ആർക്കെങ്കിലും വേണോ ഒരു പിടി തിരുകേശം? എങ്കിലിതാ എടുത്തുകൊള്ളുക.
എന്റെ താടിയിൽനിന്ന് ഒരു തിരുകേശം. സൌജന്യമായിട്ട് തരുന്നതാണിത്..വേണമെങ്കിൽ മതി.
1979 മുതൽ താലോലിച്ചുവളർത്തി തുടങ്ങിയതാണിവയെ. അന്നത്തെ ഒരു കോളേജുകുമാരന്റെ മുഖപത്മത്തെ അലങ്കരിച്ച്, അവന്റെ ഹൃദയത്തുടിപ്പുകളെയും വ്യഥകളെയും കനവുകളെയും താടിയിലേറ്റി, അമ്പതിന്റെ നിറവിലേക്ക് ഇനി രണ്ടുവർഷം ദൂരം മാത്രമുള്ള പഴയൊരു വിശുദ്ധരോമരാജിയുടെ ഏറ്റവും പുതിയ തലമുറയിലെ ഒരു വിശുദ്ധരോമം.
ചെവി ചേർത്തുപിടിക്കൂ..സൂക്ഷിച്ചുനോക്കൂ..കാണാനും കേൾക്കാനും കഴിയുന്നില്ലേ പോയ്‌പ്പോയ ഒരു കാലഘട്ടത്തിന്റെ ശബ്ദം, മൌനം...പരുപരുപ്പ്, മിനുസം...ജട, നര...ഗന്ധം?
തൃക്കാക്കരെ എൻ.ജി.ഒ.ക്വാർട്ടേഴ്സിലിറങ്ങി ഭാരതമാതയുടെ മുന്നിലേക്ക് നീങ്ങുന്ന താഴ്വരയിലെ നടത്തങ്ങളിലെ പൊടിപുരണ്ടതാണവ..എൻ.ജി.ഒ. എന്നത് അത്ര കറപുരണ്ട വാക്കായിരുന്നില്ല അന്ന്. ഭാരതമാതാവ് ഇന്നത്തെപ്പോലെ അഴിഞ്ഞാടാനും തുടങ്ങിയിരുന്നില്ല.
70-കളുടെ അവസാനത്തിന്റെയും 80-കളുടെ ആരംഭത്തിന്റെയും കേരളത്തിലെ കലാലയങ്ങളുടെ സ്വർഗ്ഗീയ സുഗന്ധം ഇപ്പോഴുമുണ്ട് ഈ താടിരോമങ്ങളിൽ. ആ വളമാണ് ഈ തിരുരോമത്തിന്റെ ബലം. ‘ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര‘യോടെ ചുള്ളിക്കാടിന്റെയും അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകൾ തൊണ്ടപൊട്ടുമാറുറക്കെ ചൊല്ലി വോക്കൽ കോർഡുകൾ തകർന്ന ഒരു കദനകഥ ഇപ്പോഴും ഈ തിരുരോമത്തിന്റെ ഉള്ളുകളിൽ ചെവിയോർത്താൽ നിങ്ങൾക്ക് കേൾക്കാനാകും.
പഴയൊരു ഇംഗ്ലീഷ് ബീയേ ലിറ്ററേച്ചർ ക്ലാസ്സിന്റെ മുറിയിൽ തുടങ്ങി അവിടെത്തന്നെ ഒടുങ്ങിയിട്ടും ഇന്നും ജരാനരകൾ ബാധിക്കാതെ തുടരുന്ന ഒരു പഴയ പ്രണയസുഗന്ധത്തിന്റെ ചൂടുണ്ട് മുപ്പത്തൊന്നു കൊല്ലം പഴക്കമുള്ള ഈ തിരുകേശത്തിന്..സംശയമുണ്ടെങ്കിൽ, ഇതാ, ഒന്നു തൊട്ടുനോക്കൂ..
ജീവിതവൃത്തി തിരഞ്ഞ് കൽക്കത്തയിൽ, ദില്ലിയിൽ, മീററ്റിൽ, സഹറാൻപൂരിൽ, ആഗ്രയിൽ, ലൿനോവിൽ, അലഹബാദിൽ, ഹരിയാനയിൽ, കട്ടക്കിൽ, ഹുബ്ലിയിൽ, ദാവൻഗരെയിൽ, ചിൿമഗളൂരിൽ, ബാംഗ്ലൂരിൽ മൈസൂരിൽ, ഹസ്സനിൽ, വാറങ്കലിൽ, ഹൈദരാബാദിൽ, മദിരാശിയിൽ, മധുരയിൽ, ബോംബയിൽ, നാഗപൂരിൽ, ഗുജറാത്തിൽ, ജാംനഗറിൽ..പിന്നെ, സൌദിയിൽ, അബുദാബിയിൽ, ഫ്യുജറയിൽ..എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ കേശമാണിത്..
