Wednesday, August 12, 2009

അശാന്തിയുടെ അന്തര്‍വാഹിനികള്‍

2009, ആഗസ്റ്റ് 8 ലെ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുഖപ്രസംഗത്തിന്റെ പരിഭാഷ, ശീര്‍ഷകത്തില്‍ ചില മാറ്റങ്ങളോടെ.


ഇന്ത്യ ഇതാദ്യമായി, സ്വന്തം നിലക്ക്‌ രൂപകല്‍പ്പന ചെയ്ത്‌ നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഇക്കഴിഞ്ഞ ജൂലായ്‌ 26-ന്‌ പുറത്തിറങ്ങിയപ്പോള്‍, ഹര്‍ഷോന്മാദരായ മാധ്യമങ്ങളുടെ സഹായത്തോടെ, ദേശീയാഭിമാനം വിജൃംഭിച്ചതിന്‌ നമ്മള്‍ സാക്ഷിയായി. അന്വര്‍ത്ഥമായ പേരാണ്‌ ഈ അന്തര്‍വാഹിനിക്ക്‌ നല്‍കിയിരിക്കുന്നത്‌. ഐ.എന്‍.എസ്സ്‌ അരിഹന്ത്‌. അരിഹന്ത്‌ എന്നാല്‍, ശത്രുസംഹാരി. ആണവമുനകള്‍ ഘടിപ്പിച്ച ബാല്ലിസ്റ്റിക്‌ മിസ്സൈലുകളായിരിക്കും ഈ അന്തര്‍വാഹിനി ചുമക്കുക. ഈ അന്തര്‍വാഹിനിയുടെ വരവോടെ, സ്വന്തമായി രൂപകല്‍പ്പന ചെയ്ത്‌, ആണവവാഹിനികള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ആറു ശക്തികളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌ ഇന്ത്യ എന്ന്‌, മാധ്യമങ്ങള്‍ കുരവയിട്ടുതുടങ്ങിയിരിക്കുന്നു. വിശിഷ്ടമായ ഒരു ആണവ ക്ളബ്ബില്‍ ഇന്ത്യ അംഗമാകുന്നതും കാത്തുകാത്തിരിക്കുകയായിരുന്നു അവര്‍ ഇതുവരെ (മറ്റൊരു വിശിഷ്ട സ്ഥാനം ദശകങ്ങളായി ഇന്ത്യ അലങ്കരിക്കുന്നുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറന്നേ പോയിരുന്നു. പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന ഏറ്റവുമധികം ആളുകളുടെ ജന്‍മഗൃഹമെന്ന സ്ഥനം. )

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒളിവിലും, 1998-മുതല്‍ക്ക്‌ പരസ്യമായും ഇന്ത്യയും പാക്കിസ്ഥാനും നടത്തിവരുന്ന ആയുധപന്തയത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌ എത്തിക്കാന്‍ മാത്രമേ ഐ.എന്‍.എസ്സ്‌.അരിഹന്തിന്റെ പ്രവേശനം സഹായിക്കൂ. ആണവമുനകളോടു കൂടിയതും 750 കിലോമീറ്റര്‍ സഞ്ചാരശേഷിയുമുള്ള സാഗരിക/കെ-7 എന്ന അന്തര്‍വാഹിനി ബാലിസ്റ്റിക്‌ മിസൈലുകള്‍ ഘടിപ്പിച്ച ഐ.എന്‍.എസ്സ്‌.അരിഹന്തിനു പൂരകമായി, അതേ തരത്തിലുള്ള മറ്റൊരു മൂന്നു ആണവ അന്തര്‍വാഹിനികളും, കുറേക്കൂടി ദൂരത്തേക്ക്‌ പ്രഹരിക്കാന്‍ ശേഷിയുള്ള നിരവധി SLBMS-കളും വികസിപ്പിച്ചതോടെ ത്രിതല സൈന്യത്തിനുവേണ്ടിയുള്ള ആയുധവിതരണ സംവിധാനങ്ങള്‍ ഇന്ത്യ സഫലീകരിച്ചു എന്നു പറയാം. ഡോക്ടര്‍ സ്ട്രേഞ്ച്‌ ലൌവിന്റെ മുഖച്ഛായയുള്ള നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍മാരുടെ ചിരകാലാഭിലാഷമായിരുന്ന ഈ പദ്ധതി, 1999-ലെ ഇന്ത്യന്‍ ആണവ രേഖയുടെ പകര്‍പ്പില്‍ (Draft Indian Nuclear Doctrine അഥവാ DIND)ഔദ്യോഗികമായി ഉള്‍ക്കൊള്ളിച്ച ഒന്നായിരുന്നു.

എന്നാല്‍, 'ആധുനിക സാങ്കേതിക വാഹനം' അഥവാ, Advanced Technology Vehicle (ATV) എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നതും, ഇപ്പോള്‍ ഐ.എന്‍.എസ്സ്‌ അരിഹന്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നതുമായ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്‌ 1984-കളുടെ തുടക്കത്തിലാണ്‌. കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും, പതിനായിരക്കണക്കിനു കോടികളാണ്‌ ഇതിനുവേണ്ടി ചിലവഴിച്ചിട്ടുള്ളത്‌ എന്ന്‌ എല്ലാവരും സമ്മതിക്കുന്നു. അന്തര്‍വാഹിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദശകങ്ങളായി നിഷേധിച്ചിരുന്ന ഇന്ത്യ, ഏകദേശം ഒരു വര്‍ഷം മുന്‍പുമാത്രമാണ്‌ ഇക്കാര്യം തുറന്നുസമ്മതിച്ചത്‌. നിരവധി പരാജയങ്ങളും, സര്‍ക്കാരുകളുടെ നടപടി നൂലാമാലകളും വേട്ടയാടിയിരുന്ന ഈ പദ്ധതിയെ, ആണവറിയാക്ടറിന്റെ ലഘുരൂപം നിര്‍മ്മിച്ചുനല്‍കുക വഴി ഒടുവില്‍ രക്ഷിച്ചത്‌ റഷ്യയായിരുന്നു. ആണവവാഹിനികള്‍ നിര്‍മ്മിക്കുക എന്നത്‌ അത്ര എളുപ്പമുള്ള ഒന്നല്ല. പദ്ധതിയുടെ പരാജയം അതില്‍ പ്രധാനപ്പെട്ട ഒരു ഘടകവുമല്ല (എങ്കിലും, ഇവിടെ പഴയ ഒരു കേസിന്റെ ചരിത്രം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. ATVകള്‍ നിര്‍മ്മിക്കുന്നതിലുള്ള ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെയും, ആണവോര്‍ജ്ജ വകുപ്പിന്റെയും പരിചയക്കുറവിനെ തെളിവു സഹിതം പുറത്തുകൊണ്ടുവന്ന ബി.സുബ്ബറാവു എന്ന നാവിക ശാസ്ത്രജ്ഞനെ 1980-കളുടെ അവസാനം ചാരപ്രവര്‍ത്തനം ആരോപിച്ച്‌ അറസ്റ്റു ചെയ്തു. കേസ്സ്‌ സുപ്രീം കോടതി വരെ പോയി. സുബ്ബറാവുവിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആണവസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടുകയാണുണ്ടായത്‌). അനുബന്ധമായി വരുന്ന മൂന്നു ആണവ അന്തര്‍വാഹിനികള്‍ കൂടി തയ്യാറാവുമ്പോഴേക്കും, മിനിമം ആണവ പ്രതിരോധത്തിനുവേണ്ടിയെന്ന പേരില്‍ (എന്നാല്‍ കൂട്ടനശീകരണ ആയുധങ്ങളുടെ സംഭരണം എന്ന യഥാര്‍ത്ഥ ആവശ്യത്തിനുവേണ്ടി) ഇന്ത്യ ചിലവഴിക്കുന്ന സംഖ്യ ചുരുങ്ങിയത്‌ ഇരുപതിനായിരം കോടിക്കും മുപ്പതിനായിരം കോടിക്കും ഇടയിലായിരികുമെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

അപ്രതീക്ഷിതമായി തിരിച്ചടിക്കാനോ, കരുതലായി വെക്കാനോ ഉദ്ദേശിക്കപ്പെട്ട്‌ ഏറെക്കാലം വെള്ളത്തിനടിയില്‍ മറഞ്ഞുകിടക്കാന്‍ ഇത്തരം അന്തര്‍വാഹിനികള്‍ക്ക്‌ കഴിയുന്നതുകൊണ്ട്‌, എല്ലാ ആണവരാജ്യങ്ങളുടെയും ത്രിതല സേനാ വിഭാഗത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം കണ്ണായിരിക്കാന്‍ ഇവക്കു കഴിയുന്നുണ്ട്‌. പക്ഷേ, യുദ്ധതന്ത്ര രംഗവും, മിനിമം ആണവ പ്രതിരോധം എന്ന സംവിധാനവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ വലിയൊരു വഞ്ചനയുടെ മുകളിലാണ്‌. ഈ 'ത്രിതല സേനാ സംവിധാന'ത്തിനുവേണ്ടി നല്‍കിയിട്ടുള്ള വിശദീകരണത്തേക്കാള്‍ വലിയൊരു വഞ്ചനയുമില്ല. മൂന്നു സൈന്യവിഭാഗങ്ങള്‍ക്കുമിടയില്‍ ആണവ ആയുധങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി സജ്ജീകരിച്ച 'ബുദ്ധിപരമായ ഒരു വഞ്ചന'യായി അമേരിക്ക തന്നെ ഈ ത്രിതല സേനാ സംവിധാനത്തെ നിരീക്ഷിച്ചിട്ടുമുണ്ട്‌. 1974-ല്‍ ഫോറിന്‍ റിലേഷന്‍സ്‌ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ തെളിവെടുപ്പില്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ പറഞ്ഞത്‌ "വ്യോമ-നാവിക സേനകള്‍ക്ക്‌ ബഡ്ജറ്റിന്റെയും, യുദ്ധപ്രവര്‍ത്തനത്തിന്റെയും ഒരു ഭാഗം കിട്ടുന്നതിനുവേണ്ടിയാണ്‌, അതല്ലാതെ, ഒരു രൂപകല്‍പ്പന എന്ന നിലക്ക്‌ വന്നതല്ല ഈ ത്രിതല സേനാ സംവിധാനം" എന്നാണ്‌. "ത്രിതല സേനാ വിഭാഗത്തിന്റെ പിന്നിലുള്ള യുക്തി അതിനെ യുക്തിപരമാക്കുക എന്നതാണ്‌" എന്നു കൂടി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ കൂട്ടിച്ചേര്‍ത്തു.

ആണവായുധ വിതരണത്തിന്റെ ത്രിതല സംവിധാനം എന്ന ആശയം ഇന്ത്യ ആവേശത്തോടെ ദത്തെടുത്തു. മൂന്നു സേനാ സംവിധാനത്തില്‍വെച്ച്‌ ഏറ്റവും പണച്ചിലവേറിയ ആണവ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തിന്റെ പിന്നിലുള്ള നിര്‍ണ്ണായകമായ ലക്ഷ്യം, ഇതേ ത്രിതല സംവിധാനമുള്ള ചൈനയുമായി കിടപിടിക്കുക എന്നതായിരുന്നു. ആണവപരമാകുന്നതിന്റെ പിന്നില്‍, ചൈനയുമായി 'തന്ത്രപരമായ സന്തുലനം' നിലനിര്‍ത്തുക എന്ന, അപ്രഖ്യാപിതമെങ്കിലും, പരക്കെ തിരിച്ചറിയപ്പെട്ടിട്ടുള്ള ലക്ഷ്യമാണെങ്കിലും, ഇത്‌, ദക്ഷിണേഷ്യയെ ഭാവിയില്‍ ഒരു വലിയ ആണവവിപത്തിന്റെ ഭൂമികയാക്കി മാറ്റാനുള്ള സാധ്യതയുണ്ട്‌. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികള്‍ ഒരുപോലെ നേരിടേണ്ടിവരുന്ന ഇന്ത്യയും പാക്കിസ്ഥാനും, 1998-നു ശേഷം ഇന്നോളം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്‌, ആണവ ബോംബുകള്‍ സ്വരുക്കൂട്ടുന്നതിലും, നിര്‍മ്മിക്കുന്നതിലും, അതിന്റെ വിതരണത്തിലും, ഈ കൂട്ടനശീകരണ ആയുധങ്ങളിന്‍മേലുള്ള അവകാശവും അധികാരവും നിലനിര്‍ത്തുന്നതിലുമാണ്‌. 1999-ലും, 2001-ലും, 2002-ലും ഈ രണ്ടു രാജ്യങ്ങളിലെയും ഉന്നത രാഷ്ട്രീയ-സൈനിക അധികാര കേന്ദ്രങ്ങള്‍, ഒരു ആണവയുദ്ധം നടത്തുന്നതിനെക്കുറിച്ച്‌ അപകടകരമായ സ്വരം മുഴക്കിയിരുന്നുവെന്നും നമുക്ക്‌ ഓര്‍മ്മിക്കാം.

1998-നു ശേഷം, ആണവ വിഘടനത്തിനുവേണ്ടിയുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതമായിരിക്കുകയാണ്‌ ഇന്ത്യ. അഗ്നിയുടെയും എസ്സ്‌.എല്‍.ബി.എം സാഗരികയുടെയും മൂന്നു വ്യത്യസ്ത വകഭേദങ്ങളും, അഗ്നിയുടെ ഭൂഖണ്ഡാന്തര മോഡലും ഇന്ത്യ വികസിപ്പിച്ചു കഴിഞ്ഞു. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും (Early Warning System), തന്ത്രപ്രധാനമായ നിര്‍മ്മിതികളെയും നഗരങ്ങളെയും സംരക്ഷിക്കാനുള്ള മിസ്സൈല്‍ പരിചകളും (Missile Shields) എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം, പൂര്‍ണ്ണമായും ആണവ അടിസ്ഥാന സൌകര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ലെങ്കിലും, ഒരു ആണവ അക്രമണമുണ്ടായാല്‍, DINDക്ക്‌ അനുസൃതമായി, തിരിച്ചടിക്കാനുള്ള ശേഷിയുടെ സുപ്രധന ഘടകങ്ങള്‍ തന്നെയാണ്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, അവരുടെ സാമ്പത്തികസ്ഥിതി താരതമ്യേന മോശമാണെന്നേയുള്ളു. ദക്ഷിണേഷ്യന്‍ ആയുധ പന്തയത്തില്‍ അവരുടെ മോഹങ്ങളും മറ്റുള്ളവരില്‍നിന്നും ഒട്ടും പിന്നിലോ, മോശമോ അല്ല. ഇന്ത്യയുടെ ഏതു ആണവ പരിപാടിയെയും തങ്ങള്‍ വേണ്ടവിധത്തില്‍ നേരിടുമെന്നായിരുന്നു, ഐ.എന്‍.എസ്സ്‌.അരിഹന്തിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം. അതായത്‌, തങ്ങളുടെ ആയുധശേഖരവും ഇന്ത്യയുടേതിനു തുല്യമാക്കുമെന്ന്‌.

ഇന്ത്യയിലെ മത-മതേതരത്വ പൌരസമൂഹം ഒന്നടങ്കം, രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, സര്‍ക്കാരേതര സംഘടനകളും എല്ലാം ഐ.എന്‍.എസ്സ്‌. അരിഹന്തിന്റെ വരവിനെ, ഉന്മാദത്തോളം വളര്‍ന്ന ഹര്‍ഷാരവങ്ങളോടെയാണ്‌ എതിരേറ്റത്‌ എന്നതാണ്‌ ദുരന്തം. സര്‍വ്വനാശത്തിന്റെ പടുകുഴിയിലേക്കുള്ള ഔപചാരികമായ അടുത്ത ചുവടായിട്ടു വേണം, പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത വിശാഖപട്ടണത്തിലെ ആ ചടങ്ങിനെ കാണേണ്ടത്‌.

Tuesday, August 4, 2009

തകരുന്ന വിളക്കുകാലുകള്‍


നീതി നിഷേധിക്കപ്പെടുന്ന കഥകള്‍ നമ്മെ വേട്ടയാടുകതന്നെയാണ്‌.

രണ്ടുമാസം മുന്‍പ്‌ ദുബായില്‍ ഒരു കാറപകടം നടന്നു. അപകടത്തെത്തുടര്‍ന്ന്‌, കാര്‍ ഓടിച്ചിരുന്ന ജോസഫ് എന്ന ഫിലിപ്പിനൊ യുവാവിനെ പോലീസ്‌ അറസ്റ്റു ചെയ്യുകയും, ഗുരുതരമായി പരിക്കുപറ്റിയ ഭാര്യ ഇമല്‍ഡയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഭാര്യയെ ഒരു നോക്കു കാണുവാന്‍ പോലും അധികാരികള്‍ ആ മനുഷ്യനെ സമ്മതിച്ചില്ല. എന്തായാലും, ദയവുതോന്നിയ ആശുപത്രി ജീവനക്കാര്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാന്‍ ആ സ്ത്രീയെ സഹായിച്ചുവെന്ന്‌ അന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരെ അവശനിലയിലായിരുന്ന ആ സ്ത്രീക്ക്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും. രണ്ടുദിവസങ്ങള്‍ക്കുശേഷം, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ ഇമല്‍ഡ മരിച്ചു. ഭാര്യയുടെ മരണം കഴിഞ്ഞ്‌, രണ്ടു ദിവസത്തിനുശേഷമാണ്‌ ജോസഫിനു ജാമ്യം കിട്ടിയത്. എങ്കിലും കോടതി കേസ്സെടുത്തിരുന്നു.

കാറപകടത്തിനെക്കുറിച്ചുള്ള കോടതി തീര്‍പ്പില്‍, ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌, മക്കള്‍ക്കും (ഇമല്‍ഡയുടെ കുടുംബത്തിനും!!) ബ്ളഡ്‌ മണി കൊടുക്കാന്‍ ദുബായിലെ ബഹുമാനപ്പെട്ട കോടതി ഇന്നലെ ആ നിര്‍ഭാഗ്യവാനോട്‌ ഉത്തരവിട്ടതോടെ ആ മനുഷ്യന്റെ ദുരിതചക്രം ഇനിയും നീളുമെന്ന്‌ ഉറപ്പായിരിക്കുന്നു.

അവിശ്വസനീയമായി തോന്നിയേക്കാം നമുക്ക്‌ ഈ കഥ. ഒരു മനുഷ്യനെ പീഡിപ്പിക്കുന്നതിന്‌ ഒരതിരില്ലേ?

സാധാരണഗതിയില്‍, ഭീമമായ തുക ഉള്‍പ്പെടുന്ന ഈ ബ്ളഡ്‌ മണി സമ്പ്രദായം ഇസ്ളാമിക അടിത്തറയുള്ളതും, ഗള്‍ഫ്‌ നാടുകളിലെ ശിക്ഷാവിധികളില്‍ പ്രധാനവും, സാധാരണവുമാണ്‌. മിക്കവാറും കേസ്സുകളില്‍ ന്യായീകരിക്കാവുന്ന ഒരു ശിക്ഷാമുറയാണത്‌. മറ്റൊരാളുടെ മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ നാം കാരണമായിട്ടുണ്ടെങ്കില്‍, അതിനു വിലകൊടുത്തേ മതിയാകൂ. ഒരു ജീവന്റെ വില ലോകത്തിലെ മൊത്തം പണത്തിനില്ലെന്ന സത്യം അപ്പോഴും എവിടെയൊക്കെയോ ബാക്കിയാകുന്നുണ്ടെങ്കിലും.

