എത്രയെത്ര ജനകോടികളുടെ പ്രാർത്ഥനകളും ആശയാഭിലാഷങ്ങളുമായി എത്രയെത്ര ജനുവരി ഒന്നുകൾ നമ്മൾ വെളുപ്പിച്ചു. നല്ലൊരു പുതുവർഷത്തിനുവേണ്ടി എത്രപേർ ഈ ബലിക്കല്ലുകളിൽ ജീവൻ കൊടുത്തു. ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. കൊല്ലത്തിലൊരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത് അകാലമരണം വരിച്ച പുതുവർഷാശംസകളുടെ മഹാശ്മശാനത്തിൽനിന്ന്, ഇനിയും ആർക്ക്, എന്ത് ആശംസയാണ് നമ്മൾ നേരേണ്ടത്? എന്തിനുവേണ്ടി?
ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ലോകം മാറുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
നിരന്തരമായി നവീകരിക്കപ്പെടുന്ന പോരാട്ടങ്ങളിലൂടെ മാത്രമേ പുതിയൊരു ലോകത്തെയും അതിന്റെ നവനവങ്ങളായ വർഷങ്ങളെയും നമുക്ക് നേടാനാകൂ.
ജനിച്ച നാടും വീടും വേരും വിട്ട്, അഭയാർത്ഥികളായി, പ്രവാസികളായി പലായനം ചെയ്യുന്നവർ, തങ്ങളുടെ നഷ്ടപ്പെട്ട നാടും വീടും, വേരുകളും തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ വർഷങ്ങളാണ് നമുക്ക് ആശംസിക്കാനാവുക.
അധിനിവേശം ചെയ്യപ്പെടുന്ന ജനതതികൾ ധീരമായ ചെറുത്തുനില്പ്പുകളിലൂടെ സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡങ്ങളെ തിരിച്ചുപിടിക്കുന്ന സമരവീര്യങ്ങളുടെ ജനുവരിപ്പുലരികൾ.
നീതിയും ന്യായവും നിഷേധിക്കപ്പെടുന്നവർ പുതിയ സാമൂഹികനീതികൾ സൃഷ്ടിക്കുന്ന തിരുത്തൽ സമരങ്ങൾ.
മതത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കകത്തുനിന്ന് ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വിശാലതയിലേക്ക് മനുഷ്യരാശിയെ വിക്ഷേപിക്കുന്ന ശാസ്ത്രശസ്ത്രങ്ങൾ.
ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ധീരരായ കുട്ടികളുടെയും, പ്രണയവും രാഷ്ട്രീയവും, കലയും കവിതയും അരങ്ങുകളും വീണ്ടും സജീവമാവുകയും ചെയ്യുന്ന കാമ്പസ്സുകളുടെയും പുതിയ പോരാട്ടച്ചുവടുകൾ.
തെരുവിലും ജീവിതത്തിന്റെ പുറമ്പോക്കുകളിലും കഴിയുന്ന മനുഷ്യരാശികൾക്ക് അന്തസ്സോടെയുള്ള മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന സമരങ്ങൾ.
നുണകളിലൂടെയും യുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയ ഏകാധിപതികളുടെയും യുദ്ധവെറിയന്മാരുടെയും, മതഭ്രാന്തമാരുടെയും ചോരകൊണ്ട് ഭൂമി അഭിഷിക്തമാവുന്ന പുതിയ സമരമുഖങ്ങൾ.
എല്ലാവർക്കും അഭിവാദ്യങ്ങളോടെ
5 comments:
പുതുവര്‍ഷം - ആര്‍ക്ക്? എന്തിന്?
Every day is the start of a new year. Happy New Year :-)
പുതുവർഷം വിപ്ലവമുന്നേറ്റത്തിന്റെ വർഷമാക്കുക
നമ്മെ നാം നമ്മളായി കാണാന്‍ കഴിയുന്നില്ലെങ്കില്‍; പിന്നെ പുതുവര്‍ഷമെന്നല്ല; ഓരോ പുലരിയും പുതുതായി എന്തു തരാനാണ്. ഭയവും ആശങ്കയും നിറഞ്ഞ നെടുംവീര്‍പ്പുകളോടെ പുതിയ പോരാട്ടചിന്തകളുമായി ഒരു നല്ല നാളേയുടെ പ്രതീക്ഷയുമായി. നന്മകള്‍ മാത്രം നേര്‍ന്ന് കൊണ്ട്.
നല്ലൊരു ലോകത്തിന്ന്/ കാലത്തിന്ന് വേണ്ടിയുള്ള അഭിലാഷങ്ങളാണ് എന്നും ആശംസകളുടെ ഉള്ളടക്കം.
Post a Comment