Wednesday, February 16, 2011

*മിസ്റിക്കും കാറ്റു വേണം





പേരിനുമാത്രമായിട്ടാണെങ്കിൽപ്പോലും, ഒരു ഏകാധിപത്യത്തിൻകീഴിൽനിന്ന് ഒരു വലിയ രാജ്യം മോചിതമായിരിക്കുന്നു. നമ്മുടെ കണ്മുന്നിൽ വെച്ച്.

ഇറാഖിനെ സദ്ദാമിൽനിന്ന് അമേരിക്ക ‘മോചിപ്പിച്ച’തു പോലെയല്ല. അഫ്ഘാനിസ്ഥാനെയും, ഇറാനെയും വടക്കൻ കൊറിയയെയും, ക്യൂബയെയും, വെനീസ്വലയെയും ‘മോചിപ്പിക്കാൻ’ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ പോലെയുമല്ല ഇത്.

സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ഒരു നാട്ടിലെ ജനങ്ങൾ അവിടുത്തെ ഏകാധിപതിയെ അധികാരത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന മനോഹരമായ ഒരു കാഴ്ച. ടുണീഷ്യയിൽനിന്നു തുടങ്ങിയ ഒരു വിമോചന കാറ്റ്. അതിന്റെ അലയൊലികൾ എല്ലായിടത്തേക്കും വീശിക്കൊണ്ടിരിക്കുന്നു. അൾജീരിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. യെമനിലും. ചോദിക്കാതെതന്നെ തദ്ദേശീയ ജനവിഭാഗത്തിന്‌ നാമമാത്രമായതെങ്കിലും ചില ജീവിത സൌകര്യങ്ങൾ വാഗ്ദാനം നൽകാൻ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ ഭരണാധികാരികൾ നിർബന്ധിതമായിരിക്കുന്നു.

ഈജിപ്ഷ്യൻ വിപ്ളവത്തിൽ ജയിച്ചത് ജനങ്ങളാണെങ്കിലും, ആത്യന്തികമായ ജയം അമേരിക്കയുടേതുതന്നെയാണ്‌. മുപ്പതു വർഷമായി തങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാവക്കു പകരം, മറ്റൊരു പാവയെ അവർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുകയാണ്‌. ഈജിപ്തിലെ ജനങ്ങൾക്ക് അവരുടെ മുൻപിൽ രണ്ടേ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നുകിൽ, ഒരിക്കൽ അമേരിക്കയുടെ കണ്ണിലെ കരടായിരിരുന്ന, ഇപ്പോൾ അമേരിക്കയുടെ ഭാഗത്തേക്ക് ഏറെക്കുറെ എത്തിയ എൽ ബരാദി. അല്ലാത്തപക്ഷം, ഏതു സമയവും അപകടകരമായേക്കാവുന്ന മുസ്ലിം ബ്രദർഹുഡ്. കൂടുതൽ സാധ്യത ആദ്യത്തേതിനുതന്നെയാണ്‌. പൌരാവകാശങ്ങളും സ്വാതന്ത്യവുമൊക്കെ മുബാറക്കിന്റെ കാലത്തേക്കാൾ ഭേദപ്പെട്ടേക്കാം. ഉദാരമായ സാമ്പത്തികസഹായങ്ങളും കിട്ടിയേക്കാം. എങ്കിലും, ആത്യന്തികമായി മറ്റൊരു വൈദേശികഭരണത്തിലേക്കുതന്നെയാണ്‌ അവരുടെ യാത്ര. ഇറാന്റെയും ഇറാഖിന്റെയും കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുകളെടുത്ത എൽ ബറാദിക്ക് പക്ഷേ, അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിക്കാൻ അധികമൊന്നും ആവുകയുമില്ല. ഗമാൽ അബ്ദുൾ നാസ്സറിന്റെ പരമാധികാര രാജ്യസങ്കൽപ്പത്തെയും, പാൻ-അറബ് ദേശീയതയെയുമാണ്‌ ഒരു പരിധിവരെ അൻവർ സാദത്തും, പൂർണ്ണമായും മുബാറക്കും പണയം വെച്ചത്. അത് തിരിച്ചെടുക്കാൻ ഈജിപ്തിനു ഇനിയും മറ്റൊരു ശുഭ്രവിപ്ളവം വേണ്ടിവരും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല.

ഈജിപ്തിലെ വിപ്ളവം ക്യൂബയിലേക്കും ചൈനയിലേക്കും പടരുന്നത് സ്വപ്നം കാണുന്ന മറ്റൊരു വലിയ വിഭാഗമുണ്ട്. പ്രത്യേകിച്ചും ക്യൂബയിലേക്ക്. ഫിദൽ കാസ്ട്രോയുടെ കാലശേഷം അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും സത്യമാണ്‌. അതുകൊണ്ടുതന്നെ ആ സാധ്യതയെ സ്വപ്നം കാണുന്നവരെയും കുറ്റം പറയാനാവില്ല.

എങ്കിലും എന്താണ്‌ ആ സ്വപ്നത്തിന്റെ കാതൽ? സോഷ്യലിസം എന്ന ആശയത്തിന്റെ തകർച്ച. കമ്മ്യൂണിസം എന്ന വ്യവസ്ഥിതിയോടുള്ള ഭയം. പാശ്ചാത്യജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും സൌകര്യപൂർവ്വം കാണാതിരിക്കുക എന്ന തന്ത്രം. അതിൽ കവിഞ്ഞൊന്നുമല്ല ആ സ്വപ്നത്തിന്റെ അടിത്തറ. ഫിദൽ എന്ന യുദ്ധവിരുദ്ധ സോഷ്യലിസ്റ്റിനേക്കാൾ അവർ ആഗ്രഹിക്കുന്നത്, ബുഷിനെയും , ബ്ളെയറിനേയും, ഒബാമയേയും, സർക്കോസിയെയും പോലുള്ള യുദ്ധവെറിയന്മാരെയും കപടജനാധിപത്യവാദികളെയുമാണ്‌. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നടന്ന, ഇപ്പോഴും നടക്കുന്ന യുദ്ധവിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളൊന്നും അവരുടെ തൊലിപ്പുറമെ പോലും സ്പർശിക്കുന്നില്ല. അതൊക്കെ ഏതോ നാട്ടിൽ നടക്കുന്ന ‘ബഹളങ്ങൾ’ മാത്രമാണ്‌ ഈ സ്വപ്നാടകർക്ക്. ഈജിപ്തു പോലും ഒരു ആഫ്രിക്കൻ വാർത്ത മാത്രമായിരുന്നു ഇവര്‍ക്ക്, ഫെബ്രുവരി പതിനൊന്നു വരെ.

ജനങ്ങളുടെ വിപ്ളവമെന്നതിനേക്കാൾ, സാങ്കേതികയുഗത്തിന്റെ വിജയമെന്ന നിലക്കാണ്‌ ഈ കാൽപ്പനിക സ്വപ്നജീവികൾ ഈജിപ്തിലെ വിജയത്തെ കൊണ്ടാടുന്നത്. ഒരു ജനുവരി 25-ന്റെ പ്രഭാതത്തിൽ ഒരു അസ്മാ മഹ്ഫൂസിന്റെ വീഡിയോ ബ്ലോഗ്ഗിൽ നിന്നോ,  ഒരു ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ ഇന്റര്‍നെറ്റ് ക്യാമ്പയിനില്‍ നിന്നോ തുടങ്ങിയ ഒരു വിസ്മയം.. അങ്ങിനെയൊരു വിസ്മയം ഉണ്ടാകാണമെങ്കിൽ അതിന്റെ പിന്നിൽ വലിയൊരു രാഷ്ട്രീയ സമരത്തിന്റെ കാറ്റു വീശണം എന്ന യാഥാര്‍ത്ഥ്യം മാത്രമാണ്‍് അവര്‍ക്ക് പുരിയാത്തത്. മിസ്റിയുടെ വിജയത്തിന്റെ പിന്നിലും  രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഇടതുരാഷ്ട്രീയത്തിന്റെ ആ കാറ്റുണ്ടായിരുന്നു.

2004 മുതൽ തന്നെ ഈജിപ്തിലെ തൊഴിലാളികൾ നിരന്തരമായ സമരത്തിലാണ്‌. ഇന്നും അത് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ആറു വർഷത്തിനിടക്ക് 1900 സമരങ്ങൾ ഈജിപ്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നര ദശലക്ഷം തൊഴിലാളികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ടെക്സ്റ്റൈൽ, ഗതാഗത, നിർമ്മാണ, ഭക്ഷ്യോത്പ്പാദന മേഖലകളിൽനിന്നു തുടങ്ങിയ സമരം 2006 ആകുമ്പോഴേക്കും സർക്കാരിന്റെ തന്നെ നികുതിപിരിവ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നു. 10,000 വരുന്ന മുനിസിപ്പൽ നികുതി ജീവനക്കാർ മൂന്നു ദിവസമാണ്‌ തുടർച്ചയായ സമരം നടത്തിയത്. സമ്മർദ്ദത്തിലായ സർക്കാരിന്‌ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനക്ക് അനുവാദം കൊടുക്കേണ്ട അവസ്ഥയും ഉണ്ടായി. രാജ്യത്തിനകത്ത് വളർന്ന തൊഴിൽ സമരങ്ങളിൽ ഔദ്യോഗിക ഇടതുപക്ഷത്തിനോടൊപ്പം, ഇടതും വലതുമായ എൻ.ജി.ഒ.കളും പങ്കെടുക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്നുപോലും അവർക്ക് സഹായങ്ങളും ലഭിച്ചു. വാഷിംഗ്ടണിലെ മണ്ണിൽനിന്നുതന്നെ, ലേബർ സ്റ്റാർട്ട് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തൊഴിലാളി സംഘടനകൾ ആഗോളതലത്തിൽ ആശയപ്രചരണം സംഘടിപ്പിച്ചു.

1977-ൽ എന്ത് സൈബറും ഫേസ്ബുക്കും ട്വിറ്ററുമാണുണ്ടായിരുന്നത്? അന്നും ഈജിപ്തിൽ വലിയൊരു സമരം നടന്നു. പ്രശസ്തമായ ബ്രഡ് സമരം. ഈജിപ്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ന് തൊഴിൽ സമരങ്ങൾ നടന്നു. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, കൂടുതൽ മാന്യമായ കൂലിക്കും വേണ്ടി നടന്ന സമരമായിരുന്നു അത്. എങ്കിലും, കൊച്ചുകുട്ടികൾ പോലും അതിൽ പങ്കാളികളാവുകയും പട്ടാളത്തിനെ നേരിടുകയും ചെയ്യുന്ന കാഴ്ചയും ആ സമരത്തിൽ നമ്മൾ കാണുന്നുണ്ട്.

ഇത്തരം കൂട്ടായ രാഷ്ട്രീയ സമരങ്ങളാണ്‌ ഏതൊരു വിപ്ളവത്തിന്റെയും ജനകീയപ്രക്ഷോഭങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത്. ഏതുകാലത്തും അതങ്ങിനെത്തന്നെയായിരുന്നു. എല്ലാ വിപ്ലവങ്ങളുടെയും കൊടുങ്കാറ്റുകളുടെയും പിന്നില്‍, ജനേച്ഛയുടെ, അവരുടെ അപരിമേയമായ ശക്തിയുടെ കേവലമല്ലാത്ത ബൃഹദാഖ്യാനങ്ങളുണ്ട്. ആധുനിക കാലത്ത്, അതിനെ സ്വിച്ച്-ഓൺ ചെയ്യാൻ സാങ്കേതികവിദ്യ ഒരു നിമിത്തമാവുന്നു എന്നു മാത്രം. അതു കാണാതെ, ഒരു മുറിയിലിരുന്ന് ഒരാൾ അല്ലെങ്കിൽ ഒരുവൾ നടത്തുന്ന ആഹ്വാനം കേട്ട് ഒരു ജനത മുഴുവൻ 18 ദിവസത്തോളം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്കെടുത്തു ചാടും എന്നു കരുതാനും വിശ്വസിക്കാനും അതിനെ കൊണ്ടാടാനും വിഡ്ഢികൾക്കു മാത്രമേ കഴിയൂ.

ക്യൂബയിലേക്ക് തിരിച്ചുവരാം. 60-കൾ മുതൽ തുടരുന്ന അമേരിക്കയുടെ പ്രത്യക്ഷവും, അമേരിക്കയുടെ സമ്മർദ്ദത്തിനു വഴിപ്പെട്ട യൂറോപ്പ്യൻ രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധവുമുണ്ടായിട്ടും ഇന്നും ക്യൂബൻ സമ്പദ്വ്യവസ്ഥ താരതമേന ഭേദമാണ്‌. വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും, ജനങ്ങളുടെ പാർപ്പിടങ്ങളുടെ കാര്യത്തിലും ക്യൂബ കാര്യമായ പുരോഗതിയാണ്‌ നേടിയത്. അഴിമതി ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും ക്യൂബക്ക് സ്വന്തമാണ്‌. 1989-93 കാലത്തെ തകർച്ചയിൽനിന്നും വളരെ ആസൂത്രിതമായ ചുവടുവെയ്പുകളിലൂടെ സാമ്പത്തികമായി കരകയറുന്ന ഒരു ക്യൂബയെയാണ്‌ പിന്നീട് നമ്മൾ കണ്ടത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകുന്നത് മഹാപാതകമോ ദുരന്തമോ ഒന്നും അല്ലെന്ന് പഠിപ്പിക്കുന്നുണ്ട് ക്യൂബയുടെ വളർച്ച. അവിടെ നമ്മുടെ സ്വപ്നാടകർക്ക് ആകെയുള്ള അസ്വസ്ഥത, അവിടുത്തെ മനുഷ്യാവകാശ-പൌരാവകാശ-സ്വതന്ത്ര വിപണികളുടെ കാര്യത്തിൽ മാത്രമാണ്‌. അതാകട്ടെ, ഒട്ടുമിക്കതും പാശ്ചാത്യ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതുമാണ്‌. ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായത്തിൽ എല്ലാവർക്കും എന്തും ചെയ്യാമെന്ന വ്യവസ്ഥിതിക്കും വെള്ളിയാഴ്ചക്കുമൊന്നും സ്ഥാനമില്ല. ജനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വളർച്ച ഒന്നുതന്നെയാണ്‌ (അഥവാ ആയിരിക്കണം)ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പ്രമുഖ ലക്ഷ്യം. ആ നിലക്ക് ക്യൂബ ഇന്നും ഒരു വിജയഗാഥ തന്നെയാണ്‌. അതിനെ ആ നിലയിലേക്ക് നയിക്കുന്നത് സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും പ്രതിബദ്ധതയുള്ള ഭരണകർത്താക്കളാണ്‌ എന്നതാണ്‌ നമ്മുടെ സൈബർ സ്വപ്നാടക ആക്ടിവിസ്റ്റുകളുടെ ദു:ഖം. ക്യൂബയിലേക്ക് ഈജിപ്ഷ്യൻ വിപ്ളവത്തെ വലിച്ചുനീട്ടുന്നതിന്റെ മനശ്ശാസ്ത്രവും ഇതല്ലാതെ മറ്റൊന്നല്ല.

ഇന്ത്യയിലെ അവസ്ഥയിലേക്കൊന്നും ഈ സ്വപ്നാടകരുടെ കണ്ണുകൾ എത്തുന്നില്ല എന്നതാണ്‌ കൂടുതൽ വിചിത്രം. ഈജിപ്തിൽ നടന്നതുപോലുള്ള ഒരു ജനകീയപ്രക്ഷോഭത്തിനുള്ള വിളനിലമൊന്നും ഇന്ത്യയിലായിട്ടില്ലായിരിക്കാം. എങ്കിലും സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ജീവിതം ദിനംപ്രതി ദുസ്സഹമാവുന്ന ഒരു അവസ്ഥയാണ്‌ ഇന്ന് ഇവിടെയുള്ളത്. പൌരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരു വിലയുമില്ലാത്ത, ഭീമമായ അഴിമതിയും കരിനിയമങ്ങളും ഭരണത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന, സ്വാതന്ത്യത്തിനുമുൻപുള്ള പതിനഞ്ചുവർഷത്തേക്കാൾ കൂടുതൽ അസമത്വം നിലനില്ക്കുന്ന ഒരു ഇന്ത്യയിലാണിന്ന് നമ്മൾ ജീവിക്കുന്നത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും, കായിക മാമാങ്കങ്ങൾക്കായി ലക്ഷക്കണക്കിനാളുകളെ നിത്യവും കുടിയിറക്കി തെരുവാധാരമാക്കുകയും, അതിനെ ഏതിർക്കുന്നവരെയൊക്കെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടാൻ സ്വകാര്യസേനകളെ പാലൂട്ടി വളർത്തുവാനും ധൈര്യപ്പെടുന്ന ഒരു ജനാധിപത്യവസ്ഥിതിയെയാണ്‌ നമ്മളിന്ന് താങ്ങിനിർത്തുന്നത്. അത്തരമൊരു കപടജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാതിരിക്കുകയും, പകരം, അതിന്റെ സ്ഥാനത്ത്, സ്വത്വപരമായി വിഭജിച്ചും വിഘടിച്ചും നിൽക്കുന്ന സമരങ്ങളെ ഏറ്റെടുക്കാനും തറ്റുടുത്തു നിൽക്കുന്ന മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികളിൽ നിന്നുകൊണ്ടാണ്‌ നമ്മൾ സൈബർ ആക്ടിവിസത്തിന്റെ അപ്പോസ്തലന്മാർ ചമയുന്നത്. കാറ്റാടികൾക്കെതിരെ പടനയിക്കുന്ന ഡോൺ ക്വിൿസോട്ടുമാരായി വീരസ്യം പറയുന്നത്.

ലൈംഗിക അരാജകവാദികളും മുഷ്ക്കന്മാരും സംസ്കാരശൂന്യന്മാരുമായി മുദ്രയടിക്കപ്പെട്ട മിസ്രികളുടെ ചരിത്രബോധത്തിൽനിന്ന് ലോകത്തിനും, മലയാള സൈബർ സ്പേസിലെ ബസ്സുടമകൾക്കും ഏറെ പഠിക്കാനുണ്ട്. പഠിക്കണമെന്നു വെച്ചാൽ. അതല്ല, ഈജിപ്തിന്റെ കാര്യം പറഞ്ഞുപറഞ്ഞ്, “വിപ്ളവമോ, അതൊക്കെ നിങ്ങളുടെ ഏർപ്പാടല്ലേ” “കാസ്ട്രൊയേക്കാള്‍ ഭേദമായിരുന്നു മുബാറക്ക്”  “പ്രശ്നം എന്താന്നു വെച്ചാല്‍ ഈ 77 കോടി ജനങ്ങള്‍ ബസ്സ് വായിക്കില്ല. പ്രക്ഷോഭം നടത്തില്ല. അല്ലെങ്കില്‍ത്തന്നെ സമരം വിളിച്ചാല്‍ ചൂഷണം മാറുമോ “ എന്ന മട്ടിലൊക്കെയുള്ള കൊച്ചുവർത്തമാനത്തിലേക്കാണെങ്കിൽ, അതിഷ്ടപ്പെടുന്ന ‘ആക്ടിവിസ്റ്റുകൾ’ക്ക് അതുമാവാം.

ഈജിപ്ഷ്യൻ ജനതക്ക്, അൽപ്പം വൈകിയതെങ്കിലും ഊഷ്മളമായ സമരാഭിവാദ്യങ്ങൾ.



