കടപ്പാട്: ഹുമനൈറ്റ് എന്ന ഫ്രഞ്ച് മാസികയില്‍ മാര്‍ച്ച് 16-ന് പ്രസിദ്ധീകരിച്ച (ഡൊമിനിക് ബാരിയുടെ ഫ്രഞ്ച് ലേഖനത്തിന്റെ) ഇംഗ്ളീഷ് പരിഭാഷയില്‍നിന്ന്.
മലാലായ് ജൊയ ക്ഷുഭിതയാണ്. അന്താരാഷ്ട്രസേനകളുടെ നേതൃത്വത്തില്‍ തന്റെ രാജ്യത്ത് നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചും, ഗ്രാമീണരെ കൂട്ടത്തോടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ബോംബ് വര്‍ഷത്തെക്കുറിച്ചും, താലിബാനോടും മറ്റു യുദ്ധപ്രഭുക്കളോടും സന്ധിചെയ്യാനുള്ള ആഹ്വാനത്തെക്കുറിച്ചുമൊക്കെ അവര്‍ ഇന്ന് ഏറെ ക്ഷുഭിതയാണ്. "എന്റെ രാജ്യത്ത് നടക്കുന്ന കുരുതികള്‍ അവസാനിപ്പിക്കുക. ആദ്യം നിങ്ങള്‍ നിങ്ങളുടെ വിദേശസേനകളെ മടക്കിവിളിക്കുക. എങ്കില്‍ മാത്രമേ താലിബാന്‍വത്ക്കരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാവൂ", പാശ്ചാത്യപൊതുജനാഭിപ്രായത്തോട് ഈ അഫ്ഘാന്‍ സമാജികക്ക് പറയാന്‍ ഇത്രമാത്രം.
ഹുമ: ജനുവരി അവസാനം ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍, താലിബാനുമായുള്ള ചര്‍ച്ചകള്‍ ഔപചാരികമാക്കുകയുണ്ടായി. ഇനി എന്തു സംഭവിക്കും?
ജൊയ: പോരാളികളെക്കൊണ്ട് ആയുധം താഴെ വെപ്പിക്കാന്‍ കര്‍സായിക്ക് ദശലക്ഷക്കണക്കിനു ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം, ദശലക്ഷക്കണക്കിന് അഫ്ഘാനികള്‍ ദാരിദ്ര്യം കൊണ്ട് ചത്തൊടുങ്ങുകയും ചെയ്യുന്നു. ഇത് താലിബാനെ പുനരധിവസിപ്പിക്കുകതന്നെ ചെയ്യും. അടുത്തുതന്നെ നടക്കാന്‍ പോകുന്ന ഗോത്രത്തലവന്‍മാരുടെയും മുതിര്‍ന്നവരുടെയും പരമോന്നത കൌണ്‍സിലിനെ (Loya Jirga) പിടിച്ചെടുക്കാന്‍ താലിബാന് സാധിക്കും. ഇത്തരം അവസരവാദികളെക്കൊണ്ട് ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ? താലിബാന്‍ മാത്രമല്ല മൌലികവാദികള്‍. മുല്ല ഒമറിന്റെ ഭരണത്തിനെ തൂത്തെറിഞ്ഞ്, അതിനുപകരം, മസൂദ് നയിക്കുന്ന വടക്കന്‍ സഖ്യത്തെയും യുദ്ധപ്രഭുക്കളെയും അധികാരത്തില്‍ പ്രതിഷ്ഠിക്കുകയാണ് അമേരിക്കയും സഖ്യകക്ഷികളും ചെയ്തത്. ഈ ഗ്രൂപ്പും താലിബാന്റെ അതേ ആശയങ്ങളെ പിന്തുടരുന്നവരാണ്. അപലപിക്കപ്പെടേണ്ട പല നിയമങ്ങളും കോടതി വിധികളും കഴിഞ്ഞ കുറച്ചുവര്‍ഷത്തിനകം ഉണ്ടായിട്ടുണ്ട്. ദേശീയമായ ഒത്തുതീര്‍പ്പുകളുടെ പേരും പറഞ്ഞ്, യുദ്ധപ്രഭുക്കള്‍ക്കും, അറിയപ്പെടുന്ന യുദ്ധകുറ്റവാളികള്‍ക്കും - അവരില്‍ പലരും ഇന്ന് പാര്‍ലമെണ്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു- നിയമപരിരക്ഷ ഏര്‍പ്പെടുത്തുകയുണ്ടായി. ഈ യുദ്ധപ്രഭുക്കളൊക്കെ ഉന്നതനിലയിലുള്ളവരാണ്, പാര്‍ലമെണ്ടിലും, മന്ത്രാലയങ്ങളിലും, ജുഡീഷ്യറിയിലും ഒക്കെയുള്ളവരാണിവര്‍. ഇവരൊക്കെ അഴിമതിക്കാരാണ്. എന്നിട്ട് ഇപ്പോള്‍, ഐക്യരാഷ്ട്രസഭ തന്നെ ഇവരില്‍ പലരുടെയും പേരുകള്‍ കരിമ്പട്ടികയില്‍നിന്ന് വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണോ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്? ശുദ്ധജലം പോലും ഒരമൂല്യ പ്രകൃതിവിഭവമായ രാജ്യത്തെ ജനങ്ങളോട്, കാബൂളില്‍ ഈയിടെ കര്‍സായ് ഉദ്ഘാടനം ചെയ്ത കൊക്കൊക്കോള ഫാക്ടറിയെ പാശ്ചാത്യപുരോഗതിയുടെ അടയാളമായി കണക്കാക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ ഈ വിധത്തില്‍ തന്നെയാണ് ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്.
ഹുമ: 2005-ല്‍ താങ്കള്‍ പാര്‍ലമെണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടുമാസത്തിനുശേഷം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുമുണ്ടായി. എന്തുകൊണ്ടാണത് സംഭവിച്ചത്?
ജൊയ: പാര്‍ലമെണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ 'അഫ്ഘാന്‍ ജനതയ്ക്ക് അനുശോചനം' രേഖപ്പെടുത്തി. അത് പല ഡെപ്യൂട്ടിമാര്‍ക്കും രസിച്ചില്ല. അവരെ അധിക്ഷേപിച്ചു എന്ന് അവര്‍ പരാതിപ്പെട്ടു. എന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് യുദ്ധപ്രഭുക്കളായിരുന്നു. 1992-96 കാലത്ത് അവരാണ് കാബൂളിനെ തകര്‍ത്തുകളഞ്ഞതെന്നും, പതിനായിരക്കണക്കിനാളുകളുടെ മരണത്തിന് ഉത്തരവാദികള്‍ അവരാണെന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവരെ അന്തരാഷ്ട്രകോടതിക്കു മുന്‍പാകെ കൊണ്ടുവരണമെന്നും ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം നല്‍കിയ പണമുപയോഗിച്ച് അവര്‍ നടത്തിയ അഴിമതിയെയും ഞാന്‍ അപലപിച്ചു. എനിക്ക് അന്ന് പ്രസംഗം തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ സഭാതളത്തിലെത്തിയപ്പോഴേക്കും അവര്‍ എന്റെ മൈക്കിന്റെ ബന്ധം വിച്ഛേദിച്ചു. ഭീഷണിയും തെറിവിളിയുമായിരുന്നു സഭയില്‍. എനിക്ക് ഒച്ച ഉയര്‍ത്തി സംസാരിക്കേണ്ടിവന്നു. ചില പ്രതിനിധികള്‍, പുരുഷന്‍മാരും സ്ത്രീകളും എന്നെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നുവെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ് എന്നും അവിശ്വാസിയെന്നുമൊക്കെ മറുപക്ഷം എന്നെ മുദ്രകുത്തുന്നുണ്ടായിരുന്നു. അവരുടെ കണ്ണില്‍ അതൊക്കെയാണ് ഏറ്റവും വലിയ നിന്ദാവചനങ്ങള്‍. ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിച്ചത്, പാര്‍ലമെണ്ടിനെ മൃഗശാലയുമായി താരതമ്യം ചെയ്തുകൊണ്ടാണ്. മൃഗശാലയില്‍ ഒന്നുമില്ലെങ്കിലും മൃഗങ്ങള്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം നിര്‍വ്വഹിക്കുന്നുണ്ടല്ലോ.
ഹുമ: ഒബാമ പ്രഖ്യാപിച്ചിരിക്കുന്ന അധികസേനാവിന്യാസം എന്തു ഫലമാണ് ഉണ്ടാക്കുക?
ജൊയ: ജനാധിപത്യവും നീതിയും സൃഷ്ടിക്കുകയോ, തീവ്രവാദിഗ്രൂപ്പുകളെ ഇല്ലാതാക്കുകയോ ഒന്നമല്ല ഈ യുദ്ധത്തിന്റെ ലക്ഷ്യം. അധിനിവേശം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഒരു പ്രദേശത്തെ ഏറ്റെടുക്കുന്നതിന് ഏതുവിധേനയും സംരക്ഷണം നല്‍കുക, ഇതൊക്കെയാണ് ഈ യുദ്ധത്തിന്റെ ഉന്നം. ഒബാമ ബുഷിനെപ്പോലെയോ, ഒരുപക്ഷേ അതില്‍ക്കൂടുതലോ അപകടകാരിയാണ്. കാരണം അയാള്‍ യുദ്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും അത് പാക്കിസ്ഥാനിലേക്കും വ്യാപിപ്പിക്കുകയുമാണ് ചെയ്യുന്നത്. അയല്‍പ്രദേശങ്ങളായ ഇറാനെയും പാക്കിസ്ഥാനെയും റഷ്യയെയും, ഉസ്‌ബെക്കിസ്ഥാനെയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്, കഴിയുന്നത്ര കാലം അഫ്ഘാനിസ്ഥാനില്‍ തങ്ങുക എന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കം അപകടകരമായ സ്ഥിതിവിശേഷമാണ് ഉളവാക്കാന്‍ പോകുന്നത്. ഒബാമ അയാളുടെ സേനകളെ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും നാശവുമാണ് ഉണ്ടാവുക. യു.എന്നിന്റെ ബോംബ്‌വര്‍ഷങ്ങള്‍ നോക്കുക. 2009 മെയ് മാസത്തില്‍ 150 പൌരന്‍മാരാണ് കൊല്ലപ്പെട്ടത്. എന്റെ നാട്ടിലെ ആളുകള്‍ അനുഭവിക്കുന്ന ദുരിതം കാണാന്‍ ലോകത്തിനെ സഹായിക്കുന്ന ഒരു കിളിവാതിലാണ് ഇത്തരം കുരുതികള്‍. പക്ഷേ ലോകം ഇതുവല്ലതും കാണുന്നുണ്ടോ? ഞാന്‍ ഒരു പത്രസമ്മേളനം നടത്തി. തന്റെ കുടുംബത്തിലെ ഇരുപത് ആളുകള്‍ കൊല്ലപ്പെട്ട കാര്യം പറയുമ്പോള്‍ ജിരാനിയില്‍നിന്നുള്ള ഒരു ഗ്രാമീണന്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. അയാളും അയാളെപ്പോലുള്ളവരും നാളെ ഒരുപക്ഷേ അഫ്ഘാനിസ്ഥാനിലെ പോരാളികളുടെ കൂട്ടത്തില്‍ ചേരാന്‍ ഇടയില്ലേ?
ഹുമ: താലിബാന്‍ ഭരണത്തിന്‍ കീഴിലെ സ്ത്രീകളുടെ അവസ്ഥ, ഒടുവില്‍ അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെപ്പോലും സ്പര്‍ശിച്ചു. ഇന്ന് എന്താണ് സ്ഥിതി?
ജൊയ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അഫ്ഘാന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്. അത് ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി 2003-ല്‍ ചേര്‍ന്ന ഉന്നത കൌണ്‍സിലില്‍ ഞാനും ഒരു പ്രതിനിധിയായിരുന്നു. പക്ഷേ ആ സമ്മേളനത്തെ സ്വാധീനിച്ചിരുന്നത്, കര്‍സായിയും പാശ്ചാത്യശക്തികളുമായി കൊടുക്കല്‍-വാങ്ങലുകള്‍ നടത്തിയിരുന്ന മൌലികവാദികളായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനപ്രണാമങ്ങളൊക്കെ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ രാജ്യത്തെ ഇപ്പോള്‍ ഭരിക്കുന്നത് ശരീയത്ത് നിയമങ്ങളാണ്. ഔദ്യോഗിക ഭരണഘടനയുടെ മുന്‍സൂചിപ്പിച്ച ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര സഹായധനങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി പേരിന് ഭരണഘടനയിലെ അവകാശങ്ങളും മറ്റും അവര്‍ ബാക്കിവെക്കുന്നു എന്നു മാത്രം. ഭര്‍ത്തൃഗൃഹത്തിലെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ-സ്ത്രീകളെന്നുപറഞ്ഞാല്‍, 14-ഉം 15-ഉം വയസ്സുമാത്രമുള്ള പെണ്‍കുട്ടികള്‍-ശിക്ഷിക്കുകയും തടവിലാക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ന് അഫ്ഘാനിസ്ഥാന്‍. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് ശരിതന്നെ. എന്നാലും, ഭീഷണിക്കും വിവാഹത്തിനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനും വഴങ്ങി വീണ്ടും സ്കൂള്‍ ഉപേക്ഷിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ഒരുവിധത്തിലുള്ള കണക്കും ലഭ്യവുമല്ല. നിരാശാഭരിതരായ യുവതികളുടെ അവസാന ആയുധമായി ആത്മഹത്യ മാറിക്കഴിഞ്ഞു. തങ്ങള്‍ക്ക് മറ്റുവഴികളുണ്ടെന്നും എന്നാല്‍ അതൊരിക്കലും തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ലെന്നും നന്നായറിയുന്നവരാണ് ഈ സ്ത്രീകള്‍.
ഹുമ: എന്തൊക്കെയാണ് ആ മറ്റുവഴികള്‍?
ജൊയ: അന്താരാഷ്ട്രസേന മുഴുവനും ഒഴിഞ്ഞുപോവുകയും, യുദ്ധപ്രഭുക്കന്‍മാരുടെ സ്വകാര്യസേനകളെ ഇല്ലാതാക്കുകയും വേണം. താലിബാന്‍വത്ക്കരണത്തെ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു അധിനിവേശ സൈന്യത്തെക്കൊണ്ട് ഒരിക്കലും ജനാധിപത്യം സ്ഥാപിക്കാനാവില്ല. എന്റെ ആളുകളാണ് ദുരിതം മുഴുവന്‍ അനുഭവിക്കുന്നത്. കൃത്യമായ സമയപരിധി വെച്ച് അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും സേനകള്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അഫ്ഘാന്‍ ജനതയില്‍നിന്നും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും അവരെ തേടിയെത്തുക. പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ക്ക് കോട്ടം തട്ടാത്ത, സമാധാനവും സുരക്ഷിതത്ത്വവും പുലരുന്ന ഒരു രാഷ്ട്രം പുനര്‍നിര്‍മ്മിക്കാന്‍ അഫ്ഘാനിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങള്‍ പൊരുതുകയാണെന്ന സത്യം പാശ്ചാത്യസര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്. ജനാധിപത്യകക്ഷികളും കൂട്ടായ്മകളും പലയിടത്തും ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുറാനെ പരാമര്‍ശിക്കാത്ത എല്ലാ മതേതര രാഷ്ട്രീയകക്ഷികളെയും നിരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് അഫ്ഘാനിസ്ഥാനിന്റേതെന്ന് ഓര്‍മ്മവെക്കുക. ബോംബുവര്‍ഷത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവും, കഴിഞ്ഞ മാസം കാബൂളില്‍ നടന്ന, നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ജാഥയുമൊക്കെ അഫ്ഘാനിസ്ഥാന്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പാതയിലാണെന്ന് ലോകത്തെ തെളിയിച്ചുകൊടുത്തു. അദൃശ്യമായി പോരാടുന്ന നിരവധി ധീരന്‍മാരും വീരവനിതകളും അഫ്ഘാനിസ്ഥാനിലുണ്ട്. അവര്‍ അവരവരുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് യുദ്ധം ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരികയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഇത്തരം പുരോഗമനപ്രസ്ഥാനങ്ങളെ എന്തുകൊണ്ടാണ് ഒരു പാശ്ചാത്യനേതാക്കളും കാണാതെ പോകുന്നത്? ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ക്ക് പാശ്ചാത്യ പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലവും ആവശ്യമാണ്. അത് ഉരുത്തിരിഞ്ഞുവരുന്നുണ്ടെന്ന് എന്റെ യാത്രകളില്‍നിന്ന് എനിക്ക് ബോധ്യമാവുകയും ചെയ്യുന്നു. അധികസേനകളെ അയക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 'നീതിക്കുവേണ്ടിയുള്ള യുദ്ധം' എന്ന നുണയിലൊന്നും ആളുകള്‍ ഇപ്പോള്‍ വീഴുന്നില്ല. എങ്കിലും, യുദ്ധക്കൊതിയന്‍മാരായ സര്‍ക്കാരുകളെ നിലംപരിശാക്കാനുള്ള സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു.
Tuesday, March 16, 2010
Subscribe to:
Post Comments (Atom)
3 comments:
മലാലായ് ജൊയയുമായുള്ള അഭിമുഖത്തിന്റെ പരിഭാഷ.
വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് അഫ്ഗാനിസ്ഥാനിലെ അവസ്ഥ എന്ന് ഈ അഭിമുഖം കാണുമ്പോള്‍ മനസ്സിലാകുന്നു. യാങ്കി പട പൂര്‍ണമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍ വാങ്ങുകയും , താലിബാനും അത് പോലുള്ള തെമ്മാടി കൂട്ടഥ്തിനും ലഭിക്കുന്ന ആയുധ സപ്ലൈയും പൂര്‍ണമായി അവസാനിക്കാതെ ഒരു പരിഹാരം സാധ്യമല്ല അതാകട്ടെ ഒരു സ്വപ്നവുമാണ്. ഒബാമയെയും ഭ്ബരിക്കുന്നത് എണ്ണ, ആയുധ കോര്‍പറേറ്റുകള്‍ തന്നെയാണ് എന്നാണ് മനസ്സിലാകുന്നത്. ലോക രാജ്യങ്ങളുടെ ശ്രദ്ധയും പോസിറ്റീവായ ഇടപെടലുകളും ഉണ്ട്റ്റാകേണ്ടിയിരിക്കുന്നു.
എന്‍.ബി : യുഎന്‍ സേനയല്ലല്ലോ, നാറ്റോ സേനയല്ലേ അഫ്ഗാനില്‍ ഉള്ളത് ??
അസാധാരണ സ്ത്രീ...കമിറ്റഡ്.
Post a Comment