Saturday, January 19, 2008

വാനരന്‍മാരുടെ കാര്യങ്ങള്‍*

ടെസ്റ്റ്‌ മാച്ച്‌ ജയിക്കാന്‍ അമ്പയര്‍മാരും ആസ്ത്രേലിയന്‍ കളിക്കാരും നടത്തിയ അവിഹിതവേഴ്ച കണ്ടില്ലെന്നു വെക്കാന്‍ സിഡ്‌നിയിലെ ക്രിക്കറ്റ്‌ കളിയുടെ ടി.വി ദൃശ്യങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും, സാധിക്കില്ലായിരിക്കാം. പക്ഷേ, കറുത്തവര്‍ക്കും, ആദിവാസികള്‍ക്കും, ദളിതര്‍ക്കുമെതിരെയുള്ള ഇന്ത്യയുടെ പുരാതനവും, ചരിത്രപരവും കാലികപ്രസക്തിയുമുള്ള വംശാഹന്തയെ ദേശാഭിമാനത്തിന്റെയുമുള്ളില്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്‌ എന്തായാലും ഒരു നല്ല കാര്യമല്ല.

ഇത്‌ ഭാജിയുടെ (ഹര്‍ഭജന്‍)തോല്‍വി മാത്രമല്ല. സിഡ്‌നിയില്‍ വെച്ച്‌ അയാള്‍ 'കുരങ്ങന്‍' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞുവോ എന്നതും തര്‍ക്കമുള്ള സംഗതിയാണ്‌. ഏതെങ്കിലുമൊരു ഭാഗത്തെ ന്യായീകരിക്കാന്‍ തക്കവണ്ണമുള്ള ശക്തമായ തെളിവൊന്നും ഏതായാലും നമ്മുടെ കയ്യിലില്ല. പക്ഷേ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന വംശീയത രാജ്യത്തിന്റെ ഒരു തീരാശാപമാണ്‌. വംശമഹിമയെക്കുറിച്ചുള്ള ആര്യ-ബ്രാഹ്മണ പാരമ്പര്യങ്ങളുടെ ഈ ശേഷപത്രത്തെ, കൊളോണിയലിസം സഹായിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ക്രീമുകളുടെയും പൗഡറുകളുടെയും "വെള്ള'മൂല്യങ്ങളെ ആശയങ്ങളുടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ വിറ്റു കാശാക്കുന്ന ബഹുരാഷ്ട്രകുത്തകകളും ചെയ്യുന്നത്‌ മറ്റൊന്നല്ല.

ബറോഡയില്‍വെച്ച്‌, സൈമണ്‍ എന്ന കളിക്കാരനെ അയാളുടെ ബാഹ്യരൂപത്തിന്റെ പേരില്‍ കാണികള്‍ അധിക്ഷേപിക്കുകയും, അയാളിലെ കരീബിയന്‍-ആഫ്രിക്കന്‍ രക്തം രോഷം കൊണ്ടതും ഇതിന്റെ ഏറ്റവുമൊടുവിലത്തെ വൃത്തികെട്ട തെളിവാണ്‌. ഈ അധിക്ഷേപിച്ച ആളുകള്‍തന്നെ, കറുത്തവര്‍ഗ്ഗക്കാരാണെന്നത്‌, അതായത്‌, വെളുത്ത നിറത്തിന്റെ സൗന്ദര്യശാസ്ത്രത്തെ ആഭ്യന്തരവത്ക്കരിച്ചവരായിരുന്നുവെന്നത്‌, ഈ തമാശയെ മനസ്സിലാക്കാനോ ന്യായീകരിക്കാനോ ആവാത്ത ഒന്നാക്കുകയും ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ നമ്മുടെ കളിക്കാര്‍ കാണികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കാതിരുന്നത്‌? അഥവാ, ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റത്തെ പരസ്യമായി അപലപിക്കാതിരുന്നതും, അതുവഴി സൈമണ്‍സുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതിരുന്നതും? അവരതല്ലേ ചെയ്യേണ്ടിയിരുന്നത്‌? അവരത്‌ ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും സിഡ്‌നി സംഭവിക്കുമായിരുന്നില്ല. തങ്ങളുടെ അതിമാനുഷ പദവിയുടെ ബലത്തില്‍, നമ്മുടെ കളിക്കാര്‍ വംശീയതയെ എതിര്‍ക്കാനും അതിനെ മുളയില്‍തന്നെ നുള്ളിക്കളയാനും ശ്രമിച്ചിരുന്നുവെങ്കില്‍, തന്റെ ഉള്ളില്‍ അബോധമായി നിലനിന്നിരുന്ന ഇന്ത്യാ-വിരുദ്ധ വികാരം തുറന്നുവിടാന്‍ സ്വയം ഒരു കരീബിയനായിരുന്ന ആ സ്റ്റീവ്‌ ബക്ക്‍നറിന്‌ ഒരിക്കലും സാദ്ധ്യമാവുകയുമില്ലായിരുന്നു.

ഇത്രയും പറഞ്ഞത്‌, ആസ്ത്രേലിയക്കാരുടെ കളിക്കളത്തിലെ പെരുമാറ്റത്തെയോ, ആസ്ത്രേലിയക്കാര്‍ ഒരിക്കലും തെറ്റായ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കില്ലെന്ന മട്ടിലുള്ള അമ്പയര്‍മാരുടെ പ്രത്യക്ഷമായ പക്ഷപാതത്തെ ന്യായീകരിക്കാനോ അല്ല. ലോകക്രിക്കറ്റ്‌ എടുത്താല്‍,തങ്ങളുടെ തൊലിയുടെ നിറത്തെക്കുറിച്ച്‌ ഒരു മാത്രപോലും ബോധവാന്‍മാരാവാതെ, വികസിതരാജ്യത്തെ കളിക്കാരാണ്‌ മറ്റു രാജ്യങ്ങളിലെ കളിക്കാരേക്കാള്‍ കൂടുതല്‍ സത്യസന്ധന്‍മാരെന്നു കരുതുന്ന അമ്പയര്‍മാര്‍, കേവലം ബക്‌ക്‍നറിലും ബെന്‍സണിലും ഒതുങ്ങുന്നില്ല എന്നത്‌ നിര്‍ഭാഗ്യകരമാണ്‌.

എന്താണ്‌ വംശീയത? വംശബോധം മാത്രമല്ല അത്‌. ജുഗുപ്സാവഹമായ അജ്ഞതമൂലം, ഒരു സമൂഹത്തെ മുഴുവന്‍, ന്യൂനവത്ക്കരണത്തിലൂടെയും, വക്രോക്തിയിലൂടെയും മൊത്തത്തില്‍ സാമാന്യവത്ക്കരിക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌ വംശീയതയുടെ കാതല്‍. ചുരുക്കം ചില മുസ്ലീമുകളുടെ തീവ്രവാദത്തിന്റെ പേരില്‍ എല്ലാ മുസ്ലീമുകളെയും ഭീകരവാദികളായും, എല്ല ജൂതരെയും പണക്കൊതിയന്‍മാരായും, എല്ലാ ഹിന്ദുക്കളെയും വക്രബുദ്ധികളായും, എല്ലാ സിഖുകാരേയും മന്ദബുദ്ധികളായും ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ വംശീയതയുടെ ചതുപ്പുനിലങ്ങളിലാണ്‌ താഴുന്നത്‌. മാത്രമല്ല, ഈ രാജ്യത്തെ പ്രബലമായ ഒരു മതം, എങ്ങിനെയാണ്‌ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു വലിയ ജനവിഭാഗത്തെ, നൂറ്റാണ്ടുകളോളം അടിമകളാക്കി നിലനിര്‍ത്തുകയും, സ്വത്തിന്റെയും, വിജ്ഞാനത്തിന്റെയും സമ്പാദനത്തില്‍നിന്ന് അവരെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തുകയും ചെയ്തതെന്ന് മനസ്സിലാക്കുമ്പോള്‍, വംശീയതയെക്കുറിച്ചുള്ള ഒരു ശരിയായ ചിത്രം നമുക്ക്‌ ലഭിക്കും.

ഹര്‍ഭജനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ ശരിയായിരിക്കില്ല. നമ്മളെല്ലാം ഇതില്‍ കൂട്ടുപ്രതികളാണ്‌. ആദിമജനതയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്ത്‌, അവരുടെ മക്കളെ അവരില്‍നിന്നും അകറ്റി വെള്ളക്കാരാക്കി പരിവര്‍ത്തനം ചെയ്യിപ്പിച്ച ആസ്ത്രേലിയയില്‍ മാത്രമല്ല, നമ്മുടെ ഈ രാജ്യത്തും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍തന്നെയും, വംശീയത നിലനില്‍ക്കുകയും, തഴച്ചു വളരുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യബോധംകൊണ്ടു മാത്രമേ നമുക്ക്‌ പ്രതിക്രിയ ചെയ്യാനാകൂ.

