Tuesday, October 7, 2008

എഴുത്തിനിരുത്ത്‌

വിദ്യാരംഭത്തിനുള്ള സമയമായി.

നാവിലും വിരല്‍ത്തുമ്പിലും അക്ഷരത്തിന്റെ ജ്യോതി തെളിയുന്ന ദിവസം. എഴുത്തെളിഞ്ഞതിനും എഴുതി ഞെളിഞ്ഞതിനും വര്‍ഷാവര്‍ഷം കിട്ടുന്ന ദിവസക്കൂലി മേടിക്കാന്‍, സാഹിത്യ-സാംസ്കാരികനായകന്മാര്‍ ഇലയിട്ടുകഴിഞ്ഞു.

പത്രമുത്തശ്ശികളുടെയും സരസ്വതീക്ഷേത്രങ്ങളുടെയും സാഹിത്യ അക്കാഡമികളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുന്ന ഒരു തെരുവുനാടകം, ഇതാ അടുത്ത ബെല്ലോടെ ആരംഭിക്കുകയായി. നിങ്ങളുടെ ഇഷ്ടതാരങ്ങള്‍തന്നെയാണ്‌ ഇത്തവണയും സ്റ്റേജിലുള്ളത്‌.

മറ്റന്നാള്‍ പതിവുകാഴ്ചകള്‍ നമ്മള്‍ കാണേണ്ടിവരും. നിരനിരയായി ഇരിക്കുന്ന സാഹിത്യ-സാംസ്കാരിക ഗോഡ്‌ഫാദറുമാരുടെ മുന്നില്‍, ഊഴമനുസരിച്ച്‌, കൈതവമറിയാത്ത കുട്ടികളെയും കൊണ്ട്‌ അച്ഛനമ്മാരും ബന്ധുക്കളും എത്തും. പുതിയ കാലത്തിന്റെ അക്ഷരക്കയ്പ്പറിയാത്ത കുഞ്ഞുനാവുകളില്‍ സ്വര്‍ണ്ണമോതിരങ്ങളാല്‍ അവര്‍ ഹരിയും ശ്രീയും ഗണപതിയും വരക്കും.

അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും.

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ഒരു ഉപകരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നു അക്ഷരവും വിദ്യാഭ്യാസവും ഇന്ന്. 'എല്ലാം നമ്മള്‍ പഠിക്കേണം" എന്നത്‌, പഴയ പരിഷത്തിന്റെ പഴയ കലാജാഥകളിലെ തേഞ്ഞുപോയൊരു വാക്കുമാത്രമാണ്‌. അവര്‍ക്കുപോലും അത്‌ വേണ്ടാതായിട്ടും കാലം കുറച്ചായി.

ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം. ആ ആയുധത്തെ ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കുകയും പ്രായോഗിക്കാമാക്കുകയും ചെയ്യാം എന്നുള്ളതാണ്‌ നമ്മുടെ ആലോചന. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികവളര്‍ച്ചയും, നീതിബോധവുമൊന്നും അതിന്റെ ലക്ഷ്യങ്ങളേയല്ല. മത്സരത്തില്‍ വിജയിക്കാനും, സമ്പത്തും അധികാരവും ഉറപ്പാക്കാനും വേണ്ടിയുള്ളതായി മാറിയിരിക്കുന്നു അത്‌.

സാമുദായികവും ജാതീയവുമായ ഉച്ചനീചത്വങ്ങളില്‍നിന്ന് വിദ്യാഭ്യാസം രക്ഷപ്പെട്ടത്‌, നവോത്ഥാനത്തിന്റെയും അതിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശമുള്ള ആധുനികതയുടെയും വരവോടെയായിരുന്നു. കഴിഞ്ഞ തലമുറവരെയെങ്കിലും നമ്മളത്‌ ഏറെക്കുറെ ആ രീതിയില്‍തന്നെ നിലനിര്‍ത്താനും ശ്രമിച്ചു.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ പോലും സൗകര്യപൂര്‍വ്വം കൈയ്യൊഴിഞ്ഞ ഒരു സംജ്ഞയായിമാറിക്കഴിഞ്ഞു. കമ്പോളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും മാത്രം ബാധകമായ, ലാഭം മാത്രം നോക്കി വാങ്ങുകയും വില്‍ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു ഉത്‌പന്നം മാത്രമാണ്‌ ഇന്നത്‌.

ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ മതനിരപേക്ഷ സ്വഭാവമായിരുന്നു. പൗരസമൂഹത്തില്‍ കൂടിയും കുറഞ്ഞും നിലനില്‍ക്കുന്ന മതപരവും സാമുദായികവുമായ ഉള്ളടക്കങ്ങളെ ചെറുക്കാന്‍ അവക്ക്‌ കെല്‍പ്പുണ്ടെന്നും നമ്മള്‍ അഹങ്കരിച്ചിരുന്നു. നാനാജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരിക്കുകയും, പഠനം എന്നത്‌ ആരുടെയും ഔദാര്യംകൊണ്ടല്ലാതെ അവര്‍ക്ക്‌ കിട്ടുന്ന ജന്മാവകാശമാവുകയും, സര്‍ക്കാരുകള്‍ അത്‌ തങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യമായി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തിനെയാണ്‌ ഇന്നത്തെ നമ്മുടെ വര്‍ഗ്ഗീയ കലാലയങ്ങളും അതിനെ അടക്കിവാഴുന്ന നമ്മുടെ സാമുദായിക-രാഷ്ട്രീയ 'നെടിയിരുപ്പു'കളും ഒരുപോലെ ഭംഗിയായി ഇന്ന് ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇത്തരം 'എഴുത്തിനിരുത്ത'ലുകള്‍ അതിന്റെ അനുഷ്ഠാനപരമായ സൂചനയാണ്‌.

26 comments:

Rajeeve Chelanat said...

എഴുത്തിനിരുത്ത്

മാരീചന്‍ said...

ഇതു പോലുളള "ഇരുത്തലുകളും" ഒപ്പം നടക്കട്ടെ

ദിലീപ് വിശ്വനാഥ് said...

മാ‍റുന്ന ലോകത്തിലെ നാറുന്ന കോലങ്ങള്‍!

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിദ്യാരംഭം നേരുന്നു.

Unknown said...

“ഇരിയെടാ അവിടെ!” എന്ന‌ മേലാളന്റെ കല്പന കേട്ടാല്‍ മറുചോദ്യമില്ലാതെ ഉടന്‍ ഇരിക്കാന്‍ ഭാവിയിലും കേരളീയനു് കഴിയണം. അതിനാ‍ണു് തുടക്കത്തിലേതന്നെ എഴുത്തിനു് “ഇരുത്തി” ശീലിപ്പിക്കുന്നതു്.

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം!

(ചെറുപ്പകാലങ്ങളിലുള്ള ശീല
അലക്കുമോ മാനുഷനുള്ള കാലം!
എന്നു് എഴുത്തിനിരുത്താത്ത ദോഷൈകനാവുകള്‍! )

മറക്കാനാവാത്ത ഇത്തരം ദിവ്യ അനുഭവങ്ങളെയാണു് പില്‍ക്കാലത്തു് നമ്മള്‍ nostalgia എന്നു്‌ പേരിട്ടു്‌ വിളിക്കുന്നതു്. An intgral part of the DNA of all മലയാളീസ്, if you want!

ഭൂമിപുത്രി said...

അപരിചിതമുഖങ്ങൾ കണ്ട് പരിഭ്രമിച്ച്, ആരുടെയോ മടിയിൽ പിടിച്ചിരുത്തപ്പെട്ട് അലറിവിളീച്ചുകരയുന്ന കുട്ടികളുടെ, കുഞ്ഞിവിരലുകളിൽ ബലം പ്രയോഗിച്ച് ആദ്യാക്ഷരമെഴുതിയ്ക്കുന്ന ക്രൂരത ടിവിയിൽ കാണുമ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥത തോന്നാറുണ്ട്.
സ്വന്തംവീട്ടിന്റെ സ്വഛശാന്തതയിൽ,
അഛനമ്മമാരുടെ സ്നേഹത്തിന്റെ മടിത്തട്ടിലിരുന്നു ആദ്യത്തെ അക്ഷരകൗതുകം നുകരാൻ ഭാഗ്യമുണ്ടായ കഴിഞ്ഞ തലമുറ,
മക്കളോട് എന്തിനാണാവോ ഇങ്ങിനെ ചെയ്യുന്നതു!

അനില്‍ശ്രീ... said...

ഭാഗ്യം... എനിക്കും എന്റെ അനിയനും എന്റെ മൂത്ത മകനും വീട്ടിലിരുന്ന് ഒരു പാത്രത്തില്‍ ഇട്ട അരിയില്‍ ഹരിശ്രീ എഴുതി തന്നത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. മറ്റന്നാള്‍ എന്റെ ഇളയ മകന് ഞാനോ എന്റെ ഭാര്യയോ (അല്ലെങ്കില്‍ ഒരുമിച്ചോ) ആ ചടങ്ങ് നടത്തി കൊടുക്കും.

Anonymous said...

'എഴുത്തിനിരുത്തി'നെതിരായി സഖാക്കളൊരു 'കുത്തി-നിന്ന്' (ഇരിക്കരുത്)സമരം തുടങ്ങൂ.

Dinkan-ഡിങ്കന്‍ said...

കൊള്ളാം രാജീവേ

ഓഫ്.ടോ
കറുത്തു തടിച്ച ഒരു "എഴുത്തിനിരുത്തുകാര"ന്റെ മുന്നില്‍ വന്നിരിക്കുന്ന മൂന്നുവയസുകാരന്‍ ഭീമാകാരമായ ശരീരവും,ക്രൂരമുഖവും കണ്ട് "വിദ്യാരംഭം കരിച്ചാമി" എന്ന് പറയുന്നതും..പിന്നീട് ആ ചൊല്പ്പിഴവ് അവനെ ജീവിതകാലം പിന്തുടരുന്നതും ആയ ഒരു കഥ (ബി. മുരളിയുടെ ആണോ?) വെറുതേ ഓര്‍ത്തു പോയി...

നാപ്പിഴയുടെ/കൈപ്പിഴയുടെ/ചൊല്പ്പിഴയുടെ കൂത്തരങ്ങുകളില്‍ അക്ഷരം പകയ്ക്കുകയും ആയുദ്ധം ഉയിര്‍ക്കുകയും ചെയ്യുന്നു

വികടശിരോമണി said...

രാജീവേ കലക്കി.
അക്ഷരത്തിന്റെ പേരിലുള്ള ഈ ബാലപീഡനം കിരാതമാണ്.തുഞ്ചൻ പറമ്പിൽ സാഹിത്യകേസരികൾ നിരന്നിരുന്ന് അക്ഷരം വിളമ്പുന്നതിന്റെ ടി.വി.ലൈവ് ഷോ കഴിഞ്ഞ കൊല്ലം കണ്ടത് മറന്നിട്ടില്ല.യുദ്ധരംഗത്തെന്നപോലുള്ള കുട്ടികളുടെ അലറിക്കരച്ചിലുകൾക്കിടക്കിരുന്ന് അക്ഷരം വിളമ്പുന്ന രുദിതാനുസാരികളായ കവികൾ...
ആശംസകൾ...

Anonymous said...

പല അനോണിമാരും ചൊറിച്ചിലിന്റെ ഹരിശ്രീ കുറിക്കുന്നത് രാജീവിന്റെ ബ്ലോഗിലാണ്. :) അവര്‍ക്കായി സമര്‍പ്പിക്കുക ഈ പോസ്റ്റ്.

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ.

“അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി.ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം.”

:)

Joker said...

ശൂദ്രന്‍ വേദം കേട്ടാല്‍ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കണമെന്ന മെലാളന്റെ തിട്ടൂരം ഇവരൊന്നും മറന്നില്ലേ എന്ന് തോന്നും എഴുത്തിനിരുത്ത് പുലയാട്ടുകള്‍ കാണുമ്പോള്‍. മലയാളി ഇനിയും വിഡ്ഡിക്കളി അവസാനിപ്പിച്ചിട്ടില്ല. മനുഷ്യനെ ജാതികളും ഉപജാതികളുമായി വേര്‍തിരിച്ച് വിദ്യ സമ്പന്നര്‍ക്കുമാത്രം അനുഭവിക്കാനുള്ളതാണെന്ന പഴയ മേലാള കീഴാള രീതിയിലെക്ക് കാര്യങ്ങള്‍ പോയികൊണ്ടിരിക്കുന്നു. പക്ഷെ എഴുത്തിനിരുത്ത് മാമാങ്കങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മലയാളത്തിലെ കൂട്ടികൊടുപ്പ് പത്രങ്ങള്‍ അതിന് സ്ത്രോത്രം ചൊല്ലുന്നതോടെ അത് ജനകീയ വിലാസം ‘കലാപരിപാടിയായി’ പ്രഖ്യാപിക്കുകയും ചെയ്യും.

Anonymous said...

പോസ്റ്റ് മുയ്മനും ബായിചിട്ടാണോ പഹയാ കമന്റ് എഴുതണത്? ഓന് പറഞ്ഞതു കണ്ടാ...

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

മനസിലായോ... ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്ന് കേള്‍കാതെ..

ജിവി/JiVi said...

ആയുധം എന്നാല്‍ സംഹാരത്തിന് മാത്രമുള്ളതാണെന്ന് രാജീവ് കരുതുന്നതുപോലെ. അക്ഷരങ്ങളെക്കാള്‍ ആയുധങ്ങളാണ് മാനവരാശിയെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ആയുധങ്ങളെക്കാള്‍ അപകടകരമായി അക്ഷരങ്ങള്‍ മാറിയിട്ടുണ്ട്.

വിദ്യാരംഭം എന്ന ആചാരം എതിര്‍ക്കപ്പെടേണ്ടതാണ് എന്നും എനിക്കഭിപ്രായമില്ല. അതിന്റെ പേരിലുള്ള ആഭാസങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെ.

മലമൂട്ടില്‍ മത്തായി said...

എഴുത്തിനിരുത്ത്‌ വിദ്യാഭ്യാസത്തിനു - വിദ്യക്കും, അഭ്യാസതിനും; നല്ല തുടക്കം ആണ്. അതിനെ കമ്പോളവല്കരിച്ചു എന്നത് തെറ്റാണ്.

Mr. K# said...

"അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും."

ആയുധമെന്നാൽ ആക്രമിക്കാനും സ്വയരക്ഷക്കും ഉള്ളതു മാത്രമല്ല സഖാവേ. പണിയായുധം എന്ന് കേട്ടിട്ടില്ലേ? ഉണ്ടാവാതിരിക്കാന്‍ വഴിയില്ല. പക്ഷേ അതു മറന്നുപോയാൽഅതു ഭാഷയുടെ തകരാറല്ല. ആണവകരാറിനെതിരെ ബോംബുവച്ച് പ്രതിഷേധ്ക്കുമെന്ന് പറയാനുള്ള മനസ്ഥിതിയാവാം കാരണം. :-) പൂജക്കു വയ്ക്കുന്ന ആയുധം വടിവാളും ഏറുപടക്കവുമൊന്നുമല്ല സുഹൃത്തേ. ഉളിയും ചുറ്റികയുമൊക്കെ പൂജയ്ക്കു വയ്ക്കുന്നവര് ഇഷ്ടം പോലെയുണ്ട്. ഇനി മുതൽ ആയുധപൂജയെന്നു പറയാതെ പണിയായുധപൂജയെന്ന് പ്രത്യേകം പറയാന്‍ പറയണം. :-)

വേണു venu said...

അക്ഷരപൂജയും ആയുധപൂജയും വേണ്ടെന്നാണോ.
അക്ഷരം ആയുധമാകുന്നതും, ആയുധം അക്ഷരത്തെ തേടുന്നതും കാണാറുണ്ട്.
എല്ലാം ആയുധമാക്കുന്ന വല്ലഭനു് പുല്ലും ആയുധമെന്ന സംജ്ഞയും അറിയാന്‍ ശ്രമിക്കാറുണ്ട്. ചടങ്ങുകള്‍ക്കുള്ളിലെ ചടങ്ങുകളുടെ പൊരുളുകള്‍ മനസ്സിലാക്കുംപ്പോഴും എഴുത്തിനിരുത്തൊക്കെ വെറും ഇരുത്തായി തോന്നുമോ.? എന്തോ യോജിക്കാന്‍ കഴിയുന്നില്ലല്ലോ....

G.MANU said...

രാജീവേ..
സ്പോണ്‍സേറ്ഡ് ആയുധമെടുപ്പും പുസ്തകം കത്തിക്കലുമൊക്കെ പാവം മലയാളം മീഡിയം പിള്ളാര്‍ക്കുവേണ്ടിമാത്രമല്ലേ.. ഗിനിപ്പന്നികളുടെ റോള്‍ അണിയുന്ന പട്ടിണിക്കോ‍ലപ്പിള്ളാര്‍..

ഹരിശ്രീക്ക് പകരം എ.ബി.സി.ഡി നാവില്‍ എഴുതിക്കുന്ന കാലം ഉടനെ ഉണ്ടാവും...

സുജനിക said...
This comment has been removed by the author.
ഭൂമിപുത്രി said...

മാഷെ,ഈ‘വിദ്യാരംഭാഘോഷ’ത്തിൽ,ആകപ്പാടെ കണ്ടിട്ടുള്ള ഒരൊറ്റ നല്ലകാര്യം,പലയിടത്തും
സ്ത്രീകളെയും എഴുതിയ്ക്കാൻ വിളീയ്ക്കുന്നുണ്ട് എന്നതാൺ.സുഗതകുമാർ,ലീലാവതി,
ജാൻസീജെയിംസ് അങ്ങിനെ പലരും ഈത്തവണയും ഉണ്ടായിരുന്നു.

കനല്‍ said...

നന്നായി ഈ ‘എഴുത്തിനിരുത്ത്’.

Anonymous said...

ശ്രീ ചേലനാട്‌
അക്ഷരപൂജക്കൊപ്പം നമ്മള്‍ പൂജിക്കാറുള്ള ആയുധങ്ങള്‍ അയല്‍ക്കാരനെ കൊല്ലാനുള്ളനുള്ളവയല്ലല്ലോ. നിത്യ ജീവിതം പുലര്‍ത്തിപ്പോരാന്‍ നമ്മളെടുക്കുന്ന തൊഴിലുകള്‍ക്കു അവശ്യം ആവശ്യമായ ആയുധങ്ങളെയാണല്ലോ നമ്മള്‍ പൂജിക്കാറുള്ളത്‌. അവ തൊഴിലിനേയും, അതിണ്റ്റെ സാമ്പത്തിക-സാമൂഹ്യപ്രസക്തിയേയും നമ്മെ വര്‍ഷംതോരും ഓര്‍മപ്പെടുത്തുന്നു. അവയോട്‌ ആദരവുതന്നെയല്ലേ നമ്മള്‍ കാണിക്കേണ്ടത്‌.

കഠാരകളും ശൂലങ്ങളും തോക്കും ഒക്കെ പരസ്യമായി പൂജക്കു വക്കാന്‍ ഇവിടെ ആരും ആരേയും ഇന്നും അനുവദിച്ചുകഴിഞ്ഞിട്ടില്ല. ആരെങ്കിലും അതിന്ന്‌ ശ്രമിക്കുന്നുണ്ടെങ്കില്‍ സാമന്യജനങ്ങള്‍ ഇന്നും ആ ശ്രമങ്ങളെയൊക്കെ തിരിച്ചറിയുന്നുമുണ്ട്‌.

ഭൂമിയില്‍ ജീവല്‍ വ്യപാരങ്ങള്‍ മനുഷ്യകേന്ദ്രീക്രിതമല്ലെന്നു നമ്മെ ഇടക്കിടെ ഒര്‍മ്മപ്പെടുത്താനുള്ള ചില ശ്രമങ്ങളല്ലേ ഇവയൊക്കെ. നമുക്കുകു ചുറ്റും കാണുന്നവയോട്‌, അവയെക്കുറിച്ചുള്ള പല അറിയായ്മകളിലും തട്ടിത്തിരിഞ്ഞുഴലുമ്പോള്‍, വിനയം പ്രകടിപ്പിക്കാന്‍ നമുക്കുകിട്ടുന്ന ഈത്തരം അവസരങ്ങളെ നരമേധങ്ങളില്‍ അഭിരമിക്കുന്നവരുടെ അടയാളങ്ങളാക്കി വ്യാഖ്യാനിക്കാതിരിക്കുക.

ഇവയൊക്കെ നാം സാമന്യജനങ്ങളുടെ ആയുധങ്ങളാണു, നമ്മുടെ മുഴുവന്‍ സാമൂഹ്യ, സാമ്പത്തിക സംവിധാനങ്ങളെയും കാലാകാലത്തെക്കു സംരക്ഷിച്ചു നിര്‍ത്താനുള്ള ആയുധങ്ങള്‍. എല്ലാ ജീവല്‍മേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍, വരുംതലമുറകളൊട്‌ നമുക്കുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍, ഈ ഭൂമിയില്‍ ഉണ്ടായിക്കഴിഞ്ഞ എല്ല ജൈവപ്രതിഭാസങ്ങളും പോലെ മനുഷ്യനും ഈ പ്രക്ര്‍തിയുടെ നിയമങ്ങള്‍ക്കു കീഴ്പെട്ടു മാത്ര്‍മെ കഴിഞ്ഞുകൂടാനാകൂ എന്നു നമ്മെ ഇടക്കിടെ ഓര്‍മിപ്പിക്കാന്‍, അമൂല്യമായ ഈ ജന്‍മം ആനന്ദപൂരിതമാക്കാന്‍, നമുക്കിവയൊക്കെ കൂടിയേ കഴിയൂ.

ഇതൊക്കെ ആരും ഇല്ലായ്മയില്‍ നിന്നുണ്ടാക്ക്ക്കി കുത്തകയാക്കി സൂക്ഷിച്ചു പോന്നതൊന്നൂമല്ലല്ലൊ. ഇത്‌ ഈ ഭൂമിയില്‍ പിറന്നു പൊലിഞ്ഞുപോയ എല്ലാ മനുഷ്യജന്‍മങ്ങളുടെയും പൈത്ര്‍കവുമാകുന്നു. അത്‌ കാപലികന്‍മാര്‍ക്കു കഴുത്തിലണിയാനുള്ള മാലയാണെന്നു വരുത്തിത്തീര്‍ക്കരുത്‌.

മനുഷ്യ്പൈത്ര്‍കങ്ങളെ തിരഞ്ഞറിയുക, അവയെ സ്വതന്ത്രമായി നില്‍ക്കാന്‍ സഹായിക്കുക.

nalan::നളന്‍ said...

http://chithrakarans.blogspot.com/2011/10/blog-post.html

Bat said...

Rajeevetta, shall I fw this to my friend Nidhis who is running a public blog called kelikotte (http://kelikottumagazine.blogspot.com/2011/10/blog-post_08.html?spref=fb ) , which we started as a kyezhuthe magazine at the collage time and now become a blog, one of which came in the mathrubhumi blogana also.

Rajeeve Chelanat said...

Bat,

കമന്റ് ഇന്നാണ് കണ്ടത്. വിരോധമില്ല.
അഭിവാദ്യങ്ങളോടെ

Unknown said...

അക്ഷരപുലരികള്‍ പൂക്കട്ടെ മനസ്സിതില്‍
നിത്യവും പൂത്തുലയട്ടെ നന്മകള്‍
സത്യബോധങ്ങള്‍ തന്‍ ജീവിത വീക്ഷണം
ദൃഷ്ട്ടിയില്‍ പതിയട്ടെ മാനവ ബോധനം
-------------------------------------------------------------------------
മണലില്‍ വിരല്‍കുത്തി വരഞ്ഞാലാവില്ല വിദ്യാരംഭം
കുഞ്ഞിന്‍ മനസ്സില്‍ വരയണം മാനവദീപ്താക്ഷരങ്ങള്‍
ഒഴുകും മൊഴി തന്‍ പ്രവാഹത്തില്‍ നിന്നുണരണം
ഉള്ളില്‍ കരുണക്കടലും പ്രബഞ്ചവിജ്ഞാനവും
---------------------------------------------------------------
പഠനം കൊണ്ട് മനുഷ്യന് കിട്ടില്ല പാണ്ഡിത്യം
ഹൃദയതടിനിക്കുള്ളില്‍ നിറയണം ജീവബോധനം
ഉലകിന്‍ വിസ്മൃത കാലചക്രങ്ങളില്‍ സ്വയം
തിരയാനുള്ള മഹാമനസ്കതയും വേണം
------------------------------------------------------------------
ഗുരുവിന്‍ പ്രീതിയാല്‍ കിട്ടില്ല ഗുരുത്വം
ദുരയില്ലാത്തൊരു മനം സ്വന്തമാക്കണം
ഉദരപൂരണം ജീവിത ലക്ഷ്യമാക്കിയാ



അത് പോലെ താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും വിദ്യാരംഭം നടന്നോണ്ടാ ഇവിടെ സാമുദായിക ധ്രുവീകരണം നടക്കുന്നെ എന്ന് ....ഒന്ന് കൊല്ലൂര്‍ വരെ വാ മാഷേ ...അവിടെ എവിടെ ഉണ്ട് മതം ..