Sunday, December 11, 2011

ദളിതം





ആനന്ദ് പട്‌വര്‍ദ്ധന്റെ പുതിയ ഡോക്യുമെന്ററി ‘ജയ് ഭീം കൊമ്രേഡ്’ കാണാനുള്ള ഭാഗ്യം വീണുകിട്ടി രണ്ടുദിവസം മുൻപ്.

1997-ജൂലായ് മാസത്തില്‍, മുംബൈയിലെ രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിതുകള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 10 ദളിത് പ്രവര്‍ത്തകരാണ്. അതില്‍ മനം നൊന്ത് വിലാസ് ഘോഗ്‌റെ എന്ന ഒരു ഒരു ദളിത് ഗായക/കവി തന്റെ ജീവിതം അവസാനിപ്പിക്കുന്നു. കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പട്‌വർദ്ധന്റെ ‘ബോംബെ അവർ സിറ്റി’ എന്ന പഴയ ഒരു ഡോക്യുമെന്ററിയിൽ ഒരു ഭാഗത്ത്, ഒരു കലാജാഥയിൽ ഈ ഗായകൻ പണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസത്തെ, അല്ലെങ്കില്‍ ആഴ്ചയിലെ വാര്‍ത്തകളില്‍, ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍, ഒതുങ്ങേണ്ടിയിരുന്ന, വാര്‍ത്തായാകുമായിരുന്നു വിലാസിന്റെ ആത്മഹത്യ. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തകളേ അല്ലാതായിരിക്കുന്നു നമുക്ക്. കോണ്‍ഗ്രസ്സ് ബി.ജെ.പി-ശിവസേന സര്‍ക്കാരുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇരകളായി തുടരുകയാണ് അവരിന്നും. ഖൈര്‍ലാഞ്ചിപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു.

അപ്പോഴാണ് ഒരാൾ നീണ്ട പതിന്നാലു വർഷം ആ കേസിനെ വിടാതെ പിന്തുടർന്ന് 2011-ൽ തന്റെ ഡൊക്യുമെന്ററിയുമായി വരുന്നത്. വിലാസ് ഘോഗ്‌റെയുടെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും, അയാളെ ആത്മഹത്യ ചെയ്യിപ്പിച്ചവരുടെയും മൊഴികളിലൂടെ ആ ദളീത ഗായകന്റെ ആത്മഹത്യയുടെയും അയാളുടെ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വഞ്ചനയുടെയും കഥ പറയുകയാണ് ആനന്ദ്.

തീട്ടപ്പറമ്പുകളില്‍ രാപ്പകലന്തിയോളം പണിയെടുക്കുന്നവരെയും, മുംബൈയുടെ മുന്തിയ കഫെകളിലിരുന്ന് ദളിതന്റെ നാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചമ്മമാരെയും, ‘ഇവറ്റകള്‍ക്ക് വേറെ വല്ലയിടത്തും പോയി കൂടരുതോ” എന്ന് രോഷം കൊള്ളുന്ന വല്യച്ഛന്മാരെയും, അംബേദ്ക്കറെന്ന് കേട്ടിട്ടേയില്ലാത്ത പ്രഭാതസവാരിക്കാരെയും, ജീവിതത്തിലൊരിക്കല്‍ പോലും ഒരു ദളിതനെ നേരിട്ടു കണ്ടിട്ടില്ലാതിരുന്നിട്ടും, അവനു കിട്ടുന്ന സംവരണത്തെക്കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്ന ബുദ്ധിമാന്ദ്യക്കാരായ കൌമാരപ്രായക്കാരെയും, തെരുവിലങ്ങോളമിങ്ങോളം അധസ്ഥിതന്റെ ചരിത്രാതീത ജീവിതവ്യഥകള്‍ പാടി നടക്കുന്ന ഹരികഥക്കാരെയും, കബീര്‍ കലാ കേന്ദ്രസംഘം എന്ന തെരുവുനാടകത്തിലെ ഉശിരന്മാരും ക്ഷുഭിതരുമായ ദളിത് യൌവ്വനങ്ങളെയും, നക്സല്‍ ബന്ധം ആരോപിച്ച് അണ്ടര്‍ഗ്രൌണ്ടിലെ മാളത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ശീതള്‍ എന്ന ജ്വലിക്കുന്ന ദളിത് ആക്റ്റിവിസ്റ്റിനെയും ഒക്കെ നിങ്ങള്‍ക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാനാകും.

ഉറക്കത്തിലായിക്കഴിഞ്ഞിരുന്ന ഗാന്ധിയെയും ജിന്നയെയും കാണാന്‍ സാധിക്കാതെ നിരാശരായി, പുലര്‍ച്ച് രണ്ടുമണിക്ക് തന്റെ വീട്ടിലെത്തിയ ദളിതരെ വാതില്‍ തുറന്ന് സ്വീകരിച്ച്ചുകൊണ്ട്   ‘അവര്‍ക്ക് ഉറങ്ങാന്‍ കഴിയും, അവരുടെ ആളുകള്‍ ഉണര്‍ന്നിരിക്കുകയല്ലേ, എന്റെ കാര്യം അതുപോലെയല്ലല്ലോ, എന്റെ ആളുകള്‍ ഉറക്കത്തിലല്ലേ. അപ്പോള്‍ എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും“ എന്നു ചോദിക്കുന്ന അംബേദ്ക്കറെ ഒരു ദളിത് ഗായകന്‍ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. കല്‍‌പ്പിത കഥയായിരിക്കാം. എങ്കിലും അതിന്റെ അര്‍ത്ഥതലം കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാകില്ല.

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..

8 comments:

Rajeeve Chelanat said...

ദളിതം

അനില്‍@ബ്ലോഗ് // anil said...

രാജീവ് അവസാനം പറഞ്ഞത് വാസ്തമാണ്, ഒരു പരിധി വരെ ഈ ഡോക്യുമെന്ററിയും കാണാനാളുണ്ടാവില്ല, എല്ലാവരും ഉറങ്ങുന്നു.

Rev. Sunil Raj Philip said...

Dear Rajeev,
Can u pl advice me, how I can contact Padwardhan?

മലമൂട്ടില്‍ മത്തായി said...

Thanks for the information. Do not know whether I will be able to get the documentary on DVD here. For my luck, I might even get it from the local library.

The sleeping can be woken, but those who pretend to sleep cannot be awaken.

Rajeeve Chelanat said...

അനിൽ,

പ്രദർശനത്തിന് (വെള്ളിയാഴ്ചയായിട്ടുപോലും) എട്ടുപത്തുപേരേ ഉണ്ടായിരുന്നുള്ളു..

സുനിൽ രാജ്,

മെയിലിൽ അയച്ചിട്ടുണ്ട്. ദുരുപയോഗം ചെയ്യരുത്.

മലമൂട്ടിൽ,

പുറത്തുവന്നിട്ട് അധികകാലം ആയിട്ടില്ല. അതുകൊണ്ട് ഡിവിഡി കിട്ടാൻ അൽ‌പ്പം താമസിച്ചേക്കും....ആയാൽ, അറിയിക്കാം..മെയിൽ വഴി ബന്ധപ്പെടൂ..

വായനകൾക്കു നന്ദി.
അഭിവാദ്യങ്ങളോടെ

kichu / കിച്ചു said...

"അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും.."

സത്യം.. സത്യം മാത്രം

ശ്രീജിത് കൊണ്ടോട്ടി. said...

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..

ശങ്കരനാരായണന്‍ മലപ്പുറം said...

അതെ!