കാത്തുകാത്തിരുന്നു മുഷിഞ്ഞു.
ആളുകള്‍ പലേ തിരക്കിലുംപെട്ട് അലയുകയാണ്. എന്തോ നഷ്ടപ്പെട്ടത് തിരയും പോലെ, കണ്ടു മറന്ന ഒരു അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ.
ശ്രീമതിയും മകനും സാധനങ്ങള്‍ വാങ്ങാന്‍ പോയിട്ടു മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, വീണ്ടും ഒരു പുക കൂടി അകത്താക്കണോ, എന്ന് ആലോചിച്ചു തീരുമാനത്തിലെത്തും മുന്‍പാണ് പുറത്ത് ഒരാള്‍ മൃദുവായി തൊട്ടത്. അന്‍പതിനടുത്ത് പ്രായമുള്ള ഒരാള്‍. പരിഭ്രമമുണ്ടായിരുന്നു അയാളുടെ മുഖത്ത്.
കുറേ നേരമായോ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്? കുറച്ച് പ്രായമായ ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടുവോ?
ഇല്ല.
എവിടെപ്പോയി ആവോ?
നിങ്ങളുടെ ആരാണ്?
വേണ്ടപ്പെട്ട ഒരാളാണ്. കുടുംബത്തിലെ ഒരു അകന്ന..
ഇവിടെയെവിടെയെങ്കിലും ഉണ്ടാവും..വരും..
തോന്നുന്നില്ല..ശരി..ഒന്നു നോക്കി വരാം.
എത്ര പെട്ടെന്നാണ് ആളുകളെ കാണാതാവുന്നത്? കണ്ടുകൊണ്ടിരിക്കുമ്പോള്‍..ഒരു സിഗരറ്റിനു തീ കൊടുത്തു. ശ്രീമതിയുടെ അവസാനിക്കാത്ത ഷോപ്പിങ്ങിനെ ശപിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നെ മനസ്സിലായോ?
ആദ്യമൊന്നു പകച്ചു. പണ്ടത്തെ പി.ജയലക്ഷ്മി ആകെ മാറിയിരുന്നു. പഴയ മെലിഞ്ഞ ശരീരം തടിച്ച് ഉരുണ്ടിരിക്കുന്നു. അല്‍പ്പം ചെറുതായപോലെയും തോന്നി. ചുളിവുകള്‍ വീണ മുഖം.
"കണ്ടുമുട്ടലിനും വേര്‍പിരിയലിനും ഇടയ്ക്ക് ഒരായിരം വസന്തങ്ങള്‍ കൊതിച്ച നമ്മളോ കുറ്റക്കാര്‍? വിധിയെ ഞാന്‍ വെറുതെയെങ്കിലും പഴിക്കട്ടെ". പച്ച മഷിയില്‍ കൊലുന്നനെയുള്ള കയ്യക്ഷരത്തില്‍ പി.ജയലക്ഷ്മി എഴുതിത്തന്ന യാത്രാമൊഴി ഓര്‍മ്മയില്‍ വന്നു. ചിരിച്ചു.
പരിചയം പുതുക്കാനുള്ള വാക്കുകള്‍ ആലോചിക്കുമ്പോഴേക്കും, അവള്‍ പറഞ്ഞു.
"ഇവിടെ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂപ്പരെ അന്വേഷിച്ച് ഏട്ടനും ഇങ്ങോട്ടു പോന്നു..രണ്ടുപേരേയും കാണാനില്ല"
അന്വേഷിച്ചുവന്നയാളെ ഞാന്‍ കണ്ടു. കുറച്ചുമുന്‍പ്.
അതേയോ? എന്നിട്ട്?
നോക്കിവരാമെന്നു പറഞ്ഞ് പോയി.
അയാള്‍ കടയുടെ ഉള്ളിലേക്ക് പോയി. ആളുകള്‍ നന്നേ കുറവ്. ഭാര്യയും മകനും അവിടെയെവിടെയും ഉണ്ടായിരുന്നില്ല. കുറെ അന്വേഷിച്ചു അയാള്‍.
"ഒരു സ്ത്രീയും കുട്ടിയും ഇങ്ങോട്ട് വന്നിരുന്നു. കണ്ടുവോ", വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയോട് ചോദിച്ചു.
ഇല്ല. അങ്ങിനെയാരേയും ഇന്ന് കണ്ടിട്ടേയില്ല.
പുറത്തേക്കിറങ്ങി. അവിടേയും അവരെ കണ്ടില്ല. പുറത്തെ തിരക്കും ഒഴിഞ്ഞുതുടങ്ങിയിരുന്നു.
ഒരു സ്ത്രീയും കുട്ടിയും ആരെയോ അന്വേഷിച്ച് ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ആരെങ്കിലുമാണോ?
മുന്‍പില്‍ വന്ന് ഒരാള്‍ ചോദിച്ചു.
അതെ, എന്നിട്ട് അവരെവിടെ?
അറിയില്ല. ഇവിടെയെവിടെയെങ്കിലുമുണ്ടാവും. വരും..അല്ലാണ്ടെന്താ?
വരും..വരാതിരിക്കില്ല..പണ്ടെന്നോ വായിച്ച ഒരു കഥയിലെ വരി ഓര്‍മ്മ വന്നു.
തെരുവിലെ അസംബന്ധ നാടകം അപ്പോള്‍ തീരെ നിലച്ചിരുന്നു.
കാത്തുകാത്തിരുന്ന് പിന്നെയും അയാള്‍ക്ക് മുഷിഞ്ഞു.
Tuesday, April 17, 2007
Subscribe to:
Post Comments (Atom)
6 comments:
കാത്തുകാത്തിരുന്നു മുഷിഞ്ഞു.
ആളുകള്‍ പലേ തിരക്കിലുംപെട്ട് അലയുകയാണ്. എന്തോ നഷ്ടപ്പെട്ടത് തിരയും പോലെ, കണ്ടു മറന്ന ഒരു അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ.
ആള്‍ക്കൂട്ടത്തിന്റെ അറ്ത്ഥശാസ്ത്രം നന്നായി അവതരിപ്പിച്ചതിന്‍ അഭിനന്ദനങ്ങള്‍.
രാജിവ് ജീ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രാജീവ്,
നന്നായിരിക്കുന്നു.നിത്യജീവിതത്തില്‍ നാം പലപ്പോഴും അനുഭവിക്കുന്നത്.
കഥ നന്നായി. ദീദിയും ഗോഗോയും പല കുഞ്ഞുദൈവങ്ങളെയും കാത്ത് നില്‍ക്കുകയോ തിരഞ്ഞലയുകയോ ആണ്. രംഗവും കാലവും മാറുമ്പോഴും കഥ മാറുന്നില്ല. സങ്കീര്‍ണ്ണമാവുന്നതേയുള്ളു. വാക്കുകളുടെ മിതത്വം ശരിക്കും അത്ഭുതപ്പെടുത്തി, രാജീവ് അഭിനന്ദനങ്ങള്‍.
ബെക്കറ്റിന്റെ ‘ഗോദോയെ കാത്ത്’ (waiting for Godot) എന്ന നാടകത്തിന്റെ ഓര്‍മ്മ തരുന്നു ഇത്. അസംബന്ധ സാഹിത്യ പ്രസ്താനത്തിന്റെ ആ ബൈബിളിനെ മലയാളത്തിലും അവതരിപ്പിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. കാണാന്‍ പറ്റിയില്ല.
വിദഗ്ധമായി, കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍
Post a Comment