Wednesday, November 21, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 2

ഇറാഖ്‌ യുദ്ധത്തിന്റെ സാമ്പത്തിക വേരുകള്‍

നിലവില്‍ വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ്‌ നിലനിന്നിരുന്നത്‌. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്‍ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്‍സിയാക്കി മാറ്റി എന്നത്‌ ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള്‍ യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിയത്‌,സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 2000-ന്റെ അവസാനത്തോടെ, ഐക്യരാഷ്ട്രസഭയിലെ 10 ബില്ല്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം, സദ്ദാം ഹുസ്സൈന്‍ യൂറോയിലേക്കു മാറ്റിയപ്പോള്‍, ഈ രാഷ്ട്രീയ പ്രയോഗം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചില സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പുപ്‌ നല്‍കുകയുണ്ടായി. പക്ഷേ ആ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട്‌, യൂറോ തിരിച്ചുവന്നപ്പോള്‍, സദ്ദാം ലാഭമാണ്‌ കൊയ്തത്‌. മറ്റൊരു രാജ്യം ഇറാനാണ്‌. 2000-ഓടെ, തങ്ങളുടെ വിദേശനാണയശേഖരത്തിന്റെ പകുതിയിലധികവും ഇറാന്‍ യൂറോയിലേക്കു മാറ്റി. എണ്ണയുത്‌പ്പാദന രാജ്യങ്ങളെന്ന നിലയ്ക്ക്‌, ഇറാന്റേയും ഇറാഖിന്റേയും ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, വടക്കന്‍ കൊറിയ 2002 ഡിസംബറില്‍ യൂറോയിലേക്ക്‌ പ്രവേശിച്ചത്‌, ലോകത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല. പക്ഷേ, എന്തുവില കൊടുത്തും തടയേണ്ട ഒരു പ്രവണതയാണിതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു എന്നിടത്താണ്‌ വടക്കന്‍ കൊറിയയുടെ യൂറോയിലേക്കുള്ള വരവിന്റെ ചരിത്ര പ്രസക്തി. "തിന്മയുടെ അച്ചുതണ്ട്‌' എന്നത്‌, ബുഷിന്റെ വെറുമൊരു ഫലിതപ്രയോഗമായി മാത്രം കാണാന്‍ കഴിയില്ലെന്ന് അതോടെ എല്ലാവര്‍ക്കും ബോദ്ധ്യമാവുകയും ചെയ്തു.

വെനീസ്വലെയുടെ എണ്ണവ്യാപാരത്തെ അമേരിക്കന്‍ ഡോളറിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍നിന്നു വേര്‍പെടുത്തിയ ഹ്യൂഗോ ഷാവേസിന്റെ-2002-ല്‍ പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാന്‍ അമേരിക്ക വിഫലശ്രമം നടത്തിനോക്കിയിരുന്നു-നടപടികളും ചേര്‍ത്തുവായിച്ചാല്‍, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന സാമ്പത്തികസമ്മര്‍ദ്ദങ്ങളുടെ ചിത്രം ഏകദേശം വ്യക്തമാകും. സൈന്യത്തെക്കൊണ്ടുമാത്രം ഒരു സാമ്രാജ്യത്തെയും നിലനിര്‍ത്താനാവില്ല. സാമ്പത്തികാധികാരം ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ടുതന്നെ, തങ്ങളുടെ സൈനികമേധാവിത്വം നിലനിര്‍ത്താന്‍, അമേരിക്കക്ക്‌, ഡോളറിന്റെ അധീശത്വം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.

അങ്ങിനെ നോക്കുമ്പോള്‍, അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം, ഇറാഖിന്റെ എണ്ണവ്യാപാരത്തെ യൂറോയില്‍നിന്ന് ഡോളറിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണെന്ന് കാണാന്‍ കഴിയും. യു.എസ്‌. അധിനിവേശസേനയുടെ ആദ്യനടപടികളിലൊന്ന് അതായിരുന്നുതാനും. പക്ഷേ, ആ നടപടി അവര്‍ക്കുതന്നെ വിനയായിത്തീരുകയാണുണ്ടായത്‌. ഡോളര്‍ ബഹിഷ്ക്കരിക്കാനുള്ള മുറവിളി യുദ്ധ-വിരുദ്ധ പ്രവര്‍ത്തകര്‍ ഉയര്‍ത്താന്‍ തുടങ്ങി. ആ ആഹ്വാനത്തിന്‌ പ്രചാരം ലഭിക്കുകയും, 2004-ലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിനുശേഷം അത്‌ ബുഷിനെ ബഹിഷ്കരിക്കാനുള്ള ക്യാമ്പെയിനായി മാറുകയും ചെയ്തു. ഈ ദൗത്യം ആദ്യം ഏറ്റെടുത്തത്‌ മലേഷ്യയിലെ മുന്‍പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദായിരുന്നു. 2004-ല്‍. അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തോടെയാണ്‌ ഫലസ്തീനെയും ലബനോണിനെയും ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതെന്നും, അതിനാല്‍, ഡോളറിന്റെ ബഹിഷ്കരണത്തിലൂടെ മാത്രമേ അമേരിക്കയെയും, അതുവഴി ഇസ്രായേലിനെയും വരുതിയില്‍ നിര്‍ത്താനാകൂവെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, മഹാതിര്‍ മൊഹമ്മദ്‌ വീണ്ടും 2006-ല്‍ ഡോളര്‍ ബഹിഷ്ക്കരണവുമായി മുന്നോട്ടു വന്നു. തങ്ങളുടെ ബാക്കിയുള്ള വിദേശ കരുതല്‍ ധനം ഡോളറില്‍നിന്ന് യൂറോയിലേക്ക്‌ മാറ്റാനും, എണ്ണവ്യാപാരത്തില്‍ യൂറോ ഉപയോഗിക്കാനും 2006 ഡിസംബരില്‍ ഇറാന്‍ തീരുമാനിച്ചു. തീര്‍ന്നില്ല, തങ്ങള്‍ വില്‍ക്കുന്ന എണ്ണക്ക്‌ യെന്‍ നല്‍കണമെന്ന് ജപ്പാനോട്‌ 2007 ജൂലായില്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയുടെ താന്‍പോരിമയും സമ്പത്തിന്റെ വഴിവിട്ടുള്ള ഉപയോഗവും ഡോളറിന്റെ മൂല്യം കുറച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കരുതല്‍ ധനമെന്ന നിലക്കുള്ള ഡോളറിന്റെ പദവി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം പരാജയപ്പെടുമായിരുന്നു. അത്രമേല്‍ ശക്തമായിരുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ പൊതുവായ ശീലവും, രാഷ്ട്രീയമായ നിഷ്ക്രിയത്വവും. കനത്ത ഋണബാദ്ധ്യതയില്‍പ്പെട്ട്‌ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡോളറിന്റെ ശേഖരത്തിലെ തന്റെ പങ്ക്‌, ജോര്‍ജ്ജ്‌ സോറോസ്‌ പിന്‍വലിച്ചു. മറ്റ്‌ അമേരിക്കന്‍ നിക്ഷേപകരും സോറോസിനെ പിന്തുടര്‍ന്നു. 28 സെപ്തംബര്‍ 2004-ന്റെ ചൈന ഡെയ്‌ലിയില്‍, ചൈനീസ്‌ വിദേശകാര്യ സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തിന്റെ ഡയറക്ടര്‍ ജിയാങ്ങ്‌ റുയ്‌പിംഗ്‌ എഴുതിയ ലേഖനത്തില്‍, ഡോളറിന്റെ വിലയിടിവോടെ ചൈനക്ക്‌ വന്‍നഷ്ടമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡോളര്‍ മൂല്യം ഇനിയും ശോഷിച്ചാല്‍, നഷ്ടം ഇനിയും കൂടിയേക്കുമെന്നും എഴുതിയിരുന്നു. ഡോളറില്‍നിന്ന് യൂറോയിലേക്കോ, വേണ്ടിവന്നാല്‍, യെന്നിലേക്കുപോലുമോ മാറുന്നതാണ്‌ അഭിലഷണീയമെന്നും, എണ്ണയുടെ സംഭരണത്തിനുവേണ്ടിമാത്രം ഡോളര്‍ ഉപയോഗിക്കേണ്ടൂ എന്നും ആ ലേഖനത്തില്‍ ജിയാങ്ങ്‌ നിര്‍ദ്ദേശിച്ചിരുന്നു. 2004-ലെ ആദ്യത്തെ ഒന്‍പതുമാസത്തിനുള്ളില്‍ തങ്ങള്‍ നേടിയ അധിക വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ 15 ശതമാനം മാത്രമേ യു.എസ്‌. ട്രഷറി ബോണ്ടുകളില്‍ ചൈന നിക്ഷേപിച്ചിരുന്നുള്ളു. ഒപെക്‌ രാജ്യങ്ങളാകട്ടെ, ഡോളര്‍ അധിഷ്ഠിതമായ തങ്ങളുടെ സ്വത്തിന്റെ കരുതല്‍ശേഖരം 75-ല്‍ നിന്ന് 60 ആക്കി കുറക്കുകയും ചെയ്തു. 2005 ജൂലായില്‍ യുവാന്റെ ഡോളറുമായുള്ള നിശ്ചിത വിനിമയ നിരക്ക്‌ (Fixed Exchange Rate)ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ, മലേഷ്യയുടെ റിംഗിറ്റും അതേ പാത പിന്‍തുടര്‍ന്നു. ആ രണ്ട്‌ കറന്‍സികളും മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. തങ്ങളുടെ റിസര്‍വ്‌ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്ക്കരിച്ചേക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ സൂചനയും നല്‍കി. ഭാരതീയ റിസര്‍വ്‌ ബാങ്കും യൂറോയിലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടി. മൂന്നുവര്‍ഷം മുന്‍പ്‌ തങ്ങളുടെ 81 ശതമാനം നിക്ഷേപം ഡോളറില്‍ കേന്ദ്രീകരിച്ചിരുന്ന ഏഷയിലെ ബാങ്കുകള്‍, അത്‌ 67 ശതമാനമാക്കി കുറച്ചുവെന്ന് ബാസ്ലയിലെ (Basle)Bank for International Settlements,2005 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ബാങ്കുകള്‍ 68-ല്‍ നിന്ന് 43-ലേക്കും, ചൈനയുടെ ഡോളര്‍ നിക്ഷേപം 83-ല്‍ നിന്ന് 68-ലേക്കും ഒതുങ്ങി. ഇതര കറന്‍സികള്‍ എന്ന നിലക്ക്‌ ഭാവിയില്‍ കൂടുതല്‍ വലിയ വളര്‍ച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ യൂറോയും യെന്നും പ്രചാരത്തിലാവാന്‍ തുടങ്ങി. വിവിധ ഇതര കറന്‍സികളും ഹോള്‍ഡിംഗുകളില്‍ ഗണ്യമായ വളര്‍ച്ച നേടി. ചൈനയുടെ യുവാന്‍ 530 ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍, ഇന്‍ഡോനേഷ്യന്‍ റുപ്പയ 283-ഉം, തായ്‌വാന്റെ ഡോളര്‍ 127-ഉം, കൊറിയയുടെ വോണ്‍ 117-ഉം, ഇന്ത്യന്‍ രൂപ 114-ഉം വളര്‍ച്ച രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയപ്പെട്ട കറന്‍സി എന്ന പദവി 2005-ന്റെ അവസാനത്തോടെ യൂറോയില്‍ അധിഷ്ഠിതമായ സെക്യൂരിറ്റികള്‍ നേടിയെടുത്തു. ഡോളര്‍ അടിസ്ഥാനമാക്കിയ സെക്യൂരിറ്റികള്‍ പന്തയത്തില്‍ പിന്നിലായി. 2006-ല്‍ സ്വീഡിഷ്‌ സെന്‍ട്രല്‍ ബാങ്ക്‌ അതിന്റെ ഡോളര്‍ ഹോള്‍ഡിംഗുകള്‍ 37-ല്‍ നിന്ന് 20 ആക്കി വെട്ടിച്ചുരുക്കി. തങ്ങളുടെ സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഡോളറില്‍ കൈകാര്യം ചെയ്തിരുന്ന റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ അത്‌ 40 ആക്കിക്കുറച്ചു. ഇറ്റലി, തങ്ങളുടെ വിദേശകരുതല്‍ ശേഖരം ഡോളറില്‍നിന്ന് സ്റ്റെര്‍ലിംഗിലേക്കു മാറ്റി. റഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും കൈമാറ്റം റൂബിളിലേക്ക്‌ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അവശ്യകതയെ വ്ലാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടി. 2010-ഓടെ ഏകീകൃത കറന്‍സി എന്ന ലക്ഷ്യവുമായി നീങ്ങിയ ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന്‌ ഭംഗം വരുത്തിയത്‌ കുവൈത്ത്‌ ആയിരുന്നു. ഡോളറുമായുള്ള തങ്ങളുടെ നാണയത്തിന്റെ ബാന്ധവം 2007- മെയ്‌ മാസം കുവൈത്ത്‌ റദ്ദാക്കി. മൂല്യശോഷണം സംഭവിക്കുന്ന ഡോളര്‍ രാജ്യത്ത്‌ നാണയപ്പെരുപ്പം ഇറക്കുമതിചെയ്യാനേ ഉപകരിക്കൂ എന്ന വിവേകബുദ്ധി (വൈകിയാണെങ്കിലും) ഉണ്ടായതിന്റെ ഫലമായിരുന്നു കുവൈത്തിണ്ടെ ആ തീരുമാനം. പിന്നീട്‌, അമേരിക്കയില്‍ സബ്‌പ്രൈം മോര്‍ട്ട്ഗേജ്‌ പ്രതിസന്ധി* (Sub prime Mortage Crisis) വരുകയും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കില്‍ 0.5 ശതമാനം കുറവുവരുത്തുകയും ചെയ്തപ്പോള്‍, ഒമാനും, സൗദി അറേബ്യയും, ബഹറൈനും തങ്ങളുടെ പലിശനിരക്കുകളില്‍ കാര്യമായ കുറവൊന്നും വരുത്തിയതുമില്ല. ഡോളറിനുപകരമായി കൂടുതല്‍ ഉപയോഗസാദ്ധ്യതകളുള്ള മറ്റു കറന്‍സികളെക്കുറിച്ച്‌ ആറ്‌ ജി.സി.സി. രാജ്യങ്ങളിലും ചര്‍ച്ച നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴായിരുന്നു അമേരിക്കയിലെ ഈ പറഞ്ഞ സബ്‌പ്രൈം പ്രതിസന്ധി സംഭവിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌. യു.എസ്‌.ഫെഡറല്‍ റിസര്‍വ്‌ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, 2007 ജൂലായ്‌ അവസാനത്തിനും സെപ്തംബര്‍ ആദ്യവാരത്തിനുമിടയില്‍ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ യു.എസ്‌. ട്രഷറിയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ 48 ബില്ല്യണ്‍ ഡോളറായി കുറച്ചു എന്നാണ്‌. ഇതിനൊക്കെ പുറമെയാണ്‌ ഐ.എം.എഫിനും, ലോകബാങ്കിനും, ഇന്റര്‍ അമേരിക്കന്‍ ഡെവലപ്പ്‌മന്റ്‌ ബാങ്കിനും, പുതിയ പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ട്‌, ഏഴു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന്, അന്താരാഷ്ട്രതലത്തില്‍ പുതിയൊരു ബാങ്ക്‌ (Banco del Sur) സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട്‌ വന്നത്‌. ഏഴ്‌ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളെക്കൂടാതെ, ഭാവിയില്‍ മറ്റു പല രാജ്യങ്ങളും ക്രമേണ ഇതില്‍ അംഗങ്ങളാകുമെന്നുതന്നെയാണ്‌ ഇപ്പോള്‍ കരുതപ്പെടുന്നത്‌. ഈ രാജ്യങ്ങളെല്ലാം അവരവരുടെ നാണയങ്ങളിലേക്ക്‌ തിരിച്ചുപോയാല്‍, അത്‌ ഡോളറിനു താങ്ങാനാവുന്നതിലും വലിയ ആഘാതമായിരിക്കും. ഡോളറിന്റെ മൂല്യത്തകര്‍ച്ച ഉളവാക്കിയ മറ്റൊരു സ്ഥിതിവിശേഷമെന്താണെന്നാല്‍, ധനിക രാജ്യങ്ങള്‍ യൂറോയിലേക്ക്‌ തിരിഞ്ഞപ്പോള്‍, താരതമ്യേന അത്രതന്നെ ധനികരല്ലാത്ത മറ്റു രാജ്യങ്ങള്‍-റഷ്യ മുതല്‍ മാള്‍ഡീവ്‌സ്‌ വരെയും, മെക്സിക്കോ മുതല്‍ വിയറ്റ്‌നാം വരെയുമുള്ളവ-താന്താങ്ങളുടെ പ്രാദേശിക കറന്‍സികളില്‍ അഭയം തേടി എന്നതാണ്‌.

'ലോക കറന്‍സി എന്ന പദവി ഡോളറിനു നഷ്ടമാകുന്നു' എന്ന, ചൈനീസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഉപഡറക്ടര്‍മാരില്‍ ഒരാളായ ഹൂ ജിയാനിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും, അമേരിക്കയിലെ വിദഗ്ദ്ധര്‍തന്നെ ഇതേ വികാരം പങ്കിടുമ്പോള്‍. ഇതിന്റെ അര്‍ത്ഥം, ഇനി മേലില്‍ ലോകത്തിലെ ഒരെയൊരു പൊതുവായ കറന്‍സി എന്ന സ്ഥാനം അമേരിക്കന്‍ ഡോളറിനു അവകാശപ്പെടാനാവില്ല എന്നുതന്നെയാണ്‌. മറ്റു കറന്‍സികളുമായി ഡോളറിന്‌ ഈ പദവി പങ്കിടേണ്ട ഒരു സ്ഥിതിയാണ്‌ വന്നിരിക്കുന്നത്‌. എങ്കില്‍തന്നെയും, പല കാരണങ്ങളാലും, ഡോളര്‍ ഇപ്പോഴും പ്രമുഖസ്ഥാനത്തുതന്നെയാണെന്നതിന്‌ സംശയമില്ല. മറ്റു രാജ്യങ്ങളുടെ എണ്ണവ്യാപാരം ഡോളറിലായിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ തുടരാനും ഇടയുണ്ട്‌. അതിന്‌ ആവശ്യക്കാരുമുണ്ടായേക്കും. റഷ്യ അതിന്റെ എണ്ണ-പ്രകൃതിവാതക കൈമാറ്റം റൂബിളിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ സ്ഥിതി പക്ഷേ മാറിമറിഞ്ഞേക്കാന്‍ ഇടയുണ്ട്‌. ട്രില്ല്യണ്‍ കണക്കിന്‌ ഡോളര്‍ തങ്ങളുടെ കയ്യില്‍ സൂക്ഷിക്കുന്ന ചൈനയും ജപ്പാനും, ആ ഭീമമായ സംഖ്യ അത്ര വേഗത്തിലൊന്നും കയ്യൊഴിയാന്‍ പോകുന്നില്ല. കാരണം,അത്‌, അവരുടെ കരുതല്‍ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ. മാത്രവുമല്ല, അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെപ്പോലെ, അവരും അവരുടെ കറന്‍സികളുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍, താഴ്ത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. എങ്കില്‍തന്നെയും, 2007 നവംബറില്‍ ഡോളറുമായുള്ള പെഗ്‌ **വിച്ഛേദിച്ചതോടെ, യുവാന്റെ മൂല്യം 11.5 ശതമാനംകണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ആദ്യം യെന്‍ രേഖപ്പെടുത്തിയ വളര്‍ച്ച 7.7 ശതമാനമായിരുന്നു. ഡോളറിന്റെ മൂല്യം തകരുന്നതോടെ, അതിന്റെ കരുതല്‍ശേഖരം നഷ്ടത്തിലായിരിക്കും കലാശിക്കുക. ഡോളര്‍ ശേഖരം താരതമ്യേന കുറവുള്ള രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടിവരും.

നമ്മുടെ നിലവിലുള്ള ലോകസാഹചര്യങ്ങള്‍ അത്രക്ക്‌ നിര്‍ണ്ണായകമല്ലായിരുന്നുവെങ്കില്‍, ഡോളറിന്റെ ഈ ക്രമേണയുള്ള മൂല്യശോഷണംകൊണ്ട്‌ നമുക്ക്‌ തൃപ്തരാകാമായിരുന്നു. ഇന്ന്, സ്ഥിതി അപകടകരമായ ഒരു വഴിത്തിരിവിലാണ്‌. അധിനിവേശത്തിന്റെ ഫലമായി ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചുകഴിഞ്ഞു. ഇപ്പോഴും നിരവധിപേര്‍ ചത്തൊടുങ്ങുകയും ചെയ്യുന്നു. അതേസമയം, ഇസ്രായേലിന്റെ വര്‍ണ്ണവെറിയന്‍ ഭരണകൂടം, അമേരിക്കയുടെ പിന്തുണയോടെ, പാലസ്തീന്‍ പൂര്‍ണ്ണമായും കയ്യടക്കി, തദ്ദേശീയരായ പാലസ്തീനികളെ വെസ്റ്റ്‌ ബാങ്കിലെ നിരവധി ഘെറ്റോകളിലേക്കും, ഗാസ എന്ന മറ്റൊരു വലിയ ഘെറ്റോയിലേക്കും ആട്ടിപ്പായിക്കുന്നതും, വംശനാശം വരുത്തുന്നതും നമ്മള്‍ കാണുന്നു. ഇറാനെ ആക്രമിച്ചാല്‍ അത്‌ ഒരു ആണവയുദ്ധമായി പരിണമിക്കുകയാവും ഫലം. കാരണം, ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ്‌ അമേരിക്ക ഉന്നമാക്കുന്നത്‌. 'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ മുന്‍കൂര്‍ ആക്രമണം നടത്തുന്നതില്‍നിന്ന് അമേരിക്കയെ തടയുന്നത്‌, അമേരിക്കന്‍ സൈന്യത്തിന്റെ എതിര്‍പ്പുമൂലമാണെന്ന' മട്ടിലുള്ള വിശദീകരണങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പക്ഷേ, സൈന്യത്തിന്റെ എതിര്‍പ്പിനെപ്പോലും മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ അത്യന്തം ഭീഷണമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 2007 ആഗസ്റ്റ്‌ 29, 30 തീയതികളില്‍, എല്ലാ നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ട്‌, ആണവായുധങ്ങള്‍ ഘടിപ്പിച്ച ഒട്ടനവധി ക്രൂയിസ്‌ മിസ്സെലുകള്‍ രഹസ്യമായി രാജ്യത്തുനിന്ന് പുറത്തേക്ക്‌ കടത്തിയിട്ടുണ്ട്‌. ഇവ എങ്ങിനെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇതിനെക്കുറിച്ച്‌ അറിയുന്നവരും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ, സൈന്യത്തിലെ ഉന്നതരില്‍ ചിലരെ, ഈ സംഭവത്തിനു തൊട്ടു മുന്‍പും പിന്‍പുമായി കാണാതാവുകയും, മറ്റു ചിലര്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുകയും ചെയ്തിട്ടുണ്ട്‌. ഇതൊക്കെ വിരല്‍ചൂണ്ടുന്നത്‌, കാണാതായ ആയുധങ്ങള്‍ ഇറാനെതിരെയുള്ള യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌. അത്തരത്തിലൊരു യുദ്ധം പുറപ്പെട്ടാല്‍, റഷ്യയും ചൈനയും ഒക്കെ ഉള്‍പ്പെടുന്ന ഭീമമായ ഒരു യുദ്ധത്തിലേക്കായിരിക്കും അതുചെന്നെത്തുക. ഇറാനും, പശ്ചിമേഷ്യക്കും മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ നാശത്തിനും അത്‌ വഴിവെക്കും.


