Thursday, January 22, 2009

മറവിയെക്കുറിച്ച് രണ്ട് കവിതകള്‍

ഒന്ന്

തൊടിയിലും വെളിമ്പ്രദേശങ്ങളിലും വളര്‍ന്നുകിടക്കുന്ന പുല്ലുകളെ പണ്ടൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വെറുതെ വളരുന്ന ഓരോ ജന്മങ്ങള്‍, മോഹപ്പച്ചപ്പുകള്‍, എന്നൊക്കെ ഉള്ളില്‍ ചിലപ്പോള്‍ തോന്നാറുണ്ട്‌ എന്നതൊഴിച്ചാല്‍, പ്രത്യേകിച്ചൊരു വികാരവും അവ ഉണ്ടാക്കിയിരുന്നില്ല.

അതിനിടയിലാണ്‌ ആകസ്മികമായി ഒരു കവിത വായിക്കാന്‍ ഇടവന്നത്‌. കാള്‍ സാന്‍ഡ്‌ബര്‍ഗ്‌ എന്ന അമേരിക്കന്‍ കവിയുടെ The Grass എന്ന കവിത. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള തന്റെ സുദീര്‍ഘമായ ലേഖനത്തിന്റെ തൊടുകുറിയായി റോബര്‍ട്ട്‌ ഫിസ്ക്‌ ഈ കവിത എടുത്തെഴുതിയിരുന്നു

പുല്ല്‌

ശവശരീരങ്ങള്‍ കുമിച്ചുകൂട്ടിയിട്ടോളൂ.
ആഷര്‍ലിറ്റ്‌സിലോ വാട്ടര്‍ലൂവിലോ
എവിടെവേണമെങ്കിലും.

ഞാന്‍ പുല്ലാണ്‌
എല്ലാം മറയ്ക്കുന്ന പുല്ല്‌

കുമിച്ചുകൂട്ടിയിട്ടോളൂ
ഗെട്ടിസ്ബര്‍ഗിലും
യെപ്‌റെസിലും,
വെര്‍ഡനിലും.
വേഗം കുഴിച്ചുമൂടൂ അവറ്റയെ
ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ

രണ്ടു വര്‍ഷമോ, പത്തുവര്‍ഷമോ കഴിഞ്ഞ്
യാത്രക്കിടയിലെ ഇടവേളകളില്‍
ഇവിടെയിറങ്ങുന്ന വിനോദസഞ്ചാരികള്‍
ഒരുപക്ഷേ കണ്ടക്ടറോട്‌ ചോദിച്ചേക്കും
ഏതാണ്‌ ഈ സ്ഥലം?
നമ്മളിപ്പോള്‍ എവിടെയാണ്‌?

എന്നെ മനസ്സിലായില്ലേ?
ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്


ഈ കവിത വായിച്ചതില്‍പിന്നെ, വീണ്ടും ആ പഴയ പുല്‍മേടുകളുകളെക്കുറിച്ച് ആല്‍ചിക്കുമ്പോള്‍, ആ പഴയ അനുഭൂതികളൊന്നും മനസ്സില്‍ വരുന്നതേയില്ല. അവക്കടിയിലൊക്കെ നിറയെ ആളുകളാണ്‌. ചത്തവരും കൊല്ലപ്പെട്ടവരും, വിസ്മൃതിയിലാണ്ടവരും. പാഴായിപ്പോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പുകളിടുമ്പോഴാവണം ആ പുല്‍നാമ്പുകള്‍ പതുക്കെ ഇളകുന്നത്.

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌.

രണ്ട്

ഒറ്റപ്പെട്ടവന്റെ സമരമുഖങ്ങള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കവിതയും കാള്‍ സാന്‍ഡ്‌ബര്‍ഗിന്റേതായിട്ടുണ്ട്‌. The Graves. അരാജകത്വത്തിന്റെ കലാപമെന്നോ ബുദ്ധിശൂന്യതയെന്നോ എന്തുവേണമെങ്കിലും വിളിക്കാം അത്തരം പോരാട്ടങ്ങളെ. ഇന്നിന്റെ ലോകത്ത് അത്തരം കലാപങ്ങള്‍ക്കും ബുദ്ധിഹീനതക്കും വലിയ സ്ഥാനങ്ങളില്ലായിരിക്കാം. എങ്കിലും നാളെയൊരിക്കല്‍, പരിവര്‍ത്തനത്തിന്റെ പൂക്കളായി മാറും ആ സമരങ്ങള്‍. അവക്കു ജന്മം നല്‍കിയ കവികളുടെയും ഉന്മാദികളുടെയും കലാപകാരികളുടെയും കുഴിമാടങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ മറ്റേതെങ്കിലുമൊരു അപഥസഞ്ചാരിയെ ഭൂതാവിഷ്ടരാക്കുകതന്നെ ചെയ്യും.

