Wednesday, January 30, 2008

ഗാന്ധിജിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബാപ്പൂ,

താങ്കള്‍ക്ക്‌ ഈ കത്തെഴുതുന്നതില്‍ എനിക്കു തന്നെ അത്ഭുതം തോന്നുന്നു. താങ്കള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ആ വൃത്തിയില്ലാത്ത കയ്യക്ഷരത്തില്‍ എനിക്ക്‌ മറുപടി അയക്കുമെന്നും എനിക്കുറപ്പുണ്ട്‌. സ്വര്‍ഗ്ഗത്തിന്റെ ഇ-മെയില്‍ വിലാസം എന്താണ്‌? mkgandhi@pureheart.org എന്ന പേരില്‍ ഒരു മെയില്‍ അയക്കണമെന്നുണ്ട്‌ എനിക്ക്‌.

താങ്കള്‍ ഇ-മെയില്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇ-മെയിലില്‍നിന്ന് ഒരാളുടെ കയ്യക്ഷരം മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട്‌ അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റില്ലെന്നോ മറ്റോ മാത്രമായിരിക്കും ഏറിവന്നാല്‍ താങ്കള്‍ പറയുക എന്നും എനിക്ക്‌ തോന്നുന്നു. ഇ-മെയില്‍, അല്ലെങ്കില്‍ മുഖാമുഖം, എന്ന രണ്ടു സാദ്ധ്യതകള്‍ തന്നാല്‍ അങ്ങ്‌ രണ്ടാമത്തേതിനോടാണ്‌ താത്‌പര്യം പ്രകടിപ്പിക്കുക എന്നും എനിക്കറിയാം. എങ്കിലും, സാങ്കേതികവിദ്യയെ എതിര്‍ക്കാന്‍ വേണ്ടി മാത്രം അങ്ങ്‌, ഒരു സംവാദത്തിന്റെ നിരവധി സാദ്ധ്യതകളെ തള്ളിക്കളയില്ല എന്ന് എനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ടെലിഫോണും, ഇലക്ട്രിക്‌ പോസ്റ്റും ഒന്നും താങ്കള്‍ എതിര്‍ത്തതേയില്ലല്ലോ. അല്ലേ?

എനിക്കാണ്‌ ശരിക്കുള്ള പ്രശ്നം. രണ്ടുപേര്‍ തമ്മില്‍ വിനിമയം ചെയ്യുന്നതിന്‌ അവര്‍ തമ്മിലുള്ള ഒരു സാമൂഹ്യബന്ധം മുന്നുപാധിയാണ്‌. പക്ഷേ, കുട്ടിക്കാലം മുതല്‍ക്കേ അളവില്ലാത്ത വെറുപ്പും, ദേഷ്യവും മാത്രമേ എനിക്ക്‌ താങ്കളോട്‌ തോന്നിയിട്ടുള്ളു. ആ കാലത്ത്‌ ഞാന്‍ താങ്കള്‍ക്ക്‌ ഒരു കത്തയച്ചിരുന്നെങ്കില്‍, എനിക്ക്‌ ആലോചിക്കാനേ കഴിയുന്നില്ല, ഞാന്‍ എന്തൊക്കെയായിരിക്കും അതില്‍ എഴുതിയിട്ടുണ്ടാവുക എന്ന്. അസഭ്യവര്‍ഷംകൊണ്ട്‌ ഞാന്‍ ആ കത്ത്‌ നിറച്ചേനേ (പക്ഷേ, ഒപ്പിടാതിരിക്കാനുള്ള വിവേകമൊക്കെ ഞാന്‍ കാണിക്കുകയും ചെയ്യുമായിരുന്നു കേട്ടോ) പക്ഷേ അന്നത്തെ ആ വികാരം കാലക്രമത്തില്‍ എങ്ങിനെയാണ്‌ മാറിത്തീര്‍ന്നതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്‌. ശരിക്കും പറഞ്ഞാല്‍, ഞാന്‍ ഈ കത്തെഴുതുന്നതുതന്നെ അത്‌ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌.

ബാപ്പുജി, ഞാന്‍ ഓര്‍ക്കുന്നു, ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്ന കാലമായിരുന്നു. സ്ഥിരമായി ആര്‍.എസ്സ്‌.എസ്സില്‍ പോകുന്ന ഒരു കുട്ടി. എന്റെ ജീവിതലക്ഷ്യം തന്നെ, അതിന്റെ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനാവുക എന്നതായിരുന്നു. എല്ലാ മുദ്രകളും മനസ്സില്‍ പതിയുന്ന ആ കാലത്ത്‌, ഗാന്ധിയോടും മുസ്ലിമുകളോടുമുള്ള വെറുപ്പ്‌ എന്നില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ന് എനിക്ക്‌ തോന്നുന്നുണ്ട്‌, മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍, തങ്ങളുടെ ഉള്ളില്‍ ഗാന്ധി-മുസ്ലിം വെറുപ്പിന്റെ ഒരു പ്രത്യേക ജീന്‍ കൊണ്ടുനടക്കുന്നുണ്ടോ എന്ന് (ജീനോം പ്രൊജക്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും വിദേശഇന്ത്യക്കാരനോട്‌ ചോദിച്ചു നോക്കണം). അതിനെ പക്ഷേ ജീന്‍ എന്നു വിളിക്കുന്നത്‌ ശരിയായിരിക്കില്ല എന്നു തോന്നുന്നു. വൈറസ്‌ ആകാനാണ്‌ സാദ്ധ്യത. അല്ലെങ്കില്‍ എങ്ങിനെയാണത്‌, നരേന്ദ്രമോഡിയെയും വിനയ്‌ കത്യാറിനെപ്പോലെയുമുള്ളവരിലേക്ക്‌ ഇത്ര വേഗത്തില്‍ പടരുക?