(അടുത്ത ലക്കത്തില്‍ അവസാനിക്കും)



Subprime Mortgage crisis - കുറച്ചുകാലം മുന്‍പ് തത്ത്വദീക്ഷയില്ലാതെ നല്‍കിയ ഭവനവായ്പയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ പ്രതിസന്ധി.

PEG - Price/Earning Growth Ratio

5 comments:

Rajeeve Chelanat said...

നിലവില്‍ വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ്‌ നിലനിന്നിരുന്നത്‌. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്‍ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്‍സിയാക്കി മാറ്റി എന്നത്‌ ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള്‍ യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിയത്‌,സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു

ഫസല്‍ ബിനാലി.. said...

Thikachum arivu pradhaanam cheytha lekhanam, Indiaye engine ee kalaghattathil dollarumaayulla vinimayam badhikkunnu ennariyaan thaalparyamundu? Indiaykkingane oru change saadhyamaano? Angine enthenkilum chintha Indiayil nadakkunnundo?

adutha bhaagathinnayi kaathirikkunnu
nandi

Countercurrents said...

ഇറാനില്‍ ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ കണ്‍വന്‍ഷനല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഡിപ്ളീറ്റഡ് യുറേനിയം (ഡി.യു) ഷെല്ലുകള്‍ ഉപയോഗിക്കുമെന്നകാര്യം ഉറപ്പാണ്. ഇറാഖിലെ രണ്ടാക്രമണങ്ങളിലായി ദശലക്ഷക്കണക്കിന് ടണ്‍ ഡി.യു ഷെല്ലുകള്‍ അവിടെ അമേരിക്ക പ്രയോഗിച്ചുകഴിഞ്ഞു. ഇറാനില്‍ ആക്രമണമുണ്ടായാല്‍ അത് ഹിരോഷിമ , നാഗസാക്കി ആക്രമണങ്ങളേക്കാള്‍ ദുരന്തമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ഇറാഖില്‍ അമേരിക്കയും ലെബനനില്‍ ഇസ്രയേലും വര്‍ഷിച്ച ഡി.യു. ഷെല്ലുകളുടെ വികിരിണങ്ങള്‍ ഉത്തരേന്ത്യയില്‍ വരെ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇറാനില്‍ ആക്രമണമുണ്ടായാല്‍ ഇന്ത്യയും അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് സാരം. എന്നാല്‍ അമേരിക്കയുമായി ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ സഖ്യകക്ഷിയാകാന്‍ വെമ്പല്‍ കൂട്ടുകയാണ് നമ്മുടെ നേതാക്കള്‍! സ്വന്തം ജനങ്ങളെക്കൂടി കൊലയ്ക്കു കൊടുക്കുന്ന നടപടിയാണിതെന്ന് ഇവര്‍ തിരിച്ചറിഞ്ഞെങ്കില്‍.

ഈ ലേഖനങ്ങള്‍ കൂടി വായിക്കുക

Radioactive Ammunition Fired In Middle East May Claim More Lives Than Hiroshima And Nagasaki
By Sherwood Ross

http://countercurrents.org/ross201107.htm

Iraqis Blame US Depleted Uranium
For Surge In Cancer
By RIA Novosti

http://www.countercurrents.org/du250707.htm

Depleted Uranium, Another Gift
From The Imperialists
By Pauline Paulinson

http://www.countercurrents.org/us-paulinson161106.htm

Depleted Uranium Contaminates Europe
By Lauren Moret

http://www.countercurrents.org/moret270206.htm

Depleted Uranium - A Hidden Looming Worldwide Calamity
By Stephen Lendman

http://www.countercurrents.org/lendman280206.htm

Rajeeve Chelanat said...

ഫസല്‍,

തീര്‍ച്ചയായും അത്തരത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. സാധ്യവുമാണ്.

ഇന്ത്യന്‍ ഓഹരികളില്‍ അടിക്കടി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ ചങ്ങാത്തവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഓഹരികളിലേക്കൊഴുകുന്ന ധനവും (ഫിനാന്‍സ്) സാമ്പത്തിക സ്ഥിതിയും തമ്മില്‍ ഒരു തരത്തിലുമുള്ള ബന്ധവും ഇല്ലെന്ന് വ്യക്തമാക്കുന്നതുമാണ് ആ അസ്ഥിരതകള്‍. ഇതിനെക്കുറിച്ച്, workersforumblogspot.com-ല്‍ ചില ലേഖനങ്ങള്‍ വന്നിട്ടുണ്ട്. countercurrents ലും ചിലതു കാണാം. ദയവുചെയ്ത് നോക്കുമല്ലൊ.

വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ഫസല്‍.

ശ്രീഹരി::Sreehari said...

dear rajive,

you completely misunderstood me,

"i have put my reponse in ethirozhukkukal"

nice to meet you have a nice day

:)

hari