Monday, July 7, 2014

ശൂര്‍പ്പണഖയുടെ പറയാത്ത കഥ

ദൃഷ്ണ കലിത (Drishana Kalita) എന്ന ആസ്സാമീസ് എഴുത്തുകാരിയുടെ ഈ കഥ "Women's Web" നടത്തിയ "Muse of the Month June 2014" മത്സരത്തില്‍ ആദ്യമെത്തിയ അഞ്ചു കഥകളില്‍ ഒന്നാണ്‌. Kafila-യില്‍ പുന:പ്രസിദ്ധീകരിച്ചത്.


ഞാന്‍ ശൂര്‍പ്പണഖ. രാമായണമെന്ന ഇതിഹാസത്തിലൂടെ അനശ്വരമാക്കപ്പെട്ട, പലര്‍ക്കും പാപവുമായി ബന്ധപ്പെട്ട ഒരു പേര്‌. എന്നെ ചൂണ്ടിക്കാണിച്ച് ഒരു അച്ഛനമ്മമാരും അവരുടെ പെണ്മക്കളോട് മാതൃകയാക്കാന്‍  പറയില്ല. നിങ്ങള്‍ ഒരുപക്ഷേ ചോദിച്ചേക്കാം, എന്തുകൊണ്ടാണതെന്ന്? കാരണം, ഞാന്‍ എന്റെ ശരീര കാമനതന്നെ. വിശുദ്ധിയും സ്ത്രീകള്‍ക്കു വേണ്ടുന്ന ഗുണങ്ങളും എല്ലാം തികഞ്ഞ സീതയുടെ നേര്‍ എതിര്‍‌വശത്താണ്‌ എന്റെ പേര്‍ എന്നും നില്‍ക്കുന്നത്. ഞാന്‍ എന്തെല്ലാമല്ലയോ അതെല്ലാമാണ്‌ സീത. സീത എന്തെല്ലാമാണോ, അതൊന്നുമല്ല ഞാന്‍.

അവള്‍ സുന്ദരിയായിരുന്നു. എന്നെപ്പോലെത്തന്നെ. ദംഷ്ട്രങ്ങളും ചുവന്ന കണ്ണുകളുമൊക്കെയായി എന്റെ രൂപത്തെ വരച്ചിട്ടവരെ വിശ്വസിക്കരുത്. സമാനതകളില്ലാത്ത സൗന്ദര്യവും മത്സ്യങ്ങളെപ്പോലെയുള്ള കണ്ണുകളുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ജനിച്ചപ്പോള്‍ അമ്മ എന്നെ 'മീനാക്ഷി' എന്നു പേരിട്ട് വിളിച്ചത് ഒറ്റക്ക് കാട്ടില്‍ അലഞ്ഞുതിരിയാന്‍ തക്കവണ്ണം സ്വതന്ത്രയായിരുന്നു ഞാന്‍.

എന്റെ സ്വാതന്ത്ര്യമായിരുന്നു, എന്റെ കാമനയായിരുന്നു എന്റെ പിഴ.  അയോദ്ധ്യയില്‍നിന്ന് ഭ്രഷ്ടനായ രാജാവിനെ, ഒരു പുരുഷനെ, വേഴ്ചക്ക് ക്ഷണിച്ചു ഞാന്‍.

"ഞാന്‍ ഏകപത്നീവ്രതനാണ്‌" എന്നായിരുന്നു ഞെളിഞ്ഞുനിന്നുകൊണ്ടുള്ള രാമന്റെ മറുപടി.

എന്നോട് അയാള്‍ക്ക് താത്പര്യമില്ലേ? നന്നായിപ്പോയി. ആണുങ്ങള്‍ക്ക് കുറവൊന്നുമില്ലല്ലോ.

ചെറുപ്പം തോന്നിക്കുന്ന ലക്ഷ്മണനുനേരെ ചിരിച്ചുകൊണ്ട് അയാള്‍ വിരല്‍ ചൂണ്ടി. ഒരു തരത്തില്‍ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്. എന്നാലും ഞാനത് കാര്യമാക്കാതെ, ലക്ഷ്മണനെ നോക്കി പുഞ്ചിരിച്ചു. കാഴ്ചയില്‍ ഒരു ഓമനത്തമുള്ള ചെക്കനെപ്പോലെയിരുന്നു അവന്‍.

പക്ഷേ അവന്‍ ഒരു മുരടന്‍ ചെക്കനെപ്പോലെ പെരുമാറി.

"ഇവള്‍ക്ക് ഒരു അമ്പതുവയസ്സെങ്കിലുമുണ്ടാകും" എന്ന് അവന്‍ കളിയാക്കി. ഹോ, ചെറുപ്പത്തിന്റെ ഒരു അഹങ്കാരം!! ആ അപമാനവും വിഴുങ്ങി ഞാന്‍ ഭംഗിയായി പുഞ്ചിരിച്ചു.

"അതിനു നമ്മള്‍ കല്ല്യാണമൊന്നും കഴിക്കുന്നില്ലല്ലോ. കുറച്ചുനേരം കളിപറഞ്ഞിരുന്നുകൂടേ?" ഞാന്‍ കളിയാക്കി. അവന്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞ് അവഹേളിച്ചു. വാത്മീകി എന്ന ആ ഋഷികവിക്ക് എഴുതാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്‌ അവന്‍ പറഞ്ഞതെന്നു മാത്രം ഞാന്‍ ഉറപ്പുതരാം.

സഹോദരന്മാര്‍ എന്നെ നോക്കികൊല്ലുകയായിരുന്നു. മൂത്തവന്‍ അവന്റെ വില്ലും അമ്പും തിരുപ്പിടിച്ചുകൊണ്ടിരുന്നു. കുറച്ചു മാറി തല താഴ്ത്തി ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഇതാണോ സീത? എല്ലാ വിശുദ്ധിയുടെയും ഉത്തുംഗശൃംഗം. സഹോദരന്മാര്‍ മുഖം കറുപ്പിച്ചു. കൂട്ടം കൂടി നിന്ന് അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഞാന്‍ സീതയുടെ അടുത്തേക്ക് ചെന്നു.

"നമസ്ക്കാരം"

സീത എനിക്കുനേരെ നോക്കി. ഞാന്‍ അവളുടെ ഭര്‍ത്താവിനോട് ചോദിച്ചത് തീര്‍ച്ചയായും അവള്‍ കേട്ടിട്ടുണ്ടായിരിക്കണം.

അവളുടെ മുഖപടം അല്‍‌പ്പം മാറി. കാണാന്‍ സുന്ദരിയാണ്‌. നല പൊക്കവുമുണ്ട്. അല്‍‌പ്പം കുനിഞ്ഞാണ്‌ നില്‍‌പ്പ്. എപ്പോഴും തല മൂടാന്‍ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ക്ഷമിക്കണം, അദ്ദേഹം വിവാഹിതനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല". ഞാന്‍ പറഞ്ഞു.

മിണ്ടാട്ടമൊന്നുമില്ല.

എന്തുവന്നാലും സംസാരിക്കണമെന്ന് കരുതി ഞാന്‍ ചോദിച്ചു, "അല്ല, നിങ്ങളുടെ ഭര്‍ത്താവെന്തിനാണ്‌ നിങ്ങളെ ഈ കാട്ടിലേക്ക് കൊണ്ടുവന്നത്?"

"അദ്ദേഹം എന്നെ കൊണ്ടുവന്നതൊന്നുമല്ല. അദ്ദേഹത്തെ അനുഗമിക്കുകയും സേവിക്കുകയും ചെയ്യുക എന്നത് എന്റെ കടമയാണ്‌. നിങ്ങളുടെ ഭര്‍ത്താവ് എവിടെയാണ്‌?"

"കൊല്ലപ്പെട്ടു"

"ഹോ..അറിഞ്ഞിരുന്നില്ല. ക്ഷമിക്കൂ"

"ഹേയ് അതൊന്നും സാരമില്ല. ആ തന്തയില്ലാത്തവനെ ഞാന്‍ തന്നെ എന്നെങ്കിലുമൊരു ദിവസംകൊല്ലുമായിരുന്നു" ഞാന്‍ പൊട്ടിച്ചിരിച്ചു.

ഞെട്ടിത്തരിച്ചതുപോലെ സീത എന്നെ തുറിച്ചുനോക്കി. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പറ്റുമെന്ന് അവള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് തോന്നി എനിക്ക്.

"അപ്പോള്‍ നിങ്ങളും ആ മനുഷ്യനും സ്നേഹിച്ച് കല്ല്യാണം കഴിച്ചതോ മറ്റോ ആണോ?" ഞാന്‍ സീതയോട് ചോദിച്ചു.

"പരമശിവന്റെ അമ്പെടുത്ത് ഒടിച്ച് എന്നെ അദ്ദേഹം സ്വന്തമാക്കുകയാണ്‌ ഉണ്ടായത്" സീത പറഞ്ഞു.

"അതെന്താണങ്ങിനെ ഒരു സ്വന്തമാക്കല്‍? അയാളെ ഇഷ്ടപ്പെട്ടോ ഇല്ലയോ?"

അവളുടെ കണ്ണുകളില്‍ ഒരു ആശങ്കയുടെ തിളക്കം കണ്ടു. "ഇഷ്ടപ്പെടുകയോ?.. എന്റെ മരണം വരെ എന്റെ ഭര്‍ത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അനുസരിക്കുകയുമാണ്‌ എന്റെ കടമ"

ഒരു സംശയവുമില്ല, കുട്ടിക്കാലം മുതല്‍ അവളില്‍ കുത്തിവെച്ചിരുന്ന കാര്യങ്ങള്‍ ഒരു തത്ത പറയുന്നതുപോലെ പറയുക മാത്രമാണവള്‍ ചെയ്യുന്നത്. എനിക്കവളോട് സഹതാപം തോന്നി. പിന്നീട് ഇതേ ഭര്‍ത്താവ്, അവളുടെ 'വിശുദ്ധി' തെളിയിക്കാന്‍ അവളെ തീയില്‍ നടക്കാന്‍ നിര്‍ബന്ധിക്കുകയും, ഒരു വലിയ താഴ്ചയിലേക്ക് ചാടി അവള്‍ ആത്മഹത്യ ചെയ്യുകയുമൊക്കെ സംഭവിക്കും. അവള്‍ക്കന്ന് അത് മുന്‍‌കൂട്ടിക്കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നു മാത്രം. എനിക്കും.

"സീത, ഈ വിവാഹത്തില്‍ നീ സന്തോഷവതിയാണോ?" ഞാന്‍ ചോദിച്ചു.

"സന്തോഷമോ? ആരും എന്നോട് ഇതുവരെ അത് ചോദിച്ചിട്ടില്ല. എനിക്കറിയില്ല" സീതയുടെ മുഖപടം താഴേക്കൂര്‍ന്നു വീണു. അവള്‍ നടുനിവര്‍ത്തി. അപ്പോള്‍ എനിക്ക് മനസ്സിലായി എന്തുകൊണ്ടായിരുന്നു അവള്‍ തലകുനിച്ച് നടന്നിരുന്നതെന്ന്. അവളുടെ ഭര്‍ത്താവിനേക്കാള്‍ പൊക്കമുണ്ടായിരുന്നു അവള്‍ക്ക്.

ഞാന്‍ അവളുടെ കൈ പിടിച്ചു. "നോക്കൂ അനിയത്തീ, കുറച്ചു ദിവസം ഒന്ന് ചുറ്റിക്കറങ്ങാന്‍ പോരുന്നോ? എന്റെ കൂടെ വരൂ. നാടൊക്കെ കാണാം". അവളുടെ മുഖം പ്രകാശിച്ചു. അവളുടെ ചുണ്ടില്‍ വിറച്ചുനിന്നിരുന്നത് "പോരാം" എന്ന വാക്കായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

"ശൂര്‍പ്പണഖേ, എന്റെ ഭാര്യയുടെ കയ്യില്‍നിന്ന് വിട്" പരിഭ്രമിച്ച് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ രാമന്‍ എന്റെ നേര്‍ക്ക് കുതിക്കുന്നത് കണ്ടു.

എന്റെ നീണ്ട തലമുടിയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞാന്‍ നിലത്തുവീണു. ഞാന്‍ സീതയെ നോക്കി. ആകെ ദുര്‍ബ്ബലയായി നിസ്സഹായയായി നില്‍ക്കുകയായിരുന്നു അവള്‍.

ലക്ഷ്മണന്‍ എന്നെ ബലമായി പിടിച്ചുവെച്ചു. തിളങ്ങുന്ന ഒരു വാള്‍ അവന്റെ കയ്യില്‍ ഞാന്‍ കണ്ടു. കണ്ണുകള്‍ വന്യമായിരുന്നു. ഒരു നിരാലംബയായ പെണ്ണിനെ ആക്രമിക്കുന്നതിന്റെ രസം അവന്റെ വായില്‍ ഉമിനീരായി നിറഞ്ഞു.

"വേഗം ചെയ്യ്. എന്താണ്‌ സംഭവിച്ചതെന്നൊന്നും ആരോടും പറയണ്ട" അവരുടെ ചിരി ചെവിയില്‍ മുഴങ്ങുമ്പോള്‍ അവര്‍ എന്റെ മൂക്ക് അറുത്തെടുത്തു. പിന്നെ ചെവിയും. എന്റെ വായില്‍ ചോര നിറഞ്ഞു. ഞാന്‍ ച്ഛര്‍ദ്ദിച്ചു.

"പറയാനാവാത്ത ഒരു കഥ ഉള്ളില്‍ കൊണ്ടുനടക്കുന്നതിലും വലിയൊരു വേദന വേറെയില്ല" ** എന്ന് സീതയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

ഇന്ന്, ഞാന്‍, ശൂര്‍പ്പണഖ എന്റെ കഥ പറയുന്നു.


കുറിപ്പ്:

**  "There is no greater agony than bearing an untold story inside you"- മേയോ ആഞ്ചലോവിന്റെ I Know Why The Caged Bird Sings" എന്ന ആത്മകഥയിലലെ ഒരു വാചകം.

2 comments:

ajith said...

കഥ നന്നായിരിയ്ക്കുന്നു. വായിക്കാന്‍ അവസരം തന്നതിന് നന്ദി.

Rajeeve Chelanat said...

വായനയ്ക്ക് താങ്കള്‍ക്കാണ്‌ നന്ദി പറയേണ്ടത് അജി. അഭിവാദ്യങ്ങള്‍.