Thursday, November 1, 2007

യു.എ.ഇ.യിലെ അസ്വസ്ഥമാകുന്ന തൊഴില്‍മേഖല

അറബ്‌ടെക്കിലെ തൊഴിലാളികള്‍ ഇന്ന് സമരത്തിലാണ്‌. 35,000-ലധികം ആളുകള്‍ ജോലിയെടുക്കുന്ന ഒരു സ്ഥാപനം. നിര്‍മ്മാണമേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു കമ്പനി.

അക്രമാസക്തമാവുകയും, വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത മറ്റൊരു തൊഴില്‍ സമരവും, അതിന്റെ അലയൊലികളും മുഴുവനായും അടങ്ങുന്നതിനുമുന്‍പാണ്‌ ഈയൊരു സമരവും വരുന്നതെന്നത്‌ ശ്രദ്ധേയമാണ്‌.

തൊഴില്‍ സമരങ്ങള്‍ ഈ വിധത്തില്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളായിരിക്കുന്നു. അഞ്ചുവര്‍ഷം മുന്‍പു വരെ ഇത്തരത്തിലൊന്ന്, ചിന്തിക്കാന്‍പോലും നമുക്കാവുമായിരുന്നില്ല. ഇന്ന് പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. തൊഴില്‍ മേഖലയില്‍ ഇടക്കിടക്കുണ്ടാകുന്ന ഈ അസ്വാസ്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്‌ സ്ഥിതി വഷളാക്കുകയേയുള്ളു.

ഇത്തരം സമരങ്ങളെ ഏതുവിധത്തിലാണ്‌ കാണേണ്ടത്‌? നാട്ടില്‍ എന്തിനും ഏതിനും കൊടിപിടിക്കുന്നവര്‍, ഇവിടെ വന്ന്, എന്തു അടിമപ്പണിയായാലും, ഒരക്ഷരവും മറുത്തുപറയാതെ ചെയ്യുമെന്ന് ചിലര്‍ പതിവായി വിളമ്പാറുള്ള നസ്യത്തിന്‌ ഇനി വലിയ സ്ഥാനമൊന്നുമില്ലെന്നു വന്നിരിക്കുന്നു. എന്തെങ്കിലുമൊരു തൊഴിലിനുവേണ്ടി അലഞ്ഞു നടന്ന്, ഒടുക്കം ഇവിടെ എത്തിപ്പെട്ട്‌, ഇവിടെയും ഇത്തരത്തിലുള്ള സമരങ്ങള്‍ ചെയ്യേണ്ടിവരുന്നതിന്റെ ഔചിത്യം തീരെ മനസ്സിലാകാത്തവരും നമ്മുടെ കൂട്ടത്തില്‍ ആവോളമുണ്ട്‌.

അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആധുനിക ജനാധിപത്യമാര്‍ഗ്ഗം തന്നെയാണ്‌ ഏതു സമരവും. പക്ഷേ, മറ്റൊരു രാജ്യത്തു വന്ന് സമരം ചെയ്യേണ്ടിവരുമ്പോള്‍, അവിടുത്തെ നിയമങ്ങളെ മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ അത്യവാശ്യവുമാണ്‌. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടാനുള്ള മറ്റെല്ലാ മാര്‍ഗ്ഗവും അടയുമ്പോള്‍ മാത്രമാണ്‌ അതിനെ ആശ്രയിക്കേണ്ടതും. അതുകൊണ്ടുതന്നെ, അക്രമത്തിലേക്കു തിരിയുന്ന സമരമാര്‍ഗ്ഗങ്ങളെ സാധൂകരിക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അത്തരത്തിലുള്ളതൊന്നും അധികം കണ്ടുശീലിച്ചിട്ടില്ലാത്ത മറ്റൊരു രാജ്യത്താവുമ്പോള്‍ വിശേഷിച്ചും. തങ്ങളുടെ ശ്രദ്ധയില്‍പെടുന്ന സാമൂഹ്യപ്രശ്നങ്ങളെ കഴിയുന്നിടത്തോളം അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന അപൂര്‍വ്വം ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒന്നാണ്‌ ഐക്യ അറബി നാട്‌ എന്നതും, ഇത്തരം സമര സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ വേണം.

അതെന്തായാലും, തൊഴില്‍മേഖലയിലെ വലിയൊരു പങ്ക്‌ കരസ്ഥമാക്കിയ ദുബായിലെ തൊഴിലിടങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ കൂടുകതന്നെയാണ്‌. പൊതുവെ, തൊഴിലാളികളോട്‌ അനുഭാവപൂര്‍ണ്ണമായ നയം കൈക്കൊള്ളുന്ന ഒരു രാജ്യമാണ്‌ യു.എ.ഇ. നിയമപ്രകാരമുള്ള അടിസ്ഥാന അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക്‌ അനുവദിച്ചുകൊടുക്കുന്നുമുണ്ട്‌ ഇവിടെയുള്ള അധികാരികള്‍. അതിലൊന്നും ഒരു തര്‍ക്കവുമില്ല.

എല്ലാ ലോകനഗരങ്ങളിലെയും കമ്പോള-സമവാക്യങ്ങളെ നിയന്ത്രിക്കുകയും, അവിടെയുള്ള സര്‍ക്കാരുകളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു റിയല്‍ എസ്റ്റേറ്റ്‌ മേഖല. യു.എ.യിലെയും, പ്രത്യേകിച്ച്‌, ദുബായിലെയും സ്ഥിതിയും മറിച്ചല്ല. ട്രേഡിംഗ്‌ രംഗത്തുനിന്ന് റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്കുള്ള ദുബായുടെ ചുവടുമാറ്റത്തിന്റെ അനന്തരഫലങ്ങളായിട്ടാണ്‌, വര്‍ദ്ധിച്ചുവരുന്ന ഇവിടുത്തെ ജീവിതച്ചിലവുകളെ കാണാന്‍ കഴിയുക. ഉത്‌പ്പാദന മേഖലയെ ആശ്രയിക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥക്കും ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ ആവുകയില്ല. ഇനി വ്യാപാരത്തിന്റെ കാര്യത്തിലായാല്‍പ്പോലും, ഒരു ട്രാന്‍സിറ്റ്‌ കേന്ദ്രം എന്ന നിലയിലുള്ള പ്രാമുഖ്യമേ ദുബായ്ക്ക്‌ അവകാശപ്പെടാനാവൂ.

ഏറ്റവും കുറഞ്ഞ വരുമാനത്തിനു പണിയെടുക്കാന്‍ പറ്റുന്ന ആളുകളെയാണ്‌ ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖലക്കാവശ്യം. അതിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്‌ കമ്പനികളും, അവരുടെ ഏജന്റുകളും. ഇന്ത്യ, പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ മനുഷ്യാദ്ധ്വാനത്തെയായിരുന്നു അവര്‍ ഇത്രയും കാലം ആശ്രയിച്ചിരുന്നത്‌. ഇന്ന്, ആ രാജ്യങ്ങളിലെ തൊഴിലവസരങ്ങളിലും, വേതന നിരക്കുകളിലും വന്ന മാറ്റം കൊണ്ട്‌, പണ്ടത്തെ നിലയില്‍ ആളെ കിട്ടാതായിരിക്കുന്നു. വരുന്നവര്‍ക്കാകട്ടെ പഴയ വേതനത്തില്‍ ജീവിക്കാന്‍ പറ്റാതെയുമായിരിക്കുന്നു. ഈ ഒരു സ്ഥിതിയിലാണ്‌ ചൈനയിലേക്കും, മറ്റു പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കും റിയല്‍ എസ്റ്റേറ്റ്‌ മേഖലകള്‍ ആളെത്തേടിയെത്തുന്നത്‌. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആളെ വേണം. ഏതു സാഹചര്യത്തിലും പണിയെടുക്കാന്‍ തയ്യാറായി വരുന്നവരാണെങ്കില്‍, ഈ മുന്‍പറഞ്ഞ രാജ്യങ്ങളില്‍ ധാരാളവും. വളരെ സങ്കീര്‍ണ്ണമായ ഒരു സ്ഥിതിവിശേഷമാണ്‌ ഇതൊക്കെചേര്‍ന്ന് ഉളവാക്കുന്നത്‌.

നിയമപ്രകാരമുള്ള അവകാശങ്ങളും, പരിരക്ഷയുമൊക്കെ തൊഴിലാളികള്‍ക്ക്‌ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും, പ്രയോഗത്തില്‍ വരുമ്പോള്‍ ഇവയൊക്കെ പലപ്പോഴും നിരര്‍ത്ഥകമാവുന്നതാണ്‌ കാണാന്‍ കഴിയുക. ഭൂമിശ്ശാസ്ത്രപരമായി തന്നെ, ഈ തൊഴിലാളികളെ പ്രാന്തവത്ക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. കണ്ണെത്താദൂരം പരന്നു കിടക്കുന്ന മരുഭൂപ്രദേശങ്ങളിലേക്ക്‌ അവര്‍ നിരന്തരം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുവരെ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ പൊന്നുംവിലക്കെടുത്തുകൊണ്ടിരിക്കുകയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍. നഗരത്തിനുള്ളില്‍ ഇവരെ പാര്‍പ്പിക്കുന്നത്‌, മാന്യവേഷക്കാര്‍ക്ക്‌ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. കുടുംബമില്ലാതെ ഒറ്റക്ക്‌ കഴിയുന്ന ഇക്കൂട്ടര്‍, 'കുടുംബജീവികളുടെ' സ്വൈരവിഹാരത്തിനു തടസ്സമാണെന്ന നിലപാടാണ്‌ പൊതുസമൂഹത്തിന്റേത്‌. ഇന്ത്യയിലായിരുന്നുവെങ്കില്‍, എന്നേ ഇവര്‍ ചേരികളിലേക്ക്‌ മാറ്റപ്പെട്ടേനെ. സാമൂഹികനീതിയുടെ കാര്യത്തില്‍ ഇവിടെ നില കുറേക്കൂടി മെച്ചപ്പെട്ടതായതിനാല്‍ അതുണ്ടായില്ലെന്ന് ആശ്വസിക്കാമെന്നു മാത്രം.

ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? സര്‍ക്കാരിന്റെയും, കമ്പനികളുടെയും പങ്കാളിത്തമുള്ള തൊഴില്‍ സംഘങ്ങള്‍ രൂപവത്ക്കരിക്കേണ്ടത്‌ അത്യന്താപേക്ഷിതമായിരിക്കുന്നു.അതിനുള്ള ഒരു ശ്രമം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേള്‍ക്കുന്നത്‌ ആശാവഹമാണ്‌. നിര്‍മ്മാണ മേഖലയെ ആവശ്യാധിഷ്ഠിതമായി നിയന്ത്രിക്കാനും, അതിന്‍മേലുള്ള ഊഹക്കച്ചവടം അവസാനിപ്പിക്കാനുമുള്ള സംവിധാനം വരേണ്ടതുണ്ട്‌. സര്‍ക്കാരിന്റെ നിയമങ്ങളെ സമര്‍ത്ഥമായി മറികടക്കാന്‍ ത്രാണിയുള്ള വമ്പന്മാര്‍ക്കും ഇവിടെ ഒട്ടും കുറവില്ല. ഇവിടുത്തെ നിയമത്തിന്റെ സൂക്ഷ്മദൃഷ്ടിക്കു തൊട്ടുകീഴെതന്നെയാണ്‌ അക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതും.

താഴേത്തലത്തിലും, മദ്ധ്യ വര്‍ഗ്ഗത്തിലുമുള്ള ഒരു പ്രവാസി സമൂഹമാണ്‌, യു.എ.ഇ.അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്രയും കാലം നില നിന്നിരുന്നത്‌. ആ അവസ്ഥയും മാറിവരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഉയര്‍ന്ന ശമ്പളവും, ഉപരിവര്‍ഗ്ഗ ജീവിത ശൈലിയുമുള്ള ഒരു സമൂഹത്തെയാണ്‌, ഇന്ന്, ഗള്‍ഫ്‌ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്‌. ഇവിടെ നടന്നുവരുന്നതും, പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ അടിസ്ഥാന-വികസന പ്രവര്‍ത്തനങ്ങളാകട്ടെ, ഈയൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതുമാണ്‌.

യു.എ.ഇ.യിലെ വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ക്കും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖല എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നതും പഠനവിഷയമാക്കേണ്ടതുണ്ട്‌. മിക്ക ലോകനഗരങ്ങളിലും, ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖലയും സാമൂഹിക അരാജകത്വവും തമ്മില്‍ പ്രത്യക്ഷവും പരോക്ഷവുമായ കൊടുക്കല്‍-വാങ്ങല്‍ ബാന്ധവമാണുള്ളത്‌. ഇവിടെയും ആ സ്ഥിതി മറിച്ചാവാന്‍ സാധ്യത കാണുന്നില്ല. ഭൂമിയിന്മേലുള്ള മൂലധന-ഊഹക്കച്ചവടങ്ങള്‍ക്കുമേല്‍ ഒരു സര്‍ക്കാര്‍ പരുന്തും പറക്കില്ലെന്ന നിലയും വന്നിരിക്കുന്നു.

യു.എ.ഇ-യിലെ തൊഴില്‍ മേഖല വിപുലമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്‌. നമ്മുടെ വര്‍ത്തമാന സാഹചര്യങ്ങളില്‍, കൂടുതല്‍ പ്രധാനപ്പെട്ടതെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. അടിസ്ഥാന മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതിലും, കമ്പോള ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു എന്നു തന്നെയാണ്‌ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന പൊതുവായ അസ്വാസ്ഥ്യങ്ങള്‍ നല്‍കുന്ന സൂചന.

9 comments:

Rajeeve Chelanat said...

യു.എ.ഇ-യിലെ തൊഴില്‍ മേഖല വിപുലമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്‌. നമ്മുടെ വര്‍ത്തമാന സാഹചര്യങ്ങളില്‍, കൂടുതല്‍ പ്രധാനപ്പെട്ടതെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. അടിസ്ഥാന മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതിലും, കമ്പോള ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു എന്നു തന്നെയാണ്‌ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന പൊതുവായ അസ്വാസ്ഥ്യങ്ങള്‍ നല്‍കുന്ന സൂചന.

Anonymous said...

A very good article.

അതുല്യ said...

വളരെ നല്ല ലേഖനം രാജീവ്.

കഴിഞാഴ്ച്ച കൈരളിയില്‍ 4000 ഇന്ത്യക്കാരായ തൊഴിലാളികളെ സമരം ചെയ്തതിനാ‍ായിട്ട് ജയിലില്‍ അടച്ചതായിട്ട് വാര്‍ത്തയുണ്ടായിരുന്നു. ഗള്‍ഫ് ന്യൂസ്സില്‍ പിറ്റേ ദിവസം കാര്യമായിട്ട് ഒന്നും കണ്ടതുമില്ല. ചില ന്യൂസ് പേപ്പറുകളില്‍ വാര്‍ത്തയുണ്ടായിരുന്നു.

സ്വന്തം നാട്ടില്‍, (അത് കേരളമായാലും ആന്ധ്രാപ്രദേശായാലും, ബംഗാളായാലും, പാക്കിസ്ഥാനായാലും, ഈ വരുമാനത്തില്‍ തന്നെ, (ആവറേജ് ഒരു തൊഴിലാളിയ്ക് 700/800 ദിര്‍ഹംസ്) കിട്ടുന്നുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു) ഒരു ജോലി കിട്ടുമെന്ന് ഉറപ്പുള്ളപ്പോള്‍, കുറെയേറെ പൊല്ലാപ്പുകളുമായി മരുഭൂമിയിലേയ്ക് ഇവര്‍ ഈ തുച്ഛ ശംബളത്തിനായിട്ട് വരുന്നതെന്തിനു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇന്ത്യയില്‍ വരും കാലത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷാമം ഉണ്ടാവുന്നത് മാന്‍പവ്വര്‍ സെക്റ്ററില്‍ ആണെന്നും പറയുന്നു.

ശ്രീ വയലാര്‍ രവിയും, ശ്രീ ഈ അഹമ്മദ്ദുമൊക്കെ തുടര്‍ച്ചയായിട്ട് വന്ന് പോകുമ്പോഴും, ഇവിടെയുള്ള തൊഴിലാളികളുടേ അവസ്ഥയില്‍ യാതൊരു മാറ്റവും ഇല്ല എന്നുള്ളത് അമ്പരപ്പിയ്കുന്നു. ഇവിടുത്തേ ഇന്ത്യന്‍ കൌണ്‍സല്ലേറ്റും ഒന്നും കാര്യമായി ചെയ്യുന്നത് കണ്ടില്ല. കാരണം, തൊഴിലാളിയും, മൊതലാളിയും തമ്മില്ലുള്ള കോണ്ട്രാക്റ്റ് അത് പോലത്തതാണു. തൊഴില്‍ സമരം വരുമ്പോ സ്വരാജ്യത്തേ കൌണ്‍സലേറ്റുകളില്‍ പരാതി പെടാം/ എന്നൊക്കെയുള്ള രീതികള്‍ ഉണ്ടായിരുന്നെങ്കില്‍?

മിക്ക ലേബര്‍ അക്കമോഡേഷനുകളിലും, (ചിലര്‍ അവീര്‍ ഏരിയകളില്‍, കണ്ടേയിനറുകളില്‍ വരെ താമസിയ്കുന്നു)അതികഠിനമായ ചൂടുകാലത്ത് ശീതികരണമോ, ശൈത്യകാലത്ത് കുളിയ്കാന്‍ ചൂടുവെള്ളത്തിന്റെ സൌകര്യമോ ഉണ്ടാവാറില്ല. ഇതിലൊക്കെ അതിശയം, മിക്ക ജോലിക്കാരും, ഈ ജോലിയെടുക്കുന്ന വലിയ കമ്പനികളുടേ ജോലിക്കാര്‍ അല്ലാ എന്നുള്ളതാണു. ചെറിയ ലേബര്‍ കോണ്ട്രാക്റ്റ് കമ്പനികളിലേ പേരിലാണു ഇവരുടെ വിസ. അത് കൊണ്ട് മിക്ക ആളുകള്‍ക്കും തന്റെ ശരിയായ വരുമാനം തന്നെ അറിയില്ല. ഇന്‍ഷുറന്‍സ് കവറേജോ, റ്റിക്കറ്റോ ലീവോ പോലുമില്ലാതെ ആണു ഇവരെ ഇവിടേയ്ക് എത്തിയ്കുന്നത്. മിക്കവരേയൂം വിസിറ്റ് വിസയില്‍ എത്തിച്ച്, അത് പോലും പുതുക്കാതെ, കൊല്ലങ്ങളോളം കല്ലി വല്ലിയായിട്ട് പണിയെടുപ്പിച്ച്, നാട്ടിലേയ്ക് പോകാനായി എയര്‍പ്പോറ്ട്ടില്‍ എത്തുമ്പോഴാണു ഇവര്‍ അറിയുക, തങ്ങളുടെ പക്കല്‍ വിസയില്ലായിരുന്നുവെന്ന്.

ഇതിന്റെ പിന്നില്‍ ശരിയ്കും പറഞാല്‍ ഒരു റാക്കറ്റ് ആണു പ്രവര്‍ത്തിയ്ക്കുന്നത്. നിരക്ഷരരായ, കൊടും പട്ടിണിക്കാരായ ഇവരെ, പറ്റിച്ച് വീടു വരെ വില്‍പ്പിച്ച് റ്റിക്കെറ്റ് ഏടുപ്പിച്ച് ഇവിടെ എത്തിച്ച ശേഷം നരകത്തിലേയ്ക് തള്ളിയിടുന്നു. പാസ്സ്പോര്‍ട്ട് വിസയുടെ ആവ്ശ്യത്തിനാണെന്ന്നും പറഞ് വാങി വയ്കും. അതോടെ, തിരിച്ച് പോകണമെന്ന് കരുതുന്ന ആളുകളുടെ പോലും ആശ കെട്ട് പോകുന്നു. പിന്നെ അവനും ഇവിടെ തന്നെ തുടരുന്നു. ഇതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ഒരോ തൊഴിലാളിയ്കും, അവനവന്റെ രാജ്യത്ത് തന്നെ ഇതിനെ കുറിച്ച് ബോധവല്‍ക്കരണം ക്ലാസ്സുകള്‍ എടുത്ത്, ഇവിടുത്തെ രീതികള്‍/എത്തിചേര്‍ന്ന് കഴിഞാല്‍ ഒരു പക്ഷെ നേരിടേണ്ട് വരുന്ന കഷ്ടപാടുകള്‍, ദിര്‍ഹം മാറ്റിയാല്‍ കിട്ടുന്ന രുപയുടെ കുറഞ് ഇല്ലാതെ ആയിക്കൊണ്ടിരിയ്കുന്ന മൂല്യം എന്നിവയൊക്കെ മനസ്സില്ലാക്കി കൊടുക്കണം. അത് കൂടാതെ തന്നെ,

