Monday, October 1, 2007

അദ്ധ്യായം-6 തേന്‍ നിഷേധിക്കപ്പെട്ട തേനീച്ചകള്‍

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

മല്‍കാങ്കിരി (ഒറീസ്സ) - ആദ്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുക, പൂര്‍ണ്ണമായും മുളകൊണ്ടുണ്ടാക്കിയ ആ വീടുകളാണ്‌. അവയുടെ മേല്‍ഭാഗം മാത്രമേ ഓലകൊണ്ട്‌ മേഞ്ഞിരുന്നുള്ളു. മേല്‍ക്കൂരകള്‍ കൂട്ടിയോജിപ്പിച്ചിരുന്നതുപോലും മുളകള്‍ ഉപയോഗിച്ചാണ്‌. ഇത്തരത്തിലുള്ള 150-ഓളം വീടുകളുണ്ട്‌. മാത്രമോ, വീടുകള്‍ക്കു ചുറ്റുമുള്ള വേലികളും മുള കൊണ്ടാണ്‌ തീര്‍ത്തിരിക്കുന്നത്‌. ഈ ഗ്രാമത്തിന്റെ പേരാണ്‌ കബൂത്തര്‍ ഖാന.

ശുണ്ഠിപിടിച്ച്‌ നടക്കുന്ന ഒരു പന്നി മുന്നറിയിപ്പു നല്‍കിയപ്പോള്‍ ഞങ്ങളവളെ നോക്കി. അവളുടെ രണ്ടു ചെറിയ കുട്ടികളെ മുളങ്കൊട്ട കൊണ്ട്‌ പൊതിഞ്ഞിരുന്നു. സംഗലിലെ ഗ്രാമമുഖ്യന്‍ മ്‌ഹാദി ഭീമന്റെ വീട്ടിനകത്തും പുറത്തുമായി അന്‍പത്തഞ്ചോളം വിവിധ വസ്തുക്കള്‍ മുളകൊണ്ടുണ്ടാക്കിയവയായിരുന്നു.

മ്‌ഹാദി വീട്ടിലേക്കു എന്നും തിരികെ കൊണ്ടുവരുന്ന മത്സ്യ'വല' മുതല്‍, കുട്ടികളുടെ തൊട്ടിലും, കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൊട്ടകളും, പ്രായമുള്ള സ്ത്രീകള്‍ ഉപയോഗിക്കുന്ന കുടയും, അങ്ങിനെയങ്ങിനെ, ഗ്രാമത്തിലെ മിക്കവാറും എല്ലാ വസ്തുക്കളും മുളകൊണ്ട്‌ നിര്‍മ്മിച്ചവയായിരുന്നു. ഇവിടെ ആളുകള്‍ തീ കത്തിക്കുന്നതുപോലും മൂര്‍ച്ചയുള്ള രണ്ടു മുളകള്‍ തമ്മില്‍ ഉരസിയിട്ടായിരുന്നു.

ഇത്‌ കേവലം ഒരു ഗ്രാമത്തിലെ വിചിത്രമായ കാഴ്ച്ചയൊന്നുമല്ല. സുപ്ലുര്‍, കംഭേദ, പീതാഘട്ട്‌ എന്നീ ഗ്രാമങ്ങളൊക്കെത്തന്നെ, സംഗലിന്റെ പകര്‍പ്പുകളാണ്‌. അവക്കു ചുറ്റും കിടക്കുന്ന മറ്റനേകം ഗ്രാമങ്ങളും.

കോയകളുടെ ലോകത്തിലേക്ക്‌ സ്വാഗതം.

