Sunday, January 13, 2008

വാലൈന്റൈന്‍ തെരുവിലെ ഒരു മരണം*

തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട്‌ പട്ടണത്തിലെ വളരെയധികം ആളുകളെയൊന്നും ഫ്രാങ്കിന്‌ പരിചയമുണ്ടായിരുന്നില്ല. നല്ല പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ഏതാണ്ട്‌ എണ്‍പതിനോടടുത്ത്‌. വാലന്റൈന്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഫ്രാങ്ക്‌ താമസിച്ചിരുന്നത്‌.

ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് ഫ്രാങ്ക്‌ പറഞ്ഞുവെങ്കിലും, ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. യുദ്ധവിരുദ്ധ റാലിയില്‍ പങ്കെടുത്തതിന്‌ എന്നെ അറസ്റ്റുചെയ്ത വാര്‍ത്ത ചില പത്രങ്ങളില്‍ വന്നിരുന്നു. അതിനുശേഷം അയാള്‍, കുറെ വര്‍ഷങ്ങളോളം, മുടക്കം വരാതെ ഇടക്കിടക്ക്‌ എന്നെ ഫോണില്‍ വിളിക്കും. ചിലപ്പോള്‍, ചില ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മൂപ്പരുടെ ഫോണ്‍ വരാതാവുമ്പോള്‍ ഞാന്‍ അങ്ങോട്ടും ഒന്നു വിളിക്കും. മറ്റൊന്നിനുംവേണ്ടിയിട്ടല്ല. സുഖമായിരിക്കുന്നില്ലേ എന്നറിയാന്‍.

ഫോണ്‍സംഭാഷണത്തില്‍നിന്നുപോലും അദ്ദേഹത്തിന്റെ മാന്യത തിരിച്ചറിയാനാകുമായിരുന്നു. അസാമാന്യമായ ബുദ്ധിവൈഭവവും. പഠിപ്പും ലോകപരിചയവുമുള്ള ഒരാളുടെ മട്ടിലായിരുന്നു മൂപ്പരുടെ സംസാരം. രഹസ്യം നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിരുന്നു. ഒരു പക്ഷേ റിട്ടയര്‍ ചെയ്ത ഒരു സി.ഐ.എ ഉദ്യോഗസ്ഥനോ, അതുമല്ലെങ്കില്‍, ഡോക്ടറോ, മനശ്ശാസ്ത്രജ്ഞനോ ആയിരുന്നിരിക്കാം അദ്ദേഹമെന്നും എനിക്ക്‌ തോന്നിയിരുന്നു. തന്നെക്കുറിച്ച്‌ എന്തെങ്കിലും സംസാരിക്കാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു ഫ്രാങ്ക്‌.

വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ കാലത്ത്‌ അയാള്‍ വാഷിംഗ്‌ടണിലായിരുന്നു താമസിച്ചിരുന്നതത്രെ. ഒരു വലിയ സ്വപ്നം അയാള്‍ക്കുണ്ടായിരുന്നു. വാട്ടര്‍ഗേറ്റിനെക്കുറിച്ച്‌ താനെഴുതാന്‍പോകുന്ന പുസ്തകത്തിന്‌ ഒരു പ്രസാധകനെ കണ്ടെത്തുക എന്നതായിരുന്നു അത്‌. സാഹചര്യങ്ങള്‍ തീരെ അനുകൂലമല്ലാതിരുന്നിട്ടും, ജീവിതത്തിന്റെ ഈ സായാഹ്നകാലത്തും ഇത്ര വലിയ ഒരു പഴയ സ്വപ്നത്തെ കയ്യൊഴിയാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം എന്നെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടിക്കൂടിവന്ന്, ആകെയുണ്ടായിരുന്ന ടെലിവിഷനും വിറ്റ്‌, പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു റേഡിയോയും ടെലിഫോണും മാത്രം ബാക്കി വന്നപ്പോഴും, ഫ്രാങ്ക് ശുഭാപ്തിവിശ്വാസം കൈവിട്ടില്ല. എന്തെങ്കിലും കഴിച്ചുവോ എന്ന് ഞാന്‍ ഇടയ്ക്ക്‌ വിളിച്ചു ചോദിക്കുമ്പോഴൊക്കെ, ഉവ്വെന്നും, തന്നെക്കുറിച്ച്‌ അധികം വേവലാതിപ്പെടരുതെന്നും പറഞ്ഞ്‌ എന്നെ സമാശ്വസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.

മൂപ്പരെ ഒരിക്കല്‍ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കണമെന്ന് ഞാന്‍ പലകുറി വിചാരിച്ചിരുന്നു. ഓരോരോ തിരക്കു കാരണം അതൊരിക്കലും നടന്നതുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച പത്രത്തില്‍ ചരമക്കോളത്തില്‍ ഫ്രാങ്കിന്റെ പേര്‍ കണ്ടു. വാലെന്റൈന്‍ സ്ട്രീറ്റിലെ എന്റെ പ്രിയ സുഹൃത്ത്‌ പോയിരിക്കുന്നു. സെലസ്റ്റിന്‍ വെല്‍ക്കാസ്‌ എന്നായിരുന്നുവത്രെ അയാളുടെ യഥാര്‍ത്ഥ പേര്‌. പക്ഷേ എനിക്കെന്നും അയാള്‍ 'ഫ്രാങ്ക്‌' ആയിരുന്നു. മരിക്കുമ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ലെന്നു തോന്നുന്നു, ജീവിതത്തിന്റെ സായന്തനം ചിലവഴിച്ചപോലെ, ഒറ്റക്ക്‌, ഒരു കുടുസ്സുമുറിയില്‍.

ഫ്രാങ്കിന്റെ ദേഹം മറവുചെയ്തു കഴിഞ്ഞതായി അന്വേഷണത്തില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്കുവേണ്ടി ഒരു പൂവുപോലും എനിക്ക്‌ ആ ദേഹത്ത്‌ വെക്കാന്‍ കഴിഞ്ഞതുമില്ല.

അനാഥനായി മരിക്കേണ്ടിവരിക എന്നത്‌ ദു:ഖകരമായ ഒന്നാണ്‌. അതിലും ദു:ഖകരമായ കാര്യമാണ്‌ ഈ കാണുന്ന ചെറിയ ചെറിയ പട്ടണങ്ങളിലും, വലിയ നഗരങ്ങളിലും, ജീവിതത്തിന്റെ അവസാനകാലം ഒറ്റക്ക്‌ ജീവിച്ചുതീര്‍ക്കേണ്ടിവരിക എന്നത്‌. എന്റെ ആ സുഹൃത്തിനെപ്പോലെ, ഏതെങ്കിലും ചെറിയ വീടുകളിലോ, ആതുരാലയങ്ങളിലോ ഒറ്റക്ക്‌ ജീവിച്ചും മരിച്ചും എത്രപേര്‍, അദൃശ്യരായി... എവിടെയൊക്കെ...

വികസിതരാജ്യമെന്ന് അഹങ്കരിച്ചിട്ടും സഹാനുഭൂതിയുള്ള ഒരു സമൂഹമായി മാറാന്‍ ഇനിയും അമേരിക്കക്ക്‌ ആയിട്ടില്ല എന്നത് എത്ര വിരോധാഭാസമാണ്. അമേരിക്കയെ അപേക്ഷിച്ച്‌ അത്ര വികസിതമല്ലാത്ത മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതുമാണ്‌. കുട്ടികളേയും മുതിര്‍ന്നവരേയും കരുണയോടെ കാണാനും, സ്നേഹിക്കാനും, നമ്മള്‍ എന്നാണ് പഠിക്കുക?
*റോസ്‌ മേരി ജകോവ്‌സ്‌കിയുടെ (Rosemarie Jackowski) ലേഖനം.
യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്‌ നിരവധി തവണ ജയില്‍ശിക്ഷയും, തുടര്‍ച്ചയായ പ്രോസിക്യൂഷനുകളും നേരിടേണ്ടിവന്നിട്ടുള്ള ആക്റ്റിവിസ്റ്റും, പത്രപ്രവര്‍ത്തകയുമാണ് വന്ദ്യവയോധികയായ റോസ്‌ മേരി. യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിനുപുറമെ, യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കല്‍, വന്‍‌കിട അഗ്രോ കോര്‍പ്പറേഷനുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുക, കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം എന്നിങ്ങനെ, വിവിധ രംഗങ്ങളില്‍ സജീവമായി നില്‍ക്കുന്നു ഇപ്പോഴും ഇവര്‍.

7 comments:

Rajeeve Chelanat said...

തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട്‌ പട്ടണത്തിലെ വളരെയധികം ആളുകളെയൊന്നും ഫ്രാങ്കിന്‌ പരിചയമുണ്ടായിരുന്നില്ല. നല്ല പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ഏതാണ്ട്‌ എണ്‍പതിനോടടുത്ത്‌. വാലന്റൈന്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഫ്രാങ്ക്‌ താമസിച്ചിരുന്നത്‌.

vadavosky said...

ഇങ്ങനെയൊരു ചിത്രം കാണാന്‍ അമേരിക്ക വരെ പോകണ്ട രാജീവ്‌. നമ്മുടെ നാട്ടില്‍ ധാരാളം. ഈയിടെ ഒരു വാര്‍ത്ത കണ്ടു. അമ്മ മരിച്ചിട്ട്‌ അവരുടെ ആറുമക്കളില്‍ ആരും ശവശരീരം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല എന്ന്. അവസാനം നാട്ടുകാര്‍ സംസ്കരിച്ചു. ഇത്‌ കേരളത്തില്‍ നടന്നതാണ്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലോകം മൊത്തത്തില്‍, മാറിചിന്തിക്കുന്നതെന്നാണവോ...

ശ്രീ said...

“അനാഥനായി മരിക്കേണ്ടിവരിക എന്നത്‌ ദു:ഖകരമായ ഒന്നാണ്‌. അതിലും ദു:ഖകരമായ കാര്യമാണ്‌ ഈ കാണുന്ന ചെറിയ ചെറിയ പട്ടണങ്ങളിലും, വലിയ നഗരങ്ങളിലും, ജീവിതത്തിന്റെ അവസാനകാലം ഒറ്റക്ക്‌ ജീവിച്ചുതീര്‍ക്കേണ്ടിവരിക എന്നത്‌.”

വളരെ ശരിയാണ്‍, രാജീവേട്ടാ... നല്ല പോസ്റ്റ്.

ഏ.ആര്‍. നജീം said...

അവസരോചിതമായ പോസ്റ്റ്.. വടയോവ്‌സ്കിയുടെ കമന്റും കൂട്ടി വായിച്ചപ്പോ.... :(

ഭൂമിപുത്രി said...

എകാന്തത,അനാഥത്വം..അങ്ങിനേയൊരു മരണം!
ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്‍.

Rajeeve Chelanat said...

വഡവോസ്കി പറഞ്ഞത് ശരിയാണ്. ഇത്തരം അനാഥത്വവും ഏകാകിതയും കാണാന്‍ അമേരിക്കവരെ പോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഇത്തരമൊരു ഓര്‍മ്മക്കുറിപ്പ് കിട്ടാനും വായിക്കാനും എനിക്ക് അതു വരെ എത്തേണ്ടിവന്നു.