* മിസ്രി (മിസ്റി - ഈജിപ്ഷ്യന്‍)

Tuesday, February 1, 2011

വിധിവൈപരീത്യങ്ങള്‍




(ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ Staines Verdict എന്ന ലേഖനത്തിന്റെ പരിഭാഷ)

22 ജനുവരി 1999-ന്‌ ഒറീസ്സയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതിയായ ധാരാസിംഗിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഇക്കഴിഞ്ഞ 21 ജനുവരിയിൽ വിധി പുറപ്പെടുവിച്ചു. “പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു, ധാരാസിംഗിന്റെ ഉദ്ദേശ്യമെന്ന്” രേഖപ്പെടുത്താനും കോടതി മടിച്ചില്ല. ഈ പരമാർശം പിന്നീട് രേഖകളിൽനിന്ന് കോടതി തന്നെ സ്വമേധയാ നീക്കം ചെയ്തുവെങ്കിലും.

ഒറീസ്സയിലെ കിയോഞ്ചാര്‍ ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ 34 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണവധം ആളുകളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെങ്കിലും, “നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഉയർന്ന ഗോത്രവിഭാഗത്തിന്റെ രോഷം‘ എന്ന മട്ടിലാണ്‌ ഹിന്ദുത്വശക്തികൾ അതിനെ ന്യായീകരിച്ചത്.. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ്‌ ക്രിസ്ത്യൻ വിരുദ്ധ പ്രചരണം സംസ്ഥാനത്തു ശക്തിപ്രാപിക്കുകയും, ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെയും, ഈ സൂചിപ്പിച്ച ഗോത്രവർഗ്ഗ രോഷം ദൃശ്യമാകാതിരുന്നത് എന്ന ചോദ്യത്തിനുമാത്രം ഒരു വിശദീകരണവും ഉണ്ടായില്ല.

ധാരാസിംഗിനെ ശിക്ഷിച്ചുവെങ്കിലും, ധാരാസിംഗിന്റെ ക്രിസ്ത്യൻ-മുസ്ലിം വിരുദ്ധ നിലപാടുകളെ തങ്ങളോ തങ്ങളുടെ പോഷകസംഘടനകളോ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്ന ഒരു ധാരണ നിലനിർത്തുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. സ്റ്റെയിൻസിനെപ്പോലുള്ള മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം എന്ന പ്രചരണവും പച്ചപിടിക്കുന്നുണ്ട്. ഈ ധാരണയെ ബലപ്പെടുത്തുന്നതിനുമാത്രമേ സുപ്രീം കോടതിയുടെ വിധി സഹായിക്കുന്നുള്ളു.

1998-ൽ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർക്കെതിരെ രണ്ടാഴ്ചയോളം നടന്ന അക്രമത്തിനെയും ’നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള ജനരോഷം‘ എന്ന ന്യായം കൊണ്ടായിരുന്നു സംഘപരിവാർ നേതാക്കൾ സാധൂകരിച്ചത്. അക്രമം തുടങ്ങുന്നതിനും ഏറെ മുൻപുതൊട്ടേ, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ, സവിശേഷമായ രീതിയിൽ, വിദ്വേഷപ്രചരണവും, ക്രിസ്ത്യാനികളെ മനപ്പൂർവ്വം പ്രകോപിപ്പിക്കലും നടന്നിരുന്നു.

ഒറീസ്സയിലെ കാന്ധമൽ ജില്ലയിൽ 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ ലഹളയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ’സംഘപരിവാറിന്റെ ‘ഘർ വാപസി’ (വീട്ടിലേക്ക് മടങ്ങിപ്പോരൽ-അഥവാ,ക്രിസ്ത്യൻ ഗോത്രവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുപോകൽ)പരിപാടികളും തുടർച്ചയായ ക്രിസ്ത്യൻ-വിരുദ്ധ പ്രചരണവും ആ പ്രദേശത്തെ സംഘർഷാവസ്ഥയെ മൂർച്ഛിപ്പിച്ചിരുന്നു. സ്വാഭാവികമായും, ബി.ജെ.പി.-ജനതാദൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ജില്ലാഭരണകൂടവും ഈ അപായസൂചനകൾക്കെതിരെ കണ്ണടക്കുകയും ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന്റെ ഉത്തരവാദിത്ത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തുവെങ്കിലും, വിശ്വഹിന്ദുപരിഷത്ത് ക്രിസ്ത്യാനികളെ ഉന്നം വെക്കുകയും, പ്രവീൺ തൊഗാഡിയുടെ നേതൃത്വത്തിൽ, ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള യാത്ര ഒരു തടസ്സവും കൂടാതെ, സംഘർഷഭരിതമായ സ്ഥലങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾക്കാണ്‌ തങ്ങളുടെ വീടുവിട്ടുപോകേണ്ടിവരുകയും, ഒരുവർഷത്തോളം സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുകയും ചെയ്തത്. ഇന്നും അവിടുത്തെ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ്‌ ജീവിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

അധികാരത്തിലേക്കുള്ള ബി.ജെ.പി.യുടെ പ്രവേശനം മുൻകൂട്ടികണ്ട്, 1980 മുതൽക്കുതന്നെ, ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ ഹിന്ദു ജാഗ്രൻ മഞ്ച്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടുവന്നിരുന്നു. 1998-ലെ ഡാംഗ് ജില്ലയിലെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം ഹിന്ദു ജാഗ്രൺ മഞ്ചിനായിരുന്നു. ധാരാം സിംഗ് ആകട്ടെ, ബജ്രംഗദളുമായി ബന്ധമുള്ളയാളും. 1999-ൽ മയൂർഭഞ്ജിൽ വെച്ച് അരുൾ ദാസ് എന്ന റോമൻ കത്തോലിക്കാ പുരോഹിതനെയും, അതേ ജില്ലയിൽ വെച്ച് ഒരു ആഗസ്റ്റ്‌ 26-ന് ഷേക്ക് റഹ്മാൻ എന്ന മുസ്ലിം വ്യാപാരിയെയും വധിച്ചിരുന്നു. സ്റ്റെയിന്‍സ് വധം അന്വേഷിച്ച ഡി.പി.വാധ്വ കമ്മീഷനാകട്ടെ, ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന തുടർച്ചയായ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങളെയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന ഔദ്യോഗിക സഹായങ്ങളെയും കണ്ടില്ലെന്നും നടിച്ചു. തെളിവുകളുണ്ടായിട്ടുപോലും, ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ വ്യക്തമായ പങ്ക് കാണാൻ കൂട്ടാക്കാതെ, സ്റ്റെയിൻസ് വധത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ധാരാസിംഗിലേക്കു മാത്രം ചുരുക്കുകയായിരുന്നു കമ്മീഷൻ ചെയ്തത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ (അതായത്, സ്വന്തമിഷ്ട പ്രകാരമുള്ള മതം പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും) ഇന്ത്യയിലെ മറ്റേതൊരു പൌരന്മാരെയും പോലെ, ഗോത്രവർക്കാർക്കും അവകാശമുണ്ട്. സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തി എന്നതിന്‌ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ആർട്ടിക്കിൾ 25 പ്രകാരം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ മുൻവിധിയെയാണ്‌- പിന്നീട് പിൻവലിച്ച-  ആ ആദ്യത്തെ പരാമർശത്തിൽ കാണാനാവുക. സംഘപരിവാറിന്റെ കീഴിൽ തുടർച്ചയായി ഇപ്പോഴും നടക്കുന്ന വിദ്വേഷപ്രചരണത്തിന്റെയും നുണപ്രചരണത്തിന്റെയും ഫലമായിരുന്നു സ്റ്റെയിൻസ് വധം.



പരിഭാഷകക്കുറിപ്പ്: കുട്ടികളടക്കം മൂന്നുപേരെ ചുട്ടുകൊന്ന വ്യക്തിക്കും, നക്സലൈറ്റ് നേതാവിന്റെ കത്തു കൈമാറി എന്ന (തെളിയിക്കപ്പെടാത്ത കുറ്റം) ആരോപിക്കപ്പെട്ട വ്യക്തിക്കും ഒരേ ശിക്ഷ വിധിക്കുന്ന കോടതികളെ മാനസികചികിത്സക്ക് വിധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതികൾ തന്നെ ക്രിമിനൽ സ്വഭാവം കൈവരിക്കുന്നതാണ്‌ കാണാൻ കഴിയുക.


Wednesday, January 26, 2011

നാടുനീങ്ങിയവരുടെ മൂന്നു കവിതകള്‍


സ്വന്തം മണ്ണും ജീവിതവും വിട്ടുപോരേണ്ടിവന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച പലസ്തീൻ ജനതയുടെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന പോരാട്ടത്തിന്റെ അണയാത്ത നെരിപ്പോടുകളാണ്‌ മഹമ്മൂദ് ദാർവിഷിന്റെയും, സാമി അൽ ഖാസിമിന്റെയും കവിതകൾ. അഡോണിസെന്ന അലി അഹമ്മദ് സയ്യദ് ജനനം കൊണ്ട് സിറിയക്കാരനെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് രാജ്യഭ്രഷ്ടന്റെ രാഷ്ട്രീയം തന്നെയാണ്‌.

ദാർവിഷിന്റെ കവിതകളിൽ നീറിപ്പുകയുന്നത്, പലായനത്തിന്റെയും പല കോണുകളിൽനിന്ന് നിരന്തരമായി വഞ്ചിക്കപ്പെടുന്ന പോരാട്ടത്തിന്റെയും എരിയുന്ന കനലുകളാണെങ്കിൽ, ചുരുങ്ങിയ വാക്കുകളും വരികളും കൊണ്ട് അഡോണിസ്, ഒരേസമയം തന്റെ കവിതയെയും രോഷത്തെയും ആളിക്കത്തിക്കുകയാണ്‌ ചെയ്യുന്നത്. സാമിയാകട്ടെ, നിരന്തരമായ ഒരു ആത്മഭാഷണത്തിലൂടെ, ചിലപ്പോൾ ഒരു കറുത്ത ഫലിതത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യുന്നു.


മറ്റൊരു രാജ്യത്തിലേക്ക്‌
മഹമ്മൂദ് ദാർവിഷ് (1942-2008)

നമ്മൾ പോകുന്നു
നമ്മുടെ മാംസമല്ലാത്ത മറ്റൊരു രാജ്യത്തിലേക്ക്‌
നമ്മുടെ അസ്ഥികൾകൊണ്ട്‌ നട്ടതല്ല
അവിടുത്തെ ചെസ്റ്റ്നട്ട്‌ മരങ്ങൾ
നമ്മുടെ പർവ്വതഗീതങ്ങളിലെ ആടുകളല്ല
അവിടുത്ത കല്ലുകൾ
ആ കല്ലുകളുടെ കണ്ണുകളല്ല
അവിടുത്തെ
ലില്ലിപ്പൂക്കൾ

നമുക്കു വേണ്ടി മാത്രമായി ഉദിക്കാത്ത
ഒരു സൂര്യന്റെ നാട്ടിലേക്ക്‌
പുരാണങ്ങളിലെ സ്ത്രീകൾ നമ്മെ വിളിക്കുന്നു
നമുക്കുവേണ്ടിയും നമുക്കെതിരെയും ഒരു കടൽ
ഗോതമ്പും വെള്ളവും നിഷേധിക്കപ്പെട്ടാൽ
നിങ്ങൾ ഞങ്ങളുടെ സ്നേഹം ഭക്ഷിക്കുക,
ഞങ്ങളുടെ കണ്ണീർ കുടിക്കുക

കവികൾക്കുവേണ്ടി ഒരു കറുത്ത തൂവാല
വെണ്ണക്കല്ലുകളുടെ ഒരു വലിയ നിര
ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തും
ഞങ്ങളുടെ ആത്മാവുകളിൽ
കാലത്തിന്റെ പൊടി പുരളാതിരിക്കാൻ
ഒരു മെതിനിലം.
നമുക്കുവേണ്ടിയും നമുക്കെതിരെയും റോസാപ്പൂക്കൾ

നിങ്ങൾക്കു നിങ്ങളുടെ വിജയം
ഞങ്ങൾക്കു ഞങ്ങളുടെയും
ഞങ്ങളുടെ രഹസ്യമൊഴിച്ച്‌ മറ്റൊന്നും കാട്ടിത്തന്നിട്ടില്ലാത്ത രാജ്യം
വിജയം ഞങ്ങൾക്ക്‌
സ്വന്തം വീടൊഴിച്ച്‌ മറ്റെല്ലാ വീടുകളിലേക്കും
ഞങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന
തേഞ്ഞുപോയ കാലുകളിൽ തീർത്ത്‌ ഒരു സിംഹാസനം
ആത്മാവിന്റെ ആത്മാവിനെ
ആത്മാവിൽത്തന്നെ കണ്ടെത്തിയേ തീരൂ,
ഇല്ലെങ്കിൽ ഇവിടെത്തന്നെ മരിച്ചേ തീരൂ..




യാത്രാ ടിക്കറ്റുകൾ
സമി അൽ ഖാസിം (1930-)


എന്നെ നീ കൊല്ലുന്ന ദിവസം
എന്റെ കയ്യിൽ
യാത്രക്കുള്ള ഒരു ടിക്കറ്റ്‌ കാണും
സമാധാനത്തിലേക്കുള്ള
ടിക്കറ്റുകൾ
പാടങ്ങളിലേക്കും മഴയിലേക്കും
മനുഷ്യരുടെ മനസ്സാക്ഷിയിലേക്കുമുള്ള
ടിക്കറ്റുകൾ
അവ പാഴാക്കരുതേ


പ്രവചനം
അഡോണിസ് (1930-)

സഹസ്രാബ്ദങ്ങൾ നീണ്ട നമ്മുടെ ഉറക്കം

അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തിൽനിന്ന്‌
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളിൽ
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്‌
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യൻ ഉണർന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.


തര്‍ജ്ജനിയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത

Thursday, January 20, 2011

ഡെമോഗ്രാഫി വെറും ഒരു പദമല്ല

മേജർ ജനറൽ ദാഹി ഖൽഫാൻ തമീം യു.എ.ഇ.യിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ എന്ന നിലക്കു മാത്രമല്ല ശ്രദ്ധയാകർഷിച്ചിട്ടുള്ളത്‌. സത്യസന്ധവും വിമർശനാത്മകവുമായി സർക്കാർ നയങ്ങളെ വിലയിരുത്താനും, പ്രതിസന്ധികളിൽ സർക്കാരിന്റെ കൂടെ നിൽക്കാനും, തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുമൊക്കെയുള്ള ചങ്കൂറ്റം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്‌. ദുബായ്‌ സർക്കാരിന്റെ ഋണബാധ്യതയെക്കുറിച്ച്‌ സംസാരിക്കേണ്ടിവന്നപ്പോഴും,ചെച്നിയൻ കമാണ്ടർ യമാദേവ്‌ കൊല്ലപ്പെട്ടപ്പോഴും, ഹമാസ്‌ നേതാവ്‌ മഹമ്മൂദ്‌ കൊല്ലപ്പെട്ടപ്പോഴുമൊക്കെ നമ്മൾ അത്‌ കണ്ടതാണ്‌. ഫെഡറൽ നാഷണൽ ക്ൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടപ്പോൾ ഇത്രനാളും സർക്കാരിനെ വിശ്വസ്തതയോടെ സേവിക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത തനിക്ക്‌ അതിനു മനസ്സില്ലെന്ന്‌ പരസ്യമായും പറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്‌ മേജർ ജനറൽ.

യു.എ.ഇ.യിലെ ഡെമോഗ്രാഫിയെക്കുറിച്ച്‌ ഈയ്യിടെയായി അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്‌. ശിവസേനയടക്കമുള്ള തീവ്രവലതുപക്ഷ പ്രാദേശികകവാദക്കാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ്‌ നിർഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌. ഇന്ന്‌ അത്‌ വീണ്ടും അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലമാകട്ടെ പതിന്മടങ്ങ്‌ നിർഭാഗ്യകരവും.

ദുബായ്‌  മോഡേൺ ഹൈസ്കൂളിൽ പഠിക്കുന്ന വെറും നാലുവയസ്സു മാത്രമുള്ള ഒരു പിഞ്ചുബാലികയെ സ്കൂൾബസ്സിൽ വെച്ച്‌, ഡ്രൈവറും കണ്ടക്ടറുമടക്കം മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ മുൻനിർത്തിയാണ്‌ ഇന്ന്‌ അദ്ദേഹം പ്രവാസികൾക്കെതിരെ വാക്മുന പ്രയോഗിച്ചിരിക്കുന്നത്‌.

വിദേശികളുടെ വ്യാപകമായ കടന്നുകയറ്റം കൊണ്ട്‌ ഈ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിൽ വന്ന വ്യതിയാനത്തിന്റെ ദൂഷ്യഫലമാണ്‌ ഇത്തരം സംഭവങ്ങളെന്നും, തങ്ങളുടെ സമൂഹത്തിൽ ഇതിനുമുൻപൊരിക്കലും ഇത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

യു.എ.ഇ.യുടെ വളർച്ചയിൽ ഇവിടുത്ത വിദേശികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ ശ്രീ ദാഹി ഖൽഫാന്‌ അറിയാത്തതല്ല. ബി.ബി.സിക്കുള്ള അഭിമുഖത്തിലും ഒരിക്കൽ അതദ്ദേഹം തുറന്നുസമ്മതിച്ചിട്ടുള്ളതുമാണ്‌. ആ പങ്ക്‌ ഒരിക്കലും ഏകപക്ഷീയവുമായിരുന്നില്ല. ഈ രാജ്യത്തിന്റെ വളർച്ചക്ക്‌ വിദേശികളെ അവർക്ക്‌ ആവശ്യമായിരുന്നു. തൊഴിലില്ലാത്ത നാട്ടിലെ അവസ്ഥയിൽനിന്നുള്ള മോചനം വിദേശികൾക്കും ഒരുപോലെ ആവശ്യമായിരുന്നു.

ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള ബഹുഭൂരിപക്ഷം വിദേശികളും ഇവിടുത്തെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്‌. മറ്റേതൊരു അറബ്‌ നാട്ടിലും ഇല്ലാത്തവിധം സ്വതന്ത്രവും, അവകാശങ്ങളും ഇവിടെയുണ്ടെന്ന്‌ തിരിച്ചറിയുകയും അതിന്റെ മഹത്ത്വം ബോധ്യമുള്ളവരുമാണവർ. ചൂഷണങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ട വ്യവസ്ഥിതികളും നീതിനിയമസംഹിതകളുമൊക്കെ മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഇവിടെയുമുണ്ടായിരിക്കാം. എന്നാലും ആ ദൌർബ്ബല്യങ്ങളെയൊക്കെ അതിജീവിക്കുന്ന ഒന്നാണ്‌ യു.എ.ഇ.യിൽ തങ്ങൾ അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ ശുദ്ധവായു എന്ന തിരിച്ചറിവുള്ളവരാണ്‌ മഹാഭൂരിപക്ഷം വരുന്ന വിദേശികളും.

മേജർ ജനറലിന്റെ അഭിപ്രായങ്ങൾ ഒരുപക്ഷേ സർക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ മാത്രമായിരിക്കാം. അങ്ങിനെത്തന്നെയായിരിക്കട്ടെ. എങ്കിലും, പ്രത്യക്ഷത്തിൽ അത്‌, ഇവിടെ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളെക്കുറിച്ചുള്ളതും, അവരെ അഭിസംബോധന ചെയ്യുന്നതുമായ ഒരു അഭിപ്രായപ്രകടനമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാൻ അധികവും സാധ്യത. വിദേശികളെ സംബന്ധിച്ചിടത്തോളം അത്‌ അപമാനകരമായി തോന്നിയാൽ, അതിനവരെ കുറ്റം പറയാനും ആവില്ല.

