Wednesday, March 30, 2011

ടീ പാർട്ടികളിലെ ഇടങ്ങൾ




ഇന്ത്യൻ ഇടതുപക്ഷം നാളിതുവരെയായി ഇന്ത്യൻ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് ഉയർത്തിയ ആശങ്കകളെ വിക്കിലീക്ക്സ് ശരിവെക്കുന്നുവെന്ന ബാദ്രി റൈനയുടെ കണ്ടെത്തൽ ശരിയാണ്. എങ്കിലും ഇന്ത്യൻ ഇടതുപക്ഷവും അമേരിക്കയും യോജിക്കുന്ന (അഥവാ യോജിക്കാവുന്ന) ചില ഇടങ്ങളെക്കുറിച്ചുള്ള അദേഹത്തിന്റെ നിലപാടുകൾ അത്ര ശരിയാണെന്നു പറയാനാവില്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നത്തിൽ ഇന്ത്യൻ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അമേരിക്കയുടെയും നിലപാടുകൾ ഒന്നാവുന്നതാണ് ബദ്രിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ, മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇന്ത്യ, അമേരിക്കൻ ഉപദേശങ്ങൾ പിന്തുടരുന്ന പക്ഷം, ഹാർദ്ദമായ ഒരു ചായസൽക്കാരത്തിനും ഹസ്തദാനത്തിനുമുള്ള അവസരമുണ്ടാകുമെന്ന് മനപ്പായസമുണ്ണുന്നുമുണ്ട് ബദ്രി റൈന. അവിടെയാണ്, സ്വതവേ പുരോഗമനാശയക്കാരനായ ബദ്രിയുമായി വിയോജിക്കേണ്ടിവരുന്നത്.

ഗോത്രമേഖലയിലെ ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ തകർത്ത്, അവയെ കാലോചിതമായി പരിഷ്ക്കരിക്കാൻ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപദേശത്തിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാൻ ഇടയില്ല. എങ്കിലും അമേരിക്കയുടെ ഉദ്ദേശ്യം എന്തായിരിക്കണം? അധികാരത്തിന്റെ ഫ്യൂഡൽ ബന്ധങ്ങളെ വികസനത്തിനുള്ള പ്രധാന പ്രതിബന്ധമായി അമേരിക്ക കണക്കാക്കുന്നുണ്ടാവണം. മുതലാളിത്തത്തിന്റെ വരവുതന്നെ അത്തരം ബന്ധങ്ങളെ തകർത്തും മാറ്റിയെഴുതിയുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അതിനെ തകർത്ത്, അതിന്റെ സ്ഥാനത്ത് അമേരിക്കയും ഇന്ത്യൻ ഭരണകൂടവും ഏതുതരം ഭൂബന്ധങ്ങളെയാണ് മാറ്റിപ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നെങ്കിലും ബദ്രിയെപ്പോലുള്ളവർ ചിന്തിക്കേണ്ടതായിരുന്നില്ലേ? ഏതായിരിക്കും ആ ഫ്യൂഡൽ അധികാര(ഭൂ)ബന്ധങ്ങൾ?