കുട്ടികളായിരിക്കുമ്പോള്‍, 'ശാഖ'യില്‍നിന്ന് കളികളിലൂടെ ഞങ്ങള്‍ പല കാര്യങ്ങളും പഠിച്ചു. അതിലൊന്ന്, വലുതായിക്കൊണ്ടിരിക്കുന്ന ഒരു വൃത്തത്തിനുചുറ്റും ഓടിക്കൊണ്ട്‌, 'ഹിന്ദുശ്ച ഹിന്ദുസ്ഥാന്‍' എന്ന് ഉറക്കെ പറയുക എന്നതായിരുന്നു (വിഢികള്‍ക്ക്‌ പാക്കിസ്ഥാന്‍ എന്നും ഞങ്ങള്‍ മൂളുമായിരുന്നു, മെല്ലെ). തണുപ്പുള്ള സായാഹ്നങ്ങളെയും, നിലാവുള്ള രാത്രികളില്‍ നടത്തുന്ന വിനോദയാത്രകളെയും ഞങ്ങള്‍ 'ബൗദ്ധിക്‌'കളായി മാറ്റിയെടുത്തു. അവിടെ ഞങ്ങള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നത്‌, വിഭജനത്തെക്കുറിച്ചും, ഹിന്ദുക്കളുടെനേരെ നടന്ന നിഷ്ഠുരകൃത്യങ്ങളെക്കുറിച്ചും, മാപ്പിള ലഹളകളെക്കുറിച്ചും (അതിലും ഹിന്ദുക്കളെയാണ്‌ കൊന്നൊടുക്കിയിരുന്നത്‌) ഒക്കെയാണ്‌. വെറുപ്പിന്റെ പുക പടര്‍ത്തി, ആ കഥകള്‍, ഞങ്ങളുടെ രക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ തിളപ്പിക്കുകതന്നെ ചെയ്തു. ആ കാലത്താണ്‌ സവാര്‍ക്കറെക്കുറിച്ച്‌ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്‌. ഞാന്‍ എന്നോടുതന്നെ ചോദിച്ചു. "യുദ്ധത്തിലൂടെയല്ലാതെ എങ്ങിനെയാണ്‌ സ്വാതന്ത്ര്യം നേടുക?" അറുപതുകളില്‍ താങ്കളുടെ ഔദ്യോഗിക പിന്തുടര്‍ച്ചക്കാര്‍, നൂല്‍നൂല്‍പ്പുപോലുള്ള അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടുപോന്നിരുന്ന കോണ്‍ഗ്രസ്സുകാരും സര്‍വ്വോദയക്കാരുമായിരുന്നുവല്ലോ. സ്വാതന്ത്ര്യം കിട്ടിയത്‌ സായുധരായ വിപ്ലവകാരികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നും, താങ്കളും കൂട്ടരും അതിന്റെ അവകാശം സൂത്രത്തില്‍ തട്ടിയെടുത്തതാണെന്നും ഞാന്‍ അകമഴിഞ്ഞു വിശ്വസിച്ചു (മിനക്കെട്ടിരുന്നൊന്നും പഠിക്കാതെ). സവാര്‍ക്കറിന്റെയും, ഭഗത്‌സിംഗിന്റെയും, നേതാജിയുടെയും ജീവചരിത്രങ്ങള്‍ ആവേശമുളവാക്കുന്നതായിരുന്നു. (അവരൊക്കെ ഒന്നുകില്‍ ദണ്ഡുമായി നടക്കുന്ന യഥാര്‍ത്ഥ സ്വയംസേവകരോ, അതുമല്ലെങ്കില്‍, ആര്‍.എസ്സ്‌.എസ്സുകാരുടെ ഏറ്റവുമടുത്ത ബന്ധുക്കളോ ആണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായിതന്നെ വിശ്വസിച്ചുപോന്നു). ആ ജീവചരിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താങ്കളുടെ ജീവചരിത്രം എത്ര ശുഷ്കമായിരുന്നുവെന്നോ? (ആറ്റന്‍ബറോയുടെ 'ഗാന്ധി' കണ്ടപ്പോഴാണ്‌ അഹിംസയുടെ സൗന്ദര്യവും ധീരതയും എനിക്ക്‌ ബോദ്ധ്യപ്പെട്ടത്‌, അപ്പോഴേക്കും പക്ഷേ വളരെ വൈകിയിരുന്നുവെന്നു മാത്രം). ഇംഗ്ലണ്ടിലേക്ക്‌ താന്‍ നടത്തിയ യാത്രയെക്കുറിച്ച്‌, ആത്മകഥാരൂപേണ സവര്‍ക്കര്‍ എഴുതിയ 'ശത്രുശ്ച ശിബിരത്‌' (Inside the Enemy Camp) എന്ന പുസ്തകം വായിച്ചപ്പോള്‍ സവര്‍ക്കര്‍ പറഞ്ഞത്‌-ഇംഗ്ലീഷുകാരെപ്പോലെ ധൈര്യവും ശക്തിയും ഉണ്ടാവാണമെങ്കില്‍ മാംസാഹാരം കഴിക്കണമെന്ന്-ശരിയാണെന്ന് എനിക്കും തോന്നി (വീട്ടിലാണെങ്കില്‍ മുട്ടപോലും നിഷിദ്ധവസ്തുവായിരുന്നു). അതുമായി നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞതൊക്കെ (ഇംഗ്ലീഷുകാരനെ അനുകരിക്കാന്‍ ശ്രമിച്ചതില്‍ പശ്ചാത്തപിച്ചു എന്നും മറ്റും)എത്ര ദുര്‍ബ്ബലമായിരുന്നു. താങ്കളുടെ ഭാഷയും വളരെ ലളിതമായിരുന്നു. ഇംഗ്ലീഷ്‌ ടെക്സ്റ്റ്‌ബുക്കിലെ താങ്കളുടെ പാഠം വായിക്കുമ്പോള്‍ എനിക്ക്‌ നിഘണ്ടുവിന്റെ ആവശ്യമേ വന്നില്ല. ഒരിക്കല്‍പ്പോലും. താങ്കളുടെ 'ശാസ്ത്രത്തോടുള്ള എതിര്‍പ്പും', 'മദ്യനിരോധത്തോടും നൂല്‍നൂല്‍പ്പിനോടും ഉള്ള പ്രതിബദ്ധതയു'മൊക്കെ'- ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗാന്ധിയന്‍ എന്നു പറഞ്ഞാല്‍, ചര്‍ക്കയും, കോണകവും, ആട്ടിന്‍പാലും എന്നൊക്കെയായിരുന്നു വിവക്ഷ - ഞങ്ങള്‍, മഹാരാഷ്ടക്കാര്‍ക്ക്‌ ഇക്കിളിയുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. ('ഞങ്ങള്‍' എന്നു പറഞ്ഞാല്‍, 'എല്ലാവരും' എന്നാണ്‌ അന്ന് ഞാന്‍ ധരിച്ചിരുന്നത്‌). വലുതാകുംതോറും എന്റെ എതിര്‍പ്പും കൂടിക്കൂടിവന്നു. ഞങ്ങളില്‍ പലര്‍ക്കും സ്വന്തമായി വീടുകളും വയലുകളും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അതിനൊക്കെ കാരണം 1948-ലെ ബ്രഹ്മണ-വിരുദ്ധ കലാപങ്ങളായിരുന്നു എന്ന മട്ടിലുള്ള കഥകള്‍ കേട്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. ഈയൊരു തോന്നല്‍- ഞങ്ങളോട്‌ തെറ്റു കാണിച്ചുവെന്നും, വേട്ടയാടപ്പെട്ടവരാണ്‌ ഞങ്ങള്‍ എന്ന മട്ടിലൊക്കെയുള്ള- ഞങ്ങളുടെ തലമുറയിലേക്കും അവര്‍ പകര്‍ന്നു. എങ്കിലും, പ്രായമായവര്‍ അപ്പോഴും താങ്കളെ ആരാധിച്ചുവന്നു. ആരും താങ്കളെ പരസ്യമായി വിമര്‍ശിച്ചില്ല. എങ്കിലും, നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്‌സെയുടെയും നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും, അത്‌ മറ്റുള്ളവര്‍ക്ക്‌ കൈമാറാനും, അതിനെക്കുറിച്ചൊക്കെ അടക്കിപ്പിടിച്ച ശബ്ദത്തില്‍ ചര്‍ച്ച ചെയ്യാനും നിരവധിപേരുണ്ടായിരുന്നു. അതൊക്കെ, ഒരു അനുഷ്ഠാനം നിര്‍വ്വഹിക്കുന്നതിന്റെ സംതൃപ്തിയും ആവേശവും ഞങ്ങള്‍ക്ക്‌ തരികയും ചെയ്തിരുന്നു.