അവർക്കിടയിലും ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നത്‌ സ്വാഭാവികമാണെന്ന്‌ ദാഹി ഖൽഫാൻ മനസ്സിലാക്കണം.. ഇവിടുത്തെ നിയമം അനുവദിച്ചിരുന്നെങ്കിൽ, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവർക്കുമേൽ എത്ര പ്രാകൃതമായ ജനകീയവിധിയും നടപ്പിലാക്കാൻ, വിദേശികൾക്ക്‌ (പ്രത്യേകിച്ചും, ഇന്ത്യക്കാർക്ക്‌, പിന്നെയും പ്രത്യേകിച്ച്‌ മലയാളികൾക്ക്‌)സന്തോഷമേയുണ്ടാകൂ എന്നും മേജർ ജനറൽ മനസ്സിലാക്കണം.

യു.എ.യിലെ ഡെമൊഗ്രാഫി എങ്ങിനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്‌. ആ ഡെമോഗ്രാഫിയിൽ വ്യത്യാസങ്ങൾ വന്നതിന്റെ ഉത്തരവാദിത്ത്വം വിദേശികളിൽ കെട്ടിവെക്കുന്നതിന്റെ യുക്തി മാത്രം മനസ്സിലാകുന്നില്ല. ഇവിടുത്തെ ഭരണാധികാരികളുടെ അറിവോടെയും അനുവാദത്തോടെയും നിയമാനുസൃതം വന്നവരാണ്‌ ഇവിടെയുള്ളവരിലധികവും. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സങ്കീർണ്ണവും ഭീമവുമായ കമ്പോളവുമാണ്‌ ഇന്ന്‌ ഇവിടെയുള്ളത്‌. അതിനെയൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുകയോ, അഥവാ തദ്ദേശീയവത്ക്കരിക്കുകയോ ചെയ്യുന്നത്‌, എന്തായാലും ഈ രാജ്യത്തിന്‌ അനുഗുണമായിരിക്കില്ല. സാവധാനം നടത്തേണ്ട ഒരു പ്രക്രിയയയാണത്‌. അതിൽ യു.എ.ഇ. എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന്‌ സ്വയം ഒന്ന്‌ പരിശോധിക്കുന്നതും നന്നായിരിക്കും.

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും, ആസൂത്രിതമായിത്തന്നെ, തദ്ദേശീയരുടെ ഒരു തലമുറയെ വളർത്തിയെടുക്കുക, അവർക്കാവശ്യമായ തൊഴിൽ അവസരങ്ങൾ നിർമ്മിച്ചെടുക്കുക, എന്നിങ്ങനെ ഒരു രാജ്യത്തിന്റെ സ്വാശ്രയ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ പല മേഖലകളുണ്ട്‌. തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ തദ്ദേശീയരുടെ പ്രാതിനിധ്യം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌ യു.എ.ഇ.യിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 56 ശതമാനം തദ്ദേശീയർ മാത്രമാണ്‌ ഇപ്പോഴും തൊഴിലെടുക്കുന്നത്‌. തൊഴിലില്ലായ്മാ നിരക്കാകട്ടെ 31 ശതമാനവും. ഐക്യരാഷ്ട്രസഭയുടെ (UNPG-United Nations Programme for Governance)അറബ്‌ മേഖലയിലെ 2005-നെ അടിസ്ഥാനപ്പെടുത്തിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, അധിനിവേശ പലസ്തീന്റെയും ലിബിയയുടെയും പോലും പിന്നിലാണ് യു.എ.ഇ.യുടെ സ്ഥാനം (ദശാംശം 79 എന്ന റേറ്റിംഗോടെ). 2009-ൽ 7.9 ബില്ല്യൺ ദിർഹമായിരുന്നു വിദ്യാഭ്യാസമേഖലക്കുവേണ്ടി യു.എ.ഇ. നീക്കിവെച്ചത്‌. എന്നിട്ടും സ്ഥിതി അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല എന്ന്‌ 2007-ലാണ്‌ ദുബായ്‌ ഭരണാധികാരിയും യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ്‌ മുഹമ്മദ്‌ ഒരു നയപ്രഖ്യാപനവേളയിൽ ചൂണ്ടിക്കാട്ടിയത്‌. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, യു.എ.ഇ. തികഞ്ഞ പ്രതിജ്ഞാബദ്ധത കാണിക്കുന്നുണ്ടെന്നത്‌ നിസ്തർക്കമാണെങ്കിലും പല കാരണങ്ങളാലും ഇനിയും അതെല്ലാം കൂടുതൽ ഫലവത്താകേണ്ടിയിരിക്കുന്നു. ശ്രീ. ദാഹി ഖൽഫാനും ഇതെല്ലാം പല അവസരങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്‌.

യു.എ.ഇ.യുടെ സാംസ്ക്കാരികമൂല്യങ്ങളെ അതിന്റെ ഡെമൊഗ്രാഫിയിൽ വന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിച്ചു എന്ന വാദം പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. മാത്രമല്ല, ആ ദോഷത്തിന്റെ മുഖ്യ ഉത്തരവാദികൾ ഇവിടെ പണിയെടുക്കുന്ന, അവിവാഹിതരും, കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിവില്ലാത്തവരുമായ ആളുകളാണെന്ന വാദവും ഉയരുന്നുണ്ട്. ഇത് കൂടുതൽ അപകടകരമാണ്‌. ഈ വാദത്തിൽ വിശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌, ഒന്നുകിൽ ഇത്തരം തൊഴിലാളികളെ (ബാച്ചിലേഴ്സ്‌ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഏകാകികൾ) ഇവിടേക്കു വരുന്നതിൽ നിന്ന്‌ വിലക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ കുടുംബത്തോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുകയോ അല്ലേ? അതിനു പകരം, അവരെ അയിത്തതിന്റെയും അസ്പൃശ്യതയുടെയും മനോഭാവത്തോടെ കാണുന്നത്‌ എത്രകണ്ട്‌ ശരിയാണ്‌? ഈ പറയുന്ന ബാച്ചിലേഴ്സ്‌ വിഭാഗത്തിലും (അവരിൽ നല്ലൊരു ശതമാനവും താഴേക്കിടയിലുള്ള തൊഴിലാളികളുമാണ്‌) ഇവിടുത്തെ മദ്ധ്യവർഗ്ഗക്കാരെപ്പോലെ ഇവിടുത്തെ നിയമങ്ങളെയുമാചാരങ്ങളെയും അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌ മഹാഭൂരിപക്ഷവും.

ഏതൊരു വിഭാഗത്തിലുമെന്നപോലെ, അവരിലും, ചെറിയ കുറ്റവാളികളും, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പോലുള്ള മാപ്പർഹിക്കാത്ത കുറ്റവാളികളുമൊക്കെ ഉണ്ടാകാം. അതിനെ നിയമപരമായി നേരിടുകയാണ്‌, അതല്ലാതെ, നിയമാനുസൃതം ഇവിടെ വന്ന്‌, തൊഴിലെടുത്ത്‌ ജീവിക്കുന്നവരെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്‌.

ലോകത്തിന്റെ മറുഭാഗങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾപോലും, ഇവിടുത്തെ തനത്‌ പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നു എന്നുവരെ ഈയിടെയായി ചില തദ്ദേശീയ വിദഗ്ദ്ധരിൽനിന്നു കേട്ടുതുടങ്ങിയിട്ടുണ്ട്‌. മൊത്തം ജനസംഖ്യയിൽ വെറും ഇരുപത്‌ ശതമാനമായി ഒതുങ്ങിയിട്ടും, വിദേശികളോട്‌ കഴിഞ്ഞ നാലു ദശകങ്ങളെങ്കിലുമായി നിസ്സീമമായ സഹിഷ്ണുത പ്രകടിപ്പിച്ചുവരുന്ന തദ്ദേശീയരാണ്‌ ഇവിടെയുള്ളത്‌. അവരുടെ ഇടയിൽനിന്നുതന്നെയാണ്‌ ഇത്തരം കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റും വരുന്നത്‌ എന്നുകൂടി ഓർക്കണം.ക്തുകവാർത്തകളുടെ കൂട്ടത്തിൽ ചേർക്കാമെങ്കിലും, കേൾക്കാനോ, ഉൾക്കൊള്ളാനോ ഒട്ടും സുഖം തോന്നാത്ത അയുക്തികളാണ്‌ ഇതൊക്കെ.

അത്തരം അയുക്തികളും, വാചാകക്കസർത്തുകളും, ദാഹി ഖൽഫാൻ തമീമിനെപ്പോലുള്ള കഴിവുറ്റവരും പക്വതയുള്ളവരുമായ ഭരണാധികാരികളിൽനിന്ന്‌ ഒരിക്കലും വന്നുകൂടാത്തതാണ്‌.

കാരണം,  വെറുമൊരു ഉന്നതപോലീസുദ്യോഗസ്ഥൻ മാത്രമല്ല ശ്രീ ദാഹി ഖൽഫാൻ തമീം. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണ്‌. അതുകൊണ്ടുതന്നെ, അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ അത്‌, ഐക്യ അറബി നാടിന്റെ ശബ്ദമായിത്തന്നെയാണ്‌ സമൂഹത്തിന്റെ പൊതുധാരയിൽ അടയാളപ്പെടുക. 

Monday, January 10, 2011

ഭാരതീയം





The Nationalist not only does not disapprove of atrocities committed by his own side, but he has a remarkable capacity for not even hearing about them - George Orwell


നാലാം ക്ളാസ്സില്‍ പഠിക്കുന്ന മകന്‌ സ്കൂളില്‍ അവതരിപ്പിക്കാന്‍ രാജ്യസ്നേഹത്തെക്കുറിച്ച്‌ ഒരു പ്രസംഗം എളുപ്പത്തില്‍ എഴുതിക്കൊടുക്കണമെന്ന്‌ നല്ല പകുതി പറയുന്നു. എളുപ്പത്തില്‍ വായിച്ചു പഠിക്കാവുന്ന ഒരു ചെറിയ വാചാപ്രസംഗം. ദാ, ആ തലതിരിഞ്ഞ സാധനങ്ങളൊന്നും എഴുതിക്കൊടുക്കണ്ട, നാലാം ക്ളാസ്സുകാരനുവേണ്ടിയുള്ളതാണെന്ന്‌ ഓര്‍മ്മിച്ചോളൂ എന്ന്‌, കൂട്ടത്തില്‍, കളിവാക്കില്‍ പൊതിഞ്ഞുവെച്ചതെങ്കിലും ശക്തമായ ഒരു മുന്നറിയിപ്പും.

നാലാം ക്ളാസ്സുകാരനായ മകനോട്‌ രാജ്യസ്നേഹത്തെക്കുറിച്ച്‌ എന്താണ്‌ ഞാന്‍ പറഞ്ഞു കൊടുക്കേണ്ടത്‌?

അവനവന്റെ രാജ്യമാണ്‌ സാരേ ജഹാം സേ അച്ചാ എന്നോ? ഇന്ത്യയെന്നു കേള്‍ക്കുമ്പോഴേക്കും അഭിമാനപൂരിതമാവുകയും ചോരതിളക്കുകയും ചെയ്യണമെന്നോ? ചോരയുടെ വകതിരിവുകള്‍ക്കും കന്നംതിരിവുകള്‍ക്കും രാജ്യാഭിമാനവുമായും അതിര്‍ത്തികളുമായും ഒരു ബന്ധവുമില്ലെന്നോ? മുറിച്ചുമാറ്റുകയും, തുന്നിച്ചേര്‍ക്കുകയും ചെയ്ത എല്ലാ അതിര്‍ത്തി ഞരമ്പുകളിലൂടെയും  ഒഴുകുന്ന എല്ലാ രക്തവും, കണ്ണീരും ഒന്നെന്നോ? കുടിയൊഴിക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളായി മാറിയവരുടെയും, പരസ്പരം അവിശ്വസിച്ചും, ഭയന്നും കഴിയുന്നവരുടെയും രക്തധമനികളെ ഇന്ത്യ എന്നൊരു പദം കൊണ്ട്‌ അഭിമാനപൂരിതമാക്കാനും തിളപ്പിക്കാനും ശ്രമിക്കുന്നത്‌ വിഫലമാണെന്നോ?

അരവയര്‍ നിറക്കാര്‍ പകലന്തിയോളം വിയർപ്പൊഴുക്കുന്നവന്റെയും, പൊതുകിണറില്‍നിന്ന്‌ ദാഹം ശമിപ്പിച്ചതിന്‌ തീയില്‍ വെന്തവന്റെയും, ഓരോ മുപ്പതുമിനുട്ടിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെയും ഇന്ത്യയില്‍നിന്ന്‌, അംബരചുംബികള്‍ നിര്‍മ്മിക്കുന്ന അംബാനിമാരുടെയും കോടികള്‍ക്ക്‌ ലേലം ഉറപ്പിക്കുന്ന ഏറുപന്തുകാരുടെയും ഇന്ത്യയിലേക്കുള്ള ദൂരം നാലാം ക്ളാസ്സുകാരന്‌ മനസ്സിലാകാന്‍ ഇടയില്ല.

അവന്റെ കട്ടിലിന്റെ തലക്കലെ ഭൂപടത്തില്‍ പരന്നുകിടക്കുന്ന ലോകത്തില്‍ പല രാജ്യങ്ങളുണ്ടെന്നും അവരില്‍ മലയാളികളും അറബികളും, ഇംഗ്ളീഷുകാരും ചൈനക്കാരും ബംഗ്ളാദേശികളും ഫിലിപ്പീനികളും ഉണ്ടെന്നുള്ള ഏകദേശരൂപമല്ലാതെ, ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്തുന്ന അതിര്‍ത്തികളുടെയും, ഭാഷകളുടെയും, വേഷങ്ങളുടെയും, രുചിഭേദങ്ങളുടെയും ആചാരങ്ങളുടെയും സ്വത്വ വൈവിദ്ധ്യം എത്രത്തോളമാണെന്നൊന്നും അവന്റെ ഇളം ബുദ്ധിയില്‍ അത്രയ്ക്കങ്ങോട്ട്‌ വേരുറച്ചുതുടങ്ങിയിട്ടില്ല.

ആ അവനെയും അവനെപ്പോലെയുള്ള കുട്ടികളെയും മുന്നില്‍  രാജ്യസ്നേഹത്തെക്കുറിച്ചുള്ള ഏതു വാചാപ്രസംഗമാണ്‌ ഞാന്‍ അവതരിപ്പിക്കേണ്ടത്‌? എങ്ങിനെ?

മറ്റൊരു രാജ്യവും നമ്മുടെ രാജ്യത്തോളം നല്ലതല്ലെന്നോ? മറ്റൊരു നാട്ടാരും നമ്മുടെ നാട്ടാരോളം നല്ലവരല്ലെന്നോ? വേണ്ടിവന്നാല്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം രാജ്യത്തിനുവേണ്ടി ബലികൊടുക്കാന്‍ തക്കവണ്ണം ശ്രേഷ്ഠമാണ്‌ നമ്മുടെയൊക്കെ ജന്മമെന്നോ?

രാജ്യമെന്നത്‌, സമ്പന്നരാലും സ്വാര്‍ത്ഥതാത്പര്യങ്ങളാലും, ഭരണഘടനാതാളുകളാലും നിര്‍വ്വചിക്കപ്പെട്ട കേവലമൊരുപിടി മണ്ണല്ലെന്നും, അതിലെ ജനകോടികളുടെ സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ സങ്കല്പങ്ങളെ സാര്‍ത്ഥകമാക്കാനുള്ള ഇടമാണെന്നും പറഞ്ഞാര്‍ എന്താകും അവനും അവരും മനസ്സിലാക്കുക?

രാജ്യമെന്നത്‌, നാനാത്വത്തിലെ ഏകത്വമല്ലെന്നും, നാനാത്വത്തിലെ നാനാത്വത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആശയമാണെന്നും പറഞ്ഞാല്‍ അവർക്കത്‌ എത്രകണ്ട്‌ ദഹിക്കും?

സ്വന്തം നാട്ടിലെ മണ്ണിനെയും മലയെയും കാടിനെയും നഗരത്തെയും ഗ്രാമത്തെയും അവിടങ്ങളിലെ മഴയെയും വെയിലിനെയും കാറ്റിനെയും ഉഷ്ണത്തെയും ശിശിരത്തെയും, അവയില്‍ ജനിക്കുകയും ജീവിച്ചുമരിക്കുകയും ചെയ്യുന്ന മനുഷ്യരെയും സ്നേഹിക്കുന്നതില്‍നിന്ന്‌ എത്രയോ കാതം അകലെയാണ്‌ രാജ്യസ്നേഹമെന്ന കപടവെച്ചുകെട്ടലുകളെന്നും മനസ്സിലാകാന്‍ ഇനിയും അവര്‍ക്കെത്ര പഠിപ്പു തികയണം?

ചുറ്റോടുചുറ്റും ശത്രുക്കള്‍ എന്ന പേടിക്കഥ നിരന്തരം പറഞ്ഞുകൊടുത്ത്‌ പടുത്തുയര്‍ത്തുന്ന രാജ്യസ്നേഹത്തിന്റെ പഞ്ചതന്ത്ര പഴംകഥകള്‍ക്കകത്ത്‌ നുഴഞ്ഞുകയറിയ സ്വന്തം തക്ഷകന്മാരെ എങ്ങിനെയാണ്‌ ഈ കുട്ടികള്‍ക്ക്‌ കാട്ടിക്കൊടുക്കുക?

ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളെ ഏതുവിധത്തിലാണ്‌ കാട്ടിക്കൊടുക്കേണ്ടത്‌?

കുട്ടികള്‍ക്ക്‌ കളിക്കാന്‍ പാകത്തിലുള്ള രാജ്യസ്നേഹം എവിടെനിന്നു കിട്ടും?

Thursday, December 30, 2010

പുതുവര്‍ഷം - ആര്‍ക്ക്‌? എന്തിന്‌?

പുതിയ വർഷത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർക്കുന്നവിധത്തിലാണ്‌ ഓരൊ വർഷവും കടന്നുപോകുന്നത്‌. എന്നിട്ടും മങ്ങാത്ത പ്രതീക്ഷയോടെ ഓരൊ പുതിയ വർഷത്തെയും അനുഷ്ഠാനപൂർവ്വം എതിരേൽക്കേണ്ടിവരുന്നു നമുക്ക്‌. തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ സ്വപ്നങ്ങൾക്ക്‌ എന്നും നിത്യയൗവ്വനം. സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ കാലം കവർന്നില്ലിതുവരെ എന്നു കവി പാടിയത്‌ വെറുതെയാകുന്നില്ല എന്ന ആശ്വാസം നൽകിക്കൊണ്ട്‌, അനന്തമായ സാധ്യതകളുമായി ജനിക്കുന്ന മറ്റൊരു ജനുവരി കൂടി.

എത്രയെത്ര ജനകോടികളുടെ പ്രാർത്ഥനകളും ആശയാഭിലാഷങ്ങളുമായി എത്രയെത്ര ജനുവരി ഒന്നുകൾ നമ്മൾ വെളുപ്പിച്ചു. നല്ലൊരു പുതുവർഷത്തിനുവേണ്ടി എത്രപേർ ഈ ബലിക്കല്ലുകളിൽ ജീവൻ കൊടുത്തു. ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. കൊല്ലത്തിലൊരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത്‌ അകാലമരണം വരിച്ച പുതുവർഷാശംസകളുടെ മഹാശ്മശാനത്തിൽനിന്ന്‌, ഇനിയും ആർക്ക്‌, എന്ത്‌ ആശംസയാണ്‌ നമ്മൾ നേരേണ്ടത്‌? എന്തിനുവേണ്ടി?

ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ലോകം മാറുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

നിരന്തരമായി നവീകരിക്കപ്പെടുന്ന പോരാട്ടങ്ങളിലൂടെ മാത്രമേ പുതിയൊരു ലോകത്തെയും അതിന്റെ നവനവങ്ങളായ വർഷങ്ങളെയും നമുക്ക്‌ നേടാനാകൂ.

ജനിച്ച നാടും വീടും വേരും വിട്ട്‌, അഭയാർത്ഥികളായി, പ്രവാസികളായി പലായനം ചെയ്യുന്നവർ, തങ്ങളുടെ നഷ്ടപ്പെട്ട നാടും വീടും, വേരുകളും തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ വർഷങ്ങളാണ്‌ നമുക്ക്‌ ആശംസിക്കാനാവുക.

അധിനിവേശം ചെയ്യപ്പെടുന്ന ജനതതികൾ ധീരമായ ചെറുത്തുനില്പ്പുകളിലൂടെ സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡങ്ങളെ തിരിച്ചുപിടിക്കുന്ന സമരവീര്യങ്ങളുടെ ജനുവരിപ്പുലരികൾ.

നീതിയും ന്യായവും നിഷേധിക്കപ്പെടുന്നവർ പുതിയ സാമൂഹികനീതികൾ സൃഷ്ടിക്കുന്ന തിരുത്തൽ സമരങ്ങൾ.

മതത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കകത്തുനിന്ന്‌ ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വിശാലതയിലേക്ക്‌ മനുഷ്യരാശിയെ വിക്ഷേപിക്കുന്ന ശാസ്ത്രശസ്ത്രങ്ങൾ.

ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ധീരരായ കുട്ടികളുടെയും, പ്രണയവും രാഷ്ട്രീയവും, കലയും കവിതയും അരങ്ങുകളും വീണ്ടും സജീവമാവുകയും ചെയ്യുന്ന കാമ്പസ്സുകളുടെയും പുതിയ പോരാട്ടച്ചുവടുകൾ.

തെരുവിലും ജീവിതത്തിന്റെ പുറമ്പോക്കുകളിലും കഴിയുന്ന മനുഷ്യരാശികൾക്ക്‌ അന്തസ്സോടെയുള്ള മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന സമരങ്ങൾ.

നുണകളിലൂടെയും യുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയ ഏകാധിപതികളുടെയും യുദ്ധവെറിയന്മാരുടെയും, മതഭ്രാന്തമാരുടെയും ചോരകൊണ്ട്‌ ഭൂമി അഭിഷിക്തമാവുന്ന പുതിയ സമരമുഖങ്ങൾ.

എല്ലാവർക്കും അഭിവാദ്യങ്ങളോടെ 

Sunday, December 26, 2010

ഇതാ ഇവനെക്കൂടി....



ബഹുമാനപ്പെട്ട റായ്പൂർ സെഷൻസ് കോടതി ജഡ്ജി അങ്ങുന്നേ,

രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ അവിടുന്ന് വിധിച്ച മൂന്നുപേരിൽ ഒരാൾ, ഒരു ശിശുരോഗ ചികിത്സകനുണ്ടല്ലോ, ഡോ.ബിനായക് സെൻ. ഇക്കഴിഞ്ഞ ജൂലായ്‌ 25-നു അങ്കമാലിയിലെ കറുകുറ്റിയിൽ ഒരു പൊതുപരിപാടിക്ക് അദ്ദേഹം വന്നപ്പോൾ കാണാനും രണ്ടുവാക്ക് സംസാരിക്കാനും ഈയുള്ളവന്‌ (നിർ)ഭാഗ്യമുണ്ടായി.

അന്നു പ്രധാനമായും ചോദിച്ച ഒരു ചോദ്യം, ഇന്ത്യാമഹാരാജ്യത്തിലെ നീതിന്യായ സംവിധാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടോ എന്നതായിരുന്നു. വിചാരണ പോലും ഇല്ലാതെ കുറച്ചുകാലം സർക്കാർ അതിഥി മന്ദിരത്തിൽ കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് ചോദിച്ചതാണ്. പക്ഷെ പ്രതീക്ഷ തെറ്റി. ഉണ്ട് എന്നുതന്നെയാണ്‌ അദ്ദേഹം അസന്ദിഗ്ധമായി അന്ന്‌ അദ്ദേഹം നല്കിയ ഉത്തരം. രണ്ടാമതൊന്ന്‌ ആലോചിക്കാനുള്ള സമയം പോലും എടുക്കാതെ.

വികസനത്തിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഗോത്രമേഖലകളിൽനിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും, വിദർഭയിലെ കർഷകരുടെ പ്രശ്നങ്ങളെപ്പോലെത്തന്നെ, ഇതിനെതിരെയും എല്ലാതലത്തിലുമുള്ള ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സെൻ ആ കൂടിക്കാഴ്ചയില്‍  സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം, അസന്ധിഗ്ദ്ധമായും അദ്ദേഹത്തിന്റെ സമരസങ്കല്പ്പങ്ങൾ അഹിംസയിൽ, അഹിംസയിൽ മാത്രം, അടിയുറച്ചതായിരുന്നു. ഹിംസാത്മകമായ സമരങ്ങളെ ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചില്ല. ജനാധിപത്യ സമരമാർഗ്ഗങ്ങളിൽ ഡോ.സെൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം, ഈയുള്ളവനെപ്പോലെയുള്ളവരെ കഠിനമായി  നിരാശപ്പെടുത്തും വിധം കർക്കശവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനചരിത്രത്തെ നേരിട്ടറിയുന്നവർക്ക് അതിൽ അത്ര അത്ഭുതം തോന്നാനിടയില്ലെങ്കിലും.

കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കേസിൽ, സുപ്രീം കോടതി നല്കിയ ഒരു ഇളവിലായിരുന്നു അന്നദ്ദേഹം. ഇന്ന്, വീണ്ടും ആ കേസ് ബഹുമാനപ്പെട്ട കോടതിയിൽ വരുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിന്. ഇനിയും അപ്പീലിനു പോകാനും താത്ക്കാലികമായെങ്കിലും പുറത്തുവരാനും അദ്ദേഹത്തിനു സാധിക്കുമായിരിക്കും. എങ്കിലും, എന്തോ വല്ലാതെ ചീഞ്ഞുനാറുന്ന നമ്മുടെ  കോടതിമുറികളിൽനിന്ന് ഇനിയും അദ്ദേഹത്തിനു എളുപ്പത്തിലൊന്നും പൂര്‍ണമായും വിടുതൽ കിട്ടാൻ ഇടയില്ല. കുറ്റം രാജ്യദ്രോഹമാണല്ലോ.

വിമതാഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചുമത്താനും തടവിലിടാനും ഇന്നത്തെ ഇന്ത്യയിൽ വളരെ എളുപ്പമാണ്‌. ഒരൊറ്റ പരാതി മതി എന്നിടത്തെത്തിനില്ക്കുന്നു കാര്യങ്ങൾ. പ്രശ്നം ഏറ്റെടുക്കാനും, ഊതിപ്പെരുപ്പിക്കാനും ഇവിടുത്തെ കപട-ദേശസ്നേഹികളും, സാൽവാ ജുദൂം പോലുള്ള സർക്കാർ സ്പോൺസേഡ് ഗുണ്ടാസംഘങ്ങളും, മാധ്യമങ്ങളും കൂടെയുണ്ടായാൽ മാത്രം മതിയാകും.

ആദർശ് ഫ്ളാറ്റും, കോമൺവെൽത്തും, രണ്ട്-ജി സ്പെക്റ്റ്രവുമൊക്കെ കാലാന്തരത്തിൽ തേഞ്ഞുമാഞ്ഞുപോവും. കാരണം, അതൊക്കെ വലിയവരുടെ കളിയാണ്‌. കോടികൾ കൈപ്പറ്റുന്നവരുടെയും, അവരുടെ ഇടനിലക്കാരുടെയും, ദല്ലാളുമാരുടെയും. ഇത് അതുപോലെയല്ല. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്നവർ, സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിന്റെ പക്ഷത്തുനിന്ന്, നീതിക്കുവേണ്ടി പൊരുതുന്നവരാണ്‌. സർക്കാരിന്റെ ഗുണ്ടായിസത്തിനും, സാമൂഹ്യവിരുദ്ധനിലപാടുകൾക്കുമെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്തവര്‍. വെല്ലൂരിലെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായി സ്വസ്ഥമായി ഇരുന്ന് ശമ്പളം വാങ്ങുന്നതിൽ ഒതുങ്ങുന്നതല്ല സമൂഹത്തിനോടുള്ള കടമ എന്ന് നിശ്ചയമുള്ള ഡോ.സെന്നിനെപ്പോലുള്ള വിഡ്ഢികളാണ്‌ ഈ പക്ഷത്ത് അധികവുമുള്ളത്. സമാധാനമാര്‍ഗ്ഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ വേറെയും. കോടതിയും കേസുമൊഴിഞ്ഞ് അവർക്ക് നേരമുണ്ടാകില്ല. ജയിലിൽ തന്നെ ചത്തൊടുങ്ങാനായിരിക്കും അവരില്‍ അധികം പേരുടെയും വിധി.

ഈ മനുഷ്യനെ രാജ്യദ്രോഹിയായി കണ്ടെത്തി ശിക്ഷിച്ച സ്ഥിതിക്ക്, അദ്ദേഹത്തെ പോയി കാണാനും, സംസാരിക്കാനും സമയം കണ്ടെത്തിയ ഈയുള്ളവനെപ്പോലുള്ളവർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തി നടപടിയെടുക്കാൻ കോടതിക്ക് കനിവുണ്ടാകണം എന്നോരപെക്ഷയുണ്ട്‌. അതൊക്കെ ഏമാന്മാർക്ക് എളുപ്പമുള്ള പണിയായിരിക്കുമെന്നും അറിയാം.

പ്രോസിക്യൂഷന്റെ ഭാഗത്ത് “ചെറുതും ഗുരുതരമല്ലാത്തതു”മായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഏമാന്റെ വിധിന്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അതൊന്നും സാരമില്ലങ്ങുന്നേ. സർക്കാരിന്റെ പ്രോസിക്യൂഷൻ ആണല്ലോ പ്രധാനം. അതും, ചത്തീസ്ഗഢ് പോലുള്ള സർക്കാരുകളുടെ പ്രോസിക്യൂഷൻ. സൽവാ ജുദൂമിന്റെ ഏതെങ്കിലും പ്രതിനിധികളെയും ബഹുമാനപ്പെട്ട കോടതിയുടെ ഏതെങ്കിലുമൊരു ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. പിന്നെ, കാര്യങ്ങൾ അവർ നേരിട്ട് നടത്തിക്കൊള്ളും. അവർ തയ്യാറാക്കിത്തരുന്ന വിധിന്യായം വായിക്കുക എന്ന ചുമതല മാത്രം മതിയാകും പിന്നെ ഏമാന്മാർക്ക്. ഔട്ട്സോഴ്സിങ്ങിന്റെ യുഗമല്ലേ?

നമ്മുടെ രാജ്യത്തെ ഉന്നതകോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന്‌ ഉറക്കെവിളിച്ചുപറഞ്ഞ ന്യായാധിപന്മാരെയും നമുക്ക് കഴിയുന്നതും വേഗം അകത്താക്കണം. പഠിക്കട്ടെ പ്രശാന്തന്മാരും മാർക്കാണ്ഡേയന്മാരും.

Thursday, December 23, 2010

കുടുംബം ഒരു ശ്രീകോവില്‍

കുടുംബം ഒരു ശ്രീകോവിൽ
പ്രതിഷ്ഠ, ഭർത്താവ്
ശ്രീമൂലസ്ഥാനം-ഉമ്മറം, കിടപ്പറ
ചുറ്റമ്പലം - വീട്, തൊഴിലിടം

മുഖ്യപൂജാരി, ഭാര്യ
ശമ്പളമില്ലാത്ത ദേവസ്വം ജീവനക്കാരി  
കീഴ്ശാന്തിക്കാർ
സാമ്പത്തിക സ്വാശ്രയമില്ലാത്ത
മക്കൾ

പാതിവ്രത്യം, വിധേയത്വം
പ്രധാന വഴിപാടുകള്‍
ഇവയെല്ലാം ഒത്തിണങ്ങിയാല്‍
കുടുംബം ഒരു ശ്രീകോവിൽ

Thursday, December 9, 2010

ഈമെയിലുകളുടെ അതിര്‍ത്തികള്‍

വെറും സമയം കൊല്ലികളായ നർമ്മഭാവനകളും ഗൃഹാതുരത്വവും വിപണനം ചെയ്തിരുന്ന പണ്ടത്തെ നിലയിൽനിന്നും, ഇ-മെയിൽ ഫോർവേർഡുകൾ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

എന്നാൽ ഇന്ന്‌, അവ, ചില പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് വ്യാജശാസ്ത്രത്തെ പ്രതിഷ്ഠിക്കുക, കാര്യകാരണബന്ധങ്ങളെ സമർത്ഥമായി വേർപെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്ത്, വ്യാജോക്തികൾ അവതരിപ്പിക്കുക, അങ്ങിനെ പലതും വരുന്നു ആ ആധുനിക ദൌത്യങ്ങളിൽ. എങ്കിലും, അതിന്റെ സുപ്രധാനമായ ദൌത്യം നഗ്നമായ വർഗ്ഗീയ പ്രചരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുക തന്നെയാണ്‌.

താഴെ കാണുന്ന ഈ ഇ-മെയിൽ ഫോർവേർഡ് ഒരല്പ്പം പഴയതാണ്‌. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ബംഗ്ളാദേശികളെ ഉന്നം വെക്കുകയായിരുന്നു അന്നത്. ഇന്ന്‌ വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ കുപ്പിയിൽ അത്‌ വിപണനം ചെയ്യപ്പെടുന്നത് നോക്കുക.

ഇ-മെയിലുകളിലൂടെ എങ്ങിനെ നമ്മുടെ സമൂഹം, ഇങ്ങിനി അടുക്കാൻ കഴിയാത്തവണ്ണം പരസ്പരവൈരികളായി മാറി എന്ന് നാളെ ആരെങ്കിലും ഗവേഷിക്കാൻ തുനിയുകയാണെങ്കിൽ, അവർക്കുവേണ്ടി ഇത് ഇവിടെയും കിടക്കട്ടെ.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, ഉപജീവനം തേടിയുള്ള അന്യനാട്ടുകാരുടെ (എന്നുവെച്ചാൽ, ബംഗാളാദേശികളുടെ, എന്നുവെച്ചാൽ മുസ്ലിമുകളുടെ, എന്നുവെച്ചാൽ, അന്യമതസ്ഥരുടെ) വരവാണെന്ന അശ്ലീലവും അയുക്തികവുമായ ലഘൂകരണങ്ങളിലേക്കെത്തിയ സാംസ്ക്കാരിക-സാഹിത്യനായകന്മാരെ ഇത്തരം ഇ-മെയിലുകൾ തീർച്ചയായും പുളകം കൊള്ളിക്കുന്നുണ്ടായിരിക്കും.

അതിർത്തി കടന്നുവരുന്നവരിൽനിന്ന്‌ സെക്കുലറിസത്തിലേക്കും, അവിടെനിന്ന് മനുഷ്യാവകാശസമരങ്ങളിലേക്കും, പ്രവർത്തകരിലേക്കും, അവിടെനിന്ന് രാജ്യത്തിലെ നീതിന്യായകോടതികളിലേക്കും, അഴിമതിയിലേക്കും, അവിടെനിന്ന്‌ പൌരന്മാരുടെ പിടിപ്പുകേടിലേക്കും സ്വാർത്ഥതയിലേക്കും, അങ്ങിനെയങ്ങിനെ, പലപല കൊമ്പുകളിലേക്ക് ചാടിമറിഞ്ഞ് കൂക്കിവിളിക്കുന്ന ഈ ചപലവാനരന്മാരുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്‌. ജനങ്ങളെ വിഭജിക്കുക, പരസ്പര അവിശ്വാസവും ഭയവും വെറുപ്പും ജനിപ്പിക്കുക. അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ, ഇന്ത്യയെ ഏകശിലാത്മകമായ ഒരു താലിബാനാക്കുക.

പരസ്പര വിഭജിതമായ ഒരു ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നത്‌, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു അജണ്ടയാണ്‌. കോർപ്പറേറ്റുകളും, ദേശീയതകളും, മതപൌരോഹിത്യവും നേരിട്ടും അല്ലാതെയും നടപ്പാക്കുന്ന ഈ അജണ്ടകളുടെ പിന്നിലുള്ളത് ആ പഴയ, വലിയ അമരക്കാരൻ തന്നെയാണ്‌.

ഇത്തരം ഇ-മെയിൽ ഫോർവേർഡുകൾ വീണ്ടും വീണ്ടും ഫോർവേർഡ് ചെയ്യുകവഴി, ശതകോടി ഹൃദയങ്ങളിലേക്കാണ്‌ ഒരു വിപത് സന്ദേശം നമ്മൾ കയറ്റുമതിചെയ്യുന്നത് എന്നുകൂടി ഓർമ്മവേണം.

ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ. അവയിൽനിന്ന്, അവ നൽകുന്ന പാഠങ്ങൾകൂടി ഉള്ളിൽ ഉരുത്തിരിയണം.


IF U CROSS THE BORDER ILLEGALLY.............


If you cross the   " The North Korean "   border illegally,  you get ..... 12 years hard labour in an isolated prison .....

If you cross the   " Iranian "    border illegally,  you get ..... detained indefinitely .....


If you cross the   " Afghan "   border illegally,  you get ..... shot .....

 
If you cross the   " Saudi Arabian "   border illegally,  you get ..... jailed .....


If you cross the   " Chinese "   border illegally,  you get ..... kidnapped and may be never heard of - again .....

 
If you cross the   " Venezuelan "   border illegally,  you get ..... branded as a spy and your fate sealed .....

 
If you cross the   " Cuban "   border illegally,  you get ..... thrown into apolitical prison to rot .....

 
If you cross the   " British "   border illegally,  you get ..... arrested, prosecuted, sent to prison and be deported after serving your sentence .....


Now ..... if you were to cross the   " Indian "   border illegally,  you get .....

1.   A ration card
 
2.   A passport  ( even more than one - if you please  ! )

 
3.   A driver's licence

 
4.   A voter identity card

 
5.   Credit cards

  
6.   A Haj subsidy

  
7.   Job reservation

 
8.   Special privilages for minorities

  
9.   Government housing on subsidized rent

 
10. Loan to buy a house

  
11. Free education

 
12. Free health care

  
13. A lobbyist in New Delhi,  with a bunch of media morons and a bigger bunch of human rights activists promoting your   " cause "

  
14. The right to talk about secularism,  which you have not heard about in your own country  !

  
15. And of-course ..... voting rights to elect corrupt politicians who will promote your community for their selfish interest in securing your votes  !!!


       Hats off   ..... to the .....
  A.   Corrupt and communal Indian politicians

B.   The inefficient and corrupt Indian police force

C.   The silly pseudo-secularists in India,  who promote traitors staying here
  
D.   The amazingly lenient Indian courts and legal system


E.   The selfish Indian citizens,  who are not bothered about the dangers to their own country

F.   The illogically brainless human-rights activists,  who think that terrorists deserve to be dealt with by archaic laws meant for an era,  when human beings were human beings.