എങ്കിലും ഇവിടെ ഈ കേസ്‌ മറ്റു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അപകടം നടന്നയുടന്‍ കേസ്സ്‌ രജിസ്റ്റര്‍ ചെയ്ത്‌, ആ മനുഷ്യനെ തത്ക്കാലത്തേക്ക്‌ വിട്ടയക്കാന്‍ എന്തായിരുന്നു ഇത്ര വലിയ നിയമതടസ്സം? പരിക്കുപറ്റിയ ഭാര്യയുടെ അടുത്തുണ്ടാകാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷേ ആ സ്ത്രീ ഇന്ന്‌ ജീവനോടെയുണ്ടാകുമായിരുന്നുപോലും അനുമാനിക്കുന്നതിലും തെറ്റുണ്ടോ?

മനപ്പൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന ജീവഹാനികളെ മുഴുവന്‍ ഒരേ വിധത്തിലാണോ നിയമം കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും? യു.എ.ഇ.യില്‍ നിലവിലുള്ള സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്ക്‌ പൊതുവെ മനുഷ്യത്വപരമായ ഒരു മുഖച്ഛായയുണ്ട്‌. സൌദിയെയും കുവൈത്തിനെയുമൊക്കെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെയധികം പരിഷ്ക്കൃതവുമാണ്‌ അത്‌. നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്ല്യരാണെന്ന അടിസ്ഥാനശിലാബലവും അതിനുണ്ട്‌. പക്ഷേ ഈ കേസ്സും അതില്‍ വന്ന വിധിയും നമ്മെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ ഭയപ്പെടണം.

ഏറെ ആഗ്രഹിച്ച്‌, ഭാര്യയെ മൂന്നേമൂന്നു മാസത്തേക്ക് ഇവിടെ കൊണ്ടുവന്ന, ഒരു മുന്‍‌കാല ക്രിമിനല്‍ റെക്കോര്‍ഡുകളുമില്ലാത്ത, ഒരു സാധാരണക്കാരനാണ്, ഒരൊറ്റ ദിവസഫലം കൊണ്ട്, ഇന്ന്‌ ഇതൊക്കെ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. അപകടത്തിനു കാരണക്കാരന്‍ അയാളാണോ എന്നൊന്നും വാര്‍ത്തയില്‍നിന്ന്‌ ലഭ്യവുമല്ല. സംഭവത്തിന്റെ തലേദിവസം മദ്യപിച്ചിരുന്നതായി ജോസഫ് സമ്മതിച്ചിട്ടുമുണ്ട്‌. ഇനി അഥവാ, ആണെങ്കില്‍ത്തന്നെ, ഈ വിധമായിരുന്നുവോ ഈ കേസ്സിനെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌? നിയമത്തെ സാങ്കേതികമായി മാത്രം വ്യാഖ്യാനിക്കാന്‍ അമിതാവേശം കാണിച്ച ഉദ്യോഗസ്ഥരുടെ സമീപനമല്ലേ ഈയൊരു സംഭവത്തെ ഇത്രമാത്രം ദുരന്തപര്യവസായിയാക്കിയത്‌? നാട്ടിലുള്ള അയാളുടെ മൂന്നു കുട്ടികളുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ ഇവരാരെങ്കിലും അന്വേഷിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ? അമ്മയുടെ മരണത്തിന്‌, മനപ്പൂര്‍വ്വമല്ലാതെയെങ്കിലും കാരണക്കാരനായ അച്ഛന്‌ മക്കളുടെ മേല്‍ ഇനി യാതൊരുവിധ രക്ഷകര്‍ത്താവകാശമില്ലെന്നുപോലും ഇവര്‍ വിധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഭാര്യയെ പരിചരിക്കാനും അവരുടെ അവസാനനിമിഷത്തില്‍ അരികില്‍ ഉണ്ടാകാനും കഴിഞ്ഞിരുന്നെങ്കില്‍ക്കൂടി, ഒരുപക്ഷേ, ഭാര്യയുടെ മരണം, അയാളെ ജീവിതാവസാനം വരെ വേട്ടയാടുമായിരുന്നില്ലേ? ആ മനുഷ്യന്റെ അവസ്ഥയും, അയാളുടെ വേദനയും ലഘൂകരിക്കാനായിരുന്നില്ലേ ഈ നീതിന്യായപാലകര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്‌? ആസന്നമരണയായ ഭാര്യയെ കാണുന്നതില്‍നിന്ന് ജോസഫിനെ വിലക്കിയ ക്രൂരമായ നിയമത്തിന് ആ വിധത്തില്‍ ഒരു പ്രായശ്ചിത്തം ചെയ്യാമായിരുന്നില്ലേ?

പരിഹരിക്കാന്‍ കഴിയാത്ത തെറ്റാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ തകര്‍ത്തുതരിപ്പണമാക്കിയ തെറ്റ്‌. എന്തൊക്കെ ന്യായം പറഞ്ഞാലും, ചുരുങ്ങിയത്, ക്രൂരമായ മനുഷ്യാവകാശലംഘനമെങ്കിലും ആരോപിക്കാവുന്ന ഗുരുതരമായ തെറ്റ്. ആ രംഗത്താകട്ടെ, യുഎ.ഇ. ഇതിനകം തന്നെ ആവോളം ദുഷ്‌പേര് സമ്പാദിച്ചുകൂട്ടിയിട്ടുമുണ്ട്‌.

നീതിയുടെ വിളക്കുകാലുകളെ കൂടുതല്‍ കാലികവും മാനവികവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tuesday, July 28, 2009

ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം

മലാലായ്‌ ജൊയ അത്രയധികം പരിചിതമായ പേരായിരിക്കില്ല പലര്‍ക്കും. എങ്കിലും ഇന്ന്‌, ഭൂമിയിലെ ഏറ്റവും വലിയ സമരമുഖത്ത്‌ ഈ പെണ്‍കുട്ടിയുണ്ട്‌. അഫ്ഘാനിസ്ഥാനില്‍. സ്ത്രീകളുടെയും സാധാരണക്കാരായ പൌരന്‍മാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ പോരാടുന്ന ഈ പെണ്‍കുട്ടി, ഇന്ന്‌, അഫ്ഘാനിസ്ഥാനിലെ, അമേരിക്കയുടെ പാവസര്‍ക്കാരായ ഹമീദ്‌ കര്‍സായിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഓരോ ദിവസവും, 'കൊല്ലപ്പെടാതെ' ജീവിച്ചുകൊണ്ടിരിക്കുന്നത്‌.

ഏതു നിമിഷവും കൊല്ലപ്പെടുമെന്ന്‌ ജൊയക്കറിയാം. താലിബാന്‍ മാത്രമല്ല, അവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നത്‌. അമേരിക്കയുടെ മുന്നില്‍ അഫ്ഘാനിസ്ഥാന്റെ അഭിമാനം പണയപ്പെടുത്തിയ ഹമീദ്‌ കര്‍സായിയും, മയക്കുമരുന്നിന്റെ ചെറുകിട-പ്രാദേശികസാമ്രാജ്യങ്ങളുടെ അധികാരം കൈയ്യാളുന്ന യുദ്ധപ്രഭുക്കന്‍മാരും, പഴയ സോവിയറ്റ്‌ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ചിരുന്ന മുജാഹിദിനുകളും എല്ലാം, ഇന്ന്‌ ജൊയയുടെ രക്തത്തിനുവേണ്ടി ഒരുമിച്ച്‌, പദ്ധതികളാവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, "പൂക്കള്‍ നുള്ളിക്കളഞ്ഞാലും, വസന്തങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്‌" തിരിച്ചറിയുന്ന ഈ പെണ്‍കുട്ടിക്ക്‌ പലായനത്തിന്റെ നീണ്ട കഥ പറയാനുണ്ട്‌. സോവിയറ്റുകള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിപ്പുറപ്പെട്ട അച്ഛന്‍ അപ്രത്യക്ഷമായതിനുശേഷം, അമ്മയോടും പത്ത്‌ സഹോദരിമാരോടുമൊപ്പം ആദ്യം ഇറാനിലേക്കും പിന്നീട്‌ അവിടെനിന്ന്‌ പാക്കിസ്ഥാനിലേക്കും പലായനം ചെയ്ത ജൊയ, താലിബാന്റെ അഫ്ഘാനിസ്ഥാനിലേക്ക്‌ നുഴഞ്ഞു കടന്ന്‌, സ്ത്രീകള്‍ക്കുവേണ്ടി രഹസ്യമായി സ്കൂളുകളും ക്ളിനിക്കുകളും ആരംഭിച്ചു. ഓരോ ദിവസവും മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം. തങ്ങളിലൊരാളായ ജൊയയെ, താലിബാന്റെ കരങ്ങളില്‍നിന്ന്‌ പലപ്പോഴും രക്ഷപ്പെടുത്തിയത്‌, അഫ്ഘാനിസ്ഥാനിലെ പാവപ്പെട്ട സ്ത്രീകള്‍തന്നെയായിരുന്നു.

താലിബാനുശേഷം അധികാരത്തില്‍ വന്ന മുജാഹിദിനുകളുടെ ഗോത്രസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ജൊയ സഭയില്‍ കണ്ടത്‌, അതേ പഴയ യുദ്ധപ്രഭുക്കന്‍മാരെയും, മയക്കുമരുന്നുരാജാക്കന്‍മാരെയുമായിരുന്നു. അവരില്‍ ചിലരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി "അഫ്ഘാനിസ്ഥാനെ നശിപ്പിച്ച ഈ ക്രിമിനലുകള്‍ ഈ സഭയിലും വരാന്‍ ഇടയായത്‌ എങ്ങിനെയാണ്‌' എന്ന്‌ തുറന്നടിച്ചു ഈ പെണ്‍കുട്ടി.

അന്നു മുതല്‍ ജൊയയുടെ നാളുകള്‍ എണ്ണപ്പെടാന്‍ തുടങ്ങിയിരിക്കണം. രണ്ടുതരം ക്രിമിനലുകളെയാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍ ജനതക്കു നേരിടേണ്ടിവരുന്നതെന്ന്‌ ജൊയ തിരിച്ചറിയുന്നു. അമേരിക്കന്‍ വിരുദ്ധ പക്ഷത്തുള്ള ‘തീവ്രവാദി‘കളെയും, അമേരിക്കന്‍ സൈന്യത്തിന്‍ കീഴിലുള്ള ‘ഹീറോ’ പരിവേഷമുള്ള തീവ്രവാദികളെയും.

ശാര്‍ങ്ങ്ഗപക്ഷികളുടെ ഗതിയാണ്‌ ഇന്ന്‌ അഫ്ഘാനികള്‍ അഭിമുഖീകരിക്കുന്നത്‌.

മലലായ്‌ ജൊയയെക്കുറിച്ചും, അവരിന്ന്‌ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തെക്കുറിച്ചും, ഇവിടെ വായിക്കാം.

അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലെ സ്വാതിലും അമേരിക്കയുടെയും നാറ്റോ-സഖ്യശക്തികളുടെയും കാര്‍മ്മികത്വത്തില്‍ നിത്യേനയെന്നോണം നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ലോകമനസ്സാക്ഷി കുറ്റകരമായ മൌനം പാലിക്കുകയാണ്‌ ഇന്ന്‌. നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയും സഖ്യശക്തികളും.

നാളെ ഈ ഡ്രോണ്‍ വിമാനങ്ങള്‍ നമുക്കുനേരെയും വന്നേക്കാം. വിദൂരമെങ്കിലും, അതൊരു സാദ്ധ്യതയല്ലാതാകുന്നില്ല. ജോര്‍ജ്ജ്‌ ബുഷിനേക്കാളും സമര്‍ത്ഥനും, കുടിലതന്ത്രക്കാരനുമായ ഒരാളാണ്‌ ഇന്ന്‌ ലോകത്തിന്റെ അമരത്തുള്ളത്‌. മാറ്റത്തിന്റെ പ്രവാചകപരിവേഷം കയ്യൊഴിഞ്ഞ്‌, കാര്യസാധ്യത്തിനായി, ആയുധത്തിന്റെയും വെറുപ്പിന്റെയും മൂന്നാംകിട വില്‍പ്പനക്കാരികളെയും വില്‍പ്പനക്കാരെയും ഒബാമ ലോകപ്രദക്ഷിണത്തിന്‌ അയച്ചുകഴിഞ്ഞു.

നമ്മുടെ ഇന്ത്യന്‍ ഹമീദ്‌ കര്‍സായിമാരും, മുഷറഫുമാരും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌, മലാലായ്‌ ജൊയമാരെപ്പോലുള്ള വസന്തങ്ങളുടെ ഇടിമുഴക്കത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം.

Thursday, July 23, 2009

കരിനിയമങ്ങളുടെ ആഡംബരം

ഷാര്‍ജ ഒരു പഴയ നിയമത്തെ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ഇനിമുതല്‍ പുരുഷന്‍മാര്‍ ആഡംബരപൂര്‍ണ്ണമായ വെച്ചുകെട്ടലുകളൊന്നും ശരീരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. വജ്രം, വെള്ളി, സ്വര്‍ണ്ണം എന്നിവകൊണ്ടുള്ള എന്തെങ്കിലും വസ്തുവകകള്‍ പുരുഷന്‍മാര്‍ ധരിച്ചുകൂടാ എന്ന പുതിയ നിയമം.

നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല. നാട്ടുകാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മിനക്കേടിനൊന്നും അവര്‍ക്കു വയ്യ. ഒരിക്കലും ഒഴിയാത്ത ഗതാഗതക്കുരുക്കുകള്‍, ഒരൊറ്റ നല്ല മഴ പെയ്താല്‍ പോലും തോടുകളായി മാറുന്ന പ്രധാനനിരത്തുകള്‍, വെള്ളവും വൈദ്യുതിയും ഇടക്കിടക്ക്‌ ദിവസങ്ങളോളം അപ്രത്യക്ഷമാകുന്ന ആള്‍ത്താമസകെട്ടിടങ്ങള്‍, വര്‍ഷാവര്‍ഷം തോന്നുംപടി വാടക വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പിഴിയുന്ന റിയല്‍ എസ്റ്റേറ്റുകാരുടെ അരങ്ങുവാഴ്ച, നിസ്സാരമായ സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ്‌ ജനങ്ങളെ വലക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും, തങ്ങളുടെതന്നെ കൈക്കുറ്റം കൊണ്ട്‌ അബോധാവസ്ഥയിലായവരെ ഭീഷണിപ്പെടുത്തി കുടിയിറക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, സാധാരണക്കാരായ കൂലിത്തൊഴിലാളികളെയും, കുടുംബത്തെ കൂടെപ്പാര്‍പ്പിക്കാന്‍ കഴിയാതെ, ഇവിടെ ഒറ്റയാന്‍മാരായി കഴിയുന്നവരെയും പാര്‍പ്പിടങ്ങളില്‍നിന്ന്‌ വേട്ടയാടി ഓടിക്കുന്ന നഗരപാലകര്‍ - ഷാര്‍ജ എന്ന സാംസ്കാരികതലസ്ഥാനത്തിന്റെ കഥകള്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല.

ഇടക്കിടക്ക്‌ സ്വത്വബോധം കലശലായി ഉണരും. പേരുവിവരങ്ങള്‍ അറബിയില്‍ രേഖപ്പെടുത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെ ശിവസേനാ സിന്‍ഡ്രോം സടകുടഞ്ഞെണീക്കും. നഗ്നത വെളിപ്പെടുത്തുന്ന നിര്‍ജ്ജീവമായ മാനിക്വിനുകള്‍ക്കുനേരെ, നമ്മുടെ നാട്ടിലെ ശ്രീരാമസേന-ഇടവക-കാന്തപുരം മോഡല്‍ കപടസദാചാരപത്തികള്‍ ഉയരും.

പുതിയ നിയമവും അത്തരത്തിലൊന്നാണ്‌. ഓരോ സെക്കന്‍ഡിലും കാതങ്ങള്‍ പിന്നിട്ട്‌ മുന്നോട്ടു കുതിക്കുന്ന പുതിയ ലോകത്ത്‌, ഒറ്റദിവസം കൊണ്ട്‌, എട്ടുവര്‍ഷം പിന്നിലേക്കു നടക്കുന്നു ഷാര്‍ജ എന്ന പ്രതിഭാസം. എന്തൊക്കെയാണ്‌ ആഡംബരവസ്തുക്കള്‍ എന്നതിനെക്കുറിച്ച്‌ ഒരു തീര്‍ച്ചയുമില്ല, ഈ നിയമമുണ്ടാക്കുന്നവര്‍ക്ക്‌. സ്വര്‍ണ്ണം ആഡംബരമാണെന്നും അല്ലെന്നും തര്‍ക്കമുണ്ട്‌. സില്‍ക്ക്‌ ആഡംബരമാണോ? ഇസ്ളാമിക നിയമത്തിനു അനുസൃതമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന്‌ പറയപ്പെടുന്നുണ്ട്‌. അപ്പോള്‍, പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രമുള്ളതാണോ, ആഡംബരവസ്തുക്കളെക്കുറിച്ചുള്ള ഈ ഇസ്ലാമിക നിയമങ്ങള്‍? സ്ത്രീകള്‍ക്ക്‌ ഈ ആഡംബരങ്ങള്‍ അനുവദനീയമാണോ? ആണെങ്കില്‍, സ്ത്രീകള്‍ക്ക്‌ ഇസ്ലാമിക നിയമങ്ങള്‍ ബാധകമല്ല എന്നാണോ?

ഇതൊക്കെ വിഷയത്തിന്റെ തൊലിപ്പുറത്തുള്ള ചോദ്യങ്ങളാണ്‌. ഇന്നത്തെ സമൂഹത്തില്‍ ഇമ്മാതിരിയുള്ള കടുത്ത യാഥാസ്ഥിതികത്വം എത്രത്തോളം അഭിലഷണീയമാണ്‌ എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം. സൌദിയോടുള്ള ഷാര്‍ജയുടെ വിധേയത്വം അങ്ങാടിപ്പാട്ടാണ്‌. വാക്കിനെയും, വരയെയും, സിനിമയെയും സംഗീതത്തെയും ഭയപ്പെടുകയും, അവക്കുമേല്‍ ഇത്രനാളും സദാചാരപൌരോഹിത്യത്തിന്റെ സര്‍വ്വവ്യാപിയും സുശക്തവുമായ കടിഞ്ഞാണ്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന അവിടുത്തെ മന്ദബുദ്ധികളായ ഭരണവര്‍ഗ്ഗങ്ങള്‍ക്കുപോലും, ഇപ്പോള്‍ കാല്‍ക്കീഴിലെ മണ്ണൊലിപ്പ്‌ കാണാതിരിക്കാനോ, തടയാനോ കഴിയുന്നില്ല. ആളുകള്‍ ഉറക്കമെഴുന്നേറ്റുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. കാലം മാറുകയാണെന്ന് ഭരണത്തിലെ മിഴുങ്ങസ്യകള്‍ക്കുപോലും സൂര്യനുദിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ്‌, പാണ്ഡിത്യവും, ലോകപരിചയവും, സഹൃദയത്വവും, പൊതുവെ എല്ലാവര്‍ക്കുമിടയില്‍ സുസമ്മതനുമായ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളുടെ തിരനോട്ടം.

ഒരു രാജ്യത്തിന്റെ മത-സാമൂഹിക നിയമങ്ങളെക്കുറിച്ച്‌ അവിടെയിരുന്നുകൊണ്ട്‌, മറ്റൊരു രാജ്യക്കാരനു പറയാന്‍ അധികാരവും അവകാശവുമില്ലെന്ന് വേണമെങ്കില്‍ ന്യായം പറയാം. ബ്രഹ്മാസ്ത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകാണെന്ന് അറിയാതെയുമല്ല. എങ്കിലും പറയേണ്ടത്‌ പറയാതിരിക്കുന്നതെങ്ങിനെ?

Monday, July 13, 2009

നിയോഗം


വികസനത്തിനെക്കുറിച്ചുള്ള മറുസാദ്ധ്യതകള്‍ അന്വേഷിച്ച ചിന്തകനായിരുന്നു, പ്രഥമമായും, ശങ്കര്‍ ഗുഹാ നിയോഗി. എങ്കിലും തന്റെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി തൊഴിലാളി സംഘടനാ പ്രവര്‍ത്തിലേക്കാണ്‌ അദ്ദേഹം ഒടുവില്‍ എത്തിപ്പെട്ടത്‌. വിഘടന-ശിഥില ശക്തികള്‍ രാജ്യത്ത്‌ തലയുയര്‍ത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍, ചൂഷിത-പിന്നാക്ക പ്രദേശങ്ങളിലെ ദരിദ്രരായ ആളുകളെ, വിഘടന വാദത്തിന്റെയും ശിഥിലശക്തികളുടെയും സഹായമില്ലാതെതന്നെ, കാലാനുസൃതമായി എങ്ങിനെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ക്കായി സംഘടിപ്പിക്കാം എന്നതിന്റെ മാതൃകയായിരുന്നു നിയോഗിയുടെ പ്രസ്ഥാനം. പ്രാദേശിക സ്നേഹാഭിമാനങ്ങളും രാജ്യത്തിന്റെ താത്പര്യങ്ങളും തമ്മില്‍ ഒട്ടും വൈരുദ്ധ്യമില്ലാത്ത ഒന്നായിരുന്നു അത്‌“.

“വിപ്ളവകരമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു വന്‍പ്രസ്ഥാനത്തിനും ഇന്നത്തെ സാഹചര്യത്തില്‍, അപചയങ്ങളില്‍നിന്ന്‌ മുക്തമാകാന്‍ സാധിക്കില്ല എന്ന്‌ അശുഭാപ്തിവിശ്വാസികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുമ്പോഴും, അത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തെ 14 വര്‍ഷത്തോളം വിജയകരമായി കൊണ്ടുനടക്കാന്‍ നിയോഗിക്കു സാധിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തകരാതിരിക്കാനും, ഇരുട്ടിനെ അകറ്റാന്‍, ആ ആശയത്തിന്റെ വെളിച്ചത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനും ഇനി നമ്മളാണ്‌ ശ്രദ്ധിക്കേണ്ടത്‌".

ശങ്കര്‍ ഗുഹ നിയോഗിക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഭരത്‌ ഡോഗ്ര എഴുതിയ വാക്കുകളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.

ഭിലായിലെ സി.എം.എസ്സ്‌.എസ്സ്‌ (ചത്തീസ്‌ഗഢ്‌ മൈന്‍സ്‌ ശ്രമിക്‌ സംഘ്‌)ഓഫീസിന്റെ തുറന്നിട്ട ജനലിലൂടെ അകത്തുകയറിയ അക്രമിയുടെ വെടിയേറ്റ്‌ ശങ്കര്‍ ഗുഹാ നിയോഗി മരിച്ചത്‌, 1991 സെപ്തംബര്‍ 28-നായിരുന്നു. ആറു തിരകളാണ്‌ നിയോഗിയുടെ നെഞ്ചു തുളച്ച് അകത്തുകയറിയത്‌. മണിക്കൂറുകള്‍ക്കകം, ആയിരക്കണക്കിനാളുകള്‍ ആശുപത്രിയിലെത്തി. ചത്തീസ്‌ഗഢ്‌ മുക്തി മോര്‍ച്ചയുടെ ശോണ-ഹരിത പതാകയില്‍ പൊതിഞ്ഞ്‌ ആ മൃതദേഹത്തെ അന്ത്യവിശ്രമസ്ഥാനത്തേക്ക്‌ അനുഗമിക്കാന്‍ ഒരു വലിയ ജനാവലിതന്നെ ഉണ്ടായിരുന്നു.

ചത്തീസ്‌ഗഢ്‌ പ്രദേശത്ത്‌, ആ ദിവസം രണ്ടുലക്ഷം തൊഴിലാളികള്‍ പണിമുടക്കി. 150 ഓളം വ്യവസായ യൂണിറ്റുകള്‍ നിശ്ചലമായി. വിലാപയാത്രയില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമായി ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. മരിക്കുമ്പോള്‍ 48 വയസ്സുണ്ടായിരുന്നു നിയോഗിക്ക്‌. അതിനും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്‌, ജോലിയന്വേഷിച്ചെത്തിയ നിരവധിയാളുകളിലൊരുവനായി, സ്വദേശമായ ബംഗാളില്‍നിന്ന്‌ ഭിലായില്‍ നിയോഗി എത്തുന്നത്‌.

ബി.എസ്സ്‌.ആറില്‍ വിദഗ്ദ്ധതൊഴിലാളിയായി പണിയെടുക്കുമ്പോള്‍ത്തന്നെ, നിയോഗി ബി.എസ്സ്‌.സി ബിരുദം നേടി. 1964-65 ആകുമ്പോഴേക്കും യൂണിയന്‍ സംഘാടകനും ബ്ളാസ്റ്റ്‌ ഫര്‍ണസ്‌ ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ആ മനുഷ്യന്‍. തൊട്ടടുത്ത വര്‍ഷങ്ങളില്‍, സി.പി.ഐ.(എം-എല്‍)ന്റെ പൂര്‍വ്വസൂരിയായ കമ്മ്യൂണിസ്റ്റ്‌ റവല്യൂഷണറിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാനും നിയോഗിക്ക്‌ ഇടവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ കയ്യിലെ ജോലി പോയി. ഭിലായിയെ പിന്നിലുപേക്ഷിച്ച്‌, ബസ്തറും, ദുര്‍ഗ്ഗും, റായ്‌ഗഢും, റായ്‌പൂരും, രാജ്‌നന്ദഗാവോനും, സര്‍ജുഗയും ഉള്‍പ്പെടുന്ന ചത്തീസ്‌ഗഢിലെ വിദൂരമായ സാംസ്കാരികമേഖലയിലേക്ക്‌ നിയോഗി കുടിയേറുന്നത്‌ അങ്ങിനെയാണ്‌.

ഹ്രസ്വകാലം സി.പി.ഐ.(എം.എല്‍) ഒളിത്താവളത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷം നിയോഗി അതും വിട്ട്‌, സ്വന്തം വഴി തിരഞ്ഞെടുത്തു. പിന്നീടുള്ള വര്‍ഷങ്ങളിലാണ്‌, അതായത്‌, 1960-കളുടെ അവസാനത്തിനും 1970-കളുടെ ആരംഭത്തിനുമിടയിലാണ്‌ നിയോഗി എന്ന ഇതിഹാസം രൂപപ്പെടാന്‍ തുടങ്ങുന്നത്‌.

"അടുത്ത നാലോ അഞ്ചോ കൊല്ലം, പല തൊഴിലുകളും ചെയ്ത്‌, പല സമരങ്ങളും ഏറ്റെടുത്ത്‌, ഒരു നായാടിയെപ്പോലെ നിയോഗി അലഞ്ഞുതിരിഞ്ഞു. ബസ്തറില്‍ വനമേഖലയില്‍ ജോലിചെയ്തും, ദുര്‍ഗ്ഗില്‍ മീന്‍ പിടിച്ചും വിറ്റും, കേരിജുംഗാതയില്‍ കൃഷിപ്പണി ചെയ്തും, രാജ്‌നന്ദഗാവോണില്‍ ആട്ടിടയനായും തൊഴിലെടുത്തു.

എവിടെയായാലും പ്രാദേശികസമരങ്ങളില്‍ സജീവമായിരുന്നു നിയോഗി. ബസ്തറിലെ ആദിവാസികളുടെ സമരം, രാജ്‌നന്ദഗാവോണിലെ മോംഗ്ര ജലസംഭരണിക്കെതിരായ പ്രക്ഷോഭം, ദായ്‌ഹന്തിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള സമരം - നിയോഗി ഏറ്റെടുത്ത പ്രക്ഷോഭങ്ങളില്‍ ചിലതു മാത്രമായിരുന്നു ഇവയൊക്കെ. ജനകീയ സംഘടനകളെക്കുറിച്ചുള്ള പാഠം നിയോഗി പഠിക്കുന്നത്‌ ഇത്തരം സമരങ്ങളില്‍നിന്നായിരുന്നു. ഒടുവില്‍ അദ്ദേഹം ധാനി തോലയില്‍ താമസമുറപ്പിച്ച്‌, വെള്ളാരംകല്‍ ഖനികളില്‍ (quartzite) വീണ്ടും തന്റെ തൊഴിലാളിജീവിതം ആരംഭിച്ചു. ഖനിയും ഖനി തൊഴിലാളികളുമായുള്ള നിയോഗിയുടെ നീണ്ട ബന്ധത്തിന്റെആരംഭമായിരുന്നു അത്‌.

ധാനി തോലയില്‍ വെച്ചാണ്‌, മറ്റൊരു ഖനി തൊഴിലാളിയായ ആശയെ നിയോഗി കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഖനി തൊഴിലാളികളെ സംഘടിപ്പിക്കുന്ന നിയോഗിയുടെ പ്രവര്‍ത്തനം ഭരണകൂടത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌, അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. മിസ പ്രകാരം 13 മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജയിലില്‍നിന്നു തിരിച്ചുവന്നതിനുശേഷം അദ്ദേഹം ദല്ലി രാജ്‌ഹാരയിലേക്ക്‌ താമസം മാറ്റുകയും, ചത്തീസ്‌ഗഢ്‌ മൈന്‍സ്‌ ശ്രമിക്‌ സംഘം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കൂടുതല്‍ കൂലിക്കും മെച്ചപ്പെട്ട തൊഴിലന്തരീക്ഷത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ സി.എസ്‌.എസ്സ്‌.എസ്സ്‌ ആരംഭിക്കുന്നത്‌ അങ്ങിനെയാണ്‌. 2 രൂപ ദിവസക്കൂലിയില്‍നിന്ന്‌ ദിവസം ഇരുപതു രൂപ എന്ന നിരക്കിലേക്ക്‌ അത്‌ ഉയര്‍ന്നു. ഖനി തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും കൂടുതല്‍ മെച്ചപ്പെട്ടതും സര്‍വ്വതോമുഖവുമായ ജീവിതനിലവാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ്‌ പിന്നീട്‌ നാം കാണുന്നത്. സ്ത്രീകളെ കൂടുതല്‍ പങ്കാളികളാക്കിക്കൊണ്ടും, സി.എം.എസ്സ്‌.എസ്സിന്റെ പ്രവര്‍ത്തനത്തില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ടും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു ചെറിയ ഡിസ്പെന്‍സറി, ഒരു ഗാരേജ്‌ എന്നിവ നിലവില്‍ വന്നു. 1983-ഓടെ 15 കിടക്കകളുള്ള, ആധുനിക സൌകര്യങ്ങളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തനസജ്ജമായി. യൂണിയന്‍ അംഗങ്ങളുടെ തുച്ഛമായ ശമ്പളവും അവരുടെ അദ്ധ്വാനവും ഉപയോഗിച്ചാണ്‌ ഇതെല്ലാം സാധ്യമായത്‌. സ്കൂളുകള്‍ക്കുവേണ്ടിയുള്ള കെട്ടിടങ്ങല്‍ നിര്‍മ്മിച്ച് സര്‍ക്കാരിനു കൊടുത്തു.

ഖനിതൊഴിലാളികള്‍ താമസിക്കുന്ന ബസ്തികളിലെ മാലിന്യം നീക്കാനൊന്നും അധികാരികള്‍ മിനക്കെട്ടിരുന്നില്ല അക്കാലത്ത്‌. യൂണിയന്റെ ഈ ആവശ്യം തുടര്‍ച്ചയായി അവര്‍ നിരാകരിച്ചപ്പോള്‍, ഖനിതൊഴിലാളികള്‍ മാലിന്യം ശേഖരിച്ച്‌, ട്രക്കുകളില്‍ കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. തങ്ങളുടെ ബസ്തികളിലെ മാലിന്യം നീക്കുന്നതുവരെ ഈ പരിപാടി തുടര്‍ന്നുപോകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ചത്തീസ്‌ഗഢിന്റെ കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍, പ്രത്യേകിച്ചും ആദിവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടിയാണ്‌ ചത്തീസ്‌ഗഢ്‌ മുക്തി മോര്‍ച്ച (സി.എം.എം) രൂപീകരിച്ചത്‌. ആ പ്രദേശത്തെ അടിമതൊഴിലാളികളെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ ചത്തീസ്‌ഗഢ്‌ ഗ്രാമീണ്‍ ശ്രമിക്‌ സംഘമായി മാറിയത്‌. സി.എം.എസ്സ്‌.എസ്സും, സി.എം.എമ്മും, സി.ജി.എസ്സ്‌.എസ്സും ഒരുമിച്ച്‌ കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. സംസ്ഥാന ഭരണകൂടം അതിനെ ഭീകരമായി അടിച്ചൊതുക്കാനും അതിന്റെ നേതാക്കളെ ഉപദ്രവിക്കാനും തുടങ്ങി. രണ്ടു പതിറ്റാണ്ടിനിടയില്‍ 25 തവണ നിയോഗിക്ക്‌ ജയിലില്‍ കഴിയേണ്ടിവന്നു. നീതിന്യായ വിചാരണ പോയിട്ട്‌, പ്രാഥമികകുറ്റം പോലും ചുമത്തപ്പെടാതെയായിരുന്നു ആ ജയില്‍വാസങ്ങളില്‍ മിക്കതും. അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട ചില പെറ്റികേസുകളിലാകട്ടെ, നിയോഗിക്കെതിരായി ഒന്നും തെളിയിക്കാനും കോടതികള്‍ക്കായില്ല.

1991 മുതല്‍ നിയോഗിയുടെ പ്രവര്‍ത്തനം, ഭിലായിലെ വ്യവസായതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്ക്‌ തിരിഞ്ഞു. ആരംഭകാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഉള്‍പ്രദേശങ്ങളിലായിരുന്നു. ഇപ്പോള്‍ അത്‌, പ്രദേശത്തെ ഏറ്റവും ധനികരും, ഏറ്റവുമധികം അധികാരം കൈയ്യാളുന്നവരുമായ വ്യവസായികളുമായി മുഖാമുഖം വന്നു. സംഘര്‍ഷം വര്‍ദ്ധിക്കുകയും, യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തപ്പോള്‍ നിയോഗി തന്റെ സ്വന്തം മരണം മുന്‍കൂട്ടി കണ്ടു.

തന്നെ വധിക്കുന്നതിലൂടെ പ്രസ്ഥാനത്തെ തീര്‍ത്തും നാമാവശേഷമാക്കാന്‍ ഭിലായ്‌ പ്രദേശത്തെ വ്യവസായികള്‍ ഗൂഢപദ്ധതിയിടുന്നതിനെക്കുറിച്ച്‌, മരിക്കുന്നതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ റിക്കാര്‍ഡു ചെയ്ത ഒരു സന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. "ഈ ലോകം മനോഹരമാണ്‌. ഈ മനോഹരമായ ലോകത്തെ ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നു. എന്നാലും, എന്റെ തൊഴിലും എന്റെ ഉത്തരവാദിത്ത്വങ്ങളുമാണ്‌ എനിക്കേറെ പ്രധാനം. ഏറ്റെടുത്ത ചുമതലകള്‍ എനിക്ക്‌ പൂര്‍ത്തീകരിക്കേണ്ടതുണ്ട്‌. ഇവര്‍ എന്നെ കൊല്ലും. പക്ഷേ എന്നെ കൊന്നതുകൊണ്ട്‌ നമ്മുടെ പ്രസ്ഥാനത്തെ അവര്‍ക്ക്‌ ഇല്ലാതാക്കാനാവില്ല“.

നിയോഗിയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും പ്രസക്തിയും അര്‍ത്ഥവും മനസ്സിലാക്കേണ്ടത്‌, അദ്ദേഹം എന്നും പൊരുതിയ കൊളോണിയല്‍ കാലഘട്ടാനന്തര 'വികസന'ത്തിന്റെ പശ്ചാത്തലത്തിലാണ്‌. പി.യു.ഡി.ആറിന്റെ (Peoples Union for Democratic Rights)റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. "ഏതു വികസന പദ്ധതികള്‍ വന്നാലും, ചത്തീസ്‌ഗഢ്‌ പോലുള്ള പ്രദേശങ്ങളെ അവികസിതമായി നിലനിര്‍ത്തുന്നു എന്നതാണ്‌ കൊളോണിയല്‍ കാലഘട്ടാനന്തര വികസനത്തിന്റെ ആത്യന്തിക ഫലം. ജനങ്ങളെ അവരുടെ പരമ്പരാഗത തൊഴിലില്‍നിന്നും തുടര്‍ച്ചയായി പുറത്താക്കുകയാണ്‌ ഈ പ്രക്രിയ. അങ്ങിനെ അവര്‍ കരാര്‍ തൊഴിലാളികളോ ദിവസവേതനക്കാരോ ആയിത്തീര്‍ന്ന്‌, വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള അസംസ്ക്കൃതപദാര്‍ത്ഥങ്ങളായി മാറുന്നു. അതിനി, പൊതുമേഖലയുടെയായാലും, സ്വകാര്യമേഖലയുടെയായാലും. ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെയായാലും, കമ്പോളവ്യവസ്ഥയുടെയായാലും ശരി. പിന്നീട്‌ ഈ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങുമ്പോള്‍, ഈ വികസനത്തിന്റെ ഫലം ഭക്ഷിച്ച്‌ വളര്‍ന്ന രാഷ്ട്രീയ-സാമ്പത്തിക പരാന്നഭോജികള്‍, ഭരണകൂടത്തിന്റെ സഹായത്തോടെ ഈ ജനങ്ങളെ അടിച്ചൊതുക്കുന്നു. ഈ ചിരപരിചിതമായ പ്രക്രിയക്ക്‌ ചത്തീസ്‌ഗഢില്‍ ചെറുത്തുനില്‍പ്പ്‌ നേരിടേണ്ടിവന്നു. ട്രേഡ്‌യൂണിയനുകളുടെ പരമ്പരാഗതമായ അതിര്‍ത്തികളെ അതിജീവിച്ചുകൊണ്ട്‌ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലാളികള്‍ക്കു സാധിച്ചു. തൊഴിലും തൊഴിലന്തരീക്ഷവും, തൊഴില്‍ വൈദഗ്ദ്ധ്യവും, യന്ത്രവത്ക്കരണവും, വിദ്യാഭ്യാസവും, ആരോഗ്യവും, പരിസ്ഥിതിയും എല്ലാം ഇന്ന്‌ ഈ തൊഴിലാളികളുടെ അജണ്ടയിലുള്‍പ്പെടുന്നു. ഈ സായുധമായ ജനകീയപ്രസ്ഥാനത്തിന്റെ പരിഷ്ക്കരണോന്മുഖതയെ ഉത്തേജിപ്പിക്കുന്നത്‌, വികസനപ്രക്രിയയെക്കുറിച്ചുള്ള ഇതരവീക്ഷണങ്ങളാണ്‌. പക്ഷേ, ആര്‍ക്കെതിരെയാണോ ഇവര്‍ പൊരുതുന്നത്‌, ആ ഉന്നതരായ ഭരണവര്‍ഗ്ഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഭരണഘടനാ അതിര്‍ത്തികള്‍ക്കുള്ളില്‍ ഈ സമരത്തെ പരിമിതിപ്പെടുത്തേണ്ടിയുംവരുന്നു. ഭരണഘടനയിലെ, സുതാര്യവും, പ്രാഥമികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശതത്ത്വങ്ങളാണ്‌ ഈ പ്രസ്ഥാനത്തിന്റെയും നാഴികക്കല്ല്‌. തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലാണ്‌ പ്രക്ഷോഭങ്ങള്‍ അധികവും നടക്കുന്നത്‌. എന്നിട്ടും, ഭരണകൂടത്തിനു മനസ്സിലാകുന്ന ഒരേയൊരു ഭാഷ അക്രമത്തിന്റേതായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും, ഈ പ്രസ്ഥാനം അത്യന്തം ക്ഷമയോടെ സമാധാനമാര്‍ഗ്ഗത്തിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട്‌ ജനാധിപത്യ ഇടം തിരിച്ചറിയുകയും പിടിച്ചടക്കുകയും ചെയ്യുക എന്നതാണ്‌ ചത്തീസ്‌ഗഢ്‌ പ്രസ്ഥാനത്തിന്റെ അന്ത:സ്സത്ത. കഴിഞ്ഞ മൂന്നു ദശകങ്ങളായി നീണ്ടുകിടക്കുന്ന ഈ പ്രക്രിയയയാണ്‌, ഈ പ്രദേശത്തെ ആളുകളുടെ ജീവിതത്തെയും നിലനില്‍പ്പിനെയും മാറ്റിമറിച്ചത്‌.

നിയോഗി കൊല്ലപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച്‌ വിശദമായി പഠിക്കാന്‍ ഒരു പൌരസമിതി രൂപീകരിച്ചിരുന്നു. പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയുടെയും, പിന്നീട്‌ കല്‍ക്കത്ത ഹൈക്കോടതിയുടെയും മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ഡി.എസ്സ്‌.തേവാതിയ, കുല്‍ദീപ്‌ നയ്യാര്‍, വിജയ്‌ തെണ്ടുല്‍ക്കര്‍, അനില്‍ സദ്ഗോപാല്‍ രാകേഷ്‌ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഒരു പൌരസമിതി. "വ്യാവസായിക പുകമറക്കു പിന്നില്‍" (Behind the Industrial Smokescreen) എന്നു പേരിട്ട ആ കമ്മിറ്റി റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തിയത്‌ ഇതായിരുന്നു: "തൊഴിലാളികള്‍ക്ക്‌ അടിസ്ഥാനസൌകര്യവും, മിനിമം വേതനവും നിഷേധിച്ചുകൊണ്ടിരുന്ന വ്യവസായികളുടെ ശൃംഖലയെ, ഇതിനുമുന്‍പ്‌ ആ പ്രദേശങ്ങളില്‍ മറ്റൊരാളും ചെയ്യാന്‍ ധൈര്യപ്പെടാത്ത തരത്തില്‍ വെല്ലുവിളിച്ചു എന്നതാണ്‌ നിയോഗി കൊല്ലപ്പെട്ടാനുള്ള കാരണം. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും സഹായത്തോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വ്യാവസായിക ഭൂമികയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ നിയോഗിയുടെ കൊലപാതകത്തിന്റെ ആസുരികമാനം വളരെ വലുതാണ്‌. തൊഴില്‍-വ്യവസായ നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും, അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കാനുതകുന്ന തൊഴിലുറപ്പിനും മിനിമം വേതനത്തിനുംവേണ്ടി പൊരുതാനുള്ള ജനാധിപത്യ ഇടം കാല്‍ക്കീഴില്‍നിന്ന്‌ ഒലിച്ചുപോകുന്നതിന്റെ പ്രതിഫലനംകൂടിയാണ്‌ ഈയവസ്ഥ. വിദേശബാങ്കുകളും ബഹുരാഷ്ട്രകുത്തകകളും നിലനില്‍ക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന്‌ ഉറപ്പുവരുത്താന്‍, ഭരണകൂടം ഈ അവസ്ഥയെ മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്യും.

സ്വാശ്രയത്തെക്കുറിച്ചും, ഇന്ത്യന്‍ സമൂഹത്തിന്റെ ഇതരവികസന സാധ്യതകളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന നിയോഗിയുടെ അസാന്നിദ്ധ്യം നമുക്ക്‌ കൂടുതല്‍ അനുഭവപ്പെടാനിരിക്കുന്നതേയുള്ളു, വരുംനാളുകളില്‍. "നിയോഗിയുടെയും, സി.എസ്‌.എസ്സ്‌.എസ്സിന്റെയും രാഷ്ട്രീയം, പ്രക്ഷോഭത്തിന്റെയും, സര്‍ഗ്ഗാത്മകതയുടെയും രാഷ്ട്രീയമാണ്‌. സൃഷ്ടിക്കുവേണ്ടിയുള്ള സമരം. സമരത്തിനുവേണ്ടിയുള്ള സൃഷ്ടി-ഇതാണ്‌ നമ്മുടെ മുദ്രാവാക്യം". 'നമ്മുടെ പരിസ്ഥിതി - സി.എം.എസ്സ്‌.എസ്സിന്റെ കാഴ്ചപ്പാടില്‍' എന്ന പേരില്‍ നിയോഗി ഏറ്റവുമൊടുവില്‍ എഴുതിയ ലഘുലേഖയുടെ അവതാരികയില്‍ എഴുതിയിരിക്കുന്നു.

പിന്‍‌കുറിപ്പ്: അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചവരെക്കുറിച്ചുള്ള വായനക്കിടയില്‍ ഇടക്കിടക്ക് പ്രത്യക്ഷമാകാറുള്ള ഒരു ഇന്ത്യന്‍ പേരാണ് ശങ്കര്‍ ഗുഹാ നിയൊഗിയുടേത്. മെയ്യനങ്ങാതെയുള്ള വിലപേശലിലൂടെ കച്ചവടമുറപ്പിക്കുന്ന ഇന്നത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളെക്കുറിച്ച് ആലോചിക്കുമ്പോഴും, ഈ മനുഷ്യന്‍ ഇടക്കിടക്ക് കടന്നുവരും. ആ ജീവിതത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം. ജനവികാസ് ആന്ദോളന്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയുടെ പരിഭാഷയാണ് ഇത്. കൂടുതല്‍ അറിയാന്‍, ഇതും നോക്കാം. പട്‌വര്‍ദ്ധന്റെ ലേഖനവും, ഈ പരിഭാഷയും (രണ്ടുവര്‍ഷത്തിന്റെ വിടവുണ്ടെങ്കിലും) ഒരു ദിവസത്തിന്റെ ഏറ്റക്കുറച്ചിലോടെ ഇവിടെ പോസ്റ്റു ചെയ്യാനിടവന്നതും തികച്ചും യാദൃച്ഛികമായിട്ടാണ്.

Tuesday, June 30, 2009

നിങ്ങള്‍ ഏതു ചേരിയില്‍?

സ്ളംഡോഗ്‌ മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്‌, പരസ്പരം മാന്തിക്കൊടുത്ത്‌ നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്‌, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.

400 ദശലക്ഷം ഡോളറിന്റെ ആഗോള ബോക്സോഫീസ്‌ വിജയം നേടിയ ചിത്രത്തിലെ ബാലതാരങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 വരെ ചേരിയില്‍ത്തന്നെയായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന്‌ ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന്‌ അവര്‍ കഷ്ടിച്ചാണ്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടത്‌. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ്‌ ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ അവര്‍ക്ക്‌ വീട്‌ വാഗ്ദാനം ചെയ്തിട്ടുമുണ്ട്‌. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന്‌ ആശ്വസിക്കാന്‍ തുടങ്ങിയതാണ്‌.

ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്‌ നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക്‌ ആകാശം മാത്രമാണ്‌ മേല്‍ക്കൂര. തെരുവുതന്നെയാണ്‌ വീട്‌. നിത്യജീവിതം തന്നെയാണ്‌ വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും


ഇനി ഇതാ കോമണ്‍വെല്‍ത്ത്‌ കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ്‌ ഒരു ഏകദേശ കണക്ക്‌. അതിനേക്കാള്‍ പ്രധാനമാണ്‌ സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌ ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ്‌ അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്‌.

ചേരിനിവാസികളുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ളം ജഗത്ത്‌ എന്ന മാസിക. പരസ്യവിപണിയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കഴിഞ്ഞ ജനുവരി മുതല്‍ അടച്ചുപൂട്ടലിനെ നേരിട്ടുകൊണ്ടിരിക്കുന്നു. 2008 ഡിസംബറിലും 2009 ജനുവരിയിലും അത്‌ വെളിച്ചം കണ്ടില്ല. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണെന്ന്‌ നിശ്ചയം പോരാ.

പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ്‌ സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്‌, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്‌. ഏറ്റവും മുകളറ്റത്തെ അഞ്ചേ അഞ്ചു മന്ത്രിപുംഗവന്‍മാരുടെ മാത്രം ആസ്തിയാണ്‌ ഈ പറഞ്ഞ അഞ്ഞൂറില്‍ ഇരുന്നൂറു കോടിയും. ഈ എണ്ണം തെറ്റുന്ന വലിയ കണക്കുകള്‍ക്കിടയിലാണ് ചേരിയെക്കുറിച്ച്‌ വിലപിക്കുന്നത്‌.

കടന്നു പോകാന്‍ പറ. ഇന്ത്യക്കാരോടും പട്ടികളോടും.
ചിത്രങ്ങളുടെ കടപ്പാട്: ആദിലിനും, റോയിറ്റേഴ്സിനും

Tuesday, June 23, 2009

വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.


ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍‌കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.


ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?


വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.


ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?

Tuesday, June 9, 2009

ഒന്നങ്ങനെ, ഒന്നിങ്ങനെ

ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഏതു സിലബസ്സ്‌?

കേരളയോ, സീബീയെസ്സിയോ?

എത്ര ജോടി യൂണിഫോമുകളുണ്ട്‌ വീട്ടില്‍?

ഒഴിവുസമയത്ത്‌ എന്താണ്‌ ചെയ്യാറ്‌?

മിക്കിമൌസ്‌ കാണുമോ?

അതോ ടോം ആന്റ് ജെറിയോ?

കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?

പ്ളേ സ്റ്റേഷനോ ഗെയിം ബോയോ

ഏതാണ്‌ അച്ഛന്‍ വാങ്ങിത്തന്നത്‌?

ടാട്ടൂസ്‌ ഇഷ്ടാണോ?

ലേയ്സിന്റെ ചിപ്സ്‌ ഇഷ്ടാണോ?

ഐസ്ക്രീമോ?

കിറ്റ്‌കാറ്റോ കാഡ്‌ബറീസോ

ഏതാണ്‌ കൂടുതലിഷ്ടം

വീഗാലാന്റ് കണ്ടിട്ടുണ്ടോ?

സ്കൂളില്‍നിന്ന്‌ എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?

സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?

പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്‌?

ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?

നീയെന്താ ഒന്നു മിണ്ടാത്തത്?





















കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.

ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.

Tuesday, June 2, 2009

ഇപ്പൊഴോ?


ഒരു പഴയ ഇ-മെയില്‍ പ്രബോധനം കൂടി ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.

ആസ്ത്രേലിയയിലെ മുസ്ലിം പള്ളികളെ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍‌നോട്ടത്തിന്‍ ‌കീഴിലാക്കാനുള്ള മുന്‍‌പ്രധാനമന്ത്രി ജോണ്‍ ഹൌവാര്‍ഡിന്റെ “ധീരമായ’ തീരുമാനത്തില്‍ രോമാഞ്ചംകൊണ്ട്, ഇന്ത്യക്കും ഈ മട്ടിലുള്ള ധീരനായ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ദീര്‍ഘനിശ്വാസം പൊഴിച്ച്, പ്രചരിച്ചിരുന്ന ഒരു ഇ-മെയില്‍. ജോണ്‍ ഹൌവാര്‍ഡിന്റെ പ്രസംഗഭാഗമായിരുന്നു മെയിലിലെ ഉള്ളടക്കം. അത് ഇപ്രകാരം:

'IMMIGRANTS, NOT AUSTRALIANS, MUST ADAPT.'

Take It Or Leave It. I am tired of this nation worrying about whether we are offending some individual or their culture. Since the terrorist attacks on Bali , we have experienced a surge in patriotism by the majority of Australians.

''This culture has been developed over two centuries of struggles, trials and victories by millions of men and women who have sought freedom''

We speak mainly ENGLISH, not Spanish, Lebanese, Arabic, Chinese, Japanese, Russian, or any other language. Therefore, if you wish to become part of our society . Learn the language!''

Most Australians believe in God. This is not some Christian, right wing, political push, but a fact, because Christian men and women, on Christian principles, founded this nation, and this is clearly documented. It is certainly appropriate to display it on the walls of our schools. If God offends you, then I suggest you consider another part of the world as your new home, because God is part of our culture.''

"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".

''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''

If you aren't happy here then LEAVE. We didn't force you to come here. You asked to be here. So accept the country YOU accepted.'

Maybe if we circulate this amongst ourselves, we will find the backbone to start speaking and voicing the same truths.

If you agree ... please SEND THIS ON TO EVERY INDIAN...

വിഷയത്തിന്റെ തലക്കെട്ടിലും, രാജ്യത്തെ സൂചിപ്പിക്കുന്ന ഭാഗത്തും മാത്രം എഡിറ്റിംഗ് നടത്തി, ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയും ചെയ്തു.

ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.

സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.

വംശവെറിയുടെ പുളിച്ച ഏമ്പക്കമായി, ഇന്ന് അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.

Sunday, May 31, 2009

ഒരു ധിക്കാരിയുടെ മരണം

ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വിവാദപര്‍വ്വം അങ്ങിനെ അവസാനിച്ചു. ആമി എന്ന മാധവിക്കുട്ടി എന്ന കമലാദാസ്‌ എന്ന കമലാ സുറയ്യ പോയി.

മലയാളിയുടെ കപട സദാചാരസങ്കല്‍പ്പത്തിനെയും അവന്റെ ജാത്യാഹന്തകളെയും സ്വന്തം ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നിര്‍ദ്ദയമായി പരിഹസിച്ചും, അവന്റെ സവര്‍ണ്ണ-യാഥാസ്ഥിതിക നാട്യങ്ങള്‍ക്കെതിരെ നിരന്തരം കല്ലെറിഞ്ഞും, ജീവിച്ചിരിക്കെത്തന്നെ പലതവണ ശവദാഹം ചെയ്യപ്പെട്ട ഒരു ധിക്കാരിയുടെ മരണം ആഘോഷിക്കാനുള്ള സുവര്‍ണ്ണാവസരമാണ്‌ ഇനി മലയാളികള്‍ക്ക്‌ കൈവരാന്‍ പോകുന്നത്‌.

സ്വന്തം ജീവിതത്തെ ഇത്ര നിഷ്ക്കരുണമെടുത്ത്‌ അമ്മാനമാടാന്‍ തക്കവണ്ണം ധൈര്യമുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിലൊന്നും ഇനി ഉണ്ടാകാനും സാധ്യതയില്ല. സുഖാലസ്യത്തിന്റെയും അനര്‍ഹമായ പ്രശസ്തിയുടെയും, സാംസ്കാരികനായകത്തിടമ്പുകളുടെയും നാലുവെള്ളിക്കാശിനുവേണ്ടി വാക്കിന്റെ അഗ്നിയെ തള്ളിപ്പറയാനോ ഒറ്റുകൊടുക്കാനോ മടിയില്ലാത്ത കൂലി എഴുത്തുതൊഴിലാളികളുടെ ട്രേഡ്‌യൂണിയന്‍ കാലഘട്ടത്തിലാണല്ലോ നമ്മള്‍ ഇന്നു ജീവിച്ചു പിഴച്ചുപോകുന്നത്. നമുക്കിതൊക്കെ മതി.

അവിശ്വസനീയവും അപകടകരവും, അക്ഷരവുമായ ഒരു ജീവിതമാണ് കമലാ സുറയ്യയുടെ മരണത്തിലൂടെ അവസാനിക്കുന്നത്.

ഇനിയും എന്നെ കൊന്നു തിന്ന് എന്ന് നമ്മളെയൊക്കെ നോക്കി ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം കമല സുറയ്യ എന്ന മാധവിക്കുട്ടി.

ആ ധീരയായ എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍.

Wednesday, May 27, 2009

അകാലത്തെക്കുറിച്ചുള്ള കവിതകള്‍

പതിമൂന്നു വര്‍ഷങ്ങള്‍. നൂറ്റിമുപ്പത്തൊമ്പതു കത്തുകള്‍. അവയില്‍ മിക്കതും അമ്മയ്ക്ക്‌. ചിലത്‌ അനിയനും. ഒന്നോ രണ്ടോ കത്തുകള്‍ തന്റെ പ്രിയപ്പെട്ട ഒരു നോവലിസ്റ്റിനും.

ആ കത്തുകളിലൂടെയും, ഇടക്കിടക്ക്‌ അനുബന്ധമായി ഒരമ്മ എഴുതിയ കുറിപ്പുകളിലൂടെയും ഒരു പെണ്‍കുട്ടിയുടെ കൌതുകകരമായ വളര്‍ച്ച നമ്മള്‍ അറിയുന്നു.