അതിശയകരമായ വിധത്തില്‍ മുളയെ ഉപയോഗിക്കുക വഴി, കോയ വര്‍ഗ്ഗക്കാര്‍ പോഡിയ ബ്ലോക്കിനെ കാഴ്ച്ചയില്‍ മനോഹരമാക്കിയിരിക്കുന്നു. (പോഡിയ എന്നാല്‍, പാഴ്‌നിലം എന്നാണ്‌). മല്‍കാങ്കിനി-കോറാപുട്ട്‌ പ്രദേശത്ത്‌ 87,000-ഓളം കോയ വര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്‌. ഇവരുടെ എല്ലാ ഗ്രാമങ്ങളിലും ഈ സവിശേഷത കാണാം. ഒറ്റയോ ഒന്നിലധികമോ കൃഷികള്‍ ചെയ്യുന്നവരാണിവര്‍. അടുത്ത കാലത്തായി ഏറെയും ഒറ്റക്കൃഷിയും. അതായത്‌, ഭൂമിയെന്നു പറയാനായി കയ്യില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍. പക്ഷേ, അവരുടെ ഭാവന ഏറ്റവും അധികം പ്രകടമാവുന്നത്‌ മുളകൊണ്ട്‌ അവര്‍ നിര്‍മ്മിക്കുന്ന വസ്തുക്കളിലാണ്‌.

കോയവര്‍ഗ്ഗക്കാര്‍ മുളയെ ഉപയോഗിക്കുന്ന മാതിരി, ഇത്രയും ഭാവനയോടെയും, തീവ്രതയോടെയും, എന്നാല്‍ അളവറ്റ കാരുണ്യത്തോടെയും മറ്റേതെങ്കിലും ആളുകള്‍ പ്രകൃതിയുടെ ഏതെങ്കിലുമൊരു ഉത്‌പന്നത്തെ ഉപയോഗിക്കുന്നുണ്ടാവില്ല. ഒറീസ്സയിലെ കോയക്കാര്‍ കൂടുതലും മല്‍കാങ്കിരിയിലാണുള്ളത്‌. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നായ മല്‍കാങ്കിരി. സമീപത്ത്‌, ആന്ധ്ര പ്രദേശിലും ഇക്കൂട്ടരെ കാണാം. ഈ സവിശേഷ വര്‍ഗ്ഗക്കാര്‍ "കുട്ടിക്കാലം തൊട്ടേ, കോയക്കാരുടെ ധര്‍മ്മം അനുഷ്ഠിക്കാന്‍ ശീലിക്കുന്നു. എങ്ങിനെയാണ്‌ മുളകളെ, വീണ്ടും വളരാന്‍ പാകത്തില്‍ വെട്ടേണ്ടതെന്ന് ഞങ്ങളവരെ പഠിപ്പിക്കുന്നു", പീതാഘട്ടിലെ സര്‍പാഞ്ച്‌ ഇര്‍മ കവാസി പറയുന്നു. "കാടിനെ ആശ്രയിച്ചാണ്‌ ഞങ്ങള്‍ കഴിയുന്നത്‌. അതുകൊണ്ട്‌ അവയെ നശിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല".

മുളകളുടെ പുനരുജ്ജീവനം മുതല്‍, അവയെ എങ്ങിനെ കരുതലോടെ, ഘട്ടംഘട്ടമായി മുറിച്ചുമാറ്റാം എന്നിവയൊക്കെ, കോയകളുടെ 'ധര്‍മ്മത്തില്‍' പെടുന്നു. മുളകളുമായിട്ടുള്ള അവരുടെ ബന്ധം പ്രകൃതിയെ കീഴ്‌പ്പെടുത്തലിന്റേതല്ല, മറിച്ച്‌, പ്രകൃതിയുമായിട്ടുള്ള ഒരു പ്രണയത്തിന്റേതാണ്‌.