THE MINIMUM U CAN DO (IF U R LIVING) IS FORWARD THIS TO ALL  

Sunday, November 7, 2010

അധിനായക ജയഹേ

വന്ദനം മഹാരാജ്ഞീ
വന്ദനം മഹാരാജൻ
നമിക്കുന്നേൻ തവ പാദാംബുജ
പത്മങ്ങളടിയങ്ങൾ

പാരിതിൽ സസന്തോഷം
എന്നെന്നും വിരാജിക്കാൻ
സന്തതം തുണയ്ക്കട്ടെ
കരുണാമയനീശൻ

എത്ര സംവത്സരങ്ങൾ
കഴിഞ്ഞൂ സസന്തോഷം
ആ നുകത്തിൻ കീഴിൽ
അടിമകളായ് ഞങ്ങൾ

ഇന്നുമാ സുദിനങ്ങൾ
ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
ഉള്ളിൽ നിറയുന്നു
അവിച്ഛിന്ന ഹർഷോന്മാദം

തിന്ന ചോറിനു നന്ദിയില്ലാത്തോർ ചിലർ
നിങ്ങളെ ചോദ്യം ചെയ്തു
ആട്ടിപ്പുറത്താക്കി
സ്വാതന്ത്യം,ജനായത്തം
പരമാധികാരം എന്നീ
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
വന്നൂ പിന്നെ

അപ്പോഴും ഞങ്ങളിൽച്ചിലർ-
ക്കോർമ്മയിൽ ശിഷ്ടം വന്നു
പഴയൊരടിമക്കാലത്തിന്റെ
പൊയ്പ്പോയ സമൃദ്ധികൾ

ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
നെഞ്ചുപൊട്ടുന്നു, കര
കവിഞ്ഞൊഴുകുന്നു
വറ്റാത്ത സങ്കടൽ

കവിതയും കഥയുമായ്
കാത്തുനില്ക്കുന്നൂ ഞങ്ങൾ
തിരികെ വരിക നിങ്ങൾ
അധിനായകന്മാരെ

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

Wednesday, October 13, 2010

ചിലവാകാത്ത ചിലവുകള്‍

യു.എ.ഇ.യിലെ അന്യരാജ്യ തൊഴിലാളികൾക്കുവേണ്ടി സർക്കാർ വർഷത്തിൽ 50 ബില്ല്യൺ ദിർഹം ചിലവഴിക്കുന്നു എന്ന്‌ വാർത്ത. സായദ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക്ക് റിസർച്ച് സ്ഥാപനത്തിന്റേതാണ്‌ വെളിപ്പെടുത്തൽ. കണക്കുകളും അവതരിപ്പിക്കുന്നുണ്ട് വാർത്തയിൽ. അടിസ്ഥാനസൌകര്യങ്ങൾക്കും, സാമൂഹ്യസുരക്ഷക്കും, വൈദ്യുതി ഇളവുകളും എല്ലാമടക്കം, ഒരു തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന14,066 ദിർഹത്തിൽനിന്ന്‌ ഫീസിനത്തിലും മറ്റും തൊഴിലാളികൾ സർക്കാരിലേക്ക് അടക്കുന്ന 2507 ദിർഹം തട്ടിക്കിഴിച്ചാൽ, ഒരു അന്യരാജ്യ തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന ശരാശരി പണം 11,559 ദിർഹം.

വിദഗ്ദ്ധ തൊഴിലാളികൾക്കും അവിദഗദ്ധ തൊഴിലാളികൾക്കും വേണ്ടി ചിലവഴിക്കുന്നതിന്റെ കണക്കുകളുമുണ്ട് വാർത്തയിൽ.

സർക്കാരും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പതിവായി നടത്തുന്ന പഠനങ്ങളുടെ ഭാഗമായി മാത്രം കണ്ടാൽ മതിയായിരുന്നു ഇത്തരം നിർദ്ദോഷമായ സ്റ്റാറ്റിസ്റ്റുകളെ. എങ്കിലും ഇത്തരം റിപ്പോർട്ടുകൾ ഒരു ഏകപക്ഷീയസ്വഭാവം കാണിക്കുന്നുണ്ട് എന്നുവേണം പറയാൻ. സത്യത്തിൽ നിന്ന് അകലെയുമാണ്‌ ഇത്തരം കണക്കുകൾ എന്ന്‌ സാമാന്യമായ അനുഭവം സാക്ഷ്യം നല്കുകയും ചെയ്യും.

സർക്കാരിൽനിന്ന് തൊഴിലാളികൾക്കു കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും സർക്കാരിനു തിരിച്ചു കിട്ടുന്നില്ലേ, ഇതേ തൊഴിലാളികളിൽനിന്ന്? അതിനെ ഏതു മാനദണ്ഡം അനുസരിച്ചായിരിക്കും വിലയിരുത്തുക? അല്ലെങ്കിൽ വിലയിരുത്തേണ്ടത്? 11,559 ദിർഹമിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ യു.എ.ഇ.യിലെ എത്ര ശതമാനം അന്യരാജ്യ തൊഴിലാളികൾക്കു സാധിക്കുന്നുണ്ട്.

ഇവിടെ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം അന്യരാജ്യ തൊഴിലാളികൾക്കു കിട്ടുന്ന ശമ്പളവും സൌകര്യങ്ങളും കണക്കാക്കുമ്പോൾ 11,559 ദിർഹത്തിന്റെ “സോഷ്യൽ കോസ്റ്റ്‘ എന്നത് അസാമാന്യ ഫലിതമാകാനാണ്‌ സാധ്യത. ഒരു ശരാശരി അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു കൊല്ലത്തെ മൊത്തം ശമ്പളത്തിനു തുല്ല്യമോ അതിനേക്കാളധികമോ ആയിരിക്കും ഈ തുക (സർക്കാരിന്റെ സാമൂഹ്യ ചിലവും പൗരന്റെ ശമ്പളവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് സ്ഥിതിവിവര ശാസ്ത്രജ്ഞരുടെ കണ്ണിൽ വിവരക്കേടായിരിക്കുമെങ്കിലും).

ഡാറ്റയിൽ സൂചിപ്പിച്ച എല്ലാ സൌകര്യങ്ങളും അന്യരാജ്യതൊഴിലാളികൾക്ക് സൌജന്യമായോ, ഇളവുവ്യവസ്ഥയിലോ കിട്ടുന്നു എന്ന തോന്നലാണ്‌ ഈ റിപ്പോർട്ട് ഉളവാക്കുക. എന്നാൽ വാസ്തവം അതാണോ?

ഇവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്കൊക്കെ ആനുപാതികമായതോ, ചിലപ്പോഴൊക്കെ ഉയർന്നതോ ആയ വിലയും കൊടുക്കേണ്ടിവരുന്നുണ്ട് ഏതൊരു സാധാരണക്കാരനും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വാർത്തയിൽ സൂചിപ്പിച്ച ആ 80 ശതമാനം തൊഴിലാളിവർഗ്ഗതിനു തന്നെയാണുതാനും. ഊർജ്ജരംഗത്ത് കിട്ടുന്നതായി സൂചിപ്പിച്ച സബ്സിഡികൾ സർക്കാർ കണക്കുകൂട്ടുന്നത് എങ്ങിനെയാണെന്നറിയില്ല. എങ്കിലും, അനുഭവത്തിൽ, കഴിഞ്ഞ ചില വർഷങ്ങളായി അത് ഉയരുകതന്നെയാണ്‌. ഷാർജയുടെ കാര്യമാകട്ടെ പറയാനുമില്ല. തുടർച്ചയായ പവർകട്ടുകളും, അന്യായമായ ഉപഭോഗനിരക്കുകളും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു. ദുബായിലെയും അബുദാബിയിലെയും സ്ഥിതിയും മറിച്ചല്ല. അടിസ്ഥാനസൌകര്യങ്ങൾ വികസിക്കുന്നുണ്ട് എന്നു സമ്മതിക്കുമ്പോൾ തന്നെ, അതിനെല്ലാം വിലയും കൊടുക്കേണ്ടിവരുന്നുണ്ട്, അന്യരാജ്യതൊഴിലാളികളടക്കമുള്ള പൊതുജനങ്ങൾക്ക്.

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളുടെ കാര്യത്തിലും നില മെച്ചമല്ല. ആരോഗ്യ ഇൻഷുറൻസിന്റെ സൌജന്യം ലഭിക്കുന്നത് വളരെ കുറച്ചു ശതമാനത്തിനു മാത്രമാണ്‌. അബുദാബിയിലൊഴിച്ച്‌ മറ്റൊരു എമിറേറ്റ്സിലും തൊഴിലാളികൾക്കുവേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസമാകട്ടെ, ഏറ്റവുമധികം കച്ചവട സാധ്യതയുള്ള രംഗമായി മാറിയിരിക്കുന്നു. ആ മേഖലയിലെ ഏകാധിപതികളുടെ താത്പര്യത്തിനനുസരിച്ച് തുള്ളുകയാണ്‌ വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളുടെയും പാഠ്യരീതികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ വർഷാവർഷം വർദ്ധിച്ചുവരുന്ന സ്കൂൾ ഫീസുകളും, അദ്ധ്യാപികാദ്ധ്യാപകർക്കു ലഭിക്കുന്ന ഏറ്റവും ശോച്യമായ ശമ്പളനിരക്കുകളുമൊക്കെ ആ മേഖലയെ സാരമായി ബാധിക്കുന്നുമുണ്ട്.

സാമൂഹ്യ ചിലവുകൾ കണക്കാക്കുമ്പോൾ, അതിന്റെ ഗുണഭോക്താക്കൾ യഥാർത്ഥത്തിൽ ആരൊക്കെയാണെന്നും, ഗുണഫലങ്ങൾ എത്തേണ്ടിടത്ത് എത്തുന്നുണ്ടോയെന്നും, സാധാരണക്കാരായ പ്രവാസികളുടെ ചിലവിലാണോ ഈ ചിലവുകൾ നടപ്പാക്കുന്നതെന്നും കൂടി സർക്കാർ കണക്കെടുക്കേണ്ടതാണ്‌.

യു.എ.ഇ.യിലെ തദ്ദേശീയരുടെയും അന്യരാജ്യക്കാരുടെയ്ഉം തൊഴിൽ പ്രാതിനിധ്യത്തിന്റെ കണക്കുകളും വാർത്തയിലുണ്ട്. 31 ശതമാനം തദ്ദേശീയർ തൊഴിലില്ലാതവരാണെന്ന അസ്വാസ്ഥ്യമുണ്ടാക്കുന്ന കണ്ടെത്തലുകൾ സാമൂഹ്യ ചിലവുകളെക്കുറിച്ചുള്ള സർക്കാരിന്റെ അടിയന്തിരമായ പുനർവിചിന്തനം ആവശ്യപ്പെടുകയും ചെയ്യുന്നു.

Thursday, October 7, 2010

കൊമ്പുള്ള ജീവികൾ

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ മധുരച്ചൂരൽ എന്ന പംക്തിയിൽ ഡോ.എം.മുരളീധരൻ എഴുതിയ കുറിപ്പ്, കേരളത്തിലെ ചികിത്സാ രംഗത്തെക്കുറിച്ച് നിത്യവും വിചിത്രവും അവിശ്വസനീയവുമായ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരിൽ പറയത്തക്ക ക്ഷോഭവും ഞെട്ടലുമൊന്നും ഉണ്ടാക്കാൻ ഇടയില്ല.



ഡോ.രാംഗോപാൽ എന്നൊരു പുഴുക്കുത്തിനെ ഈ കുറിപ്പിൽ നമുക്ക് പരിചയപ്പെടാനാകും. ലേഖകൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജിലെ ട്യൂട്ടർ-MCH വിദ്യാർത്ഥിയായിരുന്നു രാംഗോപാൽ. എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസ്സാകുന്ന ഒരു ജീവി.

തലയിൽ വളരുന്ന കൊമ്പുമായി ആശുപതിയിലെത്തിയ നിസ്സഹായനായ ഒരു മനുഷ്യനെ തന്റെ മൂന്നാംവർഷ വൈദ്യവിദ്യാർത്ഥികൾക്ക് സ്പെസിമനായി കൊണ്ടുനിർത്തി പരിശോധിപ്പിക്കുന്ന ഇയാൾ, എല്ലാ പരിശോധനകൾക്കും തൊട്ടുകൂട്ടലിനും നിന്നുകൊടുത്ത് ഒടുവിൽ ക്ഷമകെട്ട് തന്റെ രോഗവിവരം അന്വേഷിക്കുന്ന ആ പാവപ്പെട്ട രോഗിയോട്, ഇത് നിന്റെ തലവിധിയാണെന്നു കരുതിയാൽ മതി എന്ന് പരിഹസിച്ച് ചിരിക്കുന്നു. രോഗിയോടുള്ള രാംഗോപാലന്റെ മറുപടി അന്ന് ആസ്വാദ്യമായി തോന്നിയെങ്കിലും ഇന്ന്, വർഷങ്ങൾക്കുശേഷം അതിലെ ക്രൂരഫലിതം തന്റെ ഉള്ളുപൊള്ളിക്കുന്നതായി ഡോ.മുരളീധരൻ തിരിച്ചറിയുന്നു.

രാംഗോപാൽ എന്ന മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കാം. കേരളത്തിലോ, മറ്റേതെങ്കിലും സംസ്ഥാനത്തോ, ഇന്ത്യക്കുപുറത്തോ എവിടെയെങ്കിലും. ഇന്നും രോഗികളെ തന്റെ സ്പെസിമൻ മാത്രമായി കണ്ട്, പരിഹസിച്ച്, ചികിത്സിച്ച് കൊന്നും, കൊല്ലാതെ കൊന്നും, ആഡംബരപൂർണ്ണമായി ജീവിതം തള്ളിനീക്കി, റൊട്ടേറിയനോ, ലയണോ ആയി വിരാജിക്കുന്നുണ്ടായിരിക്കാം. ഒരു അദ്ധ്യാപകൻ എന്തായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി ഇന്ന് ഒരു പഴയ വിദ്യാർത്ഥി അയാളെ ഓർക്കുന്നുണ്ട് എന്നു മാത്രമേ നമുക്കറിയൂ.

രാംഗോപാലുമാരെപ്പോലുള്ള പുഴുക്കുത്തുകളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്‌. മറ്റെന്തൊക്കെയോ ആകേണ്ടിയിരുന്നവരും, ആകാൻ മോഹിക്കുന്നവരുമായ കുട്ടികളെ, സ്വന്തം അഹന്തയുടെയും അന്തസ്സിന്റെയും പൂർത്തീകരണത്തിനായി നിർബന്ധപൂർവ്വം മറ്റു വഴികളിലേക്ക് ഉന്തിതള്ളിനീക്കുന്ന രക്ഷകർത്താക്കളും, അവരുടെ സ്വാർത്ഥതകൾക്ക് സീമാതീതമായ അവിശുദ്ധസാധ്യതകൾ ഒരുക്കൂട്ടിക്കൊടുക്കുന്ന സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും, ജനങ്ങളുടെ ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്ത്വത്തെ ഏറ്റവും അപ്രധാനമായ പരിഗണനാവിഷയമാക്കി പിന്നാമ്പുറത്തേക്കു മാറ്റിവെക്കുന്ന സർക്കാരുകളും, ഇവക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം പോലും നഷ്ടപ്പെട്ട നമ്മളും എല്ലാം ഇതിൽ കൂട്ടുപ്രതികളാണ്‌. ഇത്തരം അവിശുദ്ധമുന്നണിയുടെ സൃഷ്ടികളാണ്‌ രാംഗോപാലിനെപ്പോലുള്ള അർബ്ബുദങ്ങൾ.


 

Wednesday, July 7, 2010

ബുദ്ധിജീവികളുടെ പക്കമേളക്കാര്‍

കളിയുടെ ഒന്നാം ഘട്ടത്തില്‍, മാധ്യമങ്ങള്‍ക്കും സങ്കുചിതസ്വത്വരാഷ്ട്രീയക്കാര്‍ക്കും വിജയം. ഇതുവരെയും ആക്രമണം ഇടതുപക്ഷത്തിന്റെ പുറന്തോടിനോടു മാത്രമായിരുന്നുവെങ്കില്‍, ഇന്നവര്‍ ആ പ്രസ്ഥാനത്തിന്റെ ആശയപരിസരങ്ങളെത്തന്നെയാണ്‌ എളുപ്പത്തില്‍ തോല്‍പ്പിച്ചിരിക്കുന്നത്‌. പുരോഗമനപ്രസ്ഥാനങ്ങളുടെ ശക്‌തരായ വക്‌താക്കളെ മുഴുവനും പരസ്പര അവിശ്വാസത്തിന്റെയും വിതര്‍ക്കങ്ങളുടെയും ചേരികളിലേക്ക്‌ ഭിന്നിപ്പിച്ച്‌ അകറ്റുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഥവാ, ഭിന്നത രൂക്ഷമാണെന്ന തോന്നല്‍ പാര്‍ട്ടിയിലും അണികള്‍ക്കുമിടയിലും ഉണ്ടാക്കുന്നതിലെങ്കിലും അവര്‍ വിജയിച്ചിരിക്കുന്നു. പരസ്പരപൂരകമായിരിക്കേണ്ടുന്ന ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പക്ഷത്തുമാത്രമേ നില്‍ക്കാനാവൂ എന്ന നിര്‍ഭാഗ്യകരമായ സാംസ്കാരിക സാഹചര്യത്തിലേക്കാണ്‌ ഇന്ന്‌ അവര്‍ ഇടതുപക്ഷത്തിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌.

നാഴികയ്ക്കു നാല്‍പ്പതുവട്ടം വലതുപക്ഷ അജണ്ടകളെക്കുറിച്ചും, മാധ്യമസിണ്ടിക്കേറ്റുകളെക്കുറിച്ചും തോരാതെ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പാര്‍ട്ടി, അതേ വലതുപക്ഷ അജണ്ടയുടെയും മാധ്യമസിണ്ടിക്കേറ്റുകളുടെയും കളിയില്‍ കുടുങ്ങി പരസ്പരം ചെളിവാരിയെറിയുന്ന ദുസ്സഹമായ സാംസ്ക്കാരിക ദുര്‍ഗന്ധമാണ്‌ അന്തരീക്ഷത്തില്‍. അത്യധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതും കണിശമായ ഉത്തരങ്ങളും പ്രശ്നപരിഹാരവും കണ്ടെത്തേണ്ടതുമായ ഒരു വിഷയത്തിനെ വ്യക്തിപരമായ ചാപ്പകുത്തലുകളിലേക്ക്‌ നയിച്ചതിന്റെ ക്രെഡിറ്റ്‌ ഇനി മാധ്യമങ്ങള്‍ക്കും വലതുപക്ഷ ആശയപ്രചാരകര്‍ക്കും സ്വന്തം. അവര്‍ ആടുന്ന നാടകത്തിന്റെ കളിയും കാര്യവുമറിയാതെ, അവരുടെ താളത്തിനുതുള്ളിയും, സ്വന്തം മുറിവു തോണ്ടി വലുതാക്കിയും, തീര്‍ത്തും അനാവശ്യമായ മറ്റൊരു ഭ്രാതൃഹത്യയ്ക്കുള്ള കാഹളമാണ്‌ മുഴങ്ങിയിരിക്കുന്നത്‌. കെ.ഇ.എന്നിന്റെയും പോക്കറുടെയും ചേന്നമംഗലൂരിന്റെയും  പക്ഷം പിടിച്ച്‌ സ്വത്വവിവാദകുരുക്ഷേത്രത്തില്‍ അണിനിരക്കുന്ന അക്ഷൌഹിണികളെ കണ്ട്‌ സംഘപരിവാരങ്ങളും ജമാഅത്തൈയും ഊറിച്ചിരിക്കുന്നുണ്ടായിരിക്കുമെന്ന്‌ ഉറപ്പിക്കാം.

