Sunday, September 21, 2008

റൌണ്ടപ്പ്, അഥവാ, വളഞ്ഞുപിടിക്കല്‍

ഏഷ്യാനെറ്റിന്റെ ഗള്‍ഫ്‌ റൗണ്ടപ്പ്‌ എന്ന ചൊവ്വാഴ്ചതോറുമുള്ള പരിപാടി ഈയാഴ്ച അവതരിച്ചത്‌ ഞെട്ടിക്കുന്ന രണ്ട്‌ ദൃശ്യങ്ങളുടെ കഥകളുമായിട്ടായിരുന്നു. ഉദ്വേഗം ജനിപ്പിക്കുന്ന രണ്ട്‌ വാര്‍ത്തകള്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് കഴിഞ്ഞ റൗണ്ടപ്പില്‍ത്തന്നെ അവര്‍ മുന്നറിയിപ്പും തന്നിരുന്നു. പ്രേക്ഷകര്‍ തയ്യാറായിരിക്കണമല്ലോ.

ആദ്യത്തേത്‌, ചാനലുകാരുടെ ഇഷ്ടവിഷയം. പെണ്‍വാണിഭം. മലയാളിപ്പെണ്ണുങ്ങളെ, മലയാളികള്‍ തന്നെ, ഗള്‍ഫ്‌ ചന്തയില്‍ വില്‍ക്കുന്ന കഥകള്‍. നാണക്കേടുണ്ടാക്കുന്ന കാര്യമാണ്‌. തുറന്നു കാട്ടപ്പെടേണ്ടതുമാണ്‌. സംശയമില്ല. ഇത്‌ തടയുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാരും യു.എ.ഇ.സര്‍ക്കാരും, കാര്യക്ഷമമായിത്തന്നെ ഏറ്റെടുത്തു നടത്തുന്നുമുണ്ട്‌. നിര്‍ഭാഗ്യവതികളായ ഈ സ്ത്രീകളെ സ്വകാര്യനിലയില്‍ ഏറ്റെടുത്ത്‌ കൃത്യനിര്‍വ്വഹണത്തിന്‌ പുതിയ മാനം ചേര്‍ക്കുന്ന കൗണ്‍സിലേറ്റ്‌ ഉദ്യോഗസ്ഥര്‍ നമ്മുടെയിടയിലുണ്ടെങ്കിലും.

ഗള്‍ഫ്‌ റൗണ്ടപ്പ്‌ പുറത്തുവിട്ട മറ്റൊരു സ്കൂപ്പ്‌ ദുബായിലെ വ്യാജമദ്യവില്‍പ്പനക്കാരെക്കുറിച്ചുള്ളതാണ്‌.

മദ്യം വിഷമാണ്‌. മതത്തിന്റെ അത്രതന്നെ വരില്ലെങ്കിലും. ഇസ്ലാമിനാണെങ്കില്‍ മദ്യം ഹറാമും. ഐക്യ അറബിനാടിനെ പൂര്‍ണ്ണമായും ഒരു ഇസ്ലാമികരാജ്യമെന്നൊന്നും പറഞ്ഞുകൂടെങ്കിലും, ഇസ്ലാമിക, ശരിയത്ത്‌ നിയമങ്ങള്‍ അതിന്റെ ഭരണഘടനയുടെ നിര്‍ണ്ണായകഭാഗമാണ്‌. മറ്റു പല ഇസ്ലാമിക രാജ്യങ്ങളേക്കാളൊക്കെ ഉദാരമായ പൗരനിയമങ്ങളും, മിനിമം മനുഷ്യാവകാശങ്ങളുമൊക്കെ അനുവദിക്കുന്നുമുണ്ട്‌ ഈ രാജ്യം. അതുകൊണ്ട്‌ കള്ളുകുടിക്കേണ്ടവന്‌ കള്ളുകുടിക്കാം, ശീട്ടുകളിക്കേണ്ടവന്‌ ശീട്ടുകളിക്കാം, പെണ്ണുപിടിക്കേണ്ടവന്‌ പെണ്ണുപിടിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങള്‍ നിയമപരമായി അനുവദിച്ചിട്ടില്ലെങ്കിലും, സര്‍ക്കാരിന്റെ മൂക്കിനുതാഴെ കാലാകാലങ്ങളായി, വേണ്ടപ്പെട്ടവരുടെയൊക്കെ അറിവോടെത്തന്നെ അതൊക്കെ നിര്‍വ്വിഘ്നം നടന്നുവരുന്നുണ്ട്‌. ഒക്കെ, കണ്ടും അറിഞ്ഞും ചെയ്യണമെന്നു മാത്രം.

ദുബായ്‌ ഭരണാധികാരി ഷേക്ക്‌ മുഹമ്മദു തന്നെ ഒരിക്കല്‍ ജനങ്ങളുമായി തന്റെ വെബ്‌സൈറ്റിലൂടെ നടത്തിയ തുറന്ന സംവാദത്തില്‍ അത്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തിയ രാജ്യമായിട്ടും എന്തുകൊണ്ട്‌ പഞ്ചനക്ഷത്ര ബാറുകളും മറ്റും അനുവദിക്കുന്നു എന്ന ചോദ്യത്തിന്‌, ബാറിന്റെ തൊട്ടടുത്ത്‌ പഞ്ചനക്ഷത്രസൗകര്യമുള്ള പള്ളികളും താന്‍ പണിഞ്ഞുകൊടുത്തിട്ടുണ്ടെന്നും, ഏതുവേണമെന്നു തീരുമാനിക്കേണ്ടത്‌ ജനങ്ങളാണെന്നും അദ്ദേഹം മറുപടി കൊടുത്തു.

കള്ളിന്റെ ഉപഭോഗവും വില്‍പ്പനയും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില നിയന്ത്രണങ്ങളൊക്കെ നിലവിലുണ്ട്‌. പെര്‍മിറ്റു വേണം. അതല്ലെങ്കില്‍ ഹോട്ടലുകളില്‍പോയി വീശണം. പെര്‍മിറ്റ്‌ കിട്ടാന്‍ മറ്റു പല ബുദ്ധിമുട്ടുകളുണ്ട്‌. ജോലി ചെയ്യുന്ന സ്ഥാപനം രേഖാമൂലം അനുവദിക്കണം. കള്ളുവാങ്ങുന്നതിനുള്ള മിനിമം ശമ്പളം ഉണ്ടായിരിക്കണം. സി.ഐ.ഡിയുടെയും മറ്റും അനുമതിപത്രം വേണം.

ഇതൊന്നുമില്ലാത്ത കള്ളുവില്‍പ്പനയും കള്ളുകുടിയും നിയമവിരുദ്ധമാണ്‌. അത്തരത്തിലുള്ള വില്‍പ്പനകേന്ദ്രങ്ങളും കള്ളുകുടിക്കാരും നിരവധിയാണുതാനും.

ഇവിടെ ഏഷ്യാനെറ്റിന്റെ ധാര്‍മ്മികബോധം ഉണരുന്നു. കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം നിര്‍വ്വഹിക്കാതെ കുടിച്ച്‌ നശിക്കുന്നവരെക്കുറിച്ചും, അവര്‍ക്ക്‌ വ്യാജമദ്യം കൊടുക്കുന്നവരെക്കുറിച്ചും ഏഷ്യാനെറ്റിന്‌ സങ്കടം. രോഷം. ഒളികണ്‍ ക്യാമറയുമായി, ഇത്തരം ചില വില്‍പ്പനകേന്ദ്രങ്ങളെ ഏഷ്യാനെറ്റ്‌ തുറിച്ചുനോക്കുന്നു. ഇത്‌ അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നുണ്ട്‌ ചാനല്‍.

ഇത്തരം വ്യാജവില്‍പ്പന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഒരു കച്ചവടവുമല്ല ഇത്‌. ദുബായുടെ (മറ്റ്‌ എമിറേറ്റ്‌സുകളുടെയും) എല്ലാ മുക്കിലും മൂലയിലും ഇത്‌ നടക്കുന്നുണ്ട്‌. ഈ മദ്യം വിപണിയിലേക്ക്‌ ഇറക്കുന്നതും വിതരണം ചെയ്യുന്നതും വമ്പന്മാരാണ്‌. സവര്‍ണ്ണ-ആഢ്യ ബിംബസൂചനകളുള്ള നക്ഷത്രബാറുകളുടെയും, അവരുടെ തലതൊട്ടപ്പന്മാരായ തദ്ദേശീയ പ്രമാണിമാരുടെയുമൊക്കെ കരങ്ങളാണ്‌ ഈ വന്‍വ്യാജമദ്യവിപണിയുടെ പിന്നിലുള്ളത്‌. സര്‍ക്കാരില്‍ അടക്കേണ്ട നികുതികളടക്കാതെ ഇറക്കുമതി ചെയ്യുന്ന വ്യാജമദ്യമാണ്‌ ഇന്ന് ഇവിടുത്തെ കമ്പോളത്തില്‍ ഒരു വലിയ ശതമാനം. പരസ്യമായ രഹസ്യമാണ്‌ ഇത്‌. അജ്‌മാനിലെയും ഉമ്മല്‍ ഖ്വയിനിലെയും പല 'പാവപ്പെട്ട' ഭരണാധികാരികളും ജീവിച്ചുപോകുന്നത്‌ ഇങ്ങനെ ചില അല്ലറചില്ലറ ജീവിതമാര്‍ഗ്ഗങ്ങളിലേര്‍പ്പെട്ടാണ്‌.

എന്തുകൊണ്ടാണ്‌ ഏഷ്യാനെറ്റ്‌ അതൊന്നും കാണാത്തത്‌? അഥവാ, കണ്ടില്ലെന്നു നടിക്കുന്നത്‌? ആരെ സംരക്ഷിക്കാനാണ്‌? ചെറിയ മീനുകളുടെ ഉപജീവനം മുടക്കുന്നത്‌ അത്ര വലിയ പത്രധര്‍മ്മമൊന്നുമല്ല സര്‍. വിളിച്ചാല്‍ വിളിപ്പുറത്ത്‌ വരാത്ത പാവം ടാക്സി ഡ്രൈവര്‍മാരുടെ കണ്ണില്‍ച്ചോരയില്ലായ്മയെക്കുറിച്ച്‌ നെടുനെടുങ്കന്‍ 'അന്വേഷണാത്മക'റിപ്പോര്‍ട്ടുകളും 'സ്വാനുഭവ'ങ്ങളും പടച്ചുവിടുമ്പോള്‍, കഴിവുകെട്ട ആര്‍.ടി.എ എന്ന സ്ഥാപനത്തിനെക്കുറിച്ചും എന്തെങ്കിലുമൊക്കെ രണ്ടുവരി എഴുതേണ്ടതല്ലേ സര്‍? അതല്ലേ ശരിയായ പത്രപ്രവര്‍ത്തനം? ബാക്കിയുള്ളതൊക്കെ വെറും പേനയുന്തലോ, കൂലിയെഴുത്തോ അല്ലേ സര്‍?

അമിതമായി കള്ളുകുടിക്കുന്നതും, കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം മറന്ന് കിട്ടുന്ന കാശൊക്കെ (hard-earned എന്ന് ഇംഗ്ലീഷില്‍ പറയും)കള്ളുകാരനു കൊടുക്കുന്നതും തെറ്റുതന്നെയാണ്‌. അത്‌ ചെയ്യുന്നവരെയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരെയും നിരുത്സാഹപ്പെടുത്തുകയും വേണം. സാമൂഹ്യവിരുദ്ധവും നിയമവിരുദ്ധവുമായ അത്തരം പ്രവര്‍ത്തനങ്ങളെ വെളിച്ചത്തുകൊണ്ടുവരേണ്ടത് അത്യാവശ്യവുമാണ്.

