Monday, July 13, 2009
നിയോഗം
വികസനത്തിനെക്കുറിച്ചുള്ള മറുസാദ്ധ്യതകള്‍ അന്വേഷിച്ച ചിന്തകനായിരുന്നു, പ്രഥമമായും, ശങ്കര്‍ ഗുഹാ നിയോഗി. എങ്കിലും തന്റെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി തൊഴിലാളി സംഘടനാ പ്രവര്‍ത്തിലേക്കാണ് അദ്ദേഹം ഒടുവില്‍ എത്തിപ്പെട്ടത്. വിഘടന-ശിഥില ശക്തികള്‍ രാജ്യത്ത് തലയുയര്‍ത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍, ചൂഷിത-പിന്നാക്ക പ്രദേശങ്ങളിലെ ദരിദ്രരായ ആളുകളെ, വിഘടന വാദത്തിന്റെയും ശിഥിലശക്തികളുടെയും സഹായമില്ലാതെതന്നെ, കാലാനുസൃതമായി എങ്ങിനെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ക്കായി സംഘടിപ്പിക്കാം എന്നതിന്റെ മാതൃകയായിരുന്നു നിയോഗിയുടെ പ്രസ്ഥാനം. പ്രാദേശിക സ്നേഹാഭിമാനങ്ങളും രാജ്യത്തിന്റെ താത്പര്യങ്ങളും തമ്മില്‍ ഒട്ടും വൈരുദ്ധ്യമില്ലാത്ത ഒന്നായിരുന്നു അത്“.
“വിപ്ളവകരമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു വന്‍പ്രസ്ഥാനത്തിനും ഇന്നത്തെ സാഹചര്യത്തില്‍, അപചയങ്ങളില്‍നിന്ന് മുക്തമാകാന്‍ സാധിക്കില്ല എന്ന് അശുഭാപ്തിവിശ്വാസികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുമ്പോഴും, അത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തെ 14 വര്‍ഷത്തോളം വിജയകരമായി കൊണ്ടുനടക്കാന്‍ നിയോഗിക്കു സാധിച്ചു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തകരാതിരിക്കാനും, ഇരുട്ടിനെ അകറ്റാന്‍, ആ ആശയത്തിന്റെ വെളിച്ചത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനും ഇനി നമ്മളാണ് ശ്രദ്ധിക്കേണ്ടത്".
ശങ്കര്‍ ഗുഹ നിയോഗിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഭരത് ഡോഗ്ര എഴുതിയ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്.
ഭിലായിലെ സി.എം.എസ്സ്.എസ്സ് (ചത്തീസ്‌ഗഢ് മൈന്‍സ് ശ്രമിക് സംഘ്)ഓഫീസിന്റെ തുറന്നിട്ട ജനലിലൂടെ അകത്തുകയറിയ അക്രമിയുടെ വെടിയേറ്റ് ശങ്കര്‍ ഗുഹാ നിയോഗി മരിച്ചത്, 1991 സെപ്തംബര്‍ 28-നായിരുന്നു. ആറു തിരകളാണ് നിയോഗിയുടെ നെഞ്ചു തുളച്ച് അകത്തുകയറിയത്. മണിക്കൂറുകള്‍ക്കകം, ആയിരക്കണക്കിനാളുകള്‍ ആശുപത്രിയിലെത്തി. ചത്തീസ്‌ഗഢ് മുക്തി മോര്‍ച്ചയുടെ ശോണ-ഹരിത പതാകയില്‍ പൊതിഞ്ഞ് ആ മൃതദേഹത്തെ അന്ത്യവിശ്രമസ്ഥാനത്തേക്ക് അനുഗമിക്കാന്‍ ഒരു വലിയ ജനാവലിതന്നെ ഉണ്ടായിരുന്നു.
ചത്തീസ്‌ഗഢ് പ്രദേശത്ത്, ആ ദിവസം രണ്ടുലക്ഷം തൊഴിലാളികള്‍ പണിമുടക്കി. 150 ഓളം വ്യവസായ യൂണിറ്റുകള്‍ നിശ്ചലമായി. വിലാപയാത്രയില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമായി ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. മരിക്കുമ്പോള്‍ 48 വയസ്സുണ്ടായിരുന്നു നിയോഗിക്ക്. അതിനും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്, ജോലിയന്വേഷിച്ചെത്തിയ നിരവധിയാളുകളിലൊരുവനായി, സ്വദേശമായ ബംഗാളില്‍നിന്ന് ഭിലായില്‍ നിയോഗി എത്തുന്നത്.
ബി.എസ്സ്.ആറില്‍ വിദഗ്ദ്ധതൊഴിലാളിയായി പണിയെടുക്കുമ്പോള്‍ത്തന്നെ, നിയോഗി ബി.എസ്സ്.സി ബിരുദം നേടി. 1964-65 ആകുമ്പോഴേക്കും യൂണിയന്‍ സംഘാടകനും ബ്ളാസ്റ്റ് ഫര്‍ണസ് ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ആ മനുഷ്യന്‍. തൊട്ടടുത്ത വര്‍ഷങ്ങളില്‍, സി.പി.ഐ.(എം-എല്‍)ന്റെ പൂര്‍വ്വസൂരിയായ കമ്മ്യൂണിസ്റ്റ് റവല്യൂഷണറിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാനും നിയോഗിക്ക് ഇടവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ കയ്യിലെ ജോലി പോയി. ഭിലായിയെ പിന്നിലുപേക്ഷിച്ച്, ബസ്തറും, ദുര്‍ഗ്ഗും, റായ്‌ഗഢും, റായ്‌പൂരും, രാജ്‌നന്ദഗാവോനും, സര്‍ജുഗയും ഉള്‍പ്പെടുന്ന ചത്തീസ്‌ഗഢിലെ വിദൂരമായ സാംസ്കാരികമേഖലയിലേക്ക് നിയോഗി കുടിയേറുന്നത് അങ്ങിനെയാണ്.
ഹ്രസ്വകാലം സി.പി.ഐ.(എം.എല്‍) ഒളിത്താവളത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷം നിയോഗി അതും വിട്ട്, സ്വന്തം വഴി തിരഞ്ഞെടുത്തു. പിന്നീടുള്ള വര്‍ഷങ്ങളിലാണ്, അതായത്, 1960-കളുടെ അവസാനത്തിനും 1970-കളുടെ ആരംഭത്തിനുമിടയിലാണ് നിയോഗി എന്ന ഇതിഹാസം രൂപപ്പെടാന്‍ തുടങ്ങുന്നത്.
"അടുത്ത നാലോ അഞ്ചോ കൊല്ലം, പല തൊഴിലുകളും ചെയ്ത്, പല സമരങ്ങളും ഏറ്റെടുത്ത്, ഒരു നായാടിയെപ്പോലെ നിയോഗി അലഞ്ഞുതിരിഞ്ഞു. ബസ്തറില്‍ വനമേഖലയില്‍ ജോലിചെയ്തും, ദുര്‍ഗ്ഗില്‍ മീന്‍ പിടിച്ചും വിറ്റും, കേരിജുംഗാതയില്‍ കൃഷിപ്പണി ചെയ്തും, രാജ്‌നന്ദഗാവോണില്‍ ആട്ടിടയനായും തൊഴിലെടുത്തു.
എവിടെയായാലും പ്രാദേശികസമരങ്ങളില്‍ സജീവമായിരുന്നു നിയോഗി. ബസ്തറിലെ ആദിവാസികളുടെ സമരം, രാജ്‌നന്ദഗാവോണിലെ മോംഗ്ര ജലസംഭരണിക്കെതിരായ പ്രക്ഷോഭം, ദായ്‌ഹന്തിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള സമരം - നിയോഗി ഏറ്റെടുത്ത പ്രക്ഷോഭങ്ങളില്‍ ചിലതു മാത്രമായിരുന്നു ഇവയൊക്കെ. ജനകീയ സംഘടനകളെക്കുറിച്ചുള്ള പാഠം നിയോഗി പഠിക്കുന്നത് ഇത്തരം സമരങ്ങളില്‍നിന്നായിരുന്നു. ഒടുവില്‍ അദ്ദേഹം ധാനി തോലയില്‍ താമസമുറപ്പിച്ച്, വെള്ളാരംകല്‍ ഖനികളില്‍ (quartzite) വീണ്ടും തന്റെ തൊഴിലാളിജീവിതം ആരംഭിച്ചു. ഖനിയും ഖനി തൊഴിലാളികളുമായുള്ള നിയോഗിയുടെ നീണ്ട ബന്ധത്തിന്റെആരംഭമായിരുന്നു അത്.
ധാനി തോലയില്‍ വെച്ചാണ്, മറ്റൊരു ഖനി തൊഴിലാളിയായ ആശയെ നിയോഗി കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഖനി തൊഴിലാളികളെ സംഘടിപ്പിക്കുന്ന നിയോഗിയുടെ പ്രവര്‍ത്തനം ഭരണകൂടത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്, അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. മിസ പ്രകാരം 13 മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജയിലില്‍നിന്നു തിരിച്ചുവന്നതിനുശേഷം അദ്ദേഹം ദല്ലി രാജ്‌ഹാരയിലേക്ക് താമസം മാറ്റുകയും, ചത്തീസ്‌ഗഢ് മൈന്‍സ് ശ്രമിക് സംഘം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കൂടുതല്‍ കൂലിക്കും മെച്ചപ്പെട്ട തൊഴിലന്തരീക്ഷത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ സി.എസ്.എസ്സ്.എസ്സ് ആരംഭിക്കുന്നത് അങ്ങിനെയാണ്. 2 രൂപ ദിവസക്കൂലിയില്‍നിന്ന് ദിവസം ഇരുപതു രൂപ എന്ന നിരക്കിലേക്ക് അത് ഉയര്‍ന്നു. ഖനി തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും കൂടുതല്‍ മെച്ചപ്പെട്ടതും സര്‍വ്വതോമുഖവുമായ ജീവിതനിലവാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് നാം കാണുന്നത്. സ്ത്രീകളെ കൂടുതല്‍ പങ്കാളികളാക്കിക്കൊണ്ടും, സി.എം.എസ്സ്.എസ്സിന്റെ പ്രവര്‍ത്തനത്തില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ടും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു ചെറിയ ഡിസ്പെന്‍സറി, ഒരു ഗാരേജ് എന്നിവ നിലവില്‍ വന്നു. 1983-ഓടെ 15 കിടക്കകളുള്ള, ആധുനിക സൌകര്യങ്ങളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തനസജ്ജമായി. യൂണിയന്‍ അംഗങ്ങളുടെ തുച്ഛമായ ശമ്പളവും അവരുടെ അദ്ധ്വാനവും ഉപയോഗിച്ചാണ് ഇതെല്ലാം സാധ്യമായത്. സ്കൂളുകള്‍ക്കുവേണ്ടിയുള്ള കെട്ടിടങ്ങല്‍ നിര്‍മ്മിച്ച് സര്‍ക്കാരിനു കൊടുത്തു.
ഖനിതൊഴിലാളികള്‍ താമസിക്കുന്ന ബസ്തികളിലെ മാലിന്യം നീക്കാനൊന്നും അധികാരികള്‍ മിനക്കെട്ടിരുന്നില്ല അക്കാലത്ത്. യൂണിയന്റെ ഈ ആവശ്യം തുടര്‍ച്ചയായി അവര്‍ നിരാകരിച്ചപ്പോള്‍, ഖനിതൊഴിലാളികള്‍ മാലിന്യം ശേഖരിച്ച്, ട്രക്കുകളില്‍ കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. തങ്ങളുടെ ബസ്തികളിലെ മാലിന്യം നീക്കുന്നതുവരെ ഈ പരിപാടി തുടര്‍ന്നുപോകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
ചത്തീസ്‌ഗഢിന്റെ കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍, പ്രത്യേകിച്ചും ആദിവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് ചത്തീസ്‌ഗഢ് മുക്തി മോര്‍ച്ച (സി.എം.എം) രൂപീകരിച്ചത്. ആ പ്രദേശത്തെ അടിമതൊഴിലാളികളെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് ചത്തീസ്‌ഗഢ് ഗ്രാമീണ്‍ ശ്രമിക് സംഘമായി മാറിയത്. സി.എം.എസ്സ്.എസ്സും, സി.എം.എമ്മും, സി.ജി.എസ്സ്.എസ്സും ഒരുമിച്ച് കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. സംസ്ഥാന ഭരണകൂടം അതിനെ ഭീകരമായി അടിച്ചൊതുക്കാനും അതിന്റെ നേതാക്കളെ ഉപദ്രവിക്കാനും തുടങ്ങി. രണ്ടു പതിറ്റാണ്ടിനിടയില്‍ 25 തവണ നിയോഗിക്ക് ജയിലില്‍ കഴിയേണ്ടിവന്നു. നീതിന്യായ വിചാരണ പോയിട്ട്, പ്രാഥമികകുറ്റം പോലും ചുമത്തപ്പെടാതെയായിരുന്നു ആ ജയില്‍വാസങ്ങളില്‍ മിക്കതും. അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട ചില പെറ്റികേസുകളിലാകട്ടെ, നിയോഗിക്കെതിരായി ഒന്നും തെളിയിക്കാനും കോടതികള്‍ക്കായില്ല.
1991 മുതല്‍ നിയോഗിയുടെ പ്രവര്‍ത്തനം, ഭിലായിലെ വ്യവസായതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു. ആരംഭകാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഉള്‍പ്രദേശങ്ങളിലായിരുന്നു. ഇപ്പോള്‍ അത്, പ്രദേശത്തെ ഏറ്റവും ധനികരും, ഏറ്റവുമധികം അധികാരം കൈയ്യാളുന്നവരുമായ വ്യവസായികളുമായി മുഖാമുഖം വന്നു. സംഘര്‍ഷം വര്‍ദ്ധിക്കുകയും, യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തപ്പോള്‍ നിയോഗി തന്റെ സ്വന്തം മരണം മുന്‍കൂട്ടി കണ്ടു.
തന്നെ വധിക്കുന്നതിലൂടെ പ്രസ്ഥാനത്തെ തീര്‍ത്തും നാമാവശേഷമാക്കാന്‍ ഭിലായ് പ്രദേശത്തെ വ്യവസായികള്‍ ഗൂഢപദ്ധതിയിടുന്നതിനെക്കുറിച്ച്, മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് റിക്കാര്‍ഡു ചെയ്ത ഒരു സന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. "ഈ ലോകം മനോഹരമാണ്. ഈ മനോഹരമായ ലോകത്തെ ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നു. എന്നാലും, എന്റെ തൊഴിലും എന്റെ ഉത്തരവാദിത്ത്വങ്ങളുമാണ് എനിക്കേറെ പ്രധാനം. ഏറ്റെടുത്ത ചുമതലകള്‍ എനിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇവര്‍ എന്നെ കൊല്ലും. പക്ഷേ എന്നെ കൊന്നതുകൊണ്ട് നമ്മുടെ പ്രസ്ഥാനത്തെ അവര്‍ക്ക് ഇല്ലാതാക്കാനാവില്ല“.
നിയോഗിയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും പ്രസക്തിയും അര്‍ത്ഥവും മനസ്സിലാക്കേണ്ടത്, അദ്ദേഹം എന്നും പൊരുതിയ കൊളോണിയല്‍ കാലഘട്ടാനന്തര 'വികസന'ത്തിന്റെ പശ്ചാത്തലത്തിലാണ്. പി.യു.ഡി.ആറിന്റെ (Peoples Union for Democratic Rights)റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. "ഏതു വികസന പദ്ധതികള്‍ വന്നാലും, ചത്തീസ്‌ഗഢ് പോലുള്ള പ്രദേശങ്ങളെ അവികസിതമായി നിലനിര്‍ത്തുന്നു എന്നതാണ് കൊളോണിയല്‍ കാലഘട്ടാനന്തര വികസനത്തിന്റെ ആത്യന്തിക ഫലം. ജനങ്ങളെ അവരുടെ പരമ്പരാഗത തൊഴിലില്‍നിന്നും തുടര്‍ച്ചയായി പുറത്താക്കുകയാണ് ഈ പ്രക്രിയ. അങ്ങിനെ അവര്‍ കരാര്‍ തൊഴിലാളികളോ ദിവസവേതനക്കാരോ ആയിത്തീര്‍ന്ന്, വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള അസംസ്ക്കൃതപദാര്‍ത്ഥങ്ങളായി മാറുന്നു. അതിനി, പൊതുമേഖലയുടെയായാലും, സ്വകാര്യമേഖലയുടെയായാലും. ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെയായാലും, കമ്പോളവ്യവസ്ഥയുടെയായാലും ശരി. പിന്നീട് ഈ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങുമ്പോള്‍, ഈ വികസനത്തിന്റെ ഫലം ഭക്ഷിച്ച് വളര്‍ന്ന രാഷ്ട്രീയ-സാമ്പത്തിക പരാന്നഭോജികള്‍, ഭരണകൂടത്തിന്റെ സഹായത്തോടെ ഈ ജനങ്ങളെ അടിച്ചൊതുക്കുന്നു. ഈ ചിരപരിചിതമായ പ്രക്രിയക്ക് ചത്തീസ്‌ഗഢില്‍ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നു. ട്രേഡ്‌യൂണിയനുകളുടെ പരമ്പരാഗതമായ അതിര്‍ത്തികളെ അതിജീവിച്ചുകൊണ്ട് പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലാളികള്‍ക്കു സാധിച്ചു. തൊഴിലും തൊഴിലന്തരീക്ഷവും, തൊഴില്‍ വൈദഗ്ദ്ധ്യവും, യന്ത്രവത്ക്കരണവും, വിദ്യാഭ്യാസവും, ആരോഗ്യവും, പരിസ്ഥിതിയും എല്ലാം ഇന്ന് ഈ തൊഴിലാളികളുടെ അജണ്ടയിലുള്‍പ്പെടുന്നു. ഈ സായുധമായ ജനകീയപ്രസ്ഥാനത്തിന്റെ പരിഷ്ക്കരണോന്മുഖതയെ ഉത്തേജിപ്പിക്കുന്നത്, വികസനപ്രക്രിയയെക്കുറിച്ചുള്ള ഇതരവീക്ഷണങ്ങളാണ്. പക്ഷേ, ആര്‍ക്കെതിരെയാണോ ഇവര്‍ പൊരുതുന്നത്, ആ ഉന്നതരായ ഭരണവര്‍ഗ്ഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഭരണഘടനാ അതിര്‍ത്തികള്‍ക്കുള്ളില്‍ ഈ സമരത്തെ പരിമിതിപ്പെടുത്തേണ്ടിയുംവരുന്നു. ഭരണഘടനയിലെ, സുതാര്യവും, പ്രാഥമികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശതത്ത്വങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെയും നാഴികക്കല്ല്. തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലാണ് പ്രക്ഷോഭങ്ങള്‍ അധികവും നടക്കുന്നത്. എന്നിട്ടും, ഭരണകൂടത്തിനു മനസ്സിലാകുന്ന ഒരേയൊരു ഭാഷ അക്രമത്തിന്റേതായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും, ഈ പ്രസ്ഥാനം അത്യന്തം ക്ഷമയോടെ സമാധാനമാര്‍ഗ്ഗത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യ ഇടം തിരിച്ചറിയുകയും പിടിച്ചടക്കുകയും ചെയ്യുക എന്നതാണ് ചത്തീസ്‌ഗഢ് പ്രസ്ഥാനത്തിന്റെ അന്ത:സ്സത്ത. കഴിഞ്ഞ മൂന്നു ദശകങ്ങളായി നീണ്ടുകിടക്കുന്ന ഈ പ്രക്രിയയയാണ്, ഈ പ്രദേശത്തെ ആളുകളുടെ ജീവിതത്തെയും നിലനില്‍പ്പിനെയും മാറ്റിമറിച്ചത്.
നിയോഗി കൊല്ലപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു പൌരസമിതി രൂപീകരിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും, പിന്നീട് കല്‍ക്കത്ത ഹൈക്കോടതിയുടെയും മുന്‍ ചീഫ് ജസ്റ്റിസ് ഡി.എസ്സ്.തേവാതിയ, കുല്‍ദീപ് നയ്യാര്‍, വിജയ് തെണ്ടുല്‍ക്കര്‍, അനില്‍ സദ്ഗോപാല്‍ രാകേഷ് ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഒരു പൌരസമിതി. "വ്യാവസായിക പുകമറക്കു പിന്നില്‍" (Behind the Industrial Smokescreen) എന്നു പേരിട്ട ആ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത് ഇതായിരുന്നു: "തൊഴിലാളികള്‍ക്ക് അടിസ്ഥാനസൌകര്യവും, മിനിമം വേതനവും നിഷേധിച്ചുകൊണ്ടിരുന്ന വ്യവസായികളുടെ ശൃംഖലയെ, ഇതിനുമുന്‍പ് ആ പ്രദേശങ്ങളില്‍ മറ്റൊരാളും ചെയ്യാന്‍ ധൈര്യപ്പെടാത്ത തരത്തില്‍ വെല്ലുവിളിച്ചു എന്നതാണ് നിയോഗി കൊല്ലപ്പെട്ടാനുള്ള കാരണം. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും സഹായത്തോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വ്യാവസായിക ഭൂമികയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ നിയോഗിയുടെ കൊലപാതകത്തിന്റെ ആസുരികമാനം വളരെ വലുതാണ്. തൊഴില്‍-വ്യവസായ നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും, അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കാനുതകുന്ന തൊഴിലുറപ്പിനും മിനിമം വേതനത്തിനുംവേണ്ടി പൊരുതാനുള്ള ജനാധിപത്യ ഇടം കാല്‍ക്കീഴില്‍നിന്ന് ഒലിച്ചുപോകുന്നതിന്റെ പ്രതിഫലനംകൂടിയാണ് ഈയവസ്ഥ. വിദേശബാങ്കുകളും ബഹുരാഷ്ട്രകുത്തകകളും നിലനില്‍ക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് ഉറപ്പുവരുത്താന്‍, ഭരണകൂടം ഈ അവസ്ഥയെ മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്യും.
സ്വാശ്രയത്തെക്കുറിച്ചും, ഇന്ത്യന്‍ സമൂഹത്തിന്റെ ഇതരവികസന സാധ്യതകളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന നിയോഗിയുടെ അസാന്നിദ്ധ്യം നമുക്ക് കൂടുതല്‍ അനുഭവപ്പെടാനിരിക്കുന്നതേയുള്ളു, വരുംനാളുകളില്‍. "നിയോഗിയുടെയും, സി.എസ്.എസ്സ്.എസ്സിന്റെയും രാഷ്ട്രീയം, പ്രക്ഷോഭത്തിന്റെയും, സര്‍ഗ്ഗാത്മകതയുടെയും രാഷ്ട്രീയമാണ്. സൃഷ്ടിക്കുവേണ്ടിയുള്ള സമരം. സമരത്തിനുവേണ്ടിയുള്ള സൃഷ്ടി-ഇതാണ് നമ്മുടെ മുദ്രാവാക്യം". 'നമ്മുടെ പരിസ്ഥിതി - സി.എം.എസ്സ്.എസ്സിന്റെ കാഴ്ചപ്പാടില്‍' എന്ന പേരില്‍ നിയോഗി ഏറ്റവുമൊടുവില്‍ എഴുതിയ ലഘുലേഖയുടെ അവതാരികയില്‍ എഴുതിയിരിക്കുന്നു.
പിന്‍കുറിപ്പ്: അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചവരെക്കുറിച്ചുള്ള വായനക്കിടയില്‍ ഇടക്കിടക്ക് പ്രത്യക്ഷമാകാറുള്ള ഒരു ഇന്ത്യന്‍ പേരാണ് ശങ്കര്‍ ഗുഹാ നിയൊഗിയുടേത്. മെയ്യനങ്ങാതെയുള്ള വിലപേശലിലൂടെ കച്ചവടമുറപ്പിക്കുന്ന ഇന്നത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളെക്കുറിച്ച് ആലോചിക്കുമ്പോഴും, ഈ മനുഷ്യന്‍ ഇടക്കിടക്ക് കടന്നുവരും. ആ ജീവിതത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം. ജനവികാസ് ആന്ദോളന്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയുടെ പരിഭാഷയാണ് ഇത്. കൂടുതല്‍ അറിയാന്‍, ഇതും നോക്കാം. പട്‌വര്‍ദ്ധന്റെ ലേഖനവും, ഈ പരിഭാഷയും (രണ്ടുവര്‍ഷത്തിന്റെ വിടവുണ്ടെങ്കിലും) ഒരു ദിവസത്തിന്റെ ഏറ്റക്കുറച്ചിലോടെ ഇവിടെ പോസ്റ്റു ചെയ്യാനിടവന്നതും തികച്ചും യാദൃച്ഛികമായിട്ടാണ്.
Subscribe to:
Post Comments (Atom)
6 comments:
നിയോഗം
thanks.
ഉചിതമായി ഈ കുറിപ്പ്
ഫാരീസ് അബുബക്കര്‍, സന്റിയാഗോ മാര്‍ട്ടിന്‍, പിന്നെ അവരുടെ സഖക്കന്മാരും ചേര്‍ന്ന് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ പുതിയ പുതിയ വിസ്മയങ്ങളിലേക്ക് ഉയര്‍ത്താന്‍ പാടുപെടുമ്പോള്‍ ശങ്കര്‍ ഗുഹാ നിയോഗി പോലുള്ള കല്പനീക സങ്കല്പ്പത്തില്‍ കുരുങ്ങി കിടക്കണോ രാജീവ് സഖാവേ?
മെയ്യനങ്ങാതെയുള്ള വിലപേശലിലൂടെ കച്ചവടമുറപ്പിക്കുന്ന ഇന്നത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളെക്കുറിച്ച് ആലോചിക്കുമ്പോഴും, ഈ മനുഷ്യന്‍ ഇടക്കിടക്ക് കടന്നുവരും
വല്ലാത്തൊരു “ജനറലൈസഡ്” ആയ അഭിപ്രായം ആയിപ്പോയില്ലേ രാജീവേ ഇത്? അങ്ങനെ അല്ലാത്ത എത്രയോ ട്രേഡ് യൂണിയൻ നേതാക്കളുടെ പേരെടുത്തു പറയാൻ ( കേരളത്തിൽ തന്നെയുള്ള/ഉണ്ടായിരുന്ന)എനിക്കു സാധിയ്ക്കും.എന്നാൽ അവരെയൊന്നും പരിചയപ്പെടുത്താൻ നമ്മൾ ശ്രമിയ്ക്കുന്നില്ല എന്നതല്ലേ സത്യം?അല്ലെങ്കിൽ കണ്ടില്ലെന്നു നടിയ്ക്കുന്നു എന്നതല്ലേ യാഥാർത്ഥ്യം?
സുനില്‍,
ജനറലൈസ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. കറകളഞ്ഞ ചിലരെ എനിക്കും നേരിട്ടറിയാം. എഴുതിയത് രണ്ടാമത് വായിച്ചുനോക്കാതെ പോസ്റ്റിയ അവിവേകം കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.
തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി
എല്ലാ വായനകള്‍ക്കും,
അഭിവാദ്യങ്ങളോടെ
Post a Comment