Monday, April 9, 2007

ബാലബുദ്ധന്‍

മലയാളപഠനത്തിനെക്കുറിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയതിനു. ഒരു കമന്റ്‌ എഴുതി, ഇന്നലെ. ഇതായിരുന്നു ആ കമന്റ്‌:

മലയാളത്തിനെ സ്നേഹിക്കുന്നവര്‍ ഉള്ള കാലത്തോളം മലയാളം നിലനില്‍ക്കുക തന്നെ ചെയ്യും. ഒരാളിലെങ്കില്‍ ഒരാളില്‍. അല്ലാതെ ഏഴാം തരം വരെ അല്ലെങ്കില്‍ പത്താം തരം വരെ മാതൃഭാഷാ പഠിക്കണം, "ഒരു പേപ്പെറെങ്കിലും.. മലയാളത്തില്‍ ആക്കണം" എന്നീ മട്ടിലുള്ള വിലാപകാവ്യങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. തമിഴന്റേതു പോലെ, അഥവാ, തെലുങ്കന്റെ പോലുള്ള അതിരുകവിഞ്ഞ ഭാഷാ ഭ്രാന്തൊന്നും, അടുത്തകാലത്തൊന്നും മലയാളിക്കുണ്ടാവും എന്നു വ്യാമോഹിക്കാനും വയ്യ.ആ കൂടിയ അളവിലുള്ള ഭ്രാന്തു കരണീയവുമല്ല.

പഠിക്കാവുന്ന ഭാഷയൊക്കെ ആളുകള്‍ പഠിക്കട്ടെ. മലയാളത്തെ സ്നേഹിക്കുന്ന ആളുകള്‍ മലയാളത്തെ സംരക്ഷിക്കാന്‍ എപ്പൊഴും ഉണ്ടാവും. അവര്‍, അവരുടെ മക്കളെ, മധുരം മലയാളം എന്ന് നിത്യവും ഓര്‍മിപ്പിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യും.

വിപ്ലവവും, വീക്ഷണവും, വള്ളിക്കാവും, സീരിയലും, പരസ്യചിത്രങ്ങളും കടന്ന് ഭാഷാപ്രണയത്തിലെത്തിനില്‍ക്കുന്നു ഏതായാലും മലയാളത്തിന്റെ ബാലബുദ്ധന്‍.


കമെന്റിന്റെ സെറ്റിങ്ങ്‌സ്‌ ഏതായാലും ബാലചന്ദ്രനെപ്പോലെയല്ല. ഭവ്യതയോടെ അത്‌ മറുപടി തന്നു. "എന്റെ നിയന്താവിന്റെ അനുവാദമില്ലാതെ ഈ അഭിപ്രായം പ്രസിധീകരിക്കാന്‍ എനിക്കാവില്ല" എന്ന്. അതിനെ കുറ്റം പറയില്ല ഞാന്‍. ഉപരി"വിപ്ലവം"ഇല്ലാത്ത, അഭിനയമറിയാത്ത പാവം സോഫ്റ്റ്‌വേര്‍. ഏതായാലും, ഇത്‌ എന്റെ ബ്ലോഗില്‍ കിടക്കട്ടെ എന്ന് ഞാനും കരുതി.

പിന്നെ, അഭിപ്രായങ്ങളെ (കമന്റ്‌) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ്‌ രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?

പിന്നീട്‌, ബാലചന്ദ്രന്റെ അടുത്ത പോസ്റ്റ്‌ വായിച്ചു."അമേരിക്കയും ബുദ്ധിജീവികളും". അതും നന്നായിട്ടുണ്ട്‌ ബാലചന്ദ്രാ. തീരെ അത്ഭുതവും തോന്നിയില്ല. ആത്മനിന്ദ തോന്നുമ്പോള്‍ പാവം മനുഷ്യര്‍ ഇന്നതേ പറഞ്ഞുകൂടൂ എന്നൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. പക്ഷേ, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുകയാണ്‌, ആത്മനിന്ദ തോന്നാന്‍ തക്കവണ്ണമെങ്കിലും നേര്‍ബുദ്ധി താങ്കള്‍ക്കുണ്ടായിരുന്നുവെങ്കിലെന്ന്!!

മറുപടി പ്രതീക്ഷിക്കുന്നു. എന്റെ കമന്റ്‌ സെറ്റിംഗ്‌ അത്‌ സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്രയെങ്കിലും ജനാധിപത്യബോധം എന്റെ ബ്ലോഗിന്‌ നല്‍കിയിട്ടുമുണ്ട്‌ ഞാന്‍.

സ്നേഹപൂര്‍വ്വം

28 comments:

Rajeeve Chelanat said...

പിന്നെ, അഭിപ്രായങ്ങളെ (കമന്റ്‌) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ്‌ രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?

അഭയാര്‍ത്ഥി said...

ചുള്ളിക്കാടിന്റെ വരവ്‌ പിന്മൊഴിയുടെ നവോത്ഥാന കാലാരംഭത്തെക്കുറിക്കുന്നു.

അനുകൂലിച്ചൊ പ്രതികൂലിച്ചൊ വരുന്ന അഭിപ്രായങ്ങള്‍ ഗൗരവമായ
ബ്ലോഗിങ്ങിന്റെ ഹരിശ്രീകുറിക്കുന്നു.
ഇന്ന്‌ ദേവന്റെ ബ്ലോഗ്‌ വായിച്ചപ്പോഴും ഒരാനന്ദം അനുഭവപ്പെട്ടു.

രാജീവിന്‌ ചുള്ളിക്കാടിനോട്‌ീന്തെങ്കിലും വൈരാഗ്യമുണ്ടോ?.
അതോ കമ്മൂണിസ്റ്റ്‌ രെക്തം തിളച്ചതൊ. സത്യമെപ്പോഴും ചവര്‍ക്കുന്നതാണ്‌.
സ്വന്തംബ്ലോഗില്‍ എന്ത്‌ വേണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം അദ്ധേഹത്തിനില്ലെ?.
നമ്മുടെ വീട്‌ എ ങിനെ ഇരിക്കണമെന്ന്‌ നാമല്ലെ തീരുമാനിക്കുക.

മലയാളത്തിന്റെ ഈ വലിയ കവി നമുക്ക്‌ തന്നിട്ടുള്ള സംഭാവനകളുടെ പേരില്‍ നന്ദി അര്‍ഹിക്കുന്നില്ലെ?.
പുതിയതായി അക്ഷരം കൂട്ടി എഴുതുന്നവനില്‍ നിന്ന്‌ കവിതയെഴുത്ത്‌
പഠിക്കേണ്ടി വരില്ലെ എല്ലാവരേയും അദ്ധേഹത്തിന്റെ ഈ ഉദ്യാനത്തില്‍ അലയാന്‍ വിട്ടാല്‍.

