Monday, January 10, 2011
ഭാരതീയം
The Nationalist not only does not disapprove of atrocities committed by his own side, but he has a remarkable capacity for not even hearing about them - George Orwell
നാലാം ക്ളാസ്സില്‍ പഠിക്കുന്ന മകന് സ്കൂളില്‍ അവതരിപ്പിക്കാന്‍ രാജ്യസ്നേഹത്തെക്കുറിച്ച് ഒരു പ്രസംഗം എളുപ്പത്തില്‍ എഴുതിക്കൊടുക്കണമെന്ന് നല്ല പകുതി പറയുന്നു. എളുപ്പത്തില്‍ വായിച്ചു പഠിക്കാവുന്ന ഒരു ചെറിയ വാചാപ്രസംഗം. ദാ, ആ തലതിരിഞ്ഞ സാധനങ്ങളൊന്നും എഴുതിക്കൊടുക്കണ്ട, നാലാം ക്ളാസ്സുകാരനുവേണ്ടിയുള്ളതാണെന്ന് ഓര്‍മ്മിച്ചോളൂ എന്ന്, കൂട്ടത്തില്‍, കളിവാക്കില്‍ പൊതിഞ്ഞുവെച്ചതെങ്കിലും ശക്തമായ ഒരു മുന്നറിയിപ്പും.
നാലാം ക്ളാസ്സുകാരനായ മകനോട് രാജ്യസ്നേഹത്തെക്കുറിച്ച് എന്താണ് ഞാന്‍ പറഞ്ഞു കൊടുക്കേണ്ടത്?
അവനവന്റെ രാജ്യമാണ് സാരേ ജഹാം സേ അച്ചാ എന്നോ? ഇന്ത്യയെന്നു കേള്‍ക്കുമ്പോഴേക്കും അഭിമാനപൂരിതമാവുകയും ചോരതിളക്കുകയും ചെയ്യണമെന്നോ? ചോരയുടെ വകതിരിവുകള്‍ക്കും കന്നംതിരിവുകള്‍ക്കും രാജ്യാഭിമാനവുമായും അതിര്‍ത്തികളുമായും ഒരു ബന്ധവുമില്ലെന്നോ? മുറിച്ചുമാറ്റുകയും, തുന്നിച്ചേര്‍ക്കുകയും ചെയ്ത എല്ലാ അതിര്‍ത്തി ഞരമ്പുകളിലൂടെയും ഒഴുകുന്ന എല്ലാ രക്തവും, കണ്ണീരും ഒന്നെന്നോ? കുടിയൊഴിക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളായി മാറിയവരുടെയും, പരസ്പരം അവിശ്വസിച്ചും, ഭയന്നും കഴിയുന്നവരുടെയും രക്തധമനികളെ ഇന്ത്യ എന്നൊരു പദം കൊണ്ട് അഭിമാനപൂരിതമാക്കാനും തിളപ്പിക്കാനും ശ്രമിക്കുന്നത് വിഫലമാണെന്നോ?
അരവയര്‍ നിറക്കാര്‍ പകലന്തിയോളം വിയർപ്പൊഴുക്കുന്നവന്റെയും, പൊതുകിണറില്‍നിന്ന് ദാഹം ശമിപ്പിച്ചതിന് തീയില്‍ വെന്തവന്റെയും, ഓരോ മുപ്പതുമിനുട്ടിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെയും ഇന്ത്യയില്‍നിന്ന്, അംബരചുംബികള്‍ നിര്‍മ്മിക്കുന്ന അംബാനിമാരുടെയും കോടികള്‍ക്ക് ലേലം ഉറപ്പിക്കുന്ന ഏറുപന്തുകാരുടെയും ഇന്ത്യയിലേക്കുള്ള ദൂരം നാലാം ക്ളാസ്സുകാരന് മനസ്സിലാകാന്‍ ഇടയില്ല.