ഒരു പക്ഷേ പൂര്‍ണ്ണമായും വെള്ളക്കാര്‍ മാത്രം അടങ്ങുന്ന ഒരു ക്രിക്കറ്റ്‌ ടീമാകുമായിരുന്ന ആസ്ത്രേലിയന്‍ സംഘത്തില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‌ ഇടം ലഭിച്ചു എന്നതിനെ, വര്‍ണ്ണവിവേചനത്തിനെതിരായി ആ നാട്ടില്‍ നടന്ന, ഇപ്പോഴും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങങ്ങള്‍ക്കു ലഭിച്ച ഒരു അപൂര്‍വ്വ ശ്രദ്ധാഞ്ജലി എന്ന നിലയിലാണ്‌ വീക്ഷിക്കേണ്ടത്‌. അതു മാത്രമല്ല, വംശീയതക്ക്‌ പുകള്‍പെറ്റ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍പ്പോലും, വര്‍ണ്ണപരമായ മുന്‍ഗണനയുടെ നെടുംകോട്ടകള്‍ ആദ്യം തകര്‍ന്നു വീണത്‌, കായിക-വിനോദ രംഗങ്ങളിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. അടിച്ചമര്‍ത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്‌ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടാവുക.

ഏതുവിധേനയും 'കളിയില്‍ ജയിക്കുക' എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി, തന്റെ ടീമിലെ വെള്ളക്കാരായ മറ്റു കളിക്കാരുടെ മൂര്‍ഖതയെ സ്വാംശീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെയും ചിലപ്പോള്‍, ചില ഘട്ടങ്ങളില്‍ കണ്ടെന്നു വരാം. പക്ഷേ അത്‌ ആസ്ത്രേലിയന്‍ കളിക്കാരുടെ മാത്രം സ്വഭാവവൈചിത്ര്യമൊന്നുമല്ല. ഇന്ത്യക്കാരായ നമ്മളും പലപ്പോഴും ഇതേ മട്ടില്‍ 'രക്തദാഹി'കളായിരുന്നിട്ടില്ലേ?

ദേശഭിമാനമെന്നത്‌ വംശീയതയുടെ മറ്റൊരു തരത്തിലുള്ള പ്രതിഫലനം തന്നെയാണ്‌. "എന്റെ രാജ്യം മാത്രമാണ്‌ ശരി" എന്ന് ശഠിക്കുന്നവനില്‍നിന്ന്, 'എന്റെ നിറമാണ്‌ നല്ലത്‌', 'എന്റെ ജാതിയാണ്‌ ശ്രേഷ്ഠം', 'എന്റെ മതമാണ്‌ ഉത്കൃഷ്ഠം' എന്നൊക്കെയുള്ള അസംബന്ധങ്ങളിലേക്ക്‌ അധികം ദൂരമൊന്നുമില്ല.

ഇനി കുരങ്ങുകളെക്കുറിച്ചാണെങ്കില്‍, നമ്മളെല്ലാം ഒന്നുകില്‍ കുരങ്ങന്‍മാര്‍ തന്നെയാണ്‌, അഥവാ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍മാരായി അധപ്പതിച്ചുകഴിഞ്ഞ പഴയ വാനരന്‍മാര്‍. തങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയെതന്നെ ഇല്ലാതാക്കാന്‍ സമൂര്‍ത്തമായ കാര്യപരിപാടികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന (ഈ പ്രയോഗത്തില്‍ ഫലിതം തീരെയില്ല) ഒരു ജീവിവര്‍ഗ്ഗം.

ഇതില്‍ തെല്ലെങ്കിലും ലജ്ജാബോധം നമുക്ക്‌ തോന്നുന്നുവെങ്കില്‍, വംശീയതക്കുള്ള ഒരു നല്ല മറുമരുന്നാവും അത്‌.ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ജനുവരി 12 ലക്കത്തില്‍, ആനന്ദ് പട്‌വര്‍ദ്ധന്‍ എഴുതിയ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്

11 comments:

Rajeeve Chelanat said...