അദ്ധേഹത്തിന്റെ അഭിപ്രായങ്ങളോട്‌ നമുക്ക്‌ വിയോജിക്കാം. പക്ഷെ ഒരു വ്യക്തി ഹത്യക്ക്‌ വിധേയനാക്കിയാല്‍ നാം നന്ദിയില്ലാത്ത മലയാളിയാകും.

Unknown said...

ചുള്ളിക്കാടിന്റേത് പ്രോക്സി ബ്ലോഗാണോ എന്നൊരു സംശയം; നേരത്തേ കണ്ട മേതിലിന്റെ ബ്ലോഗുപോലെ.

Rajeeve Chelanat said...

ഗന്ധര്‍വ്വന്‍,

ബാലചന്ദ്രനോട്‌ ഒരു വ്യക്തിവൈരാഗ്യവുമില്ല എനിക്ക്‌. ചില നല്ല കവിതകള്‍ എഴുതിയ കവി എന്ന നിലയില്‍ ബഹുമാനവുമുണ്ട്‌.

വീടുപോലെയല്ല ബ്ലോഗ്‌.

സ്വന്തം ബ്ലോഗ്ഗില്‍ ഒരാള്‍ എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കുന്നത്‌, ആത്മസുഖത്തിനല്ല. ആശയങ്ങളും, ആശങ്കകളും പങ്കിടുന്നതിനും, മറ്റുള്ളവരെ അറിയിക്കുന്നതിനും വേണ്ടിയാണ്‌.

എഴുത്ത്‌, വെറുമൊരു കത്തെഴുത്തുപോലുള്ള പ്രവൃത്തിയാകാതിരിക്കുന്നതും, ആ ഒരു സാമൂഹ്യ ധര്‍മ്മം കൊണ്ടാണ്‌.

സീരിയലില്‍ അഭിനയിക്കുന്നതും, പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതുമൊക്കെ ഒരാളുടെ വ്യകതിപരമായ കാര്യങ്ങളാണ്‌.

പക്ഷേ, ബാലചന്ദ്രനെ കാലം വിലയിരുത്തുന്നത്‌, ആദ്യന്തം കപടവേഷമാടിയ ഒരു നല്ല കവി എന്ന നിലക്കായിരിക്കും. സൗകര്യപൂര്‍വ്വം ഓരോ വേഷങ്ങള്‍ അണിയുകയും, എടുത്തു മാറ്റുകയും ചെയ്ത കവി. വിപ്ലവവും ആത്മീയതയുമൊക്കെ തരാതരം പോലെ എങ്ങിനെ ഉപയോഗിക്കണമെന്ന് നല്ല നിശ്ചയമുള്ള കവി. വെറുതെയല്ല, നല്ല അര്‍ഥത്തിലാണെങ്കില്‍തന്നെയും, എം.കൃഷ്ണന്‍ നായര്‍ ബാലചന്ദ്രനെ ബുദ്ധിമാനായ കവി എന്നു ഇടക്കിടക്ക്‌ വിശേഷിപ്പിക്കാറുണ്ടായിരുന്നത്‌.

നിര്‍ഭാഗ്യവശാല്‍, എഴുത്തുകാരെ ഞാന്‍ വിലയിരുത്തുന്നത്‌ മറ്റു ചില മാനദണ്ഡങ്ങള്‍ വെച്ചാണ്‌. അതിനെക്കുറിച്ചൊക്കെ മറ്റൊരിക്കല്‍ വിസ്തരിക്കാം, അവസരവും, ആവശ്യവും വന്നാല്‍.

അതുല്യ said...

വാക്കുകളിലൂടേ സംവദിയ്കാനുള്ള സ്ഥലത്ത്‌ കേള്‍പ്പിയ്കുക മാത്രം ചെയ്യുന്ന കോളാമ്പി സ്ഥാപിച്ച്‌, ചെവിയില്‍ അരക്കൊഴിച്ച്‌ അല്ലെങ്കില്‍ അരിപ്പ കാണിച്ച്‌ നിക്കാനാണു ഭാവം എങ്കില്‍ നമ്മളെന്ത്‌ ചെയ്യാനാണു?

സ്വാഗതം പറഞ്ഞിട്ടതും കാണാതെയായി.

santhosh balakrishnan said...

വിട്ടുകളയാമന്ന്‌ കരുതിയതാണ്...രാജീവിന്റെ ബ്ലോഗും അതിന്റെ കമന്റുകളും വായിചപ്പോള്‍ എഴുതണമെന്ന്‌ തോന്നി.

ഈയുള്ളവന്‍ ഏറെ ബഹുമാനിക്കുന്ന ചുള്ളിക്കാടിന്റെ
"മദ്യപാനവും പുകവലിയും "എന്ന പോസ്റ്റിന്‍ ഇട്ട കമന്റ് വെളിച്ഛം കണ്ടിട്ടില്ല...

കമന്റ് ഇതായിരുന്നു..

"സര്‍..

താങ്കളുടെ അനുഭവക്കുറിപ്പ്‌ നന്നായി..കുടിയന്മാരും വലിയന്മാരും അത്യാവശ്യം വായിക്കേണ്ട ഒന്ന്‌..

പിന്നെ ഒരു സംശയം..
തകഴി മുതല്‍ ശ്രീവിദ്യ വരെ..ഈ വി വി ഐ പി കള്‍ കള്ള് കുടിക്കുമോ...?

വി വി ഐ പി കളുടെ പേര്‍ പരസ്യമാക്കാതിരുന്നാല്‍ നന്നായിരുന്നു എന്ന് ഒരു തോന്നല്‍.."

ഇതായിരുന്നു കമന്റ്....

ചുള്ളിക്കാടിന്റ്റെ ബ്ലോഗില്‍ നമ്മൂറ്റെ കമന്റ് നമുക്കും ഒരു ക്രെഡിറ്റ് ആണല്ലോ എന്ന സ്വാര്‍ഥചിന്തയില്‍ കാത്തിരുന്നു..പക്ഷേ വന്നില്ലാ...അതിന്‍` ശേഷമിട്ട പല കമന്റുകളും വന്നു..

തുല്യദുഖിതരുടെ പ്രതികരണങള്‍ വായിച് എഴുതിയതാണ്..പരാതിയല്ല...

Rajeeve Chelanat said...

സന്തോഷ്‌,

ബാലചന്ദ്രന്‍ ഇതും ഇതിലപ്പുറവും പറയും. വൈലോപ്പിള്ളിയേയും, പി.യെയും പറ്റി ഒക്കെ എഴുതിയ പ്രതിഭാധനനല്ലേ? പിന്നെ, ഞാനും ഗാന്ധിജിയും ഒരേ ജയിലില്‍ കിടന്നിട്ടുണ്ട്‌ എന്ന മട്ടില്‍ കൂടെ മദ്യപിച്ചവരുടെ പേരുവിവരങ്ങള്‍ എഴുതി നിര്‍വൃതി അടയുന്നെങ്കില്‍ ആവട്ടെ. അതു അദ്ദേഹത്തിന്റെ രീതി.

പിന്നെ എന്റെ കമന്റുകള്‍ വരാതിരുന്നതില്‍ ഒരു ദുഃഖവും എനിക്കില്ല. പക്ഷേ, വിമര്‍ശനങ്ങളോട്‌ ഇത്ര അസഹിഷ്ണുത, അതും, ഇത്ര സ്വേഛാധിപത്യപരമായി പ്രയോഗിക്കുമ്പോള്‍, പ്രതികരിക്കാതിരിക്കാനും വയ്യ. അതുകൊണ്ടാണ്‌ ഞാന്‍ ഇത്‌ പോസ്റ്റ്‌ ചെയ്തത്‌.

അതുല്യ പറഞ്ഞതുപോലെ, വാക്കുകളിലൂടെ സംവേദിക്കാനുള്ള സ്ഥലത്ത്‌ കേള്‍പ്പിക്കുക മാത്രം ചെയ്യുന്ന കോളാമ്പി വെക്കുന്നവരോട്‌ മറിച്ചെന്തുപറയാന്‍?

തറവാടി said...

കാര്യമൊക്കെ ശരിതന്നെ ,

നിങ്ങള്‍ ബ്ളോഗെഴുത്തുകാര്‍ ,
സാഹിത്യം എന്തെന്നറിയാത്തവര്‍,

എന്നെപ്പോലുള്ള സാഹിത്യകാരന്‍മാരുടെ

സൃഷ്ടികളീല്‍ അഭിപ്രായം പറയാന്‍ മാത്രം വളര്‍ന്നു എന്നു എനിക്കു തോന്നുമ്പോള്‍ ഞാന്‍ വേണ്ടതു ചെയ്യാന്‍ ശ്രമിക്കാം.

എന്നെപ്പോലുള്ളവര്‍ എഴുതുന്നതു വായിക്കുക ആസ്വദിക്കുക ,

അതിനപ്പുറമൊന്നും ഇപ്പോ തക്കാലം ചിന്തിക്കേണ്ട!


( ദേ കണ്ടില്ലേ , ഞാനൊക്കെ ഇവിടെവന്നതുതന്നെ മഹാകാര്യമെന്നു വിളിച്ചുപറയുന്നവരിവിടെ യുള്ളപ്പോള്‍ എന്തിനാ വെറുതെ?... )

രാജീവ്‌ ,

രാജാവ് നഗ്നനാണെന്നു പറയാന്‍കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു

chithrakaran ചിത്രകാരന്‍ said...

രജീവ്‌ നന്നായിരിക്കുന്നു താങ്കളുടെ പോസ്റ്റ്‌.
ബ്ലൊഗാകുംബോള്‍ പല തലത്തിലുള്ള ചിന്തകളും,അഭിപ്രായങ്ങളും വേണം. ഒരു വ്യക്തിയേയും, ചിന്തയേയും വ്യക്തമായി മനസ്സിലാക്കാന്‍ അവ സഹായിക്കുന്നു.
നന്നായി വിമര്‍ശിക്കപ്പെടുംബോഴേ സത്യം നന്നായി തിളങ്ങൂ.
താരാരാധനയും, വ്യക്തി ബന്ധങ്ങളും ചിന്തക്കു വിലങ്ങുതടിയാകാതിരിക്കട്ടെ.
പീഡനത്തിനു വിധേയയായവര്‍ പറയുന്നതുപോലെ "നിഷ്ക്കളങ്കമായി" കൂടെ കുടിച്ചവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌ വളരെ നന്നായി തോന്നി. ബന്ധങ്ങളോടുള്ള സത്യസന്ധതയില്ലായ്മ ... ഒരു ചാര മനസ്സ്‌ ആ പ്രസിദ്ധീകരണത്തിലൂടെ പുറത്തുവരുന്നുണ്ടോ ??... അതോ, പൊങ്ങച്ചമോ ??!!!

എന്നാലും ഗന്ധര്‍വന്‍ പറഞ്ഞതുപോലെ ഇതുപോലുള്ളവരുടെ സാന്നിദ്ധ്യം ബൂലൊകത്തിന്‌ അലങ്കാരമാണ്‌.(അതുകൊണ്ട്‌ വിമര്‍ശിക്കേണ്ടാ എന്നല്ല)
മദ്ധ്യപാനത്തിനെതിരെയുള്ള അനുഭവ സാക്ഷ്യം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറെ പേര്‍ രക്ഷപ്പെടാന്‍ ഇടയുണ്ടെന്നാണ്‌ ചിത്രകാരന്റെ തോന്നല്‍.പ്രസിദ്ധരായ കുറെപെരെ അപകീര്‍ത്തിപ്പെടുത്തിയതൊക്കെ അദ്ധേഹത്തിന്റെ വ്യക്തിപരമായ തലവേദന!!!!

nalan::നളന്‍ said...

രാജീവ് മാഷെ,
ഇതു കണ്ടതു കൊണ്ട് ഒരു പോസ്റ്റൊഴിവാക്കി കിട്ടി, നന്ദി

സാധാരണക്കാര്‍ക്ക് ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കമന്റാനും വിമര്‍ശിക്കുവാനും മിനിമം രണ്ടു യോഗ്യതകള്‍ വേണം.

1. ഒരു ബുദ്ധിജീവിയെങ്കിലുമായിരിക്കണം. (കമന്റാന്‍)
2. ഇടതുപക്ഷ ബു.ജി ആയിരിക്കാനും പാടില്ല. (വിമര്‍ശിക്കാന്‍)

സാധാരണക്കാരായ നമുക്ക് ഇതില്‍ ഒന്നാമത്തേതിനെ കൈകാര്യം ചെയ്യാന്‍ ബ്ലോഗിലെ ചില സൊഫ്റ്റവെയര്‍ പുലികള്‍ വിചാരിച്ചാല്‍ സാധിക്കും. വരമൊഴി പോലൊരു സൊഫ്റ്റവെയര്‍

വേണം. സാധാരണക്കാരുടെ കമന്റുകളില്‍ സങ്കീര്‍ണ്ണതയും ബു.ജി. വാക്കുകളും കൂട്ടിചേര്‍ത്ത് പുറത്തുതരുന്ന ഒരു സൊഫ്റ്റവെയര്‍. ബൂലോക പുലികളെ ഒരു കൈ സഹായം!!!

രണ്ടാമത്തേത്
എങ്ങിനെ പരിഹരിക്കുമെന്നൊരു പിടിയുമില്ല.
ചുള്ളിക്കാടിന്റെ സിദ്ധാന്തപ്രകാരം ഇന്ത്യയിലിരുന്നുകൊണ്ട് ഇന്ത്യയെ വിമര്‍ശിക്കാന്‍ പാടില്ല. അങ്ങിനെ ചെയ്യുന്നവര്‍ ഇടതുപക്ഷ ബു.ജി ആകുന്നു. ഇന്ത്യയെയോ, ഇന്ത്യയിലിരിക്കുന

ചുള്ളിക്കാടിനെയോ വിമര്‍ശിക്കാന്‍ ഇനി ടിക്കറ്റെടുത്തു വിദേശത്തു പോകേണ്ടി വരുമോ?

രാജീവ് മാഷെ,
ബാംഗ്ലൂര്‍ക്ക് വരുമ്പം പറ. രണ്ടു നിപ്പനടിക്കാം. ആത്മീയലഹരിയെനിക്കു അലര്‍ജിയാ, മദ്യലഹരിയാ പ്രീയം

Cibu C J (സിബു) said...

"വിപ്ലവവും, വീക്ഷണവും, വള്ളിക്കാവും, സീരിയലും, പരസ്യചിത്രങ്ങളും കടന്ന് ഭാഷാപ്രണയത്തിലെത്തിനില്‍ക്കുന്നു ഏതായാലും മലയാളത്തിന്റെ ബാലബുദ്ധന്‍."

നമ്മളെല്ലാവരും അങ്ങന്നെയൊക്കെത്തന്നെയല്ലേ? ഓരോ കാലഘട്ടത്തിലും ഓരോ ശീലങ്ങള്‍, ഓരോ ആവേശങ്ങള്‍. ബാലചന്ദ്രന്‍ മാത്രം വ്യത്യസ്തനാവണമെന്നോ നമ്മുടെ സങ്കല്‍പ്പത്തിലുള്ള പോലെയാവണമെന്നോ എന്തിന് ശഠിക്കുന്നു? ബ്ലോഗിലുള്ള വിമര്‍ശനത്തിന്; ഒരു തമ്പ്‌ റൂളേ വയ്ക്കാനുള്ളൂ: ആശയങ്ങളാണ് ഇവിടത്തെ പ്രജകള്‍; ബ്ലോഗൈഡികള്‍ വാഹകരാണ്. ആശയങ്ങളെ (മാത്രം) വിമര്‍ശിക്കൂ. വണ്ടിയെ അല്ല.

“പിന്നെ, അഭിപ്രായങ്ങളെ (കമന്റ്‌) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ്‌ രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?“

ബ്ലോഗിലെ കമന്റുകളുടെ സ്വഭാവമെന്താണ് എന്നതിനെ പറ്റി പലപ്പോഴും എഴുതിയിട്ടുള്ളതാണ്. എന്റെ അഭിപ്രായം ബ്ലോഗുല്‍പ്രേക്ഷ എന്ന പോസ്റ്റില്‍ നിന്നും ക്വോട്ട് ചെയ്യുന്നു: “കമന്റുകളെ ആ തൂലികാനാമത്തിനുകിട്ടുന്ന ആശംസാകാര്‍ഡുകളോടുപമിക്കാം. കിട്ടിക്കഴിഞ്ഞാല്‍ ആ കമന്റ്‌ രചയിതാവിന്‌ സ്വന്തമാണ്‌. ഒരു കമന്റ്‌ ചവറ്റുകുട്ടയിലിടണോ, ഷോക്കേസില്‍ വയ്ക്കണൊ എന്ന സ്വാതന്ത്ര്യം ബ്ലോഗെഴുത്തുകാര്‍ ഉപയോഗിക്കുക തന്നെ വേണം.“ സ്വാതന്ത്ര്യം തന്നെയാണ് ബൂലോഗത്തിലെ ഫസ്റ്റ് പ്രിന്‍സിപ്പിള്‍. എന്തെങ്കിലും പറയുന്നത്‌ നാട്ടുകാര് മുഴുവന്‍ കേള്‍ക്കണമെന്ന്‌ നിര്‍ബന്ധമുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്തതുപോലെ തന്നെ സ്വന്തം ബ്ലോഗിലിടൂ. ബാലചന്ദ്രന്‍ കമന്റ്‌ മോഡറേറ്റ് ചെയ്തു എന്ന പരാതിയിലൊന്നും കഥയില്ല.

ദിവാസ്വപ്നം said...

Rajeeve Chelanat,

This is one of the right ways to blog :)

warm regards,

പരാജിതന്‍ said...

രാജീവ്‌,
താങ്കളുടെ കമന്റിലെ അവസാനഭാഗം ഏഴാം തരം വ്യക്തിഹത്യയാണ്‌. അങ്ങനെയെഴുതാന്‍ വേണ്ടി എന്ത്‌ പ്രകോപനമാണ്‌ ആ ലേഖനത്തിലുള്ളത്‌? ഇനി അതല്ല, ബാലചന്ദ്രന്റെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും വിമര്‍ശിച്ചേയടങ്ങൂ എന്നുണ്ടെങ്കില്‍ മറ്റൊരു ലേഖനമെഴുതി സ്വന്തം ബ്ലോഗിലിട്ടാല്‍ പോരെ?

പിന്നെ, താങ്കള്‍ കരുതുന്ന പോലെ അതിരു കടന്ന ഭാഷാപ്രേമമൊന്നും തമിഴ്‌ നാട്ടുകാര്‍ക്കില്ല. തെലുങ്കന്റെ കാര്യമറിയില്ല.

Anonymous said...

രാജീവേട്ടാ,
എന്താ ഇത്‌? അസൂയയോ വെറും വെറുപ്പോ?

മലയാളത്തില്‍ കവിതയെഴുതിയ, മകനെ മലയാളം പഠിപ്പിച്ച മലയാളിയായ ചുള്ളിക്കാടിനു എന്തു യോഗ്യതക്കുറവാണുള്ളത്‌ മലയാളത്തെപ്പറ്റി പറയാന്‍?

ഒരു കമന്റ്‌ ഇടാഞ്ഞതാണോ? ബ്ലോഗ്‌ മൂപ്പരുടെ സ്വന്തമാണ്‌. അതില്‍ ആക്ഷേപമെഴുതി വച്ചാല്‍ അതും ഇടാന്‍ മാത്രം അങ്ങേര്‍ക്കു തലക്ക്‌ അസുഖമൊന്നുമില്ല.

വള്ളിക്കാവും സീരിയലും പരസ്യവുമൊക്കെ മലയാളത്തിന്റെ ഭാഗം തന്നെ. അത്‌ നിങ്ങള്‍ അംഗീകരിക്കുകയോ വെറുക്കുകയോ നിങ്ങളുടെ കാര്യം. മലയാളത്തിനെക്കുറിച്ച്‌ ബാലചന്ദ്രനെഴുതാന്‍ എന്തെങ്കിലും യോഗ്യതക്കുറവുണ്ടെന്ന് അതിനൊരര്‍ത്ഥവുമില്ല.

"ഗാന്ധി വ്യഭിചരിച്ചു". "സര്‍ദാര്‍ പട്ടേല്‍ മയക്കുമരുന്നു കടത്തുകാരനായിരുന്നു" എന്നൊക്കെ എഴുതിയാല്‍ യശസ്തരുടെ പ്രസിദ്ധിയാലെ നമുക്കും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും. അതുപോലെയേ ഈ വ്യക്തി ഹത്യയുടെ ഉദ്ദേശവും എനിക്കു കാണാന്‍ കഴിയുന്നുള്ളു. വര്‍മ്മാലയം കാണൂ, വിമര്‍ശനമെങ്ങനെ വേണമെന്ന് വര്‍മ്മകള്‍ പറഞ്ഞു തരാം.

oru blogger said...

ഒരു കമന്റ് ചുള്ളിക്കാട് തന്റെ ബ്ലോഗില്‍ ഇട്ടില്ല എന്നു പറഞ്ഞ് ഇത്രയും അപ്സറ്റ് ആകണോ? അപ്പോ അദ്ദേഹം ആരോ ആണ്?!! ഒരു കുറഞ്ഞ പക്ഷം സത്യജിത് റയ്, ലാലേട്ടന്‍, ശ്രീവിദ്യ എന്നിവരുടെ കൂടെയിരുന്നു കഴിക്കുക :)ഭാഗ്യവാന്‍

പുള്ളിയോട് ഒരു ചോദ്യം ഞാനും ചോദിച്ചാരുന്നു, അമേരിക്കന്‍ യാത്ര കഴിഞ്ഞു ടിബറ്റിലോട്ടൊന്നു പോകരുതോ എന്ന്? അവിടെ ബുദ്തദര്‍ശനവും ചൈനീസവും ഒരേ സമയം കാണുംബോള്‍, ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ലാമയെ ഓര്‍ത്തു മിണ്ടാതെ നിലക്കാനല്ലേ പറ്റൂ എന്ന്.

Rajeeve Chelanat said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി, എല്ലാവര്‍ക്കും.

സിബൂ, ചുള്ളിക്കാടിന്റെ ആശയങ്ങളുടെ പ്രതിഫലനം തന്നെയാണ്‌ അദ്ദേഹത്തിന്റെ അസഹിഷ്ണുതകളിലും, മുഖാമുഖങ്ങളിലും ഒക്കെ തെളിഞ്ഞുവരാറുള്ളത്‌. അതിനെയൊക്കെത്തന്നെയാണ്‌ ഞാന്‍ എതിര്‍ക്കുന്നതും. ശീലങ്ങളും, ആവേശങ്ങളുമൊക്കെ മാറാം. മാറാത്ത അഭിപ്രായം കെട്ടിക്കിടക്കുന്ന ചളിവെള്ളമാണെന്നും, അഭിപ്രായം ഇരുമ്പുലക്കയല്ല എന്നുമൊക്കെ നമ്മള്‍ മലയാളികള്‍ പഠിച്ചിട്ടുമുണ്ടല്ലോ. ബാലചന്ദ്രന്റേയും സമാനരായ മറ്റുള്ളവരുടെയും കീഴ്മേല്‍മലക്കങ്ങള്‍ അത്തരം നിര്‍ദ്ദോഷഗണത്തില്‍പ്പെടുന്നതല്ല.

പരാജിതന്‍- വ്യക്തിഹത്യയോ? എങ്കില്‍ "സമൂഹ വ്യക്തിഹത്യ" നടത്തിയത്‌ (അതും മരിച്ചുപോയതിനാല്‍, മറുപടി പറയാന്‍പോലും പറ്റാത്തവരെയ്ക്കൂടി)ബാലചന്ദ്രനാണ്‌. അതുകൊണ്ട്‌, ഞാന്‍ ഒരു വെറും എഴാം തരം വ്യക്തിഹത്യക്കാരന്‍ മാത്രം.

പാക്കനാര്‍ - ചുള്ളിക്കാട്‌ എന്ന പഴയ കവിയോട്‌, ഇഷ്ടവും, ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോഴില്ല. അതിന്റെ കാരണം അസൂയയല്ല, ഏതായാലും.അസൂയ തോന്നുന്നുണ്ടു, പി.രാമനോടും, ഗോപീകൃഷ്ണനോടും, പി.പി.യോടും, റഫീഖിനോടും,അങ്ങിനെ, ചിലരോടൊക്കെ.

എല്ലാവരോടും, സ്നേഹപൂര്‍വ്വം,

അഭയാര്‍ത്ഥി said...

ഈ അസഹിഷ്ണുതകളും, മുഖവും സഭയും നോക്കാതെയുള്ള പറച്ചിലുകളേയുമല്ലെ
നാം സത്യ്സന്ധത എന്ന്‌ പറയുക.

അദ്ദേഹം ഒരിക്കല്‍ മലയാളത്തിന്‌ നല്‍കിയിട്ടുള്ള ഹൃദയത്തൊട്‌ നേരിട്ട്‌ സംവദിക്കുന്ന
കവിതകള്‍ കാലതിവര്‍ത്തിയായി വിരാജിക്കുന്നു.

ചങ്ങംപുഴക്ക്‌ ശേഷം കാവ്യ നര്‍ത്തകിയുടെ നൃത്തം നാം കാണൂന്നത്‌ ഈ കവിതകളിലാണ്‌.

ഒരിക്കലും നാം പൊങ്ങച്ചത്തോടേ പറയുന്ന കപട സദാചരത്തിന്റെ അനുവര്‍ത്തിയാണെന്ന്‌
പറയുന്നില്ല അദ്ദേഹം.

നമ്മുടെ മനസ്സ്‌ ചിലപ്പൊള്‍ സദാചരത്തിന്റെ പാതയില്‍, ചിലപ്പോള്‍ വ്യഭിചാരി, ചിലപ്പോള്‍
കൂട്ടികൊടുപ്പുകാരന്‍ എന്നാണദ്ദേഹം പറയുന്നത്‌. ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഞാനത്‌
ശരി വക്കുന്നു. കാരണം എന്റെ മനസ്സതാണ്‌.

ഒരു തത്വ ശാസ്ത്രവും സ്ഥിരമായി ഒരാളിലും നിലനില്‍ക്കാറീല്ല.ഉണ്ടെന്ന്‌ നമുക്ക്‌ കപടമായി
പറയാം.

അടിയന്തിരാവസ്ഥക്കാലത്ത്‌ നമ്മുടെ സാംസ്കാരിക നായകന്മാര്‍ വാലുമടക്കിയെന്ന്‌ ചുള്ളിക്കാട്‌
പറഞ്ഞത്‌ വിവാദമാക്കുന്നു. അന്ന്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്ന സാംസ്കാരിക നായകന്മാരില്‍ ഒരാള്‍
നമ്മുടെ കവി സച്ചിദാന്ദനാണ്‌. എന്റെ അക്കാലത്തെ പ്രൊഫസറായിരുന്ന അദ്ദേഹം മാപ്പെഴുതി
കൊടുത്തത്‌ എനിക്ക്‌ വ്യക്തമായി അറിയാം. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ആദര്‍ശ പ്രചാരണത്തിന്‌ വേണ്ടി
പിന്നീട്‌ സചിദാനന്ദന്‍ നടന്നിരുന്നു. ഞാനും പല ക്ലാസുകളില്‍ ഇരുന്നിട്ടുണ്ട്‌.

ഓ എന്‍ വി നെരൂദയോടുള്ള താരതമ്യത്തില്‍ പല്ലിയും തുള്ളീ മുതലയാകുന്നത്‌ ചുള്ളിക്കാട്‌
വിളീച്ചു പറയുന്നു.

ജീവിതത്തിന്റെ കടുംകഷായമാണ്‌ സത്യം. അത്‌ ചുള്ളിക്കാടില്‍ ഏറെയുണ്ട്‌ എന്നതാണ്‌ എന്റെ അഭിപ്രായം.

രാജിവിനെപ്പോലെ ഒരു പാട്‌ വായിക്കുന്നവര്‍ മലയാളത്തിന്റെ വരദാനമായ ഈ കവിയെ കുറ്റപ്പെടുത്തുന്നത്‌ കാണൂമ്പോള്‍
എവിടെയൊക്കേയൊ കോറലുകള്‍ അനുഭവപ്പെടുന്നു.

പരാജിതന്‍ said...

രാജീവ്‌,
താങ്കള്‍ ചെയ്തത്‌ വ്യക്തിഹത്യയാകുന്നതെങ്ങിനെ എന്ന് പറയാം. താങ്കളുടെ കമന്റിന്റെ അവസാനഭാഗത്ത്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക്‌ ആ ലേഖനവുമായി യാതൊരു ബന്ധവുമില്ല. കമന്റിലെ ആ ഓഫ്‌ ടോപിക്‌ ഭാഗം എന്തുദ്ദേശ്യത്തോടെയാണെഴുതിയതെന്നത്‌ സുവ്യക്തം.

താങ്കള്‍ ചെയ്യേണ്ടിയിരുന്നത്‌ കവിതയെഴുതുന്നവര്‍ എന്തുകൊണ്ട്‌ വീക്ഷണം പത്രത്തില്‍ ജോലി ചെയ്തുകൂടാ, വള്ളിക്കാവില്‍ പോയിക്കൂടാ, സീരിയലില്‍ അഭിനയിച്ചു കൂടാ, മതപരിവര്‍ത്തനം നടത്തിക്കൂടാ എന്നൊക്കെ യുക്തിയുക്തം സ്ഥാപിക്കുന്ന ഒരു ലേഖനം താങ്കളുടെ ബ്ലോഗില്‍ എഴുതുകയെന്നതായിരുന്നു. അല്ലാതെ ആല്‍ത്തറയിലിരുന്നു നാട്ടുകാരെ ദുഷിക്കുന്ന പീറപ്പിള്ളേരുടെ ലൈനില്‍ 'ബാലബുദ്ധന്‍' എന്നൊക്കെ ഓഫ്‌ ടോപിക്‌ അടിക്കണോ?

ഇനി സമൂഹവ്യക്തിഹത്യ എന്നു താങ്കള്‍ ഉദ്ദേശിച്ചത്‌ ഒപ്പം മദ്യപിച്ചവരുടെ ലിസ്റ്റ്‌ ആണെങ്കില്‍ എനിക്ക്‌ വിയോജിപ്പുണ്ട്‌. കാരണം ഒരാള്‍ മദ്യപിക്കും, അല്ലെങ്കില്‍ മദ്യപിച്ചിട്ടുണ്ട്‌ എന്നു കേട്ടാല്‍ "അയ്യേ! മോശം!" എന്നു മൂക്കില്‍ വിരല്‍ വയ്ക്കുന്ന സദാചാരക്കമ്മിറ്റിയില്‍ എനിക്ക്‌ മെമ്പര്‍ഷിപ്പില്ല. ഞാന്‍ മദ്യപിക്കുന്നയാളാണ്‌. ചായ കുടിക്കുകയോ, പുസ്തകം വായിക്കുകയോ, ചീട്ടു കളിക്കുകയോ ഒക്കെ ചെയ്യുന്ന പോലെ ഒരു ശീലം. അത്രേയുള്ളൂ. അതേപ്പറ്റി അഭിമാനവുമില്ല, അപകര്‍ഷതയുമില്ല. "ഞാന്‍ രഹസ്യമായി രണ്ടെണ്ണമടിക്കും. ആരുമറിയരുത്‌ കേട്ടോ!" എന്ന് തലയില്‍ മുണ്ടിട്ടിരിക്കുന്ന ജനത്തിനോടൊപ്പം മദ്യപിക്കാറുമില്ല.

ബാലചന്ദ്രന്‍ ശിവാജി ഗണേശനുമൊത്ത്‌ മദ്യപിച്ച സന്ദര്‍ഭത്തെപ്പറ്റി ഒരു കുറിപ്പെഴുതിയിട്ടുണ്ടല്ലോ. അത്‌ വായിച്ചാല്‍ ശിവാജി ഒരു അലമ്പ്‌ മദ്യപാനിയാണെന്നാണോ തോന്നുക? അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപ്പറ്റി മിഴിവുറ്റ ഒരു ചിത്രം തരുന്നുണ്ട്‌ ആ കുറിപ്പ്‌.

പിന്നെ, യാമിനി കൃഷ്ണമൂര്‍ത്തിയോ ശ്രീവിദ്യയോ മദ്യപിക്കുമായിരുന്നെന്നറിഞ്ഞ്‌ അവരെപ്പറ്റി യാതൊരു മോശത്തരവും തോന്നിയില്ല. സ്ത്രീകള്‍ മദ്യപിച്ചാലെന്താ? ലഹരി കിട്ടില്ലേ?

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. മഹാനായ ഇറ്റാലിയന്‍ നാടകകൃത്ത്‌ ലൂയി പീരാന്തെല്ലോ ഏകാധിപതിയായ മുസ്സോലിനിയോട്‌ അനുഭാവമുള്ളയാളായിരുന്നു. പീരാന്തെല്ലോയ്ക്ക്‌ ഒരു ബ്ലോഗുണ്ടായിരുന്നെന്നും "എഴുത്തുകാരനെ തിരയുന്ന ആറ്‌ കഥാപാത്രങ്ങള്‍" (six characters in search of an author) എന്ന സുന്ദരമായ കൃതിയുടെ ഒരു ഭാഗം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചെന്നുമിരിക്കട്ടെ. അവിടെ "ഹും! മുസ്സോലിനിയുടെ കിങ്കരന്‍ സാഹിത്യപ്പണിയും തുടങ്ങിയോ?" എന്നൊരു കമന്റിടുമോ താങ്കള്‍?

Rajeeve Chelanat said...

നിലമ്പൂര്‍ ബാലന്‍ പറഞ്ഞപോലെ, കമ്മ്യൂണിസം (എന്റെയും) വിശ്വാസമാണ്‌, കള്ളുകുടി (എന്റെയും) ശീലമാണ്‌. അതിനെക്കുറിച്ചൊന്നുമല്ലല്ലോ പരാജിതന്‍ ഞാന്‍ പറഞ്ഞത്‌? എന്റെ ബ്ലോഗ്‌ ഭാഷാ-വിഷയത്തില്‍ തന്നെയായിരുന്നു. ബാലചന്ദ്രന്റെ പുതിയ പ്രണയത്തിന്റെ നാള്‍വഴി എന്ന മട്ടിലാണ്‌ എന്റെ പോസ്റ്റിങ്ങിന്റെ അവസാന ഖണ്ഡിക കാണാന്‍ നല്ലത്‌. യു.ജി.സി.സ്കെയില്‍ വാങ്ങുന്നവരെക്കുറിച്ചുള്ള (എം.എന്‍ വിജയന്‍ മുതല്‍....) ചുള്ളിക്കാടിന്റെ പുലമ്പലോ? വ്യക്തിപൂജയാണോ പരാജിത?

ഗന്ധര്‍വ്വന്‍, ചങ്ങമ്പുഴക്കു ശേഷം "കാവ്യ നര്‍ത്തകി നടമാടുന്നത്‌" ബാലചന്ദ്രനിലോ? ഒന്നുകില്‍, എന്റെയോ, താങ്കളുടെയോ കവിതാ വായനയില്‍, എന്തോ തകരാറുണ്ട്‌. കാവ്യനര്‍ത്തകിയും, അവളുടെ നടമാടലും!! ഭാഗ്യം, കാബറെ എന്നു പറഞ്ഞില്ലല്ലോ.

എല്ലാവരോടും...ഇനി മറുപടിക്ക്‌ ഞാനില്ല..(സമയം, സൗകര്യം, തുടങ്ങിയ കാരണങ്ങളാല്‍)..അഭിപ്രായങ്ങള്‍ വരട്ടെ. നേരിട്ട്‌ സംസാരിക്കാം..050 5980849.

സ്നേഹപൂര്‍വ്വം..രാജീവ്‌

പരാജിതന്‍ said...
This comment has been removed by the author.
പരാജിതന്‍ said...

രാജീവ്‌,
ഒന്നാമതായി, താങ്കളുടെ ഈ ലേഖനത്തെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്‌. ബാലചന്ദ്രന്റെ പോസ്റ്റിന്‌ താങ്കളെഴുതിയ, അദ്ദേഹം തിരസ്കരിച്ച, കമന്റ്‌ ഇവിടെ ചേര്‍ത്തിട്ടുണ്ടല്ലോ. അതിനെപ്പറ്റിയായിരുന്നു ഞാന്‍ സംസാരിച്ചത്‌.

പിന്നെ, എന്റെ കമന്റില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊന്നും താങ്കള്‍ സ്പഷ്ടമായി മറുപടിയും പറഞ്ഞിട്ടില്ല.

താങ്കളുടെ (പ്രസ്തുത) കമന്റിന്റെ അവസാനഭാഗത്തെ പരിഹാസത്തിന്‌ ആ ലേഖനത്തെ സംബന്ധിച്ചിടത്തോളം യാതൊരു പ്രസക്തിയുമില്ല. അതു കൊണ്ടാണ്‌ അത്‌ വ്യക്തിഹത്യയാകുന്നത്‌.

പിന്നെ 'മരിച്ചു പോയതിനാല്‍ മറുപടി പറയാന്‍ പോലും പറ്റാത്തവരോട്‌ ചെയ്ത സമൂഹവ്യക്തിഹത്യ' എന്നെഴുതിയപ്പോള്‍ മദ്യപിച്ചവരുടെ ലിസ്റ്റ്‌ അല്ല, യു.ജി.സി. സ്കെയിലും മറ്റുമാണ്‌ ഉദ്ദേശിച്ചതെന്ന് തിരുത്തിയത്‌ നന്നായി. അതിനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ടാണ്‌ ആദ്യത്തെ കമന്റെഴുതിയത്‌, അല്ലേ? ഏറ്റില്ലെങ്കില്‍ മാറ്റാം എന്ന ലൈന്‍? യു.ജി.സി. സ്കെയിലിനെപ്പറ്റി എഴുതിയത്‌ എങ്ങനെ വ്യക്തിഹത്യയാകും? എം.എന്‍. വിജയനൊക്കെ രഹസ്യമായാണോ യു.ജി.സി. സ്കെയില്‍ ശമ്പളം വാങ്ങിയത്‌? അത്‌ കോളേജില്‍ പണിയും ശമ്പളവും കിട്ടാതെ പോയ ഒരാളിന്റെ കൊതിക്കെറുവായോ മറ്റോ കണ്ടാല്‍ മതി. തന്നെയുമല്ല, വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി എഴുതുമ്പോഴൊക്കെ ബാലചന്ദ്രന്‍ നടത്താറുള്ളതാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍. എനിക്കും തീരെ താല്‌പര്യം തോന്നിയിട്ടില്ല, അതിനോടൊന്നും. പക്ഷേ അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ഒരു സംവാദത്തില്‍, 'പതിനെട്ടു കവിതകള്‍'ക്ക്‌ മികച്ച ഒരു പഠനമെഴുതിയിട്ടുള്ള എം. ഗംഗാധരന്റെ നിലപാടിനെ എതിര്‍ത്തു കൊണ്ടുള്ള ബാലചന്ദ്രന്റെ മറുകുറിപ്പ്‌ ശരിക്കും പ്രസക്തമായിരുന്നുവെന്നൊരോര്‍മ്മ.

ഇത്‌ ബ്ലോഗാണ്‌. കവിയും പ്രശസ്തനുമൊക്കെയാണ്‌ എന്ന സംഗതി മറക്കേണ്ടതില്ലെങ്കിലും, കഴിയുന്നതും ബാലചന്ദ്രനെ മറ്റൊരു ബ്ലോഗറായി കാണാന്‍ ശ്രമിക്കുക. അയാളുടെ ലേഖനങ്ങള്‍ക്ക്‌, "തേടി നടന്ന ഇര പല്ലില്‍ കോര്‍ത്തു!" എന്ന ലൈനിലല്ലാതെ, ഉചിതമായി മറുപടിയെഴുതുകയോ, വിമര്‍ശിച്ച്‌ പോസ്റ്റിടുകയോ ഒക്കെ ചെയ്യുക.

ബാലചന്ദ്രന്റെ 'കുമാരനാശാനും മതവും' എന്ന പോസ്റ്റിന്‌ ഞാനിട്ട കമന്റ്‌ അതിനെ അനുകൂലിച്ചു കൊണ്ടായിരുന്നില്ല. അതു പോലെ, മദ്യപാനത്തെക്കുറിച്ചുള്ള കുറിപ്പിനിട്ട കമന്റിലും അന്ധമായ 'ജയ്‌' വിളി ഇല്ല. ഒരേ വിഷയത്തെപ്പറ്റി ബാലചന്ദ്രനും നമ്മുടെ ദേവനും ലേഖനങ്ങള്‍ എഴുതിയെന്നിരിക്കട്ടെ. ഞാന്‍ ആദ്യം വായിക്കുന്നത്‌ തീര്‍ച്ചയായും ദേവന്റെ ലേഖനമായിരിക്കും. കാരണം ഒരു വിഷയത്തെ കൂടുതല്‍ വിശദമായി വിശകലനം ചെയ്യാനുള്ള വാസന കാണിക്കുന്നയാള്‍ ദേവനാണ്‌.

ഇത്രയുമെഴുതിയത്‌ ഈ വിഷയത്തില്‍ ഇടപെടുമ്പോള്‍ എന്റെ നിലപാട്‌ എന്താണെന്ന് പറയാനുള്ള ബാധ്യത കൂടിയുള്ളതു കൊണ്ടാണ്‌. പിന്നെ, ഫോണിലും മെയിലിലുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഇത്‌ നമ്മള്‍ തമ്മിലുള്ള അതിരുതര്‍ക്കമോ കുടുംബകാര്യമോ ഒന്നുമല്ലല്ലോ!

ഗുപ്തന്‍ said...

ചുള്ളിക്കാടിന്റെ കവിതയെയോ അദ്ദേഹത്തിന്റെ സാമുഹ്യ-സാഹിതീയ സംഭാവനകളെയോവിലക്കെടുക്കാത്ത വിമര്‍ശനമായിരുന്നു ശ്രീ രാജീവിന്റേത് എന്ന അഭിപ്രായം എനിക്കുമുണ്ട്. അക്കാര്യത്തില്‍ ഒരു വാദപ്രതിവാദത്തിനില്ല രാജീവ്.

ഏതായാലും താങ്കളോട് നന്ദിയുണ്ട്. എന്റെ നെറ്റിയില്‍ എഴുതി ഒട്ടിക്കാന്‍ പറ്റിയ ഒരു ലേബല്‍ കിട്ടിയിരുന്നില്ല ഇതുവരെ. അതുകൊണ്ട് അനല്പമായ സ്വത്വപ്രതിസന്ധിയിലായിരുന്നു ഈയുള്ളവന്‍. അതു താങ്കള്‍ പരിഹരിച്ചിരിക്കുന്നു. സ്വന്തം ബ്ലോഗിലെ കമന്റ് മോഡറേറ്റ് ചെയ്താല്‍ എളുപ്പത്തില്‍ ഫാസിസ്റ്റ് ആകാം എന്ന് അറിയില്ലായിരുന്നു. നന്ദി. ഞാന്‍ എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ അതു ചെയ്യുന്നുണ്ട്. അങ്ങനെ കുറഞ്ഞത് ഒരു ഫാസിസ്റ്റ് എങ്കിലും ആയി എന്ന ആത്മസംതൃപ്തിയോടെ മരിക്കാമല്ലോ.

താങ്കളെപ്പോലെ കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടി വാളെടുത്തുറയുന്ന ഒരു വെളിച്ചപ്പാട് ചാര്‍ത്തിത്തരുമ്പോള്‍ ആ ലേബലിനൊരു പ്രത്യേകവിലയുമുണ്ട്.

Anonymous said...

ANNAA KALAKKI

Anonymous said...

അണ്ണാ കലക്കി

Rajeeve Chelanat said...

സ്ഥിരമായി അഭിപ്രായങ്ങള്‍ എഴുതി അറിയിക്കുന്ന പ്രിയപ്പെട്ട ഗന്ധര്‍വ്വന്‍ മുതല്‍ അജ്ഞാതനായ സുഹൃത്ത്‌ വരെ, അനുകൂലിച്ചും, പ്രതികൂലിച്ചും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

Visala Manaskan said...

:)

വിഷ്ണു പ്രസാദ് said...

ബ്ലോഗ് എന്ന മാധ്യമത്തെ ഒരു രണ്ടാം കിട സാധനമായാണ് ഇവിടത്തെ എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാര്‍ കരുതുന്നത്.അക്കൂട്ടത്തില്‍ നിന്ന് വേറിട്ട് ബാലചന്ദ്രനെപ്പോലെ ഒരാള്‍ ഒന്നും പുതിയതായി നേടാനില്ലാതിരുന്നിട്ടും ഇവിടെ കടന്നുവന്നതില്‍ എനിക്ക് അനല്പമായ സന്തോഷമുണ്ട്.

വ്യക്തിഹത്യയെക്കുറിച്ച് ഇത്ര ദീര്‍ഘമായ ഒരു ചര്‍ച്ച ആവശ്യമായിരുന്നില്ലെന്ന് തോന്നുന്നു.

രാജേഷ് ആർ. വർമ്മ said...

വ്യക്തിഹത്യ എന്ന പരിപാടി കണ്ടുപിടിച്ചയാളല്ലെങ്കിലും അതിന്റെ ഇന്നത്തെ പ്രയോക്താക്കളില്‍ ചുള്ളിക്കാടിനെ കവച്ചുവെക്കാന്‍ ആരുമില്ല. അദ്ദേഹത്തിനെപ്പോലെയുള്ള സാംസ്കാരിക നായകന്മാരുടെ മുമ്പില്‍ രാജീവിനെപ്പോലുള്ള ബ്ലോഗന്മാരുടെ വ്യക്തിഹത്യയൊന്നും ഒന്നുമല്ല.