ഞു. മകനെ ഒരു ഇരിക്കണമ്മയെ ഏല്‍പ്പിച്ച് അവരെ അവരുടെ ഏട്ടന്‍ വാര്‍ദ്ധാ ആശ്രമത്തിലേക്ക് അയച്ചു.

കുറച്ചുനാളുകള്‍ക്കുശേഷം ഉമാ ബെന്‍ ആയി അവര്‍ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കുറച്ചുകാലം ഒരു എഴുത്തച്ഛനുമായി ലോഹ്യത്തിലായി. ഉമയെ കല്ല്യാണം കഴിക്കാന്‍ അയാള്‍ തയ്യാറായിരുന്നു. വി.ടി.യുടെ സഹായം അഭ്യര്‍ത്ഥിച്ച് ഉമയും എഴുത്തച്ഛനും ചെന്നു. ഉമയുടെ സമ്പാദ്യത്തിലാണ് അയാളുടെ കണ്ണ്‌ എന്ന തോന്നലുണ്ടായിരുന്നതുകൊണ്ട് വി.ടി. അവരെ നിരസിച്ചു തിരിച്ചയച്ചു.

പിന്നീട് ഐഡോന്‍ എന്ന ഒരു മുസല്‍മാനുമായി അവര്‍ ഇഷ്ടത്തിലായി. അയാളുടെകൂടെ പൊന്നാനിയില്‍ പോയി മാര്‍ഗ്ഗം കൂടി നാട്ടില്‍ പാര്‍പ്പു തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ടു കുട്ടികളുമായി. ഒരാണ്‍കുട്ടിയും ഒരു പെണ്‍‌കുട്ടിയും. ഉമയുടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റ്, ഒടുവില്‍ അവരെ പട്ടിണിയും പരിവട്ടത്തിലുമാക്കി ഒരുനാള്‍ ഐഡോനും മരിച്ചു. 

കോഴിക്കോട്ടുനിന്നു വന്ന രണ്ട് ആര്യസമാജക്കാരുടെ കൂടെ പിന്നീട് ഉമ ലാഹോറിലേക്കു പോയി. ആര്യസമാജം വഴി വീണ്ടൂം ഹിന്ദുവായി ഒരു ലാഹോറി ബ്രാഹ്മണനെയും വിവാഹം കഴിച്ച് അവിടെ കഴിഞ്ഞു.1946-ലെ വിഭജനപൂര്‍വ്വ വംശീയ ലഹളയില്‍ നിന്ന് പലായനം ചെയ്ത് ദില്ലിയിലെത്തിയ അവര്‍ പിന്നീട് ശിഷ്ടകാലം അവിടെയായിരുന്നു കഴിഞ്ഞത്.

വി.ടി.യുടെ ‘കര്‍മ്മവിപാകം’ എന്ന ആത്മകഥയിലാണ് ഈ കഥയുള്ളത്. വി.ടി. ഈ ആത്മകഥ എഴുതുമ്പോഴും അതിലെ പ്രധാന കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുപ്പുണ്ടായിരുന്നു. ഉമയുടെ ആദ്യ വിവാഹത്തിലെ ആ കുഞ്ഞ് അപ്പോഴേക്കും വിവാഹിതനായി നാട്ടില്‍ ഒരു അദ്ധ്യാപകനായി മാറിക്കഴിഞ്ഞിരുന്നു. ഐഡോനിലുണ്ടായ മകള്‍ നല നിലയില്‍ വിവാഹം കഴിച്ച് കല്‍ക്കത്തയിലും, മകന്‍ നല്ല ഉദ്യോഗസ്ഥനായി ദില്ലിയിലുമായിരുന്നു അന്നേയ്ക്ക്. മകന്റെ പരിചരണത്തിലായിരുന്നു ദില്ലിയില്‍ ഉമ അന്ന്.

