Wednesday, December 14, 2011

നിങ്ങളുടെ ‘മാലാഖമാർ’ പറയുന്നത്



നഴ്സുമാരെ പിടിച്ച് മാലാഖമാരാക്കുമ്പോൾ നമ്മൾ വാസ്തവത്തിൽ അവരെ അപമാനവീകരിക്കുകയാണ് ചെയ്യുന്നത്. രോഗവും മരണവും പടച്ചുവിടുന്ന (വിശ്വാസികളുടെ) ദൈവത്തിന്റെ നീതിരഹിതമായ തീർപ്പുകളെ പ്രതിരോധിക്കുന്നവരാണവർ. അവരെ ദൈവത്തിന്റെ താഴെ പ്രതിഷ്ഠിച്ച് വീണ്ടും അപമാനിക്കരുത്.

കേൾക്കാൻ സുഖമുള്ള ലേബലിടാൻ സമർത്ഥരാണ് നമ്മൾ. ദൈവമാണ്, കാരുണ്യക്കടലാണ്, ക്ഷമയുടെയും സഹനത്തിന്റെയും ഹെഡ്ഡാഫീസാണെന്നൊക്കെ പറഞ്ഞ് അമ്മമാരെ  നമ്മളങ്ങിനെ ലേബലിട്ട് മനുഷ്യജീവി എന്ന വർഗ്ഗത്തിൽ നിന്ന്, സ്ത്രീ എന്ന സ്വത്വത്തിൽനിന്ന് പണ്ടേ പടിയടച്ച് പിണ്ഡം വെച്ചതാണ്. ഹരിജനങ്ങളെന്ന് ഓമനപ്പേരിട്ട് മറ്റു ചിലരെയും പണ്ട് നമ്മൾ ഒരിക്കൽ ഒതുക്കാൻ നോക്കി.  അവർ പക്ഷേ ആ ലേബലഴിച്ചുവെച്ച്, ദളിതനെന്നു പേരുമാറ്റി പുറത്തുവന്നു.

മാലാഖമാർക്കും നമ്മൾ അങ്ങിനെ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. സേവനം മാത്രമേ അവർക്ക് വിധിച്ചിട്ടുള്ളു. അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുമാത്രമാണ്. നമുക്ക് വേണ്ടി ഉണ്ടാവേണ്ടവർ, നമ്മുടെ രക്തവും മലവും മൂത്രവും കഫവും വ്രണങ്ങളും കഴുകി വൃത്തിയാക്കേണ്ടവർ. നമ്മുടെ പരിചാരികമാർ. അത്രത്തോളമേ അവർ മാലാഖമാരാകുന്നുള്ളു. ഡ്യൂട്ടിക്ക് വരാൻ താമസിച്ചാൽ, മരുന്നു തരാനോ കുത്തിവെക്കാനോ വൈകിയാൽ, കിടക്കവിരി മാറ്റാൻ മറന്നുപോയാൽ, സമയാസമയത്തെത്താത്തി നമ്മുടെ സുഖസൌകര്യങ്ങൾ നോക്കാൻ അമാന്തിച്ചാൽ നമ്മുടെ തെറിവിളിയും പഴിയും കേൾക്കേണ്ട മാലാഖമാരാണിവർ.  ദൈവത്തിനെ ചീത്ത വിളിക്കാനാവില്ലല്ലോ. അപ്പോൾ ആ കലിപ്പു തീർക്കാൻ നമുക്ക് മാലാഖമാർ തന്നെ വേണം. വിശ്വാസികളുടെ ദൈവത്തിന്റെ ഈ രണ്ടാം നിര പൌരന്മാരോട് ഇന്നലെ വരെ നമ്മളെടുത്തിരുന്ന ഈ നിലപാടിനെ സാധൂകരിക്കാനാണ് നമ്മളവർക്ക് ഈ മാലാഖാ പട്ടം അണിയിച്ചത്.

