Friday, January 2, 2009

ബോര്‍ഹസിന്‌ ഒരു കത്ത്‌

സൂസന്‍ സൊണ്‍ടാഗിന്റെ "Where the Stress Falls" എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പരിഭാഷ.

പ്രിയപ്പെട്ട ബോര്‍ഹസ്

അനശ്വരതയുടെ കയ്യൊപ്പിനു താഴെയാണ്‌ അങ്ങയുടെ സാഹിത്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍, അങ്ങയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്‌ ഒട്ടും അസ്ഥാനത്താവില്ല എന്നു കരുതട്ടെ (ബോര്‍ഹസ്‌, പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു!) സാഹിത്യത്തില്‍ ഏതെങ്കിലുമൊരു എഴുത്തുകാരന്‍ അനശ്വരതക്ക്‌ അര്‍ഹനാണെങ്കില്‍, അത്‌ താങ്കള്‍ മാത്രമാണ്‌. സ്വന്തം കാലത്തിന്റെയും സംസ്കാരത്തിന്റെയും ഉത്‌പന്നമായിരുന്നു താങ്കളെങ്കിലും, ഒരു മന്ത്രസിദ്ധിയാലെന്നവണ്ണം, ആ കാലത്തെയും സംസ്കാരത്തെയും അതിജീവിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ഉദാരവും മറകളുമില്ലാത്തതുമായ ഏകാഗ്രതയുടെ ഗുണം കൊണ്ടായിരിക്കണം അങ്ങയ്ക്ക്‌ അതിന്‌ കഴിഞ്ഞത്‌. ആത്മനിഷ്ഠത തീരെ പരിമിതമായ, ഏറ്റവും സമര്‍ത്ഥനും സുതാര്യനുമായ, എഴുത്തുകാരനായിരുന്നു ബോര്‍ഹസ്‌, താങ്കള്‍. ഉള്ളിലെ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ പരിശുദ്ധിയും അതിന്‌ കാരണമായിട്ടുണ്ടാകണം. ഏറെ നാള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുവെങ്കിലും, എല്ലാവരില്‍നിന്നും അകന്നുനില്‍ക്കാനും, സൂക്ഷ്മതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞതുകൊണ്ടാണ്‌ മറ്റു മേഖലകളിലേക്കും സമര്‍ത്ഥനായ ഒരു മാനസികസഞ്ചാരിയെപ്പോലെ കടന്നുചെല്ലാന്‍ താങ്കള്‍ക്കു കഴിഞ്ഞത്‌. കാലത്തെക്കുറിച്ച്‌, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു ബോധം അങ്ങയ്ക്കുണ്ടായിരുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം ആദിയായ സര്‍വ്വസാധാരണ സങ്കല്‍പ്പങ്ങളൊക്കെ അങ്ങയുടെ കണ്ണില്‍ വെറും ബാലിശമായിരുന്നു. കാലത്തിന്റെ ഓരോ നിമിഷവും, കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും ഉള്ളില്‍ ആവാഹിക്കുന്നു എന്ന്‌ കരുതാനായിരുന്നു അങ്ങയ്ക്കിഷ്ടം. "ഭാവി ഗതകാലത്തിലേക്ക്‌ തകര്‍ന്നടിയുന്ന സന്ദര്‍ഭമാണ്‌ വര്‍ത്തമാനകാലം' എന്ന മട്ടിലോ മറ്റോ എഴുതിയ (എന്റെ ഓര്‍മ്മയാണെങ്കില്‍) ബ്രൌണിംഗിനെ ഉദ്ധരിച്ചുകൊണ്ടാണ്‌ താങ്കള്‍ അത്‌ ഒരിക്കല്‍ സൂചിപ്പിച്ചത്‌. അങ്ങയുടെ വിനയത്തിന്റെഒരു കൌശലമായിരുന്നു അത്‌. മറ്റുള്ളവരുടെ ആശയങ്ങളില്‍ സ്വന്തം ആശയങ്ങള്‍ കണ്ടെത്തുന്ന ഒരു വിദ്യ.