കോളേജില്‍ ചേരുന്നത്‌, സുഹൃത്തുക്കളെ കണ്ടെത്തുന്നത്‌, സമാനമനസ്ക്കരായ ചെറുപ്പക്കാരുടെ കൂടെ ഒഴിവുസമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്‌, കവിതയുടെ വഴിയിലേക്ക്‌ മെല്ലെമെല്ലെ നടന്നടുക്കുന്നത്‌, ദീര്‍ഘയാത്രക്കു പോകുന്നുവെന്ന്‌ അമ്മക്ക്‌ കത്തെഴുതിവെച്ച്‌ വീടിന്റെ താഴെയുള്ള നിലവറയില്‍ പോയി കൈയ്യിലെ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌, മൂന്നു ദിവസങ്ങള്‍ക്കുശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌, പ്രതിഭാശാലിയായ ഒരു കവിസുഹൃത്തിനെ കണ്ടെത്തുന്നത്‌, അയാളെ ആരാധിച്ചും, പ്രണയിച്ചും, അയാളുടെ ജീവിതപങ്കാളിയാകുന്നത്‌, അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്നേഹിച്ച്‌ പ്രശസ്തിയുടെ പടവുകള്‍ കയറുന്നത്‌, രണ്ടു കുട്ടികളുടെ അമ്മയാകുന്നത്‌, നിരുപാധികമായി താന്‍ നല്‍കിയ സ്നേഹവും വിശ്വാസവും തിരിച്ചുകിട്ടാതെ, ഭര്‍ത്താവിനാല്‍ പരിത്യക്തയാക്കപ്പെടുന്നത്‌, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നത്‌, തണുപ്പും, ദാരിദ്ര്യവും, വിടാതെ പിടികൂടുന്ന രോഗങ്ങളും കൊണ്ടു വലഞ്ഞ്‌, ഒടുവില്‍ ഒരു ദിവസം മക്കള്‍ ഉണരുമ്പോഴേക്കും അവര്‍ക്കു കഴിക്കാനുള്ള പ്രാതല്‍ ഒരുക്കിവെച്ച്‌, അടുക്കളയില്‍ പോയി, ഗ്യാസ്‌ സ്റ്റൌവിലെ വാതകത്തെ കവിതയുടെയും ജീവിതത്തിന്റെയും ധമനികളിലേക്ക്‌ കടത്തിവിട്ട്‌, തന്റെ സ്ഥലം ശൂന്യമാക്കി ഇവിടെനിന്നും കടന്നുപോകുന്നത്‌..

അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്‌.

എന്‍.പി.സജിത്ത്‌ പരിഭാഷപ്പെടുത്തി, പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച, സില്‍വിയ പ്ളാത്തിന്റെ "വീട്ടിലേക്കുള്ള കത്തുകള്‍' ആ അസ്വസ്ഥമായ ജീവിതത്തിന്റെ ഒരു ലഘു പരിച്ഛേദമാണ്‌.

ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിന്റെ വഴി മിക്കപ്പോഴും ഇച്ഛാപൂര്‍വ്വമായ മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നത്‌ കാണാം. വിരോധാഭാസമായിരിക്കാം. എങ്കിലും വിര്‍ജീനിയാ വൂള്‍ഫിന്റെയും, സില്‍വിയയുടെയും, ഹെമിംഗ്‌വേയുടെയും, മയക്കോവസ്‌കിയുടെയും, കവാബത്തയുടെയും, നമ്മുടെ രാജലക്ഷ്മിയുടെയും, നന്തനാരുടെയും, നന്ദിതയുടെയും ഷെല്‍വിയുടെയും, പിന്നെ, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത മറ്റു ഒട്ടനവധിപേരുടെയും കഥകള്‍ അത്തരമൊരു ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിലേക്കുതന്നെയല്ലേ വിരല്‍ചൂണ്ടുന്നത്‌? അതോ, അനുഭവിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്ത ഈ ജീവിതത്തിന്റെ നിത്യവൈരസ്യങ്ങളില്‍നിന്ന്‌, ജീവിച്ചിരിക്കുന്നിടത്തോളം ആവിഷ്ക്കാരസാദ്ധ്യമേയല്ലാത്ത മരണാനുഭവത്തിന്റെ വേരുകളിലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുകയാണ്‌ ഇവരെന്നു വരുമോ? ആര്‍ക്കറിയാം.

Crossing the Water എന്ന പേരില്‍, സില്‍വിയയുടെ തിരഞ്ഞെടുത്ത ചില കവിതകള്‍, അവരുടെ ഭര്‍ത്താവായിരുന്ന ടെഡ്‌ ഹ്യൂസ്‌ സമാഹരിച്ച്‌, ഹാര്‍പ്പര്‍ പെരെന്നിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കത്തുകള്‍' വായിച്ച്‌ ഏറെക്കഴിയുന്നതിനുമുന്‍പാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌.

Stillborn എന്നൊരു കവിതയുണ്ട്‌ ഹാര്‍പറിന്റെ ആ സമാഹാരത്തില്‍. “വീട്ടിലേക്കുള്ള കത്തുകളില്‍" ഒരിടത്ത്‌, ഗര്‍ഭമലസിയതിനെക്കുറിച്ച്‌ സങ്കടപ്പെട്ട്‌ സില്‍വിയ അമ്മക്കെഴുതുന്നുമുണ്ട്‌. എഴുതാതെ പോയ കവിതകളാണോ, ജനിക്കാതെ പോയ ആ കുട്ടിയാണോ സില്‍വിയയുടെ മനസ്സിലുണ്ടായിരുന്നതെന്ന്‌ ഇപ്പോഴും നല്ല നിശ്ചയം പോരാ. ഒരുപക്ഷേ രണ്ടുമായിരിക്കണം. അതോ അവരിലുണ്ടായിരുന്ന ആ ജീവിതാഭിമുഖ്യമോ? ഒരുപക്ഷേ അതാണെന്നും വരാം. കവികളുടെയും ഉന്മാദികളുടെയും ഉള്ളു കണ്ടവരുണ്ടോ? ഉണ്ടെന്ന നമ്മുടെ നാട്യവും അവകാശവാദവുമൊക്കെ വെറുതെ.

ഇതാ ആ കവിത..

ചാപിള്ള

ഈ കവിതകള്‍ക്ക്‌ ആയുസ്സില്ല
ദു:ഖകരമായ തിരിച്ചറിവാണത്‌
അവയുടെ കുഞ്ഞിക്കാലും വിരലുകളും വളരുന്നുണ്ടായിരുന്നു
ഏകാഗ്രത പൂണ്ട കുഞ്ഞുനെറ്റികള്‍ തുറിച്ചുനിന്നു
എന്നിട്ടും മറ്റുള്ളവരെപ്പോലെ നടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ലെങ്കില്‍
അതിന്‌ അവരുടെ അമ്മയുടെ സ്നേഹത്തെ പഴിക്കരുതേ

എന്താണവയ്ക്കു പറ്റിയതെന്ന്‌ എനിക്കറിയില്ല
രൂപം, എണ്ണം, അവയവങ്ങള്‍
എല്ലാം
എല്ലാം തികഞ്ഞതായിരുന്നു
ഉപ്പിലിട്ട ജലത്തില്‍ അവ ഭംഗിയായി കിടന്നിരുന്നു
എന്നെ നോക്കി എപ്പോഴും ചിരിക്കാറുമുണ്ടായിരുന്നു
എന്നിട്ടും അവയുടെ കരളുകള്‍ നിറഞ്ഞില്ല
നെഞ്ചുകള്‍ കുറുകിയില്ല

മൃഗ-മത്സ്യ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും
മൃഗമോ മത്സ്യമോ ആയിരുന്നില്ല അവ
ജീവനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ
ജനിച്ചതുപോലും അതിനുവേണ്ടിയായിരുന്നില്ലേ?
എന്നിട്ടും അവ മരിച്ചു
ആകെത്തകര്‍ന്ന്‌ ആ അമ്മയും ജീവച്ഛവമായി
എന്നിട്ടും അവളെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ
വിഢികളെപ്പോലെ അവ തുറിച്ചുനോക്കുന്നു.

Monday, May 11, 2009

ഒരു മുത്തശ്ശിക്കഥ


രണ്ടായിരത്തഞ്ഞൂറോളം കുട്ടികള്‍ക്ക്‌ ജീവിതം തിരിച്ചുനല്‍കിയ ഒരു മുത്തശ്ശി, ഒരു വര്‍ഷം മുന്‍പ്‌ ഈ ദിവസം നമ്മളെ വിട്ടുപോയി.


ഐറീന സെന്‍ഡ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്‌. 98 വയസ്സായിരുന്നു മരിക്കുമ്പോള്‍ അവര്‍ക്ക്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌, ഈ മുത്തശ്ശി, പോളണ്ടിലെ വാര്‍സാ ഘെറ്റോയില്‍ പ്ളംബറായി ജോലിക്കു ചേര്‍ന്നു. നാസികളില്‍നിന്ന്‌ പോളണ്ടിലെ ജൂതന്‍മാരെ രക്ഷപ്പെടുത്താനുള്ള ദൌത്യം ഏറ്റെടുത്ത സെഗോട്ട എന്ന ഒളിസംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു അവര്‍. 30-ഓളം സന്നദ്ധപ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പിലായിരുന്നു ഐറീന്‍ സെന്‍ഡ്‌ലര്‍.

അഞ്ചു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ആ ജൂത ചേരിയില്‍ നിന്നാണ്‌ ട്രബ്ളിങ്കയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ ജൂതര്‍ ആട്ടിത്തെളിക്കപ്പെട്ടത്‌. അതിനുമുന്‍പുതന്നെ, ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും മൂലം ചത്തൊടുങ്ങിയിരുന്നു. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ ചത്തൊടുങ്ങുകയും ഗ്യാസ്‌ ചേമ്പറുകളിലേക്ക്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഐറീന്‍ മുത്തശ്ശി, കൈക്കുഞ്ഞുങ്ങളെ തന്റെ ടൂള്‍ബോക്സില്‍ ഒളിപ്പിച്ച്‌ പുറത്തേക്കു കടത്തി. കുറച്ചുകൂടി വലിയ കുട്ടികളെ തന്റെ തോളിലെ മാറാപ്പിലും അവര്‍ ഒളിച്ചുകടത്തി. പരിശോധനക്കെത്തുന്ന നാസി പട്ടാളക്കാരുടെ കണ്ണുവെട്ടിക്കാനും കുട്ടികളുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനും വേണ്ടി, വിശ്വസ്തനായ നായയെയും ഐറീന്‍ പരിശീലിപ്പിച്ചിരുന്നു എന്ന്‌ കഥയുണ്ട്‌. സത്യം നമുക്കറിയില്ല.

അതെന്തായാലും, രണ്ടായിരത്തോളം കുട്ടികള്‍ മരണത്തില്‍നിന്ന്‌ രക്ഷപ്പെട്ടു. താന്‍ രക്ഷപ്പെടുത്തിയ ഓരോ കുട്ടിയുടെയും പേരുവിവരങ്ങള്‍ അവര്‍ തുണ്ടുകടലാസ്സുകളിലെഴുതി വീട്ടുമുറ്റത്തെ മരത്തിന്‍കീഴില്‍ കുഴിച്ചിട്ടു. ആ കുട്ടികളെ ജീവകാരുണ്യസംഘടനകളുടെയും മക്കളില്ലാത്ത ദമ്പതികളുടെയും, മിഷണറി പ്രവര്‍ത്തകരുടെയും താത്ക്കാലിക സംരക്ഷണയിലാക്കി, അവര്‍ക്ക്‌ പുതുജന്‍മം നല്‍കി, ഐറീന്‍.

ഒടുവില്‍ ഒരു നാള്‍ ഐറീന്‍ സെന്‍ഡ്‌ലര്‍ നാസികളുടെ പിടിയിലകപ്പെട്ടു. കടുത്ത മര്‍ദ്ദനത്തിനിരയായ അവരുടെ കൈകാലുകള്‍ ഗസ്റ്റപ്പോകള്‍ തല്ലിച്ചതച്ചു. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഐറിനെ അവരുടെ സഹപ്രവര്‍ത്തകര്‍, ഗെസ്റ്റപ്പോവിനു കൈക്കൂലി നല്‍കി തലനാരിഴക്ക്‌ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഏറെ നാള്‍ അവര്‍ക്ക്‌ ഒളിവില്‍ കഴിയേണ്ടിയുംവന്നു.

യുദ്ധത്തിനുശേഷം, താന്‍ രക്ഷപ്പെടുത്തിയ കുട്ടികളുടെ കുടുംബത്തെ കണ്ടെത്തി അവരെ തിരിച്ചേല്‍പ്പിക്കാനുള്ള ഐറീന്റെ ശ്രമം പക്ഷേ, അധികം ഫലം കണ്ടില്ല. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമേ, ചരിത്രത്തിലെ ആ കറുത്ത കാലത്തെ അതിജീവിച്ചിരുന്നുള്ളു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വാര്‍സാ ഘെറ്റോയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം ജൂതന്‍മാരില്‍ കേവലം അമ്പതിനായിരത്തിനടുത്താളുകള്‍ മാത്രമാണ്‌ 1943-ഓടെ ബാക്കിയായത്.

ആ കുട്ടികളും അവരുടെ സന്തതിപരമ്പരകളും ഇന്ന്‌ ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു. ജറുസലേമിലെ യാദ്‌ വാഷിം ഹോളോകാസ്റ്റ്‌ മെമ്മോറിയല്‍ 1965-ല്‍ അവരെ "Righteous of Nation" പുരസ്കാരം നല്‍കി ആദരിച്ചുവെങ്കിലും അതേറ്റുവാങ്ങുന്നതിന്‌ ഇസ്രായേലിലേക്ക്‌ പോകാന്‍ പോളണ്ടിലെ അന്നത്തെ സര്‍ക്കാര്‍ അവരെ അനുവദിച്ചില്ല. ഒടുവില്‍ 1983-ലാണ്‌ അവര്‍ അത്‌ കൈപ്പറ്റുന്നത്‌.

2008-ലെ നോബല്‍ സമ്മാനത്തിന്‌ ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളിലൊന്ന് ഐറീന്‍ സെന്‍ഡ്‌ലറുടേതായിരുന്നുവെങ്കിലും, കങ്കാണികളുടെ പിന്‍‌ബലത്തോടെ, നോബലെന്ന സുരസുന്ദരിയെ തട്ടിയെടുത്ത്, തങ്ങളുടെ അരമനയില്‍ പങ്കിട്ടെടുത്തനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയത്, അല്‍ ഗോറിനും Intergovernmental Panel on Climage Change എന്ന സംഘടനക്കും ആയിരുന്നു.

ചരിത്രത്തിലെ, ഇരുണ്ടതും, ദയാരഹിതവും, അവിശ്വസനീയവുമായ കാലഘട്ടങ്ങളെക്കുറിച്ച്, വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന്, ഇന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍, ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ധീരരായ ഇത്തരം പതാകാവാഹകര്‍, പ്രത്യാശക്കു വഴിനല്‍കുന്നുണ്ട്.

Sunday, May 10, 2009

സെക്യുലറിസം - പവര്‍ പോയിന്റ് നുണകളും യാഥാര്‍ത്ഥ്യങ്ങളും

സുഹൃത്തുക്കളെ

കുറേക്കാലമായി നെറ്റിലൂടെ പ്രചരിച്ചുവരുന്ന ഒരു വലിയ നുണക്കഥയുണ്ട്‌. "നിങ്ങള്‍ സെക്യുലറിസ്റ്റാണോ?" എന്ന തലക്കെട്ടോടുകൂടി, ഒരു വലിയ ഓര്‍മ്മപ്പെടുത്തലെന്ന മട്ടില്‍, നുരയും പതയുമായി ഏറെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇ-മെയില്‍.

“ഏതോ നിര്‍ഭാഗ്യത്തിന്, ഭൂരിപക്ഷ സമുദായത്തില്‍ ജനിച്ചുപോയ നിസ്സഹായനായ ഒരു ഇന്ത്യക്കാരന്റെ നിരീക്ഷണങ്ങളും ചിന്തകളും’ എന്ന പ്രസ്താവനയോടെ അടിവരയിട്ട് ‘അവസാനിക്കുന്ന’ ഇരുപത്തിരണ്ടു പേജുവരുന്ന ഒരു പവര്‍ പോയിന്റ് നുണ.

കേട്ടുപഴകിയ സ്ഥിരം വാദങ്ങള്‍, അസത്യങ്ങള്‍, വളച്ചൊടിക്കലുകള്‍, വിഷമയമായ സൂചനകള്‍, അര്‍ദ്ധോക്തികള്‍. മറുപടിയോ, പ്രതികരണമോ, ചികിത്സയോ അര്‍ഹിക്കുന്ന ഒന്നല്ല അത്‌. എങ്കിലും ചിലരുടെയെങ്കിലും ഉള്ളില്‍ സാവധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ ഈ അസത്യങ്ങള്‍ക്കുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ.

സാമുദായിക വിഷയങ്ങള്‍ സമൂഹത്തില്‍ ഉയരുമ്പൊഴും, തീവ്രവാദ-വര്‍ഗ്ഗീയ ലഹളകള്‍ നടക്കുമ്പോഴും, നിര്‍ണ്ണായകമായ രാഷ്ട്രീയമാറ്റങ്ങള്‍ ആസന്നമാകുമ്പോഴും, എല്ലാം, ഇത്തരം (ഇ)മെയിലുകള്‍ അജ്ഞാതസന്ദര്‍ശകരെപ്പോലെ നമ്മുടെ ഇന്‍-ബോക്സുകളിലേക്കെത്തുന്നു. നിര്‍ദ്ദോഷമായ ഫോര്‍വേഡ്‌കളിലൂടെ പോലും അത്‌ ചിലപ്പോള്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെ കണ്ടെന്നുവന്നേക്കാം.


അതുകൊണ്ട്‌ ആ വാദങ്ങളെ, ഇന്ന്, ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ നേരിടുന്നു.

ആംഗലേയത്തിലുള്ള വാദങ്ങളും മലയാളത്തിലുള്ള മറുപടികളും.

Are you a secularist?

ഞങ്ങളുടെ ഉത്തരം - അതെ, ഞങ്ങള്‍ സെക്യുലറിസ്റ്റുകളാണ്‌.


Are Hindus fundamentalists?

അല്ല. ഒരു മതക്കാരെയും അടച്ച്‌ മതമൌലികവാദികളെന്നു വിളിക്കാനുള്ള മൌഢ്യം ഞങ്ങള്‍ക്കില്ല. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണാനും തിരിച്ചറിയാനും ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും എന്ന്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.


52 Muslim countries. Show one Muslim country which provides Haj subsidy.


40 മുസ്ളിം രാജ്യങ്ങളുണ്ടെന്നാണ്‌ കണക്ക്‌. 52 അല്ല. മലേഷ്യയും ബ്രിട്ടനും അടക്കമുള്ള മിക്ക രാജ്യങ്ങളിലും ഹജ്ജ്‌ കമ്മീഷനുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ നിലവിലുണ്ട്‌. ഒരു അന്യരാജ്യത്തെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക്‌ പോകാന്‍ സ്വന്തം രാജ്യത്തെ മുസ്ളിമുകളെ സഹായിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളാണ്‌ ഇവ. ഇവിടെയാകട്ടെ, ഇത്‌ ഇന്ത്യന്‍ സര്‍ക്കാര്‍, തീര്‍ത്ഥാടകര്‍ക്ക്‌ കൊടുക്കുന്ന സഹായധനവുമല്ല. തങ്ങള്‍ ചുമത്തുന്ന അമിതമായ യാത്രാക്കൂലിയില്‍ എയര്‍ ഇന്ത്യ നല്‍കുന്ന വിലക്കിഴിവാണ്‌ ഈ (ഹജ്ജ്‌) സബ്‌സിഡി. ഹജ്ജ്‌ യാത്രമൂലം സര്‍ക്കാരിന്‌ കിട്ടുന്ന റവന്യൂ വരുമാനമാകട്ടെ, കോടികളാണ്‌ താനും. ഹജ്ജ്‌ യാത്രക്കാരില്‍ പകുതിയോളം പേരും യാത്രചെയ്യുന്നത്‌ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ്‌. അവര്‍ക്ക്‌ ഈ സബ്‌സിഡി ബാധകവുമല്ല. അവര്‍ ഇത്‌ ഉപയോഗിക്കുന്നുമില്ല.