ഉറക്കമൊഴിഞ്ഞിരുന്ന് രാത്രികളെ പകലാക്കിയ എന്റെ വായനാദിനങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾക്ക് നിത്യസാക്ഷിയായിരുന്നതാണ് ഈ തിരുരോമം. ഓരോ നെടുവീർപ്പുകളുടെയും കൂടെ എത്രയോ തവണ ഉഴിയപ്പെട്ട് മിനുസം വന്ന ഒരു ചരിത്രമുണ്ട് അതിന്.
അതിനെയാണ് ഞാൻ നിങ്ങൾക്ക് തരുന്നത്. അതിനെ വേണ്ടെന്നു വെക്കാം നിങ്ങൾക്ക്. പക്ഷേ, അത് വ്യാജമാണെന്നോ, അതിന്റെ ഉറവിടം സംശയാസ്പദമാണെന്നോ പറയാനാണ് ഭാവമെങ്കിൽ, നിങ്ങൾ എന്റെ ശത്രുവാണെന്ന് പറയേണ്ടിവരും എനിക്ക്. എന്റെ പ്രണയമതത്തിന്റെ, എന്റെ രാഷ്ട്രീയവിശ്വാസങ്ങളുടെ, എന്റെ യാത്രകളുടെ, എന്റെ അന്വേഷണങ്ങളുടെ, എന്റെ കാലഘട്ടത്തിന്റെ, ആ കാലഘട്ടത്തിലൂടെ നടന്നുപോയ എന്റെ നാടിന്റെ സത്യത്തെയാണ് നിങ്ങൾ സംശയിക്കുന്നത് എന്ന് ഞാൻ പറയും.
നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിലെ ജിജ്ഞാസുക്കളായ കുട്ടികളുടെ മുന്നിൽ എന്റെ ഈ ശരീരവും ഈ തിരുകേശവും എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരും.
അതിനുമുൻപ്, ഒരു തിരുകേശം ഞാൻ മുറിച്ച് മാറ്റിവെക്കും.
പാമുക്കിന്റെ ‘നിഷ്ക്കളങ്കതയുടെ കാഴ്ചബംഗ്ലാ‘വിനെക്കുറിച്ച് കേട്ടിട്ടില്ലേ..അതുപോലൊന്നിൽ ഞാനീ തിരുരോമം കാഴ്ചക്കുവെക്കും. ഒരു കണ്ണാടിക്കൂട്ടിൽ. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന് അതിനുതാഴെ വടിവൊത്ത അക്ഷരത്തിൽ എഴുതിവെക്കുകയും ചെയ്യും.
6 comments:
വിശുദ്ധരോമം
വളരെ നല്ല പോസ്റ്റ് !!! ഒരു രോമത്തിനുപോലും ജീവിത വഴിത്താരയുടെ ചരിത്രവും ഗതിവിഗതികളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അഭിമാനപൂര്‍വ്വം നില്‍ക്കാനുള്ള ആത്മലമുണ്ടെന്ന രസകരമായ ആ കണ്ടെത്തല്‍ മനോഹരവും ചിന്തോദ്ദീപകവുമാണ്. ചരിത്രം രേഖപ്പെടുത്തുമ്പോഴാണ് രോമം പോലും വിശുദ്ധരായിത്തീരുന്നത്. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന അടിക്കുറിപ്പാണ് നിസാരതയെ സാരമാക്കുന്ന കാലത്തിന്റെ അശരീരിയായി അവതരിക്കുന്നത്.
ചിന്തിപ്പിച്ച ഈ പോസ്റ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!
30 കൊല്ലം വളർത്തിയിട്ട് ഇത്രയല്ലെയുള്ളൂ. മുറിച്ച് അളവെടുത്ത് വെക്ക്. വളരുന്നുണ്ടെങ്കിൽ നമുക്ക് വിപണി കണ്ടെത്താം.
திரு மிரு (തിരു മൈര്)
:)
വിശുദ്ധരോമം - ഒരു രോമത്തിന് ഇത്രയൊക്കെ മഹത്വമാവാം അല്ലേ? അല്ല തെറ്റി .. ഇതിനേക്കാളൊക്കെ എത്രയോ കൂടുതല്‍ ...
Post a Comment