 കെ.ഇ.എന്നും ഹമീദും ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രാധാന്യമുള്ളവരാണ്‌ എന്ന അവശ്യം വേണ്ട ബോധം പോലും പാര്‍ട്ടിക്ക്‌ ഇല്ലാതെപോയി. വ്യത്യസ്തമായ രീതിയിലാണെങ്കില്‍പ്പോലും സമൂഹത്തിനുണ്ടായിരിക്കേണ്ട ജനാധിപത്യ-മതേതരത്വ സ്വഭാവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തികഞ്ഞ ബോധമുള്ളവരാണ്‌ ഇരുവരും. എം.ഗംഗാധരന്റെ 'ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍' സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ലെങ്കിലും, മുസ്ളിം സമുദായത്തിനെക്കുറിച്ച്‌ ക്രിയാത്മക വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട്‌ അതിനെ മതേതര-ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്‌ ഹമീദ്‌. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രത്യയശാസ്ത്രത്തെ നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ ഘട്ടങ്ങളിലൊക്കെ പിന്തുണക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ക്ക്‌ വേണ്ടിവരുമ്പോള്‍ സംഘടനയെ പുറത്തുനിന്ന്‌ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന്‌ അംഗീകരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും ചേന്നമംഗലൂരിനെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ഉണ്ടാകേണ്ടതായിരുന്നു. മഞ്ചേരിയിലെ ചുവപ്പുകണ്ട്‌ പാര്‍ട്ടി കോരിത്തരിച്ചപ്പോഴും, മദനിയുമായി ഇടതുപക്ഷം തന്ത്രപരമായ സഖ്യം അരങ്ങിലവതരിപ്പിച്ചപ്പോഴുമൊക്കെ ഹമീദ്‌ തന്റെ നിലപാടുകള്‍ സംശയത്തിനിടനല്‍കാത്ത വിധം വ്യക്തമാക്കിയിരുന്നു. അങ്ങിനെയൊക്കെയുള്ള ഒരാളെ ആര്‍.എസ്സ്‌.എസ്സുകാരന്റെ  സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ  കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക്‌ ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.

കെ.ഇ.എന്നെ മൌദൂദിസ്റ്റ്‌ ആയി കാണുന്നവര്‍ക്കും ആവശ്യമാണ്‌ അടിയന്തിര ചികിത്സ. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തിരിക്കുമ്പോഴും, പാര്‍ട്ടിയുടെ പ്രഖ്യാപിതമായ വര്‍ഗ്ഗരാഷ്ട്രീയത്തെ സ്വത്വപരമായിക്കൂടി വികസിപ്പിക്കാനാണ്‌ കെ.ഇ.എന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്‌. മതമൌലികസ്വത്വബോധത്തിനെതിരെ ഒരുപക്ഷേ ഏറ്റവും നിര്‍ദ്ദയമായി തുറന്നെഴുതിയിട്ടുള്ളതും കെ.ഇ.എന്‍ ആയിരിക്കും. കൂടുതല്‍ ഭീകരമായ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം എഴുതിപ്പോരുന്നതുകൊണ്ട്‌, ഇസ്ളാമിക ഫാസിസത്തെ കെ.ഇ.എന്‍ കാണുന്നില്ലെന്നോ എതിര്‍ക്കുന്നില്ലെന്നോ വ്യാഖ്യാനിക്കാന്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മകസ്വത്വബോധംതന്നെ വേണം. ആശയസമരങ്ങളെ വൈയക്‌തിക തലത്തിലേക്ക്‌ താഴ്ത്തുന്നതിന്‌ താഹ മടായിമാരേക്കാള്‍ ഉത്സാഹം കാട്ടുന്നതും, അതിനു കൂട്ടുനില്‍ക്കുന്നതും ആത്മഹത്യാപരമാണെന്ന സാമാന്യബോധമെങ്കിലും (വല്ലപ്പോഴും) ഉണ്ടാകുന്നത്‌ നന്നായിരിക്കും.

സ്വത്വ-വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു കെ.ഇ.എന്നും, ഹമീദും ഇത്രയും കാലം എഴുതിയിട്ടുള്ളത്‌. വിവാദത്തെതുടര്‍ന്ന്‌, ഭാഷാപോഷിണിയിലും, മാതൃഭൂമിയുടെ കഴിഞ്ഞ രണ്ടുമൂന്നു ലക്കങ്ങളില്‍ വന്ന ലേഖനങ്ങളിലും ആ വിഷയത്തെ ഏറെക്കുറെ സമഗ്രമായി സമീപിക്കുന്നുണ്ട്‌ ഇരുവരും. താഹ മടായിയുടെ, വഴിതെറ്റിക്കുന്ന, ബാലിശമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുക്കുമ്പോള്‍ പോലും വിഷയത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ കെ.ഇ.എന്‍ കരുതല്‍ കാണിക്കുന്നുണ്ട്‌. അഭിമുഖക്കാരന്‍ പ്രതിനിധീകരിക്കുന്ന സങ്കുചിത സ്വത്വബോധത്തിനെ നിര്‍ദ്ദയമായി പ്രഹരിക്കുന്നുമുണ്ട്‌ കെ.ഇ.എന്‍. പക്ഷേ, കെ.ഇ.എന്റെയും  ഹമീദിന്റെയും പക്ഷത്തു നില്‍ക്കുന്നവര്‍ക്കാവട്ടെ, ഇരുവരെയും ഒന്നുകില്‍ ഇരവാദി, അല്ലെങ്കില്‍, സംഘപരി'വാദി' എന്ന ന്യൂനീകരണത്തിലേക്ക്‌ പിടിച്ചുകെട്ടാനാണ്‌ താത്പര്യം. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ മൌലികതയെ എങ്ങിനെ ആരോഗ്യകരമായ സംവാദത്തിലേക്ക്‌ നയിക്കുകയും പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശരിയും കൈക്കൊള്ളാന്‍ ഉപയുക്തമാക്കാമെന്നും നിശ്ചയമില്ലാത്ത പക്കമേളക്കാരാണ്‌ രംഗം കയ്യടക്കുന്നത്‌.

പക്ഷേ, മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ ഇരുവരും എഴുതിയ ലേഖനങ്ങളിലൂടെ കാര്യങ്ങള്‍ വൈയക്തിക തലത്തിലേക്ക്‌ നീങ്ങിയിരിക്കുന്നു. അസഹനീയമായ ആത്മസ്തുതിയില്‍ മത്സരിക്കുകയാണ്‌ ഇരുവരും. കെ.ഇ.എന്‍ ആവുമ്പോള്‍ ഭാഷയ്ക്കും ഒരു പഞ്ഞവുമില്ല. കാവ്യാത്മകമായി അതങ്ങിനെ ഒഴുകുന്നു. ഹമീദാകട്ടെ പതിവുപോലെ, ഖണ്ഡികതിരിച്ചും എണ്ണമിട്ടും. രണ്ടായാലും പക്ഷേ, അഭ്യാസം ഒന്നുതന്നെ.

വലതുപക്ഷ-വര്‍ഗ്ഗീയ ശക്തികളുടെ സംഘടിതമായ ധ്രുവീകരണമാണ്‌ ഇടതുപക്ഷത്തിന്‌, പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഇന്ന്‌ ഇന്ത്യയില്‍ നേരിടേണ്ടിവരുന്നത്‌. മതമൌലികവാദികള്‍ മുതല്‍ ലിബറലെന്നും (ലിബറലുകള്‍ക്ക്‌ സാംസ്ക്കാരിക ഇടത്തിലുള്ള പ്രാധാന്യത്തെ വിസ്മരിക്കുന്നില്ല) അരാഷ്ട്രീയവാദികളെന്നും അവകാശപ്പെടുന്നവര്‍വരെയുള്ള ഒരു വലിയ അവിശുദ്ധസഖ്യത്തിന്റെ ധ്രുവീകരണമാണത്‌. മാധ്യമങ്ങള്‍ അതിലെ വലിയൊരു സാന്നിധ്യമാണ്‌. ജുഡീഷ്യറിപോലും പലപ്പോഴും അതില്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുകയും ചെയ്യുന്നു. അപ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ രാഷ്ട്രീയമായി മാത്രം പരിമിതിപ്പെട്ടുപോകുന്നത്‌ ഇടതുപക്ഷത്തിന്‌ അനുഗുണമായിരിക്കില്ല.

സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ക്ക്‌ പലപ്പോഴും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്‌. പ്രാദേശികതയോടും ന്യൂനപക്ഷങ്ങളോടും, ജാതി-മതശക്തികളോടും, എന്തിന്‌, ഇന്ത്യന്‍ മുതലാളിത്തത്തിനോടും, ഇന്ത്യന്‍ ദേശീയതയോടു പോലുമുള്ള അതിന്റെ ഇത്രനാളത്തെ സമീപനങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശതമാനം എത്രത്തോളമുണ്ടായിരുന്നു എന്ന്‌ ആത്മപരിശോധന നടത്തേണ്ടതാണ്‌. പക്ഷേ അതുകൊണ്ടൊന്നും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തിയും, അത്‌ നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടതിണ്റ്റെ ചരിത്രപരമായ ആവശ്യകതയും ഇല്ലാതാവുന്നുമില്ല. ഇന്നു കാണുന്ന ഇടതുപക്ഷമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെയും (നിസ്സംശയമായും കേരളത്തിന്റെയും) ഭാഗധേയം മറ്റൊന്നായേനേ.

സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌.

‘അവന്‍ പല രൂപത്തില്‍ വരും’ എന്നു തിരിച്ചറിയുന്ന, കീഴടങ്ങാന്‍ തയ്യാറല്ലാത്ത ബഷീറിയന്‍ ഭ്രാന്തുപോലും ചിലപ്പോള്‍ നമുക്ക് ആവശ്യമായി വന്നേക്കാം.

ഭക്ഷ്യസുരക്ഷയുടെ എ.പി.എല്‍, ബി.പി.എല്‍, ഐ.പി.എല്‍ കളികള്‍

ഈ മനുഷ്യന് മടുക്കുന്നില്ലേ, ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാന്‍?


“........Most dishonest of all is the “there-is-no-money” line. The country spends Rs. 10,000 crore on a new airport. There's Rs. 40,000 crore or more for the Commonwealth Games. There's Rs. 60,000 crore happily lost in the spectrum scam. There's Rs. 500,000 crore in write-offs under just three heads for the super-rich and the corporate sector in the current Union budget. But funds for the hungry are hard to come by. What would it cost to universalise the PDS? Pravin Jha and Nilachal Acharya estimate that if rice/wheat were made available to all Indians at Rs. 3 a kilo, it would add Rs.84,399 crore to the food subsidy in coming budgets. That's about one-sixth of the tax write-offs for the wealthy in this year's budget. (Other estimates place the added expenditure each year at no more than Rs. 45,000 crore).

What will be the costs of not finding the money — in a country which ranks at 66 among 88 in the Global Hunger Index? In a nation whose child malnourishment record is worse than that of sub-Saharan Africa? A country now ranking 134 in the United Nations Human Development Index below Bhutan and Laos?

The same country that has 49 dollar billionaires in the Forbes list. (Many of whom receive government freebies in diverse forms. Some for their IPL involvements). If a government will not even try to ensure that no citizen goes hungry, should it remain in power? Or should it, at the very least, state honestly that the food security of every Indian is neither its aim nor its intent? Why tag ‘food security' to a bill that will legitimise the opposite? How can we call something a ‘right' if everyone does not have it?...

നാലാമത്തെയും ആറാമത്തെയും കമന്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണേ.. സായിനാഥിനെ മലര്‍ത്തിയടിച്ചിരിക്കുന്നു....ഈ ജനുസ്സുകളെ ഇവിടെ ബൂലോഗത്തും കണ്ടിട്ടില്ലേ? പല പേരില്‍? പല വേഷത്തില്‍? 

Wednesday, June 23, 2010

നാട്ടറിവ്

രാജ്‌ ഒരു മലയാളിയാണ്‌. ബാംഗ്ളൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍, അവിടെ നല്ലൊരു വീട്‌ കണ്ടെത്തി, ഭാര്യയും കുട്ടികളുമായി അയാള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ വാടക വീട്ടിലേക്ക്‌ താമസം മാറ്റിയതില്‍പ്പിന്നെയാണ്‌ അയാളൊരു കാര്യം ശ്രദ്ധിച്ചത്‌. താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ എല്ലാ നാട്ടുകാരുമുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുനിന്നുമുള്ളവര്‍.  മലയാളികള്‍, തമിഴന്‍മാര്‍, തെലുങ്കര്‍, മറാത്തികള്‍, വടക്കേയിന്ത്യക്കാര്‍ അങ്ങിനെയങ്ങിനെ. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീ തമിഴ്നാട്ടുകാരിയായിരുന്നു.

എല്ലാവരും ഒരുമിച്ച്‌ വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത്‌ അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ്‌ സംസാരിച്ചിരുന്നത്‌.

ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ മാത്രമായിരുന്നു കന്നട സംസാരിച്ചിരുന്നത്‌. അവരുമായി യാത്രാക്കൂലിയുടെ കാര്യത്തില്‍ അയാള്‍ക്ക്‌ നിരന്തരം ശണ്‌ഠ കൂടേണ്ടിയും വന്നിരുന്നു. അവരെയൊഴിച്ചാല്‍, കന്നട സംസാരിച്ചിരുന്ന മറ്റാളുകളെ അയാള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. 'ജാസ്തി', 'സ്വല്‍പ്പ' തുടങ്ങിയ വാക്കുകള്‍ തന്നെ ധാരാളമായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി ഇടപെഴകാന്‍. ബാംഗ്ളൂരിനു ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച്‌ അയാള്‍ക്ക്‌ ആകെയുണ്ടായിരുന്ന വിജ്ഞാനം അത്രമാത്രമായിരുന്നു. ആ കുറച്ചു വാക്കുകള്‍.

ഒരിക്കല്‍ ഈ ഡ്രൈവര്‍മാര്‍ ഏതോ പ്രാദേശിക കൊടിയും കയ്യിലേന്തി നടക്കുന്നത്‌ അയാളുടെ കണ്ണില്‍പ്പെട്ടു. ആ കൊടിയുടെ അര്‍ത്ഥം എന്താണെന്നോ, അതിന്റെ നിറമെന്താണെന്നോ, കൊടിയടയാളമെന്താണെന്നോ ഒന്നും അയാള്‍ ശ്രദ്ധിച്ചില്ല. അയാളെ സംബന്ധിച്ചിടത്തോളം, ഈ ഡ്രൈവര്‍മാരും, ചുരുങ്ങിയ കൂലിക്ക്‌ ജോലി ചെയ്യുന്നവരും ഒരു മഹാശല്യം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ അവരുടെ ധര്‍ണ്ണയും ബന്ദുമൊക്കെ ഉണ്ടാകുമ്പോള്‍ ഗതാഗതം തടസ്സപ്പെടാറുണ്ടായിരുന്നു എന്നതായിരുന്നു അതിനുള്ള ഒരു പ്രധാന കാരണം.

പത്രം വായിക്കുമ്പോള്‍ പ്രാദേശിക വാര്‍ത്തകളൊക്കെ അയാള്‍ ഒഴിവാക്കും. ദേശീയവും അന്തര്‍ദ്ദേശീയവുമായ വാര്‍ത്തകള്‍ മാത്രം വായിക്കുകയായിരുന്നു പതിവ്‌. അയാളുടെ ജീവിതരീതിയില്‍ താന്‍ ജീവിക്കുന്ന നാട്ടിലെ ഉത്സവങ്ങളോ സംഭവങ്ങളോ ഒട്ടും സ്വാധീനം ചെലുത്തിയിരുന്നില്ല. ഒരു കോസ്മോപൊളിറ്റന്‍ നഗരത്തിലായിരുന്നു അയാള്‍ താമസിച്ചിരുന്നതെങ്കിലും അതില്‍ താന്‍ താമസിക്കുന്ന നാട്‌ എന്ന ഘടകം ഉണ്ടായിരുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാലും അയാള്‍ക്ക്‌ അത്‌ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചുറ്റുവട്ടത്തുള്ള കന്നടക്കാരെക്കുറിച്ചോ, അവരുടെ പ്രശ്നങ്ങളെക്കുറിച്ചോ, അവരുടെ ജീവിതരീതി, രാഷ്ട്രീയം എന്നിവയെക്കുറിച്ചോ യാതൊന്നും അറിയേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്‌. ഷോപ്പിംഗിനോ, സിനിമയ്ക്കോ, പോകുമ്പോഴോ ഒന്നും അവരുമായി ഇടപഴകേണ്ട ഒരാവശ്യവും വന്നില്ല.

ഒരിക്കല്‍ വീട്ടില്‍ ചില്ലറ പണികള്‍ ആവശ്യമായി വന്നപ്പോള്‍ അവരെ വിളിക്കേണ്ടിവന്നു. സമയത്തിനെത്തിയില്ലെന്നു മാത്രമല്ല മടിയന്‍മാരുമായിരുന്നു അവര്‍ എന്ന്‌ അയാള്‍ കണ്ടെത്തി. പണി വൃത്തിയായി ചെയ്തതുമില്ല. പിന്നീട്‌ അയാള്‍ തമിഴന്‍മാരായ പണിക്കാരെ വിളിച്ചു. അവര്‍ കൃത്യസമയത്തു വന്ന്‌ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. കന്നടക്കാരെക്കുറിച്ചുള്ള അയാളുടെ അഭിപ്രായം അതോടെ പിന്നെയും മോശമായി. ഈ കന്നടക്കാരെല്ലാവരും കഴിവു കുറഞ്ഞവരും, തൊഴിലിനോട്‌ ഉത്തരവാദിത്ത്വമില്ലാത്തവരുമാണെന്ന്‌ അയാള്‍ ഉറപ്പിച്ചു. ബാംഗ്ളൂരിന്റെ  വളര്‍ച്ചക്ക്‌ അവര്‍ ഒന്നും സംഭാവന ചെയ്യുന്നില്ലെന്ന്‌ അയാള്‍ക്ക്‌ ബോദ്ധ്യമായി.

അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ബാംഗ്ളൂരില്‍ ഒരു നല്ല വീട്‌ അയാള്‍ സ്വന്തമാക്കി. ഒരിക്കല്‍ അയാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. എന്തോ ധര്‍ണ്ണയോ മറ്റോ. എവിടെനിന്നെന്നില്ലാതെ കുറേ കന്നടക്കാരെത്തി. ആകെ ബഹളമയം. സംസ്ഥാനത്തിന്റെ അതിര്‍ത്തിയെച്ചൊല്ലി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന്‌ അയാള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞു. വടക്കന്‍ കര്‍ണ്ണാടകത്തിലെ രണ്ടു ജില്ലകള്‍ മഹാരാഷ്ട്രയിലേക്ക്‌ ചേര്‍ക്കപ്പെടാന്‍ പോകുന്നുവത്രെ. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്‌ എത്രയാലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. ആ പ്രദേശത്തിന്റെ ചരിത്രം പഠിക്കാനൊന്നും അയാള്‍ ഒരിക്കലും മിനക്കെട്ടിരുന്നതുമില്ലല്ലോ.