പിന്നെ ഒരു വര്‍ഷം പൂനെയിലും, ആറുവര്‍ഷം നാഗ്‌പൂരുമായി കോളേജ്‌ വിദ്യാഭ്യാസം. ആ സമയത്താണ്‌ ശാരീരികമായും, മാനസികമായും വളര്‍ച്ച നേടിയത്‌. നല്ലൊരു വായനക്കാരനായിരുന്നു ഞാന്‍. ആവേശോജ്ജ്വലമായ എഴുപതുകളില്‍, ശ്വസിക്കുന്ന വായുവില്‍പ്പോലും കാതലായ ഒരു മാറ്റത്തിന്റെ കാറ്റു വീശിയിരുന്നു. എങ്ങും. ആര്‍.എസ്സ്‌.എസ്സ്‌ സാഹിത്യം മാത്രമല്ല, ചെഗുവേരയെക്കുറിച്ചും, ഫിഡല്‍ കാസ്ട്രോയെക്കുറിച്ചും ഞാന്‍ വായിച്ചു. എന്റെ ദളിത്‌ സുഹൃത്തുക്കള്‍ എന്നെ ദളിത്‌ സാഹിത്യത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെയങ്ങിനെ, വിരോധാഭാസമെന്നു തോന്നാം, ആര്‍.എസ്സ്‌.എസ്സിന്റെ ശക്തികേന്ദ്രത്തില്‍വെച്ചുതന്നെ, ഞാന്‍ അതില്‍ നിന്നും പുറത്തുകടന്നു. എന്നു മാത്രമല്ല, അതിന്റെ വിരോധികൂടിയായി മാറിത്തുടങ്ങി. പിന്നെ ഞാന്‍ തിരഞ്ഞെടുത്ത പാത ദീര്‍ഘമായ ഒന്നായിരുന്നു. ജയപ്രകാശ്‌, ച്ഛത്രയുവ സംഘര്‍ഷ വാഹിനി(ജെ.പി.യുടെ യുവജനവിഭാഗം), ഫെമിനിസം, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെ കടന്ന്, ഞാന്‍ 'ബിരുദധാരി'യായി. പക്ഷേ, ഇതൊന്നും, താങ്കളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തിയില്ല. മാര്‍ക്സിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും, അവിടെനിന്ന് താങ്കളിലേക്കുമുള്ള തന്റെ യാത്രകളെക്കുറിച്ച്‌ ജെ.പി. പറയുമ്പോഴൊക്കെ, ഇടക്കിടക്ക്‌ ചില സന്ദേഹങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടായിരുന്നുവെങ്കിലും. "ഏതു പ്രത്യയശാസ്ത്രമെടുത്താലും, അതില്‍ 'നന്മക്കുള്ള പ്രചോദനം' എന്താണ്‌; സ്വാര്‍ത്ഥതാത്‌പര്യങ്ങളെ മറികടന്ന്, മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മ ചെയ്യാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌" ഇതൊക്കെയായിരുന്നു ജെ.പി. ചോദിച്ചുകൊണ്ടിരുന്നത്‌. 'സമ്പൂര്‍ണ്ണ വിപ്ലവ'ത്തിന്റെ പ്രമുഖ വ്യാഖ്യാതാവായ ആചാര്യ ദാദ ധര്‍മ്മാധികാരിയും നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്‌ ഏതാണ്ട്‌ ഇതേ കാര്യം തന്നെയായിരുന്നു. "അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ (സ്ത്രീകള്‍, ദളിതര്‍ ആദിയായവര്‍)തങ്ങളെ അടിച്ചമര്‍ത്തുന്ന സംവിധാനത്തിനെതിരെ കലാപം ചെയ്യുന്നത്‌ ന്യായവും നീതീകരിക്കത്തക്കതുമാണ്‌. അത്‌ ആവശ്യവുമാണ്‌. പക്ഷേ സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ അതു മാത്രം മതിയോ? മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെയും വിമോചനത്തിന്‌ ആരാണ്‌ പോരാടുക? ഈ അടിച്ചമര്‍ത്തുന്ന സംവിധാനത്തിന്റെതന്നെ ഭാഗമാണ്‌ നമ്മള്‍ ഓരൊരുത്തരും എന്നു വരുമ്പോള്‍, വര്‍ഗ്ഗ/ജാതിക്ക്‌ അതീതമായ ഒരു വിപ്ലവബോധം എങ്ങിനെയാണ്‌ നമ്മള്‍ ഈ സങ്കീര്‍ണ്ണമായ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക?". ഈ ചോദ്യങ്ങള്‍ എന്നെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി. കുറച്ചുകാലത്തേക്കുമാത്രം. കാരണം ഞാന്‍ നന്നെ ചെറുപ്പമായിരുന്നു. പോരാത്തതിന്‌ 'പുരോഗമനം' തലക്കു പിടിച്ചിരിക്കുന്ന സമയവും. 'സര്‍വ്വോദയ' എന്നോ മറ്റോ പരിഹസിക്കപ്പെട്ട്ടാലോ എന്ന പേടിയും. ബാപ്പു, ചിലര്‍ക്ക്‌ താങ്കള്‍ 'ഒന്നാം നമ്പര്‍ ശത്രു'വായിരുന്നു (ഞങ്ങളെപ്പോലെ 'പുരോഗമനവാദികള്‍'ചിലര്‍ക്ക്‌, ശത്രുക്കളെ എണ്ണിത്തിട്ടപ്പെടുത്താനും, അവരുടെ സ്ഥാനം നിര്‍ണ്ണയിക്കാനും ബുദ്ധിമുട്ടായിരുന്നു. കാരണം, കണക്കില്‍ ഞങ്ങള്‍ എന്നും പിന്നിലായിരുന്നുവല്ലൊ). മാത്രമല്ല, എണ്ണം മാറിക്കൊണ്ടുമിരുന്നു. ചിലപ്പോള്‍ അത്‌ താങ്കളാകും,മറ്റു ചിലപ്പോള്‍ കോണ്‍ഗ്രസ്സ്‌, ഇനിയും മറ്റു ചിലപ്പോള്‍ സോഷ്യലിസ്റ്റുകള്‍ മുതല്‍ മാവോയിസ്റ്റുകള്‍വരെയുള്ളവര്‍-ഒടുവില്‍ പറഞ്ഞവരുടെ എണ്ണം വര്‍ദ്ധിക്കുന്നുമുണ്ടായിരുന്നു-. അങ്ങിനെ പോയി ഞങ്ങളുടെ ശത്രുനിര. പക്ഷേ, രസം അതൊന്നുമല്ല. ആര്‍.എസ്സ്‌.എസ്സിനെയാണ്‌ 'ഒന്നാം നമ്പര്‍ ശത്രു'വായി കാണുകയും എതിര്‍ക്കുകയും ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കൊരിക്കലും അന്ന് തോന്നിയതേയില്ല എന്നതാണ്‌. ഇന്ന്, ഈ തീവ്രമതേതരവാദികളില്‍ ചിലരാണ്‌ ആര്‍.എസ്സ്‌.എസ്സിന്റെ 'ആദ്യഭാര്യ'പദം അലങ്കരിക്കുന്നത്‌. അതു പോട്ടെ. ഈ പ്രയോഗങ്ങളൊക്കെ താങ്കള്‍ക്ക്‌ ഒരു പക്ഷേ അപരിചിതമായേക്കാം.

നമ്മുടെ ബന്ധത്തിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവന്നത്‌. വ്യക്തമാക്കാം. 'ഹരിജന്‍' എന്ന വാക്ക്‌ അങ്ങ്‌ ഉപയോഗിച്ചത്‌, 'അയിത്തം' ഇല്ലാതാക്കാന്‍ താങ്കള്‍ നടത്തിയ ശ്രമം, പ്രായശ്ചിത്തമെന്ന നിലക്ക്‌ 'തോട്ടിപ്പണി' ചെയ്യാന്‍ സവര്‍ണ്ണജാതിക്കാരോട്‌ താങ്കള്‍ ആഹ്വാനം ചെയ്തത്‌, ഇതിനെയൊക്കെ സവര്‍ണ്ണജാതിയില്‍ പിറന്നതിന്റെ അഹങ്കാരമായിട്ടാണ്‌ ദളിതരില്‍ ചിലര്‍പോലും കാണുന്നത്‌. കോണ്‍ഗ്രസ്സിന്റെ അംബേദ്‌കറിനോടുള്ള എതിര്‍പ്പും, പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ്‌ ദളിതരെ വഞ്ചിച്ചതിനും ഒക്കെ താങ്കളെയാണ്‌ പഴി ചാരുന്നത്‌. പതിവുപോലെ, രാജ്യത്തിന്റെ എല്ലാ ദോഷത്തിനും താങ്കളെയാണ്‌ ഉത്തരവാദിയാക്കുന്നത്‌. താങ്കള്‍ രാഷ്ട്രപിതാവാണ്‌. ഒരിക്കലും നിലനിന്നിട്ടില്ലാത്ത രാഷ്ട്രത്തിന്റെ പിതാവ്‌. താങ്കളെ ആക്രമിച്ചാല്‍ ആര്‍ക്കും വേദനിക്കുന്നില്ല. കാരണം, താങ്കള്‍ക്ക്‌ സന്താനങ്ങളില്ലല്ലോ. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ താങ്കള്‍ ദേശീയ ബൂര്‍ഷ്വാസിയുടെ ചട്ടുകമാണ്‌. അവര്‍ക്കും അവര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച വിപ്ലവത്തിനും ഇടയില്‍ നിന്നതുകൊണ്ട്‌ അവര്‍ അങ്ങക്ക്‌ ഒരിക്കലും മാപ്പു തരില്ല. ഫെമിനിസ്റ്റുകളും താങ്കളെ ഒരിക്കലും പരാമര്‍ശിക്കില്ല. കാരണം താങ്കള്‍ പുരുഷനായിരുന്നു, ഇന്ത്യക്കാരനായിരുന്നു, 'ബ്രഹ്മചര്യം' ഉപദേശിച്ച പാരമ്പര്യവാദിയായിരുന്നു. 'രാമരാജ്യ'മെന്ന താങ്കളുടെ സങ്കല്‍പ്പം ശംബൂകന്റെയും, സീതയുടെയും, മാര്‍ക്സിന്റെയും, ലെനിനിന്റെയും പിന്‍ഗാമികള്‍ക്ക്‌ ഒരിക്കലും സ്വീകാര്യമാവില്ല. അതില്‍ അവരെ തെറ്റ്‌ പറയാനുമാവില്ല. പക്ഷേ ഒന്നുണ്ട്‌. താങ്കളുടെ രാമന്‍ സംഘപരിവാറിന്റെ 'ജയ്‌ ശ്രീരാമ'ന്റെ വിപരീതദീശയിലാണെന്നും, ആ ശ്രീരാമന്‌ ആരെയും ഹിംസിക്കാന്‍ ആവില്ലെന്നും ഈ പ്രതിപക്ഷങ്ങള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ഒരു പഴയ തൊപ്പിയാണ്‌ ബാപ്പൂ. ഞങ്ങളൊക്കെയാണ്‌ 'ആധുനികര്‍'. നമ്മുടെ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെയൊക്കെ, നിശ്ചിതമായ വികസനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം, പുരോഗമനപരമായ നിയമനിര്‍മ്മാണം, സംവരണം തുടങ്ങിയ ഭരണഘടനാപ്രയോഗങ്ങള്‍, മതേതരത്വം എന്നിവയിലൂടെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണെന്ന് ഞങ്ങള്‍ക്ക്‌ വിശ്വാസമുണ്ട്‌.

തമ്മില്‍തല്ലിയും, ഇടക്കിടക്ക്‌ താങ്കള്‍ക്കു നേരെ ശാപവചനങ്ങള്‍ ചൊരിഞ്ഞും, ബൗദ്ധികചര്‍ച്ചയുടെ നൂല്‍നൂറ്റും, ഒരുപക്ഷേ ഞങ്ങള്‍ അങ്ങിനെ സസുഖം കഴിയുമായിരുന്നു. പക്ഷേ, അപ്പോഴാണ്‌ അശനിപാതം പോലെ, സോവിയറ്റ്‌ യൂണിയന്റെ പതനവും, ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഒക്കെ ഞങ്ങളുടെ ഉറക്കത്തിന്‌ ഭംഗം വരുത്തിയത്‌. എല്ലാവര്‍ക്കും അത്‌ ബോധോദയം ഉണ്ടാക്കി എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. 'ചരിത്രപരമായ മണ്ടത്തരങ്ങളെ'ക്കുറിച്ച്‌ എല്ലാവര്‍ക്കും ഒരേ സമയം തന്നെ ബോധമുണ്ടായാല്‍ പിന്നെ എങ്ങിനെയാണ്‌ ഞങ്ങളെ പുരോഗമനവാദികള്‍ എന്നു വിളിക്കാനാവുക? പക്ഷേ ഞങ്ങളൊക്കെ കാലഹരണപ്പെട്ടുവെന്ന തിരിച്ചറിവിലേക്കാണ്‌ ഞങ്ങള്‍ ഉറക്കമുണര്‍ന്നത്‌. "ഘോഷയാത്ര കടന്നുപോവുകയും, അതുയര്‍ത്തിയ പുകപടലങ്ങളുടെ മേഘങ്ങളെ നോക്കി പകച്ചുനില്‍ക്കാനും' മാത്രമേ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളു. അത്‌ ഞങ്ങളെ മറികടന്നുപോയി എന്നല്ല പറയേണ്ടത്‌, അത്‌ ഞങ്ങളെ ചവുട്ടിമെതിച്ചു കടന്നുപോയി എന്നാണ്‌. ഞങ്ങളെ വെറും കോമാളികളാക്കിക്കളഞ്ഞു അത്‌. ഞങ്ങളില്‍ ചിലരില്‍ ഉറങ്ങിക്കിടന്നിരുന്ന വൈറസിനെ, അഥവാ 'നിലീനമായ ജീനു'കളെ അവ പ്രവര്‍ത്തനക്ഷമമാക്കുകയും, 'രഥയാത്ര'യില്‍ സ്വന്തം ഇടംകണ്ടെത്താനും ഉറപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്തു. മറ്റു ചിലരാകട്ടെ, 'അവരവരുടെ ഹിമാലയങ്ങളിലേക്ക്‌' തീര്‍ത്ഥാടനം നടത്തുകയും, 'ആത്യന്തികമായ സത്യവും, മനസ്സമാധാനവും അന്വേഷിച്ച്‌' പലായനം ചെയ്യുകയും ചെയ്തു. എവിടെയാണ്‌ തെറ്റുപറ്റിയത്‌ എന്ന് ഗൗരവമായി ചിന്തിച്ച്‌, ബാക്കി ചിലരാകട്ടെ, തമ്മില്‍തല്ലി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. ബാപ്പുജി, പറയാന്‍ ലജ്ജ തോന്നുന്നുണ്ട്‌, പക്ഷേ ഞങ്ങളില്‍ പലരും, അല്‍പ്പംകൂടി താങ്കളുടെ ചാരത്തേക്ക്‌ എത്തിയിട്ടുണ്ട്‌.

