Saturday, June 8, 2013
"ഏയ്‌യീയിലെ കുട്ടികള്‍""
ഭൂമിശാസ്ത്രപരമായി ഏറനാടോടടുത്ത ഒരു സ്കൂള്‍ . തെക്കു നിന്ന് സ്ഥലം മാറി വന്ന് പുതിയ അദ്ധ്യാപകന്‍ ഒരു ഒമ്പതാം ക്ലാസ്സുകാരിയൊട് ചോദിക്കുന്നു
"കുട്ടി ഏതു ക്ലാസ്സിലാണ്?"
"ഏയ്‌യീല്‍"""
അദ്ധ്യാപകന്‍ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു.
സ്വദേശി ടീച്ചര്‍ വിവര്‍ത്തനം ചെയ്തു കൊടുത്തു. "7 E"
"വല്ലാത്തൊരു ഭാഷ. ഇത് മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടും" പുതിയ അദ്ധ്യാപകന്‍ പകുതി തന്നോടായി പറഞ്ഞു.
"ഇതിനേക്കാള്‍ വലിയൊരു തമാശയുണ്ടായി മാഷേ, കഴിഞ്ഞ യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ദിവസം"
"അതെന്താ?"
"വേണ്ടാ വേണ്ട യുദ്ധം വേണ്ടാ, ഇനിയൊരു യുദ്ധം വേണ്ടാ വേണ്ടാ" എന്ന് പഠിപ്പിച്ചു പരിശീലിപ്പിച്ച് യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ വഴിപാടു ഭാഗമായി സര്‍ക്കാര്‍ കുട്ടികളെ അന്നേദിവസം തെരുവിലിറക്കി.
പഠിച്ചതുപോലെ കുട്ടികള്‍ ഏറ്റുപറഞ്ഞു. "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ".
നാട്ടുകര്‍ ആര്‍ത്തു ചിരിച്ചു. ടീച്ചര്‍മാര്‍ കണ്ണുരുട്ടിയും കുട്ടികളുടെ ചെവിയില്‍ അടക്കം പറഞ്ഞു തിരുത്താനും നോക്കി. പാവം കുട്ടികള്‍ . അവര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.
സത്യം പറഞ്ഞാല്‍ ഇതില്‍ ഒരു ഫലിതവുമില്ല. അത് ഉദ്ദേശിച്ചിട്ടുമില്ല. മറ്റു പല സര്‍ക്കാര്‍ സ്കൂളുകളിലേയും സ്ഥിതിതന്നെയായിരുന്നു ഈ പറഞ്ഞ സ്കൂളിലും.
എട്ടിലെയും ഒമ്പതിലെയുമൊക്കെ കുട്ടികളാണ് വായിക്കാനും എഴുതാനും അറിയാതെ ഇതുപോലെയുള്ള സ്കൂളുകളില്‍ വളരുന്നത്. ചുരുക്കം ചില കുട്ടികളുടെ കാര്യമല്ല ഇത്. ഭൂരിഭാഗത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്... ഇംഗ്ലീഷിന്റെ കാര്യം വിടുക. മലയാളം പോലും വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികള്‍ . ചരിത്രവും ഭൂമിശാസ്ത്രവും കണക്കുമൊക്കെ മിക്കവര്‍ക്കും അപരിചിതമായ ഏതോ വിഷയനാമങ്ങള്‍ മാത്രം.
ഇന്റര്‍വെല്‍ സമയത്ത് മലമ്പുഴ ഡാമിലെ സഞ്ചാരികള്‍ക്ക് കടലം വില്‍ക്കാന്‍ പോകുന്ന കുട്ടികളുണ്ട്. അവിടുത്തെ സ്കൂളില്‍ . ചിരിക്കരുത്. ചിരിക്കാനായി ഇതിലൊന്നുമില്ല.
ഇതൊന്നും ഇന്നോ ഇന്നലെയോ പുതിയതായി മനസ്സിലാക്കിയതോ കണ്ടുപിടിച്ചതോ ആയ വസ്തുതകളല്ല. കേരളത്തിലെ വളരെ ചുരുക്കം സര്‍ക്കാര്‍ സ്കൂളുകളൊഴിച്ച് ബാക്കിയെല്ലാതിലും ഇതൊക്കെയാണ് കുട്ടികള്‍ക്കും അദ്ധ്യാപികാദ്ധ്യാപകര്‍ക്കും കിട്ടുന്ന പാഠങ്ങള്‍ .
ഒറ്റയ്ക്കൊറ്റയ്ക്ക് ആര്‍ക്കും ഒരു മാറ്റവും വരുത്താനും സാധിക്കുന്നില്ല. എല്ലാവരും ഒരു വലിയ അസംബന്ധ സംവിധാനത്തിന്റെ കീഴില്‍ നിസ്സഹായരാണ്.....
ഫലിതം മറ്റൊന്നിലാണ്. തൊട്ടപ്പുറത്ത് വേറെ ചില സ്കൂളുകളുണ്ട്. അവയിലെ കുട്ടികള്‍ ജീവിക്കാനൊഴിച്ച് മറ്റെല്ലാ പാഠപദ്ധതികളും കൃത്യമായ സിലബസ്സോടെ, ഉച്ചാരണത്തോടെ, ദിനേന ഹാജരോടെ, എന്‍ട്രന്‍സ് കോച്ചിംഗിന്റെ പിന്‍ബലത്തോടെ പഠിച്ചിറങ്ങുന്നു.
രണ്ടു കുട്ടികളാണ് ജനിക്കുന്നത്. രണ്ട് വ്യത്യസ്ത കുട്ടികളാണ് നമ്മുടെ ഒരേ വീട്ടില്‍ വളരുന്നത്. ഒരാള്‍ "ഏയ്‌യീ"യിലും മറ്റൊരാള്‍ "സെവെന്‍ ഇ' യിലും.
പഠിക്കില്ലെന്ന് കുട്ടികള്‍ ; പഠിപ്പിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ; പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍ ; പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് നാട്ടുകാര്‍ ഈന്നൊരു പഴയ തിക്കോടിയന്‍ തമാശയുണ്ടായിരുന്നു. ഇവിടെ അതൊന്നുമില്ല. പഠിക്കണമെന്നുള്ള കുട്ടികളെയാണ് എന്തുവന്നാലും പഠിപ്പിക്കില്ലെന്ന്, അഥവാ ഒരു പാഠം പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുറച്ചിരിക്കുന്നത്.
" "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ" എന്ന് ഏറനാട്ടെ കുട്ടികള്‍ ചോദിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ശരിയാണ്..
സര്‍ക്കാര്‍ സ്കൂളുകളെ ഈ അവസ്ഥയിലേക്ക് തള്ളിനീക്കിയ, കണ്ടില്ലെന്നു നടിച്ച, അതിനേക്കാള്‍ വിലപിടിച്ച പണികളില്‍ ഇത്രനാളും ഏര്‍പ്പെട്ടിരുന്ന, വിദ്യാഭ്യാസപരിഷ്ക്കാരത്തെക്കുറിച്ച് നാലഞ്ചു ദശകങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം തുലച്ച എല്ലാ എമ്പോക്കികള്‍ക്കുമെതിരെ കുട്ടികള്‍ ഒരു ദിവസം യുദ്ധത്തിനിറങ്ങുക തന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment