Wednesday, January 2, 2008

ബൂലോകത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകനെ വിട്ടയക്കുക

സൗദി അറേബ്യ പിന്നെപ്പിന്നെ ഒരു മാതൃകാരാജ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ അവര്‍ 32 വയസ്സുള്ള ഒരു സൗദി ബ്ലോഗ്ഗറെ തടവില്‍ ആക്കിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലത്തിന്റെ വക്താവ്‌, ജനറല്‍ മന്‍സൂര്‍ അല്‍-തുര്‍ക്കി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്‌. "സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനെപ്പറ്റി, ഫൗദിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌' എന്നാണ്‌ വക്താവിന്റെ വിശദീകരണം.

ഫൗദ്‌-അല്‍-ഫര്‍ഹാന്‍ എന്ന ബ്ലോഗ്ഗറെയാണ്‌ ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന്‌ സൗദി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്‌. തന്റെ ബ്ലോഗ്ഗില്‍, സൗദി അറേബ്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ച്‌ എഴുതി എന്ന 'ഗുരുതരമായ തെറ്റാണ്‌' ഫൗദി ചെയ്തിരിക്കുന്നത്‌.'ഞാന്‍ അവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നു എന്നാണ്‌ അവര്‍ കരുതുന്നത്‌", ഫൗദി പറയുന്നു. താന്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന് സുഹൃത്തുക്കള്‍ക്ക്‌ അയച്ച ഒരു കത്തില്‍ ഫൗദി ആശങ്ക പ്രകടിപ്പിച്ചിരുന്നുവത്രെ. 'ആഭ്യന്തരമന്ത്രാലത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ചോദ്യം ചെയ്യാനുള്ള ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌' എന്ന്, അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആ കത്തില്‍ പറയുന്നുണ്ട്‌. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഫര്‍ഹാന്റെ ബ്ലോഗ്ഗെഴുത്ത്‌, സൗദി അറേബ്യയിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗ്ഗുകളിലൊന്നാണ്‌.

ഫര്‍ഹാനോട്‌ മാപ്പപേക്ഷ എഴുതിക്കൊടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. 'മാപ്പു പറയണമോ എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല" ഫര്‍ഹാന്‍ പറയുന്നു "എന്തിനാണ്‌ ഞാന്‍ മാപ്പു പറയേണ്ടത്‌? ഈ രാഷ്ട്രീയ തടവുകാര്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന സര്‍ക്കാര്‍ വാദം നുണയാണെന്ന് പറഞ്ഞതിനോ?". ഫര്‍ഹാന്റെ അറസ്റ്റിനു ശേഷം, അയാള്‍ക്കുവേണ്ടി അയാളുടെ സുഹൃത്തുക്കള്‍ ഫര്‍ഹാന്റെ വെബ്ബില്‍ (www.alfarhan.org) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ഏറ്റെടുത്തിരിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതാദ്യമായാണ്‌ ഒരു ബ്ലോഗ്ഗറെ അറസ്റ്റു ചെയ്യുന്നതെന്ന്, ഫര്‍ഹാന്റെ അടുത്ത സുഹൃത്തായ അഹമ്മദ്‌ അല്‍-ഒമ്രാന്‍ വെളിപ്പെടുത്തി. സൗദി ബ്ലോഗ്ഗര്‍മാരുടെയിടയിലും, അഭിഭാഷകസമൂഹത്തിലും, ഈ അറസ്റ്റ്‌ വ്യാപകമായ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. "ഇത്‌ വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുള്ള ഒരു സംഭവമാണ്‌. ബ്ലോഗ്ഗില്‍ എഴുതുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത്‌ വിചിത്രമാണ്‌. പക്ഷേ, ബ്ലോഗ്ഗിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ്‌ ഇത്‌ വെളിവാക്കുന്നത്‌. അതേ സമയം, സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ എഴുതുന്ന ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുകയും, വിദ്വേഷവും അക്രമവും പരസ്യമായി നടത്തുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ ദു:ഖകരമാണ്‌", ഒരു ഫോണ്‍ സംഭാഷണത്തില്‍ ഒമ്രാന്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പേര്‍ വെച്ച്‌, അറബിയില്‍ ബ്ലോഗ്ഗ്‌ എഴുതുന്ന ചുരുക്കം സൗദി എഴുത്തുകാരില്‍ ഒരാളാണ്‌ ഫര്‍ഹാന്‍. ഫര്‍ഹാന്റെ ബ്ലോഗ്ഗിന്റെ തലവാചകം, "സ്വാതന്ത്ര്യം, അഭിമാനം, നീതി, തുല്ല്യത, പൊതുജനപങ്കാളിത്തം ആദിയായ നഷ്ടപ്പെട്ടുപോയ ഇസ്ലാമിക മൂല്യങ്ങള്‍ക്ക്‌" എന്നാണ്‌.

എന്തുകൊണ്ടാണ്‌ ഫര്‍ഹാനെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 'ഇത്‌ ഒരു സുരക്ഷാവിഷയമല്ല, ഫര്‍ഹാനെ ജയിലില്‍ അടച്ചിട്ടൊന്നുമില്ല. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. അത്‌ നീണ്ടുപോകാന്‍ ഇടയില്ല. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അയാളെ സ്വതന്ത്രനാക്കും' എന്നാണ്‌ ജനറല്‍ തുര്‍ക്കി പറയുന്നത്‌.

കഴിഞ്ഞ മാസമാണ്‌ 19 വയസ്സുള്ള, ബലാത്സംഗത്തിനു വിധേയയായ ഒരു സൗദി വനിതയെ, അവിഹിതബന്ധം ആരോപിച്ച്‌, സൗദി സര്‍ക്കാര്‍ ശിക്ഷിച്ചത്‌. അവരുടെ പേരിലുള്ള കുറ്റം പൂര്‍ണ്ണമായി തെളിയിക്കാന്‍ കോടതിക്കു സാധിച്ചിരുന്നില്ല. അവരുടെ അഭിഭാഷകനെ കോടതിയില്‍ സന്നിഹിതനാകുന്നതില്‍നിന്ന് വിലക്കുകയുമുണ്ടായി. ബലാത്സംഗത്തിനു വിധേയയായതിനേക്കാള്‍ കോടതി പ്രാധാന്യം കൊടുത്തത്‌, ആ സ്ത്രീ അന്യപുരുഷന്‍മാരുടെകൂടെ കാറില്‍ യാത്ര ചെയ്തു എന്ന കുറ്റത്തിനായിരുന്നു. ആദ്യം 90 ചാട്ടവാറടി വിധിച്ച ബഹുമാനപ്പെട്ട കോടതി, ആ യുവതിയുടെ അപ്പീലിനെത്തുടര്‍ന്ന്, അടിയുടെ എണ്ണം 200 ആക്കുകയും ചെയ്തു. പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ. ബലാത്സംഗം ചെയ്തവരുടെ ശിക്ഷയും കോടതി ഇരട്ടിപ്പിക്കുകയുണ്ടായി.

ഇങ്ങനെയൊക്കെയുള്ള രാജ്യത്തിന്റെ തലവന്‍, വിശുദ്ധദേവാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍, അബ്ദുള്ള രാജാവാണ്‌ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ബ്രിട്ടീഷ്‌ സന്ദര്‍ശനവേളയില്‍, ബ്രിട്ടനിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത 'ഊന്നിപ്പറഞ്ഞത്‌'. സ്ത്രീകള്‍ക്ക്‌ വാഹനമോടിക്കാനുള്ള മിനിമം സ്വാതന്ത്ര്യമൊക്കെ കൊടുത്തതിനു ശേഷം മതി ഈ ഗീര്‍വ്വാണവും, മറ്റുള്ളവരെ പഠിപ്പിക്കലുമൊക്കെ എന്ന് റോബര്‍ട്ട്‌ ഫിസ്ക്കിന്‌ The Indepedent-ല്‍ തുറന്നടിക്കേണ്ടിവന്നതും, അതുകൊണ്ടുതന്നെയാണ്‌.

20 comments:

Rajeeve Chelanat said...
This comment has been removed by the author.
Rajeeve Chelanat said...

"പക്ഷേ, ബ്ലോഗ്ഗിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ്‌ ഇത്‌ വെളിവാക്കുന്നത്‌. അതേ സമയം, സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ എഴുതുന്ന ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുകയും, വിദ്വേഷവും അക്രമവും പരസ്യമായി നടത്തുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ ദു:ഖകരമാണ്‌"

un said...

രാജീവ്,
അപലപനീയമായ സംഭവം തന്നെ. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ലിങ്ക് അറിയുമോ?

SABU PRAYAR ~ സാബു പ്രയാര്‍ said...

രാജീവാ, ഞാന്‍ സൌദിയിലായിട്ട് പത്തു വര്‍ഷമായി. ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയാണെങ്കില്‍ എന്തു കൊണ്ടും സൌദിയെപ്പോലെ സുരക്ഷിതമായൊരു സ്ഥലം ഭൂമിയിലൊരിടത്തും കാണില്ല.പിന്നെ സഹപ്രവര്‍ത്തകനെ വിട്ടയക്കുന്നൂന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് ഇവിടെ യാതൊരു പ്രസകതിയുമില്ല.ബ്ലോഗില്‍ എന്തു കാണിക്കാം എന്നുള്ളവര്‍ക്കൊരു മുന്നറിയിപ്പുമാണിതെന്നോര്‍ക്കണം.

അനില്‍ശ്രീ... said...

WOW Sabu....
എന്തു നല്ല ന്യായപ്രമാണം.... സൗദിയില്‍ എന്നല്ല എവിടെയും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ ബാദ്ധ്യസ്ഥരാണ്. എന്നു കരുതി അവിടുത്തെ നിയമങ്ങള്‍ എല്ലാം ശരിയാണ് എന്നു പറയുന്നത് ശരിയാണോ?..

സൗദിയിലെ സ്വാതന്ത്യത്തെ പറ്റി മറ്റു ഗള്‍ഫുകാര്‍ക്കും കുറച്ചൊക്കെ അറിയാം കേട്ടോ... സൗദിയില്‍ നിന്ന് "രക്ഷപെട്ടു" ഇവിടെ എത്തി എന്ന് പറയുന്ന പല സുഹ്രൂത്തുക്കളും ഇവിടെ യു.എ.ഇ-യില്‍ (പത്ത് വര്‍ഷമായ) എനിക്കും ഉണ്ട്.

Rajeeve Chelanat said...

സാബു,

അനില്‍ശ്രീ കൃത്യമായ മറുപടി തന്നിട്ടുണ്ടല്ലോ. ചില കാര്യങ്ങള്‍ കൂടി.ബ്ലോഗ്ഗില്‍ എന്തും കാണിക്കുന്ന ചിലരുണ്ടാകാം.ഫര്‍ഹാന്റെ എഴുത്ത് അത്തരത്തിലുള്ള ഒന്നായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത് (വായിച്ചിട്ടില്ല)

രണ്ട്, ഇത്തരം എഴുത്തുകള്‍ വരുമ്പോള്‍, എഴുത്തുകാരെ തടവിലാക്കുകയും ചോദ്യം ചെയ്യുന്നതും മറ്റും, മിതമായ ഭാഷയില്‍ പറഞ്ഞാല്‍, മറ്റൊരു രീതിയിലുള്ള ടെററിസമാണ്. പിന്നെ വഹാബി ഭരണാധികാരികളുടെ കീഴിലുള്ള ‘സുരക്ഷിതമായ ജീവിതം‘, അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ എല്ലാവരും വായിക്കുന്നതാണല്ലോ.എല്ലാവിധ സ്വാതന്ത്ര്യങ്ങളുമുള്ള രാജ്യമാണെന്നൊന്നും പറഞ്ഞില്ലല്ലോ എന്നു സമാധാനിക്കുന്നു. ഇനി അതിനും ഇത്തരം ഭരണാധികാരികള്‍ക്കും,നമ്മളില്‍തന്നെ പലര്‍ക്കും മറ്റൊരു ഉത്തരവും ഉണ്ടായേക്കാം. “സ്വാതന്ത്ര്യം കൂടുതലായാലും കുഴപ്പമാണ് ‘ എന്ന ആ പതിവ്‌ ഉത്തരം.

പിന്നെ, എഴുത്ത് -അതും, വിഘടനവാദപരമോ, തീവ്രവാദപരമോ, സമൂഹവിദ്വേഷം പടര്‍ത്തുന്നതോ അല്ലാത്ത എഴുത്ത്-എന്ന സാമൂഹ്യ ആക്റ്റിവിസത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന ഒരു സഹജീവിക്കുവേണ്ടിയാണ് എന്റെ ഈ പോസ്റ്റ് (അപകടകരമായ എഴുത്തിന്റെ ഭാഗത്തും പലപ്പോഴും നിലകൊള്ളേണ്ടിവരും എന്നത് മറ്റൊരു കാര്യം)അല്ലാതെ, എന്തു തോന്ന്യാസവും ബ്ലോഗ്ഗില്‍ എഴുതാം എന്നു കരുതുന്ന ഒരാള്‍ക്കുവേണ്ടിയല്ല.

ഇനി, ‘ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് താമസിക്കുന്ന’ സാബുവിന്റെ, ഈയൊരു വിഷയത്തിലുള്ള ധര്‍മ്മസങ്കടം എനിക്ക് ഊഹിക്കാവുന്നതേയുള്ളു.

അഭിവാദ്യങ്ങളോടെ

നിലാവര്‍ നിസ said...

ഒരു മാധ്യമമെന്ന നിലയില്‍ ബ്ലൊഗും അതിന്റെ ഐഡന്റിറ്റി തെളിയിച്ചു തുടങ്ങി എന്നതാണു ഈ സംഭവങ്ങള്‍ കാണിക്കുന്നത്. സത്യം പറയുന്നവര്‍ക്കു അഭിമുഖീകരിക്കേണ്ട സന്ദിഗ്ധതകള്‍.. കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് എത്തിക്കേണ്ടതുണ്ട്..

Kaithamullu said...

രാജീവ്,
നന്നായി, ഈ ശബ്ദം കേള്‍പ്പിക്കപ്പെടേണ്ടത് തന്നെ.

(സാബു: കൈയില്‍ തേങ്ങയില്ലാതായിപ്പോയല്ലോ!)

സജീവ് കടവനാട് said...

സാബുമാഷേ അനുസരിച്ചുജീവിക്കുക എന്നു പറഞ്ഞതൂകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നാണോ ഉദ്ദേശിച്ചത്. കഷ്ടം!! ഈ സൌദി അറേബ്യയാണല്ലേ ഭൂമിയിലെ സ്വര്‍ഗ്ഗം!!! എല്ലാരാജ്യങ്ങളും സൌദിയെ മാതൃകയാക്കിയിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ അല്ലേ?

Anonymous said...

Rajeeve,

Protest, Protest, Protest.
Do not get tired.
We are the majority.
Today, tomorrow or any other day.
This majority will realise their strength.
Then the castles of minority will come down.

Till that date the struggle will continue. if anybody likes it or not.
it is invetable.

For someone slavery is like rathi rasam. ok. let them enjoy it.

do not worry.

with regards,

ravi paloor, kolkata

SABU PRAYAR ~ സാബു പ്രയാര്‍ said...

സൌദി അറേബ്യയില്‍ മറ്റുള്ള രാജ്യത്തെ അപേക്ഷിച്ച് ചില കാര്യങ്ങളില്‍ സ്വാത്രന്ത്യം കുറച്ച് കുറവാണെന്നേയുള്ളു. ഇവിടെ ഞങ്ങള്‍ ഹാപ്പിയാണ്.

Joyan said...

Apologies for writing a comment in english in a malayalam blog.

My reply is for Sabu's comments. Dear Sabu,
It is easy to live obeying everything, questioning nothing...And not even looking around to see what our fellow people are suffering from... But it needs a compassionate heart and courage to think impartially and express one's opinion. And What is the use of security if you can express your opinion? You are only as safe as Jews under Hitler's Rule. I think an appropriate quote is this
When the Nazis came for the communists,
I remained silent;
I was not a communist.

When they locked up the social democrats,
I remained silent;
I was not a social democrat.

When they came for the trade unionists,
I did not speak out;
I was not a trade unionist.

When they came for the Jews,
I remained silent;
I wasn't a Jew.

When they came for me,
there was no one left to speak out."
By Martin Niemöller

Kaippally said...
This comment has been removed by the author.
ദേവന്‍ said...

അതിശക്തമായാണ് അന്താരാഷ്ട്രസമൂഹം ഈ ബ്ലോഗര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് സി എന്‍ എന്‍ ദൈര്‍ഖ്യമുള്ളൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. സൌദി ബ്ലോഗര്‍മാര്‍ പലരും അസാമാന്യ തന്റേടം ടെലിവിഷന്‍ അഭിമുഖത്തില്‍ കാണിച്ചത് എന്നെ അത്ഭുതപ്പെടുത്തി.

Kaippally said...

Sabu
"Whereas recognition of the inherent dignity and of the equal and inalienable rights of all members of the human family is the foundation of freedom, justice and peace in the world,

Whereas disregard and contempt for human rights have resulted in barbarous acts which have outraged the conscience of mankind, and the advent of a world in which human beings shall enjoy freedom of speech and belief and freedom from fear and want has been proclaimed as the highest aspiration of the common people,

Whereas it is essential, if man is not to be compelled to have recourse, as a last resort, to rebellion against tyranny and oppression, that human rights should be protected by the rule of law, ....."

ഞാന്‍ പറഞ്ഞതല്ല. ഇതു് Universal Declaration of Human Rights താങ്കള്‍ വാചിട്ടുണ്ടാവില്ല. സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കു.

ഭാരതത്തിലെ സ്വാതന്ത്ര സേനാനികള്‍ രാജ്യത്തിലെ നിയമങ്ങള്‍ പാലിച്ചിരുന്നു എങ്കില്‍....

ദിലീപ് വിശ്വനാഥ് said...

ഫാരന്‍‌ഹീറ്റ് 911 എന്നൊരു ചിത്രം ഉണ്ട്. ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. അതു പോലെ ഒരു ഡോക്യുമെന്ററി സൗദിയില്‍ ചിത്രീകരിച്ചിരുന്നുവെങ്കില്‍ അതിന്റെ ശില്പ്പികള്‍ ഇന്നു ഓര്‍മ്മയായേനെ..

സാബു ഇന്ത്യയില്‍ ജയിലില്‍ ആണോ ജീവിച്ചിരുന്നത്?
ഞാനും സൗദിയില്‍ നിന്നും "രക്ഷപെട്ട" ഒരാളാണ്.

Rajeeve Chelanat said...

സാബു

താങ്കള്‍ ഹാപ്പിയാണല്ലോ. അതു മതി. ‘ഉണ്ടും, ഉറങ്ങിയും, ഉണ്ണികളെ ഉണ്ടാക്കിയും’സന്തോഷമായിരിക്കുക.

പുതുവര്‍ഷവും ഇനി വരുന്ന വര്‍ഷങ്ങളും അങ്ങിനെതന്നെയായിരിക്കട്ടെ

അനില്‍ശ്രീ... said...

സന്തോഷം എന്നാല്‍ പല തരത്തില്‍ ഉണ്ട്... സാബു പറഞ്ഞത് നോക്കിയാല്‍ സത്യമാണ് . രാവിലെ 7 മണിക്ക് ജോലിക്ക് പോകുക, വൈകുന്നേരം 7 മണിക്ക് തിരികെ വരിക, ഭക്ഷണം കഴിക്കുക, T.V .കാണുക, കുട്ടികളോട് നാലു വാക്കു സംസാരിക്കുക, പിന്നെ ഭാര്യയെ സന്തോഷിപ്പിക്കുക , കിടന്നുറങ്ങുക. അങ്ങനെ 30 ദിവസം കഴിക്കുക. അപ്പോള്‍ ശമ്പളം കിട്ടും. അത് വാങ്ങി നാട്ടിലേക്ക് അയക്കുക. അങ്ങനെ ചെയ്താല്‍ എല്ലാവരും ഹാപ്പി. ഞാനും ഹാപ്പി. രാജീവും ഹാപ്പി. എന്തിനാ ഈ ബ്ലോഗില്‍ ഒക്കെ ആവശ്യമില്ലാത്തത് ഒക്കെ എഴുതുന്നെ? സമൂഹമോ... ഏയ് അങ്ങനെ ഒരു കൂട്ടര്‍ ഞാന്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തിന് ഉപയോഗപ്പെടുമോ?

