Tuesday, February 3, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം - 2

അപരിഹാര്യമായ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവയെ മൂര്‍ച്ഛിപ്പിക്കാനും ഈ 'സംസ്ക്കാരങ്ങളുടെ സംഘട്ടന'ത്തിനു കഴിയുന്നു എന്നത്‌ ദു:ഖകരമാണ്‌. ഉദാഹരണത്തിന്‌, പശ്ചാത്യരാജ്യങ്ങളിലെ ജപ്പാന്‍-വിരുദ്ധ വികാരങ്ങളെ, ജപ്പാന്റെ സംസ്കാരത്തിനെതിരായിട്ടുള്ള കുത്സിതവും ഭീഷണവുമായ പ്രചാരണം കൊണ്ട്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ ആളിക്കത്തിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതിയാകും. അതല്ലെങ്കില്‍, 'മഞ്ഞവെറി'ക്കെതിരെ പാശ്ചാത്യനാടുകളില്‍ നിലനില്‍ക്കുന്ന കാലാകാലമായുള്ള ഭയാശങ്കകളെ കൊറിയയും ചൈനയുമായി നമ്മള്‍ നടത്തുന്ന ചര്‍ച്ചകളില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കാവുന്നതാണ്. ഇനി ഏഷ്യയിലെയും ആഫ്രിക്കയിലെയും 'പൌരസ്ത്യ' സങ്കല്‍പ്പങ്ങളെടുത്തു നോക്കിയാല്‍ ഇതിന്റെ നേര്‍വിപരീതവും സത്യമാണെന്ന്‌ ഇതേമട്ടില്‍ കാണാന്‍ കഴിയും. പാശ്ചാത്യമല്ലാത്തതും, ക്രിസ്തീയമല്ലാത്തതും, യൂറോപ്പിന്റേതല്ലാത്തതുമായ എല്ലാതിനോടും ശത്രുത പുലര്‍ത്തുന്ന ഏകശിലാഘടകമായ ഒന്നായിട്ടാണ്‌ 'പാശ്ചാത്യ'ത്തെ പൌരസ്ത്യര്‍ വീക്ഷിക്കുന്നത്‌.

എന്റെ അഭിപ്രായത്തില്‍, ചരിത്രത്തിലോ, സംസ്കാര രൂപീകരണത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ പഠനങ്ങളിലോ തത്‌പരനാകുന്നതിനു പകരം, നയനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചതുകൊണ്ടായിരിക്കണം, പറയുന്നതിലും, കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഹണ്‍ടിംഗ്‌ടണ്‌ അബദ്ധങ്ങള്‍ പിണഞ്ഞത്‌. അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ മിക്കവയും മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ അടിത്തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ, സംസ്കാരങ്ങള്‍ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌, അവ എങ്ങിനെയൊക്കെ മാറുന്നു, ഏതുവിധത്തിലാണ്‌ അവയെ ഉള്‍ക്കൊള്ളേണ്ടതും വിലയിരുത്തേണ്ടതും എന്നിവയെക്കുറിച്ച്‌ ഇക്കാലമത്രയും നമ്മള്‍ നേടിയെടുത്ത സമൂര്‍ത്തവും സൈദ്ധാന്തികവുമായ എല്ലാ വിജ്ഞാനത്തെയും ഹണ്‍ടിംഗ്‌ടണ്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. സിദ്ധാന്തവും പാണ്ഡിത്യവുമല്ല, പത്രപ്രവര്‍ത്തനവും വാചകക്കസര്‍ത്തുമാണ് ഹണ്ടിംഗ്‌ടണിന്റെ വാദമുഖങ്ങളുടെ മുഖ്യസ്രോതസ്സെന്ന്‌ അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തികളെയും അവരുടെ അഭിപ്രായങ്ങളെയും ശ്രദ്ധിച്ചാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും. കാരണം, Charles Krauthammer, Sergei Stankevich, Bernard Lewis ആദിയായ പത്രപ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും, പ്രചാരകരുടെയും വാദങ്ങള്‍ കടമെടുക്കുന്ന നിമിഷം തന്നെ, നിങ്ങള്‍ നിങ്ങളുടെ വാദത്തിനെ മുന്‍വിധിക്ക്‌ കീഴ്‌പ്പെടുത്തുകയും, സംഘട്ടനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്യുന്നു. വിവേചനത്തിന്റെ ആവശ്യകതയെയോ, മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തെ ഉറ്റുനോക്കുന്ന നമ്മുടെ ഭൂമിയെയോ നിങ്ങള്‍ കാണാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌. സംസ്കാരങ്ങളല്ല ഹണ്‍ടിംഗ്‌ടണിന്റെ ആധാരം. വിരലിലണ്ണാവുന്ന ചില സംസ്കാരങ്ങളുടെ പക്ഷത്തും അതിന്റെ വിരുദ്ധ പക്ഷത്തും നിന്നുകൊണ്ട് അതിന്റെ ചില വക്താക്കള്‍ രൂപീകരിക്കുന്ന ഒറ്റപ്പെട്ട വാചകങ്ങളാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ആധാരം. പ്രബന്ധത്തിന്റെ ആ ശീര്‍ഷകമാണ്‌ എനിക്കത്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. 'സംസ്കാരങ്ങളുടെ സംഘട്ടനം' എന്നത്‌ ഹണ്‍ടിംഗ്‌ടണിന്റെ പ്രയോഗമല്ല. ബര്‍ണാഡ്‌ ലൂയിസിനാണ്‌ അതിന്റെ പിതൃത്വം. The Atlantic Monthly-യുടെ ('രോഗാതുരവും ഭ്രാന്തവും, മനോനില തെറ്റിയതുമായ മുസ്ലിം-അറബ്‌ ജനതയെ'ക്കുറിച്ചുള്ള പഠനലേഖനങ്ങള്‍ എന്ന മട്ടില്‍ പലപ്പോഴും നിരവധി ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഒരു മാസിക) 1990 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലൂയിസിന്റെ The Roots of Muslim Rage എന്ന പ്രബന്ധത്തിന്റെ അവസാന താളിലാണ്‌ ഇസ്ലാമിക ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ലൂയീസ്‌ സംസാരിക്കുന്നത്‌. "സര്‍ക്കാരുകള്‍ ഇന്നു നേരിടുന്ന വിഷയങ്ങളെയും നയങ്ങളെയുമൊക്കെ ധാരാളമായി അതിവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെയും വികാരത്തെയുമാണ്‌ ഇന്ന്‌ നമ്മള്‍ അഭിമുഖീകരിക്കുന്നത്‌ എന്ന്‌ ഇതിനകം സുവ്യക്തമായിട്ടുണ്ടാകണം. സംസ്കാരങ്ങളുടെ സംഘട്ടനത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. നമ്മുടെ ജൂത-ക്രിസ്ത്യന്‍ പാരമ്പര്യം, നമ്മുടെ മതേതര വര്‍ത്തമാനകാലം, ഇവയുടെ രണ്ടിന്റെയും ആഗോളമായ വ്യാപനം - ഇവയുടെയൊക്കെ പുരാതന ശത്രുവിന്റെ പ്രതികരണമാണിത്‌. അയുക്തികമായ, എന്നാല്‍ തീര്‍ച്ചയായും ചരിത്രപരമായാമായ പ്രതികരണമാണ്‌ (ആ വികാരവും പ്രസ്ഥാനവും). അവരുടേതിന്‌ സമാനമായ ചരിത്രപരവും അയുക്തികവുമായ പ്രതികരണത്തിന്‌ നമ്മള്‍ ഒരിക്കലും വശംവദരാകാതിരിക്കാന്‍ അതിയായി ജാഗ്രത പാലിക്കേണ്ടതുണ്ട്‌".

ലൂയീസിനെപ്പോലുള്ളവരുടെ വാദത്തിന്റെ അസംബന്ധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. മറ്റു പല സ്ഥലത്തും ഞാനത്‌ വിശദീകരിച്ചിട്ടുണ്ട്‌ - അലസമായ സാമാന്യവത്ക്കരണങ്ങളും, ചരിത്രത്തെ വളച്ചൊടിക്കലും, സംസ്കാരത്തെ മൊത്തമായി അയുക്തികമെന്നും വൈരാഗ്യനിരതമെന്നുമുള്ള മട്ടില്‍ തരംതിരിച്ചിടലും മറ്റും. അഞ്ചു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുകയും നിരവധി ഭാഷകള്‍ സംസാരിക്കുകയും, വിവിധങ്ങളായ പാരമ്പര്യങ്ങളും ചരിത്രവും അവകാശപ്പെടുകയും ചെയ്യുന്ന നൂറു കോടിവരുന്ന മുസ്ലിമുകളെ ഒറ്റയടിക്ക്‌ സാമാന്യവത്ക്കരിക്കുന്ന ലൂയീസിന്റെ രീതിയെ, സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സ്വീകരിക്കാനാവില്ല. പാശ്ചാത്യ ആധുനികതക്കെതിരെ വാളോങ്ങുന്നവര്‍ എന്ന മട്ടിലാണ്‌ ഈ നൂറു കോടി ആളുകളെ ലൂയീസ്‌ വിലയിരുത്തുന്നത്‌. അതായത്‌, നൂറു കോടി ആളുകളെ കേവലം ഒരാളായി കാണുകയും, പാശ്ചാത്യ സംസ്കാരം എന്നത്‌ ലളിതമായ ഒരു വാചകത്തേക്കാള്‍ ഒട്ടും സങ്കീര്‍ണ്ണമായ ഒന്നല്ല എന്നും അദ്ദേഹം ധരിക്കുന്നു. എങ്കിലും ഇവിടെ ഞാന്‍ പ്രധാനമായും ഊന്നാന്‍ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളില്‍ ആദ്യത്തേത്‌, സംസ്കാരങ്ങളെല്ലാം ഏകശിലാരൂപവും ഏകസ്വഭാവവുമുള്ളതാണെന്ന ലൂയീസിന്റെ വാദം എങ്ങിനെയാണ്‌ ഹണ്‍ടിംഗ്‌ടണ്‍ സ്വീകരിക്കാന്‍ ഇടവന്നത്‌ എന്നതാണ്‌. രണ്ടാമതായി, എങ്ങിനെയാണ്‌, 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദം - ഇതും ലൂയീസില്‍ നിന്നുതന്നെയാണ്‌ - മാറ്റങ്ങള്‍ക്കതീതമാണെന്ന്‌ ഹണ്ടിംടണ്‍ അനുമാനിക്കുന്നതെന്നും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബര്‍ണാഡ്‌ ലൂയീസിനെപ്പോലെ ഹണ്ടിംഗ്‌ടണും, നിഷ്പക്ഷവും, വിശദവും, വസ്തുനിഷ്ഠവുമായ ഒരു ഗദ്യം എഴുതുകയല്ല ചെയ്യുന്നതെന്ന്‌ ഇവിടെ എടുത്തു പറയേണ്ടത്‌ ആവശ്യമായിവരുന്നു. ‘എല്ലാവര്‍ക്കും എതിരായ എല്ലാവരുടെയും യുദ്ധ‘ത്തെക്കുറിച്ചുള്ള വാദങ്ങള്‍ മുഴക്കുക മാത്രമല്ല, അവയെ അനിവാര്യമാക്കുകകൂടി ചെയ്യുന്നു അദ്ദേഹം. സംസ്കാരങ്ങള്‍ക്കിടയിലെ മദ്ധ്യസ്ഥനാവുന്നതിനുപകരം, മറ്റു സംസ്കാരങ്ങള്‍ക്കെതിരെ ഒരു പ്രത്യേക സംസ്കാരത്തിന്റെ പക്ഷം പടിക്കുന്ന ആളാവുകയാണ്‌ ഹണ്ടിംഗ്‌ടണ്‍. ബര്‍ണാഡ്‌ ലൂയിസിനെപ്പോലെ, ഹണ്ടിംഗ്‌ടണും ഇസ്ലാമിക സംസ്ക്കാരത്തെ ന്യൂനവത്ക്കരിക്കുകയും, ഏറ്റവും പ്രധാനമായത്‌, ഇസ്ലാമിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അതിന്റെ പാശ്ചാത്യവിരുദ്ധ സ്വഭാവമാണെന്നും കരുതുന്നു. ലൂയീസ്‌ തന്റെ വ്യാഖ്യാനത്തിന്‌ ചില കാരണങ്ങളെങ്കിലും നല്‍കുന്നുണ്ട്‌. ഇസ്ലാം ഒരിക്കലും ആധുനികവത്ക്കരിക്കപ്പെട്ടിട്ടില്ല, പള്ളിയെയും ഭരണകൂടത്തെയും അത്‌ കൂട്ടിക്കലര്‍ത്തുന്നു, മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കുന്നതിന്‌ ഇസ്ലാം അശക്തമാണ്‌. അങ്ങിനെ പോകുന്നു അത്‌. ഹണ്ടിംഗ്‌ടണെ സംബന്ധിച്ചിടത്തോളം അതൊക്കെ അപ്രസക്തമാണ്‌. ഇന്ന്‌ നിലനില്‍ക്കുന്ന ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ സംസ്ക്കാരങ്ങളും മറ്റു ചില സംസ്കാരങ്ങളും (ഹിന്ദു, ജപ്പാന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, സ്ളോവാക്ക്‌-ഓര്‍ത്തൊഡോക്സ്‌ എന്നിവ) എല്ലാം ഒന്നിനൊന്ന്‌ വിഭിന്നമാണെന്നും തന്മൂലം അവ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമെന്നുമാണ്‌ ഹണ്ടിംഗ്‌ടണിന്റെ വാദം. ആ സംഘട്ടനം പരിഹരിക്കാനല്ല, അതിനെ നോക്കിനടത്താനാണ്‌ (manage) അദ്ദേഹത്തിന്റെ ശ്രമവും. സംസ്കാരങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെയോ അവക്കിടയിലെ മദ്ധ്യവര്‍ത്തിയുടെയോ സ്ഥാനത്തുനിന്നുകൊണ്ടല്ല, പകരം, ഒരു ക്രൈസിസ്‌ മാനേജരെപ്പോലെയാണ്‌ ഹണ്ടിംഗ്‌ടണ്‍ എഴുതുന്നത്‌.