തൊട്ടടുത്ത ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ ശക്തി വര്‍ദ്ധിച്ചു. ഇന്നലെ വരെ അണിയറയിലായിരുന്ന നാട്ടുകാരായ കന്നടക്കാര്‍ അയാളുടെ ജീവിതത്തിനെ ബാധിക്കാന്‍ തുടങ്ങി. അറിഞ്ഞിടത്തോളം ഈ നഗരവും, അതിലെ വ്യാപാരസമുച്ചയങ്ങളും, ഹോട്ടലുകളും ഒക്കെ അയാളുടേതുമാത്രമായിരുന്നു. അപ്പോള്‍പ്പിന്നെ ഇപ്പോള്‍ പൊട്ടിമുളച്ച ഈ ആളുകള്‍ ആരാണ്‌? അദ്ധ്വാനിച്ച്‌,  തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി കരുപ്പിടിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ ഈ ചെറ്റകള്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു ആവശ്യവുമില്ലാതെ ഈ നഗരാന്തരീക്ഷത്തിനെ തകര്‍ക്കുകയാണ്‌. സാധാരണഗതിയില്‍ സ്വസ്ഥവും ഐശ്വര്യപൂര്‍ണ്ണവുമായ തന്റെ കോസ്മോപോളിറ്റന്‍ ജീവിതത്തിനെ എന്തിനാണിവര്‍ ഇല്ലാതാക്കുന്നത്‌? തനിക്കു പ്രിയപ്പെട്ട എല്ലാത്തിന്റെയും സ്വാസ്ഥ്യം എന്തിനാണിവര്‍ ഈ പ്രക്ഷോഭം കൊണ്ട്‌ ഇല്ലായ്മ ചെയ്യുന്നത്‌?

ബന്ദുകളുടെ എണ്ണം കൂടിയപ്പോള്‍ ഈ പ്രാദേശിക രാഷ്ട്രീയം അയാള്‍ക്ക്‌ മടുത്തു. ബാംഗ്ളൂരിനെ ഒരു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി ഒരു ജനഹിതപരിശോധനക്കുള്ള ആവശ്യം ഉയരുന്നത്‌ അയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ പ്രാദേശിക കുഴപ്പങ്ങളില്‍ നിന്ന്‌ ബാംഗ്ളൂരിലെ കുടിയേറ്റക്കാര്‍ക്ക്‌ രക്ഷപ്പെടണം. ഈ നാട്ടുകള്ളന്‍മാരുടെ ശല്യമില്ലാതെ, സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ജീവിക്കാന്‍ തങ്ങള്‍ക്കു സാധിക്കണം.

ബാംഗ്ളൂരിലെ കുടിയേറ്റക്കാരുടെ ആവശ്യം വളരെ വ്യക്തമായിരുന്നു. അതിന്റെ പിന്നില്‍ അണിനിരക്കാന്‍ രാജിന് എളുപ്പത്തില്‍ സാധിച്ചു. ഈ ബാംഗ്ളൂര്‍ നഗരം സൃഷ്ടിച്ചത്‌ ഈ കുടിയേറ്റക്കാരാണ്‌. ഈ തമിഴന്‍മാരും, മലയാളികളും, തെലുങ്കരും, മറാത്തികളും, വടക്കേ ഇന്ത്യക്കാരും എല്ലാം ചേര്‍ന്ന്. അല്ലായിരുന്നെങ്കില്‍, വൃദ്ധന്‍മാരുടെയും അടുത്തൂണ്‍ പറ്റിയവരുടെയും നഗരമായി കഴിയേണ്ടിവരുമായിരുന്നു ഈ നഗരത്തിന്‌. ഈ കുടിയേറ്റക്കാര്‍ വന്നതില്‍പ്പിന്നെയല്ലേ ഈ കാണുന്ന സമൃദ്ധിയൊക്കെ ഉണ്ടായതും സിലിക്കോണ്‍ താഴ്‌വരയായി അറിയപ്പെട്ടതുമൊക്കെ? ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. എന്തിനാണ്‌ ഈ പ്രാദേശികരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്‌ എന്നാണ്‌ കുടിയേറ്റക്കാര്‍ക്ക്‌ ചോദിക്കാനുള്ളത്‌. ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോള്‍ ഐക്യ കര്‍ണ്ണാടകയുടെ ചിത്രമാണ്‌ കണ്ടത്‌. ഇന്ന്‌ അതില്‍ നിന്ന്‌ രണ്ടു ജില്ലകള്‍ വേര്‍പെടുന്നു. അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. എന്തുകൊണ്ട്‌ ഞങ്ങള്‍ക്കും ഈ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു കേന്ദ്രഭരണപ്രദേശമായി വേര്‍പെടുത്തി ഈ പ്രാദേശികരാഷ്ട്രീയത്തില്‍ നിന്ന്‌ രക്ഷപ്പെട്ടുകൂടാ? ഈ ചട്ടമ്പികളും തെമ്മാടികളുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക്‌ ഈ കന്നടക്കാരുടെ കൂടെ ഇവിടെത്തന്നെ കഴിയേണ്ടതിന്റെ ആവശ്യമെന്താണ്‌?

നാട്ടുകാരേക്കാള്‍ എണ്ണത്തില്‍ ഭൂരിപക്ഷമുള്ള കുടിയേറ്റക്കാര്‍ അങ്ങിനെ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമം ആരംഭിച്ചു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ മുസ്ളിമുകള്‍ താമസിക്കുന്ന ഒരു പ്രദേശമുണ്ടെന്ന്‌ രാജ്‌ കണ്ടെത്തി. ബാംഗ്ളൂരില്‍ താമസമാക്കിയതിനുശേഷം ഇന്നുവരെ അയാള്‍ ആ പ്രദേശത്തേക്ക്‌ ഒരിക്കലും പോയിട്ടുണ്ടായിരുന്നില്ല. അവരെക്കുറിച്ച്‌ അയാള്‍ തീര്‍ത്തും അജ്ഞനായിരുന്നു. മിക്ക കുടിയേറ്റക്കാരും ആ പ്രദേശത്തെ അവഗണിച്ചു. മതം കൊണ്ടോ ഭാഷ കൊണ്ടോ അവരുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്‌. കന്നട ഭാഷയിലെ മുസ്ളിം സ്വാധീനത്തെക്കുറിച്ച്‌ എപ്പോഴും കര്‍ണ്ണാടകക്കാരെ ഈ കുടിയേറ്റക്കാര്‍ പരിഹസിക്കാറുമുണ്ടായിരുന്നു. നഗരത്തിന്റെ  മറ്റെല്ലാ ഭാഗങ്ങളും വികസിതമായപ്പോള്‍, ഈ പ്രദേശം മാത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു. ആ ഭാഗത്ത്‌ അധികവും ഉണ്ടായിരുന്നത്‌ ചേരികളും ചെറ്റക്കുടിലുകളുമായിരുന്നു. നഗരത്തിലെ ഈ ഭാഗത്തിന്റെ ദുരിതം മനസ്സിലാക്കാന്‍ ഒരു കുടിയേറ്റക്കാരനും ഇന്നലെ വരെ ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ന്‌, ഈ മുസ്ളിങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്‌ പ്രിയപ്പെട്ടവരായി മാറി. നാട്ടുകാരായ കര്‍ണ്ണാടകക്കാരുമായി മുസ്ളിങ്ങള്‍ പണ്ടേ അത്ര സുഖത്തിലല്ല എന്ന്‌ അവര്‍ മനസ്സിലാക്കി. കേന്ദ്രഭരണപ്രദേശമായി ബാംഗ്ളൂരിനെ മാറ്റിയെടുക്കാന്‍ ഈ മുസ്ളിങ്ങളുടെ പിന്തുണ വേണമെന്നതുകൊണ്ട്‌ അവര്‍ക്കുനേരെ കുടിയേറ്റക്കാരുടെ സഹതാപം ഒഴുകാന്‍ തുടങ്ങി. അങ്ങിനെ, ഈ മുസ്ളിങ്ങളുടെ സഹായത്തോടെ, ജനഹിതപരിശോധനക്കുവേണ്ടിയുള്ള കുടിയേറ്റക്കാരുടെ ശബ്ദം ശക്തിപ്രാപിച്ചു. നാട്ടുകാരായ കന്നടക്കാരാകട്ടെ ഈ ജനഹിതപരിശോധനക്കെതിരെ അണിനിരക്കുകയും ചെയ്തു. എന്തായാലും ജനഹിതപരിശോധനയുമായി മുന്നോട്ടുതന്നെ പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്‌. സൈന്യത്തെ ക്ഷണിക്കേണ്ടി വന്നു. ബാംഗ്ളൂരിലെ താമസക്കാര്‍ക്കുമാത്രമേ വോട്ടുചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട്‌ പ്രതീക്ഷിച്ചതുപോലെ കുടിയേറ്റക്കാര്‍ ജയിച്ചു. കര്‍ണ്ണാടകത്തിന്റെ ഉള്ളില്‍ ബാംഗ്ലൂര്‍ എന്ന കേന്ദ്രഭരണപ്രദേശം നിലവില്‍ വന്നു. പുതിയ കര്‍ണ്ണാടകത്തിന്റെ തലസ്ഥാനം മൈസൂരിലേക്ക്‌ മാറ്റാന്‍ നിര്‍ബന്ധിതമായി. വിധാന്‍ സൌധ്‌ അടക്കമുള്ള മറ്റു കെട്ടിടങ്ങള്‍ പുതിയ കേന്ദ്രഭരണപ്രദേശത്തിന്റെ സിരാകേന്ദ്രങ്ങളായി മാറി.

ഈ പ്രവണതയുടെ ചുവടു പിടിച്ച്‌ കൊല്‍ക്കൊത്തയിലെ ബീഹാറികളും ബംഗ്ളാദേശികളും അവരുടെ നഗരത്തില്‍ മറ്റൊരു ജനഹിതപരിശോധന ഒപ്പിച്ചു. അവിടെയും കുടിയേറ്റക്കാരാണ്‌ വിജയിച്ചത്‌. പശ്ചിമബംഗാളില്‍ നിന്ന്‌ കൊല്‍ക്കൊത്ത എന്ന കേന്ദ്രഭരണപ്രദേശം രൂപപ്പെട്ടുവന്നു. പശ്ചിമബംഗാളിന്റെ തലസ്ഥാനം ഖരഗ്‌പൂറിലേക്ക്‌ മാറ്റി.

മുംബൈയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നു. പക്ഷേ അതിനെതിരെ പ്രാദേശിക മറാത്തകള്‍ സംഘടിച്ച്‌ അന്യസംസ്ഥാനക്കരുടെ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. മുംബൈ ഒഴിഞ്ഞുപോകണമെന്ന്‌ ഭീഷണി മുഴക്കാന്‍ തുടങ്ങി അവര്‍. അന്യസംസ്ഥാനത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിച്ചു. മറാത്തികളല്ലാത്തവര്‍ മുംബൈയിലേക്ക്‌ വരുന്നത്‌ നിരോധിച്ചു. മുംബൈ തെരുവുകളിലെ ലഹളകളൊതുക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യമായി. 

ചെന്നൈയിലും സമാന സംഭവങ്ങള്‍ ഉണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തമിഴന്‍മാരല്ലാത്തവരെ ചവുട്ടി പുറത്താക്കി. ബാം എന്ന കേന്ദ്രഭരണപ്രദേശത്ത്‌ കാര്യങ്ങള്‍ ചൂടുപിടിച്ചുതുടങ്ങിയിരുന്നു. ഒരു ദിവസം രാവിലെ രാജ്‌ നോക്കുമ്പോള്‍ വീട്ടിലെ പൈപ്പുകള്‍ പണിമുടക്കിയിരുന്നു. ബാംഗ്ളൂരിനെ തങ്ങളില്‍നിന്ന്‌ മുറിച്ചുമാറ്റിയ കുടിയേറ്റക്കാരുടെ പ്രവൃത്തിക്കെതിരെ രോഷാകുലരായ കര്‍ണ്ണാടക്കാരുടെ പണിയാണ്‌ അതെന്ന്‌ ടിവിയില്‍നിന്ന്‌ അറിയാന്‍ കഴിഞ്ഞു. പിറ്റേന്ന്‌ നോക്കിയപ്പോള്‍ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുന്നു. ബാംഗ്ളൂരിനു പുറത്തെ വൈദ്യുതനിലയം ആരോ നശിപ്പിച്ചുവത്രെ. പിന്നീടുള്ള മൂന്നു ദിവസം ബാംഗ്ളൂര്‍  നഗരം പൂര്‍ണ്ണമായും അന്ധകാരത്തില്‍ കഴിഞ്ഞു.

പച്ചക്കറിയുടെ വരവും നിലച്ചു. ഒരു കിലോ തക്കാളിക്ക്‌ വില 200 രൂപയായി. അടുത്തയാഴ്ച, ഓടകളിലെ വെള്ളം കെട്ടിടത്തിന്റെ  അടിഭാഗത്ത്‌ നിറയാന്‍ തുടങ്ങി. ബാംഗ്ളൂര്‍ നഗരത്തിന്റെ തെരുവുകളില്‍ ഓടവെള്ളം നിറയാന്‍ തുടങ്ങി. നഗരം പൂര്‍ണ്ണമായി സ്തംഭിച്ചു. തന്റെ നഗരത്തിന്റെ  സിരാപടലങ്ങള്‍ ചുറ്റുവട്ടത്തുള്ള പ്രദേശവുമായി എങ്ങിനെയാണ്‌ ബന്ധപ്പെട്ടുകിടക്കുന്നതെന്ന്‌ അന്നാദ്യമായി രാജ്‌ മനസ്സിലാക്കി. നഗരത്തിന്റെ  പുറം ലോകവുമായി താന്‍ തീര്‍ത്തും ബന്ധവിമുക്തനാണെന്നായിരുന്നു ഇന്നലെ വരെ അയാള്‍ വിശ്വസിച്ചിരുന്നത്.

നാല്‌ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, ബാംഗ്ളൂരിലെ ഒരു പ്രമുഖ എം.എന്‍.സി ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടു. എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും സ്ഥിതി വഷളാവാന്‍ പോവുകയാണെന്ന്‌ അവര്‍ക്ക്‌ അവരുടെ എംബസ്സിയില്‍നിന്ന്‌ വിവരം ലഭിച്ചുവത്രെ. മിക്കവാറും എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും, തദ്ദേശീയരേക്കാള്‍ അധികം കുടിയേറ്റക്കാരാണ്‌ ഉള്ളത്‌ എന്നതിനാല്‍, എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരെ ഇതേ രീതിയിലുള്ള തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന്‌ അവര്‍ പ്രവചിച്ചു. ജനഹിതപരിശോധനയിലൂടെ ഒരു നഗരത്തെ അതിന്റെ പരിസരങ്ങളില്‍നിന്നും വേര്‍പെടുത്തുന്നതില്‍ മാതൃക കാണിച്ചത്‌ ബാംഗ്ളൂരാണ്‌.

അതിനുശേഷം മറ്റു ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യ വിട്ടുപോകുന്നതായി അറിയിച്ചു. വിദേശനിക്ഷേപകര്‍ തങ്ങളുടെ പൈസ കൂട്ടത്തോടെ പിന്‍വലിച്ചു. സെന്‍സെക്സ്‌ കുത്തനെ ഇടിഞ്ഞ്‌ 2000-നു താഴെയായി. ചരിത്രത്തിലെ ഏറ്റവും വലിയ പതനം. കുറച്ചുമാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആഭ്യന്തര ഉത്‌പാദനം മൈനസ്‌ രേഖപ്പെടുത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയാണ്. ഇനി അതിനെ ഇനി തടഞ്ഞുനിര്‍ത്താനവില്ല.

ബാംഗ്ളൂര്‍ നഗരത്തിനോട്‌ വിട്‌ പറഞ്ഞ്‌, കുടുംബസമേതം നാട്ടിലേക്ക്‌ മടങ്ങിയ രാജ്‌ ഇന്ന്‌ കേരളത്തില്‍ ഒരു അദ്ധ്യാപകനായി ജോലിചെയ്യുന്നു. അങ്ങിനെയിരിക്കുമ്പോളൊരിക്കല്‍ ഒരു പുസ്തകം അയാളുടെ കണ്ണില്‍‌പ്പെട്ടു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച അഗസ്ത്യ സെന്‍ എന്നൊരാള്‍ എഴുതിയ പുസ്തകമായിരുന്നു അത്‌. നഗരങ്ങളുടെയും അവ സ്ഥിതി ചെയ്യുന്ന നാടുകളുടെയും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. അതിന്റെ രത്നച്ചുരുക്കം ഇതാണ്‌:

ഒരു നാടിന്റെ കിരീടത്തിലെ രത്നങ്ങളാണ്‌ അതിന്റെ നഗരങ്ങള്‍. കുടിയേറ്റക്കാരെ സൌഹൃദത്തോടെ സ്വീകരിച്ച്‌ നഗരങ്ങളെ കോസ്മോപൊളിറ്റന്‍ ആക്കുന്നതിനുവേണ്ടി നാടിന്‌ പലതും ത്യജിക്കേണ്ടിവരുന്നു. പ്രകൃതിവിഭവങ്ങളും, വൈദ്യുതിയും, ജലവും തങ്ങളുടെ നഗരങ്ങള്‍ക്ക്‌ നല്‍കി കുടിയേറ്റക്കാരെയും അവരുടെ നിക്ഷേപത്തെയും മാടിവിളിച്ച്‌, കുടിയേറ്റക്കാര്‍ക്കും, നിക്ഷേപകര്‍ക്കും തദ്ദേശീയര്‍ക്കും ഒരുപോലെ ജീവിതയോഗ്യമാക്കി മാറ്റുന്നു അത്‌ നഗരത്തിനെ. നഗരത്തിന്റെ  വളര്‍ച്ചയ്ക്ക്‌ കുടിയേറ്റക്കാരും നിക്ഷേപവും എത്ര വലിയ സംഭാവന ചെയ്താലും, ആ നഗരങ്ങള്‍ ആ നാടിന്റെ അവിഭാജ്യമായ ഒരു ഭാഗം തന്നെയാണ്‌. കുടിയേറ്റക്കാര്‍, അവര്‍ എത്രതന്നെ ഭൂരിപക്ഷമായിരുന്നാല്‍പ്പോലും, നഗരങ്ങളെ ബലം പ്രയോഗിച്ച്‌ അതിന്റെ  നാടില്‍നിന്ന്‌ മുറിച്ചുമാറ്റരുത്‌. നഗരങ്ങള്‍ക്ക്‌ ഒറ്റക്കൊരു നിലനില്‍പ്പില്ല. അതിന്റെ നാടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു അത്‌. ഒരു നഗരത്തിനെ, കേന്ദ്രഭരണപ്രദേശം പോലെ ഒരു പ്രത്യേക യൂണിറ്റായി മാറ്റണമെങ്കില്‍, അതിന്റെ  ചുറ്റുമുള്ള ആളുകളുടെ സ്വമനസ്സോടെയുള്ള സമ്മതം അത്യാവശ്യമാണ്. ലോകത്ത്‌ എവിടെനോക്കിയാലും, നഗരം എന്നത്‌, അതുള്‍ക്കൊള്ളുന്ന നാടിന്റെ പ്രൌഢമായ  അവകാശമാണ്. കാറ്റലോണിയയുടെ അഭിമാനമാണ്‌ ബാഴ്സിലോണ. സാന്‍ഫ്രാന്‍സിസ്കോ കാലിഫോര്‍ണിയയുടെയും കൊല്‍ക്കൊത്ത പശ്ചിമബംഗാളിന്റെയും അഭിമാനമാണ്‌.