സ്വകാര്യമൂലധനത്തിന്റെ അപാരമായ സാധ്യതകൾ തന്നെയായിരിക്കണം ഈ സദുപദേശത്തിന്റെ ഉള്ളിൽ. വികസനത്തിന്റെ പേരിൽ അടിസ്ഥാനസൌകര്യങ്ങളുടെ ചില എച്ചിൽ‌ക്കഷണങ്ങൾ നൽകി, ഇന്ത്യയിലെ പ്രകൃതി-ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ മുഴുവൻ, തങ്ങളുടെയും, ഇന്ത്യയെന്ന തങ്ങളുടെ വിനീതവിധേയസാമന്തന്റെയും കോപ്പറേറ്റുകളുടെയും കീഴിലാക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമേരിക്കൻ സദുപദേശത്തിന്റെ ഉള്ളിൽ ഉണ്ടാവാനിടയില്ല. റെഡ് ഇന്ത്യക്കാരോടും, പിന്നീട് കോൺഫഡറേറ്റുകളോടും അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകൾ നമ്മുടെ മുന്നിലുണ്ട്. അതിനെയൊക്കെ പഴയകാല ചരിത്രമെന്നോ, പഴയ തെറ്റുകളെന്നോ പറഞ്ഞ് എഴുതിത്തള്ളാനും കഴിയില്ല. കാരണം, ആ നിലപാടുകൾ തന്നെയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യയടക്കമുള്ള അവരുടെ സഖ്യരാജ്യങ്ങളും ഇന്നും ആഗോളമായി പിന്തുടരുന്നത്. ഭൂബന്ധങ്ങളും, ഉടമസ്ഥവകാശങ്ങളും ആഗോളമായി, ഏകപക്ഷീയമായി തീരുമാനിച്ചുകൊണ്ടിരിക്കുന്ന ആ അമേരിക്കയാണ് ഇന്ത്യയിൽ നടത്തേണ്ടുന്ന അധികാരപുന:സ്സംഘടനയെക്കുറിച്ച് ഇന്ത്യക്ക് സ്റ്റഡിക്ലാസ്സുകൾ എടുക്കുന്നത്. മാവോയിസ്റ്റ് അസ്വസ്ഥതകൾക്കുള്ള പരിഹാരത്തിന്റെ കുറിപ്പടികൾ തരുന്നത്. നല്ലബുദ്ധി എവിടെനിന്നായാലും സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നല്ലബുദ്ധിയെന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നത്, ഗോത്രവർഗ്ഗമേഖലകളെ ചുളുവിൽ തട്ടിയെടുക്കാനും വീതം വെക്കാനും, അതുവഴി, അവിടങ്ങളിലുള്ള ഭൂസമരങ്ങളെയും പ്രസ്ഥാനങ്ങളെയും ഒതുക്കാനുമുള്ള അജണ്ടകളാണ്. ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികൾ. പ്രത്യേകസാമ്പത്തികമേഖലകളുടെയും സ്വതന്ത്രസാമ്പത്തികമേഖലകളുടെയും പിന്നിലുള്ളത് ഇതേ ലക്ഷ്യങ്ങൾതന്നെയാണ്. അതിന്റെ പ്രായോജകരുടെ ഉപദേശത്തിനു ചെവികൊടുക്കാനാണ്, അതിന്റെ നടത്തിപ്പുകാരോട് ബദ്രി റൈന ആവശ്യപ്പെടുന്നത്.