അനാവശ്യമായ ഒട്ടുവളരെ വിശദാംശങ്ങളും, പാണ്ഡിത്യപ്രകടനങ്ങളും, എണ്ണമറ്റ സംഭവങ്ങളും കൂട്ടിക്കലര്‍ത്തുകയും ഒടുവില്‍ അവയെയെല്ലാം ഓര്‍ക്കാനും ഉദ്ധരിക്കാനും എളുപ്പമുള്ള കേവലം ഒന്നോ രണ്ടോ പരസ്യവാചകങ്ങളിലേക്ക്‌ ചുരുക്കിക്കൊണ്ടുവന്ന്‌ അവയെ പ്രായോഗികവും യാഥാര്‍ത്ഥ്യബോധമുള്ളതും, സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതുമായി അവതരിപ്പിക്കുന്നത്‌ കാണുമ്പോഴാണ്‌, ശീതയുദ്ധാനന്തര നയതന്ത്രജ്ഞന്‍മാരുമായി ഈ പ്രബന്ധത്തിന്‌ ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടെന്ന തോന്നല്‍ നമുക്ക് ബലപ്പെടുക. പക്ഷേ നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെ മനസ്സിലാക്കാന്‍ ഇതാണോ മാര്‍ഗ്ഗം? ലോകത്തിന്റെ ഒരു ലഘുവായ ഭൂപടം നിര്‍മ്മിച്ച്‌ ജനറലുമാര്‍ക്കും പൌര നിയമ-നിര്‍മ്മാതാക്കള്‍ക്കും കൈമാറുകയും, അതിനെ മനസ്സിലാക്കാനും അതിന്‍മേല്‍ നടപടികളെടുക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്‌, ബുദ്ധിജീവിയും പണ്ഡിതനുമായ ഒരാളെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിവേകപൂര്‍വ്വമായിരിക്കും? ഈ മാര്‍ഗ്ഗം, സംഘട്ടനത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും, അതിനെ കൂടുതല്‍ തീവ്രമാക്കാനുമല്ലേ സഹായിക്കുക? സാംസ്കരിക സംഘട്ടനങ്ങള്‍ ലഘൂകരിക്കാന്‍ അത്‌ എങ്ങിനെ സഹായിക്കും? സംസ്കാരങ്ങളുടെ സംഘട്ടനം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ? ദേശീയവികാരങ്ങളെയും ദേശീയമായ നരഹത്യകളെയും വളര്‍ത്തുകയല്ലേ അത്‌ ചെയ്യുക? ഇടപെടാനാണോ മനസ്സിലാക്കാനാണോ, സംഘര്‍ഷം ലഘൂകരിക്കാനാണോ അതിനെ വളര്‍ത്തി വലുതാക്കാനാണോ, എന്തിനാണ്‌ ഒരാള്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നമ്മള്‍ ഇനിയെങ്കിലും ചോദിക്കേണ്ടതല്ലേ?