പലപ്പോഴായി ആറുവര്‍ഷക്കാലം ഭരണത്തിലിരുന്നിട്ടും, ബി.ജെ.പി. ഈ വിഷയത്തില്‍ എന്തു ചെയ്തു എന്ന്‌ ആലോചിക്കുന്നതും നന്നായിരിക്കും. മതപരമായ കാര്യങ്ങള്‍ക്ക്‌ ഒരു സര്‍ക്കാരും പൊതുജനങ്ങളുടെ ചിലവില്‍ ഒത്താശ ചെയ്യരുത്‌ എന്നുതന്നെയാണ്‌ ഞങ്ങള്‍ സെക്യുലറിസ്റ്റുകളുടെ അഭിപ്രായം.


Show one Muslim country where Hindus are extended the special rights that Muslims are accorded in India.


ലോകത്ത്‌, ഹിന്ദുക്കള്‍ക്ക്‌ ഭൂരിപക്ഷമുള്ള (അഥവാ, ഹിന്ദുമതത്തിന്‌ ചരിത്രപരമായ തുടര്‍ച്ചയുള്ള) എത്ര രാജ്യങ്ങളുണ്ട്‌? ഇനി, അന്യരാജ്യങ്ങള്‍ അതാതിടങ്ങളിലെ മുസ്ളിംജനതക്ക്‌ തീര്‍ത്ഥാടനത്തിന്‌ സൌജന്യങ്ങള്‍ ചെയ്തുകൊടുകുക്കുന്നതും, ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനി സ്വന്തം നാട്ടിലെ മുസ്ളിം മതവിശ്വാസികളായ പൌരന്‍മാര്‍ക്ക്‌ യാത്ര ഇളവു നല്‍കുന്നതും തമ്മില്‍ എങ്ങിനെയാണ്‌ നിങ്ങള്‍ തുലനം ചെയ്യുക? ഏതു മാനദണ്ഡം വെച്ച്‌?


85% majority craves for the indulgence of the 15% minority


85 ശതമാനം ആളുകള്‍ 15 ശതമാനത്തിന്റെ ഭ്രാന്തിനു വിലനല്‍കേണ്ടിവരുന്നു എന്നായിരിക്കണമല്ലോ ആ വാചകം കൊണ്ട്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക. എങ്കില്‍, ഇംഗ്ളീഷിലെ അര്‍ത്ഥം മാറിപ്പോയി എന്ന്‌ അറിയിക്കട്ടെ.


Show one Muslim country, which has a Non-Muslim as its President or Prime Minister.


ഇസ്ലാം മതത്തെ ഒരൊറ്റ നുകത്തിന്‍ കീഴില്‍ കൂട്ടിക്കെട്ടുന്നതിന്റെ കുഴപ്പമാണ് ഈയൊരു നിരീക്ഷണം. വിവിധ ധാരകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് , ലോകത്തിലെ ഇസ്ലാമടക്കമുള്ള എല്ലാ മതങ്ങളും. സാംസ്കാരികവും, ദേശ-ഭാഷാ-വംശീയ വൈവിധ്യങ്ങളുമുള്ളതാണ് ഇസ്ലാം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ആ സംജ്ഞ. സൌദി അറേബ്യയിലെ ഇസ്ലാം മതത്തെയും ലബനോണിലെ ഇസ്ലാം മതത്തെയും ഒരേ കണ്ണുകൊണ്ട് കാണുമ്പോള്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കുകതന്നെ ചെയ്യും. പ്രവാചക പരമ്പരയെക്കുറിച്ചുള്ള സങ്കല്‍പ്പം മുതല്‍, തദ്ദേശീയമായ ആരാധനാക്രമം വരെ ആ വൈജാത്യങ്ങള്‍ പരന്നുകിടക്കുകയും ചെയ്യുന്നുണ്ട്.

മുസ്ളിം രാജ്യങ്ങളിലെ മുസ്ളിമല്ലാത്ത പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും കണക്കെടുക്കുന്നതിനുമുന്‍പ്‌, ഇസ്ളാമിക രാജ്യങ്ങളുടെയും, ഇസ്ളാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യങ്ങളുടെയും, ഭൂരിപക്ഷം ജനത മുസ്ളിങ്ങളായിരുന്നിട്ടുകൂടി (സുഗമമായി ഇസ്ളാമിക രാജ്യമായി പ്രഖ്യാപിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടുകൂടി എന്നു വായിക്കുക) മതനിരപേക്ഷ രാജ്യങ്ങളായി (ഭരണഘടനാപരമായിട്ടുതന്നെ)പ്രഖ്യാപിച്ച രാജ്യങ്ങളുടെയും കണക്കെടുക്കുന്നത്‌ നന്നായിരിക്കും. ആദ്യത്തെ വിഭാഗത്തില്‍ വെറും ഒമ്പതു രാജ്യങ്ങളാണുള്ളത്‌. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തില്‍ 19-ഉം 12-ഉം രാജ്യങ്ങളുണ്ട്‌.


Show on Mullah or Maulvi who has declared a 'fatwa' against terrorists

പ്രശസ്ത അന്താരാഷ്ട്ര മതപണ്ഡിതനായ യൂസഫ്‌ ഖര്‍ദാവിയെപ്പോലുള്ളവരും, ഇന്ത്യയിലെ ദാറുല്‍ ഉലും-ദിയോബന്ദു പോലെ, രാജ്യത്തിനകത്തും പുറത്തുമുള്ള പല ഇസ്ളാമിക ഗ്രൂപ്പുകളും തീവ്രവാദത്തിനെതിരെ പരസ്യമായി നിലപാടുകളെടുത്തിട്ടുണ്ട്‌. ജനാധിപത്യ-സദാചാര-മതേതരത്വ വിരുദ്ധമായ ഫത്‌വകള്‍ക്കെതിരെയുള്ള ഫത്‌വകളും പല മുസ്ളിം നാടുകളില്‍ നിന്നും (ഈജിപ്ത്‌, കുവൈത്ത്‌, സിറിയ, ഖത്തര്‍) ഉയര്‍ന്നുവരുന്നുണ്ട്‌.



Hindu-majority Maharashtra, Bihar, Kerala, Pondicherry, Andhra etc. have in the past and / or present elected Muslims and Christians as CM's..



സ്വന്തം രാജ്യത്തിനകത്തെ സംസ്ഥാനങ്ങളെപ്പോലും മതാടിസ്ഥാനത്തില്‍ മാത്രം കാണാന്‍ പരിശീലിക്കുന്ന 'സനാതന അഖണ്ഡ' മനസ്സിന്റെ വൈകൃതത്തെ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത്‌?



Can you ever imagine a Hindu becoming the CM of Muslim-maajority J&k or Christian majority Nagaland?



എന്തുകൊണ്ടാണ്‌ നാഗലാന്‍ഡിനെയും ജമ്മു-കാശ്മീരിനെയും പരാമര്‍ശിച്ചപ്പോള്‍, മേഘാലയയെ വിട്ടുകളഞ്ഞത്‌? ക്രിസ്ത്യാനികള്‍ക്ക്‌ ഭൂരിപക്ഷമുള്ള അവിടെ മുഖ്യനും ഗവര്‍ണ്ണരും നിങ്ങള്‍ ഈ പറയുന്ന മതക്കാര്‍ തന്നെയല്ലേ? അപ്പോള്‍ നോട്ടം, മറ്റെവിടേക്കോ, മറ്റെന്തിലേക്കോ ആണെന്നു തീര്‍ച്ച. ഇനി, മുഖ്യന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസല്‍മാനോ ആയാല്‍ എല്ലാം തികഞ്ഞു എന്നാണോ? ഭരണപരമായ കഴിവുകളല്ലേ മാനദണ്ഡമാകേണ്ടത്? ഇനി ഒരു ചെറിയ സംശയം. ആന്ധ്രയില്‍ ഏതു മുസ്ലിം-ക്രിസ്ത്യന്‍ മുഖ്യനായിരുന്നു ഭരണത്തിലുണ്ടായിരുന്നത്‌? എന്ന്‌?

In 1947, when India was partitioned, the Hindu population in Pakistan was about 24%..today it is not even 1%. In 1947, the Hindu population in East Pakistan (now Bangladesh) was 30%..today it is about 7%. What happened to the missing Hindus? Do Hindus have human rights?

പാക്കിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഹിന്ദുക്കളെ വംശീയമായ ഉന്മൂലനം ചെയ്തുവെന്നോ, അവരെ പാക്കിസ്ഥാനികളും ബംഗ്ളാദേശികളും കൊന്നുതിന്നുവെന്നോ തോന്നും ഇത്‌ കേട്ടാല്‍. ഈ കണക്കിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. പാക്കിസ്ഥാനികളുടെയും (ബംഗ്ളാദേശികളുടെയും) വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവു വരുന്നു എന്നു മാത്രം. പാക്കിസ്ഥാനിലെ തുടക്കം മുതലേയുള്ള രാഷ്ട്രീയവും സൈനികവുമായ അനിശ്ചിതാവസ്ഥയില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയവരും നല്ലൊരു ശതമാനമുണ്ട്‌. ഇസ്ളാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തവരില്‍ നല്ലൊരു പങ്കും സ്വമേധയാ പരിവര്‍ത്തനം നടത്തിയവരാണ്‌. ബാബറി മസ്ജിദ്‌ സംഭവത്തിനുശേഷം ചിലയിടങ്ങളില്‍ ഹിന്ദുസമൂഹത്തിന്‌ തിരിച്ചടി നേരിട്ടിട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നിരിക്കിലും സുപ്രീം കോടതിയില്‍ വരെ ഹിന്ദുക്കള്‍ക്ക്‌ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ. പാക്കിസ്ഥാന്റെ പൌരസമൂഹത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പൊതുവെ സുരക്ഷിതരാണ്‌ ഇന്നും. വ്യാപാരി-വ്യവസായി സമൂഹത്തിലും ഹിന്ദുക്കളുടെ എണ്ണം ഗണനീയമാണ്‌. പാക്കിസ്ഥാനിലെ ഇതര മതന്യൂനപക്ഷമായ അഹമ്മദിയ വിഭാഗത്തിന്‌ നേരിടേണ്ടിവന്ന ദുരിതത്തിന്റെഏഴിലൊന്നുപോലും ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിന്‌ അനുഭവിക്കേണ്ടിവന്നിട്ടില്ല. താലിബാന്റെ സ്വാധീനം മൂലം, ഇന്ന്‌, ഒറാക്സാല്‍ പോലുള്ള ചില സ്ഥലങ്ങളില്‍ സിക്കുകാര്‍ക്ക്‌ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. താലിബാന്‍ അടക്കമുള്ള മതമൌലിക-ഭീകരവാദത്തിന്റെ ദുഷ്‌ഫലങ്ങള്‍ പാക്ക്‌ ജനത ഒന്നടങ്കം അനുഭവിക്കുന്നുണ്ട്‌ എന്നര്‍ത്ഥം.



In contrast, in India, Muslim population has gone up from 10.4% in 1951 to about 14% today; ..whereas Hindu population has come down from 87.2% in 1951 to 85% in 1991.

ജനസഖ്യ കുറയുന്നതിന്റെയും കൂടുന്നതിന്റെയും പിന്നില്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും, തൊഴിലിനും, സന്താനനിയന്ത്രണമടക്കമുള്ള ജീവിതരീതികള്‍ക്കും എല്ലാം അതിന്റേതായ സവിശേഷമായ പങ്കുണ്ട്‌ എന്നത്‌ എന്തുകൊണ്ടാണ്‌ കാണാതെ പോകുന്നത്‌?

Do you still think that Hindus are fundamentalists?

ഞങ്ങളുടെ മറുപടി മുകളില്‍ കൊടുത്തിട്ടുണ്ട്‌

- In India today, Hindus are 85%. If Hindus are intolerant, howncome Masjids and madrasas are thriving?

- How come Muslims are offering Namaz on the road?

- How come Muslims are proclaiming 5 times a day on loud speakers that there is no God except Allah?

"ഇതൊക്കെ ഞങ്ങള്‍ നിങ്ങള്‍ക്ക്‌ നല്‍കുന്ന സൌജന്യം. അല്ലെങ്കില്‍ ഞങ്ങളുടെ മഹാമനസ്ക്കത. വേണ്ടിവന്നാല്‍ ഇതൊക്കെ നിഷേധിക്കാനും ഞങ്ങള്‍ക്ക്‌ കഴിയും, ഓര്‍മ്മയിരിക്കട്ടെ" എന്നാണ്‌ ഈ പ്രസ്താവനകൊണ്ട്‌ നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍, അത്‌ വെളിവാക്കുന്നത്‌ നിങ്ങളുടെ അസഹിഷ്ണുതയെത്തന്നെയാണ്‌. നിങ്ങളുടെ വര്‍ഗ്ഗീയമനസ്സിന്റെ മുഷ്ക്കിനെത്തന്നെയാണ്‌. മത-അഭിപ്രായ സ്വാതന്ത്ര്യവും, പൌരാവകാശങ്ങളും ആരും ആര്‍ക്കും വെച്ചുനീട്ടുന്ന സൌജന്യങ്ങളല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളാണ്‌. സാമൂഹ്യനീതിയിലും സമുദായങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്ന ഒരേയൊരു വ്യവസ്ഥ മാത്രമേ അതിനു ബാധകമുള്ളു.



When Hindus gave to Muslims 30% of Bharat for a song, why should Hindus now beg for their sacred places at Ayodhya, Mathura and Kashi?

പാട്ടും പാടി രാജ്യത്തിണ്റ്റെ 30 ശതമാനം ആര്‌ ആര്‍ക്ക്‌ വിട്ടുകൊടുത്തുവെന്ന്‌? വിഭജനത്തിന്‌ ഹിന്ദുക്കളും മുസ്ളിമുകളും നല്‍കേണ്ടിവന്ന വിലയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം? ചരിത്രത്തിന്റെ താളുകളിലും ശേഖരങ്ങളിലുമൊക്കെയുണ്ട്‌ ഇന്നും ആ കഥകള്‍, ആ ചിത്രങ്ങള്‍, ആ ജീവിതങ്ങള്‍. ഇല്ലാത്ത അതിര്‍ത്തികളുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇഴഞ്ഞുനടന്നും, ജീവന്‍ കയ്യിലെടുത്ത് പാഞ്ഞും, വഴിവക്കില്‍ മരിച്ചുവീഴുകയും, കൊലക്കത്തിക്കിരയാവുകയും, ചുടുപന്തങ്ങളായി നിന്നു കത്തുകയും ചെയ്ത ദശലക്ഷക്കണക്കിനു ജീവിതങ്ങള്‍. ചരിത്രങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കില്ലെന്ന ദുര്‍വ്വാശിക്കാരോട് തര്‍ക്കിക്കുക എളുപ്പമല്ല.

ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ആ കഥകള്‍ പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്‌. അയോദ്ധ്യയിലും മഥുരയിലും കാശിയിലുമൊക്കെ എന്തു സംഭവിച്ചു എന്നാണ്? ഇന്നും അവിടെയൊക്കെ ഹിന്ദുക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നിലനില്‍ക്കുന്നില്ലേ? പള്ളികള്‍ പൊളിച്ച്‌ ക്ഷേത്രങ്ങളും, ക്ഷേത്രങ്ങള്‍ പൊളിച്ച്‌ പള്ളികളും നിര്‍മ്മിക്കണമെന്ന്‌ ന്യായം എവിടുത്തെ ന്യായമാണ്‌ ചങ്ങാതീ? പഴംകഥകളുടെ ബലത്തില്‍ പഴയ ചരിത്രാബദ്ധങ്ങളും കണക്കുകളും വീട്ടാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും എന്ന്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?



If Muslims & Christians are minorities in Maharashtra, UP, Bihar etc, are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?



ഭൂരിപക്ഷ-ന്യൂനപക്ഷ അവകാശങ്ങള്‍ എന്തിന്‌ സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുക്കണം? പഞ്ചായത്തടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കുകള്‍ കയ്യിലില്ലേ? അതാവില്ലേ കൂടുതല്‍ സുഗമം? എന്തിന്റെ അഖണ്ഡതയെക്കുറിച്ചായിരുന്നു ഇത്രനാളും താങ്കള്‍ വിലപിച്ചുകൊണ്ടിരുന്നത്‌? ഒരു രാജ്യത്തിനകത്തെ ന്യൂനപക്ഷങ്ങള്‍ക്കു കൊടുക്കുന്ന അവകാശങ്ങള്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും, അവര്‍ക്ക്‌ സാമൂഹികനീതി ഉറപ്പാക്കാന്‍ വലിയൊരളവുവരെ സഹായകമാകുമെന്നും നിങ്ങള്‍ക്ക്‌ എന്തായാലും നിശ്ചയമുണ്ടാകാതെ വരില്ല എന്ന്‌ ഞങ്ങള്‍ക്കറിയാം. പക്ഷേ ഫാസിസത്തിന്റെ മനോഘടനക്കകത്ത്‌ അത്തരം തിരിച്ചറിയലുകള്‍ നഷ്ടമാവുകയോ കൈയ്യൊഴിയുന്നതോ ആണെന്നും ഞങ്ങള്‍ക്ക്‌ തീര്‍ച്ചയുണ്ട്‌.



When Haj pilgrims are given subsidy, why Hindu pilgrims to Amarnath, Sabarimalai and Kailash Mansarovar are taxed?



ഹജ്ജ്‌ സബ്‌സിഡിയെക്കുറിച്ച്‌ കൂടുതലായിട്ടൊന്നും സംസാരിക്കാനില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന സര്‍വ്വീസ്‌ നികുതിയെക്കുറിച്ച്‌ ഇവിടെ ചര്‍ച്ച ചെയ്യാനും താത്‌പര്യമില്ല.



Do you admit that Hindus do have problems that need to be recognized?

Or do you think that those who call themselves Hindus are themselves the problem?

What are the jinx of Hindus?

Do you think the political leaders born as Hindu is the jinx of Hindus?



ഹിന്ദുക്കള്‍ക്കു മാത്രമല്ല എല്ലാ സമുദായങ്ങള്‍ക്കും അവരവരുടേതായ പരിഹരിക്കപ്പെടേണ്ട പ്രശങ്ങള്‍ ഉണ്ടെന്നുവരാം. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ളിമുകള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരാണോ അതാതു മതങ്ങളിലെ പ്രശ്നക്കാര്‍ എന്ന ചോദ്യത്തിന്‌ അതു നിങ്ങള്‍ തീരുമാനിക്കുക എന്നേ ഞങ്ങള്‍ക്ക്‌ മറുപടിയുള്ളൂ. മനുഷ്യന്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാ‍ണ് ചര്‍ച്ചയെങ്കില്‍ അതിനു ഞങ്ങള്‍ തയ്യാര്‍.



‘ഹിന്ദുക്കളായി ജനിച്ച നേതാക്കന്മാര്‍’ എന്ന പ്രയോഗമൊന്നും ഞങ്ങളുടെ എളിയ ബുദ്ധിക്ക്‌ വഴങ്ങുന്നില്ല സുഹൃത്തേ.



Why post-Godhra is blown out of proportion, when no-one talks of the ethnic cleansing of 4 lakhs Hindus from Kashmir?



കാശ്മീരില്‍ 4 ലക്ഷം ഹിന്ദുക്കളെ വംശഹത്യ ചെയ്തുവെന്ന കണക്ക്‌ എവിടെനിന്ന്‌ കിട്ടി? കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമാണ്‌ സൂചിപ്പിക്കുന്നതെങ്കില്‍, അതിനെ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും സാമ്രാജ്യത്വ ശക്തികളുടെയും അവസരവാദപരമായ രാഷ്ട്രീയ-മതമൌലികവാദ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തേണ്ടത്‌. പറഞ്ഞുവരുമ്പോള്‍, നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ച്‌ ഇന്ത്യന്‍-പാക്കിസ്ഥാന്‍ യൂണിയനുകളില്‍ ചേര്‍ക്കാന്‍ നടത്തിയ പൊറാട്ടു നാടകങ്ങളുടെ ഉള്ളിലേക്കുവരെ നമുക്ക്‌ ചുഴിഞ്ഞിറങ്ങേണ്ടിവരും. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ഇതു നീളും. കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതജീവിതം ഒരിക്കലും ഞങ്ങള്‍ കാണാതെയും മനസ്സിലാക്കാതെയുമിരുന്നിട്ടില്ല. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണവര്‍ഗ്ഗങ്ങളുടെയും, അവരിരുവരുമായി തരാതരം പോലെ ഗൂഢപദ്ധതികളിലേര്‍പ്പെട്ട സാമ്രാജ്യത്വത്തിന്റെയും ഇരകളാണവര്‍. കാശ്മീരികള്‍ എന്ന നിലയില്‍ മാത്രമല്ല, സ്വന്തം നാടും വീടും വിട്ട്‌ പലായനം ചെയ്യേണ്ടിവന്നവര്‍ എന്ന നിലക്കാണ്‌ അവരുടെ അവസ്ഥയെ ഞങ്ങള്‍ കാണുന്നതും വിലയിരുത്തുന്നതും. മതമൌലിക തീവ്രവാദത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഹൈന്ദവസംഘടനകളുടെ പരീക്ഷണശാലയായി മാറിക്കഴിഞ്ഞ ഗോധ്രയെക്കുറിച്ച്‌ പറയുമ്പോള്‍ നിങ്ങള്‍ക്ക്‌ പൊള്ളുമെന്ന്‌ ഞങ്ങള്‍ക്ക്‌ നന്നായറിയാം. ഗോധ്രയെപ്പോലെ ഒറീസ്സയും, മനസ്സാക്ഷി പൂര്‍ണ്ണമായും മരിച്ചിട്ടില്ലാത്ത നിങ്ങളില്‍ ചിലരെയെങ്കിലും കുറ്റബോധം കൊണ്ട്‌ വേട്ടയാടുമെന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌.



Do you consider that - Sanskrit is communal and Urdu is secular, Mandir is Communal and Masjid is Secular, Sadhu is Communal and Imam is secular, BJP is communal and Muslim league is Secular, Sai Baba, Amrithamayi are communal and Imam Bhukari and Ma Adani are Secular, VandeMatharam is communal and Allah-O-Akbar is secular, Shriman is communal and Mian is secular, Hinduism is Communal and Islam is Secular, Hindutva is communal and Jihadism is secular, and at last, Bharat is communal and Italy, Saudi Arabia are Secular?



ഭാഷയ്ക്കും, സംസ്കാരത്തിനും, സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എല്ലാം അതിന്റേതായ അധികാര-മാനവിക രാഷ്ട്രീയങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരാണ്‌ ഞങ്ങള്‍. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്‌ ഈ സംവര്‍ഗ്ഗങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുന്നതും ഫാസിസത്തിലേക്ക്‌ നീങ്ങുന്നതും. എന്നാല്‍, മാനവിക രാഷ്ട്രീയമാകട്ടെ, അതിനെ ജനാധിപത്യവത്ക്കരിക്കുകയും, മതേതരത്വത്തിലേക്കും, ആത്യന്തികമായി സോഷ്യലിസ്റ്റ്‌ സാമൂഹികക്രമത്തിലേക്കും നയിക്കുകയും ചെയ്യുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ആ രാഷ്ട്രീയത്തിന്റെ ഭാഗത്താണ്‌ ഞങ്ങള്‍. അത്തരമൊരു ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ്‌ ഇന്ത്യയെയും ലോകത്തെയുമാണ്‌ ഞങ്ങള്‍ സ്വപ്നം കാണുന്നതും.



Why temple funds are utilized by government and diverted for other purposes, when Muslims and Christians are free to spend their money in anyway they like?



ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത്‌ ഏത്‌ ഇതര കാര്യങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം. എങ്കിലും നിങ്ങളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ദേവസ്വങ്ങള്‍ക്കും (ക്ഷേത്രങ്ങള്‍ക്കും) സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ എല്ലാ വര്‍ഷവും ഗ്രാന്റടക്കമുള്ള സഹായധനങ്ങള്‍ നല്‍കുന്നുണ്ട്‌. ഉദാഹരണത്തിന്‌ കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വത്തിന്‌ നല്‍കിയത്‌ 50 ലക്ഷമാണ്‌. ശബരിമലയിലെ സാനിറ്റേഷന്‍ പദ്ധതിക്ക്‌ നല്‍കിയത്‌ 80 ലക്ഷവും. അതൊന്നും എന്തേ കണ്ടില്ല? ദേവസ്വങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ചോറാണ്‌ തിന്നുന്നത്‌. ചോറു വേണം, പക്ഷേ നിയന്ത്രണമൊന്നും പാടില്ലെന്നു പറയുന്നത്‌, ഒരുതരം എയ്ഡഡ്‌ സ്കൂള്‍ മാനേജുമെന്റ് സിന്‍ഡ്രോമല്ലേ സഹോദരാ? എല്ലാ മതസ്ഥാപനങ്ങളുടെയും വരുമാനത്തിലും നടത്തിപ്പിലും, സര്‍ക്കാരുകളുടെ നിയന്ത്രണമുണ്ട്‌. അത്‌ ദേവസ്വമായാലും, വഖഫ്‌ ബോര്‍ഡായാലും. വഖഫ്‌ ബോര്‍ഡിന്റെ സ്ഥലം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ തിരിച്ചെടുക്കുകപോലുമുണ്ടായിട്ടുണ്ട്‌. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വഖഫ്‌ ബോര്‍ഡിന്റെ പല തീരുമാനങ്ങളും സര്‍ക്കാര്‍ റദ്ദു ചെയ്തിട്ടുമുണ്ട്‌. സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിലും ചിലവഴിക്കുന്നതിലും ക്രിസ്ത്യന്‍ സഭകള്‍ക്കും ഇവിടെ ആരോപിക്കപ്പെടുന്ന മട്ടിലുള്ള പരമാധികാരമൊന്നുമില്ല. ഇതൊന്നും കാണാതെ, ഹിന്ദുക്കളുടെ പൈസ മാത്രം സര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്നൊക്കെയുള്ള വിലപിക്കല്‍ അര്‍ത്ഥശൂന്യമാണ്‌.



When Uniform is made compulsory for school children, why there is no Uniform Civil Code for citizens?



വിദ്യാലയങ്ങളിലെ യൂണിഫോമിനെയും, ഏകീകൃത സിവില്‍ കോഡിനെയും കൂട്ടിയിണക്കുന്ന ഈ ഫലിതം നന്നായിട്ടുണ്ട്‌. എങ്കിലും ഈ വിഷയത്തെ ഇത്രമാത്രം ലളിതവത്ക്കരിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചക്ക്‌ തത്ക്കാലം ബുദ്ധിമുട്ടുണ്ട്‌. തന്നെയുമല്ല, പള്ളിയെയും പള്ളിക്കൂടത്തെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്ത ഈ ഇ-മെയിലിന്റെ സൃഷ്ടാവിനോട്‌ ആത്മാര്‍ത്ഥമായ സഹതാപവുമുണ്ട്‌ ഞങ്ങള്‍ക്ക്‌. പത്തു സ്കൂളുകളെടുത്താല്‍ പത്ത്‌ വിവിധ 'യൂണിഫോമുകള്‍' കാണാന്‍ കഴിയുമല്ലോ എന്നൊരു കുയുക്തി പ്രയോഗിക്കാവുന്നതേയുള്ളു ഇവിടെ. ചര്‍ച്ചകള്‍ക്കിടക്ക് അത്തരം അസംബന്ധത്തിനും പ്രസക്തിയില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ട് അതിനു ഞങ്ങള്‍ മുതിരുന്നില്ല.



In what way, J&K is different from Maharashtra, Tamil Nadu or Uttar Pradesh, to have article 370? -

- Can you purchase land in Kashmir while Kashmiris can purchase land anywhere in India?

Are we second grade citizens?


അരുണാചലമടക്കമുള്ള പല സംസ്ഥാനങ്ങളിലെയും ഗോത്രമേഖലകളില്‍ 370-നു തുല്യമായ പ്രത്യേക പദവി നിലനില്‍ക്കുന്നുണ്ട്‌. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ക്ക്‌ സ്ഥലം വാങ്ങാനോ, വില്‍ക്കാനോ അനുവാദമില്ലാത്ത അവസ്ഥ. വകുപ്പ്‌ 370 പ്രകാരം കാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി, കാശ്മീര്‍ രാജാവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഉടമ്പടി പ്രകാരമായിരുന്നു. അപ്പോഴും, ഇന്ത്യയില്‍ നിലവിലുള്ള എല്ലാ സിവില്‍-ക്രിമിനല്‍ നിയമങ്ങളും അവിടെയും ബാധകമാണ്‌. മാത്രമല്ല, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യന്‍ യൂണിയനില്‍ ജമ്മു-കാശ്മീരിനെ ചേര്‍ക്കാന്‍ വേണ്ടി നമ്മളും 'അവരും' നടത്തിയ കളികളുടെ അനന്തരഫലങ്ങളാണ്‌ ഇന്ന്‌ നമ്മളും 'അവരും' അനുഭവിക്കുന്നത്‌. “അവര്‍ക്ക്‌ ഇവിടെ സ്ഥലം വാങ്ങാം, നമുക്ക്‌ അവിടെ അത്‌ പറ്റില്ല. നമ്മള്‍ എന്താ രണ്ടാം കിട പൌരന്‍മാരാണോ“ എന്നൊക്കെ നിങ്ങള്‍ ആരോടാണു ഹേ ചോദിക്കുന്നത്‌? കാശ്മീരികളോടോ? അപ്പോള്‍ 'നമ്മളും' 'അവരും' എന്നുതന്നെയാണ്‌ അഖണ്ഡമനസ്സുകളുടെയും ഉള്ളില്‍ അല്ലേ?

കാശ്മീരിനെക്കുറിച്ച്‌ നെഹ്രു എഴുതിയ ഒരു കുറിപ്പ്‌ വായിക്കുന്നത്‌ നന്നായിരിക്കും. അത്‌ ഇപ്രകാരമാണ്‌.

"I say with all respect to our Constitution that it just does not matter what your Constitution says; if the people of Kashmir do not want it, it will not go there. Because what is the alternative? The alternative is compulsion and coercion...

"We have fought the good fight about Kashmir on the field of battle... (and) ...in many a chancellery of the world and in the United Nations, but, above all, we have fought this fight in the hearts and minds of men and women of that State of Jammu and Kashmir. Because, ultimately - I say this with all deference to this Parliament - the decision will be made in the hearts and minds of the men and women of Kashmir; neither in this Parliament, nor in the United Nations nor by anybody else," (Jawaharlal Nehru said in the Lok Sabha on June 26 and August 7, 1952).

കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയണമെന്നും, കാശ്മീരി ജനതക്ക് സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൈവരണമെന്നും, കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കണമെന്നുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം.


Abdul Rehman Antuley was made a trustee of the famous Siddhi Vinayak Temple in Prabhadevi, Mumbai ……..Can a Hindu - say Mulayam or Laloo – ever become a trustee of a Masjid or Madrasa

ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ ട്രസ്റ്റികളായി വരുന്നതിനെക്കുറിച്ചും മറ്റും നിങ്ങളൊക്കെക്കൂടി തീരുമാനിക്കുക. ഇന്ത്യയിലങ്ങോളമിങ്ങോളം, എത്രയോ ക്ഷേത്രങ്ങളിലും, മസ്ജിദുകളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അന്യമതക്കാര്‍ പോവുകയും, ആരാധന നടത്തുകയും, അതിന്റെ രക്ഷാകര്‍ത്തൃത്വസമിതികളില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്‌. അയോദ്ധ്യയിലെ ക്ഷേത്രങ്ങളായാലും, രാജസ്ഥാനിലെയും മറ്റും ദര്‍ഗ്ഗകളായാലും. സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നെടുത്ത്‌ ചികഞ്ഞുനോക്കുക. മുലയമിനും ലാലുവിനും ഏതെങ്കിലും മസ്ജിദിലോ മദ്രസ്സയിലോ കസേരകിട്ടുന്ന സുവര്‍ണ്ണകാലവും കാത്തുകാത്തിരിക്കാന്‍ തക്കവണ്ണം ചെകുത്താന്റെ പണിപ്പുരകളായി മാറിയിട്ടില്ല ഞങ്ങളുടെ മനസ്സുകള്‍.

Can this happen in Saudi Arabia, USA, UK, Italy, etc?
A Muslim President, A Sikh Prime Minister supported by a Christian Leader and a Christian Defence Minister run the affairs of the nation with a unity of purpose

മുസ്ളിം പ്രസിഡന്റും സിഖ്‌ പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ നേതാവും, ക്രിസ്ത്യന്‍ പ്രതിരോധമന്ത്രിയും എന്ന ആ തരംതിരിവ്‌ ഗംഭീരമായിട്ടുണ്ട്‌. അതു പോട്ടെ, ഈ വിവിധ മതക്കാരെല്ലാം (രാജ്യത്തിന്റെപുരോഗതി) എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി ഭരണം നടത്തുന്നു എന്ന പ്രസ്താവനയിലെ ഫലിതവും തത്ക്കാലം മറക്കാം.

മറ്റിടങ്ങളില്‍ നടക്കുന്നതും നടക്കാതിരിക്കുന്നതും ഇവിടെയും നടക്കണമെന്നും നടക്കരുതെന്നുമൊക്കെ പറയുന്നത് ഏതു വിവരദോഷത്തിന്റെ ബലത്തിലാണ്?ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ. ഇന്ത്യയിലെ ഹിന്ദുക്കളില്‍ 85ശതമാനവും വര്‍ഗ്ഗീയവാദികളാണെന്ന ഒരു തോന്നലോ, ഉള്‍ഭീതിയോ ഞങ്ങള്‍ക്കില്ല. മനസ്സുകളില്‍ വര്‍ഗ്ഗീയത വളര്‍ത്താനുള്ള സംഘടിതശ്രമങ്ങള്‍ എല്ലാ മതങ്ങളിലും വിത്തിട്ടിരിക്കുന്നുവെന്നും, അതിന്റെ വിളവെടുപ്പ്‌ തുടങ്ങിയിരിക്കുന്നുവെന്നും, പക്ഷേ ഞങ്ങള്‍ കലശലായി സംശയിക്കുകയും ഭയക്കുകയും ചെയ്യുന്നു.

We know majority of Indian Muslims are supporting Pakistan and Bangladesh in issues against India. Can you show any Hindu supporting Nepal in any issues against India.

"ഭൂരിപക്ഷം മുസ്ളിമുകളും ഇന്ത്യക്കെതിരായി പാക്കിസ്ഥാനെയും ബംഗ്ളാദേശിനെയും അനുകൂലിക്കുന്നവര്‍ ആണത്രെ!" വിഭജനത്തിന്റെ അഭിശപ്തമായ തിരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ പോലും, ജനിച്ചുവളര്‍ന്ന ഈ മണ്ണിനോട്‌ കൂറു കാണിക്കുകയും, ഈ മണ്ണില്‍ ഉറച്ചുനില്‍ക്കുകയും, ഇപ്പോഴും ഇവിടെ തുടരുകയും ചെയ്യുന്ന, നിങ്ങളേക്കാള്‍ എത്രയോ മടങ്ങ്‌ ദേശസ്നേഹികളായ ദശലക്ഷക്കണക്കിനു മുസ്ളിമുകള്‍ക്കുനേരെയാണ്‌ സംഘീ, നിങ്ങളീ വിഷം ചീറ്റുന്നത്‌.

ഈ വിഷത്തിനും ഞങ്ങളുടെ കയ്യില്‍ മരുന്നും മറുപടിയും ഇല്ലെന്നറിഞ്ഞിട്ടും, ഇവിടെ നിരത്തിയിട്ടുള്ള വാദത്തിന്‌ മറുപടി പറയാന്‍ സമയം നഷ്ടപ്പെടുത്തുന്നത്‌, കുറച്ചുകാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിഷത്തിന്‌ പേരിനെങ്കിലും ഒരു മറുപടി തരാതിരിക്കാനാവില്ല എന്നതുകൊണ്ടുമാത്രമാണ്‌. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സുകള്‍ക്ക്‌ എന്തെങ്കിലും മാനസാന്തരം സംഭവിക്കും എന്ന വ്യാമോഹമൊന്നും എന്തായാലും ഞങ്ങള്‍ക്കില്ല.

  • Can you expect a Non Hindu become the President or Prime Minister of India, if majority of the 85% of Hindus are religiously fundamentalists.
  • Can our politicians assure Hindus the favours now the minority enjoying if Hindus become minority in future?
  • Can our political leaders, Mulayam, Laloo, Arjun Singh etc can run their political business if Hindus become minority or even Hindu population reduced to 60%?
  • Do you think India will remain as a secular state if minority become majority and Hindus become minority?
  • Do you know the suffering of minority Hindus in other countries like Malaysia where others are majority?

നിങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്ന ചോദ്യങ്ങളാണിവ. കരുതിയിരിക്കുക!
1) ഇന്ന് അവര്‍ (ക്രിസ്ത്യന്‍-മുസ്ളിം ന്യൂനപക്ഷങ്ങള്‍) അനുഭവിക്കുന്ന ഗുണഫലങ്ങള്‍ നാളെ നിങ്ങള്‍ ന്യൂനപക്ഷമായാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍, ന്യൂനപക്ഷമാകാന്‍ വിരോധമില്ലെന്നാണോ?
2)ഗോധ്രയിലും ഒറീസ്സയിലും കിട്ടിയതുപോലുള്ള ഗുണഫലങ്ങളെക്കുറിച്ചാണോ ഈ സൂചന?
3) നാളെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാലും ഇന്നത്തെപ്പോലെ ഇന്ത്യ സെക്കുലര്‍ രാജ്യമായി തുടരുമോ എന്നാണോ ചോദ്യം? എന്തിനെയാണ്‌ നിങ്ങള്‍ ഭയപ്പെടുന്നത്‌? സെക്യുലറിസത്തെയോ, ന്യൂനപക്ഷങ്ങളെയോ, ഒരു വിദൂരകാലത്തില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന ഒരു സാധ്യതയേയോ?

ഒരു കാര്യം ഉറപ്പിച്ചോളൂ. നാളെ നിങ്ങള്‍ ന്യൂനപക്ഷമാവുകയും, ഇന്ന് ന്യൂനപക്ഷം ഗോധ്രയിലും ഒറീസ്സയിലും അനുഭവിച്ചതുപോലുള്ള 'ഗുണഫലങ്ങള്‍' അനുഭവിക്കാന്‍ ഇടവരുകയും ചെയ്താല്‍, അന്ന്, നിങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ ഞങ്ങള്‍, സെക്യുലറിസ്റ്റുകളുടെ പിന്‍ഗാമികള്‍ നിശ്ചയമായും ഉണ്ടാകും.

മുലയത്തിനും ലാലുവിനും അര്‍ജ്ജുന്‍ സിംഗിനും, അവരുടെ മഹനീയ മാതൃകയിലുള്ള സന്തതിപരമ്പരകള്‍ക്കും ആയുരാരോഗ്യത്തോടെ ഇന്ത്യാ മഹാരാജ്യത്തില്‍ 'രാഷ്ട്രീയ-കച്ചവടം' നടത്താനുള്ള അവസരത്തെയോര്‍ത്ത്‌ കുണ്ഠിതപ്പെടുന്ന തിരുമനസ്സുകളെ, നിങ്ങളെ ഞങ്ങള്‍ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത്‌? ഹിന്ദുസമൂഹത്തിന്റെ ഓമനപ്പുത്രന്‍മാരാണോ ഈ ലിസ്റ്റില്‍ നിരത്തിയ യശസ്വികള്‍? ആ ലിസ്റ്റില്‍ എന്തേ നിങ്ങളുടെ മോഡിജിയും, അതല്‍ജിയും, അദ്വാനിജിയും, സിംഗാള്‍ജിയുമൊന്നും ഇടം കണ്ടില്ല? ചുരുങ്ങിയത്‌ ഒരു വരുണ്‍ജിയെങ്കിലും.

ഇനി, മലേഷ്യയിലെ ഹിന്ദുക്കളെയാണെങ്കില്‍, അവരെ ഓരോ ദിവസവും വംശഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ദാരുണമായ വാര്‍ത്തകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

Please forward it to as many Indians as possible
It is already crossed the time to react!!!!!
Uthishtatha Jagratha Prapya Varaan Nibodhatha: Mundakoupanishad Arise! Awake ! and stop not till the goal is reached.
This is not prepared by/for any political party/group …
these are the observations & the thoughts of a helpless Indian Citizen who unfortunately born in a Majority community
JAI HIND

"ഉത്തിഷ്ഠത! ജാഗ്രത!"
ഒരു ഉപനിഷത്തിന്റെയും ഖുര്‍-ആന്റെയും, ബൈബിളിന്റെയും അകമ്പടിയില്ലാതെ ഞങ്ങള്‍ക്ക്‌ പറയാനുള്ളതും ഏകദേശം ഇതു തന്നെയാണ്‌. വെറുപ്പിന്റെയും ഹിംസയുടെയും വിഷാണു ബാധിച്ച മനസ്സുകള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കണമെന്ന്.

അത്‌ പക്ഷേ, മനുഷ്യരെയും, മനസ്സുകളെയും വിഭജിക്കാനോ, ഭിന്നിപ്പിക്കാനോ ഉള്ള ഒരു മുദ്രാവാക്യമല്ല ഞങ്ങള്‍ക്ക്‌. അന്യന്റെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനും, വര്‍ഗ്ഗീയഫാസിസത്തിന്റെ വിഷാണുക്കളെ മണ്ണിലും മനസ്സിലും കുത്തിനിറക്കാനും ആഹ്വാനം ചെയ്യുന്ന യുദ്ധകാഹളവുമല്ല, ആ മന്ത്രം ഞങ്ങള്‍ക്ക്‌.

തങ്ങളുടെ ഭാഗധേയത്തെ ഒരുമിച്ച്‌ നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കാനും, അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തിലേക്ക്‌ എല്ലാ മനുഷ്യരെയും കൊണ്ടുചെന്നെത്തിക്കാനും, "മതിലുകളെല്ലാമിടിഞ്ഞ്‌, മനസ്സിന്റെ അതിരുകള്‍ ആകാശമാകാനും' വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതിയാണ് ഞങ്ങള്‍ക്കത്. മനുഷ്യകുലത്തിനുവേണ്ടി ഞങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ഒരു ദൌത്യവുമാണ്‌ അത്‌.

നിങ്ങള്‍ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്ന വഴിയാകട്ടെ, ഇതിന്റെ നേര്‍വിപരീതദിശയിലാണ്‌.

കഴിയുമെങ്കില്‍, ഞങ്ങളുടെ കൂടെ അണിചേരുക. അതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത്.

മനുഷ്യകുലത്തില്‍ പിറക്കുകയും, മനുഷ്യകുലം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന, ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തെ രാഷ്ട്രീയമായി ഏറ്റെടുത്ത ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ക്ക്‌ നിങ്ങളോട് പറയാനുള്ളത്‌ ഇത്ര മാത്രമാണ്‌.

അഭിവാദ്യങ്ങളോടെ

Monday, April 27, 2009

ചങ്ങലക്കു ഭ്രാന്തുപിടിച്ചാല്‍


ചങ്ങലക്ക് ഭ്രാന്തുപിടിക്കുക എന്നു കേട്ടിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മറ്റെന്താണ് നമുക്ക് തോന്നുക?

ശിക്ഷിക്കാനും ശിക്ഷ എന്തായിരിക്കണമെന്നു തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യമൊക്കെ നമുക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും നമ്മള്‍ സദാചാര-മൂല്യബോധ-ഭരണഘടനാപ്രകാരങ്ങള്‍ വഴിയും അല്ലാതെയുമായി കൊടുത്തുകഴിഞ്ഞിട്ടുണ്ട്. നമ്മുടെ കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബാല്യം മുതലേ മറ്റുള്ളവരുടെ കുത്തകയാണ്. അത് നമ്മുടെ നല്ലതിനുവേണ്ടിയാണെന്നുള്ള ‘രാഷ്ട്രീയബോധം’ വളര്‍ന്നുവരുന്തോറും കൈവരിക്കുന്നതും ലോകസ്വഭാവം.

എങ്കിലും, ഒരു കോടതി, ശിക്ഷയായി, ഇത്തരത്തില്‍ ഒരു ക്ഷേത്രസേവനം വിധിക്കുമ്പോള്‍, അതിനര്‍ത്ഥം, ആ കോടതിക്കും ന്യായാധിപനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലുമുള്ളതിനേക്കാള്‍ വിശ്വാസവും താത്‌പര്യവും സാമര്‍ത്ഥ്യവും പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നെയാണ്.

നാളെ മറ്റേതെങ്കിലുമൊരു കോടതിയോ, പോലീസുദ്യോഗസ്ഥനോ, ഭരണഘടനാ വകുപ്പൊ, മറ്റേതെങ്കിലുമൊരു കുറ്റത്തിനു ശിക്ഷയായി, പശുദാനമോ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടോ നമ്മളോട് കല്‍പ്പിച്ചാലും തില്‍ അത്ഭുതപ്പെടാനാവില്ല.

ഇത്തരം കോടതികളെ കാലഹരണപ്പെടുത്തുകയും ഇത്തരം ന്യായാധിപന്മാരെ ജനകീയ വിചാരണ നടത്തുകയുമാണ് അടിയന്തിരമായി വേണ്ടത്.

Wednesday, April 22, 2009

മാന്ദ്യം - മാധ്യമങ്ങള്‍ മായ്ക്കുന്ന വാക്ക്

പി.സായ്‌നാഥിന്റെ ലേഖനത്തിന്റെ തര്‍ജ്ജമ


ഇന്ത്യയെക്കുറിച്ച്‌ എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക്‌ ഉപയോഗിക്കരുതെന്ന്‌, എറ്റവും ചുരുങ്ങിയത്‌ രണ്ട്‌ പ്രമുഖ പത്രങ്ങളെങ്കിലും,തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്ക്കിനു നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്‌, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്‌. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍നിന്ന്‌ ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ, ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടിവരുകയാണെങ്കില്‍, 'മെല്ലെപ്പോക്ക്‌' എന്നോ 'അധോഗതി' എന്നോ ഉപയൊഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷേ, മാന്ദ്യം എന്നത്‌ ഉപയോഗിക്കുകയേ അരുത്‌. 'മാന്ദ്യ'ത്തില്‍നിന്ന്‌ സമ്പദ്‌രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത്‌ തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേ സമയം ദു:ഖവും ഹാസ്യവുമാണ്‌ ഉളവാക്കുന്നത്‌. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ്‌ കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട്‌ സംസാരിക്കുന്നത്‌ കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്‌? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ്‌ നമ്മള്‍ തിരിച്ചുവരുന്നത്‌? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ത്ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്‌ ഇന്ന്‌.

ഈ സാധുക്കള്‍ക്ക്‌ (വലിയ നിരക്കിലുള്ള ഭവന വായ്പാ തിരിച്ചടവ്‌ നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തുപോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തുകാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന്‌ അവരെ ബോദ്ധ്യപ്പെടുത്താനും വേണ്ടി എല്ലാ അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന്‌ നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്‌, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന്‌ ഉച്ചക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ത്ഥ്യമെന്ന്‌ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്‌. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ത്ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവു വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്‌.

ഈ പത്രങ്ങളില്‍ ചിലത്‌, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതുതന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "ഏന്തു മാന്ദ്യം? എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാഗക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു (‘പുതിയതായി ലഭിച്ച അഭിവൃദ്ധി‘ എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക്‌ തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്നു (സംശയാസ്പദരായ)വിദഗ്ദ്ധര്‍ ഉറപ്പു പറയുന്നു എന്ന്‌ ടെലിവിഷന്‍ ചാനലുകളും സമര്‍ത്ഥിച്ചു. ഏതു വിദഗ്ദ്ധരെന്നു മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്തകാലത്ത്‌ ചിലര്‍ ഈ മേനി നടിക്കലില്‍നിന്ന്‌ അല്‍പ്പം പുറകോട്ടുപോയിട്ടുണ്ട്‌ എന്നതു സത്യം). എന്നാല്‍ ഭക്ഷണ സാധനങ്ങളുടെ വിലവര്‍ദ്ധനവ്‌ എത്ര ഗൌരവമുള്ളതാണെന്നതിനെക്കുറിച്ച്‌ അധികമൊന്നും എഴുതിയതുമില്ല. വിശപ്പ്‌ എത്ര വലിയൊരു വിഷയമാണെന്നും. അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്‌. 3 രൂപക്കും, 2 രൂപക്കും, എന്തിന്‌ 1 രൂപക്കുവരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്‌). പക്ഷേ, മാനിഫെസ്റ്റോകളെക്കുറിച്ച്‌ എന്തായാലും നമുക്ക്‌ നന്നായറിയാം.

അതുകൊണ്ട്‌ തിരഞ്ഞെടുത്ത അംഗീകൃത വിദഗ്ദ്ധന്‍മാരോടും, വക്താക്കളോടും, വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്‌. ഇതുകൊണ്ട്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അത്‌ അവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക്‌ ഗുണകരമാകുമായിരുന്ന- അവസരമാണ്‌ അവര്‍ കളഞ്ഞുകുളിച്ചത്‌. അതിനാല്‍, നമുക്ക്‌ കിട്ടുന്നതാകട്ടെ, ഐ.പി.എല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും, ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസ്സാരതകളില്‍നിന്ന്‌ നമ്മെ മോചിപ്പിച്ച്‌, 1984-ലെ തിരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ്‌ എന്തായാലും ജര്‍ണയില്‍ സിംഗ്‌ എന്ന ഷൂയിസൈഡ്‌ ബോംബറിനു മാത്രമുള്ളതാണ്‌. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന്‌ പുതിയൊരു അര്‍ത്ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന്‌ നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്‌. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന്‌ കണ്ടെത്താന്‍ നമുക്ക്‌ താത്‌പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവത്ക്കരണത്തെയാണ്‌ വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്‌. ലോക സമ്പദ്‌വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക്‌ അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ്‌ പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ്‌ ഇതു കാണിക്കുന്നത്‌. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന്‌ അവര്‍ നിങ്ങളോട്‌ സമ്മതിക്കുകയും ചെയ്യും. പക്ഷേ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന്‌ സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട്‌ കാര്‍ഷിക പ്രതിസന്ധിയെയും, അതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച 182,000 കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും, തൊഴിലില്ലായ്മയും പത്രങ്ങളിലെങ്കില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ (Global Hunger Index) ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തിനെക്കുറിച്ച്‌ മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍സ്ട്രീറ്റ്‌ തകരുന്നതിനും മുന്‍പത്തെ കാര്യങ്ങളല്ലേ എന്നാണ്‌ അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നു സംഭവിച്ച ഒന്നായിട്ടാണ്‌ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്‌).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉത്‌പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍ നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗ്ഗത്തിലെ പത്തു ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്‌ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്‌. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിനെ അര്‍ത്ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ത്ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതുതന്നെയാണ്‌. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്‌.

മൊബൈല്‍ ഫോണില്‍ ഓഹരിനിലവാരത്തിന്റെ ഫ്ളാഷ്‌ ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതക്കും കാര്യങ്ങള്‍ അത്രക്ക്‌ ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ്‌ മാധ്യമങ്ങളുടെ താളുകളില്‍ 2006പ്രത്യക്ഷപ്പെടുന്നത്‌. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ്‌ ഐക്യരാഷ്ട്രസഭയുടെ മാനവവികസന ഇന്‍ഡക്സില്‍(United Nations Human Development Index)ഇന്ത്യയെ 132 എന്ന സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുന്നത്‌. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍നിന്നും പിന്നെയും താഴെയാണ്‌ ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ്‌ ഇന്ത്യയുടെ നില്‍പ്പ്‌. ഇന്‍ഡക്സില്‍ നമുക്ക്‌ താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത്‌ നമ്മുടെ മുകളിലാണ്‌. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത്‌ നമ്മുടെ രാജ്യത്താണ്‌. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട്‌ ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക്‌ ചുറ്റും ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായി നിര്‍വ്വചിക്കാന്‍ കഴിയാത്തതിനു പഴിക്കേണ്ടത്‌, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്‌.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവു വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും, മഹാരാഷ്ട്രയിലും എല്ലാം ഇതാണ്‌ സംഭവിക്കുന്നത്‌. അപ്പോഴോ? പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക്‌, ഒറീസ്സയിലെയും ഝാര്‍ഖണ്ടിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ തിരിച്ചുപോകേണ്ടിവരുന്നു. എന്തിലേക്കാണ്‌ അവര്‍ തിരിചുപോകുന്നത്‌? തൊഴില്‍ തീര കമ്മിയായ ജില്ലകളിലേക്ക്‌ (അതുകൊണ്ടുതന്നെയാണ്‌ പണ്ട്‌ അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക്‌ ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്‌; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെകൂടി, ഇന്നു ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട്‌ പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിലേക്ക്‌.

ഈ ഇലക്ഷനിലെ തിരഞ്ഞെടുപ്പിനും, സാമ്പത്തികമാന്ദ്യത്തിന്റെ (ആ വാക്ക്‌ ഇഷ്ടമില്ലെങ്കില്‍, മറ്റെന്തും വിളിച്ചോളൂ അതിനെ)പുതിയ ഘട്ടത്തിന്റെ വരവിനും ഇടക്ക്‌ ഒരു വലിയ കാലവ്യത്യാസമുണ്ട്‌. ഈ മാസവും അടുത്ത മാസവുമായി നമ്മള്‍ തിരഞ്ഞെടുപ്പിലേക്ക്‌ പോകുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ദ്ധിക്കുകയാണ്‌. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കാം. പക്ഷേ തിരഞ്ഞെടുപ്പ്‌ നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നിരുന്നതെങ്കില്‍, പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും, ചക്കിയും ചങ്കരനും, അമര്‍ സിംഗിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നുമാകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണ്‌ നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ്‌ മെല്ലെപ്പോക്ക്‌. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ്‌. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത്‌ സാമ്പത്തികമാന്ദ്യം തന്നെയാണ്‌. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക്‌ മാത്രം നീങ്ങുന്ന ഒന്ന്.

Tuesday, April 14, 2009

ഇടയുമ്പോഴും ഇടത്തേക്കു മാത്രം


ഇടതുപക്ഷത്തിന്റെ ചില നിലപാടുകളോടും, അതിലെ ശക്തിയാര്‍ജ്ജിച്ചുവരുന്ന ചില പ്രതിലോമ ശക്തികളോടും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുമ്പോഴും, ഇടത്തേക്കുമാത്രം കൂടുതല്‍ക്കൂടുതല്‍ നീങ്ങേണ്ടിവരുന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇന്നത്തെ ആ പ്രസ്ഥാനത്തിന്റെ ചില അപചയങ്ങളെയെങ്കിലും കണ്ടില്ലെന്നു വെക്കാന്‍ തത്ക്കാലത്തേക്ക്‌ നിര്‍ബന്ധിതമായിത്തീരുന്നു.
രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കാനും, ചെറുതെങ്കിലും ഗൌരവമായ തെറ്റുകളില്‍ നിന്ന് കൂടുതല്‍ വലിയ ശരികളിലേക്ക്‌ നടക്കാന്‍ അവര്‍ക്ക്‌ ഒരു അവസരം കൂടി നല്‍കുന്നതിനും വേണ്ടി, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
ഇനി, അതിനാകുന്നില്ലെങ്കില്‍, വോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുപോലും, കോണ്‍ഗ്രസ്സിനെയും ഹിന്ദു-മുസ്ളിം-ക്രിസ്ത്യന്‍ വര്‍ഗ്ഗീയശക്തികളെയും അധികാരഭ്രഷ്ടരാക്കുക.
ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, സോഷ്യലിസത്തിന്റെയും ഭാഗത്ത്‌ കൃത്യമായ പക്ഷം ചേരുക.
അഭിവാദ്യങ്ങളോടെ

Saturday, March 14, 2009

അന്താരാഷ്ട്ര വന്യതാ ദിനം

വെള്ളത്തിലും കരയിലും, തൂണിലും തുരുമ്പിലും, ആകാശത്തും ഭൂമിയിലും, ഉള്ളിലും പുറത്തും നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വവ്യാപിയായ പുരുഷ രാഷ്ട്രീയ ഷോവനിസ്റ്റുകള്‍ക്ക്, അല്‍പ്പം വൈകിയാണെങ്കിലും ഒരു അന്താരാഷ്ട്ര വനിതാ ദിനക്കുറിപ്പ്.