Sunday, August 26, 2007

ഭാഗം 3-ഈ വഴിയാണ്‌ ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്‌.

അദ്ധ്യായം 1 - ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസം

"വിദ്യാഭ്യാസത്തിനെക്കുറിച്ച്‌ മൂന്നു കഥകള്‍ മാത്രം? അത്രയേയുള്ളോ?" സുഹൃത്ത്‌ ചോദിക്കുന്നു.

അതെ.അത്രയേ ഉള്ളു. ഞാന്‍ പോയ സ്ഥലങ്ങളില്‍ അല്‍പം കൂടി വിദ്യാഭ്യാസം കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ,വിദ്യാഭ്യാസത്തിനെക്കുറിച്ച്‌ അല്‍പം കൂടി എഴുതാന്‍ എനിക്കു സാധിക്കുമായിരുന്നു.

ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഞാന്‍ ഇതുവരെ പ്രസിദ്ധീകരിച്ച മുപ്പതോളം റിപ്പോര്‍ട്ടുകള്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലെ സ്കൂളുകളെക്കുറിച്ചുള്ളവയായിരുന്നു. അധികവും, അദ്ധ്യാപകരില്ലാത്ത സ്കൂളുകള്‍, അല്ലെങ്കില്‍, പഠനം നടക്കാത്ത സ്കൂളുകള്‍. അതുമല്ലെങ്കില്‍ കുട്ടികളില്ലാത്ത സ്കൂളുകള്‍. ഇതൊന്നുമല്ലെങ്കില്‍, സ്കൂളുകളേ ഇല്ലാതിരുന്നതിനെക്കുറിച്ച്‌. അവയെക്കുറിച്ചുള്ള സൂചനകള്‍ ഈ പുസ്തകത്തിലുണ്ട്‌. തന്റെ ആളുകള്‍ക്ക്‌ ഇന്ത്യ കൊടുക്കുന്ന വിദ്യാഭ്യാസത്തിന്റെ ഒരു ഏകദേശ ചിത്രം നല്‍കാന്‍ സഹായിക്കുന്ന മൂന്നെണ്ണത്തില്‍ മാത്രം കേന്ദ്രീകരിക്കുകയാവും കൂടുതല്‍ ഉചിതമെന്ന് എനിക്കു തോന്നി.

സ്കൂളില്‍ പോകുന്ന പ്രായക്കാരായ ഓരോ നൂറു കുട്ടികളിലും എഴുപതു പേര്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നു. പ്രൈമറി തലത്തില്‍ എത്തുന്നതിനുമുന്‍പു തന്നെ, അതില്‍ പകുതിപേരും പഠനം നിര്‍ത്തുന്നു. ബാക്കി വരുന്ന 35 പേരില്‍ പത്തിനും താഴെയാണ്‌ എട്ടാം ക്ലാസ്സിലെത്തുന്നത്‌. ഏറി വന്നാല്‍, അഞ്ചുപേര്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നു. ഏകലവ്യ എന്ന ഭോപാല്‍ ആസ്ഥാനമായ ഒരു അനൗദ്യോഗിക സംഘടനയിലെ ഡോ.അനിത രാംപാല്‍ പറഞ്ഞ പോലെ, 'ഇത്‌ കാണിക്കുന്നത്‌, നമ്മുടെ പൊതുവായ വിദ്യാഭ്യാസത്തിന്റെ ശരാശരി 'പ്രാപ്തി' 5 ശതമാനത്തില്‍ താഴെയാണ്‌ എന്നാണ്‌".

ഇതിലും കുറവാണ്‌. കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ സ്കൂള്‍ പ്രവേശനത്തിന്റെ കണക്കുകളെ നിരര്‍ത്ഥകമാക്കുന്നു. സെന്‍സസ്‌ സൂചിപ്പിക്കുന്നത്‌,179 ദശലക്ഷം കുട്ടികളില്‍, 6-നും 14-നും ഇടയിലുള്ള കുട്ടികളില്‍ പകുതിയില്‍ കുറവുപേര്‍ മാത്രമാണ്‌ സ്കൂളില്‍ പോകുന്നത്‌ എന്നാണ്‌. ഈ 179 പേരില്‍ 130 ദശലക്ഷം കുട്ടികള്‍ ഗ്രാമങ്ങളില്‍ നിന്നാണ്‌. അതില്‍ 57 ശതമാനം സ്കൂളിലല്ല ഉള്ളത്‌. 6-11 ഗ്രൂപ്പിലെ, മൂന്നിലൊന്നു ഭാഗം പെണ്‍കുട്ടികളാണ്‌ സ്കൂളില്‍ പോവുന്നത്‌.

ഗ്രാമങ്ങളിലെ കുട്ടികളില്‍ ചിലര്‍ക്ക്‌ സ്കൂളുകളില്‍ എത്താന്‍ തന്നെ ബുദ്ധിമുട്ടാണ്‌. നിലവിലുള്ള കണക്കുകള്‍ ഈ യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കുന്നതേയില്ല. ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗണ്‍സിലിന്റെ അഞ്ചാമത്‌ അഖില ഭാരതീയ വിദ്യാഭ്യാസ സര്‍വ്വെ (1989) എടുക്കുക. ഗ്രാമങ്ങളിലെ 94 ശതമാനം കുട്ടികളെ 'സേവിക്കാന്‍' വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പ്രൈമറിസ്കൂളുണ്ടെന്നും, 85 ശതമാനം പേര്‍ക്കും മൂന്നു കിലോമീറ്ററിനുള്ളില്‍ ഒരു മദ്ധ്യ-തല സ്കൂളെങ്കിലും ഉണ്ടെന്നും ആ സര്‍വ്വെ കണ്ടെത്തുന്നു.

കേള്‍ക്കാന്‍ സുഖമുണ്ട്‌. ആ സ്ഥലങ്ങളും, സ്കൂളുകളും, അവിടേക്കെത്തിച്ചേരാനുള്ള ദുരിതങ്ങളും കാണാനാന്‍ കഴിയുന്നതു വരെ മാത്രം. 'നടന്നെത്താനുള്ള ദൂരം' എന്ന് വിദഗ്ദ്ധര്‍ പറയുമ്പോള്‍ ഈ ഘടകമൊന്നും പരിഗണനയില്‍ വരുന്നില്ല.

ഇന്ത്യയിലെ പ്രൈമറി സ്കൂളുകളില്‍ 60 ശതമാനത്തിലും ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപകന്‍ മാത്രമേയുള്ളു. കൂടിവന്നാല്‍ രണ്ട്‌. ഇതില്‍ മിക്കവയും ഗ്രാമങ്ങളിലാണ്‌. ഒരു സ്കൂളിനാവശ്യമായ മിനിമം സൗകര്യങ്ങള്‍പോലുമില്ല ഇവയില്‍. NCERT യുടെ അഞ്ചാമത്തെ സര്‍വ്വെ പ്രകാരം 5.29 ലക്ഷം പ്രൈമറി സ്കൂളുകളില്‍ പകുതിയിലധികവും കുടിവെള്ളമില്ലാത്തവയാണ്‌. 85 ശതമാനത്തിലും കക്കൂസുകളില്ല. 71,000 എണ്ണത്തിന്‌ കെട്ടിടങ്ങളേയില്ല. ചില കെട്ടിടങ്ങളുടെ സ്ഥിതി ദയനീയമാണ്‌.

ബീഹാറിലെ പാലാമു, ഗൊഡ്ഡ ഭാഗങ്ങളില്‍ ധന്യപ്പുരകളായോ, തൊഴുത്തുകളായോ ഉപയോഗിക്കുന്ന സ്കൂളുകളുണ്ട്‌. വര്‍ഷങ്ങളായി അദ്ധ്യാപകരെ കണ്ടിട്ടില്ലാത്ത വിദ്യാലയങ്ങളുണ്ട്‌. അദ്ധ്യാപകരില്ലാത്ത 2,628 പ്രൈമറി സ്കൂളുകള്‍ നിലവിലുള്ളതായി അഞ്ചാം സര്‍വ്വെ കണ്ടെത്തുന്നു.

ഭരണഘടനയിലെ അദ്ധ്യായം 45 '14 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നലകണമെന്ന്" അനുശാസിക്കുന്നു.ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള 10 വര്‍ഷത്തിനകം ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നും വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, നമ്മുടെ കുട്ടികളോടുള്ള ഈ ഉത്തരവാദിത്ത്വത്തില്‍ നിന്നും നമ്മുടെ രാജ്യം നിരന്തരം ഒഴിഞ്ഞുമാറുകയാണ്‌.

പഞ്ചവത്സര പദ്ധതികളില്‍ വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്‌. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ക്ക്‌ തികച്ചും വ്യതസ്തമായ ഒരു വീക്ഷണമാണ്‌ ഇക്കാര്യത്തിലുണ്ടായിരുന്നത്‌. പദ്ധതിയുടെ പത്തില്‍ കുറയാത്ത ഒരു ഭാഗം വിദ്യാഭ്യാസത്തിനു വേണ്ടി സ്വതന്ത്ര ഇന്ത്യ നീക്കിവെക്കണമെന്ന് അവര്‍ ആശിച്ചു. ആ സ്വപ്നത്തെ ഇന്ത്യ സാക്ഷാത്‌ക്കരിച്ചത്‌, അതിനെ ലംഘിച്ചുകൊണ്ടായിരുന്നു.

ആദ്യത്തെ പഞ്ചവത്സര പദ്ധതി വിദ്യാഭ്യാസത്തിന്‌ 7.86 ശതമാനം വകയിരുത്തിയപ്പോള്‍, തുടര്‍ന്നു വന്ന പദ്ധതിയില്‍ അത്‌ 5.83 ആയി കുറഞ്ഞു. അഞ്ചാമത്തെ പദ്ധതിയോടെ അത്‌ 3.27 ആയി പിന്നെയും താഴ്‌ന്നു. ഏഴാം പദ്ധതിയില്‍ അത്‌ 3.5 ശതമാനമായി.തന്റെ മക്കളുടെ പഠിപ്പിന്റെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്തോറും അതിനു വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ നിരന്തരമായി ഇന്ത്യ കുറവു വരുത്തിക്കൊണ്ടിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം ധന വിനിയോഗം കണക്കാക്കിയാലും കാര്യങ്ങള്‍ തൃപ്തികരമല്ല. വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യ ഇപ്പോള്‍ ചിലവഴിക്കുന്ന പൈസ മൊത്തം ദേശീയോത്‌പാദനത്തിന്റെ 3.5 ശതമാനം പോലും വരില്ല. ഏറ്റവും ചുരുങ്ങിയത്‌, 6 ശതമാനമെങ്കിലും ആയിരിക്കണമെന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നു. ടാന്‍സാനിയ തങ്ങളുടെ ദേശീയോത്‌പാദനത്തിന്റെ 4.3-ഉം, കെനിയ 6.7-ഉം, മലേഷ്യ 7.8-ഉം, വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമ്പോഴാണ്‌ നമ്മുടെ ഈ കണക്ക്‌.

ധനസഹായത്തില്‍ വരുത്തുന്ന കുറവും, കരുതിക്കൂട്ടിയുള്ള അശ്രദ്ധയും ഏറ്റവും ദരിദ്രരായവര്‍ക്കും, ദുര്‍ബ്ബലരായവര്‍ക്കും കനത്ത ആഘാതമാണ്‌ നല്‍കുന്നത്‌. പഠനത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ, താഴേക്കിടയിലുള്ളവര്‍ പുറത്താക്കപ്പെടുന്നു. ഒരു കണക്കുപ്രകാരം, കൊഴിഞ്ഞുപോകുന്നവരില്‍ 40 ശതമാനവും സാമ്പത്തിക കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. കൂടുതല്‍ ഭാഗ്യം കെട്ടവരില്‍ നിരവധി കാരണങ്ങളും.

ആണ്‍കുട്ടികളേക്കാളധികം പെണ്‍കുട്ടികളാണ്‌ കൊഴിഞ്ഞുപോകുന്നത്‌. പെണ്‍കുട്ടികളേക്കാള്‍ ഒന്നര ഇരട്ടി ആണ്‍കുട്ടികളാണ്‌ സ്കൂളുകളില്‍ പഠിക്കുന്നത്‌. ഗ്രാമപ്രദേശങ്ങളില്‍, വ്യത്യാസം ഇതിലും കൂടുതലാണ്‌. ഒരു എന്‍.ജി.ഓ പ്രവര്‍ത്തകനായ ഡോ.അനില്‍ സത്ഗോപാല്‍ ചൂണ്ടിക്കാണിച്ചതുപോലെ, സ്ത്രീ സാക്ഷരത 10 ശതമാനത്തിലും താഴെയുള്ള 123 ജില്ലകള്‍ ഇന്ത്യയിലുണ്ട്‌. ദേശീയ സ്ത്രീ സാക്ഷരതാ ശതമാനം കഷ്ടിച്ച്‌ 40 മാത്രമാണ്‌.

പട്ടിക ജാതി/വര്‍ഗ്ഗക്കാരും അല്ലാത്തവരുമായ വിദ്യഭ്യാസപരമായ അന്തരം 1961-നും 1981-നുമിടക്ക്‌ വളരെയധികം വര്‍ദ്ധിച്ചു. ദളിത്‌ സ്ത്രീകളുടെ സാക്ഷരത, ദേശീയ തലത്തില്‍ 10.9 ശതമാനമാണ്‌. ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ അത്‌ 8 ശതമാനം മാത്രം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരുടെയിടയില്‍ നിന്നുള്ള അദ്ധ്യാപകര്‍ വളരെക്കുറവാണ്‌. പല ജില്ലകളിലും ഇവര്‍ ഒരു ഭൂരിപക്ഷമാണെങ്കിലും, അതൊരിക്കലും സ്കൂള്‍ അദ്ധ്യാപന രംഗത്ത്‌ പ്രതിഫലിക്കുന്നില്ല.

ശരിയാണ്‌, പല ദരിദ്ര ഗ്രാമീണരും മിക്കയ്പ്പോഴും തങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച സ്കൂളുകളുടെ സമീപത്തുപോലും പോവാറില്ല. സമ്മതിച്ചു. പക്ഷേ ഇത്‌, അവര്‍ക്കൊരിക്കലും ഇത്തരം സൗകര്യങ്ങള്‍ ആവശ്യമില്ല എന്ന മട്ടിലുള്ള ഒരു വിധിപ്രസ്താവത്തിലേക്ക്‌ നമ്മെ നയിച്ചുകൂടാ. സമ്പന്നര്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതിനു വിരുദ്ധമായി, പാവങ്ങള്‍ക്കും അവരുടെ മക്കളെ പാഠശാലകളിലേക്കയക്കാന്‍ ആഗ്രഹമുണ്ട്‌. സ്കൂളുകളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ഉപരിവിദ്യാഭ്യാസത്തിനുള്ള എന്തെങ്കിലും ഒരു സ്ഥാപനം,അത്‌ ഒരു ഫലിതം പോലുമല്ല പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍.

പാവപ്പെട്ടവര്‍ക്ക്‌ വിദ്യ നിഷേധിക്കല്‍ വളരെ പണ്ടേ തുടങ്ങിവെച്ചതാണ്‌. മനുസ്മൃതിയുടെ നിയമ-രാഷ്ട്രീയ സംവിധാനം, ശൂദ്രനു വിദ്യ നിഷേധിച്ചിരുന്നു. വിദ്യ എന്നാല്‍ അന്ന്, വേദമെന്നായിരുന്നു അര്‍ത്ഥം. വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് മനുസ്മൃതി ശാസിച്ചു. വേദമുച്ചരിക്കാന്‍ ധൈര്യപ്പെട്ടാല്‍ അവന്റെ ശരീരം വെട്ടിനുറുക്കണമെന്നും. ജന്മത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറിയാനുള്ള അവകാശത്തെ പ്രാചീനര്‍ നിര്‍വചിച്ചിരുന്നത്‌.

ആധുനിക രാഷ്ട്രത്തില്‍, 'താണ ജാതിക്കാരനും' വോട്ടവകാശം ലഭിച്ചപ്പോള്‍, സമ്പന്നര്‍ സ്ഥിതിയില്‍ അല്‍പ്പം മാറ്റം വരുത്തി. പറയുമ്പോള്‍ ശരികള്‍ പറയുക. എന്നാല്‍ പ്രവേശനം നിഷേധിക്കുക. വലിയ സമ്മര്‍ദ്ദങ്ങള്‍ വരുമ്പോള്‍ സൗജന്യങ്ങള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. അല്‍പം വളയുന്നു. വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുന്നു. ഒരെഴുത്തുകാരന്‍ പറഞ്ഞപോലെ, പാവങ്ങള്‍ക്ക്‌ അക്ഷരജ്ഞാനവും വിദ്യാഭ്യാസവും ലഭിക്കുമ്പോള്‍, പണക്കാര്‍ക്ക്‌ അവരുടെ അമാലന്മാരെ നഷ്ടപ്പെടുന്നു.

അതുകൊണ്ട്‌ ഏറ്റവും അധികം അനുഭവിക്കേണ്ടിവരുന്നത്‌ ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമാണ്‌. ചുരുക്കം പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളാണ്‌ വിദ്യാലയങ്ങളില്‍ ചേരുന്നതുതന്നെ. അവരിലെ കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്‌.പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാരല്ലാത്തവരില്‍ നൂറുപേരില്‍ അറുപതുപേര്‍ മാത്രമാണ്‌ ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളില്‍ വെച്ച്‌ കൊഴിഞ്ഞുപോകുന്നത്‌. ദളിതുകളില്‍ ഇത്‌ നൂറില്‍ എഴുപതും, ഗോത്രവര്‍ഗ്ഗങ്ങളില്‍ എന്‍പതുമാണ്‌. അങ്ങിനെ, എട്ടാം ക്ലാസ്സിലേക്ക്‌ എത്തുമ്പോഴേക്ക്‌, വിദ്യാഭ്യാസം ഏറ്റവും ആവശ്യമായ ഒരു കൂട്ടര്‍ അതില്‍ നിന്നും പുറംതള്ളപ്പെടുന്നു.

കേള്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. സമീപകാലത്ത്‌, സര്‍ക്കാരുകള്‍ സാക്ഷരത വളര്‍ത്തുന്നതിനെക്കുറിച്ച്‌ ആവേശത്തോടെ സംസരിക്കുന്നുണ്ട്‌. ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു ദേശീയ സാക്ഷരതാ മിഷനും ഉണ്ട്‌. അതിന്റെ ചില ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങങ്ങളും പിന്തുണ അര്‍ഹിക്കുമ്പോള്‍തന്നെ, ഇതിനൊരു മറുവശമുണ്ട്‌. കുട്ടികളോടുള്ള ഉത്തരവാദിത്ത്വം കയ്യൊഴിയുന്ന ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാക്ഷരത എന്നതിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌. കാലക്രമത്തില്‍, സാക്ഷരതയെ, വിദ്യഭ്യാസത്തിനു പകരം വെക്കാന്‍ അതിനു സാധിക്കുന്നു എന്ന നിലക്കാണത്‌.

സാക്ഷരതയെ ധര്‍മ്മമായി കണക്കാക്കുന്നത്‌ ഒരു മാര്‍ഗ്ഗമാണ്‌. വിദ്യാഭ്യാസത്തിലുള്ള സര്‍ക്കാരിന്റെ പങ്കു കുറക്കാനുള്ള ഒരു ഉപകരണമായി അതു മാറുമ്പോള്‍ അത്‌ മറ്റൊരു മാര്‍ഗ്ഗമാവുന്നു. ജനങ്ങളെ സാക്ഷരരാക്കുമ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക്‌ ഒരു വിശേഷ ഔദാര്യം ചെയ്യുകയൊന്നുമല്ല. കുട്ടികളെ സ്കൂളുകളിലേക്കയക്കുമ്പോഴും സര്‍ക്കാര്‍ നിറവേറ്റുന്നത്‌ ഔദാര്യമല്ല. അതൊരു കടമയാണ്‌. പക്ഷേ, ഏറ്റവും മോശമായ വിധത്തില്‍ ചെയ്യുന്ന ഒരു കടമ. സാക്ഷരത എന്നത്‌ ഒരു സുപ്രധാന സാമൂഹിക ഉപകരണം മാത്രമാണ്‌. അതൊരിക്കലും, വിദ്യാഭ്യാസത്തിനു പകരമാവില്ല.

സാക്ഷരതാ പ്രസ്ഥാനം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വലിയ വിജയം നേടിയിട്ടുണ്ട്‌. പലപ്പോഴും, ഔദ്യോഗിക തടസ്സങ്ങളെ നേരിട്ടുകൊണ്ടാണ്‌ അതിനായിട്ടുള്ളതും. ഏതേതു പ്രദേശങ്ങളെ ഉദ്ദേശിച്ചാണോ അത്‌ നടപ്പാക്കിയത്‌, ആ പ്രദേശങ്ങളിലെ ആളുകള്‍, തങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായും, ദൈനം-ദിന ആവശ്യങ്ങളുമായും ബന്ധപ്പെടുത്തി അതിനെ പ്രയോഗിച്ചപ്പോഴാണ്‌ അത്‌ തിളക്കമാര്‍ന്നത്‌. ഇത്‌, പൊതുവെ സര്‍ക്കാരുകളെ ഭയപ്പെടുത്താറുണ്ട്‌. സ്ത്രീകളെ സാക്ഷരരാക്കൂ, അവര്‍ കള്ളു ഷാപ്പുകള്‍ ഉപരോധിക്കും. പെണ്‍കുട്ടികള്‍ക്ക്‌ എഴുതാനും വായിക്കാനുമൊക്കെ കഴിയുന്നത്‌ നല്ലതു തന്നെയാണ്‌. പക്ഷേ, ഉദാഹരണത്തിന്‌, തമിഴ്‌ നാടിന്റെ രാഷ്ട്രീയാടിത്തറ ഇളക്കുക എന്നതാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്നു വന്നാല്‍, അപ്പോള്‍ സംഗതി മാറി.

എവിടെയൊക്കെ സാക്ഷരത ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ടോ, അവിടെയൊക്കെ സ്കൂളുകളിലെ ഹാജര്‍ നില ഭേദപ്പെട്ടിട്ടുണ്ട്‌. തമിഴ്‌ നാട്ടിലെ പുതുക്കോട്ട ഒരു നല്ല ഉദാഹരണമാണ്‌. അങ്ങിനെ, സാക്ഷരത വിദ്യാഭ്യാസ പ്രക്രിയക്ക്‌ മുതല്‍ക്കൂട്ടാവുന്നു. പക്ഷേ അതൊരിക്കലും വിദ്യാഭ്യാസത്തിനു പകരമാവില്ല. എത്രയൊക്കെ വിജയങ്ങള്‍ ചില സ്ഥലങ്ങളില്‍ അവക്ക്‌ അവകാശപ്പെടാന്‍ കഴിഞ്ഞാലും, നിങ്ങള്‍ക്ക്‌ അവസാന കണക്കെടുപ്പ്‌ നടത്താതിരിക്കാന്‍ കഴിയില്ല. അതത്ര സുഖമുള്ള കണക്കുമല്ല. കഷ്ടിച്ച്‌, 52 ശതമാനം ഇന്ത്യക്കാര്‍ മാത്രമേ സാക്ഷരരായിട്ടുള്ളു.

അമര്‍ത്യ സെന്നും ജീന്‍ ഡ്രെയും* സൂചിപ്പിച്ചപോലെ " ഇന്ത്യയിലെ സാക്ഷരതാ നിലവാരം ചൈനയിലേതിനേക്കാളും താഴെയാണ്‌. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, സാമ്പത്തിക വികാസം നേടുന്ന സമയത്തുതന്നെ, പല പൂര്‍വ്വ, ദക്ഷിണ-പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളും കൈവരിച്ചിരുന്ന സാക്ഷരതാ നിലവാരത്തേക്കാള്‍ പിന്നിലാണ്‌ ഇന്ന്‌ ഇന്ത്യയുടെ സ്ഥാനം. ചൈനയും ഇന്ത്യയുമൊഴിച്ചുള്ള മറ്റു താഴ്‌ന്ന വരുമാന രാജ്യങ്ങളുടെ ശരാശരി നിലവാരത്തേക്കാള്‍ പിന്നിലാണ്‌ നമ്മുടേത്‌. സബ്‌-സഹാറന്‍ ആഫ്രിക്കയുടെ സാക്ഷരതാ നിലവാരംപോലും നമ്മുടെതിനേക്കാള്‍ ഭേദമാണ്‌".

പക്ഷേ ഇന്ത്യാ രാജ്യത്തിന്‌ കുറച്ചുകാലമായി മറ്റു ചില ആലോചനകളാണ്‌ ഉള്ളില്‍. ഉദാഹരണത്തിന്‌, എങ്ങിനെയാണ്‌ വിദ്യാഭ്യാസത്തില്‍ നിന്ന് തലയൂരേണ്ടതെന്ന്. ആ കടമ എങ്ങിനെയാണ്‌ കയ്യൊഴിയേണ്ടതെന്ന്. നമ്മുടെ വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ ഒരു അവിഹിത ധനാഗമ മാര്‍ഗ്ഗത്തെയാണ്‌ ഇത്‌ സൃഷ്ടിച്ചത്‌. മാന്യന്മാരുടെ സഭകളില്‍ അനൗദ്യോഗിക വിദ്യാഭ്യാസമെന്നാ‍ണ് (NFE)ഇതിന്റെ പേര്‍. ഓരോ കാലത്തും, ഓരോരോ വേഷങ്ങളില്‍ വന്ന്, 1985-ലെ പുത്തന്‍ വിദ്യാഭ്യാസ നയത്തോടെ(NEP) അത്‌ ശക്തി പ്രാപിച്ചു. ആ സമയത്ത്‌ സര്‍ക്കാര്‍ പറഞ്ഞത്‌, ഏതാണ്ട്‌ ഇരുപത്തഞ്ചു ദശലക്ഷം കുട്ടികള്‍ ഈ പുതിയ വിദ്യാഭ്യാസ നയത്തിന്‍ കീഴില്‍ വരുമെന്നാണ്‌.

ഈ പുതിയ സിദ്ധാന്തപ്രകാരം, മുഴുവന്‍ സമയ അദ്ധ്യാപകരെ പാടെ വിടുതലാക്കാന്‍ കഴിയും. തന്മൂലം, 95 ശതമാനം ചിലവുകള്‍ ലാഭിക്കാം. പരിശീലനം ലഭിക്കാത്ത 'ഇന്‍സ്ട്രക്റ്റര്‍'മാര്‍ പകരം വരും. പാഠശാലകളും ഇനി ആവശ്യമില്ല. അസൗകര്യങ്ങള്‍ നിറഞ്ഞ 'കേന്ദ്രങ്ങള്‍' മതിയാകും. പ്രവൃത്തിസമയം പൂജ്യം മുതല്‍ രണ്ടു മണിക്കൂര്‍ വരെ എത്രയുമാവാം. ഇന്ത്യയില്‍ 2.5 ലക്ഷം അനൗദ്യോഗിക വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ട്‌. ഡോ.അനിത രാംപാല്‍ പറയുന്നു "ഗ്രാമപ്രദേശങ്ങളിലെ പ്രൈമറിസ്കൂളുകളേക്കാള്‍ മോശമായ, ഒരു രണ്ടാംതരം സാധ്യതയാണ്‌ ആളുകള്‍ക്ക്‌ ഇതു നല്‍കിയത്‌".

അനിത ചൂണ്ടിക്കാണിച്ചപോലെ, മദ്ധ്യപ്രദേശില്‍ ഇത്തരം 35,000 'കേന്ദ്രങ്ങള്‍'ഉണ്ട്‌.. ഇവിടെ പ്രവേശനം നേടിയ ഏഴു ലക്ഷം കുട്ടികളില്‍, അഞ്ചാം ക്ലാസ്സ്‌ പാസ്സായത്‌, വെറും 5 ശതമാനം ആണ്‍കുട്ടികളും, 3 ശതമാനം പെണ്‍കുട്ടികളുമാണ്‌.

ആളുകളുടെ അവകാശത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ എങ്ങിനെ ഈ അവസ്ഥയെ മാറ്റിമറിക്കാം എന്നതിനെക്കുറിച്ച്‌, സമ്പന്ന വര്‍ഗ്ഗം നിശ്ശബ്ദത പാലിക്കുന്നു. ക്ലാസ്സുമുറികള്‍ക്കകത്തെ പഠനത്തിന്‌ ജനലക്ഷങ്ങളുടെ ജീവിതവുമായി പ്രത്യക്ഷ ബന്ധമൊന്നുമില്ലെങ്കില്‍, അതുണ്ടാക്കുകയല്ലേ വേണ്ടത്‌? പകരം ക്ലാസ്സുമുറികളെത്തന്നെ ഇല്ലാതാക്കുകയാണോ ചെയ്യുക? അനൗദ്യോഗിക വിദ്യാഭ്യാസത്തിന്റെ (NFE)മുദ്രാവാക്യം അന്നും ഇന്നും ഇതാണ്‌: സാര്‍വ്വത്രിക വിദ്യാഭ്യാസം ഇനി ഒരു ലക്ഷ്യമേയല്ല. മാന്യമായ വിദ്യാഭ്യാസത്തിന്‌ എല്ലാ കുട്ടികള്‍ക്കും തുല്യ അവകാശമില്ല. പൊതുവായി പറഞ്ഞാല്‍, വ്യക്തമായും ഇന്ത്യന്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ നിലപാട്‌ ഇതാണ്‌.

ഒരുപക്ഷേ പേരിനുമാത്രം ഒന്നോ രണ്ടോ 'മാതൃകാ' അനൗദ്യോഗിക കേന്ദ്രങ്ങള്‍ കണ്ടെന്നു വരാം. എല്ലാവര്‍ക്കും ഏതെങ്കിലുമൊന്നിനെക്കുറിച്ച്‌ അറിവുണ്ടെന്നും വരാം. എന്നിരിക്കിലും കാര്യമായ പുരോഗതി കാണിക്കുന്ന വളരെയധികമൊന്നും നമുക്കില്ല. പാവപ്പെട്ടവര്‍ക്ക്‌ ഒരു തരം പഠനം, പണക്കാര്‍ക്ക്‌ മറ്റൊന്ന് എന്ന രീതിയില്‍, അനൗദ്യോഗിക വിദ്യാഭ്യാസം, വിദ്യാഭ്യാസ രംഗത്ത്‌ ഒരു വ്യക്തമായ ജാതി വേര്‍തിരിവു കൂടി സൃഷ്ടിച്ചിട്ടുണ്ട്‌. മറ്റൊന്നുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഈ അനൗദ്യോഗിക വിദ്യാഭ്യാസം കണ്ടെത്തുകയും, ആസൂത്രണം ചെയ്യുകയും, അതു നടത്തി പൈസ കൊയ്യുകയും ചെയ്യുന്നവരും എല്ലാം ഔപചാരിക സമ്പ്രദായത്തിലൂടെ പഠനം ലഭിച്ചവര്‍ തന്നെയാണ്‌. അവരുടെ മക്കളും വളരെ വളരെ സാമ്പ്രദായികമായ വിദ്യാലയങ്ങളില്‍ത്തന്നെയാണ്‌ പഠിക്കുന്നതും.