ടെസ്റ്റ്‌ മാച്ച്‌ ജയിക്കാന്‍ അമ്പയര്‍മാരും ആസ്ത്രേലിയന്‍ കളിക്കാരും നടത്തിയ അവിഹിതവേഴ്ച കണ്ടില്ലെന്നു വെക്കാന്‍ സിഡ്‌നിയിലെ ക്രിക്കറ്റ്‌ കളിയുടെ ടി.വി ദൃശ്യങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും, സാധിക്കില്ലായിരിക്കാം

അങ്കിള്‍ said...

വടക്കേ ഇന്ത്യാക്കാരനായ ഭാജി കുരങ്ങനെന്നു വിളിച്ച്‌ കളിയാക്കിയെന്ന്‌ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കാരണം കുരങ്ങന്മാരുടെ രാജാവായ ഹനുമാന്‍ വടക്കേ ഇന്ത്യാക്കാരുടെ ദൈവമാണ്. ഹനുമാന്‍ ചാലിസ എന്ന കൊച്ചു പുസ്തകം പല വടക്കേ ഇന്ത്യാക്കാരം സ്വന്തം പോക്കറ്റി സൂക്ഷിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. കൊരങ്ങനെന്നു വിളിച്ച്‌ വടക്കേ ഇന്ത്യയില്‍ പോലും ഒരാളെ കളിയാക്കാറില്ല.

കേരളത്തിലെ സ്ഥിതി അതല്ല. പക്ഷേ വിളിച്ചെന്ന്‌ പറയുന്നത്‌ ഭാജിയല്ലേ, ശ്രീശാന്തല്ലല്ലോ.

Anonymous said...

രാജീവ്ജി,
ഇങ്ങനെ അണുവിട കീറിനോക്കിയാല്‍ നാമെത്ര മോശമെന്ന് നമുക്കുതന്നെ മനസ്സിലാവും. എല്ലാവരും അവനവന്റെ കുപ്പായത്തിനുള്ളില്‍ നഗ്നരാണ്.

വേറൊന്ന്: ഞാനെന്റെ കുട്ടികളെ കൂടെ “കുരങ്ങാ” എന്നുവിളിച്ച് ചീത്ത പറയാറുണ്ട്‌ ചെലപ്പോള്‍. ഇതൊക്കെ വംശീയാധിക്ഷേപമാക്കാമോ?

സംശയം.. സംശയം..
ഓ.ടോ. കഥകളിയുടെ ചില ചിത്രങ്ങളോ സി.ഡികളോ
തയ്യാറായോ? കയ്യില്‍ കിട്ടിയോ? എന്നെ മറക്കല്ലേ...

സ്നേഹപൂര്‍വ്വം,
-സു-

vadavosky said...

ഡല്‍ഹിയില്‍ കേള്‍ക്കുന്നത്‌ ഇതാണ്‌ രാജീവ്‌
ഹര്‍ഭജന്‍ മങ്കി എന്നല്ല വിളിച്ചത്‌ തേരി മാ കി എന്നാണ്‌. ഹിന്ദി അറിയാത്ത ആസ്ട്രേലിയക്കാരന്‍ അത്‌ കേട്ട്‌ തെറ്റിദ്ധരിച്ചു. ശരിയാണോ എന്നറിയില്ല. പഞ്ചാബിയുടെ വായില്‍ നിന്ന് അത്‌ വരുന്നത്‌ സ്വഭാവികം.

ഭൂമിപുത്രി said...

ചീന്തിപ്പിയ്കുന്ന ഈലേഖനം ഇവിടെയിട്ടതിനു നന്ദി രാജീവ്

കാപ്പിലാന്‍ said...

nannaayi

Santhosh said...

സൈമണ്‍സ് എന്നാണ് കളിക്കാരന്‍റെ പേര്.

ദിവാസ്വപ്നം said...

ലേഖനം വളരെ പ്രസക്തം :)

Rajeeve Chelanat said...

തിരുത്തിന് നന്ദി സന്തോഷ്.
മറ്റു വായനകള്‍ക്കും നന്ദി.

Anonymous said...

നന്ദി. നന്നായി. ബെര്‍ളിത്തരം എന്നൊരു ബ്ലോഗില്‍ അനില്‍ പനച്ചൂരാന്‍ ഈഴവനായതുകൊണ്ട് കള്ളുചെത്തുകാരന്‍ ആക്കിയതിനെതിരെ കണ്ടകശനി എഴുതിയത് ഇതിനോട് ചേര്‍ത്തു വായിക്കുന്നു. തീര്‍ച്ചയായും നമ്മളുടെ ഉള്ളിലും റേസിസ്റ്റ വിഷം ഉണ്ടു.

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money