പക്ഷേ, ഈ സാദാ കള്ളുകച്ചവടക്കാരും ജീവനോപായം തേടുന്നവരാണ്‌. ചെറുതെങ്കിലും, മാന്യമായ ഒരു തൊഴില്‍ കയ്യിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ പണിക്ക്‌ പോകുമായിരുന്നില്ല. അവരെക്കൊണ്ട്‌ ഈ തൊഴിലിലേര്‍പ്പെടീപ്പിക്കുന്ന സാഹചര്യമാണ്‌ മാറേണ്ടത്‌. അവരെക്കൊണ്ട്‌ ഈ തൊഴില്‍ ചെയ്യിപ്പിക്കുന്ന പ്രവാസി-സ്വദേശി ഏമാന്മാരുടെ നേര്‍ക്കും തുറക്കണം ഈ ഒളികണ്‍സേവ.

അതിനാകുന്നില്ലെങ്കില്‍ വിട്ടുകളയണം സര്‍. റൗണ്ടപ്പ്‌ ചെയ്യാനും, ഓടിച്ചിട്ടു വളഞ്ഞുപിടിക്കാനും മറ്റെന്തൊക്കെ വിഷയങ്ങളുണ്ട്‌ ഈ മരുനാട്ടില്‍. ഓണം, കോല്‍ക്കളി, മുത്തപ്പന്‍ ആഘോഷം, ആഗോള ചന്തകള്‍, വേനല്‍-ശൈത്യവിസ്മയങ്ങള്‍, വിസ റാക്കറ്റുകള്‍, അപകടങ്ങള്‍, മരണങ്ങള്‍, അസ്സോസ്സിയേഷന്‍ തിരഞ്ഞെടുപ്പുകള്‍, നാട്ടില്‍നിന്നെത്തുന്ന സൂപ്പര്‍ താരവിദൂഷക കച്ചവടപ്രഭൃതികള്‍. അങ്ങിനെയങ്ങിനെ എന്തൊക്കെ കിടക്കുന്നു ആഘോഷിക്കാന്‍.

ഇനി, ഈ പാവപ്പെട്ട ചെറുകിടക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള തത്രഭവാന്മാരുടെ ഈ ധര്‍മ്മയുദ്ധം വിജയിച്ചുവെന്നുതന്നെ കരുതുക. അതുകൊണ്ട്‌ ഈ ഏര്‍പ്പാട്‌ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കരുതാന്‍ തക്കവണ്ണം ശുദ്ധസരളഹൃദയന്മാരിപ്പോയോ നിങ്ങള്‍? നിങ്ങളേക്കാള്‍ നന്നായി ഈ പോലീസിനെയും രഹസ്യാന്വേഷകരെയും, അറിയുന്നവരാണിവര്‍. നമ്മുടെ നാട്ടിലെ വ്യാജവാറ്റുകാരെപ്പോലെ ഇടക്കൊക്കെ (ഇരുകൂട്ടരുടെയും മനസ്സമാധാനത്തിനുവേണ്ടി), പിടികൊടുക്കുകയും, അഴിയെണ്ണുകയും, നാടുകടത്തപ്പെടുകയും, വീണ്ടും മറ്റൊരു സിം കണക്‍ഷന്റെ മേല്‍വിലാസത്തില്‍ പഴയതോ പുതിയതോ ആയ ലാവണത്തില്‍ വന്ന് ഇതേ തൊഴിലില്‍തന്നെ ഏര്‍പ്പെടുകയും ചെയ്യാനുള്ള മെയ്‌‌വഴക്കമൊക്കെയുള്ളവരാണിവര്‍. അതൊന്നും സാറന്മാര്‍ക്ക്‌ അറിയാത്ത കാര്യമായിരിക്കില്ലല്ലോ? എല്ലാവര്‍ക്കും അറിയുന്ന കാര്യം നിങ്ങള്‍ക്കുമാത്രം അറിയില്ലെന്നു കരുതാനുള്ള ബുദ്ധിമോശമൊന്നും ഏതായാലും ഞങ്ങള്‍ക്കില്ല.

ഇനി, ആ മുര്‍ഡോക്ക്‌ സായിപ്പിന്‌ ഐക്യ അറബി നാട്ടിലെ വ്യാജമദ്യക്കച്ചവടത്തില്‍ എന്തെങ്കിലും കണ്ണുണ്ടെന്നു വരുമോ? ഇങ്ങനെ ഓരോന്ന് കാണുമ്പോള്‍ ഇത്തരത്തിലോരോ സംശയങ്ങള്‍ മനസ്സില്‍ വരുന്നതിന് കുറ്റം പറയാനാകുമോ സാര്‍?

9 comments:

Rajeeve Chelanat said...

റൌണ്ടപ്പ്, അഥവാ, വളഞ്ഞുപിടിക്കല്‍

Anonymous said...

ഡൊക്ടര്‍മാര്‍ക്കെതിരെ ( അവിടെ ആയിരുന്നപ്പോള്‍ ഈ മൊബൈല്‍ മദ്യ വില്പനക്കാരെ അങിനെയാണ് വിളിച്ചിരുന്നത്, മരുന്ന് സപ്ലൈ ചെയ്യുന്നവര്‍ എന്ന നിലയില്‍, ഇപ്പൊ ആ പേര്‍ മാറിയോ എന്നറിയില്ല)ഏഷ്യാ നെറ്റ് നടത്തുന്ന ഈ കടന്നാക്രമണത്തില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. വ്യാഴാഴ്ച രാത്രികളില്‍ എത്രയോ തവണ ഇവരെ വിളിച്ച്, ഒരു കുപ്പി അല്ലെങ്കില്‍ രണ്ട് കുപ്പി “പച്ച” യ്ക്ക് പറഞ്ഞിരിക്കുന്നു. ഓര്‍മ്മിപ്പിച്ചതിന് നന്ദി.

ജിവി/JiVi said...

അന്വേഷണാത്മാക റിപ്പോര്‍ട്ടിംഗിന് ഇവിടെയുള്ള സാധ്യതകള്‍വെച്ച് ഒരു റൌണ്ടപ്പ് കളി. ഇവുടുത്തെ അധികാരികളെ വിമര്‍ശിക്കുന്നത് മലയാള മാധ്യമങ്ങള്‍ക്ക് എന്തോ മഹാപാപം ചെയ്യുന്നതുപോലെയാണ്. വിമര്‍ശിക്കേണ്ട കാര്യങ്ങളെയും അവര്‍ പുകഴ്ത്തിക്കളയും.

കുറച്ച് മാ‍സങ്ങള്‍ക്ക് മുമ്പ് അബുദാബി മുനിസിപ്പാലിറ്റി ഒരു നിയമം കൊണ്ടുവന്നു. വളര്‍ത്തുമൃഗങ്ങളുമായി ഫുട്പാത്തുകളില്‍ നടക്കരുത്. അന്ന് ചാനല്‍ 4ല്‍ അവതാരകര്‍ ഒരു ദാക്ഷ്യീണ്യവുമില്ലാതെ ഈ പുതിയ നിയമത്തെ കടിച്ച് കുടഞ്ഞ് കളഞ്ഞു. നമ്മുടെ ഹിറ്റ് എഫ് എം ഓ ഏഷ്യാനെറ്റ് ആയിരുന്നെങ്കില്‍ ഈ നിയമത്തെ എങ്ങനെയൊക്കെ വര്‍ണ്ണിക്കുമായിരുന്നൂ എന്ന് ആലോചിച്ചുനോക്കിയാല്‍ ഒരു മിമിക് ഐറ്റത്തിനുള്ള വകുപ്പായി.

simy nazareth said...

ഞാനും യോജിക്കുന്നു. അത്യാവശ്യത്തിന് ഇവരേ ഉണ്ടായിരുന്നുള്ളൂ.

പെര്‍മിറ്റിന്: അപേക്ഷാ ഫോമില്‍ കമ്പനി സീല്‍ വേണം, 4000 ദിര്‍ഹം ശമ്പളം വേണം. ഫോട്ടോ, പാസ്പോര്‍ട്ടിന്റെ കോപ്പി, വീട്ടിന്റെ താമസ കോണ്ട്രാക്ടിന്റെ കോപ്പി - ഇത്രയും വേണം. അമുസ്ലീം ആയിരിക്കണം. സി.ഐ.ഡി. ചെക്ക് ഒന്നും ഇല്ല. ആരും ഫോണ്‍ വിളിച്ചുപോലും ഒന്നും തിരക്കാറില്ല.

എയര്‍പ്പോര്‍ട്ടില്‍ നിന്നും 4 ലിറ്റര്‍ മദ്യം വാങ്ങി കൊണ്ടുവരുന്നതിന് പെര്‍മിറ്റ് വേണ്ട. ഉം അല്‍-ക്വൈവാനില്‍ നിന്നും മദ്യം വാങ്ങി വരുമ്പൊ ഷാര്‍ജ വഴി വരുന്നവര്‍ സൂക്ഷിക്കണം. പല കള്ള സി.ഐ.ഡി-കളും വണ്ടി കൊണ്ടിടിച്ച് കാശു തട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അജ്മാന്‍ - പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ പോവുന്നു എന്നു കേട്ടു. എന്തായോ എന്തോ. ഷാര്‍ജയിലും പെര്‍മിറ്റ് വരുന്നു.

മലമൂട്ടില്‍ മത്തായി said...

ശോ ഈ കുത്തക മുതലാളിമാരെ കൊണ്ടു തോറ്റു. ഇനി ആകെ ഉള്ള രക്ഷ തൊഴിലാളി വര്‍ഗ മുതലാളിമാരില്‍ ആണ്. ഗള്‍ഫില്‍ പാര്ടിക്കൊരു അമുസേമെന്റ്റ് പാര്‍ക്കോ, അബ്കാരി ബിസിനെസ്സോ ഒക്കെ തുടങ്ങി കൂടായോ? അങ്ങിനെ ആകുമ്പോള്‍ തൊഴിലാളിക്ക് വേണ്ടി തൊഴിലാളിയാല്‍ നിര്മിക്കപെട്ട വെട്ടിരുമ്പ് വില്‍ക്കാം.

Joker said...

രാജീവ് ഈ മാധ്യമ കൂട്ടികൊടുപ്പു കാരെ വെറുതെ വിട്റ്റുകൂടെ.നാലുകെട്ടും അഞ്ചു കെട്റ്റും അടകമുള്ള നക്ഷത്ര കള്ള് ഷാപ്പുകള്‍ക്ക് കച്ചോടം കുറയുമ്പോള്‍ ഞങ്ങള്‍ മുതലാളിമാര്‍ക്കും കുറച്ചൊക്കെ മെലിച്ചിലുണ്ടാകും.അത് വര്‍ഗ്ഗ ബോധമാണ് വര്‍ഗ്ഗ ബോധം.

ഇവിടെയുള്ള മറ്റ് ചില വേഷ്യാ റേഡിയോ ചാനലുകളാണ് ഹിറ്റ് എഫ് എം.അതില്‍ ഒരിക്കല്‍ ഒരു പരിപാടിക്കിടയില്‍ വരുന്നു.ജബല്‍ അലിയില്‍ എവിടെയോ ശമ്പളം കൊടുക്കാത്തതിന് തൊഴിലാളികള്‍ പണിമുടക്കി.അതിന് അവതാരകന്റെ കമന്റ് “ ഇവരൊക്കെ നാട്ടില്‍ ചെയ്യുന്നത് പോലെ ഇവിടെയും തൂടങ്ങിയാല്‍ എന്താ ചെയ്യുക എന്ന്” ശീതീകരിച്ച മുറികളിരുന്ന് പൈങ്കിളി പുലയാട്ടുകള്‍ പറയുന്ന ഇവര്‍ക്കൊന്നും അറിയില്ലല്ലോ തലക്ക് മുകളില്‍ നിന്ന് സൂര്യന്‍ കത്തുന്നതിന്റെ ബുദ്ധിമുട്ട്.അവര്‍ക്ക് കൂലി കിട്ടാതിരുന്നാലുള്ള പ്രയാസവും അവര്‍ക്കറിയില്ല.അവര്‍ക്ക് കൊല്ലാ കൊല്ലം നക്ഷത്ര ഹോട്ടലുകളില്‍ വാര്‍ഷികവും മറ്റും ഉണ്ടല്ലോ ...

ജിവി/JiVi said...

ജോക്കര്‍ക്ക് കൊടുത്തു കൈ.

Nachiketh said...

രാജീവ് വളരെ പ്രസക്തമാണീ പോസ്റ്റ്....

യഥാര്‍ത്ഥത്തില്‍ ഈ ചില്ലറ വില്‍പ്പനക്കാരുടെ പിന്നിലുള്ള വമ്പന്മാരെ നമ്മളറിയാറില്ല, ഇവരെ ഒരിക്കല്‍ പിടിയ്കപ്പെട്ടാലും പേരില്‍ കേസ്സു പോലും റജിസ്റ്റര്‍ ചെയ്യാതെ ഇറങ്ങി വരുന്നതു കണ്ടിട്ടുണ്ട് മടിയില്‍ 500 ദിനാര്‍(നാട്ടിലെ 60000 രൂപ)എപ്പോഴും ഇവരുടെ കരുതല്‍ ധനമായിരിയ്കും അവര്‍ക്കറിയാം ആര്‍ അവരെ പിടിയ്കും എപ്പോള്‍ പിടീലകപ്പെടുമെന്നും, ഇതിനു പിന്നിലെല്ലാം മലയാളികളടങ്ങുന്ന വന്‍ മാഫിയതന്നെയാണ് ഞാന്‍ ഇപ്പോള്‍ താമസിയ്കുന്ന ഗള്‍ഫ് നഗരത്തിലെ പല മലയാളി മുതലാളിമാരും മദ്യകച്ചവടത്തില്‍ നിന്നും ആരംഭിച്ചവരായിരുന്നു കൈയിലിരിയ്കുന്ന പത്തു കുപ്പി വിറ്റ് ലാഭം നാട്ടിലേയ്കയക്കാന്‍ ശ്രമിയ്കുന്ന ഈ ഫ്രീ വിസക്കാരെ കാണിയ്ക്കാനേ ഏതു ചാനലും തയ്യറാവൂ തലതൊട്ടപ്പന്മാരെന്ന് അറിയുന്ന ഇവരുടെ മുതലാളിമാരെ കുറിച്ച് സം‌പ്രേക്ഷണം ചെയ്യാന്‍ തയ്യാറായാല്‍ അവരുടെ പണി പോവും

Anonymous said...

അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിശ്രമ-വിനോദ-ഉപാധികളെ ഇങ്ങനെ വിമറ്ശിക്കുന്നത് സി.ഐ.എ യിൽനിന്നൂം പണം പറ്റിയിട്ടായിരിക്കണം.