മതം, വംശം, സ്വത്വം ആദിയായ മുദ്രകളെ, കൂടുതല്‍ വലുതും പ്രകോപനപരവും, ദുര്‍വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്നതുമായ, പാശ്ചാത്യം, ജാപ്പനികം, സ്ളാവ്‌, ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ എന്നിങ്ങനെ അമൂര്‍ത്തമായ പ്രത്യയശാസ്ത്രങ്ങളാക്കുന്ന രീതി ആളുകളുടെയിടയില്‍ എങ്ങിനെ പ്രചാരം നേടിയിരിക്കുന്നു എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ലോക പരിതസ്ഥിതിയെ നമുക്ക്‌ നോക്കിക്കാണാം. വിചിത്രമെന്നു തോന്നുമെങ്കിലും, ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്റെ ഈ വന്യമായ ഉദാഹരണങ്ങള്‍ ഒട്ടും പുതിയതല്ല. തീര്‍ച്ചയായും ഒട്ടും ഗുണപരവുമല്ല അത്‌. ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ കാലത്താണ്‌ ഇത്തരത്തില്‍ സംഭവിക്കുന്നത്‌. അതായത്‌, വികാസത്തിന്റെയും, യുദ്ധത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും, പലായനത്തിന്റെയും, അപ്രതീക്ഷിതമായി വന്നെത്തുന്ന ചടുലമായ മാറ്റങ്ങളുടെയും സമയത്താണ്‌ ആളുകള്‍ ഈ വിധത്തില്‍ തമ്മിലൊട്ടിനില്‍ക്കാനും, കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നത്‌.

ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ വിശദമാക്കാന്‍ ശ്രമിക്കാം. ആള്‍കൂട്ട സ്വത്വത്തിന്റെ ഭാഷ സവിശേഷമായി പ്രത്യക്ഷപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും അവസാനത്തിനുമിടക്കാണ്‌. ആഫ്രിക്കന്‍-ഏഷ്യന്‍ പ്രദേശങ്ങളുടെ അധീശത്വത്തിനുവേണ്ടി യൂറോപ്പും അമേരിക്കയും നടത്തിയ ദശാബ്ദങ്ങളോളം നീണ്ട അന്താരാഷ്ട്ര മത്സരത്തിന്റെ പരിണിതിയെന്ന നിലക്കായിരുന്നു അത്‌ പ്രത്യക്ഷപ്പെട്ടത്‌. ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ ശൂന്യമായ സ്ഥലികള്‍ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളില്‍ ഫ്രാന്‍സും ബ്രിട്ടനും, ജര്‍മ്മനിയും ബല്‍ജിയവും തങ്ങളുടെ ആയുധബലത്തിനെ മാത്രമല്ല ഉപയോഗിച്ചിരുന്നത്‌. തങ്ങളുടെ കൊള്ളയെ ന്യായീകരിക്കാന്‍ പാകത്തിലുള്ള സിദ്ധാന്തങ്ങളെയും മുദ്രാവാക്യങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു അവര്‍. അവയില്‍ ഏറ്റവും പ്രശസ്തമായത്‌, സാംസ്കാരിക ദൌത്യത്തെക്കുറിച്ചുള്ള ഫ്രാന്‍സിന്റെ ആശയമായിരുന്നു. ചില വംശങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും മറ്റുള്ളവയേക്കാള്‍ മഹത്തായ ലക്ഷ്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും, ആ മഹത്തായ ആദര്‍ശങ്ങളുടെ പിന്‍ബലത്തില്‍ ഇതര സംസ്ക്കാരങ്ങളെയും വംശങ്ങളെയും ഭരിക്കാന്‍ അവര്‍ അര്‍ഹരാണെന്നുമുള്ള വിശ്വാസമായിരുന്നു, സാംസ്കാരിക ദൌത്യം (Cultural Mission) എന്ന പേരിലുള്ള ഫ്രാന്‍സിന്റെ ആ ആശയത്തിന്റെ കാതല്‍. തന്റെ ഏറ്റവും പ്രശസ്ത രചനയായ The Heart of Darkness എന്ന നോവലില്‍ ജോസഫ്‌ കോണ്‍റാഡ്‌ ഇതിന്റെ ഭീകരത വിവരിക്കുന്നുണ്ട്‌. മാര്‍ലോ എന്ന കഥാപാത്രത്തിലൂടെ. "ഭൂമിയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുക, എന്നുവെച്ചാല്‍,നമ്മുടേതില്‍നിന്ന് വിഭിന്നമായ നിറമുള്ളവരില്‍നിന്നോ നമ്മുടെ മൂക്കിനേക്കാള്‍ പരന്ന മൂക്കുള്ളവരില്‍ നിന്നോ ഭൂമി പിടിച്ചടക്കുക എന്നത്, ശ്രദ്ധിച്ചുനോക്കിയാല്‍ അത്ര സുഖമുള്ള ഒരു സംഗതിയല്ല. എങ്കിലും അതിനെ യുക്തിഭദ്രമാക്കുന്നത്‌ അതിനു പിറകിലുള്ള ആശയമാണ്‌. വൈകാരികമായ ഒരു നാട്യമല്ല ആ ആശയം. നമുക്ക്‌ സൃഷ്ടിക്കാനും, ബഹുമാനത്തോടെ തലകുനിക്കാനും, വേണ്ടിവന്നാല്‍ നമ്മെത്തന്നെ ബലികൊടുക്കാന്‍ കഴിയുന്നതുമായ ഒരു ആശയത്തിലുള്ള നിസ്വാര്‍ത്ഥമായ വിശ്വാസമാണത്‌".

(തുടരും)

8 comments:

Rajeeve Chelanat said...

വ്യാഖ്യാനങ്ങളുടെ സംഘട്ടനം (ഭാഗം രണ്ട്)

Radheyan said...

വായിക്കുന്നു.ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ.. കട്ടിയാണേ...!! സമ്മതിച്ചിരിക്കുന്നു....!!

myexperimentsandme said...

ഓഫ് ടോപ്പിക്കിന് മാപ്പ്:

പ്രിയ രാജീവ്, ഈ കമന്റ് ഒന്ന് കാണുമോ

Anonymous said...

free telugu cinema songs downloads,free telugu movies,ap poltics,
pawan kalyan,chiranjeevi photos,telugu movies, telugu songs, telugu cinema, telugu news,
actress photos, movie reviews, actors and actress pictures, videos, wallpapers,
chiranjeevi big wallapers,chiranjeevi big photos.www.vebtoday.com

Mahi said...

രാജീവെ തുടരൂ നിന്നെ പോലുള്ളവരുടെ ആവശ്യകത നീ ഒരൊ പോസ്റ്റിലും വിളിച്ചറിയിക്കുന്നുണ്ട്‌ ബ്ലോഗിന്റെ വര്‍ത്തമാനത്തെ ഗൌരവതരമായ ചിന്ത കൊണ്ട്‌ മാറ്റാന്‍ നിന്റെ പോസ്റ്റുകള്‍ സഹായിക്കുന്നു

മാവേലി കേരളം said...

രാജീവേ ഇതിപ്പോഴാണ്‍് കണ്ടത്. രണ്ടും മൂന്നും, വായിച്ചു ഒന്നെന്തിയേ?

Rajeeve Chelanat said...

മാവേലി

വ്യാഖ്യാനങ്ങളുടെ സംഘട്ടനം എന്ന പേരില്‍ ഈ പോസ്റ്റിന്റെ തൊട്ടുതാഴെയുണ്ടല്ലോ ‘ഒന്ന്’ എന്ന് അടയാളപ്പെടുത്തിയിട്ടില്ല എന്നു മാത്രം.

വായനകള്‍ക്കു നന്ദി. അതെ. പകല്‍ക്കിനാവന്‍, സ്വല്‍പ്പം കട്ടിയാണ്. വിഷയവും അത്തരത്തിലുള്ള ഒന്നാണല്ലോ. എങ്കിലും വായന എളുപ്പമുള്ളതാക്കിത്തീര്‍ക്കാന്‍, പരിഭാഷ കഴിയുന്നത്ര ലളിതമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുമുണ്ട്.

അഭിവാദ്യങ്ങളോടെ