Monday, October 22, 2007

അദ്ധ്യായം-9- വലിയ അണക്കെട്ട്‌, അല്‍പ്പം ജലം

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

കുട്‌കു, പലാമോ (ബീഹാര്‍), ഇരുപതു വര്‍ഷത്തിനുശേഷം ഇപ്പോഴും "നിര്‍മ്മാണത്തിലിരിക്കുന്ന' അണക്കെട്ടാണത്‌. 1972-ല്‍ 58 കോടി രൂപ ചിലവു കണക്കാക്കപ്പെട്ടിരുന്ന വടക്കന്‍ കോയില്‍ പദ്ധതിയുടെ ഇന്നത്തെ വില 425 കോടിയാണ്‌. ഈ വര്‍ഷത്തെ (1995) ബീഹാറിന്റെ മൊത്തം ജലസേചന ബഡ്‌ജറ്റിന്റെ മൂന്നിരട്ടി വരും ഈ സംഖ്യ.

പൂര്‍ത്തീകരിക്കപ്പെട്ടാല്‍, മൂന്ന് ദശാബ്ദങ്ങളായി വരള്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പലാമോ ജില്ലക്ക്‌ ഈ കുട്‌കു അണക്കെട്ടില്‍നിന്ന് വളരെക്കുറച്ച്‌ ജലം മാത്രമേ ലഭിക്കൂ. 6,800 ഹെക്ടറില്‍ താഴെ ഭൂമി മാത്രമേ ജലസേചനം ചെയ്യാനാകൂ. ഇതില്‍ നിന്ന് ഉത്‌പ്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതി, കൂടിപ്പോയാല്‍ 20 മെഗാവാട്ടിലും അല്‍പ്പം കൂടുതല്‍ മാത്രവും.

അണക്കെട്ടു വന്നാല്‍ ഭൂമി നഷ്ടപ്പെടുന്നത്‌ അധികവും ഹരിജനങ്ങള്‍ക്കും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കുമായിരിക്കും. ചിലര്‍ക്ക്‌ അവരുടെ ഭൂമി ഇതിനകംതന്നെ നഷ്ടമായിക്കഴിഞ്ഞു. പതിന്നാലു ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി നശിക്കുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്‌. സര്‍ക്കാരേതര സംഘടനയായ ച്ഛോട്ടനാഗ്‌പൂര്‍ സമാജ് വികാസ് സന്‍സ്ഥാന്‍(Chottanagpur Samaj Vikas Sansthaan-CSVS) വിശ്വസിക്കുന്നത്‌, മുപ്പത്‌ ഗ്രാമങ്ങളെ ഇത്‌ ബാധിക്കുമെന്നാണ്‌.

"പദ്ധതിയുടെ ഔദ്യോഗിക ഭൂപടം തന്നെ ഇത്‌ വെളിവാക്കുന്നുണ്ട്‌", പലാമോയിലെ ശത്രുഘന്‍ കുമാര്‍ പറഞ്ഞു. മൊത്തം 14,000 ആളുകള്‍ക്കാണ്‌ തങ്ങളുടെ വീട്‌ നഷ്ടമാവുക. ഇതില്‍ കിസ്സാന്‍, ഖര്‍വാര്‍, ഒറാവോണ്‍, പര്‍ഹായ, ബിര്‍ജിയ, ചേരു ഗോത്രങ്ങള്‍ ഉള്‍പ്പെടുന്നു. ദുഷാദ്‌, ഭയ്യ ഹരിജനങ്ങളെയും ഈ അണക്കെട്ട്‌ ദോഷകരമായി ബാധിക്കും.

225 അടി ഉയരമുള്ള ഈ അണക്കെട്ടിന്റെ നിര്‍മ്മാണത്തെ ഗ്രസിച്ചിരിക്കുന്ന കാലതാമസം, ഭാവിയില്‍ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ആളുകളെപ്പോലും അന്ധാളിപ്പിക്കാന്‍ കഴിവുള്ള ഒന്നാണ്‌. അതിനെക്കുറിച്ച്‌ എന്നോട്‌ പറയുമ്പോള്‍, അവരുടെ നേതാവ്‌ വൈദ്യനാഥ്‌ സിംഗിന്‌ ചിരിയടക്കാന്‍ ആവുന്നില്ല. "ഇവിടെ ഞങ്ങള്‍ ആളുകളെ എത്രയും വേഗം സംഘടിപ്പിക്കുന്ന തിരക്കിലാണ്‌. പക്ഷേ, ഞങ്ങള്‍ ഭയപ്പെടുന്ന, അഥവാ, ഇന്നല്ലെങ്കില്‍ നാളെ നടക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുള്ള ഈ നിര്‍മ്മാണമാകട്ടെ നടക്കുന്നുമില്ല. ഒരു പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞാവും അത്‌ പൂര്‍ത്തിയാവുക". കുടിയൊഴിക്കലിനെതിരെ പോരാടുന്ന മസ്ദൂര്‍ കിസ്സാന്‍ മുക്തി മോര്‍ച്ച എന്ന സംഘടനയുടെ നേതാവാണ്‌ വൈദ്യനാഥ്‌. ദിവസേനയെന്നോണം നടക്കുന്ന കാര്യങ്ങള്‍ അയാളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരിക്കാം; എങ്കിലും, എന്തുകൊണ്ടാണ്‌ പദ്ധതി മുന്നോട്ട്‌ പോവാത്തതെന്ന് അയാള്‍ക്ക്‌ നല്ലവണ്ണം അറിയാം." ഈ അണക്കെട്ടിന്റെ നിര്‍മ്മാണം, കരാറുകാര്‍ക്കുവേണ്ടി മാത്രമാണ്‌. മറ്റാര്‍ക്കും ഇതുകൊണ്ട്‌ യാതൊരു ഗുണവുമില്ല".

പദ്ധതി ബാധിക്കുന്ന പ്രദേശത്തെ ഒരു ഗ്രാമീണന്‍ പറഞ്ഞു. "ചിലപ്പോള്‍ മാസങ്ങളോളം പണി നിര്‍ത്തി വെക്കും. പിന്നെ കരാറുകാരന്‍ പാറ്റ്‌നയിലേക്ക്‌ പോകും. കൂടുതല്‍ പൈസ അനുവദിച്ചുകിട്ടും. പണി വീണ്ടും തുടങ്ങും. കോടിക്കണക്കിനു പൊതുമുതലാണ്‌ ഇവിടെ ഈ തരത്തില്‍ ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുന്നത്‌".

അണക്കെട്ടിന്റെ താഴ്‌ന്ന ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന, സ്ല്യൂസുകളുടെ (ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം) മുകളിലേക്ക്‌ കയറാന്‍ ഗ്രാമവാസികള്‍ എന്നെ സഹായിച്ചു. ചിലതിന്റെ മേല്‍ത്തട്ടില്‍ നിന്ന് കോണ്‍ക്രീറ്റ്‌ മുഴുവന്‍ അടര്‍ന്നുപോയിരുന്നു. ഒരൊറ്റ വര്‍ഷകാലത്തിനിടക്ക്‌ സംഭവിച്ചതാണ്‌ അതെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. കാര്യമായ തകരാര്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സ്ല്യൂസ്‌ അടച്ചുപൂട്ടിയിരുന്നു. നിര്‍മ്മാണത്തിലോ സുരക്ഷാ സംവിധാനത്തിലോ ഒരു തരത്തിലുമുള്ള പരിശോധനകളും നടന്നിട്ടിലെന്ന് വ്യക്തമായി. അതിന്‌ തക്കതായ കാരണങ്ങളും കണ്ടേക്കാം. എന്റെ സ്വന്തം അന്വേഷണം അവസാനിച്ചത്‌, ഒരു നല്ല വീഴ്ച്ചയിലായിരുന്നു. ഒരിടത്ത്‌ കൂട്ടിയിട്ടിരുന്ന നിര്‍മ്മാണാവശിഷ്ടങ്ങളില്‍ വഴുക്കി ഇരുപത്താറടി താഴ്ച്ചയിലേക്ക്‌ ഞാന്‍ വീണു.

ശരീരത്തിനല്ല എന്റെ ആത്മാഭിമാനത്തിനാണ്‌ ക്ഷതമേറ്റതെന്ന് മനസ്സിലായപ്പോഴാണ്‌ ഗ്രാമവാസികളുടെ ഉത്‌ക്കണ്ഠ അല്‍പ്പമെങ്കിലും ശമിച്ചത്‌. "മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭവമാണ്‌ നിങ്ങള്‍ക്കു ലഭിച്ചത്‌", വൈദ്യനാഥ്‌ ചിരിച്ചു. " ഒരു തുള്ളി വെള്ളം പോലുമില്ലാത്ത അണക്കെട്ടില്‍ വീഴാന്‍ എത്രപേര്‍ക്ക്‌ അവസരം കിട്ടിയിട്ടുണ്ട്‌?" അണക്കെട്ടിന്റെ പിന്‍ഭാഗത്തുള്ള ഒരു ചെറിയ അരുവിയിലാണ്‌ അല്‍പ്പമെങ്കിലും വെള്ളമുണ്ടായിരുന്നത്‌. അവിടെ ആളുകള്‍ മീന്‍ പിടിക്കാന്‍ വലകള്‍ താഴ്ത്തിവെച്ചിരുന്നു. " അത്രയധികം മീനൊന്നും കിട്ടില്ല. ഈ മീനുകളൊക്കെ ടൂറിസ്റ്റുകളാണ്‌". വൈദ്യനാഥന്‍ വീണ്ടും ചിരിക്കുന്നു.

ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍പോലും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല. ഇനി എന്നെങ്കിലും പണി പൂര്‍ത്തിയായാല്‍ത്തന്നെ പലാമോക്ക്‌ പുറത്തുള്ള 56,000 ഹെക്‍ടര്‍ സ്ഥലത്താണ്‌ ഈ അണക്കെട്ടുകൊണ്ട്‌ ജലസേചനം ചെയ്യാനാവുക. ഔറംഗബാദിനും, ഗയക്കും ഈ അണക്കെട്ടുകൊണ്ട്‌ ഗുണമുണ്ടായേക്കും. അവിടുത്തെ സ്ഥിതി, പക്ഷേ പലാമോവിന്റേതുപോലെ രൂക്ഷമല്ല." ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നെ ആരാണ്‌ അണക്കെട്ടിനുവേണ്ടി ഇത്രയും സമ്മര്‍ദ്ദം ചെലുത്തുന്നത്‌?

"ഈ ഡാം വന്നാല്‍ തന്നെ, അതിലെ ജലം കൊണ്ട്‌ ഉപയോഗമുണ്ടാവുക, ജലസേചന മന്ത്രി ജഗദാനന്ദിന്റെ നിയോജകമണ്ഡലത്തിനു മാത്രമാണ്‌. ഗര്‍വ്വ ജില്ലയിലേക്കുള്ള പദ്ധതിവിഹിതം വിട്ടുകൊടുത്തിട്ടില്ല. കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്‌ സോണ്‍ ചിറയുടെ സമീപപ്രദേശങ്ങളിലാണ്‌. അവിടെയാണ്‌ ജഗദാനന്ദിന്റെ മണ്ഡലം", ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അങ്ങിനെ, പൈസയുടെ ലഭ്യതക്കനുസരിച്ച്‌, മന്ത്രിയുടെ നിയോജകമണ്ഡലത്തിന്റെ പ്രദേശത്ത്‌ ജലസേചനസൗകര്യം എത്തിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. പദ്ധതി-ബാധിത പ്രദേശത്തെ ആളുകള്‍ക്കാവട്ടെ ദുരിതങ്ങള്‍ ഏറുകയുമാണ്‌. ചെറുത്തുനില്‍പ്പില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, മണ്ഡല്‍ ഗ്രാമത്തിലെ സംഗീത സിംഗ്‌ പറഞ്ഞു. 'ഈ പണി നിങ്ങള്‍ നിര്‍ത്തിവെപ്പിക്കുന്നത്‌ എനിക്കൊന്നു കാണണം എന്നു പറഞ്ഞ്‌ കരാറുകാര്‍ ഞങ്ങളെ ഒരിക്കല്‍ ഭീഷണിപ്പെടുത്തി".

പദ്ധതിയുടെ രൂപരേഖയില്‍ വന്ന മാറ്റവും കാലതാമസവും കൂടാതെ മറ്റു ചില തമാശകള്‍ കൂടി ഇവിടെ അരങ്ങേറുന്നുണ്ട്‌. പല ഗ്രാമവാസികള്‍ക്കും 'നഷ്ടപരിഹാരം' ലഭിച്ചിരിക്കുന്നു. നഷ്ടപ്പെടാന്‍ പോകുന്ന സ്ഥലത്തെ ഓരോ വൃക്ഷത്തിനും ഒരു രൂപ, അഥവാ രണ്ടു രൂപ നിരക്കില്‍. ഇത്‌ തെളിയിക്കാന്‍ അവരുടെ കയ്യില്‍ ചെക്കുകളും ഉണ്ടായിരുന്നു.

"ഒന്നാലോചിച്ചുനോക്കൂ! ശത്രുഘന്‍ കുമാര്‍ വാചാലനായി. "സ്ഥലം ഏറ്റെടുത്ത്‌ ചെക്കുകള്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‌ നന്നായി അറിയാം, സാല വൃക്ഷങ്ങള്‍ക്ക്‌, ചതുരശ്ര അടിക്ക്‌ 700 രൂപ വിലയുണ്ടെന്ന്. ഏക്കറിന്‌ 30,000 രൂപ വിലയുണ്ടായിരുന്ന 1984 കാലത്താണ്‌, വെറും 6000 രൂപ കൊടുത്ത്‌, സ്ഥലം ഒഴിപ്പിച്ചെടുത്തത്‌" ശത്രുഘന്‍ വെളിപ്പെടുത്തി.

നിലവിലുള്ള ജില്ലാ ഭരണകൂടം തങ്ങള്‍ക്കെതിരാണെന്ന് ഗ്രാമവാസികള്‍ കരുതുന്നില്ല. എന്നു മാത്രമല്ല, ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ്‌ മാത്യുവിനെ തങ്ങളോട്‌ അനുഭാവമുള്ള ഒരു ഉദ്യോഗസ്ഥനായിട്ടാണ്‌ അവര്‍ കാണുന്നതും. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഒരിക്കല്‍ ആ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വിളിച്ചുകൊണ്ടുവരുകപോലും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. "പക്ഷേ ഇവിടെ, കരാറുകാരനാണ്‌ ഭരണത്തെ നിയന്ത്രിക്കുന്നത്‌. അയാള്‍ പാറ്റ്‌നയില്‍ പോയി ചരടുകള്‍ വലിക്കുന്നു, തിരിച്ചു വന്ന് വീണ്ടും പൂര്‍വ്വാധികം ഭംഗിയായി കാര്യങ്ങള്‍ നടത്തുന്നു".

അണക്കെട്ടിന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഡാല്‍ട്ടന്‍ഗഞ്ചിലെ വസിഷ്ഠ നാരായണ്‍ സിംഗ്‌ ചിരിച്ചുതള്ളി. ബീഹാര്‍ സംസ്ഥാന നിര്‍മ്മാണ കോര്‍പ്പറേഷനിലെ മുന്‍ വര്‍ക്സ്‌ മാനേജറാണ്‌ സിംഗ്‌. പലാമോയിലെ ജലസേചനത്തെക്കുറിച്ചു ആധികാരികമായി പറയാന്‍ കഴിവുള്ള ഒരു വിദഗ്‌ധനുംകൂടിയായിരുന്നു അദ്ദേഹം. ചെറിയ അണക്കെട്ടുകളാണ്‌ ആവശ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. "ഇവയെ, ജലസ്രോതസ്സുകളുമായി, ഒന്നോ രണ്ടോ വലിയ പദ്ധതികള്‍ വഴി കൂട്ടിയോജിപ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ വേണ്ടത്‌, ഔറംഗയിലും, കന്‍ഹാറിലുമുള്ളതുപോലെ", അദ്ദേഹത്തിന്റെ വാദം ശരിയായിരിക്കാം. എങ്കിലും, ഇന്നത്തെ പരിതസ്ഥിതിയില്‍, ഇത്തരം ഒന്നോ രണ്ടോ അണക്കെട്ടുകള്‍ കൂടി വന്നാല്‍, അതിനുവേണ്ടികൂടി ഭൂമി ഒഴിഞ്ഞുപോകേണ്ടിവരുന്നവര്‍ക്ക്‌ എന്ത്‌ ഉറപ്പാണ്‌ നല്‍കാന്‍ കഴിയുക?

വാഗ്ദാനലംഘനത്തെക്കുറിച്ചുള്ള നിരവധി കഥകള്‍ പ്രദേശത്തുകാര്‍ എന്നോട്‌ പറഞ്ഞു. തൊഴിലും സ്കൂളുകളും, നഷ്ടപരിഹാരവും ഒക്കെ അതില്‍ പെട്ടിരുന്നു. ഒന്നും കിട്ടിയില്ല. " ഇവിടെയുള്ള മുപ്പതോളം ഗ്രാമങ്ങള്‍ക്കായി, നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളോ, ഒരു അംഗനവാടിയോ ഇല്ല. തരക്കേടില്ലാത്ത ഒരു ആശുപത്രി എന്നു പറയാനും ഒന്നുപോലും ഇല്ല", ചെറുത്തുനില്‍പ്പു സംഘടനയിലെ ഒരു വനിതാവിമോചന പ്രവര്‍ത്തകയായ മൂര്‍ത്തി പറഞ്ഞു.

ഈ ജില്ലയില്‍ നടപ്പാക്കാന്‍ പോകുന്ന മറ്റു പദ്ധതികളുടെ ഗുണഭോക്താക്കളെ കാത്തിരിക്കുന്ന വിധിയും മറ്റൊന്നല്ല. അത്തരത്തിലുള്ള നിരവധിയെണ്ണം ഉണ്ടുതാനും. കധാവന്‍ പദ്ധതി നാല്‍പ്പതോളം ഗ്രാമങ്ങളെയാന്‌ ബാധിക്കുക. കന്‍ഹര്‍ പദ്ധതിയും അത്രതന്നെ ഗ്രാമങ്ങളെ തകര്‍ക്കും. ഔറംഗ പ്പദ്ധതി ഏതായാലും, പലാമോയിലേക്ക്‌ ജലമെത്തിക്കും. ഏറ്റവും ചുരുങ്ങിയത്‌, പതിനഞ്ചു ഗ്രാമങ്ങളുടെ ചിലവിലാകുമെന്നു മാത്രം. ആരെയും കുടിയിറക്കാത്ത ഒരേയൊരു പദ്ധതി താല്‍ഹെ നദിയിലെ പദ്ധതിയാണ്‌. ഇരുപത്‌ കോടി രൂപകൊണ്ട്‌ 8,000 ഹെക്ടര്‍ സ്ഥലത്ത്‌ ജലസേചനം നടത്താനാകും. കുട്‌കു അണക്കെട്ടിനേക്കാളും എന്തുകൊണ്ടും മെച്ചമുള്ളതാണ്‌ അത്‌.

"എന്നിട്ടും, താല്‍ഹെ നദീ പദ്ധതിയിന്‍മേല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. ഒരു പൈസ പോലും അതിനു കിട്ടിയിട്ടുമില്ല' വസിഷ്ഠ നാരായണ്‍ പറഞ്ഞു. മൊത്തം ജലസേചനത്തിന്റെ കാര്യത്തില്‍, സംസ്ഥാനം ഇതുവരെ കാര്യമായ ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "എന്തിനാണ്‌ പുതിയ പദ്ധതികള്‍? ഇപ്പോഴുള്ളവ തന്നെ അപകടകരമായ സ്ഥിതിയിലാണ്‌. വര്‍ഷാവര്‍ഷം, 350-400 കോടി രൂപ ജലസേചനാവശ്യങ്ങള്‍ക്കായി കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത്‌, ഇപ്പോള്‍ സംസ്ഥാനത്തിനു കിട്ടുന്നത്‌ 120 കോടി രൂപയാണ്‌. അതില്‍ 80 കോടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പോകും. ശിഷ്ടം, 40 കോടിയാണ്‌ പദ്ധതിക്കു കിട്ടുക. അറ്റകുറ്റപ്പണികളൊക്കെ നിന്നിട്ട്‌ കാലമേറെയായി. ഉദ്യോഗസ്ഥര്‍ക്ക്‌ മൂന്നു വര്‍ഷമായി യാത്രാപ്പടിപോലും കിട്ടുന്നില്ല. വാഹനങ്ങളാണെങ്കില്‍ തുരുമ്പെടുത്തുകിടക്കുന്നു. പ്രധാനപ്പെട്ട പല റിപ്പയര്‍ പണികളും ബാക്കി കിടക്കുകയാണ്‌".

കുട്‌കു അണക്കെട്ടിന്റെ പണി പെട്ടെന്നൊന്നും നിര്‍ത്തിവെക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കരാറുകാരനും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. "നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന' ആ വലിയ വെള്ളാനയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ മൂര്‍ത്തി പറഞ്ഞപോലെ, "ഡാമിന്റെ പണി നിന്നുവെന്നു വരാം, പക്ഷേ, കരാറുകാരുടെ പണി ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല".

പിന്‍കുറിപ്പ്‌

അണക്കെട്ടും,പദ്ധതി-ബാധിത പ്രദേശങ്ങളും എന്നെ കൊണ്ടുനടന്നു കാണിച്ച കവിയും, ഗായകനും, നേതാവുമായിരുന്ന വൈദ്യനാഥ സിംഗ്‌, ഞാന്‍ അവിടെനിന്നു പോന്ന് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍, കൊല്ലപ്പെട്ടു. മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍(MCC) പ്രവര്‍ത്തകരുടെ യൂണിഫോം ധരിച്ച ചില ആളുകളായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍. ഒരു തീവ്ര-ഇടതുപക്ഷ സംഘടനയായിരുന്ന MCC ആ പ്രദേശത്ത്‌ സജീവമായിരുന്നു, ചില അക്രമ സംഭവങ്ങളിലും അവര്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ വൈദ്യനാഥിന്റെ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്‌, ആ കൊലപാതകത്തില്‍ MCC ക്ക്‌ യാതൊരു പങ്കുമില്ലെന്നാണ്‌. ജലസേചനവകുപ്പിലെ ചില ആളുകളുടെ ഒത്താശയോടെ, കരാറുകാര്‍ നടത്തിയ ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നു അതെന്നാണ്‌ അവര്‍ കരുതുന്നത്‌. യൂണിഫോം ഒരു മറ മാത്രമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. താന്‍ നേതൃത്വം കൊടുത്ത ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്കിടയില്‍ വൈദ്യനാഥിന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. ഒരു പലാമോ രാത്രിയില്‍ അദ്ദേഹം പാടി, തൊണ്ണൂറു മിനുട്ട്‌ വീതം ദൈര്‍ഘ്യമുള്ള രണ്ടു കാസറ്റുകളിലായി ഞാന്‍ പകര്‍ത്തിയ, ആ മനോഹരമായ ഗാനങ്ങളിലും ആ ശബ്ദം മുഴങ്ങുന്നുണ്ട്‌.

1 comment:

Rajeeve Chelanat said...

താന്‍ നേതൃത്വം കൊടുത്ത ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്കിടയില്‍ വൈദ്യനാഥിന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. ഒരു പലാമോ രാത്രിയില്‍ അദ്ദേഹം പാടി, തൊണ്ണൂറു മിനുട്ട്‌ വീതം ദൈര്‍ഘ്യമുള്ള രണ്ടു കാസറ്റുകളിലായി ഞാന്‍ പകര്‍ത്തിയ, ആ മനോഹരമായ ഗാനങ്ങളിലും ആ ശബ്ദം മുഴങ്ങുന്നുണ്ട്‌.