അവന്റെ കട്ടിലിന്റെ തലക്കലെ ഭൂപടത്തില്‍ പരന്നുകിടക്കുന്ന ലോകത്തില്‍ പല രാജ്യങ്ങളുണ്ടെന്നും അവരില്‍ മലയാളികളും അറബികളും, ഇംഗ്ളീഷുകാരും ചൈനക്കാരും ബംഗ്ളാദേശികളും ഫിലിപ്പീനികളും ഉണ്ടെന്നുള്ള ഏകദേശരൂപമല്ലാതെ, ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന അതിര്‍ത്തികളുടെയും, ഭാഷകളുടെയും, വേഷങ്ങളുടെയും, രുചിഭേദങ്ങളുടെയും ആചാരങ്ങളുടെയും സ്വത്വ വൈവിദ്ധ്യം എത്രത്തോളമാണെന്നൊന്നും അവന്റെ ഇളം ബുദ്ധിയില്‍ അത്രയ്ക്കങ്ങോട്ട് വേരുറച്ചുതുടങ്ങിയിട്ടില്ല.
ആ അവനെയും അവനെപ്പോലെയുള്ള കുട്ടികളെയും മുന്നില്‍ രാജ്യസ്നേഹത്തെക്കുറിച്ചുള്ള ഏതു വാചാപ്രസംഗമാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്? എങ്ങിനെ?
മറ്റൊരു രാജ്യവും നമ്മുടെ രാജ്യത്തോളം നല്ലതല്ലെന്നോ? മറ്റൊരു നാട്ടാരും നമ്മുടെ നാട്ടാരോളം നല്ലവരല്ലെന്നോ? വേണ്ടിവന്നാല്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം രാജ്യത്തിനുവേണ്ടി ബലികൊടുക്കാന്‍ തക്കവണ്ണം ശ്രേഷ്ഠമാണ് നമ്മുടെയൊക്കെ ജന്മമെന്നോ?
രാജ്യമെന്നത്, സമ്പന്നരാലും സ്വാര്‍ത്ഥതാത്പര്യങ്ങളാലും, ഭരണഘടനാതാളുകളാലും നിര്‍വ്വചിക്കപ്പെട്ട കേവലമൊരുപിടി മണ്ണല്ലെന്നും, അതിലെ ജനകോടികളുടെ സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ സങ്കല്പങ്ങളെ സാര്‍ത്ഥകമാക്കാനുള്ള ഇടമാണെന്നും പറഞ്ഞാര്‍ എന്താകും അവനും അവരും മനസ്സിലാക്കുക?
രാജ്യമെന്നത്, നാനാത്വത്തിലെ ഏകത്വമല്ലെന്നും, നാനാത്വത്തിലെ നാനാത്വത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആശയമാണെന്നും പറഞ്ഞാല്‍ അവർക്കത് എത്രകണ്ട് ദഹിക്കും?
സ്വന്തം നാട്ടിലെ മണ്ണിനെയും മലയെയും കാടിനെയും നഗരത്തെയും ഗ്രാമത്തെയും അവിടങ്ങളിലെ മഴയെയും വെയിലിനെയും കാറ്റിനെയും ഉഷ്ണത്തെയും ശിശിരത്തെയും, അവയില്‍ ജനിക്കുകയും ജീവിച്ചുമരിക്കുകയും ചെയ്യുന്ന മനുഷ്യരെയും സ്നേഹിക്കുന്നതില്‍നിന്ന് എത്രയോ കാതം അകലെയാണ് രാജ്യസ്നേഹമെന്ന കപടവെച്ചുകെട്ടലുകളെന്നും മനസ്സിലാകാന്‍ ഇനിയും അവര്‍ക്കെത്ര പഠിപ്പു തികയണം?
ചുറ്റോടുചുറ്റും ശത്രുക്കള്‍ എന്ന പേടിക്കഥ നിരന്തരം പറഞ്ഞുകൊടുത്ത് പടുത്തുയര്‍ത്തുന്ന രാജ്യസ്നേഹത്തിന്റെ പഞ്ചതന്ത്ര പഴംകഥകള്‍ക്കകത്ത് നുഴഞ്ഞുകയറിയ സ്വന്തം തക്ഷകന്മാരെ എങ്ങിനെയാണ് ഈ കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുക?
ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളെ ഏതുവിധത്തിലാണ് കാട്ടിക്കൊടുക്കേണ്ടത്?
കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തിലുള്ള രാജ്യസ്നേഹം എവിടെനിന്നു കിട്ടും?
Subscribe to:
Post Comments (Atom)
15 comments:
എടുക്കാനുണ്ടോ ഒരു നുള്ള് രാജ്യസ്നേഹം?
ഒപ്പ്...
അപ്പോ എങ്ങനാ ചാരനെന്ന വിളി കേൾക്കാൻ തയാറാണല്ലോ അല്ലേ
മോനെഴുതിക്കൊടുത്ത പ്രസംഗം എവിടെ ?
കാൽവിൻ,
അതു പണ്ടേ അങ്ങിനെയല്ലേ? പ്രഖ്യാപിത ചൈനീസ് ചാരനല്ലേ ഞാൻ?
പാർത്ഥൻ,
അവനെക്കൊണ്ട് സ്വയം എഴുതിപ്പിച്ചുനോക്കി. അത് ഇവിടെ ഇടേണ്ട കാര്യമില്ലല്ലോ..
വായനകൾക്കു നന്ദി. അഭിവാദ്യങ്ങളൊടെ
അയ്യേ, നിങ്ങള് കുരുക്ഷേത്ര, കന്ധഹാര്‍ എന്നീ സിനിമകളൊന്നും കണ്ടില്ല അല്ലേ?
പൊള്ളുന്ന പരമാർത്ഥങ്ങൾ..
'ഇന്ത്യ'യെക്കുറിച്ച് ഒരു നാലാംക്ലാസുകാരന് ഖണ്ഡിക എഴുതിക്കൊടുക്കാന്‍ കഴിയാത്ത വിധം ദോഷൈദൃക്കായ ഒരു പിതാവിനെ ഞാന്‍ ഈ കുറിപ്പില്‍ കാണുന്നു,അത് നന്നല്ലെന്നു മാത്രം പറയുന്നു.
-അലകളൊഴിഞ്ഞിട്ട് ആരും കടലിലിറങ്ങാറില്ല-
"രാജ്യമെന്നത്, നാനാത്വത്തിലെ ഏകത്വമല്ലെന്നും,bla....bla....etc "
ഭാഷ,വേഷം,മതം,ദേശമെന്നിങ്ങനെയുള്ള നാനാത്വത്തിലും മനുഷ്യത്വമെന്ന ഏകത്വത്തിലാണ് ഇന്ത്യയുടെ നിലനില്പ്പെന്ന് ഒരുവാക്ക് താങ്കളില്‍ നിന്നുവരാതിരിക്കാന്‍ മാത്രം വിശ്വമാനവനായി താങ്കള്‍ അധഃപതിച്ചു കഴിഞ്ഞുവോ? ഒന്നും പറയാനില്ല മൗനം.
അനോണി,
സാധാരണയായി എന്റെ പോസ്റ്റുകളില്‍ അനോണിക്കൂട്ടങ്ങള്‍ ഉപയോഗിച്ചു കാണുന്ന ഭാഷയില്‍ നിന്ന് വേറിട്ട ഭാഷയില്‍ എഴുതിയതുകൊണ്ട് താങ്കളുടെ കമന്റ് മറുപടി അര്‍ഹിക്കുന്നുണ്ട് എന്നതിനാല്‍ മാത്രം എഴുതട്ടെ.
"സ്വന്തം നാട്ടിലെ മണ്ണിനെയും മലയെയും കാടിനെയും നഗരത്തെയും ഗ്രാമത്തെയും അവിടങ്ങളിലെ മഴയെയും വെയിലിനെയും കാറ്റിനെയും ഉഷ്ണത്തെയും ശിശിരത്തെയും, അവയില്‍ ജനിക്കുകയും ജീവിച്ചുമരിക്കുകയും ചെയ്യുന്ന മനുഷ്യരെയും സ്നേഹിക്കുന്ന" മലയാളിയും, ഇന്ത്യക്കാരനും, ദക്ഷിണേന്ത്യക്കാരനും, ഏഷ്യന്‍ വംശജനും, ഈ വലിയ ലോകത്തിലെ അറുന്നൂറുകോടി ആളുകളുടെ പൊതുഭാഗധേയത്തിൽ ഉൾപ്പെടുന്നവനെന്നു സ്വയം കരുതുന്നവനുമായ ഒരു എന്നെ താങ്കള്‍ ഈ പോസ്റ്റില്‍ എവിടെയും കാണാത്തത് എന്റെ കുറ്റമല്ല.
വിശ്വമാനവനാകുന്നത് അധപ്പതനമാകുമെങ്കില്‍ അതിനെന്നെ സദയം അനുവദിക്കുക എന്നല്ലാതെ ഒന്നും പറയാനില്ല, മൌനം.
അഭിവാദ്യങ്ങളോടെ
Do let your son know about the improvements which India made on one front - keeping food shortage under check. From the times of PL-480 and ship to mouth existence, as a country India is far more self sufficient in terms of food production. Before you go ballistic, there are issues with food distribution in India. But it is far better than what it used to be in the 1960s and 1950s.
And when you still have more time, do let him know about the neighborhood in which India lives. Religious fundamentalists to the West, namesake communists and wholly autocratic Chinese to the East. What ever be it, every single Indian has his vote. And with that he had shown even Indira Gandhi her place.
ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളെ ഏതുവിധത്തിലാണ് കാട്ടിക്കൊടുക്കേണ്ടത്?
ഇതില്‍ ഒരു തീവ്രവാദചിന്ത നിലനില്‍ക്കുന്നില്ലേ രാജീവേ?
You can easily say that India is a country where kids are selected for scholarship based on their religion or caste, admission to professional colleges based on religion or caste, where Civil and criminal law is based on religion / caste , Were social development programmers are implemented based on the religion of people on that area, where distributing social benefits to people are given based on religion / caste , where poverty is being measured based on religion / caste and even have a stock exchange index which is based on religion……………….
ബിനായക് സെന്നിനെ ഓർക്കുന്നത് നല്ലത്.
രാജീവ് ഇതില്‍ പറയുന്ന വിശാല അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ പോലും രാജ്യസ്നേഹമെന്ന പദം എനിക്ക് ചിന്താകുഴപ്പമുണ്ടാക്കാറുണ്ട്... ജനഗണമന പാടികേള്‍പ്പിച്ചു സിരകളില്‍ ആവേശം പകര്‍ന്ന്‍ കാര്‍ഗിലേയ്ക്ക് മരിക്കാനായി നാം പറഞ്ഞുവിട്ട ഒരുകൂട്ടം ഇന്ത്യന്‍ യുവാക്കളുടെയും “വിശുദ്ധയുദ്ധത്തിന്‍റെ" പാവനതയ്ക്കു വേണ്ടി നുഴഞ്ഞുകയറ്റകാരായി വന്നു ജീവന്‍ ബലിയര്‍പ്പിച്ച പാകിസ്ഥാന്‍ യുവാക്കളുടെയും അമ്മമാരുടെ കണ്ണുനീരിന്‍റെ ഊഷ്മാവില്‍ വ്യത്യാസമുണ്ടോ..!? അവരില്‍ ആരുടെ രാജ്യസ്നേഹത്തിനാണ് മാറ്റ് കൂടുതല്‍..!!? കാര്‍ഗില്‍.. കാണ്ടഹാര്‍ യുദ്ധ സിനിമകള്‍ കാണാന്‍ താല്പര്യം തോന്നാത്തത് ഒരു യുദ്ധവും എന്നെ ഹരംപിടിപ്പിക്കാനാവത്തതിലാവാം.. അഹം എന്ന ഭാവത്തിന്‍റെ ഒരു ഇമ്മിണി വലിയ രൂപമല്ലേ.. ഈ രാജ്യസ്നേഹം.... !!?
ചിന്തോദ്ദീപകമാണ് ഈ വരികള്‍.
ഇത്രയൊക്കെ യാദാര്‍ഥ്യങ്ങള്‍ പറഞ്ഞ് വച്ച് ഇനി മകനു മാര്‍ക്കു ലഭിക്കുവാന്‍ എന്തെഴുതും രാജീവേട്ടോ?
മലമൂട്ടിലെ,
അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവിനെക്കുറിച്ചും, അതിനെ നിയന്ത്രിക്കാന്‍ (ഉള്ളി) അടക്കമുള്ള (നാട്ടില്‍ സുലഭമായ) സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതിന്റെ അസംബന്ധത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസ്സുതന്നെ നിര്‍ബന്ധിക്കപ്പെടുന്ന അവസരത്തിലാണ് താങ്കള്‍ ഭക്ഷ്യോത്പാദനത്തെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ വിശപ്പടക്കാതെ, കോമണ്‍വെല്‍ത്ത് മാമാങ്കങ്ങള്‍ നടത്തുന്ന രാജ്യത്തെ സര്‍ക്കാര്‍ ഗുദാമുകളില്‍ എത്ര ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യപ്പെടാതെ പുഴുവരിച്ച് നശിക്കുന്നുവന്നെങ്കിലും കണക്കെടുക്കണം മത്തായീ. ഇനി അറുപതുകളിലെയും അമ്പതുകളിലെയും ഭക്ഷ്യോത്പാദനത്തിന്റെ കണക്കുപറയുമ്പോള്‍, അന്നത്തെ ജനസംഖ്യ തന്നെയാണോ ഇന്നും ഇന്ത്യയുടേത് എന്നുകൂടി ആലോചിക്കെണ്ടതല്ലേ?