അടിപിടിയില്‍ (അറിയാതെ ആണെങ്കിലും) കണ്ണ് പോയതിന് ഒരു മലയാളിയെ കണ്ണു ചൂഴ്നെടുക്കാന്‍ വിധിച്ചപ്പോള്‍ എന്തിനാണ് മലയാളികള്‍ ആധി പിടിച്ച് നടന്നത്? അത് സൗദിയിലെ നിയമമാണ് എന്ന് കരുതി മിണ്ടാതിരിന്നാല്‍ പോരായിരുന്നോ?

അമുസ്ലീങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്ത് പ്രവേശിച്ചു എന്ന പേരില്‍ (സത്യമാണോ എന്ന് എനിക്കറിയില്ല, പക്ഷേ അതൊരു വാര്‍ത്ത ആയിരുന്നു) ഒരു മലയാളിയെ കൊലക്ക് വിധിച്ചതും സൗദിയില്‍ സംഭവിച്ച ഒരു ഹാപ്പി ന്യൂസ് ആയിരുന്നു. അന്നും അത് സൗദിയിലെ നിയമമാണ് എന്ന് കരുതി മിണ്ടാതിരിന്നാല്‍ പോരായിരുന്നോ?

സാബൂ ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ഇക്കാലത്ത് ശ്രമിക്കണമോ?

രാജീവ് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപലപനീയമായ സംഭവം തന്നെ.
ഇപോ എന്താ ചെയ്കാ.?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"രാവിലെ 7 മണിക്ക് ജോലിക്ക് പോകുക, വൈകുന്നേരം 7 മണിക്ക് തിരികെ വരിക, ഭക്ഷണം കഴിക്കുക, T.V .കാണുക, കുട്ടികളോട് നാലു വാക്കു സംസാരിക്കുക, പിന്നെ ഭാര്യയെ സന്തോഷിപ്പിക്കുക , കിടന്നുറങ്ങുക. അങ്ങനെ 30 ദിവസം കഴിക്കുക. അപ്പോള്‍ ശമ്പളം കിട്ടും. അത് വാങ്ങി നാട്ടിലേക്ക് അയക്കുക." .... ഇടയ്ക്കൊക്കെ... അതികാല്‍പ്പനികത കൊണ്ട്‌ കടുകുവറുത്ത പത്തുവരി കവിതയും എഴുതുക. അയല്പക്കക്കാരന്റെ കരച്ചില്‍ കേട്ടിട്ട്‌ അത്‌ മെഴ്സിഡസ് ബെന്‍സിന്റെ 'ഹോണ്‍' ആണെന്ന്‌ മട്ടുള്ളവരെയും തെറ്റിദ്ധരിപ്പിക്കുക. ജുബൈല്‍ നഗരത്തില്‍, ആകാശത്തെ ബലാല്ക്കാരം ചെയ്യുന്ന പുകക്കുഴലുകളെ നോക്കി '..ഹെന്തൊരു രസം' എന്ന്‌ മൂന്നുവട്ടം പാടുക. സ്വന്തം സമൂഹത്തിലെ യാതൊരു ചലനങ്ങളിലും പങ്കുകൊള്ളാതെ 'സാമൂഹ്യജീവി'യായി സസുഖം വാഴുക.... ഇതൊക്കെയാണ്‌ സൌദിയില്‍ സാബുമാര്‍ക്ക്‌ നല്ലത്‌. വിധേയത്വത്തിന്റെ 'ശ്വാനപുച്‌ഛം' ആടിത്തന്നെ നില്ക്കട്ടെ മഹാത്മന്‍!