അതൊരു എളുപ്പമുള്ള കാര്യമല്ല എന്ന് ഞങ്ങള്‍ക്ക്‌ അറിയാം. താങ്കള്‍ക്ക്‌ എവിടെയാണ്‌ വോട്ട്‌ ബാങ്ക്‌ ബാപ്പൂ? മുസ്ലിമിനോട്‌ സഹാനുഭൂതി കാണിച്ചതിന്‌ ഹിന്ദു വര്‍ഗീയവാദികള്‍ താങ്കളെ കൊന്നു. മുസ്ലിമുകള്‍ക്കുവേണ്ടി(അവര്‍ക്കും, നാടിനും, മാനവികതക്കുംവേണ്ടി) താങ്കള്‍ ചെയ്തതെന്തൊക്കെയാണെന്ന് അവര്‍ക്കും മനസ്സിലാവുന്നില്ല. സ്വാതന്ത്ര്യംപോലെതന്നെ തുല്യപ്രാധാന്യമുള്ളതാണ്‌ അയിത്തോച്ചാടനവുമെന്ന് താങ്കള്‍ കരുതി. പക്ഷേ, ദളിതരെ സംബന്ധിച്ചിടത്തോളം താങ്കള്‍ (ആര്‍.എസ്സ്‌.എസ്സിനേക്കാള്‍ അപകടകരമായ)ബ്രാഹ്മണാധികാര ഘടനയുടെ സൂത്രധാരനാണ്‌. ഗ്രാമ വ്യവസായങ്ങളുടെ പുനരുദ്ധാരണമെന്ന താങ്കളുടെ കര്‍മ്മപദ്ധതിയാണ്‌ നെയ്ത്തുകാരെയും, കുശവന്‍മാരെയും, അതുപോലുള്ള നിരവധിപേരേയും (ഇന്നത്തെ ഒ.ബി.സി വിഭാഗം) മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്നത്‌. സവര്‍ണ്ണജാതിയില്‍നിന്ന് ബഹുജനിലേക്ക്‌ നേതൃത്വത്തിനെ മാറ്റിപ്രതിഷ്ഠിക്കാനും, ഇന്ത്യന്‍ രാജ്യതന്ത്രത്തെ ജനാധിപത്യവത്‌ക്കരിക്കാനും താങ്കള്‍ ഉപകരണമായി വര്‍ത്തിച്ചിട്ടുണ്ട്‌. പക്ഷേ 'മണ്ഡല്‍'ഗുണഭോക്താക്കള്‍ ഇതിനെക്കുറിച്ചൊക്കെ ആനന്ദകരമായ അജ്ഞതയില്‍ മയങ്ങി കിടക്കുകയാന്‌. കോണ്‍ഗ്രസ്സും, ഈ പറഞ്ഞ ഗാന്ധിയന്‍മാരും എല്ലാവരും ചേര്‍ന്ന് താങ്കളെ, അവരുടെ വലുപ്പത്തിനു അനുയോജ്യമായവിധം ചെറിയ പ്രതിമകള്‍ക്കുള്ളില്‍ കുഴിച്ചുമൂടിയിരിക്കുന്നു.

ഇന്ന്, താങ്കളുടെ പാരമ്പര്യം അഭിമാനത്തോടെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തരായ ആളുകള്‍ ആരുമില്ല. ഒരു നന്ദിയുമില്ലാത്ത രാജ്യത്തിന്റെ പിതാവായിരിക്കുക എന്നത്‌ നഷ്ടക്കച്ചവടമാണ്‌ ബാപ്പൂ. നല്ല ബനിയക്കാരന്‍ തന്നെ അങ്ങ്‌!!

എന്നുവെച്ച്‌, അങ്ങയുടെ പ്രശസ്തി അത്ര കുറഞ്ഞിട്ടൊന്നുമില്ല കേട്ടോ. താങ്കളുടെ പല ഇഷ്ടസങ്കല്‍പ്പങ്ങളെയും ഞങ്ങള്‍ അതിന്റെ പ്രത്യയശാസ്ത്രങ്ങളില്‍നിന്ന് സ്വതന്ത്രമാക്കി അല്‍പ്പം മാറ്റിമറിച്ച്‌, വര്‍ഗ്ഗചിഹ്നങ്ങളാക്കുന്നുണ്ട്‌. (കീഴെക്കിടയിലുള്ള പരേലിനെ, മേല്‍ത്തട്ടിലുള്ള വര്‍ളിയാക്കിയപോലെ*). താങ്കളുടെ ഖാദിയുണ്ടല്ലോ, ഇന്ന്, അത്‌ അലങ്കരിക്കുന്നത്‌ സാമൂഹ്യപ്രവര്‍ത്തകരുടെ ശരീരത്തെയല്ല, മറിച്ച്‌, 'പരേഡിന്‌" പങ്കെടുക്കുന്ന മോഡലുകളുടെ ശരീരവടിവുകളെയാണ്‌. പ്രകൃതി ചികിത്സ എന്നത്‌, സമ്പന്നരുടെ (ആവിമുറിക്ക് പുറത്ത് ക്യൂനില്‍ക്കുന്നവരുടെയും, പൊണ്ണത്തടി കുറക്കാന്‍ വ്യായാമം ചെയ്യുന്നവരുടേയും)സംഭാഷണങ്ങളിലെ നിത്യപ്രയോഗമാണ്‌. ജൈവഭക്ഷണമെന്നത്‌, ഷോപ്പിംഗ്‌ മാളുകളില്‍നിന്ന് ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു വിഭവമാണ്‌. ആട്ടിന്‍പാലിന്‌ പോഷകമൂല്യമുണ്ടെന്ന് അമേരിക്കക്കാര്‍ക്ക്‌ തെളിയിക്കാന്‍ കഴിഞ്ഞാല്‍, ഞങ്ങളതും കുടിച്ചുകളയും. പറഞ്ഞേക്കാം.

എന്നിട്ടും, ഈ ഭ്രാന്തന്‍ കോലാഹലങ്ങള്‍ക്കിടയിലും താങ്കളുടെ പ്രസക്തി ഏറുകയാണ്‌. തിങ്ങിനിറഞ്ഞ്‌ ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന വന്‍നഗരങ്ങള്‍, വരണ്ട ഗ്രാമങ്ങള്‍, വര്‍ദ്ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍, ആ ആത്മഹത്യകളെ 'എണ്ണ'മായികാണുന്ന മദ്ധ്യവര്‍ഗ്ഗജീവികള്‍, തുണിമില്ലുകളുടെ കുഴിമാടങ്ങളില്‍ പണിതുയര്‍ത്തിയ വന്‍കിട കച്ചവടകേന്ദ്രങ്ങള്‍, പഠനം ഭാരമായിത്തീര്‍ന്ന കുട്ടികള്‍, നര്‍മ്മദ, സിംഗൂര്‍, നന്ദിഗ്രാം, കലിംഗനഗര്‍, ഖൈര്‍ലാഞ്ചി; ജനം, മാദ്ധ്യമങ്ങള്‍, നീതിന്യായം, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയക്കാര്‍, തൊഴിലാളികള്‍ - സ്വന്തം വൃത്തത്തിനപ്പുറത്തേക്ക്‌ പോകാന്‍ കഴിയാതെ തങ്ങളുടെ ജാതിയുടെയും, മതത്തിന്റെയും, സ്വാര്‍ത്ഥതാത്‌പര്യങ്ങളുടെയും ഉള്ളില്‍ കഴിഞ്ഞ്‌, ജീവിതത്തെ അതിന്റെ സമഗ്രതയില്‍ കാണാന്‍ അശക്തരായവര്‍ - എല്ലാവര്‍ക്കും, താങ്കളുടെ ആ ജീവിതദര്‍ശനം ആവശ്യമായിരിക്കുന്നു ഇന്ന്. പ്രവര്‍ത്തകരുടെ ഒളിഞ്ഞിരിക്കുന്ന ശക്തിയെ കണ്ടെത്താനും, അവയെ ചിറകുവിരിയിച്ച്‌, അവക്ക്‌ ശക്തി പകര്‍ന്ന്, അവരുടെ ചക്രവാളങ്ങള്‍ വികസിപ്പിച്ച്‌ എല്ലാവരെയും ഒത്തൊരുരുമിപ്പിക്കാനുമുള്ള അങ്ങയുടെ ആ കഴിവുണ്ടല്ലോ, അതാണ്‌ ഇന്ന് ഞങ്ങള്‍ക്കാവശ്യം. അങ്ങയുടെ കണ്ണടകള്‍ ഞങ്ങള്‍ക്ക്‌ വേണ്ട. ഇപ്പോള്‍തന്നെ, ആനയെ കണ്ട അന്ധരുടെ അവസ്ഥയാണ്‌ ഞങ്ങളുടേത്‌. ഇനി അങ്ങയുടെ കണ്ണട കൂടി ധരിച്ചാല്‍ പിന്നെ, അത്‌ ഞങ്ങളുടെ മിഥ്യാധാരണകള്‍ കൂടുതല്‍ ഉറപ്പിക്കാനേ ഒരുപക്ഷേ സഹായിക്കൂ. മാത്രവുമല്ല, കഴിഞ്ഞ ആറു ദശകങ്ങളായി, ഞങ്ങള്‍ സഞ്ചരിക്കുന്നത്‌, താങ്കളുടെ പാതയില്‍നിന്നും വിരുദ്ധമായ ദിശയിലായതുകൊണ്ട്‌, അത്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാനും മതി. ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌, ഇന്നിന്റെ പരിഹാരം തന്നെയാണ്‌ ആവശ്യം. അതുകൊണ്ട്‌, താങ്കളുടെ കണ്ണടയല്ല, മറിച്ച്‌, താങ്കളുടെ, ആ സമ്പൂര്‍ണ്ണ ദര്‍ശനമാണ്‌ ഞങ്ങള്‍ക്ക്‌ ഇന്ന് വേണ്ടത്‌. വികസനം-പരിസ്ഥിതി, സക്രിയത്വം-സംഘര്‍ഷം, സമന്വയം-വിശകലനം, സമ്പത്തിന്റെ നിര്‍മ്മാണം-വിതരണം, ഈ ദ്വന്ദങ്ങളുടെ വൈരുദ്ധ്യങ്ങളില്‍നിന്ന് ഞങ്ങളെ നിവര്‍ത്തിക്കാനും, ആത്മവിമര്‍ശനത്തിന്‌ സജ്ജരാക്കാനും, അന്യനോട്‌ സഹാനുഭൂതിയുള്ളവരാകാനും, ബാപ്പൂ, താങ്കള്‍ ഞങ്ങളെ പ്രാപ്തരാക്കണം. കൂടുതല്‍ നല്ല ഒരു ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമല്ല താങ്കളെ വേണ്ടത്‌. ഈ ഏകധ്രുവലോകത്തില്‍ ശ്വാസംമുട്ടി കഴിയുന്ന എല്ലാവര്‍ക്കും താങ്കളെ ഇന്ന് ആവശ്യമായിവന്നിരിക്കുന്നു. സമത്വത്തിനും, മാനവികതക്കും വേണ്ടിയുള്ള ഗംഭീരവും ഉദാത്തവും, ആവേശോജ്ജ്വലവുമായ സമരങ്ങളൊക്കെതന്നെയും-ചൈനയിലും, റഷ്യയിലും, വിയറ്റ്‌നാമിലും, ദക്ഷിണാഫ്രിക്കയിലും നടന്ന രീതിലുള്ളവ-എങ്ങിനെയാണ്‌ ഇത്ര ദയനീയമായി പരാജയപ്പെട്ടുപോയത്‌? എല്ലാം തകര്‍ത്ത്‌ മുന്നേറുന്ന ഇസ്രായേലി യുദ്ധ ടാങ്കുകള്‍ക്കു മുന്നിലേക്ക്‌ സ്വയം എറിഞ്ഞുകൊടുത്ത ആ യുവ അമേരിക്കന്‍ സമാധാനപ്രവര്‍ത്തക മരിക്കുന്നതിനുമുന്‍പ്‌ മന്ത്രിച്ച നാമം, ബാപ്പൂ, മറ്റാരുടേതുമായിരുന്നില്ല, താങ്കളുടേതായിരുന്നു. നാഥുറാം ഗോഡ്‌സേയുടെയും, താങ്കളുടെ അനുയായികളുടെയും വെടിയുണ്ടകള്‍ക്കൊന്നും താങ്കളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകങ്ങളിലും, കാഴ്ചബംഗ്ലാവുകളിലും, പ്രതിമകളിലും മാത്രമല്ല താങ്കള്‍ ജീവിക്കുന്നത്‌, ഞങ്ങളുടെ മനസ്സുകളിലുംകൂടിയാണ്‌. ഓരോ വര്‍ഷം കഴിയുമ്പോഴും, താങ്കള്‍ക്ക്‌ കൂടുതല്‍ക്കൂടുതല്‍ ചെറുപ്പമാവുകയാണ്‌ ബാപ്പൂ. താങ്കള്‍ ദീര്‍ഘകാലം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.ലോക്‍സത്ത എന്ന മറാത്തിപത്രത്തില്‍, 2007 ഒക്ടോബര്‍ 2-ന്‌ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയുടെ പരിഭാഷ. ശ്രീ ആര്‍.പി.രവീന്ദ്രയാണ്‌ ഇംഗ്ലീഷിലേക്ക്‌ ഭാഷാന്തരം ചെയ്തിരിക്കുന്നത്‌.