കോയ വര്‍ഗ്ഗത്തിന്റെ സാമൂഹ്യവും, സമ്പത്തികവുമായ ജീവവായുവാണ്‌ മുള. ഈയടുത്ത കാലത്ത്‌ നിലവില്‍ വന്ന വന നിയമങ്ങള്‍, പക്ഷേ, അവര്‍ക്ക്‌ ഈ ജീവവായു നിഷേധിക്കുന്ന തരത്തിലുള്ളതായിരുന്നു. അതേസമയം, വമ്പന്‍ കുത്തക മുതലാളിമാര്‍ക്ക്‌, ഒറീസ്സ വന-വികസന കോര്‍പ്പറേഷന്‍ (OFDC) വഴി, കാടുകളില്‍ അനിയന്ത്രിതമായ പ്രവേശനവും ലഭിച്ചിരിക്കുന്നു. പേപ്പര്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക്‌ വളരെയധികം മുള ആവശ്യമാണ്‌. തരിശായിക്കിടക്കുന്ന വലിയ ഭൂപ്രദേശങ്ങള്‍ അവരുടെ കയ്യൊപ്പുകളാണ്‌. ഒരുകാലത്ത്‌ നിബിഡവനങ്ങളായിരുന്നു അവയൊക്കെ. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, ഈ വനങ്ങള്‍ വെളുപ്പിക്കാന്‍, കമ്പനികളും അവരുടെ ഇടനിലക്കാരും ആശ്രയിക്കുന്നതും, ഈ കോയ വര്‍ഗ്ഗക്കാരെത്തന്നെയാണ്‌ എന്നതത്രെ. തങ്ങളുടെ പ്രിയപ്പെട്ട കാടുകളെ വെട്ടിമാറ്റാന്‍ വിധിക്കപ്പെട്ടവര്‍.

ഒറീസ്സയിലെ വനവത്ക്കരണവുമായി ഏറെ ബന്ധമുള്ള ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ ഈ വിരോധാഭാസത്തെ വിലയിരുത്തിയത്‌ ഇപ്രകാരമാണ്‌."ഒരു ഭാഗത്ത്‌ കോയവര്‍ഗ്ഗക്കാരാണുള്ളത്‌. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം, അരിവാളുകൊണ്ട്‌ ശ്രദ്ധയോടെ മുള മുറിക്കുന്നവര്‍. അവര്‍ പ്രധാനമായി മുറിക്കുന്നത്‌, ഇളം മുളകളാണ്‌. മറുവശത്തുള്ളത്‌, ബുള്‍ഡോസര്‍കൊണ്ട്‌, എല്ലാതരം മുളകളേയും, വെട്ടിനിരത്തുന്ന വന്‍കമ്പനികളും. മുളകളുടെ പ്രായം, ഇനം, വലുപ്പം, ഇതൊന്നും ഈ രണ്ടാമതു പറഞ്ഞ കൂട്ടര്‍ക്ക്‌ പ്രശ്നമാവുന്നില്ല. അല്‍പമെങ്കിലും മുളങ്കാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഈ കോയ വര്‍ഗ്ഗക്കാരുടെ ശ്രദ്ധ മാത്രമാണ്‌. പക്ഷേ ഇവരുടെ ഈ പരമ്പരാഗതവും, നിയന്ത്രിതവുമായ തൊഴിലിനെയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്‌.

പക്ഷേ, എന്തുകൊണ്ടാണ്‌ സ്വകാര്യ സ്ഥാപനങ്ങളെ മുള വെട്ടാന്‍ അനുവദിക്കുമ്പോള്‍, കോയ വര്‍ഗ്ഗത്തെ അതിനനുവദിക്കാതിരിക്കുന്നത്‌? പീതഘട്ടിലെ കോയക്കാരുടെ ഗ്രാമത്തില്‍ താമസിക്കുന്ന സദാശിവ ഹന്താല്‍ എന്ന ഹരിജന്‍ ഇതിനുള്ള മറുപടി പറയുന്നു. "കമ്പനികളില്‍ നിന്ന് സര്‍ക്കാരിന്‌ നികുതി കിട്ടും. കോയകളില്‍ നിന്ന് എന്തു കിട്ടാനാണ്‌?"

ഇതാദ്യമായിട്ടല്ല കോയകള്‍ക്ക്‌ വീട്‌ നഷ്ടപ്പെടുന്നത്‌. 200 കൊല്ലങ്ങള്‍ക്കുമുമ്പ്‌ ബസ്താറില്‍* നിന്നും അവര്‍ക്ക്‌ ഒഴിഞ്ഞുപോവേണ്ടിവന്നിട്ടുണ്ടെന്ന് ജില്ല ഗസറ്റിയര്‍ രേഖപ്പെടുത്തുന്നു. ക്ഷാമവും തര്‍ക്കങ്ങളും കാരണമായിരുന്നു അത്‌. ഇപ്പോള്‍ ഒരു പുതിയ തരം കുടിയൊഴിക്കലിനാണ്‌ അവര്‍ വിധേയരായിരിക്കുന്നത്‌. സുപ്ലുര്‍ ഗ്രാമത്തിലെ കവാസി ഭീമന്‍ പറഞ്ഞപോലെ "ഞങ്ങള്‍ക്കിപ്പോള്‍ ഗൃഹമുണ്ട്‌. പക്ഷേ വീടില്ല, ആ സ്ഥിതിയാണ്‌. മുളകളില്ലെങ്കില്‍ പിന്നെ ഞങ്ങളില്ല".

കംഭേദ ഗ്രാമത്തിലെ ഇറ പദിയാമി മുളയില്‍ നിന്ന് അയാളുണ്ടാക്കിയ സാധനങ്ങള്‍ അഭിമാനത്തോടെ കാണിച്ചുതന്നു. വില്‍ക്കാനുള്ളതായിരുന്നില്ല അവയൊന്നും. സ്വന്തം ആവശ്യത്തിനുവേണ്ടിയായിരുന്നു. കുട, പച്ചക്കറികള്‍ സൂക്ഷിക്കാനുള്ള കൂട, ധാന്യം അളക്കാനുള്ള ഉപകരണം, ഓടക്കുഴല്‍, അങ്ങിനെ നിരവധി സാധനങ്ങള്‍. പതിനെട്ടു വിവിധ തരത്തിലും, വലുപ്പത്തിലുമുള്ള കൊട്ടകള്‍ ഉണ്ടാക്കിയിരുന്നു അയാള്‍. ഇതു കൂടാതെ, മരുന്നിന്റെ കൂട്ടുകളിലും, ഭക്ഷണത്തിലുമൊക്കെ ഇവര്‍ മുള ഉപയോഗിച്ചിരുന്നു.

"കൈമാറ്റത്തിന്‌ ഞങ്ങള്‍ മുളകൊണ്ടുള്ള സാധനങ്ങള്‍ പണ്ട്‌ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മറ്റു സാധനങ്ങളും ഞങ്ങള്‍ക്ക്‌ മേടിക്കേണ്ടിവരുന്നുണ്ട്‌. വേണ്ടിവന്നാല്‍ ഞങ്ങള്‍ക്ക്‌ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന സാധനങ്ങളാണ്‌ അവയൊക്കെ". സ്വതേ ദരിദ്രരായ കോയകളെ ഇത്‌ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. "ഈ നിയമം മൂലം, വനപാലകര്‍ക്ക്‌ ഞങ്ങളെ ഉപദ്രവിക്കാനും സാധിക്കുന്നു. നിയമം അനുവദിച്ചിട്ടുകൂടി, ഞങ്ങളുടെ സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ള, അത്യാവശ്യ വനവിഭവങ്ങള്‍ സംഭരിക്കാന്‍പോലും അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല", മറ്റൊരാള്‍ സൂചിപ്പിച്ചു.

നിയമപ്രകാരം ഈ കാടുകളിലെ മുളകളുടെ സമ്പൂര്‍ണ്ണാധികാരം ഒറീസ്സ വന വികസന കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ്‌(Orissa Forest Development Corporation-OFDC) എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌ മറ്റൊന്നാണെന്ന്, പ്രമുഖനായ ഒരു കോയ നേതാവ്‌ പറഞ്ഞു. "വിളവെടുക്കേണ്ട സ്ഥലത്തെക്കുറിച്ച്‌, കോര്‍പ്പറേഷനും സ്വകാര്യ വ്യക്തികളും ഒരു തീരുമാനത്തിലെത്തുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍, കമ്പനികള്‍ ദിവസകൂലിക്കാരെ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു".

"ഇവിടെയാണ്‌ ഇടനിലക്കാരന്‍ വരുന്നത്‌. അയാള്‍ ആന്ധ്രയില്‍നിന്നും ജോലിക്കാരെ കൊണ്ടുവരുന്നു. ഇനി ഏതെങ്കിലും കോയകള്‍ക്ക്‌ ജോലി കിട്ടിയെന്നുതന്നെയിരിക്കട്ടെ-മുതലാളി ആരുതന്നെയായിരുന്നാലും-സര്‍ക്കാര്‍ നിശ്ചയിച്ച, പ്രതിദിനം 25 രൂപ എന്ന നിരക്കിലുള്ള കൂലി അവര്‍ക്ക്‌ കിട്ടുകയില്ല. കുറേയധികം മുളകള്‍ മുറിച്ചാല്‍പ്പോലും പലപ്പോഴും അവര്‍ക്ക്‌ കിട്ടുന്നത്‌, ഒരു രൂപ മാത്രമാണ്‌. ഇതിനായുള്ള അദ്ധ്വാനമോ? മൂന്നും നാലും കിലോമീറ്റര്‍ വനത്തിനകത്തേക്കുപോയി, തലച്ചുമടായി മുളകള്‍ ഗ്രാമത്തിലെത്തിക്കണം. പിന്നെ അത്ര തന്നെ ദൂരം യാത്ര ചെയ്ത്‌ ഡിപ്പോയിലേക്കും".

വന വികസന കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ കവാസിയുടെ ഈ ആരോപണത്തെ നിഷേധിക്കുന്നു. പക്ഷേ, ഈ പ്രക്രിയ പരസ്യമായി നടക്കുന്ന ഒന്നായതുകൊണ്ട്‌, നിഷേധത്തിനൊന്നും വലിയ അര്‍ത്ഥമില്ല. ചുരുക്കത്തില്‍, കോര്‍പ്പറേഷന്‍ ചെയ്യുന്നത്‌, വനം സ്വകാര്യ വ്യക്തികള്‍ക്ക്‌ പാട്ടത്തിനു കൊടുക്കുകയാണ്‌. ഇതാകട്ടെ, ഇന്ത്യന്‍ ഗവണ്മെണ്ടിന്റെ നയങ്ങള്‍ക്കു വിരുദ്ധവുമാണ്‌.

"നിര്‍മ്മാണ സാമഗ്രികളിലും ഞങ്ങള്‍ മുളകള്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ പായ പോലും", സുപ്ലൂരിലെ സുഖ്ദേവ്‌ കവാസി പറഞ്ഞു. ഉണക്കിയ പാവയ്ക്കകൊണ്ടുണ്ടാക്കിയ, മുളകൊണ്ടു പൊതിഞ്ഞ ഒരു പാത്രം അയാള്‍ കാണിച്ചുതന്നു. "ഈ പാത്രം കണ്ടോ? വെള്ളം തണുപ്പിച്ചുവെക്കാന്‍ ഈ പാത്രം ഉപയോഗിക്കാം. കോയകള്‍ക്ക്‌, ഒരിക്കലും മുളയെ ഉപദ്രവിക്കാന്‍ ആവില്ല. അത്‌ ഞങ്ങളുടെ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്‌. അത്‌ നിഷേധിക്കുകവഴി, സര്‍ക്കാര്‍ ഞങ്ങളോട്‌ ചെയ്യുന്നത്‌ ഒരു വലിയ നീതികേടാണ്‌. തേനീച്ചകളെ നിങ്ങള്‍ക്ക്‌ എങ്ങിനെയാണ്‌ തേനില്‍നിന്ന് അകറ്റാന്‍ കഴിയുക?" അയാള്‍ ചോദിച്ചു.

പക്ഷേ സര്‍ക്കാരിന്‌ സാധിക്കും. അവര്‍ ഇതിനകംതന്നെ അത്‌ ചെയ്തിരിക്കുന്നു. ഇത്‌ മറ്റു ചില ഭവിഷ്യത്തുകളും ഉളവാക്കിയിട്ടുണ്ട്‌. മുളകളല്ല, ഋണബാദ്ധ്യതയാണ്‌ കോയകളുടെയിടയില്‍ വര്‍ദ്ധിക്കുന്നത്‌.

തങ്ങളുടെ ജീവനോപാധിയിന്മേലുള്ള വിലക്കുകള്‍ കോയകളെ സാരമായി ബാധിച്ചിരിക്കുന്നു. ഭൗതികമായി കുടിയിറക്കാതെതന്നെ, ഒരു ജനതയുടെ ഉപജീവനമാര്‍ഗ്ഗത്തെയും, സംസ്‌ക്കാരത്തെയും തകര്‍ക്കാന്‍ കഴിയുമെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. തങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമുള്ള വിഭവങ്ങളുടെമേല്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയാല്‍ ഈ കൃത്യം നിര്‍വ്വഹിക്കാനാകും.

കോയകളുടെ ഈ ഗ്രാമത്തെ സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ കുടിയൊഴിപ്പിച്ചിട്ടില്ല. അവരുടെ പ്രധാന ജീവനോപധിയില്‍നിന്ന് അവരെ വിലക്കുക മാത്രമേ ചെയ്തിട്ടുള്ളു. പക്ഷേ, ഈ പ്രഹരം, ഇവര്‍ക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണ്‌. തേന്‍ നിഷേധിക്കപ്പെട്ട തേനീച്ചകളാണ്‌ ഇവരിന്ന്.

ഒരു വ്യത്യാസമേയുള്ളു. ഈ തേനീച്ചകള്‍ക്ക്‌ ആരെയും കുത്തിനോവിക്കാന്‍ അറിയില്ല.

പിന്‍കുറിപ്പ്‌

OFDC-യുടെ ഈ ഇടപാടിനെ പലരും അമര്‍ഷത്തോടെയാണ് വീക്ഷിക്കുന്നത്. ഇത്തരം കച്ചവടത്തിനു കൂട്ടു നില്‍ക്കുന്നതിലൂടെ OFDC-യുടെ ഉദ്യോഗസ്ഥര്‍ 'ഗുരുതരമായ കൃത്യവിലോപത്തിനു' മറുപടി പറയേണ്ടിവരുമെന്ന്, രാജ്യത്തിലെ ഏറ്റവും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുകയുണ്ടായി. ഈ മുളങ്കാടുകള്‍ വ്യവസായങ്ങള്‍ക്ക്‌ പാട്ടത്തിന്‌ കൊടുക്കുന്നതിന്‌ സര്‍ക്കാരിന്റെ നിയമം അനുവാദിക്കുന്നില്ല എന്ന്, 1995-ല്‍ തന്നെ, വേയ്സ്റ്റ്‌ ലാന്റ്‌ ന്യൂസ്‌ എന്ന ബുള്ളറ്റിനിലൂടെ അദ്ദേഹം മുന്നറിയിപ്പു നല്‍കുകയുണ്ടായി.

'ഇത്‌ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌", മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അക്കാദമിയിലെ ഡയറക്ടര്‍ എന്‍.സി.സക്സേന തുറന്നെഴുതി. OFDC ദരിദ്രരോട്‌ വ്യക്തമായ വിവേചനം കാട്ടുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ഒരു ഡിപ്പോയിലെ കണക്കുപ്രകാരം, പ്രാദേശിക കര്‍ഷകര്‍ക്ക്‌ മുള വിറ്റിരുന്നത്‌, ഒരു കഷണത്തിന്‌ 4.30 രൂപ എന്ന നിരക്കിലായിരുന്നു. കമ്പനികള്‍ക്ക്‌ കൊടുത്തിരുന്നതോ, വെറും 15 പൈസക്കും. 350 മുളയാണ്‌ പ്രദേശത്തെ കര്‍ഷകര്‍ക്ക്‌ ആകെ കൊടുത്തിരുന്നത്‌. കമ്പനികള്‍ക്ക്‌ ലഭിച്ചത്‌, 3 ദശലക്ഷം മുളയും. ഓരോന്നിനും 15 പൈസ നിരക്കില്‍. ഈ മുളകള്‍ക്ക്‌ തുറന്ന വിപണിയില്‍തന്നെ, ഓരോന്നിനും 10 മുതല്‍ 13 രൂപ വരെ വില കണക്കാക്കപ്പെട്ടിരുന്നു. പക്ഷേ ആ നിരക്കില്‍ വിറ്റിരുന്നത്‌ കേവലം 27,000 എണ്ണം മാത്രമായിരുന്നു. പ്രദേശത്തെ കരകൗശല വിദഗ്ദ്ധര്‍ക്ക്‌ ഒരു കഷണം മുള പോലും, ഡിപ്പോയില്‍നിന്ന് കിട്ടിയതുമില്ല.

സക്സേനയുടെ മുന്നറിയിപ്പ്‌ പ്രവചനസ്വഭാവമുള്ളതായിരുന്നു. ഈ കച്ചവടങ്ങള്‍ അരങ്ങേറുമ്പോള്‍ ഭരണത്തിലുണ്ടായിരുന്ന ബിജു പട്‌നായ്ക്കിന്റെ സര്‍ക്കാരിനെതിരെ 1996-ലെ പുതിയ സര്‍ക്കാര്‍** രണ്ട്‌ ചാര്‍ജ്ജ്ഷീറ്റുകളാണ്‌ ഫയല്‍ ചെയ്തിരിക്കുന്നത്‌. അതില്‍ ഒന്ന്, ബിജു പട്‌നായ്ക്കിന്റെ കാലത്ത്‌ ഒരു സ്വകാര്യ സ്ഥാപനത്തിന്‌ നല്‍കിയ പ്രത്യേക ഇളവുകള്‍ സംബന്ധിച്ചുള്ളതായിരുന്നു. ഈ ഇടപാടുമൂലം, സംസ്ഥാനത്തിന്‌, പ്രത്യക്ഷമായിത്തന്നെ കനത്ത നഷ്ടം സംഭവിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ഇതൊക്കെ കോയകളുടെ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ? എനിക്കറിയില്ല. അങ്ങിനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാന്‍ മാത്രമേ നമുക്കാവൂ.* ബസ്താര്‍ - (ഛത്തീസ്ഘട്ട്‌)പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഒരു നാട്ടു രാജ്യം. പിന്നീട്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു.

**ജെ.ബി.പട്‌നായ്ക്കിന്റെ മന്ത്രിസഭ

3 comments:

Rajeeve Chelanat said...

മല്‍കാങ്കിരി (ഒറീസ്സ) - ആദ്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുക, പൂര്‍ണ്ണമായും മുളകൊണ്ടുണ്ടാക്കിയ ആ വീടുകളാണ്‌. അവയുടെ മേല്‍ഭാഗം മാത്രമേ ഓലകൊണ്ട്‌ മേഞ്ഞിരുന്നുള്ളു. മേല്‍ക്കൂരകള്‍ കൂട്ടിയോജിപ്പിച്ചിരുന്നതുപോലും മുളകള്‍ ഉപയോഗിച്ചാണ്‌. ഇത്തരത്തിലുള്ള 150-ഓളം വീടുകളുണ്ട്‌. മാത്രമോ, വീടുകള്‍ക്കു ചുറ്റുമുള്ള വേലികളും മുള കൊണ്ടാണ്‌ തീര്‍ത്തിരിക്കുന്നത്‌. ഈ ഗ്രാമത്തിന്റെ പേരാണ്‌ കബൂത്തര്‍ ഖാന.

Anonymous said...

സ്വന്തം രചനകള്‍ പരമബോറാണെന്ന സത്യം അവസാനം സ്വയം ബോദ്ധ്യപ്പെട്ടതുകൊണ്ടാണോ ഈ അഭ്യാസം തുടങ്ങിയത് രജീവാ?

മൂര്‍ത്തി said...

ദൌത്യം തുടരുക രാജീവ്..