രാജിന്‌ എല്ലാം മനസ്സിലാവുകയായിരുന്നു. നാട്ടുകാരുടെ പിന്തുണയില്ലാതെ ബാംഗ്ളൂര്‍ നഗരത്തിനെ കൈവശപ്പെടുത്താന്‍ കഴിയുമെന്ന്‌ വിശ്വസിച്ച താന്‍ എത്ര വലിയ വിഡ്ഢിയാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. നഗരങ്ങള്‍ കുടിയേറ്റക്കാരുടെ മാത്രമാണെന്നും, തദ്ദേശീയര്‍ക്ക്‌ അതിന്റെ നിര്‍മ്മാണത്തില്‍ ഒരു പങ്കുമില്ലെന്നുമുള്ള മൂഢസങ്കല്‍പ്പത്തില്‍ നഗരങ്ങളെ അതാതിന്റെ സ്വന്തം നാടുകളില്‍നിന്ന് അടര്‍ത്തിയെടുക്കുന്നതിലെ വലിയ തെറ്റ്‌ അയാള്‍ക്ക്‌ ബോധ്യമായി. നഗരങ്ങള്‍ നാടിന്റെ അവിഭാജ്യഘടകമാണ്‌. തങ്ങള്‍ക്കു ചുറ്റുമുള്ള നാടിന്റെ  രാഷ്ട്രീയത്തില്‍നിന്ന്‌ വേറിട്ട്‌ ഒറ്റക്കു നില്‍ക്കുന്ന ജീവിതം തങ്ങള്‍ക്കുണ്ടെന്ന്‌ നഗരവാസികള്‍ ഒരിക്കലും ധരിക്കരുത്‌.

ഉള്‍ക്കാഴ്ചയുടെ വൈകല്യവും വരേണ്യതയുടെ അത്യാര്‍ത്തിയും മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വിനാശകരമായ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നത്‌ എങ്ങിനെയാണെന്ന്‌, അന്ന്‌ രാത്രി ആ പുസ്തകം വായിച്ച്‌ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ക്ക്‌ ബോദ്ധ്യമായി.



പിന്‍കുറിപ്പ്‌: സുജയുടെ ബ്ലോഗ്ഗിലെ, ‘തെലുങ്കാന-53, ബാംഗ്ലൂരിലെ രാജ്’ എന്ന ലേഖനത്തിന്റെ തര്‍ജ്ജമയാണിത്‌. ഭീതിപ്പെടുത്തുന്നതും, അതേ സമയം അതിവിദൂരമല്ലാത്ത ഒരു ഭാവിയില്‍ സംഭവിച്ചേക്കാവുന്നതുമായ ഒരു അവസ്ഥയെക്കുറിച്ചുള്ള (വി)ഭ്രമകല്‍പ്പനയാണെങ്കിലും, ഈ ലേഖനം സുപ്രധാനമായ ചില കാര്യങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. ഒരു നാടിന്റെ  സ്വാഭാവിക പരിസരങ്ങളില്‍നിന്ന്‌ ഊര്‍ജ്ജം കൊണ്ട്‌ വളര്‍ന്നു വലുതാവുകയും പിന്നീട്‌ ആ പരിസരങ്ങളെത്തന്നെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന,  കോസ്മോപൊളിറ്റന്‍ എന്ന്‌ ഞാനും നിങ്ങളുമൊക്കെ ഊറ്റം കൊള്ളുന്ന ആ നഗരവാസിയുടെ അപകടകരമായ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെയാണ്‌ സുജയ്‌ ഇവിടെ പൊളിച്ചടുക്കുന്നത്‌.

ആലോചിക്കുന്തോറും അമ്പരപ്പുളവാക്കുന്നതാണ്‌ നാടും നഗരവും എന്ന ഈ വിചിത്രദ്വന്ദം. അതിന്റെ ഇന്നത്തെ സങ്കീര്‍ണ്ണമായ അവസ്ഥാവിശേഷങ്ങളെയാണ്‌  ഹ്രസ്വവും സരളവുമായി സുജയ് ഇവിടെ  പരാമര്‍ശമാക്കുന്നതെങ്കിലും, സുജയ് വിട്ടുപോയ ഘടകങ്ങള്‍ ധാരാളമുണ്ട്. അതൊന്നും ഈ ലേഖനത്തിലൂടെ സൂചിപ്പിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ലായിരുന്നിരിക്കാം. വായനകളെ പൂരിപ്പിക്കേണ്ട ചുമതല നമുക്കാണല്ലോ.

സുജയ്‌ ഇവിടെ പരാമര്‍ശിച്ച അത്രതന്നെ ലളിതമല്ല കാര്യങ്ങള്‍. നഗരങ്ങളിലൂടെ സമൂഹത്തില്‍ സ്ഥാപിതമാകുന്ന അധികാരഘടനയും, അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും നമ്മള്‍ കാണാതെ പോകരുത്‌. നന്‍മകളാല്‍ സമൃദ്ധമായ നാട്ടുമ്പുറത്തെക്കുറിച്ചുള്ള പാടിപ്പതിഞ്ഞ ശീലുകള്‍ കാര്യമാക്കേണ്ടതില്ല. അതൊരു അടവാണ്. കാല്‍പ്പനികനന്മകളുടെ പേരു പറഞ്ഞ്, നഗരങ്ങളുടെ ചിലവില്‍, നാടിനെ ആജ്ഞാനുവര്‍ത്തികളാക്കുന്നതിനുള്ള മയക്കുവെടികളാണ് അവ. അത് ആവര്‍ത്തിക്കുന്നതിലൂടെ നാട്‌ എന്ന മൂര്‍ത്തമായ ഒരു സാന്നിധ്യത്തെത്തന്നെയാണ്‌ നമ്മള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.  നന്‍മകളേക്കാള്‍ അധികമായി നാടിന്‌ മറ്റൊന്നുണ്ട്‌. നന്മ്കളേക്കാള്‍ പ്രധാനവും അതാണ്. ജനങ്ങളുടെ അധികാരത്തിന്റെ  തട്ടകം എന്ന കൈമോശം വന്ന സ്ഥാനമാണത്. അതിനെയാണ്‌ നഗരങ്ങളിലേക്ക്‌ നമ്മള്‍ നാടുകടത്തുന്നതും പുനസ്ഥാപിക്കുന്നതും.

നാടുകള്‍ നഗരങ്ങളെ വളയുന്നു എന്ന ആ സങ്കല്‍പ്പം എത്ര വശ്യമാണ്‌!

Thursday, June 17, 2010

ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!

ചിദംബരാ, റെയ്‌ഡ് ചെയ്തു കിട്ടിയ ഈ ‘മാവോയിസ്റ്റു ഭീകരജന്തുവിനെ‘ അങ്ങയുടെ കുട്ടികള്‍   എങ്ങോട്ട് കൊണ്ടുപോകുന്നു? വേവിച്ചുതിന്നാനോ? കുന്തത്തില്‍ കോര്‍ത്ത് തെരുവില്‍ പ്രദര്‍ശിപ്പിക്കാനോ?











ചിത്രം ഇവിടെനിന്ന്.

എന്തായാലും, ‘ഹിന്ദു‘വിന്റെ പത്രാധിപര്‍ക്ക് രണ്ടുപേര്‍ കത്തയച്ചിട്ടുണ്ട്. അവരുടെ കത്ത് ഇതാ, ഇവിടെ..


The Editor
The Hindu
Sir
We are shocked to see the photograph featured in The Hindu, dated 17-06-2010, which shows security personnel in West Bengal, carrying the body of a woman killed in a purported raid on a Maoist hideout. The woman's body had been trussed up like the carcass of a dead animal. The photo speaks volumes of how the Indian state views those it considers a threat to the internal security of the nation - as people beneath its contempt and consideration. The photo featured alongside that of the dead woman shows a 'captured' young adivasi man, barely past his adolesence - a face that could stand in for a large number of disenfranchied, poor and desperate tribals, who are being treated as enemies of the state for merely wanting to lead a life of autonomy and diginty. Merely labeling the dead woman and this young man 'Maoist' does not explain the reasons for their disenchantment with the Indian state's policies, both at the regional and national levels - policies which are calculated to deprive them of their right to life and livelihood. Nor does such a labeling take away from the cynical and outrageous disregard and disrespect that these photos represent.

There is a civic decorum that democratic life demands we share, and the media is as much a party to this compact. But when the media presents such photos without comment, and agrees to treat a section of the Indian citizenry as little more than animals to be hunted, one wonders what the democratic contract is all about - perhaps it is a lovely fiction that we all like to invoke when struggles for equality and justice turn violent; and which we allow ourselves to forget when we feel triumphant over our poltiical opponents or when we wish to endorse those who are clearly enemies of the people, as in the Bhopal case.
S. V. Rajadurai
V. Geetha



കടപ്പാട്: വാര്‍ത്തയും കത്തും ശ്രദ്ധയില്‍ കൊണ്ടുവന്ന പ്രിയപ്പെട്ട ദീപക്കിനും സുനില്‍ കൃഷ്ണനും..

Tuesday, June 15, 2010

നമ്മുടെ ദുരന്തങ്ങള്‍



പരമോന്നത നോക്കുകുത്തി




കൂട്ടിക്കൊടുപ്പുകാര്‍

കോടതിക്കു പുറത്തുവെച്ച്  കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദ്ധ്വാനിച്ച പുണ്യദേഹം

















കുറ്റവാളികള്‍ക്കുള്ള ശിക്ഷയുടെ കാലദൈര്‍ഘ്യം പത്തുവര്‍ഷത്തില്‍നിന്ന് രണ്ടായി കുറച്ച്, ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയ ഇന്‍ജസ്റ്റീസ് അഹമ്മദി.















ഭോപ്പാല്‍ വാതകദുരന്തത്തിനിരയായവര്‍ക്ക് ‘നീതി ലഭിച്ചു‘ എന്ന് ഉളുപ്പില്ലാതെ മൊഴിഞ്ഞ്, തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ മോഹന്‍ തിവാരി എന്ന ‘ക്രിമിനല്‍‘ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (CJM)













കോര്‍പ്പറേറ്റുകളുടെയും ലോകപോലീസിന്റെയും വിനീതഭൃത്യന്‍














ഇനി, ഇവരെ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ?

പെരുംനുണകളും ആള്‍മാറാട്ടങ്ങളും കൊണ്ട് ഇടയ്ക്കൊക്കെ നമ്മളെ വിഡ്ഢികളാക്കാറുണ്ടെങ്കിലും, ഭോപ്പാലുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, ഭോപ്പാലുകള്‍ സൃഷ്ടിക്കുന്ന കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വ അജണ്ടകളുടെയും മനുഷ്യത്വവിരുദ്ധമുഖം നമ്മെ ഓര്‍മ്മിപ്പിക്കാനും, അങ്ങിനെയിരിക്കുമ്പോള്‍ ഇടയ്ക്കും തെറ്റയ്ക്കും വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആ അരക്കിറുക്കന്മാരെ. നുണയില്‍നിന്ന് 12 ബില്ല്യണ്‍ ഡോളര്‍ ഭോപ്പാലിന്റെ ഇരകള്‍ക്ക് വെറുതെയെങ്കിലും വാഗ്ദാനം ചെയ്ത ആ ആശാന്മാരെ.

‘യെസ് മെന്‍’ മാരെ?

Tuesday, June 8, 2010

റേപ്പ് ഓഫ് ഇന്ത്യ

സുപ്രധാനമായ ഒരു കേസ്സിന്റെ വിധിയാണ്‌ ഇന്നലെ പുറത്തുവന്നിരിക്കുന്നത്‌. 

ഇരുപതിനായിരത്തില്‍പ്പരം ആളുകളെ നിമിഷനേരം കൊണ്ട്‌ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്കും അവരുടെ തലമുറക്കും തീരാദുരിതം നല്‍കുകയും ചെയ്ത, ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്‍മേലുള്ള ഈ വിധി നമ്മള്‍ ഓരോ ഇന്ത്യക്കാരനെയും തീര്‍ച്ചയായും ലജ്ജിപ്പിക്കണം.

ഇന്ത്യയുടെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ മറ്റെന്തെങ്കിലും മറ ഇനി നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ദുര്‍വ്വിധികളിലേക്ക്‌ എത്താന്‍ പാകത്തില്‍ നമ്മുടെ നീതിനിയമവ്യവസ്ഥകളെ മനപ്പൂര്‍വ്വമോ അല്ലാതെയോ വൈകിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന, അട്ടിമറിക്കുന്ന പ്രോസിക്യൂഷന്‍-അന്വേഷണ ഏജന്‍സികളെ നരഹത്യാക്കുറ്റം ചുമത്തി മരണംവരെ തൂക്കിലേറ്റുകയാണ്‌ വേണ്ടത്‌.

ഇത്തരം കോടതികളെ ബഹിഷ്ക്കരിക്കുക. ഈ വിധിക്കെതിരെ സാധ്യമായ എല്ലാ പ്രക്ഷോഭവും ആരംഭിക്കുക. 

ജനതയുടെ ജീവനും സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും പുല്ലുവില കല്‍പ്പിക്കുന്ന കോര്‍പ്പറേറ്റുകളും, അവയെ നയിക്കുന്ന സാമ്പത്തിക താത്‌പര്യങ്ങളും, അവയെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സര്‍ക്കാരുമാണ്‌ ഇന്ന് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അവയെ ഏതുവിധേനയും സ്ഥാനഭ്രഷ്ടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദണ്ഡവാഡകളും, നക്സല്‍ബാരികളും ഝാര്‍ഗ്രാമുകളും, ആയുധധാരികളായ ഗാന്ധികളും ഉണ്ടാകാതിരിക്കുന്നതെങ്ങിനെ?

Sunday, May 30, 2010

അറിയാന്‍....ശ്രദ്ധിയ്ക്കാന്‍

ഒന്നിനും സമയം തികയുന്നില്ല..ഒന്നും ചെയ്യാനും ആകുന്നില്ല...എന്നാല്‍ വെറുതെ പായാരം പറയാനാണെങ്കില്‍, അതും വയ്യ.

അറിഞ്ഞിരിക്കേണ്ട പലതിനെയും പറ്റി പലരും അവിടെയുമിവിടെയുമിരുന്ന് എഴുതുന്നുണ്ട്..ഓര്‍മ്മിപ്പിക്കുന്നുണ്ട്...

ആശ്വാസം പകരുന്നതും  ഭയപ്പെടുത്തുന്നതുമായ കാര്യങ്ങള്‍, ജാഗ്രത്താവേണ്ടവ...അങ്ങിനെ, ചെറുതും വലുതുമായ പലതും.  അവയില്‍ ചിലതിലേക്ക് വിരല്‍ചൂണ്ടുക മാത്രം ചെയ്യട്ടെ.

സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നു നോക്കുക..വിശദമായി എഴുതാന്‍ സാധിക്കുമ്പോള്‍ വീണ്ടും തിരികെ വരാം..

Tuesday, April 27, 2010

ആദര്‍ശധീരന്റെ ആയുധപൂജ

27840  കോടി രൂപ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക്‌ എന്തു തോന്നുന്നു?

നാല്‍പ്പത്തയ്യായിരം കോടി എന്ന മറ്റൊരു വലിയ കണക്കിന്റെ ചെറിയ ചെറിയ ഭാഗങ്ങളാണ്‌ ഈ കോടികളൊക്കെ. ഇന്ത്യയില്‍ ആയുധപൂജ നടക്കുകയാണ്‌. ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍. അതിന്റെ തലപ്പത്ത് ഇരിക്കുന്നത്‌ നമ്മുടെ സ്വന്തം ആദര്‍ശധീരനും. തനിത്തങ്കം. ആര്‍ക്കും ഒന്നും ചോദിക്കാനില്ല..ആരും ഒന്നും ചോദിക്കുന്നുമില്ല. നമ്മുടെ കുപ്പായക്കീശയില്‍ കയ്യിട്ട്‌ വാരിക്കൊണ്ടുപോവുകയാണ്‌ പടക്കോപ്പുകള്‍ വാങ്ങിക്കൂട്ടാന്‍. കുപ്രസിദ്ധരായ ലോക്ക്‍ഹീഡ് മാര്‍ട്ടിനും പഴകി ദ്രവിച്ച യു.എസ്.എസ്.ട്രെന്‍ഡനുമൊക്കെ വേണ്ടി.

എന്തു ധൈര്യത്തിലാണ് നമുക്ക് ഇതിനെയൊക്കെ ചോദ്യം ചെയ്യാനാവുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യലാവില്ലേ അത്? ചൈനീസ്-റഷ്യന്‍-പാക്കിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തപ്പെടില്ലേ? ദേശസ്നേഹത്തെപ്പോലും കുരിശില്‍ കയറ്റില്ലേ ഇവര്‍?

കൂട്ടിക്കൊടുപ്പുകാരുടെ വരവും പോക്കുമാണ്‌ നിത്യവും. അമേരിക്കക്കാരും, ഇസ്രായേലികളും,  ഇന്ത്യക്കാരുമായ ഇടനിലക്കാരുടെ ഐ.പി.എല്ലായി മാറിയിരിക്കുന്നു ഇന്ത്യന്‍ പ്രതിരോധരംഗം. അതിന്റെ  കള്ളക്കളികള്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്‌.


To get an idea of the money at stake here, a recently released CII-KPMG report estimates that India will buy foreign weaponry worth some US $100 billion (Rs 4,50,000 crore) over the next 12 years. Going by this extremely conservative estimate (actual figures could be 50 per cent higher), Indian defence companies will have to anchor at least $30 billion (Rs 1,35,000 crore) in the offsets business by 2022. That averages out to about Rs 11,000 crore every year.
So, how will the skulduggery be structured? Let's look at a hypothetical offsets tie-up between a hypothetical foreign company — let's call it Shipping, Communications and Munitions International, or SCAM International — and an equally hypothetical small Indian company called 15 Per Cent Partners. Each year, SCAM International will hand the MoD an offsets compliance certificate, along with a copy of an invoice from 15 Per Cent Partners, as proof that goods worth $100 million were manufactured and shipped by the Indian company. Actually, the goods were worth only $35 million, but both companies had quietly agreed that 15 Per Cent Partners would hold the excess amount on behalf of SCAM International. The Indian company is entitled to a fee of — you guessed it — 15 per cent for its services. That means 15 Per Cent Partners now has effective custody of $50 million on behalf of SCAM International.
"The implications of this are frightening," a senior defence ministry official apprehends. "A few years down the line, all defence kickbacks will be coming through the route of offsets. Currently, there is tight control over the money that foreign companies can bring in. Now Indian offset partners will become the agents who pay out bribes. That is why so many offset deals are being tied up with small and medium companies."


ഇസ്രായേലുമായി ഇന്ത്യ നടത്തിയ ആയുധമിടപാടുകളും നമ്മുടെ ആദര്‍ശധീരന്റെ അവിശുദ്ധമായ കൈകളുടെ കഥ തന്നെയാണ്‌ പറയുന്നത്‌. പ്രതിരോധകരാറുകളില്‍ ഇടനിലക്കാരില്ലെന്ന് നാഴികയ്ക്ക്‌ നാല്‍പ്പതുവട്ടം ആന്റണിക്ക് ആണയിടേണ്ടിവരുന്നതും മറ്റൊന്നുംകൊണ്ടല്ല. ആന്റണി പറഞ്ഞാല്‍ വിശ്വസിക്കാ‍തിരിക്കാനുമാവില്ല. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്ത, അപൂര്‍വ്വ പുണ്യവാള ഗണത്തില്‍ പെടുന്നയാളാണ്. പ്രതിരോധസാമഗ്രികളുടെ ഉത്പ്പാദനം തന്നെ ഇനി സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പോവുകയാണ് അദ്ദേഹം. അതിനു പറയുന്ന ന്യായങ്ങളോ? സ്വാശ്രയത്തിന്റെ ആവശ്യം.

ഈ ആദര്‍ശധീരന്റെ ആയുധപൂജയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധരംഗത്തിന്റെ പേരും പറഞ്ഞ്‌, ഇന്ത്യക്കാരുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഇനിയും നമ്മള്‍ അനുവദിച്ചുകൂടാ.

സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ  നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി.