വർഷങ്ങൾക്കുമുൻപാണ് എം.എഫ്.ഹുസൈൻ എന്ന ചിത്രകാരനെ നേരിൽ കാണുന്നത്. കൽക്കത്തയിൽ വെച്ച്. താൻ വരച്ച ചിത്രങ്ങൾ എടുത്താൽ പൊന്താത്ത വിലയ്ക്ക് വിറ്റഴിക്കുന്ന ഒരു ചിത്രകാരൻ എന്നേ അന്ന് തോന്നിയിരുന്നുള്ളൂ. അധികവും, കുതിരകളുടെയും ലളിതമായ ബാഹ്യരേഖകളിലൂടെ വരച്ച മനുഷ്യമുഖങ്ങളുടെയും ചിത്രങ്ങളായിരുന്നു അവ. ചിത്രങ്ങളിൽ അയാൾ തന്റെ കയ്യൊപ്പ് ചാർത്തുമ്പോൾ വില പിന്നെയും പിന്നെയും ഇരട്ടിക്കുന്നുണ്ടായിരുന്നു.
ബൊംബെയിലെ തെരുവുകളിൽ ഹിന്ദിസിനിമക്കുവേണ്ടി ബാനറുകൾ വരച്ച് കാലക്ഷേപം കഴിച്ചിരുന്ന പാവപ്പെട്ട കലാകാരനിൽനിന്ന്, ടാറ്റാ സെന്ററിലെ ചിത്രകലാപവലിയനിൽ നിൽക്കുന്ന ഹുസൈനിലേക്കുള്ള ദൂരം എത്രയോ വലുതായി തോന്നുകയും ചെയ്തിരുന്നു.
ഇന്ത്യൻ സ്ത്രീത്വത്തിന്റെ മാതൃകയായി മാധുരി ദീക്ഷിതിനെ കൊട്ടിഘോഷിച്ച് വാർത്തകളിൽ വിവാദപുരുഷനായപ്പോഴും ഹുസൈൻ കൂടുതൽ കൂടുതൽ ബാലിശനാവുകയാണല്ലോ എന്ന് തോന്നാതിരുന്നില്ല. ഏറെക്കുറെ ആ തോന്നലുകളൊന്നും ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടുമില്ല. ചിത്രകലയെക്കുറിച്ച് വലിയ പിടിപാടുകളൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ടാകാം, ഹുസൈൻ ചിത്രങ്ങളെ വിലയിരുത്താനും ഞാനാളല്ല.
പക്ഷേ എം.എഫ്.ഹുസൈൻ എന്ന കലാകാരനെ ഇത്തരം സ്വകാര്യ ആസ്വാദന രീതികളും രുചികളും വെച്ച് മാത്രം അളക്കുന്നതെങ്ങിനെ? അറുപതിനായിരത്തോളം ചിത്രങ്ങൾ എം.എഫ്.ഹുസൈന്റേതായിട്ടുണ്ട്. വീണ വായിക്കുന്ന തുണിയുടുത്ത ഗണപതിയും, കുട്ടിയുമായി തെരുവിലുറങ്ങുന്ന അർദ്ധനഗ്നയായ ദരിദ്രയുവതിയും, അശ്വവേഗങ്ങളിലൂടെ ചിത്രീകൃതമാകുന്ന അശോകന്റെ കീർത്തിസ്തംഭവും, ഒരുപോലെ അതിൽ പെടും. മനുഷ്യരും പ്രകൃതിയും മൃഗങ്ങളും മനുഷ്യമൃഗങ്ങളും മൃഗമനുഷ്യരും എല്ലാവർക്കും ഹുസൈന്റെ ചിത്രത്തിൽ ഒരുപോലെ ഇടമുണ്ടായിരുന്നു. ഹിന്ദുക്കളുടെ ദൈവങ്ങളിൽ ആ മനുഷ്യൻ ഒരു അമിത സ്വാതന്ത്യമെടുത്തിട്ടുണ്ടെങ്കിൽ, അത് ഒരു കലാകാരന്റെ സ്വാതന്ത്ര്യം എന്നതിലുപരി, കലയുടെ സെക്കുലർ സ്വഭാവവുമായി അയാൾ നടത്തിയ ഉദാരമായ കൊടുക്കൽ വാങ്ങലിന്റെ ഭാഗമായിരുന്നു. വയസ്സറിയിച്ചിട്ട് ഒരു നൂറ്റാണ്ടുപോലും തികഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ദേശീയതയെയല്ല, മറിച്ച്, കണ്ണുനീർ പൊഴിക്കുന്ന സർവ്വംസഹയായ ഇന്ത്യൻ ഭൂമികയെയാണ് ഹുസൈൻ തന്റെ ‘നഗ്നയായ ഭാരതമാതാവിന്റെ‘ ചിത്രത്തിൽ അർത്ഥഗർഭമായി എഴുതിയത്. ഒരു ഭാഗത്ത് ഇന്ത്യൻ യോഗാത്മക്തയും, മറുഭാഗത്ത് കൊളോണിയലിസത്തിന്റെ വരവും, നഗ്നരൂപത്തിന്റെ പിന്നിൽ, കറുത്ത നിഴലായി മറ്റെന്തൊക്കെയോ അപായസൂചനകളും ഹുസൈൻ അതിസമർത്ഥമായി അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സർവ്വാഭരണവിഭൂഷിതയായി, ഉടുത്തൊരുങ്ങി, ശൂലവുമേന്തി പുലിപ്പുറത്തേറിവരുന്ന സുന്ദരിയായ ഭാരതമാതാവിനെ ശിവകാശിക്കാരന് സങ്കൽപ്പിക്കാമെങ്കിൽ, തന്റേതായ രൂപത്തിൽ ഭാരതമാതാവിനെ സങ്കൽപ്പിക്കാൻ ഹുസൈനും നിസ്സംശയം അവകാശമുണ്ട്. ശിവകാശിക്കാരനെപ്പോലും വെല്ലുന്ന സ്റ്റൈലിൽ പരമ്പരാഗതസങ്കൽപ്പത്തോടിണങ്ങുന്ന ഹൈന്ദവ ദേവീദേവന്മാരുടെ ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച്, ഒരു പക്ഷേ അത് മടുത്തിട്ടാകാം, ആ ഭാവനാലോകത്തിന്റെ അതിരില്ലാത്ത മറുദേശങ്ങളിലേക്ക് കുതിക്കാൻ ചങ്കൂറ്റം കാണിച്ചവനെയാണ്, ചിത്രകലയുടെ നൈതികതയും ബാലപാഠങ്ങളും അറിയാത്ത തുണിയുടുത്ത ആഞ്ജനേയന്മാർ ഇവിടെനിന്ന് തുരത്തിയോടിച്ചത്. അവർക്കുമേൽ ചരിത്രം വിധിയെഴുതട്ടെ.
അറുപതിനായിരം ചിത്രങ്ങളിൽനിന്ന് വെറും ഏഴോ എട്ടോ ചിത്രങ്ങൾ പൊക്കിക്കാട്ടിയാണ് ഹിന്ദുകോമരങ്ങൾ ഉറഞ്ഞുതുള്ളിയത്. ആ ചിത്രങ്ങൾക്ക് ഹുസൈൻ നൽകിയ തലക്കെട്ട് വായിച്ചിരുന്നുവോ ഈ ഹിന്ദു കോമരങ്ങളിലാരെങ്കിലും? പുലിപ്പുറത്തേറിയ ദുർഗ്ഗയെന്ന യഥാർത്ഥ ചിത്രശീഷകത്തിന്, പുലിയുമായി സംഭോഗത്തിലേർപ്പെടുന്നവളെന്ന ചെല്ലപ്പേരിട്ടത് ആരാണ്, ഹുസൈനോ, മറ്റാരാനോ? പുറം തിരിഞ്ഞുനിൽക്കുന്ന നഗ്നസന്ന്യാസിയെയും, വാളൂരുന്ന തുണിയുടുത്ത മുസൽമാനെയും ഒരുപോലെ പൊളിച്ചെഴുതുന്ന ഹുസൈൻ വരകളെ എന്തുകൊണ്ടാണ് വിശ്വജന്തുപ്പരിഷകൾ കാണാൻ വിസമ്മതിച്ചത്? പ്രാചീനരും ആധുനികരുമായ എത്രയെത്രപേർ ദേവീദേവന്മാരുടെ
നഗ്നതയെ ചിത്രങ്ങളിലും ശിൽപ്പങ്ങളിലും കാവ്യങ്ങളിലും ആഘോഷിച്ചിട്ടുണ്ട്. അതിലൊന്നും ആരും അശ്ലീലത കാണുകയോ അതിനെതിരെ ആരും വാളിളക്കിയതായോ കേട്ടിട്ടില്ല. എന്നിട്ടെന്തേ ഹുസൈൻ മാത്രം? ഹുസൈനായതുകൊണ്ടോ?
കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് ഹുസൈൻ ഇസ്ലാം ബിംബങ്ങളിൽ തന്റെ ആവിഷ്ക്കാരങ്ങൾ പരീക്ഷിക്കാൻ ധൈര്യം കാണിച്ചില്ല എന്ന മറുചോദ്യക്കാർ നിരവധിയാണ്. തെറ്റ്. “മീനാക്ഷി, മൂന്നു നഗരങ്ങളുടെ കഥ“ എന്ന സിനിമയിൽ ഖുറാൻ വചനങ്ങൾ ഉപയോഗിച്ച ഹുസൈനെതിരെ വാളോങ്ങിയ അസഹിഷ്ണുക്കളായ മുസ്ലിം വർഗ്ഗീയ കോമരങ്ങളും ഇവിടെയുണ്ടായിരുന്നു. ഒരിക്കലും ഒരുമിക്കാത്ത എല്ലാ ഉലമകളും ഒരുമിച്ചാണ് അപ്പോൾ ആ സിനിമക്കെതിരെ പടവാളിളക്കിയത്. ഹിന്ദുക്കളുടെ വികാരങ്ങൾ മുറിപ്പെട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ മാപ്പു പറഞ്ഞ ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന് ആ സിനിമയും പിന്നീട് പിൻവലിക്കേണ്ടിവന്നു.
നഗ്നപാദങ്ങളിൽനിന്ന് ഫെരാരിയുടെ സുഖശീതളിമയിലേക്കും, തെരുവിലെ കൂറ്റൻ സിനിമാപരസ്യങ്ങളുടെ ആപൽക്കരവും അരക്ഷിതവുമായ ഉയരങ്ങളിൽനിന്ന് പഞ്ചനക്ഷത്രപ്രദർശനശാലകളിലേക്കും കൂടു മാറിയപ്പോഴും, ഇന്ത്യയെ നൂറു ശതമാനവും സ്നേഹിച്ച ഒരു കലാകാരനായിരുന്നു എം.എഫ്.ഹുസൈൻ. ദൈവത്തന്മാരെ പട്ടുകുപ്പായമണിയിച്ച മുഗളന്മാരുടെയും വിക്ടോറിയന്മാരുടെയും കലാസങ്കൽപ്പങ്ങളുമായി അബോധപരമായി കലഹിച്ച്, അവരെ അവരുടെ പ്രാചീനമായ നഗ്നതയിലേക്ക് പറിച്ചുനട്ടവനായിരുന്നു അയാൾ. സുന്ദരികളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. സ്വന്തം സർഗ്ഗാത്മകതയിലുള്ള വിശ്വാസത്തേക്കാളേറെയായി സ്വന്തം ജീവനുനേരെയുള്ള ഭീഷണികളെ ഭയപ്പെട്ടിരുന്ന ഒരു പാവം വൃദ്ധൻ.
അങ്ങിനെയുള്ള മനുഷ്യനെയാണ് നമ്മൾ ആട്ടിയോടിച്ചതും,
ഞരമ്പുരോഗിയെന്ന് മറ്റുചിലർ മുദ്രകുത്തുന്നതും. വാർദ്ധക്യത്തിൽ ഞരമ്പുകൾ ക്ഷയിച്ചേക്കാം, ദുർബ്ബലമായേക്കാം. പക്ഷേ അതൊരു രോഗമല്ല. മരിച്ചവരെ പോലും ഭയക്കുന്ന, വരകളെയും വരികളെയും വാക്കുകളെയും സംഗീതത്തെയും ഉറക്കത്തിലും ഉണർവ്വിലും, ബോധത്തിലും അബോധത്തിലും ഒരുപോലെ ഭയപ്പെടുന്ന, സ്വന്തം വിശ്വാസസംഹിതകളുടെ ഉള്ളുറപ്പിൽ വിശ്വാസമില്ലാത്തവരുടേതാണ് യഥാർത്ഥ ഞരമ്പുരോഗം.
രോഗം സർവ്വസാധാരണമാണെങ്കിലും അതിനുള്ള മരുന്നാകട്ടെ, ഇന്നുവരെ ആരും കണ്ടെത്തിയിട്ടുമില്ല.