ആതുരസേവനത്തിന്റെ താഴത്തെ പടിയിലുള്ള ഈ മാലാഖമാരെ കാണാൻ നമുക്ക് മുംബയിലെയും ദില്ലിയിലെയും കൊച്ചിയിലെയും കൊല്ലത്തെയും സമരങ്ങൾ വേണ്ടിവന്നു. പക്ഷേ അപ്പോഴും നമ്മൾ ഭൂരിപക്ഷത്തിന് ആതുരാലയങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവർ മാത്രമാണ് അവർ.  ആതുരാലയങ്ങളെ ദൈവങ്ങളും ദൈവത്തിന്റെ കങ്കാണികളും ക്രമാനുഗതമായി കൈവശപ്പെടുത്തിയപ്പോഴും ഈ മാലാഖമാരെ നമ്മൾ കണ്ടില്ല. അവർക്ക് നമ്മൾ വിശേഷാൽ ചിറകുകളൊന്നും നൽകിയതുമില്ല. മനുഷ്യകുലത്തിന്റെ സേവനം മാത്രമേ മാലാഖമാർക്ക് വിധിച്ചിട്ടുള്ളു എന്നു നമ്മൾ തീർപ്പു കൽ‌പ്പിച്ചു. നമുക്ക് കിട്ടുന്ന സേവനത്തിനും നമ്മൾ നൽകുന്ന സേവനത്തിനും പന്തിയിൽ നമ്മൾ വെവ്വേറെ ഇലയിട്ടു.

മക്കളെ മാലാഖമാരാക്കുന്നത് നമുക്കാലോചിക്കാൻ പോലും വയ്യ. ആ മാലാഖാപട്ടം സാമ്പത്തിക-സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിലുള്ള, മറ്റൊരു നിവൃത്തിയുമില്ലാത്തവർക്കിരിക്കട്ടെ എന്ന് ഉദാരമതികളായി നമ്മൾ. ഭിഷഗ്വര ദൈവങ്ങളാക്കാനായിരുന്നു നമ്മൾക്ക് മക്കൾ. അതിനാകാത്തവർ മാത്രം തങ്ങളുടെ മാലാഖക്കുട്ടികളെ ആശുപത്രികളുടെ ഇടനാഴികളിലേക്ക് പറത്തിവിട്ടു. ദാരിദ്ര്യത്തിലും ജീവിത ദുരിതങ്ങളിലും പെട്ട് ചിറകുമുറിഞ്ഞ് അവർ അലഞ്ഞു. തൊഴിലിനു മാന്യത കിട്ടാനും, വിശപ്പകറ്റാനും കടലുകടക്കേണ്ടിവരുകപോലും ചെയ്തു മാലാഖമാർ പലർക്കും.

മാലാഖമാർ ദൈവത്തിന്റെ അടിമകളോ, അവരിലും ഒരുപടി താഴ്ന്നവരോ മാത്രമാണ്. യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ചു മാത്രം അവതരിക്കുകയും ജീവിതോദ്ദേശ്യം നിർവ്വഹിക്കുകയും അതു കഴിഞ്ഞാൽ മാലാഖമാരല്ലാതാവുകയും ചെയ്യുന്ന വർഗ്ഗം. ബീനയും രമ്യയും വിനീതയുമൊന്നും ഒരു ദൈവത്തിന്റെയും ഇംഗിതമല്ല നടപ്പാക്കുന്നത്. മുന്നേ സൂചിപ്പിച്ചപോലെ വിശ്വാസികളുടെ ദൈവത്തിന്റെ ഹിതത്തിനെ തങ്ങളാലാവും വിധം ധീരമായി ചെറുത്ത് മനുഷ്യനെ രോഗ-മരണങ്ങളിൽനിന്ന് രക്ഷിക്കാനും എല്ലാ പ്രതികൂലാവസ്ഥകളോടും എതിരിട്ട് മനുഷ്യപക്ഷത്തു നിൽക്കാനും ദൃഢനിശ്ചയമെടുത്തവരാണവർ. ഏറിയാൽ ഹെഡ് നേഴ്സെന്ന വറചട്ടിയോളമേ എത്തൂ എന്നറിയാമായിരുന്നിട്ടും പരാതികളൊന്നുമില്ലാതെ നമ്മുടെ വളരെയടുത്ത്, നമ്മെത്തൊട്ട്, രാവും പകലും കൂടെ നിൽക്കുന്നവർ. ഈ ഭൂമിയിൽത്തന്നെ.

മാലാഖമാരല്ല അവർ. ഇത്രനാളും നമ്മൾ കാണാൻ കൂട്ടാക്കാതിരുന്ന നമ്മെപ്പോലെത്തന്നെയുള്ള മനുഷ്യജീവികൾ. അളമുട്ടിയാൽ, വേണ്ടിവന്നാൽ, ജീവിതത്തിനും മരണത്തിനുമിടക്ക് നമ്മെ അമ്മാനമാടാൻ കഴിവുള്ളവർ. രോഗാതുരതയുടെ വിവേചനമില്ലായ്മയും രോഗഗ്രസ്തമായ ജീവിതങ്ങളുടെ നിസ്സഹായതയും വെപ്രാളവും ഫലിതവും ദിവസവും നേരിട്ടു തൊട്ടറിയുന്നവർ. ഏതൊരു ദൈവത്തേക്കാളും മാലാഖയേക്കാളും ശക്തിശാലികൾ. മനക്കരുത്തുള്ളവർ. സഹാനുഭൂതിയുള്ളവർ. അദ്ധ്വാനികൾ.

അവരെ മനുഷ്യരായി പരിഗണിക്കുകയും അവരുടെ തൊഴിലിനെ മാനിക്കുകയും മതിയായ വേതനം നൽകുകയും ചെയ്താൽ മാത്രം മതിയാകും. മകന് പെണ്ണാലോചിക്കുമ്പോൾ നഴ്സെന്നു കേട്ട് നിങ്ങൾ മുഖം ചുളിക്കാതിരുന്നാൽ മാത്രം മതിയാകും. അത്രയൊക്കെയേ വേണ്ടൂ അവർക്ക്. 

നിങ്ങളുടെ മാലാഖപ്പട്ടമൊന്നും അവർക്കു വേണ്ട.

13 comments:

Rajeeve Chelanat said...

നിങ്ങളുടെ ‘മാലാഖമാർ’ പറയുന്നത്

Anonymous said...

തിളച്ചു മറിയുന്ന രാഷ്ട്രീയ സാമൂഹിക ജീവിതങ്ങ്ളോട് ,ഒട്ടൊക്കെ അരാഷ്ട്രീയവും വലതുപക്ഷപരവുമായ നിലപാടും നിസ്സനഗ്ഗതയും മുഖമുദ്രയാക്കി പുറംതിരിഞ്ഞു നിന്നത് തന്നയാണ് ഈ‘മാലാഖ'മാർക്ക് പറ്റിയപാളിച്ച ,അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കാന്‍പോലും കൂട്ട്ക്കാതെ തന്നിലേക്ക് തന്നെ ചുരുങ്ങിയത് തന്നെയാണ് ദുരിതം ഇത്രയധികം വര്‍ദ്ടിപ്പിക്കാന്‍ കാരണമാക്കിയത്.
എല്ലാ ദുരിതങ്ങളും പള്ളിയില്‍പ്പോയി മുട്ടിപായി പ്രാര്‍ത്ഥിച്ചാല്‍ തീരുമെന്ന മത്തായി സുവിശേഷത്തില്‍ അഭയം കണ്ടവര്‍ , ളോഹയിട്ട അച്ഛന്മാരില്‍ അവസാനിക്കുന്ന വിശ്വാസജീവിതങ്ങളുടെ ദുരവസ്ഥ!
പൊതുജീവിതത്തിന്റെഅനുഭവമില്ലയമതന്നെയാണ്ഒരു പക്ഷെ മുംബയിലെ സമരതിനടിയിലേക്ക് കടന്നു വന്ന മാരീചാവേഷങ്ങളെ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതും സമരം പൊളിയുന്ന അവസ്ഥയില്‍ എത്തി ചേര്‍ന്നതും എന്ന് കാണാന്‍ കഴിയും. പരാജയപ്പെട്ട സമരങ്ങള്‍ എല്ലാം ഈ മലഖമാരുടെ വര്‍ഗ്ഗബോധം ഊട്ടി ഉറപ്പികാനുള്ള നിമിത്തമാവട്ടെ എന്ന ആശിക്കുന്നു.

Rajeeve Chelanat said...

അനോണീ,

വളരെ ശരിയാണ് പറഞ്ഞത്. കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവത്തില്‍ ഒട്ടുമിക്ക പൌരസമൂഹങ്ങളും അവരവരുടെ അരാഷ്ട്രീയ നിലപാടുകളും നിസ്സംഗതയും തുടരും എന്നും കാണേണ്ടതാണ്. സംഘടിക്കാന്‍ തുടങ്ങുക എന്നത് ചരിത്രപരമായ ഒരു ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. അത്തരമൊരു അവസരമാണ് ഈ വിഭാഗത്തെ ഇന്ന് തേടിയെത്തിയിരിക്കുന്നത്.വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സംഘടിതശേഷി നന്നായി അറിയുന്നവര്‍ക്ക് പോലും ഇത്തരം മാരീചവേഷങ്ങളെ തിരിച്ചറിയാന്‍ ചിലപ്പോള്‍ കഴിയാതെ വരുന്നത് നമ്മള്‍ കാണുന്നുമുണ്ട്. അപ്പോള്‍ ഇവരില്‍ പഴി ചാരുന്നത് രാഷ്ട്രീയമായി ശരിയാവില്ല.

"പരാജയപ്പെട്ട സമരങ്ങള്‍ എല്ലാം ഈ മാലാഖമാരുടെ വര്‍ഗ്ഗബോധം ഊട്ടി ഉറപ്പികാനുള്ള നിമിത്തമാവട്ടെ“ എന്ന് താങ്കളെപ്പോലെ ഞാനും ആശിക്കുന്നു.

അഭിവാദ്യങ്ങളോടെ

Anonymous said...

അരാഷ്ട്രീയവും വലതുപക്ഷപരവുമായ നിലപാടും..!!! ഇടതുപക്ഷം എന്ത് ചെയ്യുന്നു ഇത്തരം കാര്യങ്ങളില്‍ എന്നു കൂടി വിശധികരിക്കാമോ? എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും പണക്കാരായ മുതലാളികള്‍ക്കോപ്പം തന്നെയാണ്..
സന്തോഷ്‌..

Anonymous said...

അമൃതയില്‍ നഴ്സുമാരുടെ കൂട്ട പിരിച്ചുവിടല്‍
കൊച്ചി : നഴ്സുമാരെ ദേഹോപദ്രവം ചെയ്തു വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കൂട്ട പിരിച്ചു വിടല്‍. 200 ലധികം നുഴ്സുമാരെയാണ് ഇന്ന് പിരിച്ചു വിട്ടത്. ഇന്‍്റെണ്‍ഷിപ് കാലാവധി പൂര്‍ത്തിയായെന്നു ചൂണ്ടികാട്ടിയാണ് ഇത്. സംഭവത്തില്‍ പ്രതിഷേധവുമായി നഴ്സിംഗ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Rajeeve Chelanat said...

സന്തോഷ് എന്ന അനോണീ,

“എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും പണക്കാരായ മുതലാളികള്‍ക്കൊപ്പം തന്നെയാണ്“ എന്ന് അഭിപ്രായമില്ല.

ഈ വിഭാഗങ്ങളെ സംഘടിപ്പിക്കാൻ കഴിയാതെ പോയത് ഒരു വീഴ്ചയാണെന്ന് സമ്മതിക്കാം. അതിനു പല കാരണങ്ങളുണ്ട്. ഇവരിൽ ഭൂരിഭാഗവും മതസമുദായങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളും, കർക്കശമായ തൊഴിൽ വ്യവസ്ഥകളിൽ പ്രവർത്തിക്കുന്നവരുമാണ്. അത്യാവശ്യ സേവന വിഭാഗത്തിലെ ആളുകളെന്ന നിലക്കുള്ള പരിമിതികളും സംഘടിക്കുന്നതിൽനിന്ന് അവരെ അകറ്റിയിട്ടുണ്ട്. അതിനും പുറമെ, നഴ്സിംഗ് തൊഴിലിലേക്ക് വരുന്നവരുടെ സാമൂഹിക ചുറ്റുപാടുകളും, അവർ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളിൽ നിന്ന് അവർക്ക് കിട്ടിയിട്ടുള്ള സാമ്പത്തികമായ സഹായങ്ങളും മറ്റും, സംഘടിക്കുന്നതിൽ നിന്ന് അവരെ ഗണ്യമായി പിന്തിരിപ്പിച്ചിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഇക്കൂട്ടരെ സംഘടിപ്പിക്കുക എന്നത് എളുപ്പമായിരുന്നില്ല.

United Nurses Association പോലുള്ള സംഘടനകളുടെ വരവോടെ അവരും സംഘടിത തൊഴിൽ വർഗ്ഗമായി മാറിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആഗോളവത്ക്കരണത്തിന്റെ വിപരീതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇനി അവർക്കും സംഘടിതമായി മാത്രമേ നിലനിൽക്കാനാവൂ എന്ന് അവർ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്, ഇവിടുത്തെ കാര്യം മാത്രമല്ല. ലോകമൊട്ടുക്കും, കൂടുതൽക്കൊടുതൽ തൊഴിലാളി വിഭാഗങ്ങൾ സംഘടിതശക്തിയുടെ ആവശ്യം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

അഭിവാദ്യങ്ങളോടെ

Anonymous said...

നേഴ്സുമാര്‍..,ചെഗുവേരയെയും,,ഗ്രംഷിയെയും, ലെനിനേയും,ബിഷപ്പ് പൗലോസ്‌ മാര്‍ പൌലൊസിനെയും ഒക്കെ വായിക്കുന്ന വസന്ത കാലത്തിനായ്‌ നമുക്ക് കാത്തിരിക്കാം !

Anonymous said...

ശരി സമ്മതിക്കുന്നു.. പക്ഷെ ഇവിടുത്തെ ഒരു പ്രമുഖ രാഷ്ട്രിയ പാര്‍ട്ടിയോടും affiliate ചെയ്യാതെ മുന്നോട്ടു പോകാന്‍ ഇവരെ സമ്മതിക്കുമോ? ഇപ്പോള്‍തന്നെ അമൃതയിലും ശങ്കര്‍സിലും അവരെ ശരീരികകായി ആക്രമിച്ചിട്ടു എത്ര പേര്‍ക്കെതിരെ നടപടിഎടുത്തു? ഏതെന്കിലും മുഖ്യധാര പാര്‍ട്ടികള്‍ അതിനെതിരെ ചെറുവിരല്‍ ഇളക്കിയോ?
സന്തോഷ്‌..
(I am not able to post comments thru google id. that is why posting as anonymous)

Anonymous said...

