റോളയില്‍നിന്ന് ടാക്സി പിടിച്ചു. വീട്ടിലെത്താന്‍ തിരക്കായി. വ്യാഴത്തിന്റെ ആഘോഷം കാത്തിരിക്കുന്നു.
മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. വിയര്‍പ്പിന്റെയും ചൂടിന്റെയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടെയും കാര്‍ക്കിച്ചുതുപ്പലിന്റെയും, മൂന്നുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ഏകാന്തജീവിതത്തിന്റെയും ഷെയറിംഗ് താവളങ്ങളുടെയും പരുക്കന്‍ കാഴ്ചകളില്‍നിന്ന് സ്വന്തം ഫ്ളാറ്റിന്റെ സ്വച്ഛതയിലേക്ക് എത്താന്‍ ധൃതിയായി.
സന്ധ്യ മായുമ്പോള്‍ തുടങ്ങുകയാണ് ഒരു അവധിദിനം. മിനുങ്ങാം. പഴയ പാട്ടുകള്‍ കേട്ട് അസാരമോ ആവശ്യത്തിലുമധികമോ നൊസ്റ്റാള്‍ജിക്കാകാം. പുകയ്ക്കാം. മകന്റെയും ഭാര്യയുടെയും സാമീപ്യം അനുഭവിക്കാം. ലളിതമായി എന്തെങ്കിലും വായിച്ചിരിക്കാം. അലാറം വെച്ച് ഉണരേണ്ടതില്ലാത്ത പിറ്റേന്നിന്റെ അനന്തസ്വാതന്ത്ര്യത്തിനെ താലോലിച്ച് രാത്രിയെ എത്രവേണമെങ്കിലും വലിച്ചുനീട്ടാം. എത്ര നേരത്തെ വീട്ടിലെത്തുന്നുവോ അത്രയും നന്ന്.
മുന്‍പില്‍ പോകുന്ന ടാക്സിക്കാരന് പക്ഷേ അതൊന്നും മനസ്സിലാവുന്നില്ല..എന്തോ ആലോചിച്ച്, പതുക്കെപ്പതുക്കെ നിരങ്ങിനീങ്ങുകയാണ് അവന്‍. ശവം. അവനെന്താ ഉറങ്ങുകയാണോ? അതോ ചത്തോ? തെറിയില്‍ പൊതിഞ്ഞ ചോദ്യം ഉള്ളിലൊതുങ്ങാതെ പുറത്തുവന്നതുകേട്ട് എന്റെ ടാക്സി ഡ്രൈവറുടെ ചുണ്ടില്‍ ഒരു ചെറിയ പരിഹാസച്ചിരി വിടര്‍ന്നു.
"അവന്‍ ചത്തിട്ടൊന്നുമില്ല സര്‍..ഉറങ്ങുകയുമല്ല..എല്ലാവരും അവനവന്റെ പ്രാരാബ്ധങ്ങളിലാണ് സാബ്..അവന്‍ ചിലപ്പോള്‍ ആലോചിക്കുന്നത് 350 ദിര്‍ഹം ഇന്ന് രാത്രിക്കുള്ളില്‍ എങ്ങിനെ കമ്പനിയില്‍ അടക്കുമെന്നായിരിക്കും. അല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത പോലീസുകാര്‍ കൊടുത്ത മുഖാലിഫയെക്കുറിച്ച്. അല്ലെങ്കില്‍ ഗ്രാമത്തിലുള്ള അവന്റെ കുടുംബത്തെക്കുറിച്ച്. ദിവസവും പതിന്നാലും പതിനഞ്ചും മണിക്കൂറ്‍ വണ്ടിയോടിച്ച് കിട്ടുന്ന മിച്ചം കൊണ്ട് എങ്ങിനെ അവരെ പോറ്റുമെന്ന്. അതൊക്കെ ആലോചിക്കുകയായിരിക്കും അവന്‍...പാവം..അവന്‍ മാത്രമല്ല, ഈ കാണുന്ന മനുഷ്യക്കൂട്ടങ്ങള്‍ക്കൊക്കെ ആലോചിക്കാന്‍ അങ്ങിനെ എന്തൊക്കെയുണ്ടായിരിക്കും സര്‍.. സാറിന് എന്തറിയാം?"
മദ്ധ്യവയസ്സു കഴിഞ്ഞ ആ ടാക്സിഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാളെ കെട്ടിപ്പിടിക്കണമെന്നും കരയണമെന്നും വല്ലാത്തൊരു തോന്നലുണ്ടായി അപ്പോള്‍.