* ഒരു കാലത്ത്‌ തുണിമില്ലുകളുടെ കേന്ദ്രമായിരുന്ന പരേല്‍, ഇന്ന്, വൊര്‍ളി എന്ന അത്യന്താധുനിക വാണിജ്യകേന്ദ്രമായിരിക്കുന്നു.


പരിഭാഷക്കുറിപ്പ്‌:

ഗാന്ധിയുടെ രാഷ്ട്രീയപ്രയോഗങ്ങളോട്‌ പൂര്‍ണ്ണമായി യോജിക്കാന്‍ സാധിക്കാതെ വരുമ്പോഴും, ഈ ലേഖനത്തിലെ ചില ആശയങ്ങള്‍ കാലികമായി പ്രസക്തമാണെന്നു തോന്നുന്നതുകൊണ്ടാണ്‌ ഇത്‌ ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്‌. ലോകമാന്യതിലകനെപ്പോലുള്ളവരുടെ കയ്യില്‍ ഒരു പക്ഷേ തീവ്ര-മതാധിഷ്ഠിതമായ ഒന്നാകുമായിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭത്തെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിച്ചു എന്നിടത്താണ്‌ ഗാന്ധിയുടെ പ്രസക്തി. വികസനത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ ആശയങ്ങള്‍ക്കും അപ്രധാനമല്ലാത്ത പങ്കുണ്ട്‌. അഹിംസാവാദിയായ ഗാന്ധി, 'യുദ്ധങ്ങളുടെ മാതാവിനു'വേണ്ടിയുള്ള പണപ്പിരിവിന്‌ ഇറങ്ങിത്തിരിച്ചതിന്റെ അസംബന്ധവും, റൊമാന്‍ റൊളാങ്ങിനെപ്പോലുള്ളവര്‍ (Romain Rolland)എടുത്തുപറഞ്ഞിട്ടുമുണ്ട്‌.

15 comments:

Anonymous said...

എക്സലന്റ്‌..

ആരുടെ ലേഖനമാണിത്‌ ?
ആര്‍.എസ്‌.എസ്‌. ശാഖയില്‍ സ്ഥിരമായി പോയിരുന്ന എന്റെ ഒരു സുഹ്യത്ത്‌ ( പ്രീഡിഗ്രി കാലഘട്ടത്തില്‍ ) ആ ഭീകര പ്രസ്ഥാനത്തില്‍ നിന്ന് രാജിവെക്കാനുണ്ടായ കാരണങ്ങള്‍ പന്‍ങ്കു വെച്ചിരുന്നു.. അയല്‍ വാസിയായ ഒരാളെ കൊല്ലാന്‍ മറ്റ്‌ ശാഖയില്‍ നിന്ന് ആളെ വരുത്തുന്നതിനെ പറ്റിയുള്ള വിവരം ചോര്‍ന്നതായിരുന്നു അതിനു കാരണം.. സ്നേഹ ഭാരതീയരില്‍ വിഷവിത്തുകളായ ആര്‍.എസ്‌.എസ്‌. എന്‍.ഡി.എഫ്‌ പോലുള്ള വിഘടന വാദികള്‍ക്ക്‌ വളരാന്‍ അനുവദിച്ചുകൂടാ

N.J Joju said...

നന്ദി ശ്രീ ആര്‍.പി.രവീന്ദ്രയ്ക്കും, രാജീവ്‌ ചേലനാട്ടിനും.

simy nazareth said...

രാജീവ്,

സ്വാതന്ത്യസമരത്തെ ജനകീയവല്‍കരിച്ചെങ്കിലും ഗാന്ധിയന്‍ സ്വാതന്ത്ര്യസമരം കൊണ്ടും അഹിംസാമാര്‍ഗ്ഗം കൊണ്ടുമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് എന്ന പൊതുധാരണ തെറ്റാണ്. R.I.N. Mutiny (നാവിക ലഹള) ആണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ സൈനികരെ വിശ്വസിക്കാമോ എന്ന ചിന്തയും അവരിലെ അന്ത:ച്ഛിദ്രവുമായിരുന്നു സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള കാരണങ്ങള്‍ - ഇത്രയും ഇംഗ്ലീഷ് വിക്കിപീഡിയയിലെ Indian independence movement എന്ന ലേഖനത്തില്‍ നിന്നും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുറച്ച് അറിവ് കിട്ടി ഈ ലേഖനത്തിലൂടെ. നന്ദി

ഭൂമിപുത്രി said...

പലതും ചിന്തിപ്പിയ്ക്കുന്ന ലേഖനം!
നന്ദി രാജീവ്

Rajeeve Chelanat said...

ആരുടെ ലേഖനമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
ആറ്.എസ്സ്.എസ്സിനെയും എന്‍.ഡി.എഫിനെപ്പോലെയുമുള്ള മതമൌലിക സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്, രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നു എന്നതാണ്. കൊലപാതകങ്ങളും മറ്റും, ആ വലിയ ലക്ഷ്യത്തിലേക്കുള്ള അവരുടെ മാര്‍ഗ്ഗങ്ങള്‍ എന്ന നിലക്കാണ് കാണേണ്ടത്.
അതിനെതിരെയാണ് ജനാധിപത്യ, മതേതരവാദികള്‍ ജാഗരൂകരായിരിക്കേണ്ടതും.

സിമി, നാവികകലാപത്തിനും ഒരു പങ്കുണ്ട് എന്നു മാത്രമേ പറയാനാവൂ. രണ്ടാം ലോകമഹായുദ്ധത്തിനു ശെഷം കൊളോണിയല്‍ രാജ്യങ്ങളില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യവും,തന്മൂലം കോളണികളെ നിലനിര്‍ത്താന്‍ അസാദ്ധ്യമായ സാഹചര്യവും, ഇന്ത്യയിലെ വളര്‍ന്നുവരുന്ന അഹിംസേതരമായ സമരമാര്‍ഗ്ഗങ്ങളുമാണ് സായ്‌പ്പിനെ കെട്ടുകെട്ടിച്ചത്. നാവിക കലാപത്തിനും പങ്കുണ്ട് എന്നു മാത്രം.