ശത്രുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഇന്ത്യയുടെ സ്ഥിതിയെക്കുറിച്ചുള്ള അവസാനത്തെ ഖണ്ഡികയും നന്ന്. ഇനിയിപ്പോള്‍ എങ്ങിനെ നമ്മുടെ ഇന്ത്യയെ (അല്ല, നമ്മുടെ "ഭാരതാംബ"യെ രക്ഷിക്കും.? സ്ഥലം മാറിയതുകൊണ്ട് വല്ല രക്ഷയുമുണ്ടോ? നമുക്ക് പാര്‍ക്കാന്‍ സുരക്ഷിതമായ മുന്തിരിത്തോപ്പുകള്‍ എവിടെയാണിനി? ങാ..പിന്നെ, എന്തൊക്കെയായാലും നമുക്ക് വോട്ടുണ്ടല്ലോ അല്ലെ? എന്തൊരു ശക്തമായ ആയുധം..എത്രയെത്ര കൊലകൊമ്പന്മാരെ നമ്മള്‍ ഇറക്കിവിട്ടിരിക്കുന്നു.
ജസ്റ്റിന്‍,
ആ പറഞ്ഞതില്‍ ഒരു തീവ്രവാദ ചിന്തയും ഇല്ല. ഉണ്ടെന്നു തോന്നുന്നുവെങ്കില്‍, മറുഭാഗത്തുള്ളത് (അതായത്, ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളുടെ ഭാഗത്ത്) മിതാവാദമാണെന്ന തെറ്റിദ്ധാരണകൊണ്ടായിരിക്കാനേ വഴി കാണുന്നുള്ളൂ.
മുരളീ,
എന്ത് പറഞ്ഞാലും അതിന്റെയൊക്കെ അടിയില്‍ സംവരണത്തിന്റെ വിത്തുകള്‍ കാണുന്ന താങ്കളോട് ഒരു ചര്‍ച്ചയും വയ്യ. ആവശ്യത്തിലും അതിലധികവും നമ്മള്‍ ഇത് ചര്‍ച്ച ചെയ്തതുമാണ്. ഈ പോസ്റ്റിനെപ്പറ്റിയാണെങ്കില്‍ ചര്‍ച്ചയാകാം..
ചക്കിയുടെ അമ്മേ,
"വീരമരണം മറ്റു മരണങ്ങളെക്കാള്‍ എത്ര മഹത്തരമാണെന്ന്, മരിച്ച ഭടന്മാരുടെ ഭാര്യമാരോടും മക്കളോടും ചോദിച്ചുനോക്കൂ' എന്ന് പറഞ്ഞത് സി.ജെ.ആണ്. സി.ജെ.തോമസ്സ്. അഹം എന്ന ഭാവത്തിന്റെ ഇമ്മിണി വലിയ രൂപം മാത്രമല്ല ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന രാജ്യസ്നേഹം. അധികാര മുഷ്ക്കിന്റെയും, അസഹിഷ്ണുതയുടെയും, കള്ളപ്രചരണങ്ങളുടെയും, അധിനിവേശ(കു)യുക്തികളുടെയും ഒക്കെ മൂര്‍ത്തരൂപമാണ്, മൊത്തമായും ചില്ലറയായും ഇന്ന് കമ്പോളത്തില്‍ വിപണനം ചെയ്യപ്പെടുന്ന രാജ്യസ്നേഹം എന്ന ചരക്ക്.
വിലക്കിഴിവും, നറുക്കെടുപ്പും, ഒന്നെടുത്താല്‍ രണ്ടെന്ന മട്ടിലുള്ള പ്രമോഷനും, ചുളു വിലയ്ക്ക് വിറ്റൊഴിക്കലുമൊക്കെയുള്ള ഒരു ചരക്ക്. ഓർക്കാപ്പുറത്ത് പത്മശ്രീ, പത്മഭൂഷൺ റാഫിളുകൾ പോലും അടിച്ചേക്കാം. കരുതിയിരിക്കണം.
അഭിവാദ്യങ്ങളോടെ
Post a Comment