റിക്രൂട്ട്മെന്റ് ചെയ്യുന്ന ട്രാവല്‍ ഏജന്റിന്റെ മുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തണം. തൊഴില്‍ (ലോ പേയിഡ്/ഹൈ പെയിഡ്)ചെയ്യുവാനാണെങ്കില്‍, വിസിറ്റ് വിസയില്‍ ഒരു കമ്പനിയും ആളുകളേ ഇന്ത്യയില്‍ നിന്ന് കൊണ്ട് പോവാതിരിയ്കാന്‍ ഏര്‍പ്പാടുകള്‍ ഗവണ്മന്റുകള്‍ തമ്മില്‍ ഉണ്ടാക്കണം. കമ്പനിയുടെ പേരു,ഉടമ ആരു, ഇപ്പോഴവിടെ ജോലീ ചെയ്യുന്ന ആളുകളുടെ നാട്ടിലുള്ള്ല പേരു വിവരം, കൊടുക്കാന്‍ ഉദ്ദേശിയ്കുന്ന കൂലി,താമസ സൌകര്യം എന്നിവ ഒക്കെ സാക്ഷ്യപെടുത്തിയതിനു ശേഷമേ, അത് തൊഴിലാളിയ്ക് അയാള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ഒരു നോട്ടറിയൊ തതുല്യ യോഗ്യതയുള്ള ആരെങ്കിലുമോ പരിഭാഷപെടുത്തിയതിനു ശേഷമേ, ജോലി വിസയ്ക് സമ്മതിയ്കാവൂ. അത് പോലെ പ്രവേശിച്ച ജോലിയില്‍ തുടരാന്‍ സാധിച്ചില്ലെന്ന് വരുകില്‍ ഏത് പൌരനും, ബാക്ക് റ്റു ഹോം-ലാന്‍ഡ് വരാനുള്ള സ്വാതന്ത്ര്യം വേണം. ജോലിയുടെ കോണ്ട്രാക്റ്റില്‍ ഇതിനുള്ള വകുപ്പ് വേണം. തിരിച്ച് വരണമെന്ന് തോന്നുന്ന പക്ഷം, കമ്പനിയ്ക് വിസയിനത്തില്‍ വന്ന നഷ്ടം തിരിച്ച് കൊടുത്ത് ആ വ്യക്ത്റ്റിയ്ക് നാട്ടിലേയ്ക് സ്വച്ഛന്ദമായി വരാനുള്ള പഴുത് വേണം. പാസ്സ്പോറ്ട്ട് ഒരു കാരണ വശാലും ഒരു മേലധികാരിയും വയ്കാനുള്ള വകുപ്പ് ഈ രാജ്യത്തില്ല.തൊഴിലാളിയുടെ അറിവ്കേടില്‍ കൈയ്യുന്നി മേലധികാരികള്‍ പാസ്സ്പോറ്ട്ട് എടുത്ത് വയ്കുകയാണു ചെയ്യുന്നത്. ഇതിനെ കുറിച്ചും ഏജന്റുകള്‍ തൊഴിലാളികരെ പറഞ് മനസ്സിലാക്കണം.(ഈയ്യിടെ ഒരു ചെക്കനോട് 300 ദിര്‍ഹസിനു നീ എന്തിനു വന്നു എന്ന് ചോദിച്ചപ്പൊഴ് എന്നോട് പറഞു, ചേച്ചി വിമാനത്തിലു കേറാം എന്നുള്ള ഒരേ വിചാരമാണു/സന്തോഷം കൊണ്ടാണു ഞാന്‍ വന്നത് എന്ന്!, ഇത് ചിരിച്ച് തള്ളിയാലും, വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്ക്കരിയ്ക്പെടുന്നു എന്നുള്ളത്, ചില ശതമാനം ആളുകളെയെങ്കിലും മറ്റൊന്നും ചിന്തിക്കാ‍തെ തന്നെ ഗള്‍ഫിലേയ്ക് ആനയിയ്കപെടുന്നു.)

റ്റ്രാവല്‍ ഏജന്‍സിയും, ഗവന്മെന്റും, ഒരു പരിധി വരെ വരുന്ന വ്യക്തിയും മനസ്സ് വച്ചാല്‍ മാത്രം മാറുന്ന സ്ഥിതി വിശേഷമാണിത്. തങ്ങളുടേ നാട്ടിലെ പൌരനെ,അടിമ പണി ചെയ്യിയ്കുന്നത് പേപ്പറില്‍ വായിയ്കുന്ന ഗവന്മെന്റ് ഊമ ആയ്യിപോകുന്നത്, ഒരു പരിധി വരെ, തൊഴില്‍ ചെയ്യുന്ന വ്യക്തി ഒപ്പിട്ട് കൊടുത്ത് കേറി പോന്ന കോണ്ട്രാക്റ്റിന്റെ പേരിലാണു.

കേരളത്തില്‍ ഒരു നല്ല മേസ്തിരിയ്ക് ഒരു ദിനം അഞ്രൂറിലേറേ രുപയും, (15000 രുപ മാസം) പണിക്കാരനും 300ഉം ഒക്കെ കിട്ടുമ്പോഴും, അതിനേക്കാള്‍ മെച്ചം ഇവിടെ കിട്ടുന്ന 7000/8000 ആയിരം രുപയാണെന്നുള്ള തോന്നല്‍ പൊളിച്ചെടുക്കാന്‍, ഈ ഗള്‍ഫ് പണമെന്ന പാമ്പിനെ അവനവന്ന്റ്റെ ഉള്ളില്‍ തന്നെ അടിച്ച് കൊല്ലണ്ണം. തെണ്ടാനാണു/അടിമ പണിയ്കാണു/നരകിക്കാനാണു താല്പര്യം എങ്കില്‍, അവനവന്റെ നാട്ടിലായിക്കൂടേ? ഇവിടെ ഇത്രേം രാജ്യക്കാരുള്ള രാജ്യത്ത് വന്ന് നമ്മള്‍ തെണ്ടണോ?

K.P.Sukumaran said...

നാട്ടില്‍ ഒരാളുടെ ശരാശരി ദിവസക്കൂലി 150 രൂപ മുതല്‍ അങ്ങോട്ട് 450 രൂ‍പ വരെയാണ് . അതും നാല് നേരം മൂക്കറ്റം തിന്നിട്ട് . 9.45ന് വരും . 10.30ന് കാപ്പി . 11.30.ന് കഞ്ഞി. 1.30ന് കുശാലായ സദ്യ പിന്നെ 3 മണി വരെ ഉറക്ക് 3.30ന് ചായ പിന്നെ 4.45.മതിയാക്കും .

ഒരു ലക്ഷത്തില്‍ കൂടുതല്‍ കൊടുത്തിട്ട് വിസിറ്റിങ്ങിലും മറ്റും പോകുന്നതിന്റെ ഒരു ഗുണം എന്തായിരിക്കും ? നാട്ടിലാണെങ്കില്‍ എത്ര കാശ് കൊടുത്താലും ഒരു ജോലിക്കും ആളെ കിട്ടാനുമില്ല.

വര്‍ക്കേഴ്സ് ഫോറം said...

രാജീവ്,

താങ്കളുടെ വിലയിരുത്തലുകളോട് യോജിക്കുന്നു.

“അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആധുനിക ജനാധിപത്യമാര്‍ഗ്ഗം തന്നെയാണ്‌ ഏതു സമരവും. പക്ഷേ, മറ്റൊരു രാജ്യത്തു വന്ന് സമരം ചെയ്യേണ്ടിവരുമ്പോള്‍, അവിടുത്തെ നിയമങ്ങളെ മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ അത്യവാശ്യവുമാണ്‌. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടാനുള്ള മറ്റെല്ലാ മാര്‍ഗ്ഗവും അടയുമ്പോള്‍ മാത്രമാണ്‌ അതിനെ ആശ്രയിക്കേണ്ടതും. അതുകൊണ്ടുതന്നെ, അക്രമത്തിലേക്കു തിരിയുന്ന സമരമാര്‍ഗ്ഗങ്ങളെ സാധൂകരിക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അത്തരത്തിലുള്ളതൊന്നും അധികം കണ്ടുശീലിച്ചിട്ടില്ലാത്ത മറ്റൊരു രാജ്യത്താവുമ്പോള്‍ വിശേഷിച്ചും.......

അടിസ്ഥാന മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതിലും, കമ്പോള ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു .......”

ഞാന്‍ ഇരിങ്ങല്‍ said...

രാജീവ് വളരെ ശക്തമായ ഒരു പോസ്റ്റാണിത്. ഒരു പക്ഷെ അതു കൊണ്ട് തന്നെയാണ് പല ബ്ലോഗ് വായനക്കാരും പ്രതികരിക്കാതെ പോയതും
പലര്‍ക്കും തൊണ്ടതൊടാതെ വിഴുങ്ങാന്‍ പറ്റിയത് മാത്രം മതി എന്ന മാട്ടാണിപ്പോഴും.

യു. എ . ഇ പോലുള്ള ഒരു സ്ഥലത്ത് അന്യ രാജ്യക്കാര്‍ വന്ന് സമരം നടത്തുമ്പോഴുണ്ടാകുന്ന ചലനങ്ങള്‍ ദൂരവ്യാപകമായി ഉണ്ടാകുമെന്ന് പലപ്പോഴും നമ്മള്‍ സമരം ചെയ്യുന്നവര്‍ ഓര്‍ക്കാറില്ല.
തൊഴിലാളികളുടെ അടിസ്ഥന പ്രശ്നങ്ങളെ കുറച്ചു കലങ്ങളായി യു. എ. ഇ സര്‍ക്കാറുകള്‍ വളരെ ഗൌരവപൂര്‍വ്വം വീക്ഷിക്കുന്നുവെന്നതിന്‍ റെ തെളിവുകള്‍ തന്നെയാണ് നമുക്കീയിടെയായി കാണുവാന്‍ സാധിക്കുന്നത്. ഒരു പക്ഷെ ഈ ഒരു മൃദുസമീപനം വച്ചായിരിക്കണം തൊഴിലാളികള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എല്ലാ സമരങ്ങള്‍ക്കും സംഭവിക്കും പോലെ ഇവിടെ ബസ്സിന് കല്ലെറിയാനും പോലീസുകാരെ ആക്രമിക്കാനും മുതിര്‍ന്നാല്‍ അവകാശമല്ല ജയിലായിരിക്കും എന്ന് മനസ്സിലാക്കുവാനോ അവരെ ബോധ്യപ്പെടുത്തുവാനൊ സമരക്കാര്‍ക്ക് കഴിഞ്ഞില്ലെന്നത് പരിതാപകരന്‍ തന്നെ.
ഇന്ത്യയില്‍ ഇന്ന് അടിസ്ഥാന മേഖലയിലെ തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന കൂലി ഗള്‍ഫ് രാജ്യങ്ങളിലേക്കാള്‍ കൂടുതലാനെന്ന് നമ്മളില്‍ പലരും ഓര്‍മ്മിക്കുകയോ പരസ്പരം പറയുകയോ ചെയ്യാറില്ല.
“ശ്രീ വയലാര്‍ രവിയും, ശ്രീ ഈ അഹമ്മദ്ദുമൊക്കെ തുടര്‍ച്ചയായിട്ട് വന്ന് പോകുമ്പോഴും, ഇവിടെയുള്ള തൊഴിലാളികളുടേ അവസ്ഥയില്‍ യാതൊരു മാറ്റവും ഇല്ല എന്നുള്ളത് അമ്പരപ്പിയ്കുന്നു“
ഇതില്‍ പ്രത്യേകിച്ച് അമ്പരക്കാനൊന്നും ഇല്ല. എന്തെങ്കിലും കാട്ടി ക്കൂ‍ട്ടിയെന്ന് വരുത്തുകയും തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയും മാത്രമാണ് ഇത്തരക്കാര്‍ വന്നു പോകുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കിക്കൂടെ...

തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഗള്‍ഫ് മേഖലകളിലെ സര്‍ക്കാറുകള്‍ ഗൌരവത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നു. അതു കൊണു കൂടിയാവണം ഇന്ത്യയും അതു പോലെ ഗള്‍ഫ് രാജ്യങ്ങളും പുതിയ തൊഴില്‍ സംബന്ധമായ കരാറുകളില്‍ ഒപ്പുവയ്ക്കുന്നത്. അതു പോലെ സ്പോണ്‍സര്‍ ഷിപ്പിന്‍ റെ കാര്യത്തിലും മാറ്റങ്ങള്‍ വരാന്‍ പോകുന്നു.

പലപ്പോഴും ‘ലേബര്‍ സപ്ലേ’ എന്ന ഓമന പ്പേരിട്ട് വിളിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശനങ്ങള്‍ ഉണ്ടാകാറുള്ളത്. പരാമര്‍ശ വിധേയമായ അറബ് ടെക്കിലും പ്രശ്നം മറ്റൊരു തരതിലല്ല.
അറബ് ടെക്കിലെ 80% ജീവനക്കാരും ലേബര്‍ സപ്ലേ ജീവനക്കാരാണ്.

ലേബര്‍ സപ്ലേ എന്ന പേരില്‍ ലേബറിനെ വില്‍ക്കുന്നതിന് റാ‍ക്കറ്റ് ഒന്നുമില്ല. അവര്‍ നേരിട്ട് വില്പന നടത്തുകയാണ് ചെയ്യുന്നത്. 10 തൊഴിലാളികളെ 1500 ദിര്‍ഹം വീതം ശമ്പളത്തില്‍ ഒരു കമ്പനിയുമായി ലേബര്‍ സപ്ലേക്കാരന്‍ കോണ്ട്രാക്റ്റ് ചെയ്യുമ്പോള്‍ ലേബറിന് ലഭിക്കുന്നത് 700 അല്ലെങ്കില്‍ 600 ആയിരിക്കും. അതു കൊണ്ട് തന്നെയാണ് ലേബര്‍ സപ്ലേ പുരോഗമിക്കുന്നത്. ഇന്ന് യു. എ. ഇ യില്‍ പ്രധാനപ്പെട്ട ഒരു കമ്പനികളും ലേബര്‍ സ്പ്ലെ യില്‍ നിന്ന് തൊഴിലാളികളെ എടുക്കുന്നില്ല. നിയമം കൊണ്ട് അത് നിരോധിച്ചിരിക്കുകയാണ്. അതിനു പകരമായി മറ്റൊരു തട്ടിപ്പാണ് നടക്കുന്നത്. കമ്പനിയിലെ ഒരു പ്രത്യേക ജോലി ആ മാന്‍ പവര്‍ സപ്ലേക്ക് സബ് കോണ്ട്രാക്റ്റ് കൊടുത്തതായി കോണ്ട്രാക്റ്റ് ഉണ്ടാക്കുകയും തൊഴിലാളികളെ സ്പ്ലെ ചെയ്യുകയും ചെയ്യുന്നു. നിയമത്തിന്‍ റെ കണ്ണില്‍ കുറ്റരാവുന്നുമില്ല.
ട്രാവല്‍ ഏജന്‍സിക്ക് മേല്‍ എത്ര തന്നെ കര്‍ശന നിയമം നടപ്പിലാക്കിയാലും ഈ പറയുന്ന പല പ്രശ്നങ്ങളിലും കുറവ് ഉണ്ടാകും എന്നാല്ലാതെ ഇല്ലാതാകും എന്ന് നമുക്ക് വിശ്വസിക്കാന്‍ വയ്യ.

ഇതിന് ഇന്ത്യയില്‍ നമ്മള്‍ ഗള്‍ഫിലേക്കും അതുപോലെ മറ്റ് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്ക് കൌണ്‍സിലിങ്ങ് നടത്തുന്നതിന് ഫലപ്രദമായ ഒരു സൌകര്യങ്ങളുംനമ്മുടെ നാട്ടില്‍ ഇല്ല. ഇത്തരം കൌണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ ഗവണ്മെന്‍ റ് തലത്തില്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയോ നേരിട്ടോ ഏറ്റെടുത്ത് നടത്തിയാല്‍ മാത്രേ എന്തെങ്കിലും പ്രതീക്ഷ ഇനി വേണ്ടാതുള്ളൂ.

വിമാനം കയറാന്‍ വേണ്ടിയാ വരുന്നതെന്ന് പറയുന്ന ലാഘവബുദ്ധിയാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
മുകളില്‍ പറഞ്ഞ കൌണ്‍സിലുങ്ങള്‍ ബ്ലോഗേഴ്സിനും അവരവരുടെ പ്രദേശത്ത് ഗവണ്‍ മെന്‍ റ് സഹായത്താല്‍ തുടങ്ങാവുന്നതും ആണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഭൂമിപുത്രി said...

‘അറബിക്കഥ’കണ്ടിറങ്ങിയ അന്നു തന്നെയാണു വായിച്ചതു യു.എ.ഇ യില്‍ നി്‍ന്നു കുറെ തൊഴിലാളികളെ നാട്കടത്തിയ വാറ്ത്ത-ശമ്പളക്കൂടുതലും ഓവറ്ടൈമും ആവശ്യപ്പെട്ടതിനു!
ലാല്‍ജോസ് ചെറുതായൊന്നു സ്പറ്ശിച്ചിരുന്നു രാജീവെഴുതിയ ഈവിഷയത്തെപ്പറ്റി.
പക്ഷെ,ക്യുബമുകുന്ദന്റെ പല വെളിപാടുകളുടെയും കൂട്ടത്തില്‍ ഇതുമുങ്ങിപ്പോയി.
മീന്‍ചന്തയിലെന്നപോലെ,തലങ്ങും വിലങ്ങും തൊഴിലാളികള്‍ അടുങ്ങിക്കിടന്നുറങ്ങുന്ന ബങ്കറുകളുടെ ചിത്രങ്ങള്‍ ഒരിക്കല്‍ നെറ്റിലും കണ്ടിരുന്നു.
ഈ ദ്രൃശ്യങ്ങള്‍ കട്ടുചെയ്ത് നേരെ മനസ്സു പോകുന്നതു,“പൂട്ടിക്കും പൂട്ടിക്കും....ഞങ്ങള്‍ പൂട്ടിക്കും” എന്ന് മുഷ്ട്ടിചുരുട്ടി ആക്രോശിക്കുന്ന
നമ്മുടെ നാട്ടിലെ പ്രകടനങ്ങളിലേക്കാണ്‍.

ഈ രണ്ടു കാഴ്ച്ചകള്‍ക്കിടയിലെവീടെയോ ആണ്‍ നമ്മളെത്തിച്ചേരേണ്ട നിലപാടുതറ,അല്ലെ?

അറ്ഹിക്കുന്ന ഗൌരവത്തൊടെ ഒരു പൊള്ളുന്ന വിഷയം അവതരിപ്പിച്ച രാജീവിനു അഭിനന്ദങ്ങള്‍.

absolute_void(); said...

അത്യധികം ഉള്ക്കാഴ്ചയോടെ ഗൌരവതരമായ ഒരു വിഷയത്തില് പ്രസക്തവും ‎ബാലന്സ്ഡുമായ ഒരു റിപ്പോര്ട്ട്. മലയാള പത്രങ്ങളിലൊന്നുമല്ല, ടൈംസ് ഓഫ് ‎ഇന്ത്യയില് മാത്രമാണ് ഇതേപോലെ നല്ലൊരു റിപ്പോര്ട്ട് ഈ വിഷയത്തില് ‎വായിച്ചത്. നന്ദി. ‎

പ്രസക്തി said...

രാജീവ്‌ വളരേ നന്നായിരിക്കുന്നു
ഈ വിഷയത്തില്‍ ഒരു
ചര്‍ച സംഘടീപ്പീക്കണം