Saturday, April 14, 2007

വിഷു പറയുന്നത്‌...

വിഷുവാണ്‌,
മേടപ്പുലരിയാണ്‌,
കണി
കാണേണ്ട ദിവസപ്പിറവിയാണ്‌
പന്ത്രണ്ടു രാശികളിലിനിയാകെപ്പടരേണ്ട
വന്യമാം ജീവിതാഘോഷമാണ്‌

പൂത്തിരി, മത്താപ്പ്‌, ചക്രങ്ങളുന്മാദ
വേഗങ്ങള്‍ തീര്‍ത്തെന്റെ വിഷു തോരുന്നു.
എന്നും നിലയ്ക്കാ വിഷാണുവില്‍ തീരുന്നു
ബാബിലോണിന്റെ ആ നീലാകാശം
കത്തിയമരുന്ന പൂത്തിരികള്‍, പിന്നെ
ചിതറിത്തെറിച്ച ചെറു മത്താപ്പുകള്‍
തോരാത്തൊരഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്ന
മറ്റൊരു വിഷുവിന്റെ ഋതുഭേദങ്ങള്‍

അങ്ങോട്ടുമിങ്ങോട്ടുമെന്നിട്ടും നാം നേര്‍ന്നു,
നല്ല വിഷു, നല്‍ക്കണി
നല്ല ലോകം

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?

4 comments:

Rajeeve Chelanat said...

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍ വിഷുവിനോ?

വിശാഖ് ശങ്കര്‍ said...

കൊയ്ത്തുത്സവത്തിന്
ഒരുങ്ങിയകാളകള്‍ക്ക്
കണിയായ് ഒരു
കര്‍ഷകന്റെ ശവം..
പാ‍വങ്ങള്‍ക്കിനി
ചാട്ടയും കലപ്പയുമല്ല
പട്ടിണിവേണം
പേക്കിനാവുകാണുവാന്‍!

കണികളെല്ലാം പിഴയ്ക്കുന്ന കാലം രാജീവേ...

ചിദംബരി said...

കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണവും സ്ഥലനാമപുരാണങ്ങളുമായി അവതരിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ പുത്തന്‍ പിറവിയാഘോഷിക്കുവാനായി എത്തുന്ന വിഷുവും ഒരു വാര്‍ത്ത മാത്രം..എങ്കിലും എനിക്കും എന്റെ കുഞ്ഞിനും കണികാണണം.ഒരു കിനാവിന്റെ സാംഗത്യമെങ്കിലും അത് ബാക്കിവയ്ക്കുന്നുണ്ടല്ലൊ..

padmanabhan namboodiri said...

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?
nannaayi, raajeev.
ithu vallaathe veedanippikkunnu