ശരി സമ്മതിക്കുന്നു.. പക്ഷെ ഇവിടുത്തെ ഒരു പ്രമുഖ രാഷ്ട്രിയ പാര്‍ട്ടിയോടും affiliate ചെയ്യാതെ മുന്നോട്ടു പോകാന്‍ ഇവരെ സമ്മതിക്കുമോ? ഇപ്പോള്‍തന്നെ അമൃതയിലും ശങ്കര്‍സിലും അവരെ ശരീരികകായി ആക്രമിച്ചിട്ടു എത്ര പേര്‍ക്കെതിരെ നടപടിഎടുത്തു? ഏതെന്കിലും മുഖ്യധാര പാര്‍ട്ടികള്‍ അതിനെതിരെ ചെറുവിരല്‍ ഇളക്കിയോ?
സന്തോഷ്‌..
(I am not able to post comments thru google id. that is why posting as anonymous)

Rajeeve Chelanat said...

സന്തോഷ്,

പ്രൈവറ്റ് ഹോസ്പിറ്റൽ എം‌പ്ലോയീസ് ഫെഡറേഷൻ അടക്കമുള്ള പല ഇടതുപക്ഷ സംഘടനകളും ഇതിൽ ഇടപെട്ടിട്ടുണ്ട്. മറ്റുള്ളവരും.

അഫിലിയേഷന്റെ കാര്യമൊന്നും അറിയില്ല. പക്ഷേ സ്വതന്ത്ര സംഘടനയായി രൂപീകരിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടില്ല എന്നറിയാം. യു.എൻ.എ. എന്ന സംഘടനയിൽ (United Nurses Assn) എല്ലാ വിഭാഗം തൊഴിലാളികളും അംഗങ്ങളാണ്. നഴ്സുമാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കേസുകളുമെടുത്തിട്ടുണ്ട്. ഇടതു-വലതുപക്ഷ ഭേദമില്ലാതെ രാഷ്ട്രീയകക്ഷികൾ നഴ്സുമാർക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ചതായും വാർത്തകൾ കണ്ടിരുന്നു.

ഇരട്ടത്താപ്പുകളൊക്കെ ഇതിനിടയിലും നടക്കുമെന്നത് മൂന്നരത്തരം..മുംബൈയിലെ നഴ്സുമാരുടെ സമരം തുടങ്ങിയ ഉടനെ കേരള കോൺഗ്രസ്സിന്റെ സുന്ദരക്കുട്ടന്മാർ അവിടെ പോയി പ്രശ്നങ്ങളൊക്കെ തീർത്തു എന്നൊക്കെ നമ്മൾ വായിച്ചതല്ലേ?

Anonymous said...

ഒരു corporate heaven ആയ ബോംബെയില്‍ പോലും സമരം ചെയ്തവരെ ശാരീരികമായി ആക്രമിക്കുവാന്‍ അവര്‍ മുതിര്‍ന്നില്ല.. രാഷ്ട്രിയ പ്രബുധര്‍ എന്ന് അവകാശപ്പെടുന്ന സമരങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ പക്ഷെ അതുണ്ടായി.. അവര്‍ക്ക് എങ്ങനെ അതിനുള്ള ധൈര്യം കിട്ടി? ആ ചോദ്യത്തിനുള്ള ഉത്തരമാണ് നേരത്തെ ഞാനിട്ട കമന്റിന്റെ ആശയം.. (സമരം ചെയ്തത് citu, aituc, bms തുടങ്ങിയവര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നോ?)
സന്തോഷ്‌..

Anonymous said...

പാര്‍ട്ടി ലെവിയും പിരിവും ഒക്കെ തരാന്‍ കോശ സ്ഥിതി ഉണ്ടാകുന്നിടത്തെ പാര്ടീ യൂണിയന്‍ സംഘടിപ്പിക്കു , ഇപ്പോള്‍ കുടുംബശ്രീ പച്ച പിടിക്കുന്നു അവിടെ ഉടനെ പാര്‍ടി കയ്യടക്കും

നര്സുമാരെക്കാള്‍ പീഡനം അനുഭവിക്കുന്ന ഒരു വിഭാഗം ആണ് സെയില്‍സ് ഗേള്‍സ്‌ അവിടെ ഒരു യൂണിയനും ഇതുവരെ വന്നിട്ടില്ല പാര്‍ടി കോണ്ഗ്രസും ബക്കറ്റ് പിരിവും ഒക്കെ കടയില്‍ നിന്നല്ലേ കിട്ടു അല്ലാതെ സെയില്‍സ് ഗേള്‍ ആയിരം രൂപയില്‍ നിന്നും എന്ത് തരാന്‍ ?

ലേഖനത്തോട് യോജിക്കുന്നു ധീര ജവാന്റെ മ്രതദേഹം മാലാഖയുടെ മ്രതദേഹം ഒക്കെ എഴുന്നള്ളിച്ചു അതിന്റെ മുന്നില്‍ കണ്ണീര്‍ വീഴ്ത്തുന്നതും ഓസ്കാര്‍ അഭിനയം നടത്തുന്നതും പതിവാണ് , അറുപതില്‍ പരം ചാനാലുകള്‍ അത് ഒപ്പിയെടുക്കാനും മത്സരിക്കുന്നു

ഡല്‍ഹിയിലും മറ്റും ഒരു ഫ്ലാടിനു ആറായിരം ഏഴായിരം രൂപ വാടകയും പഗടിയും കൊടുക്കണം അതില്‍ പത്തു പന്ത്രണ്ട് മനുഷ്യ മാലാഖമാര്‍ കഴിയുന്നു മൂവായിരം നാലായിരം രൂപയ്ക്കു പണി എടുക്കുന്നു

ഇവരെ ഇപ്പോള്‍ യൂണിയന്റെ പേരില്‍ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുന്നു എങ്കിലും നടക്കില്ല കാരണം തലയില്‍ ചിന്തിച് മരുന്നൊക്കെ കൊടുക്കാനും ഒക്കെ മലയാളി പെണ്ണുങ്ങളുടെ കഴിവ് വടക്കെ ഇന്ത്യക്കാര്‍ക്കില്ല , മാന്യമായി പെരുമാടം ഇവര്‍ക്ക് ട്രെയിനില്‍ പോലും കിട്ടുന്നില്ല

എല്ലാവരും ഇവരെ കുഴപ്പം കേസുകള്‍ ആയിട്ടാണ് ഇന്നും കാണുന്നത്

വാരംഗലിലും മറ്റും പഠിക്കാന്‍ പോകുമ്പോള്‍ മുതല്‍ ഇവര്‍ ചൂഷണത്തിന് വിധേയരാണ് , എന്നെങ്കിലും ഈ നശിച്ച രാജ്യം വിട്ടു ഗള്‍ഫിലോ ജര്‍മ്മനിയിലോ പോയി ഒരു കര പിടിക്കാമെന്ന പ്രതീക്ഷ ആണ് ഇവരെ മുന്നോട്ട് നയിക്കുന്നത് , നല്ല ന്ര്സിംഗ് സ്കൂളുകള്‍ കേരളത്തില്‍ തന്നെ നടത്തുക പഠനത്തോടൊപ്പം ഇംഗ്ലീഷ് സ്പീക്കിംഗ് അമേരിക്കന്‍ അകസന്റ്റ് പഠിപ്പിക്കല്‍ ഒക്കെ കൂടി നടത്തി കുറേക്കൂടി നിലവാരം ഉയര്‍ത്താന്‍ ഗവണ്മെന്റിനു ശ്രമിക്കാം അച്ചന്മാര്‍ക്കും ശ്രമിക്കാം

Anonymous said...

രുകാലത്ത് കേരളത്തിലെ അന്ഗന്‍വാടി (ബാലവാടി )കളില്‍ ജോലി ചെയ്യുന്ന ടീച്ചര്‍മാരുടെയും ആയമാരുടെയും സ്ഥിതി വളരെ പരിതാപകരമായിരുന്നു . മാസം അഞ്ഞൂറരൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ഒരു വിഭാഗം ആയിരുന്നു അവര്‍ . എന്നാല്‍ നിരന്തരമായ പോരട്ടതിലുടെ,ഇന്ദ്രപ്രസ്ഥത്തില്‍ അടക്കം പോയി ധീരമായ സമരം നടത്തികൊണ്ട് ഇന്ന് മാന്യമായ ശമ്പളം നേടിയെടുക്കുന്ന തരത്തിലേക്ക് ഇവരുടെ സമരങ്ങള്‍ വിജയം കണ്ടു .അത്പോലെ തന്നെ ആശവര്‍ക്കമാരും ഇന്ന് പോരാട്ടത്തിന്റെ പാതയില്‍ ആണ്, ഇതും വിജയം കാണുക തന്നെ ചെയ്യും .ഇത്തരം ഒരു അവകാശ പോരാട്ടത്തിനു ഈ ജനവിഭാഗം ചേര്‍ന്ന് നിന്നത് കേരളത്തിലെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒപ്പം ആയിരുന്നു . അവരുടെ സംരക്ഷകരായി അവര്‍ കണ്ടത് കേരളത്തിലെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആയിരുന്നു .കേരളത്തിലെ പാവപ്പെട്ട കര്‍ഷക തൊഴിലാളിക്കും മറ്റു അവശ വിഭാഗങ്ങള്‍ക്കും മാന്യമായി ജീവിക്കുന്നതിനുള്ള അവസ്ഥ ഉണ്ടാക്കി കൊടുത്തത് ഇതേ പുരോഗമന പ്രസ്ഥാനങ്ങള്‍ തന്നെയാണ് എന്ന ഉജ്ജുവലമായ ചരിത്രം തന്നെ ഇതിനുള്ള കാരണം

എന്നാല്‍ എന്തായിരുന്നു നേഴ്സ് 'മാലാഖ' മാരുടെ അവസ്ഥ ..

പവ്വത്തില്‍ അച്ഛന്റെയും മാണി സാറിന്റെയും ജോസഫ്‌ സാറിന്റെയും പി സി ജോര്‍ജ്ജ് സാറിന്റെയും അനുയായികള്‍ ആണ് ഈ 'പീഡിത വര്‍ഗ്ഗത്തില്‍' ബഹുഭൂരിപക്ഷവും ! തലമുറകളായി കേരള കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്ന കുടുംബങ്ങളില്‍ ഭൂജാതരയവര്‍, നേഴ്സിംഗ് എന്ന ജോലിയുടെ പഴക്കത്തോടൊപ്പം തന്നെ പഴക്കമുള്ളതാണ് ഈ വിഭാഗത്തിന്റെ പീഡനവും എന്ന് അറിയാന്‍ വത്തിക്കാന്‍ വരെ പോകേണ്ട അവിശ്യവുമില്ല ! എന്ന്നിട്ടെന്തേ കുഞ്ഞിപെണ്ണെ..... ഇതുവരെ സാറമാരോന്നും തിരിഞ്ഞു നോക്കിയില്ല ? രക്ഷപ്പെടുത്തിയില്ല ? മുല്ലപ്പെരിയാര്‍ പൊട്ടി നാലു 'കേരള കോണ്‍ഗ്രസ്‌ ജില്ലകള്‍ ' ഒലിച്ച് ഇല്ലാതാവാന്‍ പോവുമ്പോള്‍ പോലും ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത ഈ വിശുദ്ധ പുണ്യാളന്‍മാര്‍ക്ക് എന്ത് നേഴ്സ്മാരുടെ പ്രശ്ന്നം!

അരമനയില്‍നിന്ന് അരങ്ങത്തേക്ക് കുതറി തെറിക്കാനുള്ള ശേഷി വീണ്ടെടുക്കുകയും കപടവേഷങ്ങളെ തിരച്ചറിഞ്ഞു കൊണ്ട് വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഭാഗമാകുന്ന പടയണിക്ക കയ് കോര്‍ക്കുകയാണ് ഇനിയെങ്കിലും അടിയന്തിരമയി ഇവര്‍ ചെയ്യേണ്ടത് .