Sunday, December 13, 2009

ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം

മാര്‍ക്‌ ഹിഗ്‌സണുമായി ബന്ധപ്പെടാന്‍ ഈയടുത്ത്‌ ഞാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒമ്പതുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അയാള്‍ മരിച്ച വിവരം അറിയാന്‍ കഴിഞ്ഞത്‌. 40 വയസ്സേ ഉണ്ടായിരുന്നുള്ളു. നല്ല ഒരു മനുഷ്യന്‍. 1991-ല്‍ ഫോറിന്‍ ഓഫീസില്‍നിന്ന്‌ അയാള്‍ പിരിഞ്ഞതിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്‌. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്‍ഡോനേഷ്യക്കു വിറ്റ ഹോക്ക്‌ ബോംബര്‍ വിമാനങ്ങള്‍ ഈസ്റ്റ്‌ തിമൂറിലെ സാധാരണക്കാര്‍ക്കുനേരെ ഉപയോഗിച്ചത്‌ സര്‍ക്കാറിന്‌ അറിയാമോ എന്ന്‌ ഞാന്‍ ഹിഗ്‌സണോടു ചോദിച്ചു.

"എല്ലാവര്‍ക്കും അറിയാം, പാര്‍ലമെണ്ടിനും ജനങ്ങള്‍ക്കും ഒഴിച്ച്‌" അയാള്‍ പറഞ്ഞു.

"മാധ്യമങ്ങള്‍ക്കോ?"

"ഹോ..മാധ്യമങ്ങളോ-വമ്പന്‍മാര്‍..അവരെയൊക്കെ ഫോറിന്‍ ഓഫീസിലേക്ക്‌ വിളിച്‌, നന്നായി സല്‍ക്കരിച്ച്‌, നുണകളും വിളമ്പിക്കൊടുത്തിരുന്നു. അവരെക്കൊണ്ടിനി പ്രശ്നമൊന്നും ഉണ്ടാവില്ല".

സദ്ദം ഹുസ്സൈനെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഒരുവിധത്തിലും ആയുധവത്ക്കരിക്കുന്നില്ലെന്ന്‌ പാര്‍ലമെണ്ടംഗങ്ങളെയും, ജനത്തെയും വിശ്വസിപ്പിക്കാന്‍, വിദേശ ഓഫീസിലെ ഇറാഖ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക്‌ അയാള്‍ കത്തുകള്‍ തയ്യാറാക്കിവെച്ചിരുന്നു. "അതൊരു കല്ലുവെച്ച നുണയായിരുന്നു. എനിക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല".

ഇറാഖിനു ആയുധം വിറ്റതിനെക്കുറിച്ചുള്ള തെളിവെടുപ്പില്‍, സത്യം ബോധിപ്പിച്ചതിന്‌ ലോര്‍ഡ്‌ ജസ്റ്റീസ്‌ സ്കോട്ടിന്റെ പ്രശംസ ലഭിച്ച ഒരേയൊരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്നു ഹിഗ്‌സണ്‍. അതിന്‌ അയാള്‍ കൊടുക്കേണ്ടിവന്ന വിലയും വളരെ വലുതായിരുന്നു. വിവാഹബന്ധം തകര്‍ന്നു, ആരോഗ്യം നശിച്ചു, പോലീസിന്റെ നിരീക്ഷണത്തില്‍ ജീവിക്കേണ്ടിവന്നു. ഒടുവില്‍ ബിര്‍മിംഗാമിലെ ഒരു കേന്ദ്രത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട്‌, അപസ്മാരം ബാധിച്ച്‌, ഏകനായി മരിച്ചു. ആപത്‌സൂചന തരുന്നവര്‍ മിക്കപ്പോഴും ധീരന്‍മാരായിരിക്കും. അയാള്‍ അത്തരത്തിലൊരാളായിരുന്നു.

ടോണി ബ്ളയറിന്റെ പ്രതിനിധിയെന്ന പദവിയില്‍, ഇറാഖ്‌ അധിനിവേശത്തിനു മുന്നോടിയായി ഐക്യരാഷ്ട്രസഭയിലേക്കു പോയ സര്‍ ജെര്‍മി ഗ്രീന്‍സ്റ്റോക്ക്‌ എന്ന മറ്റൊരു വിദേശ ഓഫീസ്‌ ഉദ്യോഗസ്ഥന്റെ ചിത്രം കണ്ടപ്പോഴാണ്‌ മാര്‍ക്‌ ഹിഗ്‌സണ്‍ എന്റെ മനസ്സിലെത്തിയത്‌. വരാന്‍ പോകുന്ന ചോരപ്പുഴക്ക്‌ ഐക്യരാഷ്ട്രസഭയുടെ മുഖംമൂടി കണ്ടെത്താന്‍ മറ്റാരേക്കാളും മുന്നിലുണ്ടായിരുന്നത്‌ ഇതേ ജെര്‍മിയായിരുന്നു. അതെ, നവംബര്‍ 27-നു ചില്‍ക്കോട്ട്‌ വിചാരണക്കുമുന്‍പാകെ പ്രത്യക്ഷപ്പെട്ട്‌, ഇറാഖ്‌ അധിനിവേശത്തെ "നിയമപരമായി സംശയാസ്പദമായ സാധുത"യായി വിശേഷിപ്പിച്ച ജെര്‍മിയുടെ അവകാശവാദം, അതുതന്നെയായിരുന്നു. എന്തൊരു കൌശലം. ചിത്രത്തില്‍ അയാളുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരിയുണ്ടായിരുന്നു.

അന്താരാഷ്ട്രനിയമത്തില്‍, 'സംശയാസ്പദമായ സാധുത' എന്നൊന്ന്‌ നിലനില്‍ക്കുന്നില്ല. ഒരു പരമാധികാര രാജ്യത്തിനുനേരെയുള്ള ആക്രമണം കുറ്റം തന്നെയാണ്‌. ബ്രിട്ടന്റെ മുഖ്യ നിയമോദ്യോഗസ്ഥനും അറ്റോര്‍ണി ജനറലുമായ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും, വിദേശ ഓഫീസിന്റെ സ്വന്തം നിയമോപദേഷ്ടാക്കളും, ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ തന്നെയും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ്‌ ഇറാഖ്‌ അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്‌. എന്നിട്ടാണിയാള്‍, 'ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനത്തിന്‌ ഒട്ടും സഹായകരമല്ലാത്ത (അമേരിക്കന്‍)ശബ്ദങ്ങ'ളെക്കുറിച്ചും, 'ഇങ്ങനെ പോയാല്‍ എണ്റ്റെ സ്ഥാനത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുമെന്ന്‌ വിദേശ ഓഫീസിനു മുന്നറിയിപ്പ്‌ കൊടുത്ത’തിനെക്കുറിച്ചുമൊക്കെ സ്വന്തം തൊലി സംരക്ഷിക്കാനായി വിടുവായത്തം പുലമ്പുന്നത്‌.

ഇതിഹാസ സമാനമായ ഒരു കൊടുംപാതകത്തിനെ നിസ്സാരവത്ക്കരിക്കാനും, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുറ്റബോധത്തിന്റെ ഒരു രംഗപടം സൃഷ്ടിച്ച്‌, ആത്യന്തികമായി ഉണ്ടാവേണ്ട ഒരു കുറ്റവിചാരണയില്‍നിന്ന്‌ എല്ലാവരേയും രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ്‌ ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്‍ക്കോട്ട്‌ അന്വേഷണത്തിനുമുള്ളത്‌. ജനുവരിയില്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍, കൂക്കുവിളികളെയും കയ്യടികളെയും ഒരുപോലെ ഏറ്റുവാങ്ങി, ടോണി ബ്ളയര്‍ തടിതപ്പുകയും ചെയ്യും. സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ ഈ 'അന്വേഷണങ്ങള്‍" തേച്ചുമായ്ച്ചുകളയുന്നത്‌ ഈവിധത്തിലാണ്‌. ഇറാഖിന്‌ ആയുധം വിറ്റതിനെക്കുറിച്ചുള്ള ജസ്റ്റീസ്‌ സ്കോട്ടിന്റെ 1996-ലെ റിപ്പോര്‍ട്ട്‌, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെത്തന്നെ വെളിച്ചം കണ്ട ഭീമമായ തെളിവുകളെ സമര്‍ത്ഥമായി മൂടിവെച്ചതും ഇതേ രീതിയിലായിരുന്നു.

സദ്ദാമിന്‌ ആയുധങ്ങള്‍ അനധികൃതമായി മറിച്ചുവിറ്റതിന്‌, M16ന്റെയും മറ്റു രഹസ്യാന്വേഷക സംഘങ്ങളുടെയും പിടിയിലായ കമ്പനികളുടെ ആഡിറ്റര്‍ ടിം ലാക്സ്‌ടണുമായി അക്കാലത്ത്‌ ഞാന്‍ ഒരു അഭിമുഖം നടത്തുകയുണ്ടായി. "നൂറു കണക്കിനാളുകള്‍ പ്രോസിക്യൂട്ട്‌ ചെയ്യപ്പെടുമായിരുന്നു" അയാള്‍ തുറന്നു സമ്മതിച്ചു". “അതില്‍, വമ്പന്‍ രാഷ്ട്രീയക്കാരും, ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെട്ടേനേ" എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ചില്‍ക്കോട്ടിനെ ഉപദേശിക്കാന്‍ സര്‍ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ടിനെപ്പോലെയുള്ളവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ഇതിനൊക്കെയാണ്. ടോണി ബ്ളയറിനെ ചര്‍ച്ചിലിനോടും റൂസ്സ്‌വെല്‍റ്റിനോടും ഉപമിച്ച മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട്‌. ബ്ളയറിന്റെയും സംഘത്തിന്റെയും, പ്രത്യേകിച്ച്‌, ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന 2003-ലെ കാബിനറ്റ്‌ അംഗങ്ങളുടെയും പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ ചില്‍ക്കോട്ട്‌ ആവശ്യപ്പെടാതിരിക്കുന്നതും അതിനുവേണ്ടിതന്നെയാണ്‌. ഇറാഖിനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ജെഫ്‌ ഹൂണ്‍ എന്ന കള്ളതിരുമാലിയെയൊക്കെ ഇനി ആരോര്‍ക്കാന്‍ പോകുന്നു?

ഇറാഖ്‌ അധിനിവേശം തെറ്റായിരുന്നു എന്ന തന്റെ വിധി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനായ ലോര്‍ഡ്‌ ഗോള്‍ഡ്‌സ്മിത്തിന്റെ കാലയളവിലെ കാബിനറ്റ്‌ രേഖകള്‍ പരസ്യമാക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ അസാധുവാക്കിയത്‌, ബ്ളയറിന്റെ കൂട്ടാളിയും, ഇപ്പോഴത്തെ 'ജസ്റ്റീസ്‌ സെക്രട്ടറി'യും, ജനറല്‍ പിനോഷെ എന്ന കൂട്ടക്കൊലയാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ജാക്ക്‌ സ്ട്രാ,എന്ന വിദ്വാനായിരുന്നു. 2009 ഫെബ്രുവരിയില്‍. വസ്തുതകള്‍ പുറത്തുവരുന്നതിനെ എല്ലാവരും ഭയക്കുന്നു എന്നര്‍ത്ഥം.

മാധ്യമങ്ങള്‍ സ്വയം കുറ്റവിമുക്തരാവുകയും ചെയ്തു. "അമേരിക്കയിലെയും ബ്രിട്ടനിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ വിഡ്ഢികളുടെ റോള്‍ അഭിനയിച്ചതുവഴി അധിനിവേശം എളുപ്പമാവുകയാണുണ്ടായത്‌" എന്ന്‌ 27 നവംബറിന്‌, മുന്‍ ഐക്യരാഷ്ട്രസഭാ മുഖ്യ ആയുധ പരിശോധകന്‍ സ്കോട്ട്‌ റിട്ടര്‍ എഴുതുകയുണ്ടായി. അധിനിവേശത്തിനും 4 വര്‍ഷം മുന്‍പ്‌, എനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍, ഇറാഖിന്റെ കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു എന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കിയിരുന്നു സ്കോട്ട്‌ റിട്ടര്‍. എന്നിട്ടും അയാളുടെ അസ്തിത്വത്തെ ഒരാളും കണക്കിലെടുത്തില്ല. 2002-ല്‍, ബുഷിന്റെയും ബ്ളയറിന്റെയും നുണകള്‍ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രതിധ്വനിക്കുന്ന കാലത്ത്‌, മൂവ്വായിരത്തോളം ലേഖനങ്ങളില്‍ ഇറാഖ്‌ പരാമര്‍ശിക്കപ്പെട്ടുവെങ്കിലും, 49 എണ്ണത്തില്‍ മാത്രമേ റിട്ടും അയാള്‍ ആവര്‍ത്തിച്ച സത്യങ്ങളും പ്രത്യക്ഷപ്പെട്ടുള്ളു.