ഒരിക്കലും കണ്ട ഓര്‍മ്മയില്ലത്ത തന്റെ അമ്മയുടെ പൂര്‍വ്വവൃത്താന്തത്തെക്കുറിച്ച് വി.ടി.യുടെ കഥയില്‍നിന്നാണ് നാട്ടിലുള്ള മകന്‍ ആദ്യമായി അറിയുന്നത്. അയാളാകെ തളര്‍ന്നുപോയി. അതിനു കാരണക്കാരനായ വി.ടി.ക്ക് അയാളുടെ ഭാര്യ ഗൌരി അന്തര്‍ജ്ജനം അതിശക്തമായ ഭാഷയില്‍ ഒരു കത്തെഴുതുന്നുണ്ട്. കാലം ഇത്രയേറെ കഴിഞ്ഞ്, എന്തിനായിരുന്നു എല്ലാവരെയും വേദനിപ്പിക്കാന്‍ മാത്രമായുള്ള ഈ എഴുത്ത് എന്നായിരുന്നു അവരുടെ ചോദ്യം. വലിയൊരു സാമൂഹിക പരിഷ്ക്കര്‍ത്താവായിട്ടും പൈസക്കുവേണ്ടി ഈ സെന്‍സേഷണലിസത്തിന്റെ പിറകെ പോയ വി.ടി.യെ അവര്‍ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് തന്റെ കത്തില്‍. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട് എല്ലാവരും അതുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു തന്റെ തോന്നലെന്നും, ‘ഇത്തരം വേദനകളുടെ കഥയാണ് മഹാഭാരതം മുഴുക്കെ’യെന്നും, “നിഷ്ക്കളങ്കതയുടെ തെളിനീരിന് ഉറവിടങ്ങളായ അവരെ ഇരുവരെയും വേദനിപ്പിച്ചതിന് തനിക്ക് മാപ്പു നല്‍കട്ടെ’ എന്ന് വി.ടി. അവര്‍ക്ക് മറുപടിയും എഴുതുന്നുണ്ട്. അതും ആത്മകഥയുടെ ഭാഗമാണ്.

വി.ടി.യെ അളക്കാന്‍ നമ്മളാരുമല്ല. വീട്ടിയാല്‍ തീരാത്ത കടവുമുണ്ട് കേരളത്തിന് ആ മനുഷ്യനോട്. എന്നാലും ചിലപ്പോള്‍ ഗൌരി അന്തര്‍ജ്ജനത്തിന്റെകൂടെ നമുക്ക് ചോദിക്കാന്‍ തോന്നും വി.ടി.യോട്, എന്തിനായിരുന്നു തന്റെ ആത്മകഥയില്‍, അത്ര വലിയ പ്രസക്തിയൊന്നുമില്ലാത്ത ആ കഥ കൂട്ടിച്ചേര്‍ത്തതെന്ന്. തന്നെ കഠിനമായി വേദനിപ്പിച്ച ഒരു കഥ പങ്കുവെക്കണമെന്നേ വി.ടി. കരുതിയിരിക്കുകയുള്ളു. അത് തെറ്റാണെങ്കില്‍, ആ തെറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടന്‍ തക്കവണ്ണം ചെറുതല്ല, ഉയരം കുറഞ്ഞ, കറുത്തു മെലിഞ്ഞ നമ്മുടെ സ്വന്തം വി.ടി.

പക്ഷേ അതു മാത്രമല്ല, ആ കഥയിലെ ദഹനക്കേടുകള്‍. ഉമയെ ഐഡോണ്‍ വിവാഹം കഴിച്ചതിനുസേഷം ഒരിക്കല്‍ വഴിയില്‍ വെച്ച് വി.ടി അയാളെ കാണുന്നുണ്ട്. “ഉമ അന്തര്‍ജ്ജനം സുഖമായിരിക്കുന്നില്ലേ?’ എന്ന ചോദ്യത്തിന് ഭാര്യയെക്കുറിച്ച് സ്നേഹത്ത്ടെയാണ് ഐഡോന്‍ മറുപടി പറയുന്നത്. ഉള്ളതുകൊണ്ട് സുഖമായി കഴിയാന്‍ അവര്‍ക്ക് അറിയാമെന്നും, അവരുണ്ടാക്കുന്ന സസ്യ വിഭവങ്ങള്‍ രുചികരമാണെന്നും, എന്നാല്‍, എത്ര ശ്രമിച്ചിട്ടും മത്സ്യ-മാംസാദികള്‍ പാകം ചെയ്യാന്‍ ‘ആ കഴുത’ പഠിക്കില്ലെന്നും പറഞ്ഞ ഐഡോനെ മുഖമടച്ചാട്ടിവിട്ടു വി.ടി. എന്തായിരിക്കണം വിടി.യെ ഇത്രകണ്ട് പ്രകോപിപ്പിച്ചിരിക്കുക? തന്റെ സമുദായാംഗമായിരുന്നു ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ ‘കഴുത’ എന്നു വിളിച്ചതോ? ഉമയും ഐഡോനും വി.ടി.യുടെ കണ്ണില്‍ അപ്പോഴും നമ്പൂതിരിയും മുസല്‍മനുമായി മാത്രമായിരുന്നോ നിന്നിരുന്നത്? തന്റെ സമുദായത്തിലെ ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ വിവാഹം കഴിച്ചതില്‍ വി.ടി.ക്കുണ്ടായ നീരസം എഴുത്തില്‍ പലയിടത്തും പ്രകടവുമാണ്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ യത്നിച്ച ആ വലിയ മനുഷ്യന് അതുള്‍ക്കൊള്ളാന്‍ കഴിയേണ്ടതായിരുന്നില്ലേ?

വാര്‍ദ്ധയില്‍നിന്നു തിരിച്ച വന്ന ഉമാബെന്നുമായി പരസ്പരം ലോഹ്യത്തിലായി വിവാഹം കഴിക്കാന്‍ വി.ടി.യുടെ സഹായവും പിന്തുണയും തേടിവന്ന എഴുത്തച്ഛനെയും ഉമയെയും ഇതുപോലെ തള്ളിപ്പറയുന്നുണ്ട് വി.ടി. വിവാഹവും ഒരു പ്രസവവും നിരവധി വേഴ്ചകളും കഴിഞ്ഞ് ഓജസ്സറ്റ ഒരു സ്ത്രീയില്‍, അവളുടെ സമ്പാദ്യമല്ലാതെ മറ്റെന്താണ് നിങ്ങളെ ആകര്‍ഷിക്കുന്നത് എന്നാണ് വി.ടി. ചോദിച്ചത്. വിവാഹിതയും ഒന്നു പെറ്റതും അപഥസഞ്ചാരിണിയുമായ ഒരു സ്ത്രീയോട് ഒരാള്‍ക്ക് സ്നേഹം തോന്നിക്കൂടായ്കയൊന്നുമില്ലല്ലൊ. അങ്ങിനെയുണ്ടെങ്കില്‍ അതിനെ വി.ടി.യെപ്പോലൊരാള്‍ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുകയായിരുന്നില്ലേ വേണ്ടത്. എന്തോ അതുണ്ടായില്ല.

ഐഡോനും എഴുത്തച്ഛനും ഉമയുടെ സ്വത്തിനെയായിരുന്നു മോഹിച്ചിരുന്നത് എന്നൊന്നും കഥയില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവരുടെ ലക്ഷ്യം അതായിരുന്നിരിക്കണമെന്ന വെറും അനുമാനത്തില്‍ കവിഞ്ഞ് ഒരു തെളിവും വി.ടി. വിസ്തരിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. ഇടയ്ക്ക് കഥയുടെ ഒരു ഭാഗത്ത് വി.ടി.യുടെ മറ്റൊരു പ്രയോഗമുണ്ട്. “..മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മുദ്രാവാക്യം കേട്ടുമടുത്തു”. തൊട്ടടുത്ത വാചകത്തില്‍ “കേവലമനുഷ്യന്‍ മാത്രം ഈ മതേതരനാട്ടില്‍ പിറന്നിട്ടില്ല” എന്നു പറഞ്ഞ് വി.ടി. നമ്മളെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന ആശയമെങ്ങിനെയാണ് (എത്ര കേട്ടുകേട്ടായാലും) മടുക്കുക? യാഥാസ്ഥിതികത്വത്തിലും അലസതയിലും കഴിഞ്ഞിരുന്ന തന്റെ സമുദായത്തിലെ പുരുഷന്മാരെ പുതിയ മനുഷ്യരാക്കാനും, അതിലെ സ്ത്രീകളെ പുറത്തെ വിശാലമായ ലോകത്തിന്റെ സ്വച്ഛതയിലേക്ക് മറക്കുടകള്‍ തകര്‍ത്ത് പുറത്തുവരാനും പ്രേരിപ്പിച്ച  മനുഷ്യന് എങ്ങിനെയാണ്, താന്‍ നിര്‍വ്വഹിച്ച നിയോഗം കൂടുതല്‍ വിപ്ലവകരമായി, മറ്റൊരു സമുദായത്തില്‍, മറ്റൊരു രീതിയില്‍, തനിക്കുമുന്നേത്തന്നെ നടപ്പാക്കിയ മഹാനായ പൂര്‍വ്വസൂരിയുടെ വാക്കുകള്‍ മടുക്കുക?

ഇനി, വി.ടി.യുടെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്കു നോക്കുകയാണെങ്കിലോ? പ്രാകൃതമായ സമുദായാചാരങ്ങളുടെ കെട്ടുവള്ളികള്‍ ചുറ്റി സംബന്ധത്തിനു പോകുന്ന അഫന്‍‌മാരുടെ അസംബന്ധ ജീവിതത്തെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ട അതേ ആള്‍ തന്നെ, പൊട്ടന്യായം പറഞ്ഞ്, സംബന്ധം ചെയ്ത ചരിത്രവും വി.ടിക്കുണ്ട്. പോരാ, ഗര്‍ഭിണിയായ അവരെ, മാധവിക്കുട്ടി എന്ന ആ സ്ത്രീയെ ഇനിയും മറ്റു ചില പൊട്ടന്യായങ്ങള്‍ പറഞ്ഞ് നയത്തില്‍ ഉപേക്ഷിച്ച്, ദാരിദ്ര്യത്തില്‍നിന്നും സാമൂഹികമായ ഭ്രഷ്ടില്‍നിന്നും രക്ഷപ്പെടാന്‍, പൈസ വാങ്ങി സ്വജാതിക്കാരിയെ വിവാഹം ചെയ്യുകയും ചെയ്തു വി.ടി (“ഒരു വാത്മീകി കയറി വന്നെങ്കില്‍” എന്ന ആത്മകഥാ ഭാഗം). ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും തീച്ചൂളയില്‍ വേവുന്ന ഒരു മനുഷ്യനെ നമുക്കതില്‍ കാണാം. തീരെ, ദയാദാക്ഷിണ്യമില്ലാതെ സ്വയം വിചാരണ ചെയ്യുന്ന ഒരു മനുഷ്യന്‍. തന്റെ യശോധാ‌വള്യത്തിന്  ജീവിതത്തിലെ ആ കറുത്ത ഏട് തീരാകളങ്കമുണ്ടാക്കി എന്ന് തിരിച്ചറിയുന്നുമുണ്ട് ആ മനുഷ്യന്‍.

“കേരളത്തില്‍ സ്ത്രീയുടെ ചരിത്രം എഴുതുമ്പോള്‍ ഏറ്റവും പ്രധാനിയായി വരുന്ന പുരുഷ‘നെ (വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് എഴുതിയ അവതാരികയില്‍, കെ.സി. നാരായണന്റെ പ്രയോഗം) കുറ്റപ്പെടുത്തുകയോ വിധിയെഴുതുകയോ അല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഏറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് വായിച്ച കഥകള്‍ ഒരിക്കല്‍ക്കൂടി, ദയാരഹിതമായ പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉമ്മറപ്പടിയിലിരുന്ന് വായിക്കുമ്പോഴുണ്ടാകുന അത്ഭുതവും സങ്കടവും രേഖപ്പെടുത്തുക. അത്രമാത്രം. സമ്പന്നമായ ഒരു ഇല്ലത്തിലെ സന്തതിയായി ജനിച്ചു വളര്‍ന്ന നാട്ടില്‍ത്തന്നെ ഒരു മുസ്ലിം ഡ്രവറുടെ ബീടരായി നടക്കാനും ജീവിക്കാനും ചങ്കൂറ്റം കാണിച്ച ഉമ എന്ന ആ സ്തീ എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തുന്നത്. ഒരു ജന്മത്തില്‍ത്തന്നെ നിരവധി ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്ത ഉമയും, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ച ആ മനുഷ്യനോട് മറുത്തൊന്നും പറയാതെ ഹൈദരാബാദില്‍ പോയി ഏകാന്തജീവിതം നയിച്ച് അകാലത്തില്‍ മരിച്ച മാധവിക്കുട്ടിയും ചിലപ്പോഴെങ്കിലും വി.ടി.യെന്ന മഹാവൃക്ഷത്തേക്കാള്‍ എന്റെ ആകാശങ്ങളെ ഭേദിച്ചു വളരുന്ന ശാഖികളാകാറുണ്ട്.

അനുബന്ധം: ഒരിക്കല്‍ അമ്മമ്മയോട് ചോദിച്ചു. അമ്മമ്മയുടെ അച്ഛന്റെ വീട്ടിലുണ്ടായിരുന്ന ഉമ അന്തര്‍ജ്ജനമെന്ന ഒരു സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്. അങ്ങിനെയെന്തോ കേട്ടതായി ഓര്‍ക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞു അമ്മമ്മ. പക്ഷേ അത് പറയുമ്പോള്‍, അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കവും പറയാനാവാത്ത അസ്വസ്ഥതയും സത്യമായും എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു. കഥയുടെ കാലഘട്ടം നോക്കുമ്പോള്‍ അവരിരുവരും സമപ്രായക്കാരായിരുന്നിരിക്കണം. അമ്മമ്മയ്ക്ക് അവരെ അറിയാമായിരുന്നിരിക്കണമെന്നും എനിക്കു തോന്നി. ഞാന്‍ പിന്നെ കൂടുതലൊന്നും ചോദിക്കാനും പോയില്ല.

2 comments:

Rajeeve Chelanat said...

വീട്ടിയുടെ കാതല്‍

Baiju Elikkattoor said...

രാജീവ്,
നല്ല ലേഖനത്തിന് നന്ദി. താങ്കളുടെ മനസിന്റെ ശുദ്ധമായ കാതലിന് നമസ്കാരം.