Thursday, October 11, 2007

അദ്ധ്യായം-8 ലാറിയ പണിത വീട്‌- 2

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ജലസിന്ധി, ഝബുവ (മദ്ധ്യപ്രദേശ്‌) - ജല്‍സിന്ധിയിലെ ഈ ഊരിലെ എല്ലാവരും ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്‌ ലാറിയയെ സഹായിക്കാനാണ്‌. തന്റെ വീടിനോട്‌ ചേര്‍ന്നുതന്നെ മറ്റൊരു വീടും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു അയാളും ബന്ധുക്കളും. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഒഴിയാന്‍ അധികാരികള്‍ നല്‍കിയ കല്‍പ്പനയോടുള്ള പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു ആ നിര്‍മ്മിതി. നര്‍മ്മദയിലെ ഉയരുന്ന ജലനിരപ്പ്‌ ഏതുനിമിഷവും അയാളുടെ വീടിനെയും വയലിനെയും കീഴ്‌പ്പെടുത്താം. പക്ഷേ, ഭിലാല ഗോത്രക്കാരും, അയാളുടെ കുടുംബവും ബന്ധുക്കളും തങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അതുകൊണ്ടൊന്നും തയാറായിരുന്നില്ല.

നദിയോരത്തുള്ള ഇവരുടെ ഈ സമൂഹം ഏകദേശം സ്വയം പര്യാപ്തമായ ഒന്നായിരുന്നു. പ്രദേശത്തെ അങ്ങാടിയുമായി അവര്‍ക്ക്‌ നാമമാത്രമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ ഗുജറാത്തില്‍ അവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട 'പുനരധിവാസ'ത്തിന്റെ പ്രലോഭനങ്ങളെ തള്ളിക്കളയുമ്പോഴും അവര്‍ക്ക്‌ അവരുടെ പ്രവൃത്തിയെക്കുറിച്ച്‌ നല്ല ധാരണയുണ്ടായിരുന്നു. തങ്ങളുടെ ഭൂമിയുമായുള്ള വൈകാരികബന്ധം മാത്രമായിരുന്നില്ല അതിനവരെ പ്രേരിപ്പിച്ചിരുന്നത്‌. വ്യക്തമായ സാമ്പത്തിക കാരണങ്ങളുമുണ്ടായിരുന്നു. അവിടുത്തെ പ്രകൃതിദത്തമായ ചുറ്റുപാടുകളില്‍നിന്നാണ്‌ അവര്‍ക്കാവശ്യമായ സാധനങ്ങളെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലാകട്ടെ, ഇതൊന്നും ലഭ്യമായിരുന്നില്ല. മാത്രമല്ല ചിലവും കൂടുതലാണ്‌. പുനരധിവാസവും, നഷ്ടപരിഹാരവും കണക്കാക്കുമ്പോള്‍, ആദിവാസിസമൂഹത്തിന്റെ ഈ വക പ്രശ്നങ്ങളെയൊക്കെ എല്ലാവരും അവഗണിക്കുകയും ചെയ്തു.

ആദിവാസി സമൂഹങ്ങളില്‍ സാമൂഹികാദ്ധ്വാനത്തിന്‌ വലിയൊരു പങ്കുണ്ട്‌. നഷ്ടപരിഹാരം നിശ്ചയിച്ചപ്പോള്‍ ഈയൊരു ഘടകത്തെ ശ്രദ്ധിച്ചില്ല. "ഞങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ വീടു നോക്കൂ. ഊരിലെ എല്ലാവരും ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. അവരവര്‍ക്കുള്ള ഭക്ഷണം പോലും അവരവര്‍ കൊണ്ടുവരുന്നു. ഭവയുടെ വീടും ഇങ്ങനെ നിര്‍മ്മിച്ചതായിരുന്നു. ഇതൊന്നും വിലകൊടുത്ത്‌ വാങ്ങുന്ന അദ്ധ്വാനമല്ല".

"പറിച്ചുമാറ്റപ്പെടുമ്പോള്‍ ഇതൊക്കെ ഇവര്‍ക്ക്‌ നഷ്ടമാവുന്നു", ഖേദുട് മസ്‌ദൂര്‍ സംഘടനയിലെ (Khedut Mazdoor Chetna Sangath-KMCS)ഡോ.അമിത ബാവിസ്കര്‍ പറഞ്ഞു. "ഇവിടെനിന്ന് ഒഴിപ്പിച്ച്‌ ഗുജറാത്തില്‍ കുടിയിരുത്തുമ്പോള്‍, ഇതൊക്കെ ഇവര്‍ക്ക് നഷ്ടമാവുന്നു. കാരണം, ഇവരെ ഒരു സ്ഥലത്ത്‌ ഒരുമിച്ച് കുടിയിരുത്തുകയല്ല, മറിച്ച്‌ ഒരു പ്രദേശത്താകെ പരക്കെ വിന്യസിക്കുകയാണ്‌ ചെയ്യുന്നത്" ഡോ.ബാവിസ്കര്‍ പറയുന്നു. "ഒന്നാമതായി, സാമൂഹികാദ്ധ്വാനം ലഭ്യമാകാതെ വരുന്ന സ്ഥിതിവിശേഷം അവരെ സാമ്പത്തികമായി തകര്‍ക്കും. രണ്ടാമത്‌ സാംസ്കാരികമായ തകര്‍ച്ചയാണ്‌. കാരണം, ഈ സമൂഹത്തിന്റെ പ്രധാന സവിശേഷത, അവരുടെ ഒത്തൊരുമയും ബന്ധുത്വവുമാണ്‌. മൂന്ന്, വ്യക്തികളായോ, ചെറിയ ഗ്രൂപ്പുകളായോ ചിന്നിച്ചിതറുമ്പോള്‍ പുതിയ ചുറ്റുപാടില്‍ അവര്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. ഇനി ഇവരെ പുനരധിവസിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍, അവരെ എല്ലാവരേയും ഒരിടത്തുതന്നെ മാറ്റിപ്പാര്‍പ്പിക്കുകയാണ്‌ ഉത്തമം. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ആദിവാസികളെ സംഘടിപ്പിക്കാനും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കാനും പരിശ്രമിക്കുന്ന സംഘടനയാണ് KMCS. തൊണ്ണൂറ്റഞ്ചോളം ഗ്രാമങ്ങളില്‍ അവര്‍ ആ ദൗത്യം ഏറ്റെടുത്ത്‌ നടത്തുന്നു.

"ഞങ്ങളുടെ സമൂഹത്തിലെ കല്ല്യാണങ്ങളിലും, മരണാനന്തര ചടങ്ങുകളിലുമൊക്കെ എല്ലാവരും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. തര്‍ക്കങ്ങളും മറ്റും ഞങ്ങളുടെയിടയിലെ പ്രായമായവര്‍ തന്നെ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുകയും ചെയ്യുന്നു. ഇനി മറ്റൊരു സ്ഥലത്തു ചെന്നു പെട്ടാല്‍, എങ്ങിനെയാണ്‌ ഇതിനൊക്കെ കഴിയുക? ഇവിടെനിന്ന് ഒഴിഞ്ഞ്‌ മറ്റെവിടെയെങ്കിലും പോകേണ്ടിവന്നാല്‍, എങ്ങിനെയാണ്‌ കല്ല്യാണങ്ങളും, മരണാനന്തരചടങ്ങുകളും ഞങ്ങള്‍ നടത്തുക. തര്‍ക്കങ്ങളും മറ്റും പരിഹരിക്കാന്‍ ആരുണ്ടാവും ഞങ്ങള്‍ക്കു്? മറ്റേതെങ്കിലും സ്ഥലത്തു പോയാല്‍, ഭൂമിയിന്മേലുള്ള അവകാശം ഞങ്ങള്‍ക്ക്‌ കിട്ടുമോ?", ഭവ ചോദിക്കുന്നു. ഊരിലെ ഏറ്റവും പ്രായം ചെന്നആളായിരുന്നു ഭവ.

അധികാരികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ ഭൂമിയൊഴിഞ്ഞവരും ഉണ്ടായിരുന്നു. ചിലാക്‌‌ദ ഗ്രാമത്തിലെപ്പോലെ. ഇരുപത്തേഴു വീട്ടുകാരാണ്‌ അവിടെ ഗ്രാമം വിട്ട്‌, ഗുജറാത്തിലെ കവേറ്റയിലേക്ക്‌ കുടിയേറിയത്‌. പക്ഷേ ഇന്ന് അവരില്‍ ഭൂരിഭാഗവും ചിലാക്‌‌ദയിലേക്ക്‌ തിരിച്ചുവന്നിരിക്കുന്നു. ഫലഭൂയിഷ്ഠത തീരെയില്ലാത്ത ഭൂമി നല്‍കിയതിലും, ഉദ്യോഗസ്ഥര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും അവര്‍ രോഷാകുലരായിരുന്നു. "ആറു കുടുംബങ്ങള്‍ മാത്രമാണ്‌ അവിടെ പാര്‍പ്പുറപ്പിച്ചത്‌", ഗുജറാത്തില്‍നിന്നു തിരിച്ചുവന്ന രഞ്ച എന്ന ആദിവാസി പറഞ്ഞു. "ബാക്കി ഇരുപത്തൊന്നു കുടുംബങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഏഴു സഹോദരന്മാരുണ്ട്‌. എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ്‌ പോയത്‌. പിന്നെപ്പിന്നെ, കാര്യങ്ങളൊക്കെ തകരാറിലാവാന്‍ തുടങ്ങി. തീരെ വിളവില്ലാത്ത ഭൂമിയാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ തന്നത്‌." പുനരധിവാസ സ്ഥലത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു.

ഇനി കേവ്‌ സിംഗിനെപ്പോലുള്ള ആളുകളുണ്ട്‌. മാറണമെന്ന് ആഗ്രഹിക്കുന്നവര്‍. പക്ഷേ അവരെ ഉദ്യോഗസ്ഥര്‍, പദ്ധതി മൂലം ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ (Project-affected Person - PAP) എന്ന ഔദ്യോഗിക ഗണത്തില്‍ പെടുത്തിയിട്ടില്ല. അയളുടെ ഭൂമി സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥരും, അല്ലെന്ന് അയാളും വാദിക്കുന്നു. "എന്റെ സ്ഥലം വെള്ളത്തിനടിയിലാവില്ലെന്ന് ഇവര്‍ പറയുന്നു. അത്‌ പച്ചക്കള്ളമാണ്‌. ഈ സ്ഥലം നോക്കൂ. ഈ ഗ്രാമം മുഴുവന്‍ വെള്ളത്തിലാവുമ്പോള്‍, എങ്ങിനെയാണ്‌ എന്റെ വീടു മാത്രം അതില്‍നിന്ന് ഒഴിവാവുക?". അയാള്‍ ചോദിച്ചു. ഇനി മറ്റൊരു കൂട്ടരുണ്ട്‌. ഭവ സൂചിപ്പിച്ചു. 'നഷ്ടപരിഹാരവും ഗുജറാത്തില്‍ പകരം സ്ഥലവും കിട്ടുന്നതിനുവേണ്ടി' പുറത്തുള്ള തന്റെ ബന്ധുക്കളെ ഇവിടെ കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന പട്ടേലിനെപ്പോലുള്ളവര്‍.

മറ്റൊരു പ്രധാനപ്പെട്ട ചോദ്യം, ഗുജറാത്തില്‍ ആവശ്യത്തിനു സ്ഥലമുണ്ടോ എന്നതാണ്‌. ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍നിന്ന് മദ്ധ്യപ്രദേശ്‌-ഗുജറാത്ത്‌ സര്‍ക്കാരുകള്‍ തെന്നിമാറാന്‍ തുടങ്ങിയിട്ട്‌ കുറെ വര്‍ഷങ്ങളായി. 1992-93-ല്‍ മദ്ധ്യപ്രദേശില്‍നിന്ന് ഗുജറാത്തിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്‌ 3,100 കുടുംബങ്ങളെയായിരുന്നുവെങ്കിലും, 1,190 കുടുംബങ്ങള്‍ക്കുള്ള സ്ഥലം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളു. 1993-94 കാലത്ത്‌, പദ്ധതി മൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന (PAP) 5,000 കുടുംബങ്ങളെ കണ്ടെത്തിയിരുന്നുവെങ്കിലും, 986 കുടുംബങ്ങളെയാണ്‌ ഗുജറാത്തിലേക്ക്‌ മാറ്റിയത്‌.

ഏതായാലും, അണക്കെട്ടിനെതിരായി ഗുജറാത്തിലും മഹാരാഷ്ട്രയിലും നടക്കുന്ന ജനകീയ പ്രതിരോധംകൊണ്ട്‌ ചില നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ. അതിലൊന്ന്, മുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ഈ ഗ്രാമങ്ങളെക്കുറിച്ച്‌ ആളുകള്‍ അറിയാന്‍ തുടങ്ങി എന്നതാണ്‌. ഗുജറാത്തില്‍ 19-ഉം, മഹാരാഷ്ട്രയില്‍ 33 ഗ്രാമങ്ങളുമാണ്‌ ജലത്തിനടിയിലാവുക. മദ്ധ്യപ്രദേശിലാകട്ടെ, 193 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. പക്ഷേ ഇതിനെക്കുറിച്ചൊന്നും രാജ്യത്ത്‌ പലര്‍ക്കും അറിവുണ്ടായിരുന്നില്ല. പല ഗ്രാമങ്ങളെയും ഔദ്യോഗികമായി അറിയിച്ചിട്ടുപോലുമില്ലായിരുന്നു. റിസര്‍വോയറിന്റെ അളവ്‌ രേഖപ്പെടുത്താന്‍ കേന്ദ്ര ജല-കമ്മീഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് ശിലകള്‍ നാട്ടിയപ്പോള്‍ മാത്രമാണ്‌ അവരതിനെക്കുറിച്ച്‌ അറിഞ്ഞത്‌.

അണക്കെട്ടിന്റെ നിര്‍ദ്ദിഷ്ട ഉയരം 455 അടിയില്‍നിന്ന് 436 അടിയാക്കാന്‍ മദ്ധ്യപ്രദേശ്‌ ആഗ്രഹിക്കുന്നു. ഇതൊരു നല്ല കാര്യമാണ്‌. 25,000 കുടുംബങ്ങളുടെ വീടുകളും, വയലുകളും രക്ഷപ്പെടും. പക്ഷേ അപ്പോഴും ഭാഗ്യം പിന്തുണക്കുന്നത്‌, ഉയരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന മേല്‍ജാതിക്കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളെയായിരിക്കുമെന്നു മാത്രം. "താഴ്‌ന്ന പ്രദേശങ്ങളിലെ, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഗ്രാമങ്ങള്‍ എന്തായാലും വെള്ളത്തിനടിയിലാകും" കെ.എം.സി.എസ്സിലെ(KMCS) സന്നദ്ധ പ്രവര്‍ത്തക ജയശ്രീ ചൂണ്ടിക്കാട്ടുന്നു.

ഝബുവയിലെ എത്ര ഗ്രാമങ്ങളാണ്‌ വെള്ളത്തിനടിയിലാവുക എന്നതിനെക്കുറിച്ച്‌ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്‌. ഒരു ഗ്രാമത്തെയും ഇത്‌ ബാധിക്കില്ലെന്നാണ്‌ നര്‍മ്മദ തീര വികസന അതോറിറ്റിയുടെ അവകാശവാദം. പക്ഷേ, 9 ഗ്രാമങ്ങള്‍ 'താത്ക്കാലിക"മായും, രണ്ടെണ്ണം (സകാര്‍ജയും കാകര്‍സിലയും) എന്നന്നേക്കുമായും മുങ്ങിപ്പോവുമെന്ന് ജില്ലാ കളക്ടര്‍ ശ്രീ.ധര്‍മ്മാധികാരി പറഞ്ഞു.

ജലനിരപ്പുയര്‍ത്തുന്നത്‌ എങ്ങിനെ, ഏതൊക്കെ ഘട്ടങ്ങളായിട്ടാണ്‌ എന്നതിനെക്കുറിച്ചൊന്നും ഗ്രാമീണരെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, എങ്ങിനെയാണ്‌ ഇത്‌ തങ്ങളെ ബാധിക്കുക എന്നതിനെക്കുറിച്ചും അവര്‍ അജ്ഞരാണ്‌. ഉദാഹരണത്തിന്‌, ലാറിയക്ക്‌, ഒരുപക്ഷേ പരമാവധി ഒരു വര്‍ഷം വരെ സമയം കിട്ടിയേക്കാം. ഈ വര്‍ഷം അയാളുടെ വയലും, അടുത്ത വര്‍ഷം അയാളുടെ വീടും ജലത്തിനടിയിലാകും. ലാറിയയും കൂട്ടരും, മദ്ധ്യപ്രദേശിലെ ഫലഭൂയിഷ്ഠത കുറഞ്ഞ മറ്റേതെങ്കിലും വനഭൂമിയിലേക്ക്‌ ഒഴിഞ്ഞുപോവാന്‍ ഒടുവില്‍ സമ്മതിച്ചേക്കുമെന്നുതന്നെയാണ്‌ പലരും വിശ്വസിക്കുന്നത്‌. അങ്ങിനെ വരുമ്പോള്‍, പ്രകൃതിവിഭവങ്ങളുടെ ലഭ്യത അയാള്‍ക്ക്‌ ഉറപ്പുവരുത്താം. അതിനര്‍ത്ഥം, ഇപ്പോള്‍ അയാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ്‌, താരതമ്യേന മെച്ചപ്പെട്ട ഒരു അവസ്ഥക്കുവേണ്ടിയുള്ള അവസാനപോരാട്ടമാണെന്നുതന്നെയാണ്‌.

ലാറിയയെയും കൂട്ടരേയും സംബന്ധിച്ചിടത്തോളം, ഉയരുന്ന ജലനിരപ്പിനോടൊപ്പംതന്നെ കൂടിക്കൊണ്ടിരിക്കുകയാണ്‌ നിര്‍ബന്ധമായി ഒഴിഞ്ഞുപോകേണ്ടി വരുന്ന അവസ്ഥയും.എല്ലാം വിട്ടെറിഞ്ഞ്‌ ഗുജറാത്തിലേക്ക്‌ പോകാന്‍ സമ്മതിച്ച മറ്റ്‌ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ചെറുത്തുനിന്നിട്ടും, ഒടുവില്‍ ഒന്നും കിട്ടാതെ അപമാനത്തോടെ ഇറങ്ങിപ്പോവേണ്ടിവരുന്ന അപമാനകരമായ സ്ഥിതിവിശേഷത്തിന്റെ സാധ്യതകളും, ജലനിരപ്പിനോടൊപ്പം ഉയരുകതന്നെയാണ്‌. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ :"ഒഴിഞ്ഞുപോകേണ്ടിവരുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച്‌ നിങ്ങള്‍ക്കൊരു ഏകദേശധാരണ കിട്ടണമെങ്കില്‍, ലാറിയയുടെ പ്രശ്നത്തെ പതിനായിരവുമായി ഗുണിച്ചാല്‍ മതിയാകും. വീടൊഴിഞ്ഞുപോവാനും, എല്ലാം ആദ്യം മുതല്‍ തുടങ്ങാനും മാനസികമായി തയ്യാറെടുത്ത നിരവധിയായ മറ്റാളുകളുടെ കാര്യത്തിലും ഇത്‌ ശരിയാണ്‌".

എന്തുകൊണ്ടാണ്‌ ഞാന്‍ അവരുടെ വീടിന്റെ ധാരാളം ചിത്രങ്ങളെടുക്കുന്നതെന്ന്, ലാറിയയയുടെ നാത്തൂന്‍ ജാനകിക്ക്‌ ഊഹിക്കാന്‍ കഴിഞ്ഞു. "മഴക്കാലത്തിനു ശേഷം തിരിച്ചു വരൂ, അപ്പോള്‍ ഞങ്ങള്‍ വീടിന്റെ മുകളില്‍ ഇരിക്കുന്നത്‌ കാണാം", അവര്‍ നെടുവീര്‍പ്പിട്ടു.

തിരിച്ചു വരുമ്പോള്‍, ലാറിയയുടെ വീടെന്നു പറയാന്‍ അതു മാത്രമേ ഒരു പക്ഷേ ബാക്കിയുണ്ടാകൂ.

2 comments:

Rajeeve Chelanat said...

ലാറിയയെയും കൂട്ടരേയും സംബന്ധിച്ചിടത്തോളം, ഉയരുന്ന ജലനിരപ്പിനോടൊപ്പംതന്നെ കൂടിക്കൊണ്ടിരിക്കുകയാണ്‌ നിര്‍ബന്ധമായി ഒഴിഞ്ഞുപോകേണ്ടി വരുന്ന അവസ്ഥയും.എല്ലാം വിട്ടെറിഞ്ഞ്‌ ഗുജറാത്തിലേക്ക്‌ പോകാന്‍ സമ്മതിച്ച മറ്റ്‌ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ചെറുത്തുനിന്നിട്ടും, ഒടുവില്‍ ഒന്നും കിട്ടാതെ അപമാനത്തോടെ ഇറങ്ങിപ്പോവേണ്ടിവരുന്ന അപമാനകരമായ സ്ഥിതിവിശേഷത്തിന്റെ സാധ്യതകളും, ജലനിരപ്പിനോടൊപ്പം ഉയരുകതന്നെയാണ്‌.

കാര്‍വര്‍ണം said...

ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ വേദനാജനകമാണു. വാഗ്ദാനങ്ങള്‍ ജലരേഖയാകുന്നതും പതിവ് തന്നെ.
എന്നാല്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടവ ആണോ?
പുനരിദിവാസം സമാന സാഹചര്യങ്ങളിലായാല്‍ ഒരു പരിധി വരെ ലാറിയയുടെയും കൂട്ടരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെദില്ലേ?