നവംബര്‍ 30-ന്‌ ഇന്‍ഡിപ്പെന്‍ഡന്റ് എന്ന ബ്രിട്ടീഷ്‌ പത്രം, അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ എംബഡ്ഡഡ്‌ 'പ്രതിനിധി'യെ ഉപയോഗിച്ച്‌ ഒരു പ്രചരണം അതേപടി എഴുതി ഫലിപ്പിച്ചിരുന്നു. "ആഭ്യന്തര രംഗത്ത്‌ സൈന്യം തോല്‍വി ഭയക്കുന്നു" എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്‌. "ആഭ്യന്തരമായി നേരിടുന്ന പരാജയം, യുദ്ധമേഖലയിലെ നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ തോല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‌ മിലിറ്ററി കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു" എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌. എന്നാല്‍ സത്യമെന്താണ്‌? അഫ്ഘാനിസ്ഥാനിലെ ഇടപെടലിനെക്കുറിച്ചുള്ള പൊതുജനരോഷം സൈനികരുടെയിടയിലും കുടുംബങ്ങളിലും ഒന്നുപോലെ പ്രതിഫലിക്കുന്നത്‌ യുദ്ധഭ്രാന്തന്‍മാരെ ഭയപ്പെടുത്തുകയാണ്‌. "ആഭ്യന്തരമായ തോല്‍വി" "ശോഷിക്കുന്ന മനോവീര്യം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ യുദ്ധനിഘണ്ടുവില്‍ ഇടം പിടിച്ചത്‌ അങ്ങിനെയാണ്‌. കൊള്ളാം. നന്നായിട്ടുണ്ട്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇറാഖിലേതുപോലെ, അഫ്ഘാനിസ്ഥാനിലും വലിയൊരു കുറ്റകൃത്യത്തില്‍ത്തന്നെയാണ്‌ നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്‌.



കടപ്പാട്‌: ന്യൂ സ്റ്റേറ്റ്‌സ്‌മാനില്‍ ജോണ്‍ പില്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

6 comments:

Rajeeve Chelanat said...

ജോണ്‍ പില്‍‌ഗറിന്റെ ലേഖനം

ramachandran said...

"ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ്‌ ഇറാഖ്‌ അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്‌."

എല്ലാവരും ഇറാക്കിനെ മറന്നു തുടങ്ങിയിരിക്കുന്നു. ഈ ഓർമ്മപ്പെടുത്തലിന് നന്ദി രാജീവ്

പാമരന്‍ said...

thanx

Echmukutty said...

ആധുനിക കാലത്തെ ബലികളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് അത്ഷിമേഴ്സ് ബാധിക്കുന്നതാണല്ലോ ഏറ്റവും എളുപ്പം. എല്ലാ അധിനിവേശങ്ങളും കീഴടക്കപ്പെട്ടവന്റെ മാത്രം നിത്യ നരകമാണ്. അതു തിരിച്ചറിയുവാൻ കഠിന പരിശ്രമം ആവശ്യമാണ്.

എല്ലാ പോസ്റ്റുകളും വായിക്കുവാൻ ശ്രമിക്കുകയാണ് ഞാൻ. സമയം കിട്ടുന്നതനുസരിച്ച് പൂർത്തിയാക്കും.

Joker said...

Thanks for this post.

Rajeeve Chelanat said...

അഭിപ്രായങ്ങള്‍ക്കു നന്ദി
അഭിവാദ്യങ്ങളോടെ