ഇതൊരു ലാഭകരമായ പരിപാടിയാണ്‌. പാവപ്പെട്ടവരിലേക്ക്‌ വിദ്യാഭ്യാസമെത്തിക്കുക എന്ന ഈ മാമാങ്കത്തില്‍ കോടികളാണ്‌ കൈമറിയുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ ലഭിക്കുന്ന വിദ്യാഭ്യാസമോ? പൂജ്യം. ഈ അനൗപചാരിക വിദ്യാഭ്യാസം ഈ പറഞ്ഞപോലെ ഇത്ര മഹത്തരമാണെങ്കില്‍, എന്തുകൊണ്ട്‌ രാജ്യത്തിലെ എല്ലാ സ്കൂളുകളും അടപ്പിക്കുന്നില്ല? എല്ലാ കുട്ടികളേയും എന്തുകൊണ്ട്‌ ഇതിനു കീഴില്‍ കൊണ്ടുവരുന്നില്ല? സുന്ദരന്മാരെ അത്‌ നല്ലവണ്ണം വേദനിപ്പിക്കുമെന്നതുകൊണ്ടുതന്നെ.

ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു വകയിരുത്തിയിട്ടുള്ള പൈസക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌? മുംബൈ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിഭാഗത്തിലെ ഡോ.സീത പ്രഭു ഒരു കൗതുകകരമായ കാര്യത്തിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യയിലെ ധാരാളം സ്കൂളുകള്‍ സ്വകാര്യ മാനേജ്‌മെന്റിന്‍ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ അവക്കാവശ്യമായ ധനം വരുന്നതോ, പൊതുജനങ്ങളില്‍ നിന്നും. ഈ സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിലേക്കാണ്‌, സ്കൂളുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്ന തുകയുടെ 60 ശതമാനവും പോകുന്നത്‌. പ്രധാനപ്പെട്ട 14 സംസ്ഥാനങ്ങളില്‍, സാമൂഹ്യ സേവനത്തിനുവേണ്ടിയുള്ള സബ്‌സിഡികളുടെ 32 ശതമാനവും പോകുന്നത്‌ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു വേണ്ടിയാണ്‌. ഇതിന്റെ പകുതി മാത്രമേ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി ചിലവിടുന്നുള്ളൂ. സമ്പന്നര്‍ നടത്തുന്ന, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഒരിക്കലും സാമ്പത്തിക ദാരിദ്ര്യം അനുഭവപ്പെടുന്നതേയില്ല.

വിദ്യാഭ്യാസം പോലെ, ഇത്രയധികം വൃത്തികെട്ട പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുള്ള മറ്റധികം പൊതുസ്ഥലികളില്ല. സത്യം എല്ലാവര്‍ക്കും ബോധ്യമുണ്ടെങ്കിലും, ഇപ്പോഴും അത്‌ നടന്നുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിനു തീര്‍ച്ചയായും അതറിയുകയും ചെയ്യാം. ചില അടിസ്ഥാന വസ്തുതകള്‍ ബാക്കി നില്‍ക്കുന്നുണ്ട്‌, അതില്ലെങ്കില്‍പിന്നെ മറ്റൊന്നുകൊണ്ടും വലിയ കാര്യവുമില്ലെന്നു കാണാം. അതിലൊന്നാണ്‌, ഒരു എളിയ തുടക്കം എന്ന നിലക്കെങ്കിലും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്നത്‌. ഗ്രാമത്തിലേയൊ, നഗരത്തിലേയോ, ഏതു കുട്ടികളുമാകട്ടെ, എല്ലാവര്‍ക്കും അതിന്‌ അവകാശമുണ്ട്‌.

ഇതുകൊണ്ട്‌ മറ്റൊരു ഗുണവുമുണ്ട്‌. വിദ്യാഭ്യാസം സൗജന്യം മാത്രമല്ല, നിര്‍ബന്ധവുമാക്കേണ്ടതുണ്ട്‌, സെക്കന്‍ഡറി തലം വരെയെങ്കിലും. ബാലവേല എന്ന സമ്പ്രദായത്തെ അത്‌ തരിപ്പണമാക്കും. ഈ സമ്പ്രദായമാണ്‌ ഇന്ത്യയെ പലേ വിധത്തിലും ദോഷകരമായി ബാധിക്കുന്നത്‌. പല പ്രധാന ദേശീയ പ്രശ്നങ്ങളെയും നേരിടണമെങ്കില്‍, ആദ്യം നിങ്ങള്‍ ഈ സമ്പ്രദായത്തെ പിഴുതുമാറ്റേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രായപൂര്‍ത്തിയായവര്‍ക്ക്‌ മിനിമം കൂലി എന്നിവയാണ്‌ നമ്മുടെ പ്രധാന പ്രശ്നങ്ങളില്‍ ചിലത്‌.

വിദ്യാഭ്യാസത്തിനുവേണ്ടി നമ്മളിന്നു ചിലവഴിക്കുന്ന പൈസയുടെ തോത്‌ തീര്‍ത്തും നിരാശാജനകമാണ്‌. മൊത്തം ദേശീയോത്‌പാദനത്തിന്റെ 6 ശതമാനമെങ്കിലും ഇതിലേക്കു മാറ്റിവയ്ക്കാതെ കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ല. ഈ ദക്ഷിണ-പൂര്‍വ്വേഷ്യന്‍ സാമ്പത്തിക 'കടുവകള്‍' എന്ന മട്ടിലൊക്കെയുള്ള മേനി പറച്ചിലുകളില്‍ വലിയൊരു കപടനാട്യം ഒളിഞ്ഞിരിപ്പുണ്ട്‌. ജനാധിപത്യത്തോട്‌ പ്രതിബദ്ധതയുള്ള ഒരു രാജ്യമാവുമ്പോള്‍ വിശേഷിച്ചും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാവട്ടെ സ്ഥിതി ഇനിയും പരിതാപകരമാണ്‌. ഈ രാജ്യങ്ങള്‍ വിദ്യാഭ്യാസത്തിനുവേണ്ടി ചിലവഴിച്ച പൈസ പോലും ഇന്ത്യ ഇക്കാര്യത്തില്‍ ചിലവിടുന്നില്ല.

പൊതുവായ നിരക്ഷരതയും വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും ഇനിയും മറ്റു പല രീതിയിലും നമ്മെ ബാധിക്കും. ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാനപരമായ കഴിവുകളെ ഇത്‌ മുരടിപ്പിക്കും. തന്മൂലം, സമ്പദ്‌വളര്‍ച്ചയും തകരും. ഈ രംഗത്ത്‌ മൗലികമായ മാറ്റം നടപ്പാക്കിയില്ലെങ്കില്‍ ഒരു കാര്യമായ സാമ്പത്തിക പരിഷ്ക്കാരങ്ങളും ദീര്‍ഘകാലം നിലനില്‍ക്കാന്‍ പോവുന്നില്ല.

അപ്പോള്‍ എന്താണ്‌ ഇന്ത്യയുടെ മുന്നിലുള്ള മാര്‍ഗ്ഗം? ജോണ്‍ ഗാല്‍ബ്രിത്ത്‌** ഒരിക്കല്‍ പറഞ്ഞപോലെ, " സാക്ഷരരായ ഒരു ജനതയും ദരിദ്രരല്ല. ദരിദ്രരല്ലാത്ത ഒരു നിരക്ഷര ജനതയുമില്ല".


* Jean Dreze - ബെല്‍ജിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഇന്ത്യയുടെ ദേശീയ ഉപദേശക കൗണ്‍സില്‍ അംഗംവും, ഡല്‍ഹി സ്കൂള്‍ ഓഫ്‌ എക്കണോമിക്സില്‍ പ്രൊഫസ്സറും ആയിരുന്നു. ഇറാഖ്‌ യുദ്ധത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും വളരെ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. സമാധാന പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

** John Galbraith - കനേഡിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. വിജ്ഞാന്‍പ്രദങ്ങളായ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്‌. കെന്നഡിയുടെ കാലത്ത്‌, ഇന്ത്യന്‍ അംബാസ്സഡറായി സേവനം അനുഷ്ഠിച്ചിരുന്നു.

Thursday, August 23, 2007

അദ്ധ്യായം 4- രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും മലമ്പനി

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.

മല്‍കാങ്കിരി, നുവപാദ (ഒറീസ്സ)
1992-93-ല്‍ നുവപാദ ജില്ലയിലെ ബിരിഘട്ട്‌ ഗ്രാമത്തില്‍ ആളുകള്‍ മലമ്പനി പിടിപെട്ട്‌ മരിക്കാന്‍ തുടങ്ങുമ്പോള്‍, ഘനശ്യാമിനും സുഹൃത്തുക്കള്‍ക്കും, ആ മരണങ്ങളുടെ കണക്കെടുപ്പ്‌ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. അവര്‍ക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കുമത്‌ ചെയ്യാന്‍ ആവില്ല. ഖരിയാര്‍ ബ്ലോക്കില്‍ മാത്രം 17 മരണങ്ങള്‍ അവര്‍ രേഖപ്പെടുത്തി. 1994 ജനുവരിയില്‍ നാലുപേര്‍ കൂടി മരണസംഖ്യയില്‍ അംഗങ്ങളായി. ഈ മരണങ്ങളൊന്നും ഏതായാലും പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ രജിസ്റ്റ്രറില്‍ ഉണ്ടായിരുന്നില്ല.

സമീപത്തു തന്നെയുള്ള കുസ്മല്‍ ഗ്രാമത്തില്‍, 1993 ഡിസംബറിലും 1994 ജനുവരിയിലുമായി ആറുപേര്‍ കൂടി മരിച്ചു. തലേ വര്‍ഷത്തെ സംഖ്യ, ബിരിഘട്ടിന്റേതിനു തുല്ല്യമായിരുന്നു.ഖല്‍നയില്‍ വെച്ച്‌, ഇതുപോലെ മറ്റൊരു സര്‍വ്വെ നടത്തിയിരുന്ന ബീഹാറി ലാല്‍ സുനാനി പറഞ്ഞു. "ജനുവരിയിലും ഫെബ്രുവരിയിലുമായി ഈ ഗ്രാമത്തിലെ നാല്‍പ്പതു ശതമാനം ആളുകള്‍ക്കും മലമ്പനി പിടിപെട്ടിരുന്നു. കഴിഞ്ഞ കൊല്ലത്തെ മഴക്കാലത്തിനു ശേഷം കൂടുതല്‍ മോശമായിരിക്കുന്നു സ്ഥിതി". ഭൈസദാനിയിലെ ഗ്രാമമുഖ്യനായ ഘാസിറാം മാജി പറഞ്ഞതും ഇതു തന്നെയായിരുന്നു. മഴക്കാലത്തിനുശേഷം, ഒരു ഘട്ടത്തില്‍, ഓരോ വീട്ടിലും മലമ്പനി ബാധിച്ച്‌ നാലും അഞ്ചും ആളുകള്‍ ഉണ്ടായിരുന്നു."

ലോകത്തില്‍ ഇതു വരെ കണ്ടുപിടിക്കപ്പെട്ട നാലു വിവിധയിനം മലമ്പനി പരത്തുന്ന ഇത്തിള്‍ക്കണ്ണി വര്‍ഗ്ഗങ്ങള്‍ക്ക്‌ മല്‍കാങ്കിരി ആതിഥ്യം നല്‍കിയിരുന്നു. ഇതില്‍, മസ്തിഷ്ക മലമ്പനിക്ക്‌ കാരണമാകുന്ന plasmodium falciparum എന്ന വര്‍ഗ്ഗവും ഉള്‍പ്പെട്ടിരുന്നു.ആദ്യം കരുതിയിരുന്നത്‌, ഇന്ത്യയില്‍ ഇത്തരത്തിലുള്ള മൂന്നിനം രോഗണുക്കളേ ഉള്ളു എന്നാണ്‌. മലമ്പനി ശക്തമായ തിരിച്ചു വരവു നടത്തിയ പശ്ചിമ ഒറീസ്സയിലാണ്‌ മല്‍കാങ്കിരിയും നുവപാദയും സ്ഥിതി ചെയ്യുന്നത്‌.

ഏറ്റവും ദുരിതമനുഭവിക്കുന്നതും, രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്നതുമായ ജില്ലകളായിരുന്നു അവ. എന്തായാലും, സംഭവിക്കുന്നത്‌ എന്താണെന്നു അവര്‍ക്കൊരു ഏകദേശ ധാരണയുണ്ടായിരുന്നു.

"മൂന്നു നാലു വര്‍ഷങ്ങളായി ഒരു മരുന്നും തളിക്കുന്നില്ല ഞങ്ങളുടെ വീടുകളില്‍" പശ്ചിമ ഒറീസ്സ കൃഷിജീവി സംഘത്തിന്റെ തലവന്‍ ഘനശ്യാം ബിത്രിയ പറയുന്നു. "ഇനി, വല്ലപ്പോഴും മരുന്നുകള്‍ കിട്ടിയാല്‍ തന്നെ, അതൊട്ടും ഫലപ്രദമല്ല. കുടുംബാസൂത്രണ പരിപാടികള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഡോക്ടര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുള്ളു.ഇപ്പോള്‍ത്തന്നെ, ബിരിഘട്ടില്‍ മുപ്പതിലധികം മലമ്പനി രോഗികള്‍ ഉണ്ട്‌. അതിനെതിരെ ഒരു നയാ പൈസപോലും ഉപയോഗിക്കുന്നില്ല." ചില സ്ഥലങ്ങളില്‍, ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ മാസങ്ങളായി കിട്ടേണ്ട 50 രൂപ പോലും കിട്ടുന്നില്ല".

"ഞങ്ങളുടെ പഞ്ചായത്തിലെ ഒരേയൊരു മലമ്പനി പ്രതിരോധ പ്രവര്‍ത്തകനെ സ്ഥലം മാറ്റിയിട്ട്‌ ഇരുപത്‌ മാസമാവുന്നു" ഭൈസദാനിയിലെ സര്‍പാഞ്ച്‌ പറഞ്ഞു. "പകരം ആരും വന്നിട്ടില്ല. പൈസ കഷ്ടിയാണെന്നു തോന്നുന്നു". കഴിഞ്ഞ വര്‍ഷം മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൈസയില്‍ കാര്യമായ കുറവു വരുത്തിയിരുന്നുവെന്ന് സംശയിക്കുന്നതായി ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. "അത്യാവശ്യ ഘട്ടങ്ങളില്‍പ്പോലും, ക്ലോറോക്വിന്‍ ലഭ്യമായിരുന്നില്ല" മറ്റൊരു ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

അവര്‍ പറഞ്ഞത്‌ ഏറെക്കുറെ ശരിയായിരുന്നു. പുതിയ സാമ്പത്തിക നയങ്ങളുടെ ഫലമായി ഏര്‍പ്പെടുത്തിയ 'ചിലവു ചുരുക്കല്‍' പദ്ധതി പ്രകാരം, 1992-93-ലെ ബഡ്ജറ്റില്‍, ദേശീയ മലമ്പനി നിവാരണ പദ്ധതി'ക്കുള്ള പൈസയില്‍ 43 ശതമാനമാണ്‌ കുറവു വരുത്തിയിരുന്നത്‌. വലരെ വലിയ പ്രത്യാഘാതമാണ്‌ ഇതുളവാക്കിയത്‌.

കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ റിസര്‍ച്ച്‌ ഫൗണ്ടേഷനു വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍, ഡോ.സുജാത റാവു ഇതിനെ ക്രോഡീകരിച്ചിരുന്നു. അവര്‍ എഴുതിയപോലെ "കേന്ദ്ര ധന സഹായമില്ലാത്തതിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും പദ്ധതിക്ക്‌ തിരിച്ചടി നേരിട്ടുകൊണ്ടിരുന്നു. ഗ്രാമ തലത്തിലുള്ള നിരവധി ലംബമാനമായ രോഗപ്രതിരോധ പദ്ധതികളുടെയും മേല്‍നോട്ടം നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ പണം കണ്ടെത്തിയിരുന്നത്‌ ഈ മലമ്പനി നിവാരണ പദ്ധതിയില്‍ നിന്നാാണ്‌. അതുകൊണ്ടുതന്നെ, ഈ പദ്ധതി വിഹിതത്തില്‍ വരുന്ന കുറവ്‌ മറ്റു പദ്ധതികളേയും പ്രതികൂലമായി ബാധിക്കും". അത്‌ സംഭവിക്കുകയും ചെയ്തു. 1993-ല്‍ സിയാലോട്ട്‌ ഗ്രാമത്തില്‍ അതിസാരം പിടിപെട്ട്‌ എട്ടുപേര്‍ മരിച്ചു. ചുറ്റുവട്ടത്തൊന്നും ഒരു ആരോഗ്യ സേവകനും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തും, രാജ്യത്തില്‍ തന്നെയും, മലമ്പനി, പ്രത്യേകിച്ചും മസ്തിഷ്ക മലമ്പനി ഏറ്റവും കൂടുതലുള്ളത്‌, അവിടുത്തെ ഗോത്ര പ്രദേശങ്ങളിലാണ്‌.

പൊതുജനാരോഗ്യ സംവിധാനത്തില്‍നിന്നു പ്രത്യേക സഹായമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കടുത്ത പനി ബാധിച്ച്‌, ഘനശ്യാം ബിത്രിയയുടെ മകനെ 1993 ഒക്ടോബറില്‍ ഖരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. "നാലു ദിവസത്തോളം പനി ശമിച്ചതേയില്ല. എന്താണ്‌ അവന്‌ ചികിത്സയൊന്നും കൊടുക്കാത്തതെന്ന് ഡോക്ടറോട്‌ ചോദിച്ചപ്പോള്‍ അയാള്‍ എന്നോട്‌ കയര്‍ത്തു. 'നിന്റെ മകനല്ലേ. നിനക്കൊന്നും അറിയില്ല. ഞാനെന്തു പറയാനാണെന്ന്". മറ്റു രോഗികളോടു ചോദിച്ചപ്പോഴാണ്‌ പൈസ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞത്‌. ഇരുപത്‌ രൂപ കൊടുത്തപ്പോള്‍ അവര്‍ അവന്‌ ഇഞ്ചക്‍ഷന്‍ കൊടുത്തു. അവന്റെ പനിയും മാറി" ഘനശ്യാം പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കു ചെന്നാല്‍ കിട്ടുന്ന ഉപദേശം, ഡോക്ടറുടെ വീട്ടില്‍ പോകാനാണത്രെ. ഡോക്ടറുടെ വീട്‌ മിക്കവാറും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍തന്നെ ആയിരിക്കുകയും ചെയ്യും. "അവിടെ അയാള്‍ സ്വകാര്യ പ്രാക്ടീസ്‌ ചെയ്യുകയും, പൈസ പിടുങ്ങുകയും ചെയ്യുന്നു" ഒരു സര്‍പാഞ്ച്‌ പറഞ്ഞു. "ഈ സ്വകാര്യ പ്രാക്ടീസ്‌ നടക്കുന്നതാകട്ടെ, സാധാരണ പ്രവൃത്തി സമയങ്ങളിലും". ഒറീസ്സ സംസ്ഥാനത്ത്‌, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിയമം മൂലം നിരോധിച്ചിട്ടില്ല. പകരം സര്‍ക്കാര്‍ ചെയ്തത്‌, അത്തരം സ്വകാര്യ പ്രാക്ടീസ്‌ 'ചെയ്യാതിരിക്കുന്നതിന്‌' ഒരു 'അലവന്‍സ്‌' ഏര്‍പ്പെടുത്തലാണ്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ തങ്ങളുടെ ജോലിയില്‍ ഉറച്ചുനില്‍ക്കുന്നതിന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ ഒരു 'പാരിതോഷികം'. "പക്ഷേ, ഇതുകൊണ്ടു അവര്‍ക്ക്‌ രണ്ടു പ്രയോജനമുണ്ട്‌. അലവന്‍സ്‌ വാങ്ങലും നടക്കുമി,സ്വകാര്യ പ്രാക്ടീസും നടക്കും; അതും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ തന്നെ". ജഗദീഷ്‌ പ്രധാന്‍ പറയുന്നു.

എണ്‍പതുകളുടെ മധ്യത്തില്‍, ഒറീസ്സയുടെ ജനസംഖ്യയുടെ 13.6 ശതമാനം ആളുകള്‍ക്ക്‌ മലമ്പനി ബാധിച്ചു. എന്നിട്ടും, ഈ രോഗങ്ങള്‍ക്കുള്ള ആളോഹരി വകയിരുത്തല്‍ 3.41 രൂപയായിരുന്നു. മഹാരഷ്ട്രയുടേതിനു പകുതി മാത്രം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒറീസ്സയുടെ പ്രശ്നം മഹാരാഷ്ട്രയുടേതിനേക്കാള്‍ ഇരട്ടിയായിരുന്നിട്ടും, അത്‌ ചിലവഴിച്ച തുക മഹാരാഷ്ട്രയുടേതിന്റെ പകുതി മാത്രമായിരുന്നു എന്നര്‍ത്ഥം. 1991-92-ല്‍ 'ചിലവു ചുരുക്കല്‍' നിലവില്‍ വന്നു. ഈ ചിലവു ചുരുക്കലും, ആരോഗ്യ സേവന ഗുണനിലവാരത്തില്‍ വന്ന തകര്‍ച്ചയും, അടുത്ത വര്‍ഷം കാര്യങ്ങളെ കൂടുതല്‍ മോശമാക്കി.

കുപ്രസിദ്ധമായ കാളഹന്ദിയില്‍ നിന്നു വേര്‍തിരിച്ച്‌ പ്രത്യേകമുണ്ടാക്കിയതും, കാളഹന്ദിയിലെത്തന്നെ ഏറ്റവും ദരിദ്രവുമായ നുവപാദ ജില്ലയില്‍ മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം, ഡോക്ടര്‍മാരുടെ അന്‍പത്തിനാലു ഒഴിവുകള്‍ ഉണ്ടായിരുന്നതില്‍, ഇരുപത്താറെണ്ണത്തിലും നിയമനങ്ങള്‍ നടന്നിരുന്നില്ല. നേഴ്സുമാരുടേയും, ഫാര്‍മസിസ്റ്റുകളുടേയും മറ്റൊരു പത്ത്‌ ഒഴിവുകളും ബാക്കി കിടന്നിരുന്നു.

1993-94-ല്‍ സഹായ ധനം അല്‍പ്പം മെച്ചപ്പെട്ടുവെങ്കിലും, ആവശ്യത്തിനു ദുരിതങ്ങള്‍ ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു. ചിലവു ചുരുക്കല്‍ ആദ്യം നിര്‍ദ്ദേശിച്ച ലോക ബാങ്ക്‌, സഹായ ധനം ഉയര്‍ത്തിയതിന്റെ അവകാശവാദവുമായി ഇത്തവണ മുന്നോട്ട്‌ വരുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, അപ്പോഴും കാര്യങ്ങള്‍ മന്ദഗതിയില്‍ തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്‌. പക്ഷേ, നാശനഷ്ടങ്ങള്‍ മുഴുവനായി അളക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല.

എന്തുകൊണ്ട്‌? ഔദ്യോഗിക കണക്കുകള്‍ വളരെക്കുറച്ചു മാത്രമേ നമ്മോട്‌ സംസാരിക്കാറുള്ളു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും, ഖരിയാറിലെ മിഷന്‍ ആശുപത്രിയിലേയും കണക്കുകള്‍ തീരെ യോജിക്കുന്നില്ല. മിഷന്‍ ആശുപത്രിയിലെ ഡോ.അജിത്‌ സിംഗ്‌ 1993-ലെ രജിസ്റ്റ്രറില്‍, കൊതുകുമൂലം സംഭവിച്ച ഇരുപതിലധികം മരണങ്ങള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചു തന്നു."1993-ല്‍ മാത്രം 52 മസ്തിഷ്ക മലമ്പനി കേസുകള്‍ ഉണ്ടായിട്ടുണ്ട്‌" അജിത്‌ സിംഗ്‌ പറഞ്ഞു. "ഓരു മസ്തിഷ്ക മലമ്പനി രോഗമെന്നാല്‍, ചുരുങ്ങിയത്‌ 10 സാധാരണ മലമ്പനി രോഗങ്ങളെന്നാണ്‌ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്‌. അതായത്‌, കഴിഞ്ഞ വര്‍ഷം 570 മലമ്പനി കേസുകളാണ്‌ നോക്കേണ്ടിവന്നത്‌ എന്നര്‍ത്ഥം". എന്നിട്ടും, നുവപാദയിലെ അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, 42 ഉപ കേന്ദ്രങ്ങളും ഈ കണക്കുകള്‍ കാണിക്കുന്നതേയില്ല.

ഖരിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രജിസ്റ്റ്രറില്‍, വെറും മൂന്ന് മരണങ്ങള്‍ മാത്രമേ മസ്തിഷ്ക മലമ്പനി മൂലം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളു, ആറു മാസത്തെ കാലയളവില്‍. എന്നിരിക്കിലും, 216 മരണങ്ങള്‍ "കാരണം അജ്ഞാതം' എന്ന പേരിലും, 87 എണ്ണം 'പ്രായാധിക്യം മൂലം' എന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 95 ശതമാനം മരണങ്ങള്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നില്ല. 90 ശതമാനത്തിലധികംപേര്‍ക്കും വൈദ്യസഹായം തന്നെ ലഭിച്ചിരുന്നില്ല. 'പ്രായാധിക്യം' മൂലം മരിച്ച ആളുകള്‍ മിക്കവരും അവരുടെ അന്‍പതുകളിലായിരുന്നു. മാത്രമല്ല, 'പ്രായാധിക്യം മൂലം' ഉള്ള മരണങ്ങളധികവും മിക്കവാറും ഒരേ മാസങ്ങളിലായിട്ടായിരുന്നു സംഭവിച്ചിട്ടുള്ളത്‌. 1993-ല്‍, മഴക്കു മുന്‍പ്‌, 'വാര്‍ദ്ധക്യസഹജമായി' ആരും മരിച്ചിരുന്നില്ല. ഡിസംബറിലാകട്ടെ 21 മരണങ്ങളും. ഉയര്‍ന്ന തോതില്‍ മലമ്പനി ബാധിച്ചുവെന്ന് ആളുകള്‍ പരാതിപ്പെട്ടിരുന്ന കുസ്‌മല്‍, ബിരിഘട്ട്‌ ഗ്രാമങ്ങളിലായിരുന്നു പല മരണങ്ങളും നടന്നിട്ടുള്ളത്‌. 'പ്രായാധിക്യം' മൂലമുള്ള മരണങ്ങളധികവും സംഭവിച്ചത്‌ മഴക്കു ശേഷമാണെന്ന വസ്തുത സൂചിപ്പിക്കുന്നത്‌, ഇതിലധികവും മലമ്പനി മൂലമാണെന്നതു തന്നെയാണ്‌.

എന്തുകൊണ്ടാണ്‌ നുവപാദയിലേയും മല്‍കാങ്കിരിയിലെയും ആളുകള്‍ 'പ്രായാധിക്യം' കൊണ്ടും 'അജ്ഞാത കാരണങ്ങളാലും' മരിച്ചുകൊണ്ടേയിരിക്കുന്നതെന്ന് കടുത്ത നൈരാശ്യത്തോടെ വ്യക്തമാക്കി പ്രദേശത്തെ ഒരു ഡോക്ടര്‍. "ഒരാള്‍ക്ക്‌ ആദ്യത്തെ ദിവസം രോഗം വന്നുവെന്ന് കരുതുക. സാധാരണ ഗതിയില്‍, അഞ്ചാമത്തെ ദിവസമായിരിക്കും പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകന്‍ ആ ഗ്രാമം സന്ദര്‍ശിക്കുക. ചില സ്ഥലങ്ങളിലേക്ക്‌ വളരെയധികം ദൂരം താണ്ടേണ്ടതുണ്ട്‌. ആറാമത്തെ ദിവസം ടെസ്റ്റുകള്‍ നടത്തുന്നു. ഭാഗ്യമുണ്ടെങ്കില്‍, ചിത്രങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക്‌ ഏഴാമത്തെ ദിവസം എത്തും. അധിക ജോലി ഭാരമുള്ള ലാബ്‌ ജീവനക്കാരന്‍ ഒരാഴ്ച്ചയെടുക്കും ചിത്രങ്ങള്‍ പഠിക്കാന്‍. അസുഖമുണ്ടെന്ന് തെളിഞ്ഞാല്‍, പതിനഞ്ചാമത്തെ ദിവസം റിപ്പോര്‍ട്ട്‌ ആരോഗ്യപ്രവര്‍ത്തകന്റെ കയ്യില്‍ തിരികെയെത്തുന്നു. രണ്ടു-മൂന്നു ദിവസം അങ്ങിനെയും പോയിക്കിട്ടും. ഇനി ആരോഗ്യപ്രവര്‍ത്തകന്‍ മരുന്നുകള്‍ ശേഖരിച്ച്‌ ഗ്രാമത്തിലെത്തിക്കാന്‍ വീണ്ടും ഒന്നോ രണ്ടോ ദിവസങ്ങള്‍. അതായത്‌, രോഗിക്ക്‌ മരുന്നു കിട്ടാന്‍ 21 ദിവസങ്ങളെങ്കിലും എടുക്കും എന്ന്. ഇത്‌ രോഗിയെ തകര്‍ത്തുകളയുമെന്നു മാത്രമല്ല, രോഗിയില്‍ നിന്ന് മറ്റാളുകളിലേക്ക്‌ കൊതുകുകളിലൂടെ രോഗം പകരാനും ഇടയാക്കും".

മലമ്പനി പ്രതിരോധത്തിനുള്ള ബഡ്ജറ്റില്‍ വരുത്തിയ കുറവുകള്‍, അരോഗ്യ സേവകര്‍ ഈ തൊഴില്‍ ഉപേക്ഷിച്ചു പോകുന്നതിലേക്കും നയിച്ചു. അവര്‍ക്കു ലഭിക്കേണ്ടിയിരുന്ന നിസ്സാരമായ 50 രൂപ പോലും അവര്‍ക്ക്‌ ലഭിച്ചില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍പോലും, അവരുടെ എണ്ണം കുറയുകയായിരുന്നു. അതുകൊണ്ട്‌, ഓരോ മലമ്പനി പ്രതിരോധ പ്രവര്‍ത്തകനും, തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അഞ്ചു ഗ്രാമങ്ങളെക്കാള്‍ അധികം ഗ്രാമങ്ങളെ നോക്കേണ്ടിവന്നു. ഇത്‌,രോഗിയുടെ ദുരിതം കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളു.

പ്രത്യാശകള്‍ നശിച്ച ആ ഡോക്ടര്‍ പറഞ്ഞപോലെ, "ഈ മരുന്നിന്റെ ക്ഷാമവും,പൈസയില്‍ വരുത്തിയ ഗണ്യമായ കുറവും, കാലതാമസവും എല്ലാം ഇതുപോലെ തുടര്‍ന്നാല്‍, രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും മലമ്പനി എന്നതാവും, ഫലം. ആരോഗ്യമായിരിക്കില്ല. തീര്‍ച്ച".

കുറിപ്പ്‌ - ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കരിച്ചതിനെത്തുടര്‍ന്ന് പുറത്തുവന്ന പ്രതികരണം പതിവുമട്ടിലുള്ളതു തന്നെയായിരുന്നു. പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നപ്പോള്‍, ബിരിഘട്ടിനെ കേന്ദ്രീകരിച്ച്‌, ഖരിയാര്‍ പ്രദേശത്തേക്ക്‌ രണ്ട്‌ സംഘങ്ങള്‍ യാത്ര തിരിച്ചു. ഒന്ന്, ഡെല്‍ഹിയില്‍ നിന്നുള്ള ഒരു വൈദ്യസംഘമായിരുന്നു. മറ്റൊന്ന് ഭുവനേശ്വറില്‍നിന്നും. ആദ്യം സംഭവിച്ചത്‌, അവിടെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി, എന്നോട്‌ സംസാരിച്ചതിനും, ഔദ്യോഗിക രേഖകള്‍ 'ചോര്‍ത്തിയതിനും' അവരെ ശാസിക്കുക എന്നതായിരുന്നു.

എന്തടിസ്ഥാനത്തിലാണ്‌ പൊതുവായ സ്ഥിതിവിവരങ്ങളില്‍നിന്നുള്ള കണക്കുകള്‍ എനിക്കു തരരുതെന്ന്‌ അവര്‍ക്ക്‌ വിലക്കാന്‍ കഴിയുക എന്ന് എനിക്കു മനസ്സിലാകുന്നേയില്ല. എന്നിരുന്നിട്ടും, മേലാളന്മാര്‍ അവരെ ശാസിച്ചു. ബിരിഘട്ടിലേക്കു പോയ സംഘത്തിന്റെ ഉദ്ദേശ്യവും എനിക്ക്‌ മനസ്സിലാവുന്നില്ല. അവര്‍ ആകെ സംസാരിച്ചത്‌, ഓടിക്കൂടിയ ആരോഗ്യ പ്രവര്‍ത്തകരോടാണെന്ന്, ഗ്രാമീണര്‍ പറഞ്ഞു. കാലങ്ങളായി കുടിശ്ശിക കിടക്കുന്ന 50 രൂപ ഒടുവില്‍ വന്നുചേര്‍ന്നുവെന്നോ മറ്റോ ധരിച്ചുവശായിട്ടായിരിക്കും, ആ പാവം ആരോഗ്യപ്രവര്‍ത്തകര്‍ ഓടിയെത്തിയിട്ടുണ്ടാവുക. സംഘം ഗ്രാമീണരെ പൂര്‍ണ്ണമായും ഒഴിവാക്കി. ഏതായാലും അവര്‍ രക്തത്തിന്റെ സാമ്പിള്‍ സ്ലൈഡുകള്‍ ചിലത്‌ എടുത്തു. എന്റെ കഥ തെറ്റാണെന്ന്‌ തെളിയിക്കാന്‍. പക്ഷേ, ഫലം മറിച്ചായിരുന്നുവെന്ന് കാളഹന്ദിയിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ രാഷ്ട്രീയ പ്രവര്‍ത്തകനായ, കപില്‍ നാരായണ്‍ തിവാരി പറഞ്ഞു. ഞാന്‍ അവിടെയുണ്ടായിരുന്നപ്പോഴേതിനേക്കാള്‍ മോശമാണ്‌ സ്ഥിതിഗതികള്‍ എന്ന് അവര്‍ക്ക്‌ ബോധ്യമായത്രെ.

കഥ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ബഹളംകൊണ്ട്‌ ഏതായാലും ഒരു ഗുണം ഉണ്ടായി. 1995 മെയ്‌ മാസത്തില്‍ നുവപാദയില്‍ വീണ്ടും ഞാന്‍ പോയപ്പോള്‍ ഖരിയാറിലെയും സമീപ പ്രദേശങ്ങളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ധാരാളം മരുന്നുകളെത്തിയതായി കാണാന്‍ കഴിഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ചിലത്‌ നികത്തുകയും ചെയ്തിരുന്നു.

എന്നിട്ടും, എനിക്കറിയാന്‍ കഴിഞ്ഞേടത്തോളം, ഇരു സംഘങ്ങളും ഒരു റിപ്പോര്‍ട്ടും ഇതുവരെ നല്‍കിയിട്ടില്ല. മറ്റു മാധ്യമങ്ങളും ഈ പ്രശ്നം ഏറ്റെടുത്തിരുന്നു. മാത്രമല്ല, ഇതുപോലുള്ള വാര്‍ത്തകള്‍ രാജസ്ഥാനില്‍ നിന്നും മറ്റു ചില സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുമുണ്ടായി. ഒരു ധനിക സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗോത്ര പ്രദേശങ്ങളില്‍ ഇതേ പ്രശ്നം ഭയാനകമായ രൂപമാര്‍ജ്ജിച്ചിരുന്നു. മലമ്പനി ശക്തമായ തിരിച്ചു വരവ്‌ നടത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ നാമമാത്രമായിട്ടാണെങ്കില്‍ത്തന്നെയും ലഭിക്കുന്ന ആരോഗ്യ രക്ഷയെ പാടെ തകര്‍ത്തെറിയുംവിധമുള്ള അപഹാസ്യവും ദയാരഹിതവുമായ നയങ്ങളാണ് അതിനെ തിരികെ ക്ഷണിച്ചുവരുത്തുന്നത്.

Tuesday, August 21, 2007

അദ്ധ്യായം 3- ഒരു 'ദിസ്സാരി*' വന്നു വിളിക്കുന്നു

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.


മല്‍കാങ്കിരി (ഒറീസ്സ) - കോഴികളുടെ അറവു നടക്കാന്‍ മൂന്നു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു ഞങ്ങള്‍ക്ക്‌. വൈദ്യന്റെ സഹായിയുടെ കയ്യില്‍ അവറ്റ തലകീഴായി തൂങ്ങിക്കിടന്നു. ആ കിടപ്പിലും, തങ്ങളുടെ തത്ത്വശാസ്ത്രത്തിനോട്‌ അങ്ങേയറ്റം കൂറുപുലര്‍ത്തി, അവ നിലത്തുനിന്നു എന്തോ കൊത്തിത്തിന്നുന്നുണ്ടായിരുന്നു. അതേസമയം, മറ്റു രണ്ടു ദിസ്സാരികള്‍ തങ്ങളുടെ ആദിമ ചടങ്ങുകള്‍ തുടര്‍ന്നു. ഒരു വ്യത്യാസം മാത്രം. ചടങ്ങുകളുടെ അവസാനം, മുഖ്യ പുരോഹിതന്‍, ഗോവര്‍ധന്‍ പൂജാരി, രോഗിക്ക്‌ എന്തോ ആധുനികമെന്നു തോന്നുന്ന സാധനം കൊടുത്തു. നമ്മുടെ ക്ലോറോക്വിന്‍ പോലെ എന്തോ ഒന്ന്.

ഗോവര്‍ധന്റെ ശരിക്കുള്ള പേര്‍ ഹന്താല്‍ എന്നായിരുന്നുവെങ്കിലും, പൂജാരി എന്നൊരു പദവി അയാള്‍ അഭിമാനത്തോടെ കൊണ്ടുനടന്നിരുന്നു. അയാളുടെ കൂടെ ബോണ്ട മലകളിലേക്കു ഒരു പതിവു ചുറ്റലിനു ക്ഷണം കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷം തോന്നി. എന്തെങ്കിലും അസാധാരണമായത്‌ കാണാന്‍ കഴിയുമെന്ന തോന്നലുണ്ടായിരുന്നുവെങ്കിലും അതിത്ര അസാധാരണമായിരിക്കുമെന്ന് ഞങ്ങള്‍ കരുതിയില്ല.

ഗോവര്‍ധന്റെ തന്ത്രം അലോപ്പതിയുടേയും നാട്ടു വൈദ്യത്തിന്റേയും ഒരു സംയോജിത രൂപമായിരുന്നു. മല്‍കാങ്കിരിയിലെ ആദിമ ഗോത്രങ്ങളെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ തന്ത്രം. അതാകട്ടെ, ഗോത്രങ്ങളെ തങ്ങളുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളില്‍, ആധുനിക വൈദ്യത്തിലെ ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍ച്ചേര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു. 'ദിസ്സാരി'കള്‍ ഗ്രാമ പുരോഹിതന്‍മാരായി പ്രവൃത്തിച്ചുപോരുകയും, വളരെയധികം ആദരിക്കപ്പെടുകയും ചെയ്തിരുന്നു. അന്വേഷ എന്ന സംഘടനയിലെ സുരേന്ദ്ര ഖേമെന്ദു പറഞ്ഞു. ആധുനിക വൈദ്യ ശാസ്ത്രത്തിന്‌ അധികം കടന്നുചെല്ലാന്‍ സാധിക്കാതിരുന്ന പ്രദേശങ്ങളിലെ ആരോഗ്യ സംബന്ധിയായ വിശ്വാസങ്ങളിലും, ആചാരങ്ങളിലും അവര്‍ക്ക്‌ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. സ്വന്തം വീടുകളില്‍ വെച്ചും, രോഗികളുടെ വീടുകളില്‍വെച്ചും അവര്‍ ആരോഗ്യ സേവനം നല്‍കിയിരുന്നു.

ഖെമെന്ദു തന്നെയും, സസ്യൗഷധങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു. പരമ്പരാഗത 'ദിസ്സാരി'കള്‍ ചെടികളും വേരുകളുമൊക്കെ മതപരവും ചികിത്സാപരവുമായ ആചാരങ്ങളുമായി കലര്‍ത്തിയിരുന്നു. ഏതു രോഗത്തെയും ശമിപ്പിക്കുന്ന മരുന്നുകളെക്കുറിച്ച്‌ അവര്‍ക്ക്‌ അറിവുണ്ടായിരുന്നു", ഖെമെന്ദു പറഞ്ഞു. പക്ഷേ ചില രോഗങ്ങളെ പ്രതിരോധിക്കാന്‍ ബോണ്ട ഗോത്രങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അപ്പോള്‍, അവര്‍ക്ക്‌ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാധ്യമത്തിലൂടെ മരുന്നുകള്‍ അവരിലേക്കെത്തിക്കേണ്ടിവന്നു. ആ മാധ്യമമായിരുന്നു 'ദിസ്സാരി"കള്‍.

മല്‍കാങ്കിരിയിലെ ഊര്‍ജ്ജസ്വലനായ കളക്ടര്‍ ജി.കെ.ധാല്‍ ഈയൊരു പരീക്ഷണത്തിനു തയ്യാറായിരുന്നു. മലമ്പനിയും അതിസാരവും ധാരാളംപേരെ കൊന്നൊടുക്കിയിരുന്ന ആ പ്രദേശങ്ങളില്‍ അവക്കുള്ള മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ കളക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ദിസ്സാരികള്‍ക്ക്‌ പരിശീലനം കൊടുക്കുന്നുണ്ടായിരുന്നു. 'ദിസ്സാരികള്‍ അവരുടെ പരമ്പരാഗത അനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷേ, അനുഷ്ഠാനങ്ങളുടെ അവസാനം, ജീവന്‍ രക്ഷാ മരുന്നുകള്‍ ഗോത്രങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ദിസ്സാരികളെ ഞങ്ങള്‍ പ്രേരിപ്പിച്ചു", ധാല്‍ പറഞ്ഞു.

അങ്ങിനെ ഞങ്ങള്‍ ഗോവര്‍ധന്റെ കൂടെ ബോണ്ട മലകളിലെത്തി. ഗോവര്‍ധന്‍ ഒരു ഡോം** ഹരിജനായിരുന്നു. ഒരു 'ബോണ്ട വൈദ്യന്‍' കൂടിയായിരുന്നു അയാള്‍. അയാളുടെ പ്രഥമ-ശുശ്രൂഷ പെട്ടിയില്‍ "ബോണ്ടകള്‍ക്കു മാത്രം" എന്ന് വലിയ ഇംഗ്ലീഷ്‌ ലിപിയില്‍ എഴുതിക്കണ്ടു. പക്ഷേ ആ ഭാഷ എന്താണെന്നോ, അതിന്റെ അര്‍ത്ഥം എന്താണെന്നോ അയാള്‍ക്കും അയാളുടെ രോഗികള്‍ക്കും അറിവുണ്ടായിരുന്നില്ല. എങ്കിലും, ഗോവര്‍ധനന്‌ ആ പെട്ടിയെക്കുറിച്ച്‌ വലിയ അഭിമാനമാണ്‌. പുഴയുടെ തീരത്ത്‌ ചെറുപ്പക്കാരനായ ഒരു രോഗി വ്യസന ഭാവത്തോടെ ഇരുന്നിരുന്നു. രണ്ടാമത്തെ ദിസ്സാരി മന്ത്രങ്ങള്‍ ഉരുക്കഴിച്ച്‌, ഞെരിയാണിക്കറ്റം വെള്ളത്തില്‍ നിന്നു. ഗോവര്‍ധന്‍ ബലിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, മറ്റൊരു ദിസ്സാരി ശിപായി ആ ഭാഗ്യം കെട്ട കോഴിയെയും പിടിച്ചു നില്‍പ്പായി. കത്തുന്ന സൂര്യന്‍ ആര്‍ക്കും, പ്രത്യേകിച്ചും ആ രോഗിക്ക്‌, ഒരു ഗുണവും ചെയ്തിരുന്നില്ല.

ഈ പരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഒരു സംശയവും ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ബോണ്ട മലകളിലൂടെയുള്ള ശ്രമകരമായ കയറ്റത്തെ അത്‌ കൂടുതല്‍ എളുപ്പമാക്കി.പക്ഷേ ഏതെങ്കിലും ഒരു പരിശീലകന്‍ അല്‍പം അശ്രദ്ധ കാണിക്കുകയോ, അഥവാ, അനുഷ്ഠാനങ്ങള്‍ തിരിച്ചടിക്കുകയോ ചെയ്താല്‍, വലിയ കുഴപ്പങ്ങളില്‍ ചെന്നു ചാടാനുള്ള സാധ്യതകളും ഇതിലടങ്ങിയിരുന്നു. ഗോവര്‍ധന്‍ ബുദ്ധിമാനും, ഒരു വൈദ്യന്‍ എന്ന നിലയില്‍ പൊതുവെ ഉപകാരിയുമായിരുന്നു. എന്നിരിക്കിലും, അയാളുടെ അനുഷ്ഠാനങ്ങളില്‍, മാഹുവ എന്നൊരു മദ്യം സേവിക്കലും ഉള്‍പ്പെട്ടിരുന്നു.(ഈയൊരു പരിപാടിയെ, തങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടല്ല, മറിച്ച്‌, അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണ്‌ പ്രാചീനര്‍ തന്ത്രപൂര്‍വ്വം ആവിഷ്ക്കരിച്ചിരുന്നത്‌; അതിനാല്‍, പ്രത്യേകിച്ചൊരു ചിലവുമില്ലാതെ, ദിസ്സാരികള്‍ക്ക്‌ അവരുടെ തൊഴിലിനെ ആസ്വാദ്യമാക്കാനും കഴിഞ്ഞിരുന്നു). അങ്ങിനെ, നാലു മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോഴേക്കും, താന്‍ ഉച്ചാടനം ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുരാത്മാക്കളെ ഗോവര്‍ധന്‍ ഉള്ളിലാക്കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഈ സമയം, രണ്ടാമത്തെ ദിസ്സാരി പനയോലയില്‍ നിന്നും മന്ത്രങ്ങള്‍ വായിക്കാന്‍ തുടങ്ങി. "ആം ഋഷി, ജാം ഋഷി, നാം ഋഷി, കാം ഋഷി", എന്നിങ്ങനെ ഉരുവിട്ട്‌, ഇടക്കൊന്നു നിര്‍ത്തി, തനിക്കും മഹുവ മദ്യം അവകാശപ്പെട്ടതാണെന്ന് അയാള്‍ ഗോവര്‍ധനനെ വിനയാന്വിതനായി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഗോവര്‍ധനനാകട്ടെ, താന്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന മന്ത്രങ്ങളുടെ ഇടയില്‍ നല്ല തെറികള്‍ ഇടകലര്‍ത്തി തന്റെ സഹായിക്ക്‌ മറുപടിയും കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ ഒടുവില്‍ അയാള്‍ കുറച്ച്‌ മദ്യം രണ്ടാമന്‌ ദയാപൂര്‍വ്വം കൊടുത്തു. അതോടെ രണ്ടാമന്‍ വീണ്ടും, 'യമ ധൂത്‌, ബ്രഹ്മ ധൂത്‌, കര്‍മ്മ ധൂത്‌.." എന്നിങ്ങനെ ഉരുവിടാന്‍ തുടങ്ങി. ഗോവര്‍ധന്റെ സഹായിക്ക്‌ തീരെ അക്ഷരാഭ്യാസമില്ലായിരുന്നുവെന്നും, ഈ പനയോല വായിക്കല്‍ വെറുമൊരു ചടങ്ങു മാത്രമാണെന്നും ഞങ്ങള്‍ക്കു മനസ്സിലായതു പിന്നെയും ഏറെക്കഴിഞ്ഞാണ്‌. എല്ലാ മന്ത്രങ്ങളും അയാള്‍ക്ക്‌ ഹൃദിസ്ഥമായിരുന്നു. ഗോവര്‍ധന്‍ കത്തിയെടുത്തപ്പോള്‍ രോഗി ഒന്ന് ഇളകിയിരുന്നു.വേണ്ടിവന്നാല്‍ ഓടി രക്ഷപ്പെടാന്‍ തയ്യാറായി നിന്നു, ഖെമെന്ദുവും ഞാനും.

ഇപ്പോള്‍ ഗോവര്‍ധന്‍ കത്തി ഇടത്തെ കാല്‍വിരലുകള്‍ കൊണ്ട്‌ പിടിച്ചു. രണ്ടാമത്തെ ദിസ്സാരി മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ അയാള്‍ ഒരു കോഴിയുടെ കഴുത്ത്‌ കത്തിയുടെ തലപ്പത്തുകൂടി നീട്ടിയൊരു വലി വലിച്ച്‌, അതിനെ പുഴയിലേക്കെറിഞ്ഞു. രണ്ടാമത്തെ കോഴിയുടെയും ഗതി അതു തന്നെയായിരുന്നു. മൂന്നാമത്തെ കോഴിയുടെ ചിറകുകള്‍ അരിഞ്ഞ്‌, അയാള്‍ അതിനെ നിലത്തു വിതറിയിരുന്ന ധാന്യങ്ങള്‍ കൊത്തിത്തിന്നാന്‍ വിട്ടു. ഒന്നും സംഭവിക്കാത്തതുപോലെ അത്‌ നിലവിളിയടക്കി നിലത്ത്‌ എന്തോ തിരഞ്ഞുനടക്കാനും തുടങ്ങി. അതിനിടയില്‍ ഗോവര്‍ധന്‍ ഒന്നുകൂടി മാഹുവ മോന്തി. അപ്പോഴാണ്‌ തന്റെ ജോലി തീര്‍ത്തില്ലല്ലോ എന്ന് അയാള്‍ക്കോര്‍മ്മവന്നത്‌. രക്ഷപ്പെട്ടുവെന്നു കരുതിയ കോഴിയും അതോടെ കാലപുരി പൂകി. പുഴയുടെ അല്‍പം താഴത്തെ ഭാഗത്തുനിന്നു, രണ്ടാമന്‍ ദിസ്സാരി മൂന്നു കോഴികളുടേയും നിശ്ചലമായ ശരീരങ്ങളും ചുമന്നു വന്നു. അത്താഴത്തിനുള്ള ഒരുക്കങ്ങളായി. ഗോവര്‍ധന്‍ രോഗിക്ക്‌ ഒരു മരുന്നും കൊടുത്തില്ല. ചടങ്ങ്‌ അവസാനിച്ചു. മടങ്ങുമ്പോഴാണ്‌ മനസ്സിലായത്‌, ആ രോഗി അയാളുടെ മകനായിരുന്നുവെന്ന്.

ഇനി ഒരു ഗൃഹസന്ദര്‍ശനമാണ്‌. പ്രായം ചെന്ന ഒരു പരുക്കന്‍ ബോണ്ട യോദ്ധാവിന്റെ മകന്‌ അതിസാരം ബാധിച്ചിട്ടുണ്ടായിരുന്നു. ഗോവര്‍ധന്‍ ഒരു പാക്കറ്റ്‌ മരുന്നെടുത്ത്‌ വീശാന്‍ തുടങ്ങുമ്പോഴെക്കും വൃദ്ധന്‍ അലറാന്‍ തുടങ്ങി. "എടാ കള്ളുകുടിയന്‍ പന്നി, നീ പൂജ ചെയ്താല്‍ മാത്രം മതി, ഞാന്‍ വിശ്വസിച്ചോളാം. പക്ഷേ, നിനക്കറിയാത്ത സാധനങ്ങളുമായിട്ടൊന്നും കളിക്കണ്ട". ഞാനും ഖെമെന്ദുവും അന്യഗൃഹ ജീവികളാണെന്നും, ഞങ്ങള്‍ക്കു മാത്രമേ ഇത്തരം 'സാധനങ്ങളുമായി കളിക്കാന്‍' അറിയുള്ളുവെന്നും അയാള്‍ ധരിച്ചപോലെ തോന്നി. ഗോവര്‍ധന്‍ കാണിച്ച മരുന്ന് ഞങ്ങളുടെ കയ്യില്‍ തന്ന്, ഒന്നു നോക്കി ഉറപ്പുവരുത്താന്‍ അപേക്ഷിച്ചു അയാള്‍.

ഗോവര്‍ധന്‍ കൊടുത്ത മരുന്നുകള്‍ ശരിയായിരുന്നു. പക്ഷേ വൃദ്ധന്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. 'ക്ലോറോക്വിന്‍', 'പാരസിറ്റമോള്‍' എന്നീ സാധനങ്ങള്‍ ഇംഗ്ലീഷ്‌ വായിക്കുന്നവര്‍ക്കുപോലും മാറിപ്പോവാന്‍ ഇടയുണ്ട്‌. പിന്നെയാണോ, മന്ത്രവും മഹുവയും ഇടകലര്‍ത്തി മദോന്മത്തനായ ഒരു പാവം ദിസ്സാരിക്ക്‌? അല്‍പ്പം മാറിപ്പോയാല്‍ മതി, അപകടം വരുത്താന്‍. ഈ പദ്ധതിയിലെ പരിശീലകര്‍ക്ക്‌ നല്ല ശ്രദ്ധ ആവശ്യമായിരുന്നു. തങ്ങള്‍ പറയുന്നതിനും, ഗോവര്‍ധന്‍ മനസ്സിലാക്കുന്നതിനുമിടയില്‍ ഒരു സങ്കീര്‍ണ്ണമായ രസതന്ത്രം നിലനിന്നിരുന്നു.

ഉള്‍പ്രദേശങ്ങളില്‍, പരമ്പരാഗത ദിസ്സാരികള്‍ കൂടുതല്‍ ബുദ്ധിമാന്മാരായി കാണപ്പെട്ടു. ദണ്ഡിപാത ഗ്രാമത്തിലെ ഹാദി മാന്ദ്ര, ബോണ്ട കുന്നുകള്‍ക്കപ്പുറമുള്ള ലോകം കണ്ടിട്ടേയുണ്ടായിരുന്നില്ല. എന്നിട്ടും, സര്‍പ്പവിഷത്തിനും, ഉളുക്കിനും, പനിക്കുമെല്ലാം അയാളുടെ കയ്യില്‍ ഉത്തരമുണ്ടായിരുന്നു. പല നാട്ടുമരുന്നുകളും അയാള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. മാവിന്റെ വേര്‌, തുളസി, വേപ്പ്‌, പപ്പായ, വഴുതനങ്ങ തുടങ്ങിയവയും മറ്റു നിരവധി വേരുകളും ചെടികളും ഒക്കെ അതിലുണ്ടായിരുന്നു. ആവശ്യം വരുമ്പോള്‍ മൃഗഡോക്ടറായും അയാള്‍ സേവനം നടത്തിയിരുന്നു. പ്രതിഫലമാകട്ടെ, തുച്ഛവും. അരിയോ, കോഴിയോ, മഹുവ, സോലാഭ്‌ മദ്യമോ അങ്ങിനെ എന്തും.

തന്റെ ചെറുമകന്‍ മംഗ്ലയെ ഈ വിദ്യകള്‍ അഭ്യസിപ്പിക്കാന്‍ ഹാദി ഉദ്ദേശിക്കുന്നു. കാട്ടില്‍നിന്നു ശേഖരിക്കേണ്ട ചെടികള്‍ ഏതൊക്കെയാണ്‌, എങ്ങിനെ, എപ്പ്പ്പോഴൊക്കെ ഏതെല്ലാം ചെടികള്‍ ഉപയോഗിക്കണം എന്നെല്ലാം. ഗോവര്‍ധനനെപ്പോലുള്ള ദിസ്സാരികളെക്കുറിച്ച്‌ അയാള്‍ കേട്ടിരുന്നുവെങ്കിലും, അവരുടെ ചികിത്സകള്‍ ശരിയാണെന്നു ബോദ്ധ്യം വരുംവരെ, അവയെ അംഗീകരിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. "അവര്‍ക്ക്‌ പരിശീലനം കൊടുത്തത്‌ ആരാണെന്നും, എന്താണെന്നും' അയാള്‍ ചോദിച്ചു. ഗോവര്‍ധനന്റെ കൂടെ ചിലവഴിച്ച ദിവസങ്ങള്‍ ഓര്‍മ്മയില്‍ വന്നപ്പോള്‍, ആ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് ഖെമെന്ദുവിനും എനിക്കും തോന്നി. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ചെന്നെത്താന്‍ ദുര്‍ഘടമായ അത്തരം സ്ഥലങ്ങളില്‍, ചില രോഗങ്ങള്‍ക്കെങ്കിലും പരിഹാരം കാണുന്നതില്‍ ഹാദിയെപ്പോലുള്ളവരുടെ ഈ സേവനം വിലയേറിയതാണ്‌. വിദേശധനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇവിടെ കൊണ്ടുവന്ന ഒരു ഡോക്ടര്‍, വെറും ഏഴു ദിവസം കഴിഞ്ഞപ്പോള്‍, ബോണ്ടകളെ ഭയന്ന് നാടുവിടുകയും ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വിദേശ-സഹായ അനൗദ്യോഗിക സംഘടനയുടെ 'ജല-വിഭവ മാനേജ്‌മന്റ്‌' പ്രതിനിധിയായി പുനരവതരിക്കുകയും ചെയ്തിരുന്നു.

ഇവിടെ, കാഴ്ച്ചപ്പാടുകള്‍ കുഴഞ്ഞുമറിഞ്ഞുകിട്ക്കുകയാണ്‌. ഒരു വശത്ത്‌, ഗോത്ര ചികിത്സകളെ അമിതമായി കാല്‍പ്പനികവത്ക്കരിക്കുന്നവര്‍. ഇക്കൂട്ടര്‍, അവരുടെ സ്വന്തം ആളുകളെ ഈ ചികിത്സക്ക്‌ ഒരിക്കലും വിധേയമാക്കുന്നില്ല. എല്ലാ തനത്‌ ആരോഗ്യ സമ്പ്രദായങ്ങളേയും തള്ളിപ്പറയുന്നവരാണ്‌ മറുവശത്തുള്ളത്‌. അവരാകട്ടെ അലോപ്പതി മന്ത്രം നിര്‍വിഘ്നം ഉരുക്കഴിക്കുകയും ചെയ്യുന്നു. ഇരുവര്‍ക്കും നഷ്ടപ്പെടുന്നതാകട്ടെ, സമചിത്തതയും.

ഭൂമിയിലെ മറ്റു കുട്ടികള്‍ക്കു കിട്ടുന്ന അതേ ചികിത്സാ സൗകര്യങ്ങള്‍ എന്തു കൊണ്ട്‌ ആദിവാസി കുട്ടികള്‍ക്കും കിട്ടിക്കൂടാ എന്ന് ഈ കാല്‍പ്പനികര്‍ക്ക്‌ പറയാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ഗോത്ര ചികിത്സാ സമ്പ്രദായങ്ങള്‍ ഇത്രമാത്രം ഫലവത്താണെങ്കില്‍, പിന്നെ എന്തുകൊണ്ടാണ്‌ ആദിവാസികളുടെയിടയില്‍ ഇത്രയധികം മരണങ്ങളും, വ്യാധികളും, ഉയര്‍ന്ന ശിശു മരണ നിരക്കുകളും നിലനില്‍ക്കുന്നതെന്ന ചോദ്യത്തിനും അവര്‍ക്ക്‌ മറുപടിയില്ല. അലോപ്പതിയുടെ പ്രചാരകര്‍ക്കാകട്ടെ, അമൂല്യങ്ങളായ പരമ്പരാഗത വിജ്ഞാനത്തെ നിലനിര്‍ത്തുന്നതില്‍ തീരെ താത്‌പര്യവുമില്ല.

വാണിജ്യം ഇടയില്‍ കടന്നുവരുന്നതായിരിക്കാം കാരണം. 'പാരമ്പര്യ ഔഷധങ്ങള്‍'എന്ന് നഗരങ്ങളിലെ സമ്പന്നവര്‍ഗ്ഗം ഓമനപ്പേരിട്ടു വിളിക്കുന്ന മരുന്നുകള്‍ ഇന്ന് ഒരു വലിയ വ്യവസായമാണ്‌. സസ്യൗഷധ വ്യവസായം ഇരുപതിനായിരം കോടി രൂപയുടെ ആഗോള മാര്‍ക്കറ്റാണ്‌ 1993-ല്‍ ഒറ്റക്ക്‌ പിടിച്ചടക്കിയത്‌. വിചിത്രമെന്നു പറയട്ടെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍, ഇതിന്റെ നേര്‍ മറുവശമാണ്‌ സംഭവിക്കുന്നത്‌. ഒരു തുള്ളിമരുന്നോ, കുത്തിവെയ്പ്പോ കിട്ടാതെ രോഗം മാറില്ലെന്ന് അവര്‍ കരുതിത്തുടങ്ങിയിരിക്കുന്നു. അലോപ്പതി മരുന്നുകളോടുള്ള ഈ ഭ്രമം വ്യാപകമായ വ്യാജ ചികിത്സകരെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രണ്ടു വ്യത്യസ്ത ധ്രുവങ്ങള്‍ക്കിടയില്‍, 'ബോണ്ട വൈദ്യന്‍' എന്ന സങ്കല്‍പ്പത്തിന്‌ വളരെ പ്രസക്തിയുണ്ട്‌. പക്ഷേ, അതിന്റെ പ്രവൃത്തി പരിസരത്തിന്റെ നിരവധി പരിമിതികള്‍ കണക്കാക്കുമ്പോള്‍, അത്‌ നേരിടുന്ന അപകട സാദ്ധ്യതകളാകട്ടെ, വളരെക്കൂടുതലും.


* ദിസ്സാരി - ബോണ്ട ഗോത്രത്തിലെ ഒരു വിഭാഗം. വൈദ്യം, കൃഷി, പൂജാകര്‍മ്മങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
** ഡോം - ആദിവാസികളിലെ അന്തരജാതി. ദം എന്ന പേരിലും അറിയപ്പെടുന്നു.

Monday, August 20, 2007

ഡോ.ബിശ്വാസിന്‌ പാലാമോ ഗ്രാമത്തിന്റെ വക ഒരു ചികിത്സ

ഭാഗം 1 -മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം
അദ്ധ്യായം 2 - ഡോ.ബിശ്വാസിന്‌ പാലാമോ ഗ്രാമത്തിന്റെ വക ഒരു ചികിത്സ.


ബര്‍ഹമനി, പാലാമോ (ബീഹാര്‍) - പോച്ച്രയിലെ ആളുകള്‍ ഡോക്ടര്‍ ബിശ്വാസിനെ നന്നായി തല്ലിച്ചതച്ചു, തുണിയുരിഞ്ഞ്‌, ഗ്രാമത്തില്‍ നിന്നു വിരട്ടി വിട്ടു.അതിനവര്‍ക്ക്‌ എല്ലാ ന്യായവുമുണ്ടായിരുന്നു. ഒരു വ്യാജഡോക്ടറായിരുന്നു ഡോ.ബിശ്വാസ്‌.ച്ഛോട്ടന്‍ പര്‍ഹായി എന്ന ഗ്രാമീണന്റെ ഗര്‍ഭിണിയായ ഭാര്യക്ക്‌, പ്രസവമടുത്ത്‌, അല്‍പം ഗുരുതരമായ ഒരു സന്ദര്‍ഭത്തില്‍ അയാള്‍ നല്‍കിയത്‌ ഗ്ലൂക്കോസ്‌ വെള്ളമായിരുന്നു. അമ്മയും കുട്ടിയും മരിച്ചു. പക്ഷേ, കുറേ മാറി, മറ്റൊരു ഗ്രാമത്തില്‍, ബിശ്വാസിനു തഴച്ചു വളരുന്ന സ്വകാര്യ പ്രാക്ടീസ്‌ ഉണ്ടായിരുന്നു.

ഇക്ബാല്‍ കാസ്സിമിനെ പരിചയപ്പെടൂ."ഡോക്ടറും ശസ്ത്രക്രിയാകാരനും' ആണ്‌ അയാള്‍. ദേവന്തിലെ വിശദമായ പഠനത്തിനു ശേഷം, അല്‍പകാലം അയാള്‍ 'ശസ്ത്രക്രിയ' അഭ്യസിച്ചിട്ടുമുണ്ടായിരുന്നു. അവിടെവെച്ച്‌, അയാള്‍ക്ക്‌, 'സസ്യ-ജീവ-ജന്തു-സ്ത്രീരോഗ-യുനാനി' സംയുക്ത ബിരുദവും, ആധുനിക അലോപ്പതി മരുന്നില്‍ പ്രത്യേക പരിശീലനവും കിട്ടിയിട്ടുണ്ടത്രെ. ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കുറെ ദൂരെയുള്ള അയാളുടെ വീട്ടിലാണത്രെ. ഒരു നേരിയ പ്രകോപനമുണ്ടായാല്‍പ്പോലും, അയാള്‍ തന്റെ രോഗികള്‍ക്ക്‌ ആമ്പിസില്ലിന്‍-ടെറ്റ്രാസൈക്ലീന്‍ കുത്തിവെപ്പുകള്‍ കൊടുത്തുകളയും. ഗൃഹസന്ദര്‍ശനങ്ങളും പതിവുണ്ടത്രെ.

ബിശ്വാസിന്റെ സഹോദരനും ഒരു ഡോക്ടറാണ്‌. ഹോമിയോപ്പതിയില്‍ അയാള്‍ക്ക്‌ ഡിപ്ലോമയുണ്ട്‌. പക്ഷേ ഡിപ്ലോമ നല്‍കിയ സ്ഥാപനത്തിന്റെ പേര്‍ നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക്‌ ഓര്‍മ്മ വരുന്നില്ല. അതേ ഗ്രാമത്തില്‍ അയാളും 'പരിശോധന' നടത്തുന്നുണ്ട്‌. താന്‍ 'ആര്‍.എം.പി. ആണെന്നയാള്‍ അവകാശപ്പെടുന്നു. ആര്‍.എം.പി എന്നാല്‍, രജിസ്റ്റേഡ്‌ മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നല്ലെന്നു മാത്രം. റൂറല്‍ മെഡിക്കല്‍ പ്രാക്ടീഷനര്‍ എന്നാണത്രെ. ഈ വഴിയിലൂടെ, പാറ്റ്‌നയില്‍പ്പോലും, 765 രൂപക്ക്‌ നിങ്ങള്‍ക്ക്‌ ഒരു ഡോക്ടറാവാം. ഗ്രാമ മുഖ്യന്റേയും ഒരു ഡോക്ടറുടേയും ഒപ്പ്‌ മാത്രം മതി. അതിനെന്തെങ്കിലും ചില്ലറ കൊടുത്താല്‍ മതിയാകും.

പാലാമുവിലും, ബീഹാറിലാകെയും വ്യാപിച്ചു കിടക്കുന്ന 'വ്യാജന്‍'മാരില്‍ ഭൂരിപക്ഷത്തിനും ഇതൊന്നും ഒരു പ്രശ്നമേയല്ല. ഒരു 'കമ്പൗണ്ടര്‍' ആയി പരിശീലനമുണ്ടായാല്‍ മതി. 'ഡോക്ടര്‍' എന്ന ബോര്‍ഡാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തിലുള്ള പതിനഞ്ചോളം 'വ്യാജന്‍'മാരുമായി സംസാരിച്ചപ്പോള്‍, ഈ മട്ടിലുള്ള ധാരാളം 'യോഗ്യത'കളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ സാധിച്ചു. തന്നെക്കുറിച്ചുതന്നെ, മൂന്ന് വ്യഖ്യാനങ്ങള്‍ അയാള്‍ എനിക്കു തന്നു. ഒടുവിലത്തേതു പ്രകാരം, ഒറീസ്സയിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നാണത്രെ അയാള്‍ക്ക്‌, ഡോക്ടര്‍ ബിരുദം കറസ്പോണ്ടന്‍സ്‌ പഠനം വഴി കിട്ടിയത്‌. സര്‍വ്വകലാശാലയുടെ പേര്‌ അയാള്‍ക്ക്‌ പെട്ടെന്ന് നാവില്‍ വരുന്നില്ലെന്നു പറഞ്ഞു. അയാളുടെ ലറ്റര്‍പാഡില്‍ 'ബി.എ.എം.എസ്‌' (ആയുര്‍വ്വേദ വൈദ്യത്തില്‍ ബിരുദം) എന്നാണ്‌ എഴുതിയിരുന്നത്‌. ഇവിടെ ചെയ്യുന്നത്‌, അലോപ്പതിയും.

മറ്റു വഴിയൊന്നുമില്ല. പാലാമുവിലും, ബീഹാറിന്റെ മറ്റു ഉള്‍നാടുകളിലും അലോപ്പതിക്ക്‌ നല്ല ആവശ്യക്കാര്‍ ഉണ്ടത്രെ. ഇന്ത്യന്‍ നഗരങ്ങള്‍ യോഗയിലേക്കും പാരമ്പര്യ ചികിത്സയിലേക്കും നീങ്ങുമ്പോള്‍, ഇവിടെ, ഹക്കീമുകളും, യൂനാനിക്കാരും, ആയുര്‍വേദക്കാരും,ഹോമിയോപ്പതിക്കാരും അലോപ്പതിയിലേക്കു കൂറു മാറുകയാണ്‌. "ചിലര്‍ രണ്ടോ മൂന്നോ വര്‍ഷം കമ്പൗണ്ടരായോ, ഡോക്ടര്‍മാരുടെ ശിങ്കിടികളായോ പ്രവര്‍ത്തിച്ചു മാത്രം പരിചയമുള്ളവരാണ്‌. അവര്‍ കുത്തിവെയ്പ്പുകള്‍ വരെ നടത്തും" ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. "അവര്‍ക്ക്‌ ആരോടും സമാധാനം പറയേണ്ടതില്ല, ഏതു മരുന്നും അവര്‍ നിര്‍ദ്ദേശിക്കും, തടിതപ്പുകയും ചെയ്യും" മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

ക്ഷയം, മലമ്പനി, വയറിളക്കം, അതിസാരം അങ്ങിനെ, നിരവധി രോഗങ്ങളുടെ ഇരകളാണ്‌ പാലാമുവിലെ ആളുകള്‍. ഈ രോഗങ്ങള്‍ക്കൊക്കെയുള്ള ഒരേയൊരു മരുന്ന്, ഉപ്പുരസമുള്ള കഷായമാണ്‌. ഈ മരുന്നുകൊണ്ട്‌, വ്യാജന്‍മാര്‍ ആളുകളെ കീഴടക്കുന്നു. മലമ്പനി ബാധിച്ചവരെപ്പോലും ഇതുകൊണ്ട്‌ ചികിത്സിക്കുന്നു ഇത്തരക്കാര്‍. 'വെള്ളമൂത്ത്‌' ഒരു നല്ല ചികില്‍സയാണെന്നു വിശ്വസിക്കുന്നവരാണ്‌ ഗ്രാമത്തിലെ ഒട്ടുമിക്കവരും. ഡോക്ടര്‍ക്ക്‌ കൊടുക്കാന്‍ അവര്‍ പണം കടം മേടിക്കുന്നു. ഇനി മറ്റൊന്നുണ്ട്‌.ടെറ്റ്രാസൈക്ലീന്‍ കുത്തിവെപ്പുകള്‍.

ഒരു കുപ്പി ഗ്ലൂക്കോസ്‌ വെള്ളത്തിന്‌ 28 രൂപയാണ്‌, ചില്ലറ വില്‍പ്പനയില്‍. മൊത്തമായി എടുക്കുമ്പോള്‍ 12 രൂപക്കും കിട്ടും. ട്യൂബിനും സൂചിക്കും കൂടി മറ്റൊരു 12 രൂപ. ഈ ട്യൂബും സൂചിയും, വ്യാജന്മാര്‍ കുറേക്കാലത്തേക്ക്‌ ഉപയോഗിക്കും. ഒരു കുപ്പി ഗ്ലൂക്കോസ്‌ ഡ്രിപ്പിന്‌ ഈ വ്യാജന്മാര്‍ മേടിക്കുന്നത്‌, 100 രൂപ മുതല്‍ 150-രൂപ വരെയാണ്‌. "തീരെ പഠിപ്പില്ലാത്തവരില്‍ നിന്നാണ്‌ പൈസ കിട്ടാന്‍ കൂടുതല്‍ എളുപ്പം" ഒരു അറുവഷളന്‍ ചിരിയുടെ അകമ്പടിയോടെ ബിശ്വാസ്‌ പറയുന്നു.

30 മില്ലി ലിറ്ററിന്റെ ടെറ്റ്രാസൈക്ലീന്‌ 8 മുതല്‍ 10 രൂപവരെ ചിലവുണ്ട്‌, ചില്ലറ വില്‍പ്പനയില്‍. 2 മില്ലി ലിറ്റര്‍ വീതം പതിനഞ്ചോളം കുത്തിവെയ്പ്പുകള്‍ സാധിക്കുന്നു ഇതുകൊണ്ട്‌. ഓരോ കുത്തിവെയ്പ്പിനും 10 രൂപയോ 15 രൂപയോ വരെ മേടിക്കാം. അങ്ങിനെ, ചെറിയ മുതല്‍ മുടക്കുകൊണ്ട്‌, 150-225 രൂപവരെ ഉണ്ടാക്കുന്നു ഇക്കൂട്ടര്‍. ഒരേ സൂചി തന്നെ നിരവധി തവണ ഉപയോഗിക്കുന്നു. ഫലമോ? അപകടസാദ്ധ്യതകള്‍ ഏറുന്നു. ഈ കളിക്കു നിവൃത്തിയില്ലാത്ത ധാരാളം ആളുകളുമുണ്ട്‌ ഈ ഗ്രാമത്തില്‍.രണ്ടോ മൂന്നൊ കോഴി മുട്ടകള്‍ മാത്രം കൊടുത്ത്‌ ഗ്രാമത്തിലെ മന്ത്രവാദി വൈദ്യനില്‍ നിന്ന് ആരോഗ്യം വാങ്ങുന്നവര്‍.

എങ്ങിനെയാാണ്‌ ഈ വ്യാജന്‍മാര്‍ ഇങ്ങിനെ ശക്തിയാര്‍ജ്ജിച്ചത്‌? എന്തുകൊണ്ടാണ്‌ ധാരാളം ആളുകള്‍ ഇത്തരക്കാരെ സമീപിക്കുന്നത്‌?

"നമ്മുടെ പൊതുജനാരോഗ്യ സംവിധാനമൊന്നു നോക്കൂ", ഡാല്‍ട്ടണ്‍ഗഞ്ചിലെ ഒരു ബഹുമാന്യനായ ഡോക്ടര്‍ എന്‍.സി.അഗര്‍വാള്‍ പറയുന്നു. 'ചില വ്യാജന്മാരെങ്കിലും മലമ്പനിക്കുള്ള മരുന്നുകള്‍ കൊടുക്കുന്നുണ്ട്‌".

പൊതുജനാരോഗ്യ സംവിധാനം ആകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. ലതെഹാറില്‍ ഒരു പ്രമുഖ പ്രാഥമികാരോഗ്യ കേന്ദ്രവും, അതിന്റെ കീഴില്‍ പതിനെട്ട്‌ ഉപകേന്ദ്രങ്ങളുമുണ്ട്‌. ഞാന്‍ സന്ദര്‍ശിച്ച നാലു ഉപകേന്ദ്രങ്ങളില്‍ ഒന്നുപോലും പ്രവൃത്തിക്കുന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്ക്‌ ഒരു ഉപകാരവും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മൂന്നെണ്ണത്തിന്റെ വാതിലും വാതില്‍-ജനല്‍പ്പടികളും എല്ലാം ആളുകള്‍ ഇളക്കിമാറ്റി കൊണ്ടുപോയിരുന്നു. ഇച്ചാക്ക്‌ എന്ന സ്ഥലത്തുണ്ടായിരുന്ന ബാക്കിയുള്ള ഒന്നില്‍, അറുപതുകളിലെ പ്രേമഗാനങ്ങള്‍ പാടാന്‍ ഇഷ്ടപ്പെട്ടിരുന്ന മുഴുക്കുടിയനായ ഒരു പ്രധാനാധ്യാപകന്‍ താമസിച്ചിരുന്നു.

പ്രധാന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച്‌, ഒരു ഡോക്ടര്‍, നിര്‍ബന്ധ മലമ്പനി പരിശോധനക്കു വന്ന ഒരു രോഗിയില്‍ നിന്ന് പൈസ വാങ്ങുന്നത്‌ കണ്ടു. നിയമവിരുദ്ധമായ പ്രവൃത്തിയായിരുന്നു അത്‌. അതും, പത്രപ്രവര്‍ത്തകനാണെന്നു സ്വയം പരിചയപ്പെടുത്തി ഞാന്‍ മുന്‍പില്‍ ഇരിക്കുമ്പോള്‍. ഒരു ഉപ കേന്ദ്രത്തിലും ആവശ്യമുള്ള ഒരു മരുന്നുപോലും ഉണ്ടായിരുന്നില്ല. അത്യാവശ്യ മരുന്നുകളൊക്കെ മോഷ്ടിക്കപ്പെട്ടിരുന്നു.

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ ലതെഹാര്‍ സബ്‌ഡിവിഷണ്‍ ആശുപത്രിയില്‍, പതിനെട്ടു ജോലിക്കാരും, എട്ട്‌ ഡോക്ടര്‍മാരും, ഇരുപത്താറു കിടക്കകളും ഉണ്ടായിരുന്നു, ഒരേ ഒരു രോഗിയും. ഒഴിഞ്ഞ കിടക്കകള്‍ ദുര്‍ഗന്ധം വമിക്കുന്നവയായിരുന്നു. പല തവണ പോയിട്ടും, ഒരു ആരോഗ്യ പ്രവര്‍ത്തക ഒഴിച്ച്‌, മറ്റൊരു ജോലിക്കാരനെയും ആ ആശുപത്രിയില്‍ കാണാന്‍ കഴിഞ്ഞില്ല. പ്രധാന ഡോക്ടര്‍ അവധിയിലായിരുന്നു. മറ്റുള്ളവര്‍ സ്വകാര്യ പ്രാക്ടീസ്‌ നടത്തുന്നതിന്റെ തിരക്കിലും, ആശുപത്രിയോട്‌ ചേര്‍ന്നുതന്നെ. അതും,ജോലിസമയത്ത്‌.

ആരോഗ്യപ്രവര്‍ത്തക ഒരു ഡോക്ടരെ വിളിച്ചുകൊണ്ടുവരാന്‍ പോയി. അല്‍പം നീരസത്തോടെയാണ്‌ വനിതാ ഡോക്ടര്‍ വന്നത്‌. തന്റെ വിലപ്പെട്ട സ്വകാര്യ പ്രാക്ടീസ്‌ സമയമാണ്‌ അവര്‍ക്ക്‌ നഷ്ടമാകുന്നത്‌. പക്ഷേ, ആശുപത്രിയില്‍ രോഗപ്രതിരോധ, ജീവന്‍ രക്ഷാ മരുന്നുകളൊന്നും സ്റ്റോക്കില്ലെന്ന് അവര്‍ സമ്മതിച്ചു. അതുപോലെ, സര്‍പ്പവിഷത്തിനോ, ആ പ്രദേശത്ത്‌ ഏറ്റവും ആവശ്യമായി വരാറുള്ള പേപ്പട്ടി വിഷ ചികില്‍സക്കോ ഉള്ള മരുന്നു പോലും അവിടെ തീരെ ഇല്ലെന്നും അവര്‍ പറഞ്ഞു. അഭിമുഖം തീര്‍ന്നതും, അവര്‍ സ്ഥലം വിട്ടു, സ്വന്തം പ്രാക്ടീസ്‌ സ്ഥലത്തേക്ക്‌. പക്ഷേ ഡോക്ടര്‍മാര്‍ ദിവസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കാരുണ്ടെന്ന്, പ്രദേശത്തെ ഒരു സന്നദ്ധ സേവകന്‍ പറഞ്ഞു. നിശ്ചിത എണ്ണം രോഗികളെ ദിവസേന ഒപ്പിച്ചെടുക്കാന്‍.

സമീപത്തുള്ള ദളിത്‌ കോളണിയിലെ ദില്‍ബസിയ ദേവിയും കൂട്ടരും പറഞ്ഞത്‌, തങ്ങള്‍ക്കൊരിക്കലും ഈ ആശുപത്രിയില്‍ നിന്നു ഒരു മരുന്നുപോലും ലഭിച്ചിട്ടില്ലെന്നാണ്‌. എല്ലാം പുറത്തു നിന്നോ, ഡോക്ടര്‍മാര്‍ നടത്തുന്നതോ, അവരുമായി ബന്ധപ്പെട്ടതോ ആയ കടകളില്‍നിന്നു മാത്രമാണ്‌ കിട്ടിയിരുന്നത്‌. ഇത്‌ സംസ്ഥാനത്തിന്റെ പൊതുവായ അവസ്ഥയാണെന്നു ഒരു മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. "മുഖ്യമന്ത്രി ലാലു യാദവിനു പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത രണ്ടു സംഘങ്ങളാണ്‌ ഡോക്ടര്‍മാരും, സ്കൂള്‍ അദ്ധ്യാപകരും".

പൊതുജനാരോഗ്യ സംവിധാനത്തിന്‍ കീഴിലുള്ള ഇത്തരം സ്വകാര്യ ചികില്‍സാ വ്യവസായത്തെ നിയന്ത്രിക്കാന്‍, തുടര്‍ച്ചയായി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നിനും കഴിഞ്ഞിട്ടില്ല. വേണ്ടിവന്നാല്‍ ഏറ്റുമുട്ടാനും ഡോക്ടര്‍മാര്‍ക്കറിയാം. ഒരിക്കല്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ കയറി പരിശോധന നടത്തി അളവറ്റ മരുന്നുകള്‍ കണ്ടെടുത്തപ്പോള്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാല്‍സംഗത്തിന്‌ കള്ളക്കേസ്സുകൊടുത്തു തിരിച്ചടിച്ചു അവര്‍.

"ആളുകള്‍ ഈ ഡോക്ടര്‍മാര്‍ക്കും, വ്യാജന്മാര്‍ക്കും ഇടയില്‍പ്പെട്ടിരിക്കുകയാണ്‌", ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. അയാള്‍ തുടര്‍ന്നു " സ്വകാര്യ പ്രാക്ടീസ്‌ നിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കുക എന്നതു മാത്രമാണ്‌ സര്‍ക്കാരിന്റെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം. എങ്ങിനെയാണ്‌ ഇപ്പോഴുള്ളതിനെ, പൊതുജനാരോഗ്യ സംവിധാനമെന്നു വിളിക്കാന്‍ കഴിയുക? മുഴുവനും സ്വകാര്യ വ്യവസായങ്ങളാണ്‌. പിന്നെയെന്തു പ്രസക്തിയാണുള്ളത്‌? രാജ്യത്തെ മറ്റിടങ്ങളിലെപ്പോലെ, ബീഹാറിലും നേഴ്സുമാരേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരാണുള്ളത്‌ (25,689 ഡോക്റ്റര്‍മാര്‍ക്ക്‌, 8,883 നേഴ്സുമാര്‍). ഇതിന്റെ കൂടെ ആയിരക്കണക്കിനു വ്യാജന്മാരും കൂടി ചേര്‍ന്നാല്‍ എന്തായിരിക്കും ഫലമെന്നു ആലോചിക്കൂ. അതേസമയത്തുതന്നെ, ഇവിടെ നമ്മള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (ബീഹാറില്‍ ആകെ എണ്ണം, പതിനയ്യായിരത്തിനു മുകളില്‍ വരും). ഇവയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍പമെങ്കിലും ഉറപ്പുവരുത്തിയാല്‍ കാര്യങ്ങള്‍ മെച്ചപ്പെടും. പക്ഷേ നമ്മുടെ ആരോഗ്യ സംവിധാനം ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്‌, രോഗികളെയല്ല, കരാറുകാര്‍ക്കും, ഫാര്‍മസിസ്റ്റുകള്‍ക്കും വേണ്ടിയുള്ളതാണ്‌ പൊതുജനത്തിനു വേണ്ടിയല്ല. ആരോഗ്യരംഗത്ത്‌ ഞങ്ങളുടെ സംസ്ഥാനം ഇത്ര പരിതാപകരമായ നിലവാരത്തിലെത്തിയത്‌ ഇതുകൊണ്ടൊക്കെയാണ്‌".

അതേസമയം, വ്യാജന്മാര്‍ക്ക്‌ ഒരു പരാതിയുമില്ല, ഒന്നിനെക്കുറിച്ചും. അവരുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌.

Saturday, August 18, 2007

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.

അദ്ധ്യായം 1-ആരോഗ്യം, ദശലക്ഷങ്ങള്‍ക്ക്‌

മറ്റു രോഗങ്ങളെ അപേക്ഷിച്ച്‌, 1994-ലെ പ്ലേഗിനുണ്ടായിരുന്ന ഒരു കുഴപ്പം, അതു "അങ്ങ്‌ ദൂരെ" ഗ്രാമപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ വിസമ്മതിച്ചു എന്നതാണ്‌. നഗരങ്ങളിലെ ചേരിപ്രദേശത്തും അത്‌ ഒതുങ്ങി നിന്നില്ല. വര്‍ഗ്ഗ പക്ഷപാതം തീരെ ഇല്ലാത്തവരെന്ന നിലക്ക്‌, പ്ലേഗാണുക്കള്‍ കുപ്രശസ്തരുമാണ്‌. ദക്ഷിണ മുംബൈയിലേയും, ദക്ഷിണ ദില്ലിയിലേയും സമ്പന്നവര്‍ഗ്ഗ പ്രദേശങ്ങളിലേക്ക്‌ അവ കടക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്‌. ഏറ്റവും കഷ്ടം, അവക്ക്‌, വിമാനങ്ങളില്‍പ്പോലും കയറാനും, വേണമെങ്ങില്‍ ന്യൂയോര്‍ക്കിലേക്കുള്ള ക്ലബ്ബ്‌ ക്ലാസ്സില്‍ പറക്കാനും കൂടി എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ്‌. ധാരാളം സുന്ദരന്മാരും, സുന്ദരികളും ഇപ്പോള്‍തന്നെ, ഭീഷണിയുടെ നിഴലിലാണ്‌.

കേവലമൊരു ഭയാശങ്കയേക്കാള്‍ ഭീഷണമായ ഈയൊരു അവസ്ഥ മാധ്യമങ്ങളെ വാര്‍ത്ത കൈക്കലാക്കാനുള്ള ഭ്രാന്തുപിടിച്ച പരക്കം പാച്ചിലിലേക്ക്‌ കൊണ്ടുചെന്നെത്തിച്ചു. ഇതാകട്ടെ, ഇന്ത്യയിലെ ദശലക്ഷങ്ങള്‍ കറുത്ത മരണത്തിന്റെ വായിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന മട്ടിലുള്ള ഒരു 'ലോകാവസാന' മുറവിളിയിലേക്ക്‌ ലോകത്തെ നയിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, ഈ പ്ലേഗ്‌-അതിനെ മറ്റെന്തു പേരു വിളിച്ചാലും കുഴപ്പമില്ല (ഓരോരുത്തര്‍ക്കും ഓരോ രോഗമായിരുന്നു)- അന്‍പത്തഞ്ചു ജീവനാണ്‌ കവര്‍ന്നത്‌. ക്ഷയരോഗമാകട്ടെ, വര്‍ഷത്തില്‍ 450,000 ജീവനുകളാണ്‌(എണ്ണായിരം ഇരട്ടി) കവര്‍ന്നുകൊണ്ടിരിക്കുന്നത്‌, ഇന്ത്യയില്‍. എന്നിട്ടും, കഷ്ടി ഒരു രണ്ടു കോളം വരുന്ന വാര്‍ത്ത മാത്രമേ വര്‍ഷത്തില്‍ അതിനു കിട്ടാനുള്ള ഭാഗ്യമുണ്ടാവാറുള്ളു. അതും, രാജ്യത്തിലെ നെഞ്ചുരോഗവിദഗ്ദ്ധര്‍ (ഇവരില്‍ ചിലരാണ്‌ പത്രമുടമകളെ പതിവായി ചികില്‍സിച്ചു ഭേദമാക്കുന്നവര്‍)അവരുടെ വാര്‍ഷിക കോണ്‍ഗ്രസ്സു കൂടുമ്പോള്‍ മാത്രം.

അതിസാരംകൊണ്ട്‌ രാജ്യത്തില്‍, മൂന്നു മിനുട്ടില്‍ ഒരു ശിശു എന്ന നിരക്കില്‍, ഒന്നര ദശലക്ഷം കുട്ടികളാണ്‌ വര്‍ഷത്തില്‍ പൊലിഞ്ഞുപോകുന്നത്‌. അതായത്‌, പ്ലേഗിന്റെ ഇരകളുടേതിനേക്കാള്‍ മുപ്പതിനായിരം ഇരട്ടി. പക്ഷേ, അതിനു കിട്ടുന്ന 'പത്രമിടം', യൂണിസെഫിന്റെ (UNICEF) വര്‍ഷം തോറുമുള്ള റിപ്പോര്‍ട്ട്‌ വരുമ്പോള്‍ മാത്രമാണ്‌. 'ലോകത്തിലെ ശിശുക്കളുടെ അവസ്ഥയെക്കുറിച്ചുള്ള യൂണിസെഫിന്റെ റിപ്പോര്‍ട്ട്‌' വരുമ്പോള്‍ മാത്രം, അതിസാരം നമ്മുടെ പത്രങ്ങളുടെ നടുവിലത്തെ താളില്‍ പ്രത്യക്ഷപ്പെടുന്നു. അതല്ലെങ്കില്‍, ഓഹരിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ പ്രതീക്ഷിച്ച സമയത്തു വരാതിരുന്നതിനാല്‍, 'എവിടെയാണ്‌ നമുക്കു തെറ്റു പറ്റിയത്‌"? എന്ന പേരിലോ മറ്റോ ധൃതിപിടിച്ചെഴുതിയ ഏതെങ്കിലുമൊരു എഡിറ്റോറിയല്‍ വിലാപത്തില്‍. അതിനുശേഷം ഈ എഡിറ്റോറിയല്‍ അതേ രീതിയില്‍ അടുത്ത വര്‍ഷവും ഉപയോഗിക്കാനായി ഭദ്രമായി മാറ്റിവെക്കുന്നു. ഒരു ഇന്ത്യന്‍ സുന്ദരിക്ക്‌ സൗന്‌ദര്യ മത്സര്യത്തില്‍ സമ്മാനം കിട്ടാത്ത പക്ഷം, ഇത്‌, പത്രത്തിലെ മുന്‍പേജില്‍തന്നെ ഇടം കണ്ടെത്തിയെന്നും വരാം. അങ്ങിനെ വന്നാല്‍ മനസ്സിലാക്കാം, ആ പത്രത്തിന്റെ തലപ്പത്ത്‌ സഹാനുഭൂതിയുള്ള ഒരു പത്രാധിപരുണ്ടെന്ന്. 'നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും' എന്ന വിഷയത്തില്‍ ഏതെങ്കിലുമൊരു റോട്ടറി ക്ലബ്ബിനെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ കാണാന്‍ നമുക്ക്‌ ഭാഗ്യമുണ്ടായെന്നും വരാം.

ഓരോ പതിന്നാലു ദിവസത്തിലും, അഞ്ചു വയസ്സിനു താഴെയുള്ള 7.5 ദശലക്ഷം കുട്ടികള്‍ക്ക്‌ അതിസാരം ബാധിക്കുന്നു. ഈ 336 മണിക്കൂറിനുള്ളില്‍ത്തന്നെ, 19 ദശലക്ഷത്തോളം കുട്ടികള്‍ക്ക്‌, ഗുരുതരമായ ശ്വാസകോശ അണുബാധയോ, ന്യൂമോണിയപോലുമോ ഉണ്ടാകുന്നു. ഇവര്‍ക്കു വേണ്ടി പലതും ചെയ്യാന്‍ കഴിയും. പക്ഷേ ഒന്നും ചെയ്യുന്നില്ല. കൂടുതല്‍ കോപ്പി ചിലവഴിക്കാന്‍ പ്ലേഗാണ്‌ ഏതായാലും നല്ലത്‌.

നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്ന മട്ടിലുള്ള നിസ്സഹായതയുടേതായ ഒരു സ്ഥിരം സങ്കല്‍പ്പം രൂഢമൂലമാക്കുന്നതില്‍, പ്ലേഗ്‌, പടിഞ്ഞാറന്‍ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്‌. മൂഷികവാഹനനായ ഗണപതിയെ ആരാധിക്കുന്ന ഒരു രാജ്യത്തിലായതുകൊണ്ടാണ്‌ പ്ലേഗ്‌ പടരുന്നതെന്നു പോലും പടച്ചു വിട്ടു ഒരു ലണ്ടന്‍ പത്രം. എലികളെ കൊല്ലുന്നതില്‍ നിന്നും നാട്ടുകാരെ വിലക്കി ഈ വാര്‍ത്ത. മാത്രമല്ല, ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യമായ ധൈര്യവും സാഹസികതയും ആര്‍ക്കും ഉണ്ടായതുമില്ല. പ്രത്യേകിച്ചും, പതിമൂന്നാം നൂറ്റാണ്ടില്‍ യൂറൊപ്പിലാകമാനം പടര്‍ന്നതും, ഇപ്പോള്‍ 'മൂന്നാം രാജ്യങ്ങളെപ്പോലെ പ്രാകൃതമായ പ്രദേശങ്ങളില്‍' മാത്രം കണ്ടുവരുന്നതുമായ രോഗമായിരുന്നു ഇതെന്നതുകൊണ്ട്‌. എല്ലാവര്‍ഷവും, വടക്കേ അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ഇതുണ്ടാകുന്നുണ്ട്‌. പ്രത്യേകിച്ചും, യാത്രാ സംഘങ്ങള്‍ക്കും, പദസഞ്ചാരികള്‍ക്കും യാത്രക്കിടയില്‍ എലിവര്‍ഗ്ഗങ്ങളില്‍നിന്നും ഇത്തരം രോഗങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍. ഈ വിവരം, ലോകാരോഗ്യ സംഘടന തന്നെ പുറത്തു വിട്ടിട്ടുമുണ്ട്‌. പക്ഷെ, ഇതൊന്നും നമ്മുടെ 'കഥകളു'മായി യോജിക്കാത്തതുകൊണ്ട്‌, ഉള്ളിലെ പേജുകളില്‍ തമസ്ക്കരിക്കപ്പെടുന്നു. പക്ഷേ, ഇന്ത്യയുടെ യഥാര്‍ത്ഥമായ ആരോഗ്യപ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിയുമ്പോഴാണ്‌, ഇതിന്റെ പിന്നാമ്പുറങ്ങള്‍ വെളിവാവുന്നത്‌. സ്ഥായിയായ ചില മാതൃകകള്‍ അവതരിപ്പിക്കാനും ഫണ്ടിംഗ്‌ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദം ഉപയോഗിച്ച്‌, വികസ്വര രാജ്യങ്ങളില്‍ അത്‌ അടിച്ചേല്‍പ്പിക്കാനുമുള്ള പടിഞ്ഞാറിന്റെ വ്യഗ്രതയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ ഇത്‌ ഉയര്‍ത്തുന്നുണ്ട്‌.

ഉത്തര്‍ പ്രദേശിലെ ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടി 1992-ല്‍, യുസെയ്‌ഡ്(United States Agency for International Aid -USAID) ഇന്ത്യക്ക്‌ 325 മില്ല്യണ്‍ യു.എസ്‌.ഡോളറാണ്‌ നല്‍കിയത്‌. ഈ പദ്ധതി ഗൗരവതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍പോന്നതായിരുന്നു. അവശ്യമായ ആരോഗ്യ പരിചരണം ഒട്ടും ലഭിക്കാതിരുന്ന, അല്ലെങ്കില്‍ പേരിനുമാത്രം ലഭിച്ചിരുന്ന ദരിദ്രരായ ഗ്രാമീണവനിതകളില്‍ 'നോര്‍പ്ലാന്റ്‌' പോലുള്ള ഗര്‍ഭനിരോധന സാമഗ്രികള്‍ പ്രവേശിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. ഈ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ ഏറെക്കുറെ കയ്യൊഴിഞ്ഞിരുന്നു.

നേരെമറിച്ച്‌, വര്‍ഷാവര്‍ഷം, ലക്ഷക്കണക്കിനാളുകളെ കൊല്ലുകയും, ഇന്ത്യയുടെ പൊതുജനാരോഗ്യത്തിന്റെ ഏറ്റവും വലിയ ഭീഷണികളിലൊന്നുമായ ജല-ജന്യ രോഗങ്ങള്‍ക്ക്‌, ഇത്തരം ഫണ്ടുകള്‍ കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതിസാരം, വയറിളക്കം, സന്നിപാത ജ്വരം, വിഷൂചിക, ഹെപ്പറ്റൈറ്റിസ്‌ എന്നിവയൊക്കെ പെടുന്നു, ഇപ്പറഞ്ഞ ജല ജന്യ രോഗങ്ങളില്‍. മലമ്പനി പോലുള്ള ജല ജന്യ രോഗങ്ങളാകട്ടെ, പതിനായിരക്കണക്കിനു ജീവനുകളെയാണ്‌ എല്ലാ വര്‍ഷവും കൊയ്തെടുക്കുന്നത്‌.

ലോകത്തിലെ ആളുകളില്‍, ശുദ്ധവും, സുഭിക്ഷവുമായ ജലം കിട്ടാത്തവരില്‍ ഓരോ മൂന്നാമത്തെയാളും ഇന്ത്യക്കാരനാണ്‌. അതിസാരം മൂലം മരിക്കുന്ന ലോകത്തിലെ ഓരോ നാലുപേരിലും ഒരാള്‍ ഈ രാജ്യക്കാരനാണ്‌. ലോകത്തിലെ മൂന്ന് കുഷ്ഠരോഗികളെയെടുത്താല്‍ അവസാനത്തെയാള്‍ ഇന്ത്യക്കാരനായിരിക്കും. ജല-ജന്യ രോഗങ്ങള്‍കൊണ്ട്‌ ഭൂമിയില്‍ മരിക്കുന്ന ഓരോ നാലാമത്തെ ആളും നമ്മുടെ രാജ്യക്കാരന്‍ തന്നെയാണ്‌. ലോകത്തില്‍ ഏതു സമയത്തും കാണാവുന്ന 16 ദശലക്ഷം ക്ഷയരോഗികളില്‍, 12.7 ദശലക്ഷവും ഇന്ത്യയിലാണ്‌. ദശലക്ഷക്കണക്കിനാളുകളാണ്‌ പോഷകാഹാരക്കുറവുകൊണ്ട്‌ ദുരിതമനുഭവിക്കുന്നത്‌. അതാകട്ടെ, മരണത്തിലേക്കുവരെ നയിക്കാവുന്ന മറ്റു നിരവധി രോഗങ്ങളുടെ ഇരകളാക്കിത്തീര്‍ക്കുന്നു അവരെ. എന്നിട്ടും, പോഷകാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ ഔദ്യോഗിക നീക്കിയിരിപ്പ്‌ മൊത്തം ദേശീയോത്‌പാദനത്തിന്റെ ഒന്നര ശതമാനത്തിനും താഴെ മാത്രമാണ്‌.

പക്ഷേ, പ്ലേഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാരണം ഭീഷണി നേരിടുന്ന 'വിദേശ നിക്ഷേപ'വുമായി തട്ടിച്ചു നോക്കുമ്പോള്‍, ഈ ദശലക്ഷങ്ങള്‍ ഒന്നുമല്ല. പോരാ, മറ്റുള്ളവര്‍ (എന്നു വെച്ചാല്‍, വെള്ളക്കാരായ വിദേശികള്‍)തങ്ങളെക്കുറിച്ച്‌ എന്ത്‌ വിചാരിക്കുമെന്ന, ഇന്ത്യന്‍ സമ്പന്നവര്‍ഗ്ഗത്തിന്റെ നിരന്തരമായ ആധിയും ഇതിനു പിന്നിലുണ്ട്‌. പ്ലേഗിനെക്കുറിച്ചുള്ള ഏറ്റവും വലിയ അത്ഭുതം, അതു വരാന്‍ എന്തുകൊണ്ടാണിത്ര വൈകിയത്‌ എന്നതു മാത്രമാണ്‌. ഇത്രമാത്രം അശ്രദ്ധയോടെയും, നിരുത്തരവാദത്തോടെയും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങളെ സമീപിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍, ഇന്ത്യയെപ്പോലെ അധികമൊന്നും ഉണ്ടാവില്ല.

ഇന്ത്യന്‍ സര്‍ക്കാരുകള്‍ ഒരിക്കലും തങ്ങളുടെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 1.8 ശതമാനത്തിലും മീതെ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിട്ടില്ല. ഇപ്പോഴത്തെ (1995-ലെ)ചിലവ്‌ 1.3 ശതമാനമാണ്‌. നിക്കരാഗ്വ 6.7ഉം, ബ്രസീല്‍ 2.8-ഉം, ചൈന 2.1 ചിലവഴിക്കുമ്പോളാണ്‌ നമ്മുടെ ഈ 1.8 ശതമാനം. സ്വീഡന്‍ 7.9-ഉം, അമേരിക്ക 5.6 ആണ്‌ ആരോഗ്യരംഗത്ത്‌ ചിലവിടുന്നത്‌. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ മൊത്തം 5 ശതമാനമാണ്‌ ആരോഗ്യത്തിനുവേണ്ടി നീക്കിവെക്കുമെന്ന് ഇന്ത്യ പ്രതിജ്ഞ ചെയ്തത്‌. ഒരു നൂറ്റാണ്ടു കാലത്തെ വിദേശഭരണം, ചൂഷണം, ക്ഷാമം, മഹാമാരികള്‍ എന്നിവയില്‍ നിന്നു പുറത്തുവന്ന ഒരു രാജ്യമെന്ന നിലക്ക്‌, ഈ സംഖ്യ ഒരു വലിയ കാല്‍വെയ്പ്പായിരുന്നു. പക്ഷേ, എട്ടാം പഞ്ചവത്സര പദ്ധതിയോടെ ഇതു 1.7 ആവുകയും പിന്നീടുള്ള ഓരോ പദ്ധതിയിലും വീണ്ടും വീണ്ടും ചുരുങ്ങുകയും ചെയ്തു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, ചൈനയും ശ്രീലങ്കയുമൊക്കെ ഇന്ത്യയേക്കാളും ബഹുദൂരം മുന്നിലാണ്‌.

ആളുകളുടെ ആരോഗ്യചിലവിന്റെ 80 ശതമാനവും അവര്‍ തന്നെയാണ്‌ വഹിക്കുന്നത്‌. ജനസംഖ്യയുടെ എണ്‍പതു ശതമാനവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍, രാജ്യത്തിലെ ആശുപത്രിക്കിടക്കളുടെ വെറും 20 ശതമാനം മാത്രമേയുള്ളു. കടലാസ്സില്‍ മാത്രം നിലനില്‍ക്കുന്ന ആയിരക്കണക്കിനു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ ആയി ഒരു ഡോക്ടര്‍പോലും നിലവിലില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണിവ.

എന്നിട്ടും, നേഴ്സുമാരെക്കാളും കൂടുതലാണ്‌ ഇന്ത്യ ഉത്‌പാദിപ്പിക്കുന്ന ഡോക്റ്റര്‍മാരുടെ എണ്ണം. 1990-ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണം 381,978 ആയിരുന്നു, നേഴ്സുമാര്‍ 111,235-ഉം. 'വര്‍ഷത്തില്‍ ഇന്ത്യ 14000 ഡോക്റ്റര്‍മാരെയും, 8000 നേഴ്സുമാരേയും സൃഷ്ടിക്കുന്നു' എന്ന് 1995ല്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു പറഞ്ഞു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗത്തിന്റെ ചിലവില്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി, വിദേശത്ത്‌ സ്ഥിരതാമസമാക്കിയ നമ്മുടെ ഡോക്ടര്‍മാരില്‍, ചെറുതല്ലാത്ത ഒരു വിഭാഗം, ഇന്നു ചികില്‍സിക്കുന്നത്‌, അമേരിക്കയിലെ സമ്പന്നരെയാണ്‌. അതിനര്‍ത്ഥം, ഏറ്റവും ദരിദ്രരായ ആളുകള്‍, ഏറ്റവും സമ്പന്നരായ ചിലവരുടെ ആരോഗ്യത്തിനു സബ്‌സിഡി നല്‍കുന്നു എന്നതാണ്‌.

'മന്‍മോഹണോമിക്സി'ന്റെയും, ക്രൂരമായ പില്‍ക്കാല നിയന്ത്രണങ്ങളുടേയും ഫലമായി, ആരോഗ്യരംഗത്തേക്ക്‌ എറിഞ്ഞുകൊടുത്തിരുന്ന അപ്പക്കഷണങ്ങള്‍ പിന്നെയും കുറഞ്ഞുവന്നു. തന്മൂലം, പാവങ്ങളുടെമേലുള്ള സമ്മര്‍ദ്ദം പിന്നെയും വര്‍ദ്ധിച്ചു. ആവശ്യത്തിനു വിഭവങ്ങള്‍ ഇല്ലാത്തതൊന്നുമായിരുന്നില്ല ഒരിക്കലും കാരണം. 'സാമ്പത്തിക പരിഷ്ക്കാരങ്ങള്‍'ക്കു പേരെടുത്ത സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും, ഗുജറാത്തും. 1991 ആഗസ്റ്റിനും 1994 ആഗസ്റ്റിനുമിടക്ക്‌, 114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍) വിദേശനിക്ഷേപമായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളും പിടിച്ചെടുത്തത്‌. എന്നിട്ടും ഇവിടങ്ങളില്‍തന്നെയാണ്‌ പ്ലേഗു പൊട്ടിപ്പുറപ്പെട്ടതും. പരിഷ്ക്കാരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ, ഗുജറാത്ത്‌ പ്രതിശീര്‍ഷ വരുമാനത്തില്‍നിന്ന് 49 രൂപ മാത്രമേ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിരുന്നുള്ളു (പരിഷ്ക്കരണങ്ങളുടെ കാലത്ത്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നു). ഗുജറാത്തിനേക്കാളും സാമ്പത്തികമായി എത്രയോ ദരിദ്രമായ കേരളം പോലും 71 രൂപ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിരുന്നു.

ആരോഗ്യരംഗത്ത്‌ ഫണ്ടുകള്‍ എങ്ങിനെ ചിലവഴിക്കപ്പെടുന്നു എന്നതും വളരെ പ്രധാനമാണ്‌. കേരളം ഇവിടെയും മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ ശിശു മരണ നിരക്ക്‌ വെറും 17 ശതമാനമാണ്‌. ഗുജറാത്തിന്റേയും, മഹാരാഷ്ട്രയുടേതും യഥാക്രമം 73-ഉം,69-ഉം. ശരാശരി കേരളീയന്റെ ആയുര്‍ദൈര്‍ഘ്യം 72 ആയിരിക്കുമ്പോള്‍, ഗുജറാത്തില്‍ അത്‌ 61-ലും, മഹാരാഷ്ട്രയില്‍ 63-ലും നില്‍ക്കുന്നു. വിഭവങ്ങളുടെ ലഭ്യതയെപ്പോലെത്തന്നെ പ്രധാനമാണ്‌ ആളുകളുടെ ആരോഗ്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും. കേരളത്തിന്റെ ശിശു മരണ നിരക്കും, ആയുര്‍ദൈര്‍ഘ്യവും അമേരിക്കയുടേതിനു തുല്ല്യമാണ്‌. ഡോക്ടര്‍മാരേക്കാള്‍ അധികം നേഴ്സുമാരുള്ള രാജ്യത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനുണ്ട്‌.

പക്ഷേ കേരളം ഇന്ത്യയല്ലല്ലോ. ആരോഗ്യരംഗത്ത്‌ കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണങ്ങള്‍ ഗവണ്മെണ്ട്‌ കൊണ്ടുവന്നതോടെ, നഗരങ്ങളിലെ പൊതുസേവനങ്ങള്‍കൂടി തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. അതേ സമയം, സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളാകട്ടെ കൂടുതല്‍ ചിലവേറിയതും, ജനങ്ങളോട്‌ മറുപടി പറയാന്‍ ബാധ്യതയില്ലാത്തവരുമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ആ സ്വകാര്യമേഖലയെ കൂട്ടുപിടിച്ചാല്‍, അതിന്റെ ഫലം, ദരിദ്രരായ ആളുകള്‍ കൂടുതല്‍ പാപ്പരാവുക എന്നതു മാത്രമായിരിക്കും. ഗവണ്മെന്റിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ത്തന്നെ, ആ ഒരു പ്രവണതയ്ക്ക്‌ വേഗം പകരുന്നുണ്ട്‌. 1992-93-ലെ ബഡ്ജറ്റില്‍, ദേശീയ മലമ്പനി നിവാരണ പദ്ധതിക്കുള്ള പണം, കേന്ദ്രസര്‍ക്കാര്‍ 43 ശതമാനമായി കുറച്ചു. അതേ ബഡ്ജറ്റില്‍ത്തന്നെ, പത്ത്‌ ശതമാനം ആളുകള്‍ക്ക്‌, 4800 കോടി രൂപയുടെ നികുതിയിളവുകള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ മറന്നില്ല. മറ്റു ആരോഗ്യ പദ്ധതികളെയും ഇത്‌ വിനാശകരമായി ബാധിച്ചു.'തുള്ളി തുള്ളി സിദ്ധാന്ത'ത്തിന്റെ(പാവപ്പെട്ടവരില്‍ നിന്ന് തട്ടിപ്പറിച്ച്‌ സമ്പന്നര്‍ക്ക്‌ കൊടുത്ത്‌, അതില്‍നിന്ന് പാവപ്പെട്ടവര്‍ക്ക്‌ എത്ര തുള്ളികള്‍ തിരികെ ലഭിക്കുന്നു എന്ന് ശ്വാസമടക്കിപ്പിടിച്ച്‌ നോക്കിയിരിക്കുക) ഒരു ചെറിയ ഉദാഹരണമായിരുന്നു ഇത്‌. മുകളിലേക്കു ചോര്‍ന്നത്‌ പൈസയും, താഴേക്ക്‌ ചോര്‍ന്നത്‌ മലമ്പനിയുമായിരുന്നു. പ്ലേഗ്‌ വന്നതില്‍ ഇനിയും നിങ്ങള്‍ അത്ഭുതപ്പെടുന്നുവോ?

ഇതേ സമയത്തു തന്നെ, മുംബൈയില്‍ അഞ്ചാമത്തെ പഞ്ച നക്ഷത്ര ആശുപത്രി ഉത്‌ഘാടനം ചെയ്യപ്പെട്ടിരുന്നു. ഗ്രാമീണ ഇന്ത്യയിലാകട്ടെ, അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം11,000 എന്ന ഘട്ടം പിന്നിടുമ്പോള്‍ അവര്‍ ദാരിദ്ര്യരേഖക്കു മുകളിലാവുകയും ചെയ്യുന്നു. മുംബൈയിലെ ഏതെങ്കിലും ഒരു പഞ്ച നക്ഷത്ര ആശുപത്രിയിലെ ഒരാഴ്ച്ചത്തെ ചിലവു ഇതിന്റെ എത്രയോ പതിന്മടങ്ങു വരും. അപ്പോള്‍ എങ്ങിനെയാണ്‌ ഒരു സാധാരണ ഇന്ത്യക്കാരന്‌ തന്റെ ചികില്‍സ താങ്ങാനാവുക? എങ്ങിനെയാണ്‌ അവര്‍ തങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കുക. ഗ്രാമങ്ങളില്‍, ചികില്‍സ തേടിയെത്തുന്ന നൂറുപേരില്‍ ഒന്‍പതു പേര്‍ക്കു മാത്രമ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള സേവനം ലഭ്യമാവുന്നുള്ളു. പൊതുജനാരോഗ്യ സംവിധാനം അവരെ എങ്ങിനെയാണ്‌ സഹായിക്കുക? പോരാ, ഏറ്റവും ദരിദ്രരായ പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗങ്ങളെ, സമൂഹത്തിന്റെ ഒരു മേഖലയിലും പ്രവേശനം ലഭിക്കാത്ത ആ ആളുകളെ എങ്ങിനെയാണത്‌ പരിപാലിക്കുന്നത്‌?

ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ചില ജില്ലകളില്‍ മാസങ്ങള്‍ ചിലവഴിച്ച്‌ ഞാന്‍ അന്വേഷിച്ചത്‌, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു. ഇനി പറയാന്‍ പോകുന്ന, ബീഹാറില്‍ നിന്നുള്ള ഒരു കഥയും, ഒറീസ്സയില്‍ നിന്നുള്ള രണ്ടു കഥകളും ആ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനുവേണ്ടി, സ്വകാര്യ വസതികളായും,കാലിത്തൊഴുത്തായിപ്പോലും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, നാമമാത്രമായ പ്രവര്‍ത്തനം മാത്രം നടക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടിവന്നിട്ടുണ്ട്‌. രോഗികളുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരേ സമയം ദരിദ്രനും,രോഗിയുമായിരിക്കുക എന്നത്‌ ഏന്തുതരം അവസ്ഥയാണെന്നു മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്‌.





പരിഭാഷകന്റെ കുറിപ്പ് - ഇതില്‍ ഉദ്ധരിച്ചിട്ടുള്ള കണക്കുകളില്‍ നിന്ന് ഭീമമായ വ്യതിയാനം വന്നിട്ടുണ്ട് സമീപകാലത്ത്. ഡോക്ടര്‍-നേഴ്സുമാരുടെ അനുപാതവും, കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വ്വഹണശേഷിയും, 1995 നു ശേഷം ആരോഗ്യരംഗത്ത് സംസ്ഥാനം ചിലവഴിക്കുന്ന സംഖ്യയുമെല്ലാം കാര്യമായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു.

Wednesday, August 15, 2007

ഒരു പേരിലെന്തിരിക്കുന്നു? ധ്രുവരോടു ചോദിക്കൂ!!

ഭാഗം 1 - അസംബന്ധത്തിനു ഒരു ലഘു മുഖവുര

അദ്ധ്യായം 3 - ഒരു പേരിലെന്തിരിക്കുന്നു? ധ്രുവരോടു ചോദിക്കൂ!!

മല്‍കാങ്കിരി (ഒറീസ്സ) - വിചിത്രമായ ആ ഉദ്യോഗസ്ഥഭരണ വിജ്ഞാനശകലം മാജി ധ്രുവക്കു വെളിവായത്‌ ആ ഇടത്തരം ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ്‌. "അതെ. രേഖകള്‍ പ്രകാരം നിങ്ങള്‍ ആദിവാസിയാണ്‌. പക്ഷേ നിങ്ങളുടെ സഹോദരന്‍ ആ വര്‍ഗ്ഗത്തില്‍ പെടില്ല".

മല്‍കാങ്കിരിയിലെ ധ്രുവ ഗോത്രത്തിലെ അംഗമായ മാജിക്ക്‌,ഇത്‌ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. തന്നെപ്പോലെതന്നെ, തന്റെ സഹോദരനും ആദിവാസിയാണെന്ന് അയാള്‍ ആണയിട്ടു പറഞ്ഞു. 'എങ്ങിനെയാണ്‌ ഞാനിതു നിങ്ങളോടു വിശദീകരിക്കുക? നിങ്ങള്‍ക്കാണെങ്കില്‍ എഴുത്തും വായനയുമൊട്ട്‌ നിശ്ചയവുമില്ല", ഉദ്യോഗസ്ഥന്‌ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ വന്ന ഒരു അക്ഷരപ്പിശകിന്റെയോ, അതല്ലെങ്കില്‍ ആ വര്‍ഗ്ഗത്തിന്റെ പേര്‍ എങ്ങിനെ ഉച്ചരിക്കണമെന്ന ഒരു തര്‍ക്കത്തിന്റേയോ, എന്തിന്റെയോ പേരില്‍, ചുരുക്കത്തില്‍, ഒരു ആദിവാസി ജനവിഭാഗമായിരുന്ന ധ്രുവര്‍ക്ക്‌ തങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു.

മാജി ഈ കഥ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ സംഭവം സത്യമായിരുന്നു.

ഞങ്ങള്‍ ആ രണ്ടു രേഖകളും നോക്കി. ആദ്യത്തേത്‌, ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന, പട്ടികര്‍ഗ്ഗക്കാരുടെ ഔദ്യോഗിക ലിസ്റ്റായിരുന്നു. രണ്ടാമത്തേതാകട്ടെ, ഭുവനേശ്വറില്‍നിന്നും പ്രസിദ്ധീകരിച്ച, "ഒറീസ്സയിലെ പട്ടിക-ജാതി, പട്ടിക വര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍". രണ്ടിലും ഈ ആദിവാസികളെ 'ധാരുവ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മാജിയുടെ വര്‍ഗ്ഗക്കാര്‍ പൊതുവെ അറിയപ്പെടുന്നത്‌, ധ്രുവ എന്ന പേരിലാണ്‌. പ്രദേശികരേഖകളിലും ആ പേരില്‍ത്തന്നെയാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്‌. 'ധ്രു' എന്നത്‌, 'ധ' എന്നായപ്പോള്‍, അവരുടെ അവകാശങ്ങള്‍ അപഹരിക്കപ്പെട്ടു.

"നിങ്ങളുടെ സഹോദരനെ ആദിവാസിയായി കണക്കാക്കാന്‍ സാധിക്കില്ല. രേഖകള്‍ പ്രകാരം അയാള്‍ ധ്രുവനാണ്‌. ആ പേരില്‍ ഒരു വര്‍ഗ്ഗം ഞങ്ങളുടെ ലിസ്റ്റിലില്ല. ഞങ്ങളുടേതില്‍ ധാരുവ മാത്രമെ ഉള്ളു". തന്റെ സര്‍ട്ടിഫിക്കറ്റിലും ധ്രുവ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തന്നെ ആദിവാസിയായി കണക്കാക്കുന്നുണ്ടല്ലൊ എന്ന് ചോദിച്ചപ്പോള്‍, "അതൊന്നും എനിക്കറിയില്ല, ഇപ്പോള്‍ നിയമം മാറിയിട്ടുണ്ട്‌" എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.

ധ്രുവക്കാരുടെ എണ്ണം ആകെയെടുത്താല്‍ ഒന്‍പതിനായിരത്തിനു താഴെ മാത്രമേ വരൂ. ഇവരില്‍, അധികവും, മല്‍കാങ്കിരി, കോറാപുട്‌ ജില്ലകളിലാണ്‌ ജീവിക്കുന്നത്‌.ജനസംഖ്യ കണക്കെടുപ്പിലും 'ധാരുവ' എന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്‌. അങ്ങിനെ, ഭരണത്തിലെ മേല്‍-കീഴ്‌ തലങ്ങളില്‍ ഈ വര്‍ഗ്ഗക്കാര്‍ക്ക്‌ രണ്ടു വ്യത്യസ്ത പേരുകള്‍ നിലവിലുണ്ടായിരുന്നു. ചില ചെറുകിട ഉദ്യോഗസ്ഥര്‍ കുറച്ചു കാലം മുന്‍പു ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നവരെയെങ്കിലും വര്‍ഷങ്ങളായി ഈ രണ്ടു പേരുകളും, പക്ഷേ, സമാധാനപരമായി സഹവര്‍ത്തിക്കുകയും ചെയ്തിരുന്നു.

തൊഴിലിലും, വിദ്യഭ്യാസത്തിലുമൊക്കെ തങ്ങള്‍ക്ക്‌ അവകാശപ്പെട്ട സംവരണങ്ങള്‍ ലഭ്യമാവാന്‍ പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ ഇത്തരം ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അത്യന്താപേക്ഷിതമാണ്‌. അതിനുവേണ്ടി അലയുമ്പോഴാണ്‌, ഒരു സുപ്രഭാതത്തില്‍ അവരറിയുന്നത്‌, തങ്ങള്‍ പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്നവരല്ല എന്നുള്ള 'ഔദ്യോഗിക സത്യം'!

മാജിയെപ്പോലുള്ള പ്രായം ചെന്ന ധ്രുവര്‍ക്ക്‌, നിലവില്‍ സാധുതയുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ട്‌. ഇതൊരു പ്രത്യേക സ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ഇടയാക്കി. "ഔദ്യോഗികമായി എന്റെ അച്ഛനും ഞാനുമൊക്കെ ആദിവാസികളാണ്‌. പക്ഷേ, സഹോദരന്‍ അല്ല താനും. അതെങ്ങിനെയാണ്‌?" മാജി ചോദിച്ചു. അയാള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി തന്നു. അതൊരു അസ്സല്‍ രേഖതന്നെയായിരുന്നു. സംശയമില്ല.

മല്‍കാങ്കിരിയിലെ പ്രധാന പട്ടണത്തില്‍വെച്ച്‌ മാജിയേയും സഹോദരനേയും കണ്ടു. മഥിലി ബ്ലോക്കിലെ കുറച്ച്‌ ചെറുപ്പക്കാരായ ധ്രുവര്‍, ചില തൊഴിലുടമകളെ തങ്ങള്‍ ധ്രുവരാണെന്നു ബോദ്ധ്യപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും, ആ 'ധ്രു'വും, 'ധ'യും വലിയ കീറാമുട്ടികളായിരുന്നു. "ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചുകൊടുത്തു. എന്നിട്ടും അവര്‍ കുലുങ്ങുന്നില്ല" നിരാശനായ മാജി പറയുന്നു.

ഞങ്ങള്‍ക്കു പരിശോധിക്കാന്‍ കിട്ടിയ ഏറ്റവും ആധികാരികമായ ഒരു രേഖയും, ആദിവാസികളുടെ ഈ അവകാശത്തെ ശരിവെക്കുന്നതായിരുന്നു. മല്‍കാങ്കിരിയിലെ **അവകാശരേഖകളില്‍, ഓരോന്നിലും ധ്രുവ എന്നായിരുന്നു അടയാളപ്പെടുത്തിയിരുന്നത്‌. മാത്രവുമല്ല, ധാരുവ എന്ന പേരില്‍ ഒരു അപേക്ഷപോലും, ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി തഹസില്‍ദാരുടെ ഓഫീസില്‍ ഉണ്ടായിരുന്നതുമില്ല."ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ആ പേരില്‍ ഒരു ജാതിയേ ഇവിടെ ഇല്ല" ഒരു ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

"ഉദ്യോഗസ്ഥവൃന്ദം ഒരു പുതിയ വര്‍ഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നു", ഒരു ലോഡ്ജുടമ ചിരിച്ചു കൊണ്ടു പറഞ്ഞു. ഒരു അക്ഷരപ്പിശകു സൃഷ്ടിച്ച അരാജകത്വത്തെ അവിശ്വാസത്തോടെമാത്രമേ നമുക്ക്‌ കാണാനാകൂ. ജില്ലയില്‍ ഗുമസ്തന്മാരുടെ തസ്തികകളിലേക്ക്‌ നിയമനം നടക്കുന്നതുകൊണ്ട്‌ ഈ സീസണില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാവുകയും ചെയ്തു. ഒറീസ്സയുടെ നിലവാരം വെച്ചു നോക്കിയാല്‍പ്പോലും, മല്‍കാങ്കിരിയിലെ തൊഴിലില്ലായ്മ വളരെ ഉയര്‍ന്ന തോതിലായിരുന്നു. (ഒറീസ്സയിലെ ആകെയുള്ള 32 ദശലക്ഷം ജനങ്ങളില്‍, രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം ഒന്നര ദശലക്ഷമാണ്‌).

മെട്രിക്കുലേഷന്‍ കടന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളു, ധ്രുവരില്‍. അവര്‍ ഏതായാലും ഒരു ഭാഗ്യപരീക്ഷണത്തിനു തയ്യാറായി വന്നു. ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യം, അത്‌ അവര്‍ക്ക്‌ തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌, ചന്ദനും, മംഗളും, ഗോപാല്‍ ധ്രുവനും നിരാശരായി മടങ്ങി. "അവര്‍ ഞങ്ങളെ ഉദ്യോഗാര്‍ഥികളായിപ്പോലും കാണാന്‍ തയ്യാറായില്ല" ഗോപാല്‍ പറയുന്നു. ഇതൊരു ദുരവസ്ഥയാണ്‌. ഈ വിഭാഗത്തിന്റെ സാക്ഷരതാ ശതമാനം 7 ശതമാനത്തിലും താഴെ മാത്രമായിരുന്നു.ആ നിസ്സാരമായ ശതമാനത്തില്‍പ്പെടുന്നവരെപ്പോലും ജോലിക്കു പരിഗണിക്കാതിരിക്കുക എന്നത്‌ എന്തായാലും അഭികാമ്യമായ ഒരു അവസ്ഥയല്ല.

ഈ പ്രശ്നം പക്ഷെ പരിഹരിക്കാവുന്നതായിരുന്നു. അവര്‍ക്ക്‌ ഒരു കാര്യത്തില്‍ അല്‍പം ഭാഗ്യമുണ്ട്‌. മല്‍കാങ്കിരിയില്‍ പുതിയതായി വന്ന തഹസില്‍ദാര്‍, ആര്‍.കെ.പാത്ര സംവേദനക്ഷമതയും സഹാനുഭൂതിയുമുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു.അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനില്‍ ഇവ രണ്ടും, പൊതുവെ അപൂര്‍വ്വ ഗുണഗണങ്ങളുമായിരുന്നു.

പാത്ര വന്നിട്ട്‌ മാസങ്ങളേ ആയിരുന്നുള്ളു. കാര്യങ്ങളുടെ നിജസ്ഥിതി ധരിപ്പിച്ചപ്പോള്‍ അയാള്‍ ഉടനടി നടപടിയെടുത്തു. അവകാശരേഖയും മറ്റു കടലാസ്സുകളും പരിശോധിച്ചതിനുശേഷം, ബന്ധപ്പെട്ടവര്‍ക്ക്‌ അദ്ദേഹം കത്തെഴുതി. മല്‍കാങ്കിരിയില്‍ ധാരുവ എന്നൊരു ആദിവാസി വിഭാഗമില്ലെന്നും, ധ്രുവര്‍ മാത്രമേ ഉള്ളുവെന്നുമായിരുന്നു കത്തിലെ കാതലായ ഭാഗം.

"ഇതിലെ ഏറ്റവും അസംബന്ധമായ കാര്യം, പുറത്തുനിന്നൊരാളുടെ ഇടപെടല്‍ വേണ്ടിവന്നു ഈയൊരു കാര്യം ശരിയാക്കാന്‍ എന്നുള്ളതാണ്‌", ഭുവനേശ്വറിലെ ഒരു ഉദ്യോഗസ്ഥന്‍ പിന്നീട്‌ ഒരിക്കല്‍ എന്നോട്‌ പറഞ്ഞു. "ഏറ്റവും ചുരുങ്ങിയത്‌, നിയമപരമായിട്ടുപോലും, ആദിവാസികള്‍ക്കു അവരുടെ കാര്യങ്ങള്‍ നടത്താനോ, ശരിയാക്കിയെടുക്കാനോ പറ്റാത്ത വിധത്തിലുള്ള ഒരു സംവിധാനം നമ്മള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അവര്‍, ആദിവാസികള്‍ നിസ്സഹായരാണ്‌. ഉദ്യോഗസ്ഥന്മാരെ സമീപിക്കാനോ, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക്‌ സാധിക്കുന്നില്ല".

അഭ്യസ്ഥവിദ്യരായിട്ടുപോലും, മാജിയുടെ സഹോദരനും അയാളുടെ സുഹൃത്തുക്കള്‍ക്കും തങ്ങളുടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനായില്ല. ജില്ലയിലെ പൊതു സാക്ഷരതാ നിലവാരം 16 ശതമാനവും, ആദിവാസികളുടേത്‌ 7 ശതമാനത്തിലും താഴെ മാത്രം ഉള്ളപ്പോഴാണ്‌ ഈ സ്ഥിതി എന്നു കൂടി നമ്മള്‍ ഓര്‍ക്കണം.

മല്‍കാങ്കിരി ഇന്ത്യന്‍ ആദിവാസി ഭൂമികയുടെ ഒരു ലഘു പരിച്ഛേദമാണ്‌. ഒറീസ്സയിലെ 72 ആദിവാസി വിഭാഗങ്ങളിലെ ഏകദേശം എല്ലാ വിഭാഗക്കാരുടേയും പ്രതിനിധികള്‍ മല്‍കാങ്കിരിയിലുണ്ട്‌. ഓരോ വിഭാഗത്തിനും അവരുടേതായ വാമൊഴികളുമുണ്ട്‌. മുഖ്യധാരാഭാഷകളിലെ ലിപികള്‍ക്ക്‌ ഈ വാമൊഴികളെ പൂര്‍ണ്ണമായും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 'ധ്രുവ-ധാരുവ' പദക്കുരുക്ക്‌ ഇതിന്റെകൂടി ഫലമാണെന്നും വരാം.

അതിശയമെന്നു തോന്നാം. ആദിവാസികളല്ലാതിരുന്നിട്ടും, ആണെന്ന അവകാശത്തില്‍ ചിലര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ബുദ്ധിമുട്ടൊന്നും കൂടാതെത്തന്നെ. ഇത്തരക്കാര്‍ കൂടുതലും, പണ്ടത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍(ഇന്നത്തെ ബംഗ്ലാദേശ്‌) നിന്നുള്ള ബംഗാളി ഹിന്ദു കുടിയേറ്റക്കാരാണ്‌. 1965-ലെ യുദ്ധത്തിനുശേഷം മല്‍കാങ്കിരിയില്‍ കുടിയേറിപ്പാര്‍ത്ത ഇക്കൂട്ടര്‍ക്ക്‌ സര്‍ക്കാര്‍ സ്ഥലം കൊടുത്തിരുന്നു. ഈ ഭൂമിക്ക്‌ നിയമപരമായ പട്ടയവും ഉണ്ടായിരുന്നു ഇവര്‍ക്ക്‌.

ഇവിടെ സംഭവഗതി ഇപ്രകാരമാണ്‌. ജാതി സര്‍ട്ടിഫിക്കറ്റു കിട്ടണമെങ്കില്‍ മതിയായ താമസരേഖകള്‍ വേണം. തനിക്ക്‌ ഭൂമിയുണ്ട്‌ എന്നു കാണിക്കാന്‍ ഉതകുന്ന പട്ടയം ഹാജരാക്കുന്നവര്‍ക്ക്‌ താമസരേഖകള്‍ എളുപ്പത്തില്‍ കിട്ടും. അങ്ങിനെ,ഒരു ഭൂവുടമക്കോ, കുടിയേറിപ്പാര്‍ത്ത ഒരു ബംഗാളി ഹിന്ദുവിനോ എളുപ്പത്തില്‍ തന്റെ സ്ഥലം രജിസ്റ്റ്രര്‍ ചെയ്യാന്‍ ഇത്‌ സഹായിക്കുന്നു. ആധാരം എഴുത്തുകാരനോട്‌ താന്‍ ഇന്ന പട്ടിക-ജാതിക്കാരന്‍ അല്ലെങ്കില്‍, പട്ടിക-വര്‍ഗ്ഗക്കാരനാണ്‌ എന്നു പറഞ്ഞാല്‍ മാത്രം മതിയാകും.

ആധാരം എഴുത്തുകാരന്‌ ജാതി പരിശോധിക്കേണ്ടതില്ല. ഉടമസ്ഥതാ രേഖകള്‍ യഥാര്‍ത്ഥമാണെന്ന് ഉറപ്പുവരുത്തിയാല്‍ മതി. അവയാകട്ടെ, മിക്കവാറും യഥാര്‍ത്ഥമായിരിക്കുകയും ചെയ്യും. അങ്ങിനെ, ജാതിയെക്കുറിച്ചുള്ള വ്യാജമായ ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സത്യസന്ധമായ ഒരു ആധാരം, ആധാരം എഴുത്തുകാരന്‍ അപേക്ഷകന്‌ നല്‍കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്‌, താമസ സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും ഒക്കെ എളുപ്പത്തില്‍ കൈവരികയും ചെയ്യുന്നു.

പല ആദിവാസികളും പട്ടയമില്ലാത്തവരോ, ഭൂമിതന്നെ കൈവശമില്ലാത്തവരോ ആണ്‌. അതുകൊണ്ട്‌, ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുകയെന്നത്‌, അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്‌. ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്ന ഉയര്‍ന്ന ജാതിക്കാരാകട്ടെ വിജയം കൊയ്യുകയും ചെയ്യുന്നു. സാക്ഷരതയുടെ കാര്യത്തില്‍ അവര്‍ പണ്ടേ നേടിക്കഴിഞ്ഞ മേല്‍ക്കൈ ഇതിനവരെ സഹായിക്കുകയും ചെയ്യുന്നു.

മാജി ധ്രുവയുടേയും സഹോദരന്റേയും പ്രശ്നങ്ങള്‍ ഏതായാലും തത്ക്കാലം പരിഹരിക്കപ്പെട്ടിട്ടുണ്ട്‌.നന്ദി പറയേണ്ടത്‌ മല്‍കാങ്കിരിയിലെ മാന്യനായ ആ ഉദ്യോഗസ്ഥനോടാണ്‌. പക്ഷേ, ഭുവനേശ്വറിലെ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞപോലെ; "ഒരു പത്രം ഇടപെട്ടപ്പോള്‍ കാര്യം വേഗം നടന്നു. പക്ഷേ ഒരു വര്‍ഷം മുന്‍പ്‌ ആദിവാസികള്‍തന്നെ സ്വയം ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ എന്തുകൊണ്ട്‌ കാര്യങ്ങള്‍ ഇത്ര എളുപ്പത്തില്‍ നടന്നില്ല? നമ്മുടെ നിലവിലുള്ള സംവിധാനം പാവങ്ങളുടെ കാര്യത്തില്‍ തീരെ അപര്യാപ്തമാണ്‌. ആദിവാസികളുടേയും ഹരിജനങ്ങളുടെയും കാര്യത്തിലായാല്‍ പിന്നെ പറയുകയും വേണ്ട".


** അവകാശ രേഖ എന്നതുകൊണ്ട് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല

Tuesday, August 14, 2007

രാമദാസ്‌ കോര്‍വയുടെ എവിടേക്കുമെത്താത്ത വഴി - അധ്യായം-2

ഭാഗം -1 അസംബന്ധത്തിന് ഒരു ലഘു മുഖവുര
രാമദാസ്‌ കോര്‍വയുടെ എവിടേക്കുമെത്താത്ത വഴി - അധ്യായം-2


വാദ്രോഫ്‌ നഗര്‍, സര്‍ഗുജ(മദ്ധ്യ പ്രദേശ്‌)

സര്‍ക്കാര്‍ തനിക്കു 17.44 ലക്ഷം വിലയിട്ടു എന്നറിഞ്ഞിട്ടും, രാമദാസ്‌ കോര്‍വക്കു എന്തുകൊണ്ടോ, സന്തോഷിക്കാനായില്ല. "ഇത്രയധികം വില വരുന്ന ഒരു റോഡ്‌ എന്റെ പേരില്‍ അവര്‍ ഉണ്ടാക്കാന്‍പോവുന്നു എന്ന് ഞാന്‍ അറിഞ്ഞതേയില്ല" രച്‌കേത ഗ്രാമത്തിലെ തന്റെ വീട്ടില്‍ വെച്ച്‌ രാംദാസ്‌ പറഞ്ഞു.

ഒരു ആദിവാസിയുടേയും അയാളുടെ കുടുംബത്തിന്റേയും പേരില്‍ നിര്‍മ്മിച്ച ഒരു റോഡോ? ഇത്‌ വാഡ്രോഫ്‌ നഗര്‍, സര്‍ഗുജ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശം. 1993-ല്‍, അധികാരികള്‍ രച്‌കേത ഗ്രാമത്തിലേക്കു നീളുന്ന ഒരു 3 കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

അവരത്‌ ചെയ്തത്‌ ഗിരിവര്‍ഗ്ഗവികസനത്തിന്റെ പേരിലാണ്‌. 1994-ല്‍, രച്‌കേതയിലെ കാടിന്റെ അറ്റത്ത്‌ അവര്‍ സ്ഥാപിച്ച ബോര്‍ഡ്‌ അഭിമാനത്തോടെ വിളിച്ചു പറയുന്നു. "കോര്‍വ വികസന പദ്ധതി-റോഡ്‌ നിര്‍മാണം: നീളം-3 കി.മീ.; ഏകദേശ ചിലവ്‌-17.44 ലക്ഷം"

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നായ സര്‍ഗുജയില്‍, ഗിരിവര്‍ഗ്ഗ ജനസംഖ്യ 55 ശതമാനമാണ്‌. കോര്‍വക്കാര്‍, പ്രത്യേകിച്ചും പഹാഡി കോര്‍വ അഥവാ, ഗിരിവര്‍ഗ്ഗ കോര്‍വ എന്നു പറയുന്ന വിഭാഗക്കാര്‍ ഈ അന്‍പത്തഞ്ചിലെ, അവസാനത്തെ 5 ശതമാനത്തില്‍ ഉള്‍പ്പെടുന്നു. കോര്‍വ വിഭാഗത്തെ, സര്‍ക്കാര്‍ ഒരു പുരാതന ഗോത്രമായി കണക്കില്‍ പെടുത്തിയിട്ടുമുണ്ട്‌ (അതിര്‍ത്തിക്കപ്പുറത്ത്‌ ബീഹാറിലും ഇക്കൂട്ടരെ നേരിയ തോതില്‍ കാണാം). അവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും തുടങ്ങിവെച്ചിട്ടുണ്ട്‌. ധാരാളം പണച്ചിലവുള്ള പദ്ധതികള്‍. അതിലൊന്നായ പഹാഡി (ഗിരിവര്‍ഗ്ഗ)കോര്‍വ പദ്ധതിക്കു മാത്രം 42 കോടി രൂപ, അഞ്ചു വര്‍ഷങ്ങളിലേക്കായി നീക്കിവെച്ചിരിക്കുന്നു.

ആകെയുള്ള ഏകദേശം 15,000 പഹാഡി കോര്‍വകളില്‍, കൂടുതലും സര്‍ഗുജയിലാണ്‌. പക്ഷെ, രാഷ്ട്രീയമായ ചില കാരണങ്ങളാല്‍, പദ്ധതിയുടെ പ്രധാന കേന്ദ്രം റായ്ഗഡ്‌ ജില്ലയിലും. ഈ പഹാഡി കോര്‍വ പദ്ധതിയിലാണ്‌ രാംദാസിന്റെ റോഡ്‌ ഉയര്‍ന്നുവന്നത്‌.

പഹാഡി കോര്‍വ മാര്‍ഗ്‌ അഥവാ, പഹാഡി കോര്‍വ പാത നിര്‍മ്മിക്കുന്നതില്‍ ഒരു ചെറിയ പ്രശ്നം മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു. ആ ഗ്രാമത്തില്‍ പഹാഡി കോര്‍വകളില്ല എന്നത്‌. രാംദാസിന്റെ കുടുംബം ഒരു അപവാദം മാത്രം.

"ഗിരിവര്‍ഗ്ഗ വികസനത്തിനു ധാരാളം ഫണ്ടുകള്‍ വകയിരുത്തിയിട്ടുള്ളതുകൊണ്ട്‌, അവര്‍ക്കു ഉപകരിക്കാനെന്ന പേരില്‍ ധാരാളം പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌. പൈസ ഒഴുകിത്തുടങ്ങാന്‍ അതാവശ്യമാണ്‌. ഗിരിവര്‍ഗ്ഗക്കാര്‍ക്കു അതുകൊണ്ട്‌ മെച്ചമുണ്ടോ, ഇല്ലയോ എന്നത്‌ ഒരു പ്രശ്നമേ ആവുന്നില്ല. ഒരു നീന്തല്‍ക്കുളമായാലും, ബംഗ്ലാവായാലും എല്ലാം, ഇവിടെ അതൊക്കെ ഗിരിവര്‍ഗ്ഗ വികസനത്തിന്റെ പേരിലാണ്‌ നിര്‍മ്മിക്കുന്നത്‌" ഒരു എന്‍.ജി.ഒ. പ്രവര്‍ത്തകന്‍ പറയുന്നു.

ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള തിരക്കിനിടയില്‍, രച്‌കേത ഗ്രാമത്തില്‍ ഒരു പഹാഡി കോര്‍വയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ എന്നു അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. രാംദാസിന്റെ കുടുംബത്തെ കൂടാതെ, മറ്റു രണ്ടു കോര്‍വ കുടുംബങ്ങള്‍ മാത്രമേ ആ പ്രദേശത്തുണ്ടായിരുന്നുള്ളു. ആ രണ്ടു കുടുംബങ്ങളാകട്ടെ, റോഡില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുമായിരുന്നു.

രണ്ടാമതായി, അവിടെ ഇതിനു മുന്‍പു തന്നെ ഒരു നടപ്പാത ഉണ്ടായിരുന്നു. "അവര്‍ അതിന്റെ മുകളില്‍ ചുവന്ന മണ്ണിട്ടു", രാംദാസിന്റെ മകന്‍ പറഞ്ഞു. 17.44 ലക്ഷം ചിലവിട്ടിട്ടുപോലും, അതൊരു നല്ല റോഡാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ആകെ സാധിച്ചത്‌, 6 അടി ഉണ്ടായിരുന്ന റോഡിനെ 4.5 അടി ആക്കാന്‍ മാത്രമാണ്‌. എന്നാല്‍ അതിന്റെ ചിലവോ...!", എന്റെ എന്‍.ജി.ഒ.സുഹൃത്ത്‌ ചോദിക്കുന്നു.

'ആരും ഞങ്ങളോട്‌ സംസാരിച്ചില്ല. ആരും ഞങ്ങളെ സന്ദര്‍ശിച്ചതുമില്ല. അവര്‍ അംബികപുരത്തുനിന്നു (ജില്ലാ തലസ്ഥാനം) വരും. പോവും", രാംദാസ്‌ പറയുന്നു. "പക്ഷേ, ഒരു ദിവസം ആ ബോര്‍ഡിനെക്കുറിച്ച്‌ ഗ്രാമത്തില്‍ വെച്ച്‌ ആളുകള്‍ എന്നോട്‌ തമാശയായി പറഞ്ഞു.- ഇതു നിന്റെ റോഡാണെന്ന്".

രാംദാസിന്‌ അക്ഷരാഭ്യാസമില്ല. അതുകൊണ്ട്‌, പരസഹായമില്ലാതെ ബോര്‍ഡ്‌ വായിക്കാന്‍ ആവില്ല. ഏറ്റവും വലിയ വിരോധാഭാസം "ഞങ്ങളുടെ പേരിലുണ്ടാക്കിയ ഈ റോഡ്‌ അവസാനിക്കുന്നത്‌, ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ മാറിയാണ്‌" എന്നതാണ്‌, രാംദാസ്‌ പറയുന്നു. " എല്ലാവരും ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ ആ ബോര്‍ഡ്‌ തിടുക്കത്തില്‍ എടുത്ത്‌ മാറ്റി".

"ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'പാഹാഡി കോര്‍വ മാര്‍ഗ്‌' എന്നെഴുതിയ മറ്റൊരു ബോര്‍ഡും അവരെടുത്ത്‌ കൊണ്ടുപോയി", രാമാവതാര്‍ എന്ന മറ്റൊരാള്‍ പറഞ്ഞു. പക്ഷെ അതിനു മുന്‍പു തന്നെ, സ്ഥലത്തെ ഒരു ഫോട്ടോഗ്രാഫര്‍ ആദ്യത്തെ ബോര്‍ഡ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. "അവര്‍ ആകെ പരിഭ്രമിച്ചു". കാരണം അവര്‍ അത്‌ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചിരുന്നുവെങ്കില്‍, അവര്‍ക്ക്‌ മനസ്സിലാകുമായിരുന്നു, രച്‌കേത ഗ്രാമം കോര്‍വക്കാരുടേതല്ല, ഗോണ്ട്‌ വര്‍ഗ്ഗക്കാരുടേതാണെന്ന്. ഈ പദ്ധതികളൊക്കെ അതു കൊണ്ടുവരുന്ന പൈസയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌, കോര്‍വക്കാര്‍ക്കോ, മറ്റുള്ളവര്‍ക്കോ വേണ്ടിയുള്ളതല്ല.". എന്‍.ജി.ഒ.പ്രവര്‍ത്തകന്‍ പറഞ്ഞു.

പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്കാണ്‌ അയാള്‍ വിരല്‍ ചൂണ്ടിയത്‌. 1991-ലെ ഒരു സര്‍വ്വെ പ്രകാരം, രാംദാസിന്റെ കുടുംബം ഒഴിച്ചാല്‍, ഗ്രാമത്തിലെ ബാക്കിയുള്ള 249 വീടുകളും ഗോണ്ട്‌ വര്‍ഗ്ഗക്കാരുടേതാണ്‌. റോഡുകളും വികസനവും, സര്‍ഗുജയിലെ നീറുന്ന പ്രശ്നങ്ങളാണ്‌. ജില്ല കളക്ടര്‍ ആര്‍.കെ.ഗോയല്‍ സൂചിപ്പിച്ചത്‌, റോഡുകളും വിനിമയവും "ഞങ്ങളുടെ പ്രധാന പ്രശ്നം" ആണെന്നാണ്‌. ഈ ജില്ലയുടെ മൊത്തം വിസ്തീര്‍ണ്ണം, ദില്ലി, ഗോവ, നാഗലാണ്ട്‌ എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ മൊത്തം വലിപ്പത്തേക്കാള്‍ അധികമാണ്‌. എന്നിട്ടും, ആ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഈ ജില്ലയിലുള്ളു.

രാംദാസ്‌ കോര്‍വ റോഡിന്റെ ചിലവ്‌, 17 ലക്ഷത്തിനു മുകളിലാണ്‌. ഇതിനേക്കാള്‍ കുറഞ്ഞ ചിലവില്‍, കൂടുതല്‍ നീളമുള്ള റോഡുകള്‍ വനം വകുപ്പ്‌ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌, റോഡിനും, വികസനത്തിനും അടിയന്തിര പ്രാധാന്യം നല്‍കുന്നു എന്ന് വരുത്തിതീര്‍ക്കുമ്പോള്‍ തന്നെ, ജില്ലയിലെ പാവപ്പെട്ടവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത്‌.

രാംദാസിന്റെ തന്നെ ആവശ്യങ്ങള്‍ എടുത്താല്‍ അവ വളരെ പരിമിതമാണ്‌. "എനിക്കു ഏറ്റവും ആവശ്യം, വെള്ളമാണ്‌", "വെള്ളമില്ലെങ്കില്‍ നിങ്ങളെങ്ങിനെയാണ്‌ കൃഷി നടത്തുക?" അയാള്‍ ചോദിക്കുന്നു. കുറേയേറെ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. " ആ റോഡിനു 17.44 ലക്ഷം ചിലവഴിക്കുന്നതിനു പകരം, കുറച്ചു പൈസ അവര്‍ എന്റെ ആ ഇടിഞ്ഞുപൊളിഞ്ഞ കിണര്‍ ശരിയാക്കിയെടുക്കാന്‍ ചിലവാക്കിയിരുന്നെങ്കില്‍, അതായിരുന്നില്ലേ കൂടുതല്‍ നല്ലത്‌? ഭൂമിയില്‍ അല്‍പം മാറ്റങ്ങളൊക്കെ ആവശ്യംതന്നെ. പക്ഷേ, ആദ്യം വെള്ളം തന്നതിനു ശേഷം ആവാമായിരുന്നില്ലേ ഇതൊക്കെ?"

ഗ്രാമീണര്‍ അയാളുടെ ന്യായങ്ങള്‍ ശരി വെക്കുന്നു. റവന്യു കണക്കുകള്‍ പ്രകാരം, രച്‌കേതയില്‍ കൃഷിയോഗ്യമായ 4,998.11 ഏക്കര്‍ നിലമുണ്ട്‌. ഇതില്‍, 0.26 ശതമാനത്തില്‍ മാത്രമേ ജലസേചനമുള്ളു.

അല്‍പം ആലോചിച്ചതിനുശേഷം, രാംദാസ്‌, തന്റെ അയല്‍ക്കാരന്‍ ഒരു പണ്ടിറ്റ്‌ മാധവ്‌ മിശ്ര, തന്റെ നല്ല ഒന്‍പത്‌ ഏക്കര്‍ ഭൂമി കൈക്കലാക്കിയതിനെക്കുറിച്ചും പറഞ്ഞു. "ഇതില്‍ ഞങ്ങള്‍ അരി കൃഷി ചെയ്തിരുന്നു". 400 ഏക്കറോളം ഭൂമി കൈവശമുണ്ടായിരുന്ന മിശ്ര, ഭൂപരിധി നിയമങ്ങളെ ഇതിനോടകംതന്നെ വേണ്ടുവോളം ലംഘിച്ചിട്ടുണ്ടായിരുന്നു.

ഈ ഭൂമി തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയെല്ലാം അസ്തമിച്ചു കഴിഞ്ഞിരുന്നു രാംദാസിന്‌. മിശ്രയുടെ കയ്യേറ്റം നിയമലംഘനമാണെന്നുപോലും അയാള്‍ക്കറിയില്ല. (പണ്ട്‌, രാംദാസിന്റെ അച്ഛന്‍ അസുഖമായി കിടന്നപ്പോള്‍, തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും, അവര്‍ തങ്ങള്‍ക്കു പൈസ തരാനുണ്ടെന്നുമായിരുന്നു മിശ്രയുടെ വാദം).

മദ്ധ്യപ്രദേശ്‌ ലാന്‍ഡ്‌ റവന്യൂ നിയമത്തിലെ 170-ബി സെക്‍ഷന്‍, ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടുത്തലും, കൈമാറലും കര്‍ശനമായി വിലക്കിയിട്ടുണ്ട്‌. പക്ഷെ, പ്രാദേശിക അധികാരികള്‍ മിശ്രയുടെ കൂടെയാണ്‌. "ഭൂമി തിരിച്ചു കിട്ടാന്‍ ഞാന്‍ പട്‌വാരിക്കു 500 രൂപ കൊടുത്തു. പക്ഷേ, അയാള്‍ക്ക്‌ 5000 കൂടി വേണമത്രേ. ഞാന്‍ എവിടെ നിന്നു കണ്ടെത്താനാണ്‌ ഇത്രയധികം പണം?" രാംദാസ്‌ ചോദിക്കുന്നു.

അയാളുടെ ഒന്‍പതംഗ കുടുംബം ഇപ്പോള്‍ കഷ്ടിച്ച്‌ ഒരു 5.80 ഏക്കറുകൊണ്ട്‌ ജീവിതം പുലര്‍ത്തുന്നു. അതും വലിയ വിളവൊന്നും തരാത്ത ഒരു ഭൂമിയില്‍. 'രാംദാസിന്റെ അനുഭവം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നവര്‍ക്കും അതിന്റെ ഗുണഭോക്താക്കള്‍ക്കുമിടയിലുള്ള ദൂരത്തെയാണ്‌ വെളിവാക്കുന്നത്‌" ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാംദാസിന്റെ പ്രശ്നങ്ങള്‍, ഭൂമി കയ്യേറ്റത്തിന്റെയും, കുടിവെള്ളത്തിന്റേയുമാണ്‌. സര്‍ക്കാരിന്റേത്‌, ഒരു അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റേയും. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരും, കരാറുകാരും ഇതൊരു പകല്‍ക്കൊള്ളയും പിടിച്ചുപറിയുമാക്കിത്തീര്‍ക്കുന്നു.

"പ്രാദേശിക വികസന സമീപനം" എന്ന് ഓമനപ്പേരിട്ട ഇത്തരം പദ്ധതികളില്‍ ഈ പിടിച്ചുപറിയും കൊള്ളയുമൊക്കെ പ്രയേണ എളുപ്പമാണ്‌. കാരണം, ഇവിടെ നടക്കുന്നത്‌, ഒരു നിശ്ചിത പ്രദേശത്തെയും, അതിനനുവദിച്ച ഫണ്ടിനെയും സ്വകാര്യ കരാറുകാരെ ഏല്‍പ്പിക്കലാണ്‌. അവരാകട്ടെ, പ്രദേശത്തെ ഉദ്യോഗസ്ഥരുടെയും, സ്വാര്‍ത്ഥലാഭക്കാരുടേയും സില്‍ബന്തികളുമാണ്‌. ഈ പ്രക്രിയയില്‍, എല്ലാ നയരൂപീകരണങ്ങളില്‍ നിന്നും ഗ്രാമീണര്‍ ഭംഗിയായി മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ഔദ്യോഗികമായ കണക്കു പരിശോധനകള്‍ ഇവിടങ്ങളില്‍ വളരെ അപൂര്‍വ്വവുമാണ്‌.

ഗിരിവര്‍ഗ്ഗ കോര്‍വകളുടെ പേരില്‍ ഇതുവരെ ചിലവഴിച്ച പണം എങ്ങിനെയൊക്കെ കൂടുതല്‍ ഗുണപരമായി ഉപയോഗിക്കാമായിരുന്നു എന്നൊരു കണക്കെടുപ്പും കൂട്ടത്തില്‍ നടത്തി, ഞങ്ങളുടെ കൂടെയുള്ള ഉദ്യോഗസ്ഥന്‍.

"ഈ പണം സ്ഥിരനിക്ഷേപമായി ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ അതിന്റെ പലിശ മാത്രം മതിയാവുമായിരുന്നു, ഈ കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ ചെയ്യാതെ തന്നെ സുഖമായി ജീവിക്കാന്‍, ഈ സര്‍ഗുജയിലെ ജീവിത നിലവാരം വെച്ചു നോക്കിയാല്‍."

അതേസമയം, കൊള്ള നിര്‍ബാധം നടന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ രച്‌കേതയിലുള്ളപ്പോള്‍, ഒരു അഭിഭാഷകന്‍, മുന്‍പുപറഞ്ഞ ആ എന്‍.ജി.ഒ.പ്രവര്‍ത്തകനോടു പറഞ്ഞുവത്രെ. "ഇത്തവണത്തെ വരള്‍ച്ചക്ക്‌, ഒരു ചെറിയ അണയുടെ കരാര്‍ പണി കിട്ടി. അതുകൊണ്ട്‌ ഒരു സ്കൂട്ടര്‍ വാങ്ങാനൊത്തു. അടുത്ത വര്‍ഷവും വരള്‍ച്ച ഉണ്ടായാല്‍ ഒരു പുതിയ ജീപ്പ്‌ വാങ്ങാം".

രാംദാസിന്റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നോ, അയാള്‍ക്ക്‌ എന്തൊക്കെയാണ്‌ ആവശ്യമെന്നോ, ആരും ചിന്തിച്ചില്ല, കൂടിയാലോചിച്ചില്ല. അതിനു പകരം, അയാളുടെ പേരില്‍, 17.44 ലക്ഷം പൊടിപൊടിച്ച്‌, അയാള്‍ക്കൊരിക്കലും ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു പാത നിര്‍മ്മിച്ചു അവര്‍.

രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്ത്‌ എവിടേക്കുമെത്താത്ത അയാളുടെ റോഡില്‍ ചെന്ന്, അവിടെനിന്നും, പരന്നുകിടക്കുന്ന തരിശുനിലത്തിലൂടെ ഞങ്ങള്‍ യാത്രയാരംഭിച്ചപ്പോള്‍, രാംദാസ്‌ അടുത്ത്‌ വന്ന് സൗമ്യമായി പറഞ്ഞു. " എന്റെ വെള്ളത്തിന്റെ പ്രശ്നത്തില്‍ എന്തെങ്കിലും ചെയ്യണം സര്‍".

Monday, August 13, 2007

ചുരുക്കം നല്ല മാതൃകകള്‍ - ധാരാളം അസംബന്ധങ്ങള്‍.

ഭാഗം 1 - അസംബന്ധത്തിന് ഒരു ലഘു മുഖവുര
അധ്യാ‍യം -1

നുവപാദ - (ഒറീസ്സ)- മംഗള്‍ സുനാനി ആവേശം കൊണ്ടു. അയാളുടെ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അയാള്‍ക്ക്‌ ഒരു അത്ഭുത പശുവിനെ കൊടുക്കുന്നു. പൂനയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ജേഴ്സി ബീജം കൊണ്ട്‌ അതിനെ അവര്‍ അതിനെ ഗര്‍ഭവതിയാക്കും. അങ്ങിനെ, കാലക്രമത്തില്‍, ധാരാളം കാളകളുടെയും, ധാരാളം പാല്‍ തരുന്ന പശുക്കളുടെയും ഉടമയാകും അയാള്‍.

ഉള്‍വാ ഗ്രാമത്തിലെ ഒരു ആദിവാസിയായ അയാള്‍, കുറച്ചു നാള്‍ക്കു ശേഷം സര്‍ക്കാരിനോട്‌ കൂടുതല്‍ കടപ്പെട്ടു. സര്‍ക്കാര്‍ അയാള്‍ക്ക്‌, ഒരു ഏക്കര്‍ നിലം സൗജന്യമായി കൊടുക്കാന്‍ പോവുന്നു. അവിടെ അയാള്‍ തന്റെ പൈക്കള്‍ക്കു വേണ്ട ബാബുല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ആ ഗ്രാമത്തില്‍, മുപ്പത്തഞ്ചു പേര്‍ ഇനിയുമുണ്ട്‌, ഈ സൗജന്യം കിട്ടുന്നവര്‍. കോമ്ന ബ്ലോക്കില്‍ മറ്റൊരു ആയിരവും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി, സര്‍ക്കാര്‍ അവരെ ഒരു വന്‍കിട കാലിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സൗജന്യമായി കിട്ടുന്ന ആ നിലത്തില്‍ ബാബുല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക്‌ മിനിമം കൂലി കൊടുക്കും എന്നു കൂടി കേട്ടപ്പോള്‍ അവര്‍ ആവേശോന്മത്തരായി. 1978-ല്‍ ആരംഭിച്ച "സമന്‍വിത' എന്നൊരു പദ്ധതിയായിരുന്നു അത്‌. 80-ന്റെ ആദ്യകാലങ്ങളില്‍ അത്‌ ഊര്‍ജ്ജിതമായി അരങ്ങേറുന്നുണ്ടായിരുന്നു. "എല്ലാവരും ആവേശത്തോടെ ഗോദയിലിറങ്ങി", പശ്ചിമ ഒറീസ്സ കൃഷിജീവി സംഘത്തിലെ, ജഗദീഷ്‌ പ്രധാന്‍ പറയുന്നു.

"അഞ്ച്‌ ഏജന്‍സികള്‍ ഇതില്‍ പങ്കെടുത്തു". ജഗദീഷ്‌ പറഞ്ഞു.പ്രമുഖ വ്യവസായികളായ മഫത്‌ലാല്‍ ഗ്രൂപ്പിന്റെ, ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷനും, മഫത്‌ലാലിന്റെതന്നെ മറ്റൊരു സംഘടനയായ സത്ഗുരു സേവാ ട്രസ്റ്റും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതീയ സ്റ്റേറ്റ്‌ ബാങ്കും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മൃഗസംരക്ഷണവകുപ്പും, റവന്യൂ വകുപ്പും കൂടി പങ്കാളിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇന്ന്, കാളഹന്തിയിലെ* ഒരു പ്രത്യേക ജില്ലയായ നുവപാദയാണ്‌ ഇതിനു വേദിയാവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.

ഈ പദ്ധതിയെ പ്രോത്സാഹിപ്പിച്ച മറ്റുള്ളവരെപ്പോലെത്തന്നെ, അധികാരികളും, തങ്ങളുടെ ഉദ്ദേശ്യത്തില്‍ ഉറച്ചു നിന്നു. കന്നുകാലികളുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു അവര്‍. ഒരു തരത്തിലുമുള്ള അശുദ്ധിയും അനുവദിക്കാന്‍ ആവുമായിരുന്നില്ല. ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന കന്നുകാലിക്കള്‍ക്ക്‌, ജേഴ്സി ബീജം തന്നെയാണു കിട്ടുന്നതെന്നു എങ്ങിനെയാണ്‌ അപ്പോള്‍ ഉറപ്പു വരുത്തുക?

ഈയൊരു ധര്‍മ്മസങ്കടം അവരെ അലട്ടി. ഈ പൈക്കള്‍ തദ്ദേശീയ വിത്തുകാളകളുമായി ബന്ധപ്പെട്ടാന്‍ ഇടവന്നാലോ? അത്‌ തടയണം. വംശമഹിമ നിലനിര്‍ത്താന്‍ അതേ വഴിയുള്ളു. കോമ്നയിലെ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ബിശ്വംബര്‍ ജോഷി നല്‍കിയ വിവരമനുസരിച്ച്‌, നാടന്‍ മൂരികളെ മുഴുവന്‍ അവര്‍ വന്ധ്യംകരിച്ചു. "കോമ്നയിലേയും, ഖറിയാര്‍, ഖറിയാര്‍ റോഡ്‌, എന്നിവിടങ്ങളിലേയും എല്ല നാടന്‍ മൂരികളെയും അവര്‍ വന്ധ്യംകരിച്ചു. അതിനു ശേഷം പൈക്കളില്‍ അവര്‍ കൃത്രിമമായി ജേഴ്സി ബീജ സങ്കലനം നടത്തി."

രണ്ടു വര്‍ഷവും, രണ്ടു കോടിയും ചിലവിട്ടതിനുശേഷം, ആ ഭൂഭാഗത്ത്‌ ഉണ്ടായത്‌ വെറും, എട്ട്‌ സങ്കരയിനം പൈക്കുട്ടികളായിരുന്നു, പ്രധാന്‍ പറയുന്നു. ഒരു ലിറ്റര്‍ പാലുപോലും അധികം ഉല്‍പാദിപ്പിച്ചതുമില്ല. അവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിരുന്ന ആയിരക്കണക്കിന്‌ സുബാബുല്‍ മരങ്ങള്‍ മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

ഒരു ദശാബ്ദത്തിനു ശേഷം, ഗുണഫലങ്ങള്‍ കൂടുതല്‍ വെളിവായിത്തുടങ്ങി. കോമ്നയിലെ ഗ്രാമങ്ങളിലൊന്നും ഒരു നാടന്‍ മൂരിയും അവശേഷിച്ചില്ല. വന്ധ്യംകരണം, നാടന്‍ 'ഖരിയാര്‍' മൂരികളെ മുഴുവന്‍ ഒന്നൊഴിയാതെ വംശനാശം വരുത്തിയിരുന്നു, ചുരുങ്ങിയത്‌, ഈ പ്രദേശങ്ങളിലെങ്കിലും.

ഈ ഗ്രാമത്തില്‍ ഒരു കാള പോലും ഇന്നില്ല. മറ്റൊരു ഗുണഭോക്താവായ, ഉള്‍വയിലെ ഫുഡ്‌കു ടാന്‍ഡി പറഞ്ഞു. "എട്ട്‌ പൈക്കിടാങ്ങളെ കിട്ടി. തീരെ ചെറിയവയ. ചിലത്‌ ചത്തു. മറ്റു ചിലവയെ വില്‍ക്കേണ്ടി വന്നു. പാലും തീരെ കിട്ടിയിരുന്നില്ല".

"സമന്‍വിത"യുടെ മറ്റൊരു ഗുണഭോക്താവായ ശ്യാമള്‍ കുല്‍ദീപ്‌: "ഞാനും ഭാര്യയും കൂടി ആറ്‌ പൈക്കുട്ടികളെ എങ്ങിനെയോ വളര്‍ത്തിയെടുത്തു. അതില്‍ നാലെണ്ണവും ഒരേ ദിവസം ചത്തു. ബാക്കിയുള്ളവയും പോയി."

"ഞങ്ങളവരോട്‌ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറയുകയാണ്‌, അവര്‍ പൈക്കള്‍ക്കു കൂടുതല്‍ ഇഞ്ചക്‌ഷന്‍ നല്‍കാം, എന്നെങ്കിലുമൊരിക്കല്‍ പൈക്കുട്ടികള്‍ ഉണ്ടാകുമെന്ന്", ചമറു നിയാല്‍ പറഞ്ഞു. പദ്ധതി വാഗ്ദാനം ചെയ്ത തൊഴിലവസരമായിരുന്നു ഗ്രാമീണരെ ഇതിലേക്കു നയിച്ചത്‌. "ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന ഏതു ജോലി തരുന്ന ഒരാളും ഞങ്ങള്‍ക്ക്‌ ദൈവമാണ്‌", ഫുഡ്‌കു ടാന്‍ഡി പറയുന്നു.

അയാള്‍ ഓര്‍മ്മിക്കുന്നു "ഭുവനേശ്വറില്‍ നിന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ വന്നു. ഞങ്ങള്‍ക്കു നല്‍കിയ ഭൂമിയില്‍ സുബാബുല്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയാല്‍, തൊഴിലും, ഗോതമ്പും, അരിയും തരാമെന്നു അയാള്‍ പറഞ്ഞു. ആദ്യമാദ്യം ധാരാളം സുബാബുല്‍ മരങ്ങള്‍ ഉണ്ടായി. അപ്പോള്‍ അവര്‍ പറഞ്ഞു, കാലിത്തീറ്റ ഉണ്ടാക്കാന്‍ അതൊക്കെ വെട്ടണമെന്ന്. ഞങ്ങള്‍ അനുസരിച്ചു. പക്ഷെ പിന്നെ ആ മരങ്ങള്‍ വളര്‍ന്നതേയില്ല. (ഈ മരങ്ങള്‍ അന്നാട്ടിലെ മണ്ണിനു തീരെ അനുയോജ്യമല്ലെന്ന്, പ്രധാനെപ്പോലുള്ള വിദഗ്ദ്ധര്‍ പറയുന്നു).

തൊഴിലില്ലതായിത്തീര്‍ന്നതാണ്‌ ഗ്രാമീണരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്‌. "ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു.", മംഗള്‍ സുനാനി പറയുന്നു. "ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ വന്ന്, സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. അങ്ങിനെ, 38 ഏക്കര്‍ ഇപ്പോള്‍ തരിശായികിടക്കുന്നു.". മറ്റു ഗ്രാമങ്ങളിലെ,ഗുണഭോക്താക്കളുടേയും ഗതി വ്യത്യസ്തമായിരുന്നില്ല.

വിനാശത്തിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. കാളഹന്തി ഭാഗങ്ങളില്‍, പരമ്പരാഗതമായി ആളുകള്‍ ധാരാളം കന്നുകാലികളെ കൈവശം വെക്കാറുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കന്നുകാലികളുള്ള ഒരു പ്രദേശമാണ്‌ കാളഹന്തി. പഞ്ഞമാസങ്ങളില്‍, കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുമ്പോള്‍, ഈ കന്നുകാലികളെ വിറ്റാണ്‌ ഗ്രാമീണര്‍ ജീവിതം നിലനിര്‍ത്താറുണ്ടായിരുന്നത്‌. അവര്‍ക്കുണ്ടായിരുന്നു ഏക പരിരക്ഷയായിരുന്നു അത്‌. ഇവയുടെ വംശനാശം അവരുടെ സമ്പദ്ഘടനയെത്തന്നെ തരിപ്പണമാക്കി.

കൂട്ട വന്ധ്യംകരണം, ഖരിയാര്‍ കാളകളെ തകര്‍ത്തുകളഞ്ഞു. 1980-ല്‍, പദ്ധതി പൂര്‍ണ്ണമായും പ്രയോഗത്തില്‍ വരുന്നതിനു മുന്‍പ്‌, കാളഹന്തിയിലെ ഔദ്യോഗിക ജില്ലാ ഗസറ്റ്‌, ഇത്തരം കാളകളുടെ ഗുണമേന്മയെക്കുറിച്ചു പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. "നല്ല രീതിയില്‍ നോക്കി നടത്തിയാല്‍ ഈ ജനുസ്സിലെ പശുക്കള്‍ ദിവസത്തില്‍, നാലും അഞ്ചും ലിറ്റര്‍ പാലു തരുമെന്നും, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഈ കന്നുകാലി ഇനത്തെ, ഗവേഷണത്തിനായി പ്രത്യേകം തിരഞ്ഞെടുത്ത" കാര്യവും, ഗസറ്റര്‍ ചൂണ്ടിക്കാട്ടി.

ഖരിയാര്‍ കാളകള്‍ എങ്ങിനെയാണ്‌ അപ്രത്യക്ഷമായതെന്ന്,ഗ്രാമീണര്‍ അത്ഭുതപ്പെടുന്നു. പശുക്കളുടെയും, എരുമകളുടെയും വലിപ്പം ക്രമേണ കുറഞ്ഞുവന്നതും അവരെ അത്ഭുതപ്പെടുത്തി. കന്നുകാലികളുടെ എണ്ണം, പഴയതുപോലെ കൂടുന്നില്ല. ഗുണനിലവാരം ശോചനീയമായിരിക്കുന്നു.

"എനിക്കു അഞ്ച്‌ പശുക്കളുണ്ട്‌. എന്നിട്ടും ദിവസവും എനിക്കു പാല്‍ വാങ്ങേണ്ടി വരുന്നു",. ബിശ്വംബര്‍ ജോഷി ചിരിക്കുന്നു. " ഈ ബ്ലോക്കിലെവിടെയെങ്കിലും ഒരു നല്ല കാളയെ കാണാന്‍ കഴിയുമോയെന്ന് എനിക്കു സംശയമുണ്ട്‌. ഒരു കാലത്ത്‌, ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിച്ചിരുന്നവര്‍പോലും, ഇന്നു വില കൊടുത്ത്‌ പാലു വാങ്ങുകയാണ്‌. 1977-78-ല്‍, ശുദ്ധമായ വെണ്ണക്ക്‌, കോമ്നയിലും, ഖരിയാറിലും, ഡാല്‍ഡയേക്കാളും വില കുറവായിരുന്നു. ഡാല്‍ഡക്കു കിലോക്ക്‌ 9 രൂപ ഉണ്ടായിരുന്നപ്പോള്‍, വെണ്ണക്ക്‌ 7 രൂപയേ ഉണ്ടായിരുന്നുള്ളു."

"ഖരിയാര്‍ കാളകള്‍ ഏതാണ്ട്‌ അവസാനിച്ച മട്ടാണ്‌" ഖരിയാര്‍ റോഡിലെ മൃഗഡോക്ടര്‍ ഡോ.മഹേശ്വര്‍ സത്‌പതി പരഞ്ഞു. "കാളഹന്തിക്കു പുറത്ത്‌, എവിടെയെങ്കിലും, പഴയ ജനുസ്സ്‌ കാളകള്‍ കണ്ടേക്കാം. പക്ഷെ, പൊതുവില്‍ അവയുടെ പഴയ ഗുണനിലവാരം ഇപ്പോള്‍ കാണാനില്ല". ഇതിനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ, ഒറീസ്സയിലെ മറ്റിടങ്ങളില്‍ നിന്നും, കന്നുകാലിവളര്‍ത്തുകാര്‍, ഖരിയാര്‍ കാളകളെ തേടിവരാറുണ്ടായിരുന്നു. നല്ല ഇനം വിത്തുകാളകളായിരുന്നു അവ. ഇന്ന് അവ കുറ്റിയറ്റിരിക്കുന്നു.

പശ്ചിമ ഒറീസ്സ കൃഷിജീവി സംഘം നാശനഷ്ടങ്ങളെ വിലയിരുത്തിയിരുന്നു.അവരുടെ കണക്കുപ്രകാരം, കോമ്ന ബ്ലോക്കില്‍ മാത്രം, കന്നുകാലികളുടെ മരണം കൊണ്ട്‌, കഴിഞ്ഞ പത്ത്‌ പന്ത്രണ്ടു വര്‍ഷം കൊണ്ടുണ്ടായത്‌, വര്‍ഷത്തില്‍ 30 ലക്ഷം രൂപയാണ്‌. കന്നുകാലി സമ്പത്തിന്റെ നഷ്ടം, ആളുകളുടെ കുടിയിറക്കത്തിനും വഴി വെച്ചുവെന്ന്, ബിശ്വംബര്‍ ജോഷി വിശ്വസിക്കുന്നു.

ഇതിലൊരു വൈരുദ്ധ്യമുണ്ട്‌. ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്ന്, ഇത്തരം ഒഴിഞ്ഞുപോക്കുകള്‍ക്ക്‌ അറുതിവരുത്തുക എന്നതായിരുന്നു.കര്‍ഷകവൃത്തി പ്രായേണ കുറഞ്ഞ മാസങ്ങളില്‍ ആളുകള്‍ വലിയ തോതില്‍ ഒഴിഞ്ഞുപോവുക ഇവിടങ്ങളില്‍ പതിവായിരുന്നു. അത്തരം അവസ്ഥകളില്‍, ഏതെങ്കിലും തരത്തിലുള്ള വികസനം അസാധ്യമായിരുന്നു. വലിയവരുടെകൂടെ കുട്ടികളും ഒഴിഞ്ഞുപോവുന്നതോടെ, സ്കൂളുകളും ശൂന്യമാവുന്നു. പ്രാദേശികമായ പദ്ധതികള്‍ക്ക്‌ ആളുകളെ കിട്ടാതെ വരുന്നു. അതുകൊണ്ടാണ്‌ വരള്‍ച്ചക്കെതിരായ ഒരു സംവിധാനം ജനങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ ആവശ്യമായിവന്നത്‌. കൂട്ടത്തില്‍, അവര്‍ക്കൊരു ഉപജീവനമാര്‍ഗ്ഗവും ആവുമായിരുന്നു അത്‌. ആളുകള്‍ക്ക്‌ നാടുവിട്ടലയേണ്ടിയും വരില്ലായിരുന്നു. പക്ഷേ, 'സമന്‍വിത" സൃഷ്ടിച്ചത്‌, നേര്‍വിപരീത ഫലങ്ങളായിരുന്നു.

എങ്കില്‍, എന്തുകൊണ്ടാണ്‌, തുടങ്ങുന്നതിനും വളരെ മുന്‍പു തന്നെ, ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ ധൃതി പിടിച്ചത്‌? പലര്‍ക്കും, ആദ്യമായിട്ടായിരുന്നു ഒരു ഏക്കര്‍ ഭൂമി കിട്ടുന്നത്‌. മുന്‍പു, നുവപാദയില്‍ അധികം തൊഴിലൊന്നും വന്നിരുന്നില്ല. ഇപ്പോഴതു വന്നുവെന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ടായി. മാത്രമല്ല, ജീവിതത്തില്‍ ആദ്യമായിട്ടയിരുന്നു ആ പ്രദേശത്ത്‌ ഒരു മിനിമം കൂലി വ്യവസ്ഥ വരുന്നതും. അതും, സ്വന്തം നിലത്ത്‌ പണിയെടുക്കുന്നതിന്‌. അതുകൊണ്ട്‌, ആദ്യകാലങ്ങളില്‍, അവര്‍ ധാരാളമായി ഇത്‌ നേടിയെടുക്കാന്‍ മുന്നോട്ട്‌ വന്നു. അധികാരികളാകട്ടെ, ആളുകളുടെ ഈ ഉത്സാഹത്തെ, തങ്ങളുടെ പദ്ധതിയുടെ വിജയത്തിന്റെ അനിഷേദ്ധ്യ തെളിവായും തെറ്റിധരിച്ചു. തങ്ങളുടെ ആശയം അവര്‍ വേണ്ടുംവണ്ണം സ്വീകരിച്ചു എന്നവര്‍ വിശ്വസിച്ചു.

"ഈ പ്രദേശത്ത്‌ നാശം വിതച്ച നിരവധി പദ്ധതികളില്‍ ഒന്നു മാത്രമാണ്‌ ഇത്‌", പ്രധാന്‍ പറയുന്നു. ആരെ 'ഉന്നം' വെച്ചാണോ ഈ പദ്ധതി നടപ്പില്‍ വരുത്തിയത്‌, അവരുമായി ആരും ഒരിക്കലും ഒന്നും ചര്‍ച്ച ചെയ്തില്ല. ഒരു കന്നുകാലി വളര്‍ത്തല്‍ പദ്ധതിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല അവിടെ. സുബാബുല്‍ വൃക്ഷങ്ങളോടല്ല, തൊഴിലിനോടായിരുന്നു ജനങ്ങള്‍ക്ക്‌ ആഭിമുഖ്യമെന്ന് അധികാരികള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. എന്നിട്ടും, തെറ്റുകള്‍ക്കുമീതെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടു.

പ്രധാന്‍ സൂചിപ്പിച്ചപോലെ, അധികാരത്തില്‍ ഇരിക്കുന്നവരാരും ഒരിക്കലും,ഈ പദ്ധതിയുടെ പ്രായോജകരുടെ അവകാശവാദങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ മിനക്കെട്ടില്ല. ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിക്കുന ഒരു ജില്ലയില്‍, എന്തിനാണൊരു കന്നുകാലിവളര്‍ത്തല്‍ കേന്ദ്രം എന്ന് ചോദിക്കാന്‍ ഒരാളും ഉണ്ടായില്ല. അതു മാത്രമല്ല, എവിടേക്കാണ്‌ ഖരിയാര്‍ കാളകള്‍ അപ്രത്യക്ഷമായതെന്ന് അന്വേഷിക്കുന്നതില്‍പ്പോലും അധികാരികള്‍ കുറ്റകരമായ ഉദാസീനതയാണ്‌ കാണിച്ചത്‌.

കന്നുകാലിത്തീറ്റക്കൃഷിക്കു ഭൂമി കൊടുക്കുന്നതിനു പകരം, എന്തു കൊണ്ടു, ഭക്ഷ്യോത്‌പാദനത്തിനു ഭൂമി കൊടുത്തില്ല എന്ന ചോദ്യം-ഉയര്‍ന്നു വരേണ്ടിയിരുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം- ആരും ചോദിച്ചില്ല. ആദ്യകാലങ്ങളില്‍ ചില ഗുണഭോക്താക്കള്‍ തങ്ങളുടെ ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഒരുങ്ങി. ഇതില്‍ അരിശം പൂണ്ട അധികാരികള്‍ ആ കൃഷിക്കാരെ വിളിച്ചു വരുത്തി, ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നൂതന പരീക്ഷണത്തിനെയാണ്‌ അവര്‍ അപകടപ്പെടുത്തുന്നതെന്നും, കാലിത്തീറ്റ കൃഷിക്കാണ്‌ മിനിമം കൂലി നല്‍കുന്നത്‌, ഭക്ഷ്യോത്‌പാദനത്തിനല്ലെന്നും 'ഉദ്ബോധി'പ്പിച്ചു. ഒടുവില്‍, കാലിത്തീറ്റയോ, ഭക്ഷണമോ ഇല്ലാത്ത, കന്നുകാലികളോ, ഭൂമിയോ ഇല്ലാത്ത ഭീകരമായ ഒരു അവസ്ഥയില്‍ ഈ കര്‍ഷകര്‍ എത്തിപ്പെടുകയും ചെയ്തു.

പ്രധാനും, ജാഗ്രത്‌ ശ്രമിക്‌ സംഘടന്‍ എന്ന എന്‍.ജി.ഒ.സംഘടനയിലെ ഘനശ്യാം ഭിത്രിയയും ചേര്‍ന്ന്, ഖരിയാര്‍ കാളകളെ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. അതായത്‌, ഖരിയാര്‍ വിത്തു കാളകളെ എവിടെനിന്നെങ്കിലും തേടിപ്പിടിക്കാന്‍ ആവുമെങ്കില്‍, അങ്ങിനെ ചെയ്ത്‌, അവയെ നിര്‍ണ്ണായകമായ പ്രദേശങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ട്‌. ആളുകളെ ബോധവത്‌ക്കരിക്കാനും അവര്‍ ഉദ്ദേശിക്കുന്നു. പക്ഷേ, പ്രധാനമായും ബോധവത്‌ക്കരിക്കേണ്ടതു അധികാരികളെയാണ്‌. എന്തുകൊണ്ടാണെന്നോ? " മൂന്നു വര്‍ഷത്തിനു ശേഷം, ഭുവനേശ്വറില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന്, 'സമന്‍വിത'പദ്ധതി, അവസാനിപ്പിച്ചതായും, ഇനി ഇതു ഞങ്ങള്‍ക്കു മറ്റു സ്ഥലങ്ങളിലും പരീക്ഷിക്കേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു", ഫുഡ്‌കു ടാണ്ടി എന്നോട്‌ പറഞ്ഞു.

പിന്‍കുറിപ്പ്‌

'സമന്‍വിത' നടക്കുന്ന അതേ കാലയളവില്‍, ഇതില്‍ പങ്കെടുത്തിരുന്ന ചിലയാളുകള്‍ തന്നെ, രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നുണ്ടായിരുന്നു. അതും കുറേക്കൂടി വിപുലമായ തരത്തില്‍. ഉദാഹരണത്തിനു, 1983-84 കാലഘട്ടത്തില്‍, CAG നടത്തിയ ഒരു 'സാമ്പിള്‍ ആഡിറ്റില്‍ പരാമര്‍ശം നേടിയ ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷന്‍ (BAIF).

സംയോജിത ഗ്രാമ വികസന പദ്ധതിയെക്കുറിച്ചുള്ളതായിരുന്നു (IRDP) സി.എ.ജി.യുടെ ആ സാമ്പിള്‍ ആഡിറ്റ്‌. 16 കോടിയോളം രൂപ "മറ്റു ആവശ്യങ്ങളിലേക്ക്‌" (അതായത്‌, സംയോജിത ഗ്രാമ വികസനവുമായി ബന്ധപ്പെടാത്ത പദ്ധതികള്‍ക്കുവേണ്ടി)വകമാറ്റിയതിനെക്കുറിച്ച്‌ ആ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ഈ പതിനാറു കോടിയില്‍, മൂന്നു കോടി പോയിരിക്കുന്നത്‌ ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷനിലേക്കാണ്‌. ഈ പണം "സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക്‌ ഒരിക്കലും ഉപകരിക്കാതിരുന്ന, 250 കൃത്രിമബീജസങ്കലന കേന്ദ്രങ്ങള്‍ തുറക്കാനാണ്‌" ഉപയോഗിച്ചിട്ടുള്ളതെന്നും, സി.എ.ജി. വഴിയെ കണ്ടെത്തുന്നുണ്ട്‌. പരാമര്‍ശിച്ച കാലഘട്ടമാകട്ടെ, 1978-79 ഉം, 80-81-ഉം.

ഇത്തരത്തിലുള്ള പലേ പദ്ധതികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിര്‍ബ്ബാധം നടന്നു വരുന്നു. ഖരിയാര്‍ ദുരന്തത്തിനു കാരണക്കാരായ അതേ ഏജന്‍സികളാണ്‌, ഇതില്‍ പലതിലും, പ്രധാന കളിക്കാര്‍.

1995 മെയ്‌-ജൂണ്‍ മാസങ്ങളിലാണു ഏറ്റവും ഒടുവില്‍ ഞാന്‍ നുവപാദയില്‍ പോയത്‌. ദുരന്ത പ്രദേശത്തിനു വെളിയില്‍ ഒരിടത്തു നിന്ന്, രണ്ടു ഖരിയാര്‍ വിത്തുകാളകളെ കണ്ടെത്തുന്നതില്‍ പ്രധാനും, കൂട്ടാളികളും വിജയിച്ചിരുന്നു. അവയെ വളര്‍ത്തുന്ന ഗ്രാമത്തിലെ ആളുകള്‍ അവയെ നന്നായി സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു വലിയ തുടക്കമാണ്‌, തീര്‍ച്ച. പക്ഷേ, ധാരാളം പണച്ചിലവും അദ്ധ്വാനവും ഇനിയുള്ള യാത്രയില്‍ ആവശ്യമായി വരിക തന്നെ ചെയ്യും.




* കാലഹന്തിയെന്നും അറിയപ്പെടുന്നു. പട്ടിണിമരണങ്ങള്‍കൊണ്ട് കുപ്രശസ്തമായ സ്ഥലം.

Thursday, May 17, 2007

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്‌
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്‌?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്‌?

Tuesday, May 15, 2007

ഐക്യനാടുകള്‍

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍
തളര്‍ന്ന്
അഴിഞ്ഞുലഞ്ഞ്‌
ജുമൈറ*
നീണ്ടുനിവര്‍ന്നു കിടന്നു

തലയുയര്‍ത്തി,
മുതു കുനിഞ്ഞ്‌
കിതച്ചുകിതച്ച്‌
**ഖവാനീജിലൂടെ
ഒരു ഒട്ടകവും
അവന്റെ പാവപ്പെട്ട
അറബിയും
വേച്ചുവേച്ച്‌ നടക്കുന്നുണ്ടായിരുന്നു
അപ്പോള്‍

ക്ഷീണവും, തളര്‍ച്ചയും
പിന്നെ
മറ്റെന്തോ ഒന്നും
മൂവര്‍ക്കും
ഉള്ളില്‍
പനിക്കുന്നുമുണ്ടായിരുന്നു



* ജുമൈറ - യു.എ.ഇ - ലെ കടല്‍ത്തീരം. സ്വദേശി-പ്രവാസി സമ്പന്നവര്‍ഗ്ഗത്തിന്റെ വാസസ്ഥലം.
**ഖവാനീജ്‌ - യു.എ.ഇ - ലെ ഒരു ഉള്‍പ്രദേശം

Thursday, April 26, 2007

ചുവരെഴുത്തുകള്‍

ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.

ഉയിര്‍ കാത്ത്‌,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്‌
പോയവരെ കാത്ത്‌ കാത്ത്‌
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.

നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

Tuesday, April 17, 2007

അദൃശം

കാത്തുകാത്തിരുന്നു മുഷിഞ്ഞു.

ആളുകള്‍ പലേ തിരക്കിലുംപെട്ട്‌ അലയുകയാണ്‌. എന്തോ നഷ്ടപ്പെട്ടത്‌ തിരയും പോലെ, കണ്ടു മറന്ന ഒരു അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ.

ശ്രീമതിയും മകനും സാധനങ്ങള്‍ വാങ്ങാന്‍ പോയിട്ടു മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌, വീണ്ടും ഒരു പുക കൂടി അകത്താക്കണോ, എന്ന് ആലോചിച്ചു തീരുമാനത്തിലെത്തും മുന്‍പാണ്‌ പുറത്ത്‌ ഒരാള്‍ മൃദുവായി തൊട്ടത്‌. അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍. പരിഭ്രമമുണ്ടായിരുന്നു അയാളുടെ മുഖത്ത്‌.

കുറേ നേരമായോ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌? കുറച്ച്‌ പ്രായമായ ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടുവോ?

ഇല്ല.

എവിടെപ്പോയി ആവോ?

നിങ്ങളുടെ ആരാണ്‌?

വേണ്ടപ്പെട്ട ഒരാളാണ്‌. കുടുംബത്തിലെ ഒരു അകന്ന..

ഇവിടെയെവിടെയെങ്കിലും ഉണ്ടാവും..വരും..

തോന്നുന്നില്ല..ശരി..ഒന്നു നോക്കി വരാം.

എത്ര പെട്ടെന്നാണ്‌ ആളുകളെ കാണാതാവുന്നത്‌? കണ്ടുകൊണ്ടിരിക്കുമ്പോള്‍..ഒരു സിഗരറ്റിനു തീ കൊടുത്തു. ശ്രീമതിയുടെ അവസാനിക്കാത്ത ഷോപ്പിങ്ങിനെ ശപിക്കാന്‍ തുടങ്ങുകയായിരുന്നു.

എന്നെ മനസ്സിലായോ?

ആദ്യമൊന്നു പകച്ചു. പണ്ടത്തെ പി.ജയലക്ഷ്മി ആകെ മാറിയിരുന്നു. പഴയ മെലിഞ്ഞ ശരീരം തടിച്ച്‌ ഉരുണ്ടിരിക്കുന്നു. അല്‍പ്പം ചെറുതായപോലെയും തോന്നി. ചുളിവുകള്‍ വീണ മുഖം.

"കണ്ടുമുട്ടലിനും വേര്‍പിരിയലിനും ഇടയ്ക്ക്‌ ഒരായിരം വസന്തങ്ങള്‍ കൊതിച്ച നമ്മളോ കുറ്റക്കാര്‍? വിധിയെ ഞാന്‍ വെറുതെയെങ്കിലും പഴിക്കട്ടെ". പച്ച മഷിയില്‍ കൊലുന്നനെയുള്ള കയ്യക്ഷരത്തില്‍ പി.ജയലക്ഷ്മി എഴുതിത്തന്ന യാത്രാമൊഴി ഓര്‍മ്മയില്‍ വന്നു. ചിരിച്ചു.

പരിചയം പുതുക്കാനുള്ള വാക്കുകള്‍ ആലോചിക്കുമ്പോഴേക്കും, അവള്‍ പറഞ്ഞു.

"ഇവിടെ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂപ്പരെ അന്വേഷിച്ച്‌ ഏട്ടനും ഇങ്ങോട്ടു പോന്നു..രണ്ടുപേരേയും കാണാനില്ല"

അന്വേഷിച്ചുവന്നയാളെ ഞാന്‍ കണ്ടു. കുറച്ചുമുന്‍പ്‌.

അതേയോ? എന്നിട്ട്‌?

നോക്കിവരാമെന്നു പറഞ്ഞ്‌ പോയി.

അയാള്‍ കടയുടെ ഉള്ളിലേക്ക്‌ പോയി. ആളുകള്‍ നന്നേ കുറവ്‌. ഭാര്യയും മകനും അവിടെയെവിടെയും ഉണ്ടായിരുന്നില്ല. കുറെ അന്വേഷിച്ചു അയാള്‍.

"ഒരു സ്ത്രീയും കുട്ടിയും ഇങ്ങോട്ട്‌ വന്നിരുന്നു. കണ്ടുവോ", വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയോട്‌ ചോദിച്ചു.

ഇല്ല. അങ്ങിനെയാരേയും ഇന്ന് കണ്ടിട്ടേയില്ല.

പുറത്തേക്കിറങ്ങി. അവിടേയും അവരെ കണ്ടില്ല. പുറത്തെ തിരക്കും ഒഴിഞ്ഞുതുടങ്ങിയിരുന്നു.

ഒരു സ്ത്രീയും കുട്ടിയും ആരെയോ അന്വേഷിച്ച്‌ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ആരെങ്കിലുമാണോ?

മുന്‍പില്‍ വന്ന് ഒരാള്‍ ചോദിച്ചു.

അതെ, എന്നിട്ട്‌ അവരെവിടെ?

അറിയില്ല. ഇവിടെയെവിടെയെങ്കിലുമുണ്ടാവും. വരും..അല്ലാണ്ടെന്താ?

വരും..വരാതിരിക്കില്ല..പണ്ടെന്നോ വായിച്ച ഒരു കഥയിലെ വരി ഓര്‍മ്മ വന്നു.

തെരുവിലെ അസംബന്ധ നാടകം അപ്പോള്‍ തീരെ നിലച്ചിരുന്നു.

കാത്തുകാത്തിരുന്ന് പിന്നെയും അയാള്‍ക്ക്‌ മുഷിഞ്ഞു.

Saturday, April 14, 2007

വിഷു പറയുന്നത്‌...

വിഷുവാണ്‌,
മേടപ്പുലരിയാണ്‌,
കണി
കാണേണ്ട ദിവസപ്പിറവിയാണ്‌
പന്ത്രണ്ടു രാശികളിലിനിയാകെപ്പടരേണ്ട
വന്യമാം ജീവിതാഘോഷമാണ്‌

പൂത്തിരി, മത്താപ്പ്‌, ചക്രങ്ങളുന്മാദ
വേഗങ്ങള്‍ തീര്‍ത്തെന്റെ വിഷു തോരുന്നു.
എന്നും നിലയ്ക്കാ വിഷാണുവില്‍ തീരുന്നു
ബാബിലോണിന്റെ ആ നീലാകാശം
കത്തിയമരുന്ന പൂത്തിരികള്‍, പിന്നെ
ചിതറിത്തെറിച്ച ചെറു മത്താപ്പുകള്‍
തോരാത്തൊരഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്ന
മറ്റൊരു വിഷുവിന്റെ ഋതുഭേദങ്ങള്‍

അങ്ങോട്ടുമിങ്ങോട്ടുമെന്നിട്ടും നാം നേര്‍ന്നു,
നല്ല വിഷു, നല്‍ക്കണി
നല്ല ലോകം

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?

Monday, April 9, 2007

ബാലബുദ്ധന്‍

മലയാളപഠനത്തിനെക്കുറിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയതിനു. ഒരു കമന്റ്‌ എഴുതി, ഇന്നലെ. ഇതായിരുന്നു ആ കമന്റ്‌:

മലയാളത്തിനെ സ്നേഹിക്കുന്നവര്‍ ഉള്ള കാലത്തോളം മലയാളം നിലനില്‍ക്കുക തന്നെ ചെയ്യും. ഒരാളിലെങ്കില്‍ ഒരാളില്‍. അല്ലാതെ ഏഴാം തരം വരെ അല്ലെങ്കില്‍ പത്താം തരം വരെ മാതൃഭാഷാ പഠിക്കണം, "ഒരു പേപ്പെറെങ്കിലും.. മലയാളത്തില്‍ ആക്കണം" എന്നീ മട്ടിലുള്ള വിലാപകാവ്യങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. തമിഴന്റേതു പോലെ, അഥവാ, തെലുങ്കന്റെ പോലുള്ള അതിരുകവിഞ്ഞ ഭാഷാ ഭ്രാന്തൊന്നും, അടുത്തകാലത്തൊന്നും മലയാളിക്കുണ്ടാവും എന്നു വ്യാമോഹിക്കാനും വയ്യ.ആ കൂടിയ അളവിലുള്ള ഭ്രാന്തു കരണീയവുമല്ല.

പഠിക്കാവുന്ന ഭാഷയൊക്കെ ആളുകള്‍ പഠിക്കട്ടെ. മലയാളത്തെ സ്നേഹിക്കുന്ന ആളുകള്‍ മലയാളത്തെ സംരക്ഷിക്കാന്‍ എപ്പൊഴും ഉണ്ടാവും. അവര്‍, അവരുടെ മക്കളെ, മധുരം മലയാളം എന്ന് നിത്യവും ഓര്‍മിപ്പിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യും.

വിപ്ലവവും, വീക്ഷണവും, വള്ളിക്കാവും, സീരിയലും, പരസ്യചിത്രങ്ങളും കടന്ന് ഭാഷാപ്രണയത്തിലെത്തിനില്‍ക്കുന്നു ഏതായാലും മലയാളത്തിന്റെ ബാലബുദ്ധന്‍.


കമെന്റിന്റെ സെറ്റിങ്ങ്‌സ്‌ ഏതായാലും ബാലചന്ദ്രനെപ്പോലെയല്ല. ഭവ്യതയോടെ അത്‌ മറുപടി തന്നു. "എന്റെ നിയന്താവിന്റെ അനുവാദമില്ലാതെ ഈ അഭിപ്രായം പ്രസിധീകരിക്കാന്‍ എനിക്കാവില്ല" എന്ന്. അതിനെ കുറ്റം പറയില്ല ഞാന്‍. ഉപരി"വിപ്ലവം"ഇല്ലാത്ത, അഭിനയമറിയാത്ത പാവം സോഫ്റ്റ്‌വേര്‍. ഏതായാലും, ഇത്‌ എന്റെ ബ്ലോഗില്‍ കിടക്കട്ടെ എന്ന് ഞാനും കരുതി.

പിന്നെ, അഭിപ്രായങ്ങളെ (കമന്റ്‌) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ്‌ രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?

പിന്നീട്‌, ബാലചന്ദ്രന്റെ അടുത്ത പോസ്റ്റ്‌ വായിച്ചു."അമേരിക്കയും ബുദ്ധിജീവികളും". അതും നന്നായിട്ടുണ്ട്‌ ബാലചന്ദ്രാ. തീരെ അത്ഭുതവും തോന്നിയില്ല. ആത്മനിന്ദ തോന്നുമ്പോള്‍ പാവം മനുഷ്യര്‍ ഇന്നതേ പറഞ്ഞുകൂടൂ എന്നൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. പക്ഷേ, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുകയാണ്‌, ആത്മനിന്ദ തോന്നാന്‍ തക്കവണ്ണമെങ്കിലും നേര്‍ബുദ്ധി താങ്കള്‍ക്കുണ്ടായിരുന്നുവെങ്കിലെന്ന്!!

മറുപടി പ്രതീക്ഷിക്കുന്നു. എന്റെ കമന്റ്‌ സെറ്റിംഗ്‌ അത്‌ സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്രയെങ്കിലും ജനാധിപത്യബോധം എന്റെ ബ്ലോഗിന്‌ നല്‍കിയിട്ടുമുണ്ട്‌ ഞാന്‍.

സ്നേഹപൂര്‍വ്വം

Saturday, April 7, 2007

അച്ഛന്‍

ഒരു മകന്‍ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഓര്‍ക്കുന്നത്‌ നന്ന്. പക്ഷേ ആ ഓര്‍മ്മിക്കല്‍ പരസ്യമാക്കുന്നതില്‍ ഏതായാലും ഒരു സുഖമില്ലായ്മയുണ്ട്‌. പ്രത്യേകിച്ചും, അനന്തതയിലേക്കു, അതിന്റെ തിരുശേഷിപ്പിലേക്ക്‌ ആ ഓര്‍മ്മകളെ എഴുതി കുടിയിരുത്തുമ്പോള്‍.

ശേഷക്രിയകള്‍ കിട്ടാതെയാണ്‌ അച്ഛന്‍ ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയത്‌, ഒരു മണ്‍കുടത്തില്‍. അങ്ങിനെ എത്ര അച്ഛന്മാര്‍, അമ്മമാര്‍, മക്കള്‍, ഏതൊക്കെയോ പുഴകളുടെ നിറഞ്ഞ ഈറന്‍വഴികളിലൂടെ, തര്‍പ്പണം കിട്ടിയും, കിട്ടാതെയും, ഓര്‍മ്മകളിലും, മറവികളിലും, താഴ്‌ന്നും, പൊങ്ങിയും, കാലത്തിന്റെ കാണാത്തീരങ്ങളിലേക്ക്‌.!! നിശ്ചയമില്ല.

മനോഹരമായ മരണമായിരുന്നു അച്ഛന്റേത്‌. താന്‍പോലും അറിയാതെ മരിക്കുക. ചുറ്റുമുള്ളവരെ 'വെറുതെയൊന്നു പേടിപ്പിക്കാന്‍" ചെയ്ത പ്രായോഗിക ഫലിതം പോലെ. ധനുമാസത്തിലെ ഒരു പതിവു വ്യാഴം. പതിവുചിട്ടവട്ടങ്ങളുടെ ഒരു പകല്‍, ഉച്ച, വലിയ യാത്രക്കുമുന്‍പുള്ള ഒരു സായാഹ്ന നടത്തം, ഫോണിലൂടെ ഒരു ലഘു കുശലം പറച്ചില്‍. കസേരയില്‍ വന്നിരിക്കല്‍, കഴിയല്‍. എഴുപത്തിമൂന്നു കൊല്ലത്തെ ഇടപാടുകളൊക്കെ തീര്‍ത്തു, ഇനി അഥവാ, തീര്‍ക്കാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍, പിന്നീടാവാം എന്ന മട്ടില്‍ ചമഞ്ഞു കിടക്കല്‍. ഒരു മകനും മകളും കൂടി അച്ഛനില്ലാത്ത കുട്ടികളായി. ഒരു സ്ത്രീ കൂടി ഒറ്റയ്ക്കായി.

മറ്റ്‌ അച്ഛന്മാരും മക്കളും പരസ്പരം സ്നേഹിച്ചിരുന്നതിനേക്കാളും ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്നൊക്കെ പറയുന്നത്‌ ശുദ്ധ ഭോഷ്ക്‌. ഓരോരുത്തരും പരസ്പരം സ്നേഹിക്കുന്നതും, വെറുക്കുന്നതും, ഓര്‍മ്മിക്കുകയും, മറക്കുകയും ഒക്കെ ചെയ്യുന്നത്‌ അവരവരുടെ രീതികളിലും, സമാനതകളില്ലാതെയുമായിരിക്കണം. അശാന്തി നിറഞ്ഞ വീടുകള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ*, ഏറെക്കുറെ.

കുട്ടിക്കാലത്ത്‌ ഏറ്റവൂം ഭയവും, അകല്‍ച്ചയും തോന്നിച്ചിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍, "അച്ഛന്‍" എന്ന് ഉത്തരം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം എനിക്കില്ല. ശാസനകളുടേയും, ശിക്ഷകളുടെയും ദാതാവായിരുന്നു അച്ഛന്‍. ആവശ്യത്തിനും, അനാവശ്യത്തിനും. വ്യക്തിയെന്ന എന്റെ സ്വാതന്ത്ര്യത്തിനെ ഏറ്റവുമധികം നിയന്ത്രിക്കാന്‍ ശ്രമിച്ച സ്ഥാപനമായിരുന്നു അച്ഛന്‍ എന്ന ഭരണകൂടം. ഉണരുന്നത്‌ മുതല്‍ ഉറങ്ങുന്നതുവരെയുള്ള സകല പ്രവൃത്തികളിലും കര്‍ശനമായി ഇടപെട്ടുകൊണ്ടിരുന്ന നിര്‍ദ്ദയനായ ഭരണാധികാരി. ലോകത്തിന്റെ സ്വാഭാവികമായ ഗതിവിഗതികളിലൊന്നും ഒരു ഇളക്കവും ഒരിക്കലും ഉണ്ടാക്കാത്ത നിഷ്കളങ്കമായ ഒരു പല്ലുതേക്കലിലോ, കാലാട്ടലിലോ, കുപ്പായത്തില്‍ വരുത്തിയ ചെറിയ ചുളുവിലോ ഒക്കെ അശ്രദ്ധയും, ദുര്‍ന്നടപ്പും ദര്‍ശിച്ചു അച്ഛന്‍. ശാസന പതിവു അന്തരീക്ഷമായിരുന്നു വീടിന്റെ. ദണ്ഡനം, ആവശ്യപ്പെടാതെ തന്നെ എപ്പോഴും ധാരാളമായ്‌ കിട്ടുന്ന വരദാനവും.

കീഴാറ്റൂരിലെ വേനലവധികള്‍ മധുരതരമായി തോന്നിയത്‌, അച്ഛനന്ന് ജോലിസംബന്ധമായി എറണാകുളത്ത്‌ പെട്ടുപോയിരുന്നതുകൊണ്ടാവണം. തോന്നുമ്പോള്‍ ഉറക്കമുണരാം. പല്ലു തേക്കുകയോ, കുളിക്കുകയോ ഒന്നും ചെയ്തില്ലെങ്കിലും തരക്കേടില്ല. തറവാട്ടില്‍ നിന്ന് മായാവിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷനാവാം. ചളി നിറഞ്ഞ പാടവരമ്പിലൂടെ നടന്ന് ബന്ധുവീടുകളിലേക്കു പോവാം. തറവാടിന്റെ കാഴ്ചയില്‍ നിന്നല്‍പ്പം പടിഞ്ഞാറുമാറിയുള്ള പാറപ്പുറത്തുചെന്നിരുന്ന, ഇത്രനാളും താനുണ്ടായിരുന്ന വീട്ടിലേക്ക്‌ നോക്കിയിരിക്കുന്ന ആത്മാവിനെപ്പോലെ, വീടിനെയും, അവിടുത്തെ ആളുകളെയും, അവരുടെ കോലാഹലങ്ങളേയും നോക്കിയിരിക്കാം. മടുക്കുമ്പോള്‍ താലപ്പൊലിപ്പറമ്പിലെ വായനശാലയില്‍ ചെന്നിരിക്കാം. എവിടെയും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കീഴാറ്റൂര്‍, അത്തരം സമയങ്ങളില്‍ സ്വര്‍ഗ്ഗമായിരുന്നു. അച്ഛനില്ലാത്ത സ്വര്‍ഗ്ഗം.

വസ്ത്രധാരണം, നടപ്പ്‌, ഇരിപ്പ്‌, പഠനം, ഇവയിലൊക്കെ എന്നില്‍, അരാജകത്വം കണ്ടെത്തി അച്ഛന്‍. കീഴാറ്റൂരിന്റെ കുഗ്രാമതയില്‍ നിന്നും കൊച്ചിയുടെ പുറംമേനികളിലേക്കെത്തിയപ്പോള്‍ സ്വയം പാകപ്പെടുത്തിയെടുത്തതാണോ,, അതോ ക്രമരഹിതമായ ജീവിതത്തെ നേരിടാന്‍ പാകത്തില്‍ ഒരു പ്രതിരോധമായ്‌ കൂടെ കയ്യില്‍ കരുതിയതായിരുന്നുവോ ഈ ചിട്ടയും ക്രമവുമൊക്കെ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കാണുന്നതുമുതല്‍ക്കുള്ള അച്ഛന്‍ ഇങ്ങനെയൊക്കെയായിരുന്നു എന്നു മാത്രമറിയാം.

ചുരുങ്ങിയ ശമ്പളം കൊണ്ട്‌ കുടുംബം നോക്കാന്‍ ബദ്ധപ്പെടുകയും, ശാസനകളിലൂടെയും ശിക്ഷകളിലൂടെയുമാണെങ്കില്‍പ്പോലും മക്കളുടെ ജീവിതത്തില്‍ ക്രമബദ്ധത വളര്‍ത്താന്‍ സദാ ജാഗരൂകനായിരിക്കുകയും ചെയ്ത "അച്ഛന്‍" എന്ന വ്യക്തിയെ ഞാനും കണ്ടിരുന്നില്ല. ശ്രദ്ധിച്ചുമില്ല. ഉയരംകൊണ്ടും, വയസ്സുകൊണ്ടും, പിന്നീട്‌ വലുതായപ്പോഴല്ലാതെ. അപ്പോഴേക്കും, പഴയ ശാസനാരൂപിയുടെ വേഷം പതുക്കെ പതുക്കെ അഴിച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു, അച്ഛന്‍. നിസ്സഹായതയായിരുന്നു, പകരം, കൂടുതലും ഉയര്‍ന്നുവന്നത്‌. ആവശ്യത്തിനും, അനാവശ്യത്തിനും താന്‍ നല്‍കിയ നിയന്ത്രണങ്ങള്‍ തീര്‍ത്ത ചക്രവ്യൂഹങ്ങള്‍ക്കകത്ത്‌ മകന്‍ സ്വയം നഷ്ടപ്പെട്ടുവോ എന്ന ആശങ്കയും, കുറ്റബോധവുമായിരുന്നുവോ ആ നിസ്സഹായതയുടെ പിന്നാമ്പുറത്ത്‌? മകനാവട്ടെ, അച്ഛനെ "ആദര്‍ശ"വല്‍ക്കരിക്കാനും തുടങ്ങിയിരുന്നു, പിന്നെപ്പിന്നെ, വിഫലമായിട്ടാണെങ്കില്‍തന്നെയും. സാത്വികനായ ആ ഉള്‍നാട്ടുകാരന്റെ ഗുണവും, മണവും മൂല്യബോധവുമൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെങ്കിലും, അച്ഛന്‍ ശ്രദ്ധിക്കാത്ത അവസരങ്ങളില്‍, അയാള്‍ അച്ഛനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്തേ തനിക്കങ്ങിനെയാവാന്‍ സാധിക്കാത്തതെന്ന് അയാള്‍ സങ്കടപ്പെടുകയും, അത്ഭുതപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു. ആത്മനിന്ദയുടെ വക്കോളം എത്തും വിധം. നന്നായി നിന്നിരുന്നെങ്കില്‍, നാട്ടില്‍ നിന്നു പോവേണ്ടിവരില്ലായിരുന്നുവല്ലോ നിനക്കെന്ന്, അച്ഛനും, ജീവിതവും, ഇടക്കിടക്ക്‌, ഓളിയമ്പുകളെയ്യാന്‍ തുടങ്ങിയത്‌ പലായനത്തിന്റെ ബാക്കിപത്രങ്ങളിലെവിടെയോവെച്ചായിരുന്നു.

ഉയര്‍ന്ന പദവിയിലും, സാമ്പത്തികസ്ഥിതിയിലും ജീവിക്കുന്നവര്‍, നല്ലവണ്ണം ഇംഗ്ലീഷ്‌ സംസാരിക്കുന്നവര്‍, ഇത്തരക്കാരോടൊക്കെ അച്ഛനു ഒരു തരം ആരാധനയായിരുന്നു. തന്റെ ആദര്‍ശശാഠ്യങ്ങളുടെ ഉരകല്ലില്‍ അളന്നുനോക്കാറുണ്ടായിരുന്നു, പക്ഷേ, അച്ഛന്‍ അവരേയും. ശത്രുക്കളെ സമ്പാദിക്കുന്നതില്‍ തരക്കേടില്ലാത്ത വൈഭവം കാണിക്കുമ്പോഴും, അച്ഛന്‍ ആരേയും ഒരിക്കലും വെറുത്തിരുന്നില്ലെന്നതും തീരാത്ത അത്ഭുതമായിരുന്നു എനിക്ക്‌. കളിയാക്കിയോ, വക്രോക്തിയിലോ അവരെന്തെങ്കിലും പറഞ്ഞാലും അച്ഛനത്‌ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല, മിക്കപ്പോഴും. ശുദ്ധത, അത്രയും അനാവശ്യമായ അളവിലായിരുന്നു അച്ഛനില്‍ എന്നും.

ഒരു ജന്മം കൊണ്ട്‌, ഒരു മകനും, ഒരച്ഛനെയും അളക്കാന്‍ കഴിയില്ല. എത്രയെത്ര ചിത്രങ്ങളാണ്‌ തന്നിട്ടുപോയത്‌? എണ്ണ തേപ്പിച്ച്‌ പുഴയിലെ പാറപ്പുറത്തിരുത്തി,, പുഴയില്‍ കഴുത്തോളം മുങ്ങിനിന്ന്, മറ്റു ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകളാല്‍ പരിസേവിതനായി, "ഹൃദയസരസ്സിലെ പ്രണയപുഷ്പമേ" പാടുന്ന യുവഗായകനുണ്ട്‌ എന്റെ മനസ്സിലെ ചിത്രത്തില്‍; നല്ല ഭാഷയിലും സംഗീതത്തിലും കഥ പറഞ്ഞു ഫലിപ്പിക്കുന്ന കാഥികനുണ്ട്‌; മഴയില്‍ കുതിര്‍ന്ന് വരുന്ന ഞങ്ങളുടെ വികൃതിയെ ചീത്തപറഞ്ഞ്‌ തലതുവര്‍ത്തിതരുന്ന പരിഭ്രമക്കാരനുണ്ട്‌; മാസത്തിലൊരിക്കല്‍ പുറമേനിന്നുള്ള ആഘോഷമായുള്ള ഹോട്ടല്‍ ശാപ്പാടിനിടക്ക്‌, ആരുംകാണാതെ പേഴ്സിലെ പൈസയെണ്ണി ഉറപ്പുവരുത്തി സ്വസ്ഥനാകുന്ന സാധാരണക്കാരനുണ്ട്‌; കളിവിളക്കിന്റേയും, മേളത്തിന്റെയും, വേഷപ്പകര്‍ച്ചയുടെയും നിറവില്‍ ഉറക്കം തൂങ്ങുന്ന മക്കളെ നന്നായ്‌ നുള്ളി വേദനിപ്പിച്ചുണര്‍ത്തി കണ്ണുരുട്ടി കഥകളി കാണിച്ചു പേടിപ്പിക്കുന്ന വേഷക്കാരനുണ്ട്‌; ഏതാണ്ടെല്ലാ വിഷയങ്ങളിലും നന്നെ ബുദ്ധിമുട്ടി ഏറ്റവും കുറഞ്ഞ മാര്‍ക്കു വാങ്ങി വരുന്ന മകനെയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന പഴയ മാതൃകാദ്ധ്യാപകനുണ്ട്‌; ആദ്യമായി മകന്‍ നാടുവിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കരയാതിരിക്കാന്‍ ശ്രമിച്ചു വിഷമിച്ചു നില്‍ക്കുന്ന സാധുവുണ്ട്‌; ഓരോ കത്തിലൂടെയും മകനെ നേര്‍വഴിക്കാക്കാന്‍ വിഫലമായ്‌ ശ്രമിച്ച ഗുണകാംക്ഷിയുണ്ട്‌; നിറഞ്ഞ വിഭവങ്ങള്‍ക്കു മുന്‍പില്‍ സംപ്രീതനായിരിക്കുന്ന വള്ളുവനാട്ടുകാരന്‍ ഭക്ഷണപ്രിയനുണ്ട്‌; ചുവന്ന പപ്പടം കിട്ടാതെ, അമ്മയോടു വഴക്കടിച്ച്‌ മുഖം ചുവന്ന ശുണ്ഠിരാമനുണ്ട്‌; ഓര്‍മകള്‍ക്ക്‌ എത്രയെത്ര ശേഷതല്‍പ്പങ്ങളാണ്‌. ഓരോന്നിലും കിടക്കാം, ഒരു ആയുസ്സോളം.

കുട്ടിക്കാലത്തു നിന്ന് ബലമായി മുറിച്ചുമാറ്റപ്പെടുകയാണ്‌, ഓരോ അച്ഛനമ്മമാരുടേയും മരണത്തോടെ, ഓരോ മക്കളും. ഭാര്യയുടെയും, ഭര്‍ത്താവിന്റേയും മക്കളുടെയുമൊക്കെ പുതിയ സ്നേഹപരിസരങ്ങളുടെ ആഡംബരങ്ങള്‍ക്കുപോലും, അച്ഛനമ്മമാരുമൊത്ത്‌ കഴിഞ്ഞ ഒരു പഴയ വാടകവീട്ടിലെ ഇല്ലായ്മയോളം നിറവില്ല, ചെറുപ്പമില്ല, കളിചിരിയുടെ ചൂടും തണുപ്പുമില്ല, ബാല്യത്തിന്റെ ദിനരാത്രങ്ങളുടെ വെള്ളിവെളിച്ചവും, സ്നേഹനിലാവുമില്ല.

പുതിയ സ്നേഹപരിസരങ്ങളെല്ലാം തികച്ചും ഏകാന്തമാണ്‌. വിജനമാണ്‌. ശമ്പളക്കണക്കുകളുടേയും, ഒന്നിനും ഒന്നും തികയായ്മയുടെയും ചെറിയ അനിശ്ചിതത്വങ്ങളില്‍നിന്നും കൂടുതല്‍ വലിയ പുതിയ അനിശ്ചിതത്വങ്ങളിലേക്കുള്ള സമുദ്രപ്രയാണങ്ങളുടെ അറുമുഷിപ്പന്‍ ലോകമാണ്‌.

വിചിത്രമാണ്‌ അച്ഛനമ്മമാരുടേയും മക്കളുടെയുമൊക്കെ ഈ ലോകം. അനാഥത്വത്തിനെക്കുറിച്ചുള്ള പേടികൊണ്ടായിരിക്കണം, പറക്കമുറ്റുമ്പോള്‍, ആളുകള്‍ സ്വന്തം വീടിന്റെ സുഖോഷ്മളതയിലേക്ക്‌ പറന്നകലുന്നത്‌. പിന്നെ, അതായി ജീവിതം. പോരാ, ജീവിതം അതു മാത്രമായി. വിരുന്നുകാരെപ്പോലെ കൊല്ലത്തിലൊരിക്കലോ മറ്റോ വന്നെത്തുന്ന സനാഥരായ ഈ മാവേലിമക്കളെ കാത്തുകാത്തിരുന്നു, വൃദ്ധജന്മങ്ങള്‍ മെല്ലെ കെട്ടുപോവുകയും ചെയ്യുന്നു. മറ്റൊരിടത്ത്‌, മക്കളും അവരുടെ കുടുംബവും, പിന്നീട്‌ ഇതേമട്ടില്‍ ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ നിര്‍ദ്ദാക്ഷിണ്യത്തിലേക്ക്‌ മെല്ലെ മെല്ലെ നീങ്ങിയെത്തുകയും ചെയ്യുന്നു.

പ്രായശ്ചിത്തംപോലെ, അപ്പോഴൊക്കെയും ഒരു പിതൃസ്മരണയോ, മാതൃസ്മരണയോ, ഓര്‍മ്മപ്പുഴയിലൂടെ വാക്കിന്റെ കുടത്തില്‍ മെല്ലെമെല്ലെ നീങ്ങിയൊഴുകുന്നു. സനാഥത്വത്തിന്റെ മിഥ്യാനിറവിലും, ഉള്ളിന്റെയുള്ളില്‍ ഓരോ മക്കളും പിന്നെയും പിന്നെയും അനാഥരാകുന്നു.


* അന്നാകരിനീനയിലെ പ്രസിദ്ധമായ കഥാരംഭം.

Sunday, April 1, 2007

ത്രികാലം

ഇന്നലെ

കവിതയൊരു മഴയായ്‌
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്‌
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു

ഇന്ന്

കവിതയുടെ കാലം
കഴിഞ്ഞുപോയ്‌,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്‌,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല

നാളെ

ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം


* നെറൂദയുടെ പ്രസിദ്ധമായ വരികള്‍