മാവോയിസ്റ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അമേരിക്കൻ കുറിപ്പടിയിലെ വാചകങ്ങൾ നോക്കൂ...dismantle feudal structures of power..give up the police / militarist approach..return what belongs to the tribals, and encourage the politics of inclusive control and participation in good faith... അമേരിക്ക ഇതൊക്കെ എന്നേ നടപ്പാക്കിക്കഴിഞ്ഞു. ജന്മിത്ത്വത്തിന്റെ അധികാര ഘടനകക്കുപകരം സാമ്രാജ്യത്വത്തിന്റെ പുതിയ ഘടന സ്ഥാപിച്ചു. പൊതുജീവിതത്തിന്റെ സമസ്തമേഖലയിൽനിന്നും പോലീസിനെയും സൈന്യത്തെയും നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു. കയ്യേറിയ രാജ്യങ്ങളിലെല്ലാം ജനാധിപത്യം പുനസ്ഥാപിച്ചു തദ്ദേശീയർക്ക് തിരിച്ചുകൊടുത്തു. പണ്ടത്തെ റെഡ് ഇന്ത്യക്കാരനെയും അവന്റെ കാട്ടുപോത്തുകളെയും അവർക്കവകാശപ്പെട്ട മണ്ണിലേക്ക് തിരിച്ചയച്ചു. വിയറ്റ്‌നാം മുതൽ ഇങ്ങ് ലിബിയ വരെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട സിവിലിയന്മാർക്കും അവർക്കവകാശപ്പെട്ട മണ്ണ് തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സ്വന്തം ഇന്ത്യയും ഏറെക്കുറെ ഇതേ പാതയിൽത്തന്നെയാണ്. ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകരെ സുരക്ഷിതമായി ജയിലിൽ പാർപ്പിക്കുന്നു. ഗോത്രമേഖലയിലെ അസ്വസ്ഥതകൾക്ക് കാരണക്കാരായ ഗ്രാമങ്ങളെയും, അതിലെ മനുഷ്യജീവികളെയും മുഴുവൻ അഗ്നിശുദ്ധിചെയ്ത് മോചിപ്പിക്കുന്നു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളുടെ പേരിൽ പതിനായിരക്കണക്കിനാളുകളെ കുടിയിറക്കി അവർക്കവകാശപ്പെട്ട തെരുവുകൾ നൽകുന്നു. ഒരേതൂവൽ‌പ്പക്ഷികൾ.. എന്തൊരു മുടിഞ്ഞ രാഷ്ട്രനൈതികത!! 

അവർക്കിടയിൽ ഹസ്തദാനത്തിനും ചായസൽക്കാരത്തിനും ധാരാളം ഇടം ബാക്കിയുണ്ട്.  അവർക്കും നമുക്കുമിടയിൽ അതിനുള്ള സമയമായിട്ടില്ല ബദ്രി സാബ്.

Thursday, March 24, 2011

ഞങ്ങളുടെ വലിയ പിഴ




അതെ സർ. ഇന്നു നിങ്ങൾ കാണുന്ന ഇന്ത്യ, സത്യമായിട്ടും, ഇങ്ങനെയൊന്നുമാകേണ്ടിയിരുന്ന ഒരു രാജ്യമല്ല. സാറു ചോദിച്ചില്ലേ എന്താ ഞങ്ങളുടെ വളർച്ചാനിരക്ക് ഇങ്ങനെ അധപ്പതിച്ചതെന്ന്? തിരുവുള്ളക്കേടു തോന്നരുത് അങ്ങുന്നേ. ഇന്നു ഞങ്ങളുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനു താഴെയാണെങ്കിൽ, അത് ഞങ്ങളുടെ ഈ അഖണ്ഡഭാരതത്തിന്റെ കുഴപ്പമാണ്‌. പടിഞ്ഞാറും ദക്ഷിണവും മാത്രമുള്ള ഒരു ഇന്ത്യയായിരുന്നെങ്കിൽ, ഞങ്ങളുടെ വളർച്ചാ നിരക്ക് എവിടെ എത്തിയേനേ എന്ന് വല്ല നിശ്ചയവുമുണ്ടോ സർ... സത്യമായിട്ടും സർ..

 ഈ നശിച്ച ഉത്തര-മദ്ധ്യ-പൂർവ്വ സംസ്ഥാനങ്ങൾ, അവയാണ്‌ ഞങ്ങളുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം. ഇതൊനൊക്കെ ആ പട്ടേലിനെയും, നെഹ്രുവിനെയും, പിന്നെ ആ പങ്കുണ്ണിമേനോനെയും പറഞ്ഞാൽ മതി.

എന്തായിരുന്നു അവന്മാരുടെ ഒരു അത്യാഗ്രഹം. അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കുന്ന കുറേ മാടമ്പികളായിരുന്നവരെ ഒക്കെ കൂട്ടിപ്പിടിച്ച്, അനുനയിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചന്തിക്ക് ചുട്ട പെട കൊടുത്തും ഇന്നു കാണുന്ന ഒന്നിനും കൊള്ളാത്ത ഒരു രാജ്യമാക്കിയത് ആ പഹയന്മാരാണ്‌.

അല്ലെങ്കിൽ ആ ഫിസോയെപ്പോലെയുള്ള നാഗന്മാരെയൊക്കെ ബോധമുള്ള ആരെങ്കിലും കൂടെനിർത്തുമായിരുന്നോ? അവനെയൊക്കെ അന്നേ അവന്റെ പാട്ടിനുവിട്ടിരുന്നെങ്കിൽ ശല്യക്കാരായ ആ പഴയ NEFA ക്കാരെ മുഴുവൻ ഒറ്റയടിക്ക് ചൈനക്കോ ബർമ്മക്കോ കൊടുത്ത് കയ്യും കെട്ടി സുഖമായി ഇരിക്കാമായിരുന്നില്ലേ? കൊല്ലങ്ങളായി പട്ടിണികിടക്കുന്ന ആ അറുവാണിച്ചികളെയും, പാവപ്പെട്ട ആദിവാസി-ഗോത്രവർഗ്ഗക്കാരെആയുധമെടുപ്പിക്കുന്ന ആ കള്ളവൈദ്യപ്പരിഷകളെയുമൊക്കെ ഒറ്റയടിക്ക് ഒതുക്കി ഞങ്ങൾ ഈ രാജ്യത്തെ സ്വർഗ്ഗമാക്കിയേനേ..സർ വിഷമിക്കണ്ട..ഞങ്ങളുടെ കലിപ്പ് തീർക്കാൻ ഞങ്ങൾക്ക് നന്നായറിയാം. ശല്യക്കാരെയൊക്കെ പതുക്കെപ്പതുക്കെ ഞങ്ങൾ ഒതുക്കുന്നുണ്ട്. ഇന്നലെ മാത്രം മൂന്നു ഗ്രാമങ്ങളെയാണ്‌ ഞങ്ങൾ നല്ലൊരു പാഠം പഠിപ്പിച്ചത്. ചുട്ടുകളഞ്ഞു ഞങ്ങൾ..വെറുതെയല്ല സാൽവാ ജുദൂമിനെയൊക്കെ ഞങ്ങൾ തീറ്റിപ്പോറ്റുന്നത്? ഞങ്ങളോടാ കളി?

ഇക്കാണുന്ന ആ മുംബയിലും ഗുജറാത്തിലും, എന്റെ പാണ്ടിനാട്ടിലും, അത്യാവശ്യമാണെങ്കിൽ മാത്രം ആ കേരനാട്ടിലും കന്നടനാട്ടിലും മാത്രമായി ഈ മഹാരാജ്യം ഒതുങ്ങിയിരുന്നെങ്ങിൽ സ്വർഗ്ഗമാകുമായിരുന്നില്ലേ ഈ രാജ്യം..സ്വർഗ്ഗം..

എന്തു ചെയ്യാം...ആ നശിച്ച കാശ്മീരിനെയും, ഉത്തരപ്രദേശത്തെയും, കാട്ടുകള്ളന്മാരുടെ ബീഹാറിനെയും ഝാർഖണ്ടിനെയും, നസ്രാണികളെക്കൊണ്ട് സ്വൈര്യം കിട്ടാത്ത ഒറീസ്സയെയും, മുഷ്ക്കന്മാരുടെ ബംഗാളിനെയും, ഹരിയാനയെയും, ചൊമപ്പന്മാരുടെ ബംഗാളിനെയും,സർവ്വഭൂലോകർക്കും ചിരിക്കാൻ മാത്രം വകനല്കുന്ന നൊസ്സൻ സർദാർജികളെയുമൊക്കെ തലയിലേറ്റാനാണ്‌ ഞങ്ങളുടെ വിധി.

ഒന്നും പറയണ്ട..എല്ലാം നശിച്ചു, അങ്ങുന്നേ..എല്ലാം നശിച്ചു.

Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ




ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.