Rajeeve Chelanat said...

വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി

simy nazareth said...

രാജീവ്, ഇന്ത്യയിലെ പ്രഖ്യാപിത സ്വാതന്ത്ര്യ സമരവും ഗാന്ധിജിയുടെ മാര്‍ഗ്ഗങ്ങളും ഇന്ത്യക്കാരെ ഒരുമിപ്പിച്ചു നിറുത്തിയതൊഴിച്ച് ഒരു പരാജയമായി എന്നല്ലേ കരുതാന്‍ പറ്റൂ. എന്നിട്ടും ചരിത്രത്തിന്റെ നേരെ അറുപതു വര്‍ഷത്തോളമായി നമ്മള്‍ ഒരു മഞ്ഞക്കണ്ണാ‍ടി പിടിയ്ക്കുകയല്ലേ.

Dhanjaya Bhat, writing in The Tribune, Sunday, February 12, 2006. Spectrum Suppl.

Which phase of our freedom struggle won for us Independence? Mahatma Gandhi’s 1942 Quit India movement, or the INA army launched by Netaji Bose to free India, or the Royal Indian Navy Mutiny of 1946? According to the British Prime Minister Clement Attlee, during whose regime India became free, it was the INA and the RIN Mutiny of February 18–23 1946 that made the British realise that their time was up in India.

An extract from a letter written by P.V. Chuckraborty, former Chief Justice of Calcutta High Court, on March 30 1976, reads thus:

When I was acting as Governor of West Bengal in 1956, Clement Attlee, who as the British Prime Minister in post war years was responsible for India’s freedom, visited India and stayed in Raj Bhavan Calcutta for two days. I put it straight to him like this: ‘The Quit India Movement of Gandhi practically died out long before 1947 and there was nothing in the Indian situation at that time which made it necessary for the British to leave India in a hurry. Why then did they do so?’ In reply Attlee cited several reasons, the most important of which were the INA activities of Netaji Subhas Chandra Bose, which weakened the very foundation of the British Empire in India, and the RIN Mutiny which made the British realise that the Indian armed forces could no longer be trusted to prop up the British. When asked about the extent to which the British decision to quit India was influenced by Mahatma Gandhi’s 1942 movement, Attlee’s lips widened in smile of disdain and he uttered, slowly, ‘Minimal’.

Accessed on 17-Jul-2006

simy nazareth said...

ഇതും ഒന്നു നോക്കു (ഞാന്‍ തന്നെ തര്‍ജ്ജിമ ചെയ്തതാണ് - ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും). ഈ സെക്ഷന്‍ ഇപ്പോള്‍ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും അനാവശ്യമായ സെക്ഷന്‍ എന്നുപറഞ്ഞ് നീക്കി.

Rajeeve Chelanat said...

സിമി,

സിമി പറഞ്ഞതിനെ നിഷേധിക്കുന്നില്ല. INA-ക്കും, നാവികകലാപത്തിനും ഒക്കെ നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്കുണ്ട്. വെള്ളക്കാരില്‍നിന്ന് സ്വദേശികളിലേക്ക് അധികാരം കൈമാറി എന്നതും തികച്ചും ശരിയായ വിലയിരുത്തല്‍ തന്നെയാണ്. എങ്കിലും, വിദേശഭരണം എന്ന അടിമത്തത്തിന്റെതായ അവസ്ഥയെ നമ്മള്‍ മറികടന്നു എന്നതും തുല്യപ്രാധാന്യമുള്ളതാണ്. അത് കാണാതിരുന്നുകൂടാ. മാത്രവുമല്ല, ഇന്നത്തെ വികസ്വര രാജ്യങ്ങളില്‍ മിക്കതും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് കൊളോണിയല്‍ ഭരണങ്ങളില്‍നിന്ന് വിടുതല്‍ നേടിയത്. അതിനുള്ള പ്രധാന കാരണം, രണ്ടു മഹായുദ്ധങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയാണ്.

സിമിയുടെ അഭിപ്രായങ്ങളെ പൂരിപ്പിക്കുകയാണ്, ഖണ്ഡിക്കുകയല്ല ഞാന്‍.

അഭിവാദ്യങ്ങളോടെ

ശാലിനി said...

രാജീവിന്റെ പരിഭാഷയ്ക്ക് ഒരു പ്രത്യേകസൌന്ദര്യമുണ്ട്. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കും അത്.

ഈ ലേഖനത്തിനും നന്ദി.

Anonymous said...

how far does gandji differ from his R S S counterparts who mastermind to kill him?
He was equally responsible for the neglect of pluralism and diversity of Indian society.. "harijan" was not an innocent exercise but his polemical attempt to co-opt and de-politising the freedom struggle of Dalits... as a man of intersting and weird ideas he deserves attention.. a nice topic of study...

Rasheed Chalil said...

രാജീവ് ഭായ് ... ഈ പരിഭാഷക്ക് നന്ദി.

Rajeeve Chelanat said...

രഞ്ചു,

I regret for having to use English to reply to you.

I agree with your contention that he IS an interesting person with, weird ideas. But not much weird, I would say, as, more than any other political leaders of his time, (in Indian context)he had outlined his vision in a specific form and coordinated the freedom struggle of 40 crores of people. The latter itself is not a simple task by any standards. And it is in the light of this that many of his so-called-immature or spontaneous decisions on postponing or withdrawing of agitiations at many stages should be seen.

And regarding Dalits, what he had attempted was not assimilation of them to the mainstream (which is the real polemic which our contemporary communal leaders carry out) but to fight against casteism and untouchability practised against them by the upper class. And moreover, he was for pluralism and did fight to uphold that more than any others.

And after all, how can you so simply equate Gandhi and RSS!! I am sure, the article itself would give a reply for that query of yours.

Finally, I too believe that it was due to people like Bhagat Singh and others like him that India attained its freedom. But, equally, Gandhi's method of resistance too was instrumental in its own way. Anyway, that is my opinion.

N.J Joju said...

"സ്വാതന്ത്യസമരത്തെ ജനകീയവല്‍കരിച്ചെങ്കിലും ഗാന്ധിയന്‍ സ്വാതന്ത്ര്യസമരം കൊണ്ടും അഹിംസാമാര്‍ഗ്ഗം കൊണ്ടുമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് എന്ന പൊതുധാരണ തെറ്റാണ്."

യോജിക്കാനാവില്ല സിമി. ഞാനും ഇങ്ങനെയൊക്കെത്തന്നെ ചിന്തിച്ചിരുന്നു. പക്ഷേ ഇന്ത്യയിലെ സായുധസമരങ്ങളെ നേരിടാനുള്ള ശേഷി അക്കാലത്ത് എന്തുകൊണ്ടൂം ഗ്രേറ്റ് ബ്രിട്ടണുണ്ടായിരുന്നു. രാജീവ് പറഞ്ഞതുപോലെയാണെന്നാണ് എന്റെ വിശ്വാസം.