സ്വന്തം സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു അങ്ങയുടെ എളിമ. പുതിയ ആനന്ദാനുഭൂതികള്‍ കണ്ടുപിടിക്കുന്നവനായിരുന്നു താങ്കള്‍. അങ്ങയുടേതുപോലുള്ള സാന്ദ്രവും നിര്‍മ്മലവുമായ അശുഭാപ്തിവിശ്വാസത്തിന്‌ ഒരിക്കലും പരുഷമാകേണ്ടതുണ്ടായിരുന്നില്ല. പകരം, കൂടുതല്‍ കണ്ടെത്തലുകള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അത്‌ അങ്ങയ്ക്ക്‌ ആവുകയും ചെയ്തു. എല്ലാം എത്ര ഭയാനകമാണെന്ന്‌ തെളിഞ്ഞ കണ്ണുകളോടെ കണ്ടിട്ടും, അതില്‍ ദു:ഖിക്കാനൊന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞു താങ്കള്‍. അവനവന്റെ അനുഭവങ്ങളെ സ്വന്തം വിഭവസ്രോതസ്സായി മാറ്റുകയാണ്‌, എഴുത്തുകാര്‍ മാത്രമല്ല, ഓരോരുത്തരും ചെയ്യേണ്ടത്‌ എന്ന്‌, എവിടെയോ താങ്കള്‍ എഴുതിയത്‌ ഞാന്‍ ഓര്‍ക്കുന്നു (അങ്ങയുടെ അന്ധതയെക്കുറിച്ച്‌ എഴുതിയ വേളയിലായിരുന്നു അത്‌).

മറ്റുള്ളവര്‍ക്ക്‌ ഒരു സ്രോതസ്സായി മാറുകയായിരുന്നു അങ്ങ്‌. 1982-ല്‍ - അതായത്‌, അങ്ങ്‌ മരിക്കുന്നതിനും നാലുവര്‍ഷം മുന്‍പ്‌ - ഒരു അഭിമുഖത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി, "ഇന്ന്‌ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍, ബോര്‍ഹസ്സിനെപ്പോലെ, മറ്റ്‌ എഴുത്തുകാര്‍ക്ക്‌ പ്രചോദനമായിത്തീര്‍ന്ന വേറൊരാളില്ല. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന്‌ ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചേക്കും. അദ്ദേഹത്തെ പഠിക്കാത്തവരോ അനുകരിക്കാത്തവരോ ആയ എഴുത്തുകാര്‍ അത്രയധികമില്ല" എന്ന്. ഇന്നും ആ പറഞ്ഞത്‌ സത്യമാണ്‌. ഇന്നും ഞങ്ങള്‍ അങ്ങയില്‍നിന്ന്‌ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും ഞങ്ങള്‍ അങ്ങയെ അനുകരിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലത്തിനോട്‌, പ്രത്യേകിച്ചും സാഹിത്യത്തിനോട്‌ ഞങ്ങള്‍ക്കുള്ള കടപ്പാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഭാവനയുടെ പുതിയ വഴിത്താരകള്‍ അങ്ങ്‌ മനുഷ്യര്‍ക്ക്‌ തുറന്നു കൊടുത്തു. നമ്മള്‍ എന്താണോ, നമ്മള്‍ എന്തായിരുന്നുവോ, അതിനൊക്കെ നമ്മള്‍ പൂര്‍ണ്ണമായും സാഹിത്യത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു അങ്ങ്‌. പുസ്തകങ്ങള്‍ അപ്രത്യക്ഷമായാല്‍ ചരിത്രം അപ്രത്യക്ഷമാകും. മനുഷ്യജീവികളും അപ്രത്യക്ഷമാകും. അങ്ങ്‌ പറഞ്ഞത്‌ ശരിയാണ്‌. നമ്മുടെ സ്വപ്നങ്ങളുടെയും സ്മൃതികളുടെയും ആകെത്തുക മാത്രമല്ല പുസ്തകങ്ങള്‍. സ്വയം അതിവര്‍ത്തിക്കാനുള്ള മാതൃകയാണ്‌ അത്‌ നമുക്ക്‌. വായന ചിലര്‍ക്ക്‌ വെറും ഒരു രക്ഷാമാര്‍ഗ്ഗം മാത്രമാണ്‌. ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഭാവനയുടെ ലോകത്തേക്കുള്ള ഒരു രക്ഷപ്പെടല്‍. പുസ്തകങ്ങളുടെ ലോകത്തേക്ക്‌. അതു മാത്രമല്ല പുസ്തകങ്ങള്‍. മുഴുവനായും മനുഷ്യനായിരിക്കാനുള്ള മാര്‍ഗ്ഗമാണത്‌.

ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വംശനാശമടുത്തിരിക്കുന്ന വര്‍ഗ്ഗങ്ങളായി കരുതപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ നിന്നോട്‌ പറയേണ്ടിവരുന്നതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌ ബോര്‍ഹസ്‌. ഗ്രന്ഥങ്ങള്‍ എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, സാഹിത്യത്തെയും അതിന്റെ ആത്മാവിഷ്ക്കാരങ്ങളെ സാധ്യമാക്കുന്ന വായനാനുഭവത്തെയും കൂടിയാണ്‌. വിദൂരമല്ലാത്ത ഒരു കാലത്ത്‌, ആവശ്യമുള്ള ഏതൊരു 'പാഠ'ത്തെയും പുസ്തക തിരശ്ശീലയില്‍ കൊണ്ടുവരാനും, അതിന്റെ ദൃശ്യരൂപം മാറ്റാനും, അതുമായി സംവദിക്കാനും നമുക്ക്‌ സാധ്യമാകുമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പ്രയോജനത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌, നമുക്ക്‌ 'സംവദി'ക്കാന്‍ സാധിക്കുന്ന 'പാഠ'ങ്ങളായി പുസ്തകങ്ങള്‍ മാറുമ്പോള്‍, പരസ്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ ടെലിവിഷന്‍ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു പ്രതിബിംബമായി, എഴുതപ്പെട്ട വാക്കുകള്‍ മാറുകയാവും ചെയ്യുക. കൂടുതല്‍ 'ജനാധിപത്യ'പരമെന്ന വാഗ്ദാനത്തിന്‍മേല്‍, ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ശോഭനമായ ഭാവി' ഈ മട്ടിലുള്ള ഒന്നാണ്‌. ആന്തരികസത്തയുടെയും, പുസ്തകത്തിന്റെയും മരണത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. **

എങ്കിലും, ഇത്തവണ, വലിയൊരു അഗ്നിബാധയുടെ ആവശ്യമൊന്നും വന്നേക്കില്ല. കാട്ടാളന്‍മാര്‍ക്ക്‌ പുസ്തകങ്ങള്‍ ചുട്ടുചാമ്പലാക്കേണ്ടിയും വരില്ല. വായനശാലക്കകത്തുതന്നെയുണ്ട്‌ വ്യാഘ്രങ്ങള്‍. പ്രിയപ്പെട്ട ബോര്‍ഹസ്‌, പരാതി പറയുന്നതില്‍ ഒരു സുഖവും തോന്നുന്നില്ല എനിക്ക്‌. പക്ഷേ, പുസ്തകങ്ങളുടെയും വായനയുടെയും ഭാവിയെക്കുറിച്ച്‌, താങ്കളോടല്ലെങ്കില്‍ പിന്നെ മറ്റാരോടാണ്‌ ഞാന്‍ പരാതിക്കെട്ടുകള്‍ അഴിക്കേണ്ടത്‌? (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു ബോര്‍ഹസ്‌, പത്തു വര്‍ഷം!!!) അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ എനിക്ക്‌. അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ ഞങ്ങള്‍ക്ക്‌. അത്‌ പറയാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. ഇപ്പോഴും വേറിട്ടുനില്‍ക്കുന്നു താങ്കള്‍.

ഞങ്ങള്‍ ഇന്ന്‌ പ്രവേശിക്കുന്ന കാലഘട്ടം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്‌, ആത്മാവിനെ പുതിയ രീതികളില്‍ പരീക്ഷിക്കുമായിരിക്കാം. പക്ഷേ, ഒന്നുറപ്പിച്ചോളൂ. ഞങ്ങളില്‍ ചിലരെങ്കിലും ആ മഹത്തായ വായനശാലയെ ഉപേക്ഷിക്കില്ല. ഞങ്ങളുടെ രക്ഷാധികാരിയും നായകനുമായി താങ്കള്‍ ഇനിയും തുടരുകയും ചെയ്യും.

എന്ന്
സൂസന്‍

പരിഭാഷകകുറിപ്പ്‌

അല്‍പ്പം തെറ്റിദ്ധാരണയുണ്ടാക്കാനിടയുള്ള ഒന്നാണ്‌ ലേഖനത്തിലെ ഈ ഭാഗം. ഹൈപ്പര്‍ ടെക്സ്റ്റുകളെക്കുറിച്ചും, അതിന്റെസംവാദന ശക്തിയെക്കുറിച്ചുമുള്ള സൂസന്‍ സൊണ്‍ടാഗിന്റെ ഭയപ്പാടുകളെ നിസ്സാരമായി തള്ളിക്കളായാനാവില്ല. ഹൈപ്പര്‍ ടെക്സ്റ്റുകള്‍ക്ക്‌, സാമൂഹ്യബോധത്തെ ജനാധിപത്യപരമായി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും, സാമൂഹ്യബോധത്തെ വഴി തെറ്റിക്കാനുള്ള അവയുടെ കഴിവും ഇന്ന്‌ നമുക്ക്‌ കൂടുതല്‍ക്കൂടുതല്‍ ബോധ്യമാകുന്നുണ്ട്‌. സമ്മതരൂപീകരണത്തിന്റെ (Manufacturing Consent-) ഭാഗമായി 'പാഠ'ങ്ങള്‍ മാറുന്നതും സംവദിക്കുന്നതും തടയുക എന്നതാണ്‌ അടിയന്തിരമായ ആവശ്യം.

6 comments:

Rajeeve Chelanat said...

ബോര്‍ഹസിന് ഒരു കത്ത്

ശ്രീഹരി::Sreehari said...

ഇതിന്റെ കോണ്ടക്സ്റ്റ് എനിക്കു മനസിലാവാത്തത് കൊണ്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വിഷയത്തില്‍ നിന്നും മാറിപ്പോവാന്‍ വഴിയുണ്ട് എന്നു തോന്നുന്നു.
എങ്കിലും ഇത്രയും പറയാമല്ലോ ‌ വ്യാഘ്രങ്ങള്‍ ലൈബ്രറിക്കകത്ത് തന്നെ. കമ്യൂണിക്കേഷന്റെ ഏറ്റവും നൂതനവും, ലളിതവും എന്നാല്‍ എഫക്റ്റീവുമായ മാര്‍‌ഗങ്ങളെ നന്നായി യൂടിലൈസ് (മിസ്?) ചെയ്യുന്നത് ചില പ്രോപ്പഗാണ്ടക്കാര്‍ തന്നെയാണ്. ബ്ലോഗ് ഒരു ഉദാഹരണം. ഇത്ര പെട്ടെന്ന് ഇത്തരം മേഖലകളെ ഹൈജാക് ചെയ്യാന്‍ അവര്‍ കാണിക്കുന്ന ആര്‍ജവത്തെ സമ്മതിച്ചു കൊടുക്കണം.

ഭൂമിപുത്രി said...

സൂസന്‍ സൊണ്‍ടാഗ് ഇതെഴുതിയിട്ട് ഏകദേശം എത്രകാലമായിക്കാണും?
പുതിയൊരു മാധ്യമത്തെപ്പറ്റിയുള്ള ആശങ്കകൾ സ്വഭാവികം.
ഒരു പക്ഷെ,ഇന്നാണെങ്കിൽ ഇത്രയും ഭയപ്പാടുണ്ടാകുമായിരുന്നോ?

Mahi said...

really a great work

Nachiketh said...

Thanks Rajeev

Rajeeve Chelanat said...

ശ്രീഹരി,

കോണ്ടക്സ്റ്റ് എനന്തുകൊണ്ട് ഏത് അവസരത്തിലാണ് ഈ ലേഖനം എഴുതിയത് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അതറിയില്ല. സൂസന്‍ സൊണ്‍‌ടാഗിന്റെ ഒരു സമാഹാരത്തിലെ ഒരു ലേഖനം. ഇന്നത്തെ കാലത്ത് പ്രത്യേകം പ്രസക്തിയുണ്ടെന്നും ബോദ്ധ്യമുള്ളതുകൊണ്ട് എടുത്തു ചേര്‍ത്തു എന്നു മാത്രം. പുസ്തകശാലകള്‍ക്കകത്തുള്ള വ്യാഘ്രങ്ങളെ നമ്മള്‍ നിത്യവും കാണുന്നതുമാണല്ലോ. താങ്കള്‍ ശരിയായി സൂചിപ്പിച്ച പോലെ ബ്ലോഗ്ഗിലെ വ്യാഘ്രങ്ങളെയും.

ഭൂമിപുത്രി

ലേഖനത്തില്‍ തന്നെ ഇതെഴുതിയ കാലഘട്ടത്തെക്കുറിച്ച് സൂചനയുണ്ടല്ലോ.
“1982-ല്‍ - അതായത്‌, അങ്ങ്‌ മരിക്കുന്നതിനും നാലുവര്‍ഷം മുന്‍പ്‌“ എന്ന വാക്യവും, (ബോര്‍ഹസ്‌, പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു!) എന്ന വാക്യവും അടുപ്പിച്ചു വെക്കുക..ഉത്തരം കിട്ടും.

കൂടുതല്‍ ഭയപ്പെടാനുള്ള സാഹചര്യം തന്നെയാണ് ഇന്നുമുള്ളത്. അറിവിനെ ‘പാഠ’ങ്ങളാക്കി ചുരുക്കിയെഴുതുന്നതിലൂടെ എങ്ങിനെ വികലവും സ്വാര്‍ത്ഥപ്രേരിതവുമാക്കാം എന്നയിടത്ത് എത്തിയിരിക്കുന്നു പലരുടെയും അന്വേഷണങ്ങള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നമ്മളും അത് ചെയ്യുന്നുണ്ട്. ലക്ഷ്യം വേറെയാണെന്നു മാത്രം.

മാഹി, നചികേതസ്സേ വായനകള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെ