Saturday, January 10, 2015

ഡോവലിന്റെ വീരകൃത്യങ്ങള്‍



ആണ്ടി നല്ല അടിക്കാരനാണെന്ന് സ്ഥിരീകരിക്കുന്നത് ആരായിരിക്കണം, ആണ്ടി തന്നെ. അതില്‍‌പ്പരം ഒരു ആധികാരികത എന്തു വേണം. ഇറാഖിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇടപെട്ടിരുന്നു എന്ന്. സ്ഥിരീകരിച്ചിരിക്കുന്നത് ഹിന്ദു. കഥ മുഴുവന്‍ ചുറ്റിത്തിരിയുന്നത് ആ നാല്‍‌പ്പത്താറു നേഴ്സുമാരുടെ കാര്യത്തില്‍ തന്നെയാണ്‌. ഡോവലും, ആസിഫ് ഇബ്രാഹിമും യഥാക്രമം ബാഗ്ദാദും റിയാദും സന്ദര്‍ശിച്ച് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ചുക്കാന്‍ പിടിച്ചിരുന്നു എന്ന മഹാരഹസ്യമാണ്‌ ഹിന്ദു ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇസിസിന്റെ വേഷത്തില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ ഇറാഖിലേക്ക് കടന്ന് യഥാര്‍ത്ഥ ഇസിസുകളെ മണ്ടന്മാരാക്കി നഴ്സുമാരെ വിമോചിപ്പിച്ച ജന്മഭൂമിയുടെ ആ മുഴുനീള ത്രില്ലര്‍ കഥയിലേക്ക് ഇനി ഏതാനും ചുവടുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന് കരുതാം.

ഒരു രാജ്യത്തിലെ പൗരന്മാര്‍ മറ്റൊരു രാജ്യത്ത് യുദ്ധ-തീവ്രവാദ സാഹചര്യങ്ങളില്‍ കുടുങ്ങിയാല്‍ ഭരണ-നയതന്ത്ര-സൈനിക തലങ്ങളില്‍  കൂടിയാലോചനകളും ശ്രമങ്ങളും നടത്തലുമൊക്കെ പതിവാണ്‌. അതില്‍ അത്ര വലിയ അവകാശവാദത്തിനൊന്നും സ്കോപ്പില്ല. ഒരു സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ട മാമൂല്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണതൊക്കെ. അതൊന്നും നടന്നിട്ടില്ല എന്നും ആരും അവകാശപ്പെട്ടിട്ടില്ല. തീരുമാനങ്ങള്‍ എടുക്കാനുണ്ടായ കാലതാമസമാണ്‌ പല ഭാഗങ്ങളില്‍നിന്നും ചോദ്യം ചെയ്യപ്പെട്ടത്.

പക്ഷേ അപ്പോഴും ആ ചോദ്യം നിങ്ങളെയാരെയും വിട്ടൊഴിയുന്നില്ലല്ലോ ഡോവല്‍ സാബ്. എവിടെയാണാ നാല്‍പ്പത് ഇന്ത്യന്‍ തൊഴിലാളികള്‍? അവരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്തു? എന്തു ചെയ്യുന്നു?

ആ നഴ്സുമാരെപ്പോലെ എന്തോ ഒരു പൊട്ടഭാഗ്യത്തിന്‌ ഇനി ആ തൊഴിലാളികളും തിരിച്ചുവന്നാല്‍, അപ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുകയാണോ അതിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍? ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഇന്റലിജന്‍സ് ചീഫിന്റെയും പ്രവര്‍ത്തനങ്ങളുടെ രഹസ്യസ്വഭാവത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കറിയേണ്ടത്, ആ നാല്‍‌പ്പത് ഇന്ത്യന്‍ തൊഴിലാളികള്‍ എന്തുകൊണ്ട് ഇവിടെ എത്തിയില്ല എന്നതാണ്‌.

നഴ്സുമാരുടെ കാര്യത്തിലും അതിനുശേഷം അവിടെയവിടെയായി കുടുങ്ങിക്കിടക്കുന്നുവെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ചില ആളുകളുടെ കാര്യത്തിലും നമ്മുടെ സര്‍ക്കാരിന്റെ ഇറാഖിലെ ഹെല്‍‌പ്പ് ലൈന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ചില ദിവസങ്ങളിലായി ശ്രമിക്കുകയുണ്ടായി. പൊതുവെ നിരാശയായിരുന്നു ഫലം. സ്ഥലം വലിയ പരിചയമില്ലെന്നും അന്വേഷിക്കാനുള്ള സം‌വിധാനങ്ങള്‍ ഇല്ലെന്നുമൊക്കെയായിരുന്നു മറുപടി. ഹെല്‍‌പ്പ് ലൈനുമായി അങ്ങോട്ട് ചെന്ന് ബന്ധപ്പെടുന്നവരുടെ കാര്യത്തില്‍ മാത്രമാണ്‌ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്.

ഇതെഴുതുമ്പോഴും ധാരാളം ഇന്ത്യക്കാര്‍ ദിനം‌പ്രതി ഇറാഖിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്, സംഘര്‍ഷമേഖലകളിലേക്ക് പോലും. അതും ഏജസികള്‍ വഴി റികൂട്ട് ചെയ്യപ്പെട്ട് വിസപോലും ഇല്ലാതെ വരുന്നവര്‍. ഇവര്‍ ഇന്ത്യയില്‍ നിന്നു മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയും ഇറാഖിലേക്ക് കടക്കുന്നുണ്ട്. അത് നിര്‍ത്തലാക്കാന്‍ എന്തു നടപടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വലിയ വീരസാഹസകൃത്യമൊന്നും വേണ്ടാത്ത, ഗള്‍ഫ് രാജ്യങ്ങളിലെ എമിഗ്രേഷന്‍ വകുപ്പുകളുമായോ ഇന്ത്യന്‍ നയതന്ത്രാലയങ്ങളോ ആയി കൂട്ടുചേര്‍ന്ന്, ഭരണതലത്തില്‍ തന്നെ അടിയന്തിരമയി ചെയ്യാവുന്ന കാര്യമാണ്‌ ഇത് തടയല്‍. അറിഞ്ഞിടത്തോളം അതിനുള്ള ഒരു പദ്ധതിയും ഇന്നത്തെ അടിയന്തിരഘട്ടത്തിലും 'രക്ഷാപുരുഷ'ന്മാര്‍ ഇതുവരെ എടുത്തിട്ടില്ല. ജയിംസ് ബോണ്ട് കളിയില്‍ മാത്രമാണ്‌ കേന്ദ്രത്തിലെ വല്ല്യേട്ടനും, സുരക്ഷാ-ഇന്റലിജന്‍സ് വകുപ്പിലെ കുഞ്ഞനുജന്മാര്‍ക്കും താത്പര്യം.

ഓഫ്: ഹിന്ദുവിന്റെ ആ വാര്‍ത്ത വായിക്കുമ്പോള്‍ വശങ്ങളില്‍ കാണുന്ന പരസ്യം ഒന്നു ശ്രദ്ധിക്കണേ. അതില്‍ കാണാം, റയില്‍‌വേ ബഡ്‌ജറ്റ് കവറേജ് ചെയ്യുന്നത് Myntra.com ആണെന്ന്. കോ-സ്പോണ്‍സര്‍ ചെയ്യുന്നത് റിലയന്‍സ്. വാര്‍ഷിക ബഡ്‌ജറ്റും റയില്‍‌വേ ബഡ്‌ജറ്റുമൊക്കെ ഇനി റിലയന്‍സ് അവതരിപ്പിക്കുന്നത് എന്നാണെന്ന് മാത്രമേ അറിയാനുള്ളു.

July 8, 2014

No comments: