Thursday, December 30, 2010

പുതുവര്‍ഷം - ആര്‍ക്ക്‌? എന്തിന്‌?

പുതിയ വർഷത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർക്കുന്നവിധത്തിലാണ്‌ ഓരൊ വർഷവും കടന്നുപോകുന്നത്‌. എന്നിട്ടും മങ്ങാത്ത പ്രതീക്ഷയോടെ ഓരൊ പുതിയ വർഷത്തെയും അനുഷ്ഠാനപൂർവ്വം എതിരേൽക്കേണ്ടിവരുന്നു നമുക്ക്‌. തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ സ്വപ്നങ്ങൾക്ക്‌ എന്നും നിത്യയൗവ്വനം. സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ കാലം കവർന്നില്ലിതുവരെ എന്നു കവി പാടിയത്‌ വെറുതെയാകുന്നില്ല എന്ന ആശ്വാസം നൽകിക്കൊണ്ട്‌, അനന്തമായ സാധ്യതകളുമായി ജനിക്കുന്ന മറ്റൊരു ജനുവരി കൂടി.

എത്രയെത്ര ജനകോടികളുടെ പ്രാർത്ഥനകളും ആശയാഭിലാഷങ്ങളുമായി എത്രയെത്ര ജനുവരി ഒന്നുകൾ നമ്മൾ വെളുപ്പിച്ചു. നല്ലൊരു പുതുവർഷത്തിനുവേണ്ടി എത്രപേർ ഈ ബലിക്കല്ലുകളിൽ ജീവൻ കൊടുത്തു. ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. കൊല്ലത്തിലൊരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത്‌ അകാലമരണം വരിച്ച പുതുവർഷാശംസകളുടെ മഹാശ്മശാനത്തിൽനിന്ന്‌, ഇനിയും ആർക്ക്‌, എന്ത്‌ ആശംസയാണ്‌ നമ്മൾ നേരേണ്ടത്‌? എന്തിനുവേണ്ടി?

ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ലോകം മാറുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

നിരന്തരമായി നവീകരിക്കപ്പെടുന്ന പോരാട്ടങ്ങളിലൂടെ മാത്രമേ പുതിയൊരു ലോകത്തെയും അതിന്റെ നവനവങ്ങളായ വർഷങ്ങളെയും നമുക്ക്‌ നേടാനാകൂ.

ജനിച്ച നാടും വീടും വേരും വിട്ട്‌, അഭയാർത്ഥികളായി, പ്രവാസികളായി പലായനം ചെയ്യുന്നവർ, തങ്ങളുടെ നഷ്ടപ്പെട്ട നാടും വീടും, വേരുകളും തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ വർഷങ്ങളാണ്‌ നമുക്ക്‌ ആശംസിക്കാനാവുക.

അധിനിവേശം ചെയ്യപ്പെടുന്ന ജനതതികൾ ധീരമായ ചെറുത്തുനില്പ്പുകളിലൂടെ സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡങ്ങളെ തിരിച്ചുപിടിക്കുന്ന സമരവീര്യങ്ങളുടെ ജനുവരിപ്പുലരികൾ.

നീതിയും ന്യായവും നിഷേധിക്കപ്പെടുന്നവർ പുതിയ സാമൂഹികനീതികൾ സൃഷ്ടിക്കുന്ന തിരുത്തൽ സമരങ്ങൾ.

മതത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കകത്തുനിന്ന്‌ ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വിശാലതയിലേക്ക്‌ മനുഷ്യരാശിയെ വിക്ഷേപിക്കുന്ന ശാസ്ത്രശസ്ത്രങ്ങൾ.

ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ധീരരായ കുട്ടികളുടെയും, പ്രണയവും രാഷ്ട്രീയവും, കലയും കവിതയും അരങ്ങുകളും വീണ്ടും സജീവമാവുകയും ചെയ്യുന്ന കാമ്പസ്സുകളുടെയും പുതിയ പോരാട്ടച്ചുവടുകൾ.

തെരുവിലും ജീവിതത്തിന്റെ പുറമ്പോക്കുകളിലും കഴിയുന്ന മനുഷ്യരാശികൾക്ക്‌ അന്തസ്സോടെയുള്ള മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന സമരങ്ങൾ.

നുണകളിലൂടെയും യുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയ ഏകാധിപതികളുടെയും യുദ്ധവെറിയന്മാരുടെയും, മതഭ്രാന്തമാരുടെയും ചോരകൊണ്ട്‌ ഭൂമി അഭിഷിക്തമാവുന്ന പുതിയ സമരമുഖങ്ങൾ.

എല്ലാവർക്കും അഭിവാദ്യങ്ങളോടെ 

Sunday, December 26, 2010

ഇതാ ഇവനെക്കൂടി....



ബഹുമാനപ്പെട്ട റായ്പൂർ സെഷൻസ് കോടതി ജഡ്ജി അങ്ങുന്നേ,

രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ അവിടുന്ന് വിധിച്ച മൂന്നുപേരിൽ ഒരാൾ, ഒരു ശിശുരോഗ ചികിത്സകനുണ്ടല്ലോ, ഡോ.ബിനായക് സെൻ. ഇക്കഴിഞ്ഞ ജൂലായ്‌ 25-നു അങ്കമാലിയിലെ കറുകുറ്റിയിൽ ഒരു പൊതുപരിപാടിക്ക് അദ്ദേഹം വന്നപ്പോൾ കാണാനും രണ്ടുവാക്ക് സംസാരിക്കാനും ഈയുള്ളവന്‌ (നിർ)ഭാഗ്യമുണ്ടായി.

അന്നു പ്രധാനമായും ചോദിച്ച ഒരു ചോദ്യം, ഇന്ത്യാമഹാരാജ്യത്തിലെ നീതിന്യായ സംവിധാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടോ എന്നതായിരുന്നു. വിചാരണ പോലും ഇല്ലാതെ കുറച്ചുകാലം സർക്കാർ അതിഥി മന്ദിരത്തിൽ കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് ചോദിച്ചതാണ്. പക്ഷെ പ്രതീക്ഷ തെറ്റി. ഉണ്ട് എന്നുതന്നെയാണ്‌ അദ്ദേഹം അസന്ദിഗ്ധമായി അന്ന്‌ അദ്ദേഹം നല്കിയ ഉത്തരം. രണ്ടാമതൊന്ന്‌ ആലോചിക്കാനുള്ള സമയം പോലും എടുക്കാതെ.

വികസനത്തിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഗോത്രമേഖലകളിൽനിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും, വിദർഭയിലെ കർഷകരുടെ പ്രശ്നങ്ങളെപ്പോലെത്തന്നെ, ഇതിനെതിരെയും എല്ലാതലത്തിലുമുള്ള ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സെൻ ആ കൂടിക്കാഴ്ചയില്‍  സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം, അസന്ധിഗ്ദ്ധമായും അദ്ദേഹത്തിന്റെ സമരസങ്കല്പ്പങ്ങൾ അഹിംസയിൽ, അഹിംസയിൽ മാത്രം, അടിയുറച്ചതായിരുന്നു. ഹിംസാത്മകമായ സമരങ്ങളെ ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചില്ല. ജനാധിപത്യ സമരമാർഗ്ഗങ്ങളിൽ ഡോ.സെൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം, ഈയുള്ളവനെപ്പോലെയുള്ളവരെ കഠിനമായി  നിരാശപ്പെടുത്തും വിധം കർക്കശവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനചരിത്രത്തെ നേരിട്ടറിയുന്നവർക്ക് അതിൽ അത്ര അത്ഭുതം തോന്നാനിടയില്ലെങ്കിലും.

കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കേസിൽ, സുപ്രീം കോടതി നല്കിയ ഒരു ഇളവിലായിരുന്നു അന്നദ്ദേഹം. ഇന്ന്, വീണ്ടും ആ കേസ് ബഹുമാനപ്പെട്ട കോടതിയിൽ വരുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിന്. ഇനിയും അപ്പീലിനു പോകാനും താത്ക്കാലികമായെങ്കിലും പുറത്തുവരാനും അദ്ദേഹത്തിനു സാധിക്കുമായിരിക്കും. എങ്കിലും, എന്തോ വല്ലാതെ ചീഞ്ഞുനാറുന്ന നമ്മുടെ  കോടതിമുറികളിൽനിന്ന് ഇനിയും അദ്ദേഹത്തിനു എളുപ്പത്തിലൊന്നും പൂര്‍ണമായും വിടുതൽ കിട്ടാൻ ഇടയില്ല. കുറ്റം രാജ്യദ്രോഹമാണല്ലോ.

വിമതാഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചുമത്താനും തടവിലിടാനും ഇന്നത്തെ ഇന്ത്യയിൽ വളരെ എളുപ്പമാണ്‌. ഒരൊറ്റ പരാതി മതി എന്നിടത്തെത്തിനില്ക്കുന്നു കാര്യങ്ങൾ. പ്രശ്നം ഏറ്റെടുക്കാനും, ഊതിപ്പെരുപ്പിക്കാനും ഇവിടുത്തെ കപട-ദേശസ്നേഹികളും, സാൽവാ ജുദൂം പോലുള്ള സർക്കാർ സ്പോൺസേഡ് ഗുണ്ടാസംഘങ്ങളും, മാധ്യമങ്ങളും കൂടെയുണ്ടായാൽ മാത്രം മതിയാകും.

ആദർശ് ഫ്ളാറ്റും, കോമൺവെൽത്തും, രണ്ട്-ജി സ്പെക്റ്റ്രവുമൊക്കെ കാലാന്തരത്തിൽ തേഞ്ഞുമാഞ്ഞുപോവും. കാരണം, അതൊക്കെ വലിയവരുടെ കളിയാണ്‌. കോടികൾ കൈപ്പറ്റുന്നവരുടെയും, അവരുടെ ഇടനിലക്കാരുടെയും, ദല്ലാളുമാരുടെയും. ഇത് അതുപോലെയല്ല. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്നവർ, സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിന്റെ പക്ഷത്തുനിന്ന്, നീതിക്കുവേണ്ടി പൊരുതുന്നവരാണ്‌. സർക്കാരിന്റെ ഗുണ്ടായിസത്തിനും, സാമൂഹ്യവിരുദ്ധനിലപാടുകൾക്കുമെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്തവര്‍. വെല്ലൂരിലെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായി സ്വസ്ഥമായി ഇരുന്ന് ശമ്പളം വാങ്ങുന്നതിൽ ഒതുങ്ങുന്നതല്ല സമൂഹത്തിനോടുള്ള കടമ എന്ന് നിശ്ചയമുള്ള ഡോ.സെന്നിനെപ്പോലുള്ള വിഡ്ഢികളാണ്‌ ഈ പക്ഷത്ത് അധികവുമുള്ളത്. സമാധാനമാര്‍ഗ്ഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ വേറെയും. കോടതിയും കേസുമൊഴിഞ്ഞ് അവർക്ക് നേരമുണ്ടാകില്ല. ജയിലിൽ തന്നെ ചത്തൊടുങ്ങാനായിരിക്കും അവരില്‍ അധികം പേരുടെയും വിധി.

ഈ മനുഷ്യനെ രാജ്യദ്രോഹിയായി കണ്ടെത്തി ശിക്ഷിച്ച സ്ഥിതിക്ക്, അദ്ദേഹത്തെ പോയി കാണാനും, സംസാരിക്കാനും സമയം കണ്ടെത്തിയ ഈയുള്ളവനെപ്പോലുള്ളവർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തി നടപടിയെടുക്കാൻ കോടതിക്ക് കനിവുണ്ടാകണം എന്നോരപെക്ഷയുണ്ട്‌. അതൊക്കെ ഏമാന്മാർക്ക് എളുപ്പമുള്ള പണിയായിരിക്കുമെന്നും അറിയാം.

പ്രോസിക്യൂഷന്റെ ഭാഗത്ത് “ചെറുതും ഗുരുതരമല്ലാത്തതു”മായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഏമാന്റെ വിധിന്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അതൊന്നും സാരമില്ലങ്ങുന്നേ. സർക്കാരിന്റെ പ്രോസിക്യൂഷൻ ആണല്ലോ പ്രധാനം. അതും, ചത്തീസ്ഗഢ് പോലുള്ള സർക്കാരുകളുടെ പ്രോസിക്യൂഷൻ. സൽവാ ജുദൂമിന്റെ ഏതെങ്കിലും പ്രതിനിധികളെയും ബഹുമാനപ്പെട്ട കോടതിയുടെ ഏതെങ്കിലുമൊരു ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. പിന്നെ, കാര്യങ്ങൾ അവർ നേരിട്ട് നടത്തിക്കൊള്ളും. അവർ തയ്യാറാക്കിത്തരുന്ന വിധിന്യായം വായിക്കുക എന്ന ചുമതല മാത്രം മതിയാകും പിന്നെ ഏമാന്മാർക്ക്. ഔട്ട്സോഴ്സിങ്ങിന്റെ യുഗമല്ലേ?

നമ്മുടെ രാജ്യത്തെ ഉന്നതകോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന്‌ ഉറക്കെവിളിച്ചുപറഞ്ഞ ന്യായാധിപന്മാരെയും നമുക്ക് കഴിയുന്നതും വേഗം അകത്താക്കണം. പഠിക്കട്ടെ പ്രശാന്തന്മാരും മാർക്കാണ്ഡേയന്മാരും.

Thursday, December 23, 2010

കുടുംബം ഒരു ശ്രീകോവില്‍

കുടുംബം ഒരു ശ്രീകോവിൽ
പ്രതിഷ്ഠ, ഭർത്താവ്
ശ്രീമൂലസ്ഥാനം-ഉമ്മറം, കിടപ്പറ
ചുറ്റമ്പലം - വീട്, തൊഴിലിടം

മുഖ്യപൂജാരി, ഭാര്യ
ശമ്പളമില്ലാത്ത ദേവസ്വം ജീവനക്കാരി  
കീഴ്ശാന്തിക്കാർ
സാമ്പത്തിക സ്വാശ്രയമില്ലാത്ത
മക്കൾ

പാതിവ്രത്യം, വിധേയത്വം
പ്രധാന വഴിപാടുകള്‍
ഇവയെല്ലാം ഒത്തിണങ്ങിയാല്‍
കുടുംബം ഒരു ശ്രീകോവിൽ

Thursday, December 9, 2010

ഈമെയിലുകളുടെ അതിര്‍ത്തികള്‍

വെറും സമയം കൊല്ലികളായ നർമ്മഭാവനകളും ഗൃഹാതുരത്വവും വിപണനം ചെയ്തിരുന്ന പണ്ടത്തെ നിലയിൽനിന്നും, ഇ-മെയിൽ ഫോർവേർഡുകൾ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

എന്നാൽ ഇന്ന്‌, അവ, ചില പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് വ്യാജശാസ്ത്രത്തെ പ്രതിഷ്ഠിക്കുക, കാര്യകാരണബന്ധങ്ങളെ സമർത്ഥമായി വേർപെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്ത്, വ്യാജോക്തികൾ അവതരിപ്പിക്കുക, അങ്ങിനെ പലതും വരുന്നു ആ ആധുനിക ദൌത്യങ്ങളിൽ. എങ്കിലും, അതിന്റെ സുപ്രധാനമായ ദൌത്യം നഗ്നമായ വർഗ്ഗീയ പ്രചരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുക തന്നെയാണ്‌.

താഴെ കാണുന്ന ഈ ഇ-മെയിൽ ഫോർവേർഡ് ഒരല്പ്പം പഴയതാണ്‌. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ബംഗ്ളാദേശികളെ ഉന്നം വെക്കുകയായിരുന്നു അന്നത്. ഇന്ന്‌ വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ കുപ്പിയിൽ അത്‌ വിപണനം ചെയ്യപ്പെടുന്നത് നോക്കുക.

ഇ-മെയിലുകളിലൂടെ എങ്ങിനെ നമ്മുടെ സമൂഹം, ഇങ്ങിനി അടുക്കാൻ കഴിയാത്തവണ്ണം പരസ്പരവൈരികളായി മാറി എന്ന് നാളെ ആരെങ്കിലും ഗവേഷിക്കാൻ തുനിയുകയാണെങ്കിൽ, അവർക്കുവേണ്ടി ഇത് ഇവിടെയും കിടക്കട്ടെ.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, ഉപജീവനം തേടിയുള്ള അന്യനാട്ടുകാരുടെ (എന്നുവെച്ചാൽ, ബംഗാളാദേശികളുടെ, എന്നുവെച്ചാൽ മുസ്ലിമുകളുടെ, എന്നുവെച്ചാൽ, അന്യമതസ്ഥരുടെ) വരവാണെന്ന അശ്ലീലവും അയുക്തികവുമായ ലഘൂകരണങ്ങളിലേക്കെത്തിയ സാംസ്ക്കാരിക-സാഹിത്യനായകന്മാരെ ഇത്തരം ഇ-മെയിലുകൾ തീർച്ചയായും പുളകം കൊള്ളിക്കുന്നുണ്ടായിരിക്കും.

അതിർത്തി കടന്നുവരുന്നവരിൽനിന്ന്‌ സെക്കുലറിസത്തിലേക്കും, അവിടെനിന്ന് മനുഷ്യാവകാശസമരങ്ങളിലേക്കും, പ്രവർത്തകരിലേക്കും, അവിടെനിന്ന് രാജ്യത്തിലെ നീതിന്യായകോടതികളിലേക്കും, അഴിമതിയിലേക്കും, അവിടെനിന്ന്‌ പൌരന്മാരുടെ പിടിപ്പുകേടിലേക്കും സ്വാർത്ഥതയിലേക്കും, അങ്ങിനെയങ്ങിനെ, പലപല കൊമ്പുകളിലേക്ക് ചാടിമറിഞ്ഞ് കൂക്കിവിളിക്കുന്ന ഈ ചപലവാനരന്മാരുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്‌. ജനങ്ങളെ വിഭജിക്കുക, പരസ്പര അവിശ്വാസവും ഭയവും വെറുപ്പും ജനിപ്പിക്കുക. അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ, ഇന്ത്യയെ ഏകശിലാത്മകമായ ഒരു താലിബാനാക്കുക.

പരസ്പര വിഭജിതമായ ഒരു ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നത്‌, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു അജണ്ടയാണ്‌. കോർപ്പറേറ്റുകളും, ദേശീയതകളും, മതപൌരോഹിത്യവും നേരിട്ടും അല്ലാതെയും നടപ്പാക്കുന്ന ഈ അജണ്ടകളുടെ പിന്നിലുള്ളത് ആ പഴയ, വലിയ അമരക്കാരൻ തന്നെയാണ്‌.

ഇത്തരം ഇ-മെയിൽ ഫോർവേർഡുകൾ വീണ്ടും വീണ്ടും ഫോർവേർഡ് ചെയ്യുകവഴി, ശതകോടി ഹൃദയങ്ങളിലേക്കാണ്‌ ഒരു വിപത് സന്ദേശം നമ്മൾ കയറ്റുമതിചെയ്യുന്നത് എന്നുകൂടി ഓർമ്മവേണം.

ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ. അവയിൽനിന്ന്, അവ നൽകുന്ന പാഠങ്ങൾകൂടി ഉള്ളിൽ ഉരുത്തിരിയണം.


IF U CROSS THE BORDER ILLEGALLY.............


If you cross the   " The North Korean "   border illegally,  you get ..... 12 years hard labour in an isolated prison .....

If you cross the   " Iranian "    border illegally,  you get ..... detained indefinitely .....


If you cross the   " Afghan "   border illegally,  you get ..... shot .....

 
If you cross the   " Saudi Arabian "   border illegally,  you get ..... jailed .....


If you cross the   " Chinese "   border illegally,  you get ..... kidnapped and may be never heard of - again .....

 
If you cross the   " Venezuelan "   border illegally,  you get ..... branded as a spy and your fate sealed .....

 
If you cross the   " Cuban "   border illegally,  you get ..... thrown into apolitical prison to rot .....

 
If you cross the   " British "   border illegally,  you get ..... arrested, prosecuted, sent to prison and be deported after serving your sentence .....


Now ..... if you were to cross the   " Indian "   border illegally,  you get .....

1.   A ration card
 
2.   A passport  ( even more than one - if you please  ! )

 
3.   A driver's licence

 
4.   A voter identity card

 
5.   Credit cards

  
6.   A Haj subsidy

  
7.   Job reservation

 
8.   Special privilages for minorities

  
9.   Government housing on subsidized rent

 
10. Loan to buy a house

  
11. Free education

 
12. Free health care

  
13. A lobbyist in New Delhi,  with a bunch of media morons and a bigger bunch of human rights activists promoting your   " cause "

  
14. The right to talk about secularism,  which you have not heard about in your own country  !

  
15. And of-course ..... voting rights to elect corrupt politicians who will promote your community for their selfish interest in securing your votes  !!!


       Hats off   ..... to the .....
  A.   Corrupt and communal Indian politicians

B.   The inefficient and corrupt Indian police force

C.   The silly pseudo-secularists in India,  who promote traitors staying here
  
D.   The amazingly lenient Indian courts and legal system


E.   The selfish Indian citizens,  who are not bothered about the dangers to their own country

F.   The illogically brainless human-rights activists,  who think that terrorists deserve to be dealt with by archaic laws meant for an era,  when human beings were human beings.

THE MINIMUM U CAN DO (IF U R LIVING) IS FORWARD THIS TO ALL