സങ്കടവും കുറ്റബോധവും നിറഞ്ഞ വൃത്തികെട്ട ഒരു വ്യാഴാഴ്ചയായിരുന്നു അന്നെനിക്ക്.
*ജുമാരാത് - വ്യാഴാഴ്ച വൈകുന്നേരം.
*റോള - ഷാര്‍ജ പ്രവിശ്യയുടെ പ്രധാനകേന്ദ്രം
*മുഖാലിഫ - ഗതാഗതകുറ്റങ്ങള്‍ക്കുള്ള പിഴ
Sunday, April 11, 2010
Subscribe to:
Post Comments (Atom)
19 comments:
ജുമാരാത്
മനസിലെ നന്മ കറയറ്റതാണെങ്കിൽ അതു മങ്ങാതിരിക്കാൻ പ്രക്രതി നേരിട്ടിടപെടും.
നല്ല ഡയറിക്കുറിപ്പ്.
നമ്മൾ മാത്രമായ ലോകത്തിൽ ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിയ്ക്കും.
റോള സ്കയര്‍, ദുബായില്‍ ബര്‍ ദുബായ്, നയിഫ് റോഡ്, ദേരയില്‍ ഫിഷ് റൌണ്ടബൌട്ട് എന്നിവിടങ്ങളിലൊക്കെ പോയപ്പോഴൂം അല്പ കാലം താമസിച്ചപ്പോഴും ആലോചിച്ച കാര്യങ്ങളാണിതെല്ലാം.വീരഹവും, ആശയും, കണ്ണീരും, വിയര്‍പ്പും,എല്ലാം കൂടിയ നെടുവീര്‍പ്പുകള്‍ കൊണ്ടായിരിക്കും ഈ രാജ്യം ഇത്രയും ഉഷ്ണം വിസര്‍ജ്ജിക്കുന്നതെന്ന് ചിലപ്പോള്‍ ആലോചിക്കാറുണ്ട്.
രാഷ്ട്രീയലേഖനങ്ങളോടൊപ്പം തന്നെ ഇത്തരം പൊള്ളുന്ന രാഷ്ട്രീയ നിരീക്ഷണാനുഭവങ്ങളും ഒരു തുടരൻ സീരീസ് ആക്കാവുന്നതാണ്
ഉമ്മ
നല്ല കുറിപ്പ്.തന്നിലേക്ക് മാത്രം ലോകം ചുരുക്കിയൊതുക്കുമ്പോള്‍ ഇടയ്ക്കിങ്ങനെയോരോ കാഴ്ചകള്‍ തുറന്നിട്ടു തരും ചിലര്‍..
"മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. വിയര്‍പ്പിന്റെയും ചൂടിന്റെയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടെയും കാര്‍ക്കിച്ചുതുപ്പലിന്റെയും, മൂന്നുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ഏകാന്തജീവിതത്തിന്റെയും ഷെയറിംഗ് താവളങ്ങളുടെയും പരുക്കന്‍ കാഴ്ചകളില്‍നിന്ന് സ്വന്തം ഫ്ളാറ്റിന്റെ സ്വച്ഛതയിലേക്ക് എത്താന്‍ ധൃതിയായി."
കുറച്ചുനേരെത്തെക്കെങ്കിലും കമ്യുണിസ്റ്റ്‌കാരനെ മറന്നു ,അത് ഓര്‍മിപ്പിക്കാന്‍ പ്രത്യയശാത്രങ്ങള്‍ ഒന്നും പഠിക്കാത്ത ഒരു പാവം തൊഴിലാളി വേണ്ടിവന്നു അല്ലേ. ഈ തുറന്നു പറച്ചില്‍ വളരെ ഇഷ്ടപ്പെട്ടു . താങ്കളില്‍ നന്മ ഉണ്ട് .ആശംസകള്‍.
ഷാജി ഖത്തര്‍.
വായനകള്‍ക്കു നന്ദി..
ഇതൊരു ഡയറിക്കുറിപ്പോ വ്യക്തിപരമായ അനുഭവമോ അല്ല..ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിനെ അതിനുപറ്റിയ ഒരു ഫോര്‍മാറ്റിലേക്ക് പകര്‍ന്നാടാന്‍ തോന്നി എന്നു മാത്രം..ഇതില്‍ എവിടെയൊക്കെയോ ഞാന്‍ ഉണ്ടായിരിക്കാം എന്നു മാത്രം..
അഭിവാദ്യങ്ങളോടെ
എന്റെ അനുഭവക്കുറിപ്പില്‍ നിന്നും ഒരേട് തങ്കള്‍ക്ക് സാക്ഷിപത്രമായി നല്‍കാന്‍ തോന്നി.
സ്‌നേഹം.
ബഷീര്‍
www.thanal.in
മനസ്സില്‍ കുറച്ചെങ്കിലും നന്മ ഉള്ളവര്‍ക്ക് അങ്ങിനെ പലവിധ കാഴചകള്‍ കാണുവാനും, ചിന്തിക്കുവാനും, ഇത്തരക്കാരുടെ ജീവിതത്തിലേയ്ക്ക് കടന്നു പോകുവാനും സാധിക്കും.
എന്നാല്‍, ഇത്തരം മനുഷ്യര്‍ പല മേഖലകളിലും കാണുവാന്‍ സാധിക്കും. വ്യാജ സി.ഡി. വില്‍ക്കുന്നവര്‍, ചവറ കൂമ്പാരത്തില്‍ നിന്നും അലുമിനിയം വസ്തുക്കള്‍ തിരയുന്നവര്‍. തെരുവിലെ പത്രവില്പ്പന നിരോധനം കാരണം തൊഴില്‍ നഷ്ടമായവര്‍, ഒരു നേരത്തെ ഭക്ഷണത്തിനായി കൈ നീട്ടുന്നവര്‍, നാട്ടിലെ ഭാര്യയുടെയും, കുഞ്ഞിന്റെയും ചിത്രം കാണിച്ചു സഹായത്തിനായി കൈ നീട്ടുന്നവര്‍, അങ്ങിനെ പലരെയും ഈ റോള, നൈഫ് റോഡ്, എന്നിവിടങ്ങളില്‍ കാണുവാന്‍ കഴിയും. അവരുടെ ജീവിതങ്ങള്‍ അടുത്തറിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍, എനിക്കും എന്തൊക്കെയോ കുത്തിക്കുറിക്കുവാന്‍ തോന്നുന്നു.
അഭിനന്ദനങ്ങള്‍ രാജീവ്...
രാജീവ്,
വളരെ നന്നായിട്ടുണ്ട്.
ഒപ്പം ജോക്കറുടെ കമന്റ് .
വീരഹവും, ആശയും, കണ്ണീരും, വിയര്‍പ്പും,എല്ലാം കൂടിയ നെടുവീര്‍പ്പുകള്‍ കൊണ്ടായിരിക്കും ഈ രാജ്യം ഇത്രയും ഉഷ്ണം വിസര്‍ജ്ജിക്കുന്നതെന്ന് ചിലപ്പോള്‍ ആലോചിക്കാറുണ്ട്.
April 12, 2010 10:16 AM
വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. - വേതനവും വൃത്തിയും ഏറ്റുമുട്ടുന്നതു എവിടെ വെച്ചായിരിക്കും ??? സ്വദേശത്തോ അതോ വിദേശത്തോ ?
ജോക്കറുടെ കമന്റിനെക്കുറിച്ച് പറയാന്‍ വിട്ടുപോയത് ഓര്‍മ്മിപ്പിച്ചതിനു നന്ദി കെ.കെ..അതെ..ആ നെടുവീര്‍പ്പുകള്‍ കൊണ്ടുതന്നെയായിരിക്കണം ഈ രാജ്യങ്ങളില്‍ ഇത്ര ചൂട്.
യരലവ, എവിടെയാണ് ഇതൊക്കെ ഏറ്റുമുട്ടുന്നതെന്ന് അറിയില്ല എങ്കിലും നമ്മുടെ മനസ്സുകളിലായിരിക്കണം അവയേക്കാളൊക്കെ വൃത്തിഹീനം.
ജസ്റ്റിന്‍, നന്ദി.
വളരെ മനോഹരമായ നോവുന്ന കുറിപ്പ്.
വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും
അവയേക്കാളൊക്കെ വൃത്തിഹീനം നമ്മുടെ മനസ്സുകളിലായിരിക്കാം.........
അഭിനന്ദനങ്ങള്‍.......ആശംസകള്‍....
harish thachody
ഉള്ളിൽ തട്ടുന്നു.
a good approch to the life story of gulf comman people.
വിമലീകരണം...........
Post a Comment