കുഴിമാടങ്ങള്‍

ആയിരങ്ങള്‍ക്കെതിരെ ഒറ്റക്കു നില്‍ക്കുന്ന ഒരുവനെ
ഞാന്‍ സ്വപ്നം കണ്ടു

ആയിരം പരിഹാസശരങ്ങളും കൂക്കുവിളികളും നേരിട്ട്‌
വര്‍ഷങ്ങളോളം അവന്‍ തെരുവില്‍ അലഞ്ഞു നടന്നു
ഏകാകിയായി മരിച്ചു
അവന്റെ ശവമടക്കാന്‍ ഒരേയൊരാള്‍ മാത്രം വന്നു

അവന്റെ കുഴിമാടത്തിനുമുകളില്‍
പൂക്കള്‍ കാറ്റിലാടി
ആയിരങ്ങളുടെ കുഴിമാടങ്ങള്‍ക്കു മുകളിലും
ആ പൂക്കള്‍ കാറ്റിലാടി

പൂക്കളും കാറ്റും
മരിച്ചവരുടെ കുഴിമാടങ്ങള്‍ക്കുമുകളില്‍ പൂക്കള്‍
ചുവന്ന ഇതളുകള്‍,
മഞ്ഞ ഇലകള്‍,
വെളുപ്പിന്റെ വരകള്‍,
മായുന്ന ധൂമനിറം

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

25 comments:

Rajeeve Chelanat said...

മറവിയെക്കുറിച്ചുള്ള രണ്ടു കവിതകള്‍

എം.എച്ച്.സഹീര്‍ said...

മറവി ഒരു അനുഗ്രഹമാണ്‌
ചിലപ്പോഴെങ്കിലും
ഒന്നു മറക്കാന്‍ മറവിയെ
കൂട്ടുവിളിച്ചപ്പോള്‍.
ഓര്‍മ്മയില്ലെന്ന്
പറഞ്ഞ്‌ മറവി
എന്നെ വെറുതെ
മറന്നു കളഞ്ഞു...

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

wonderful, Rajeeveji, thanks.

Calvin H said...

ഒറിജിനല്‍ വായിച്ചിട്ടില്ല.
എങ്കിലും പരിഭാഷയിലൂടെ വായിച്ച കവിതകള്‍ മനോഹരം!
ഓടോ: പുല്ലിനെ ശ്രദ്ധിച്ചിട്ടില്ലെന്നോ? സുരേഷ് ഗോപി കേള്‍ക്കണ്ട

വിഷ്ണു പ്രസാദ് said...

കവിതകള്‍ രണ്ടും അതിനെ തൊട്ടു നില്‍ക്കുന്ന എഴുത്തും ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും കവിതയെക്കുറിച്ചും ചിന്തിപ്പിച്ചു.

വേണു venu said...

മനോഹരം എന്നു പറയുന്നതും പുല്ലാണെന്ന് തോന്നുന്നു. പരിഭാഷയില്‍ഊടെ കവിത എവിടെ ഒക്കെയോ എത്തിക്കുന്നു. നന്ദി..

ജിവി/JiVi said...

മനോഹരമായ കവിതകള്‍. മറ്റൊരു ഭാഷയില്‍നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്ന് തോനുന്നില്ല. കാലാതിവര്‍ത്തിയായ, ദേശാതിവര്‍ത്തിയായ പ്രമേയം ഏത് ഭാഷയിലും എപ്പോഴും ഒറിജിനല്‍ തന്നെ.

പകല്‍കിനാവന്‍ | daYdreaMer said...

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

എനിക്ക് മറക്കാന്‍ പറ്റുന്നില്ല.. ഈ മറവികള്‍....

പറയാതെ വയ്യ. said...

ന:ഋഷി കവി എന്ന് പൗരാണിക ഇന്ത്യന്‍ സൗന്ദര്യശാസ്ത്ര പണ്ഡിതന്മാര്‍ പറഞിട്ടുണ്ട്.ഋഷിയല്ലാത്തവന്‍ കവിയല്ല എന്നര്‍ത്ഥം. സത്യത്തെ അറിയുന്നവന്‍ മാത്രമല്ല, അറിഞ സത്യത്തെ വിളിച്ചുപറയുന്നവന്‍ കൂടിയാണു ഋഷി, കവിയും. വരൂ ഈ തെരുവിലെ രക്തം കാണൂ എന്നു നെരൂദ പ്രതികരിച്ചതും സത്യം വിളിച്ചു പറയാനുള്ള എഴുത്തുകാരന്റെ ആര്‍ജ്ജവം ഉള്ളില്‍ കെടാതെ ജ്വലിച്ചിരുന്നതു കൊണ്ടു തന്നെയാണു.മറവി ഒരു രോഗവും ആഘോഷവുമായി കൊണ്ടാടപ്പെടുന്ന ഈ ഉത്തരാധുനിക കാലത്ത്, ചരിത്രവും വര്‍ത്തമാനവും കര്‍ശനമായി നമ്മോടാവശ്യപ്പെടുന്ന, സത്യസന്ധമായ പ്രതികരണങള്‍ കവിതപോലുള്ള ഭാഷയുടെ ആഖ്യാന രൂപങളില്‍ സംഭവിക്കുന്നില്ലെന്നതു വര്‍ത്തമാന കാലത്തിന്റെ "വര്‍ഗ്ഗ" സ്വഭാവത്തിനു ഇണങുന്ന ഒരു സ്വഭാവ സവിശേഷത തന്നെയാണു.കൊച്ചുവര്‍ത്തമാനങളും തേങലും മോങലും ഗദ്യമായോ ഗദ്യം മുറിച്ചോ പെറുക്കി വച്ചാല്‍ കവിതയായി എന്നു കരുതുന്ന 'ബ്ലോഗന' ക്കാലത്ത് ചരിത്രത്തെയും വര്‍ത്തമാനത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുക തന്നെയാണു എഴുത്തിന്റെ ധര്‍മ്മം എന്നു കൃത്യമായി തിരിച്ചറിയുന്ന കവികളെ, ഉള്ളുലയുക്കുന്ന അവരുടെ കവിതകളെ വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകാതെ പരിചയപ്പെടുത്തി തന്നതിനു, രാജീവ്, അഭിനന്ദങള്‍. വിവര്‍ത്തനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണു.

സന്തോഷ്‌ പെരുനാട്‌ said...

രാജീവേട്ടാ,
നല്ല ഉദ്യമം, പുല്ലുകൂനകൾ പോലെ ശവക്കൂനകൾ നിറഞ്ഞ കാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ സഞ്ചാരികൾക്ക് അന്വേഷിക്കുവാൻ എന്തെങ്കിലും മറന്നു വയ്ക്കണം...
അത് ജീവിതമായാൽ മറന്നു വച്ചത് വെറും പുല്ലാണെന്നതും മറക്കാം...

ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്

മറക്കുന്നതിനെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നതിനു നന്ദി..

Sanal Kumar Sasidharan said...

ഞാനൊക്കെ എന്തിനെഴുതുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.ഇതു വായിച്ചപ്പോൾ വീണ്ടും ആ തോന്നൽ.നന്ദി

വിശാഖ് ശങ്കര്‍ said...

അസ്തിത്വദുഖങ്ങളെവരെ കല്പനികവല്‍ക്കരിച്ച നമ്മുടെ കാലം ഇത്തരം കവിതകളെ വീണ്ടും വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. ഇരകളുടെ ഒരു സമൂഹത്തില്‍ അസ്തിത്വബോധത്തിനു വ്യക്തിഗത നിലനില്‍പ്പില്ല.അഭായാര്‍ത്ഥിക്കൂട്ടങ്ങളുടെ ഇടയില്‍ യാതനകളുടെ ഗ്രേഡിങും സാധ്യമല്ല.നീതി നിഷേധിക്കപ്പെട്ടവരുടെ, ആക്രമിക്കപ്പെട്ടവരുടെ, തുരത്തിയോടിക്കപ്പെട്ടവരുടെ അവശേഷിക്കുന്ന സ്വത്വബോധവും ആത്മാഭിമാനവും അവരെ ജീവിക്കുന്ന ആയുധങ്ങളാക്കിമാറ്റിയാല്‍ അതിനെ നമ്മുടെ സുഖശീതള ആത്മീയ ആഴങ്ങളില്‍കിടന്ന് വ്യാഖ്യാനിക്കാനാവില്ല തന്നെ.

വികടശിരോമണി said...

വാഹ്!പുല്ലത്ര ചില്ലറയല്ലല്ലേ:)

Rajeeve Chelanat said...

വായനകള്‍ക്ക് നന്ദി.

പറയാതെ വയ്യ - സത്യസന്ധമായ പ്രതികരണങ്ങള്‍ കവിത എന്ന ആഖ്യാനരൂപത്തിലും മറ്റുള്ളവയിലും കമ്മിയാണെന്നു മാത്രമേ പറയാനാവൂ എന്ന തോന്നലുണ്ട്. ഇല്ലാതായിട്ടില്ല.

പെരുനാടന്‍ - ശരിയാണ്. പുല്ലുകൂനകള്‍ പോലെ ശവക്കൂനകള്‍ നിറഞ്ഞ കാലത്തിലൂടെയാണ് ഇന്നത്തെ നമ്മുടെയൊക്കെ യാത്രകള്‍.

വിശാഖ് - യാതനകളെ ഗ്രേഡിംഗ് കൊടുത്ത് കള്ളികളാക്കി തിരിച്ചിരിക്കുന്നു നമ്മള്‍. കൂടുതല്‍ സബ്‌ജക്ടീവുമായി അവയെ നമ്മള്‍ കാണുന്നില്ലേ എന്നും സംശയിക്കേണ്ടുന്ന കാലമാണ് നമ്മള്‍ കടന്നുപോകുന്നത്.

സനാതനന്‍, സഹീര്‍, പാമരന്‍, ശ്രീഹരി, വികടന്‍, വിഷ്ണു, വേണു, പകല്‍‌ക്കിനാവ്,ജിവി..നന്ദി

അഭിവാദ്യങ്ങളോടെ

Vinodkumar Thallasseri said...

മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. പക്ഷെ, നമുക്ക്‌ അല്‍ ഷിമേഴ്സ്‌ ബാധിച്ചിരിക്കുകയാണല്ലോ?

സുജനിക said...

മറവികളൊക്കെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണല്ലോ.....സമയോചിതം കവിത.

Pramod.KM said...

കവിതകള്‍ പരിചയപ്പെടുത്തി മനസ്സ് അസ്വസ്ഥമാക്കിയതിന് വളരെ നന്ദി...

ഉണ്ണി ശ്രീദളം said...
This comment has been removed by the author.
ഉണ്ണി ശ്രീദളം said...

poems like these refresh the mind like any thing ...
many thanx .....

ഗൗരി നന്ദന said...

വളരെ നന്ദി രാജീവ്....നന്നായിരിക്കുന്നു ഈ ശ്രമങ്ങള്‍..

Sureshkumar Punjhayil said...

Vivarthanangalum, ee kavithakal parichayappeduthiyathum, abhinandaarham thanne. Manoharamayirikkunnu. Ashamsakal..!!!

angela2007 said...

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌
- heartbreaking lines, rajeev. beautiful post. thks for the translations........

Unknown said...

രാജീവ്ജീ, ആ പുല്ലുകളും ആരാലെങ്കിലും വെട്ടിനീക്കപ്പെടും, വൃത്തിയാക്കപ്പെടും അവിടവും (???) വീണ്ടും വളരും, വെട്ടിമാറ്റപ്പെടും...
ഓ..ടോ.. കുറെനാളായി ബൂലോഗത്തേക്ക് തീരെ ഇറങ്ങാറില്ല... വിഷ്ണുവിനു നന്ദി എന്നിട്ടും ഇത് ചൂണ്ടിക്കാട്ടിയതിന്

Mahi said...

മുകളില്‍ പലരും പറഞ്ഞത്‌ എനിക്കും തോന്നുന്നുണ്ട്‌.അതോടൊപ്പം ഇതൊക്കെ വിവര്‍ത്തനം ചെയ്യുന്നതിന്‌ നിന്നെയൊന്ന്‌ കെട്ടിപിടിക്കാനും