Monday, December 31, 2007

"എന്നെ തടസ്സപ്പെടുത്തരുത്...എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

(കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച)


നിങ്ങള്‍ കൊന്ന 3 ദശലക്ഷം ഇറാഖികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി കിട്ടണം. നിങ്ങള്‍ കാരണം നിരാധാരരായ 3.7 ദശലക്ഷം ആളുകള്‍ക്കും നീതി കിട്ടണം. ക്ഷമിക്കണമെന്നോ? എനിക്കു സൗകര്യമില്ല.

നിങ്ങളുടെ ഭരണകൂടം കട്ടെടുക്കുകയും, കണക്കില്‍പ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത ആ 20 ബില്ല്യണ്‍ ഡോളറുണ്ടല്ലൊ, അത്‌, ദശലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനോപായവും, നിത്യവൃത്തി പുലര്‍ത്താനുള്ള അന്നവുമായിരുന്നു. സ്വേച്ഛാധിപതിക്കെതിരെ നിങ്ങള്‍ പ്രഖ്യാപിച്ച 'എണ്ണക്കു പകരം ഭക്ഷണ'ത്തിനു നന്ദി.

ആരാണ്‌ സ്വേച്ഛാധിപതി? പറ, നായിന്റെ മക്കളേ, ആരാണ്‌ സ്വേച്ഛാധിപതി? പറ..ആരാണ്‌?

നിങ്ങളുടെ ആ വൃത്തികെട്ട 'ഇടത'ന്‍മാരും, 'വലത'ന്‍മാരും ഒരു പോലെ മോങ്ങിയില്ലേ? "ഹോ, അയാള്‍ ആളുകളെ വിഷപ്പുക ശ്വസിപ്പിച്ച്‌ കൊന്നു' എന്ന്. നിങ്ങളെന്താണ്‌ ചെയ്തത്‌? നിങ്ങള്‍ ഞങ്ങളെ ജീവനോടെ കത്തിച്ചു. "ഹോ, അയാള്‍ ആളുകളെ കുടിയിറക്കി" ആ ഇടതന്‍മാരും, വലതന്‍മാരും കരഞ്ഞു. നിങ്ങളെന്താണ്‌ ചെയ്തത്‌? കൂട്ട വംശഹത്യകളും, പലായനങ്ങളും. "അയാള്‍ ന്യൂനപക്ഷങ്ങളെ മാനിച്ചില്ല", നിങ്ങളോ? ഇറാഖിനെ വംശീയമായി മായ്‌ച്ചു കളഞ്ഞു, ന്യൂനപക്ഷങ്ങളെ പട്ടിണിക്കിട്ട്‌, ബോംബിട്ട്‌, ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു. എന്നിട്ട്‌, നിങ്ങള്‍ മണ്‍മറഞ്ഞു പോയ ഒരാളുടെ നേരെ ഇനിയും വിരല്‍ ചൂണ്ടുന്നോ? ഹും..സ്വേച്ഛാധിപതിയത്രെ! പുലയാടി മക്കള്‍.

നിങ്ങളാണ്‌ സ്വേച്ഛാധിപതികള്‍, നിങ്ങളുടെ മനസ്സിലാണ്‌ സ്വേച്ഛാധിപത്യം, നിങ്ങള്‍ മനോനില തെറ്റിയ അപകടകാരികളാണ്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ധാര്‍ഷ്ട്യത്തിനും അജ്ഞതക്കുമൊപ്പം സ്വേച്ഛാധിപത്യവും നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്നു.

രോഗാതുരമായ രാജ്യമാണ്‌ നിങ്ങളുടേത്‌. മറ്റുള്ളവര്‍ക്കുമേല്‍ പരാന്നഭോജികളെപ്പോലെ കഴിയുന്ന നിങ്ങളുടെ രാജ്യം. അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയുള്ള വൃത്തികെട്ട ഒരു പറ്റം.

ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു രാജ്യത്തിനെ, വെറും ഇരുന്നൂറു വര്‍ഷത്തെ പാരമ്പര്യം മാത്രം വീമ്പു പറയാവുന്ന നിങ്ങളുടെ രാജ്യം പട്ടിണിക്കിടുകയും, കൊല്ലുകയും, നിശ്ശബ്ദരാക്കുകയും, ബലാല്‍ക്കാരം ചെയ്യുകയും, ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്‌. അടിമവ്യാപാരക്കാരുടെയും, മുന്‍കുറ്റവാളികളുടെയും, കൗബോയ്സിന്റെയും 200 വര്‍ഷം പഴക്കമുള്ള ഒരു സമൂഹം. അതെ. അതാണ്‌ നിങ്ങള്‍. അതുകൊണ്ട്‌, അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയായി നിങ്ങള്‍ കഴിയുക. ഇത്‌ നിങ്ങളുടെ തലവിധിയാണ്. അനുഭവിക്ക്.

നിങ്ങള്‍ നശിപ്പിക്കാത്തതും, നിങ്ങളുടെ സ്വഭാവവും ശീലങ്ങളും അടിച്ചേല്‍പ്പിക്കാത്തതുമായ ഒരു രാജ്യത്തെയും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല.

നിങ്ങളെ മൊത്തമെടുത്താലും, നിങ്ങളേക്കാളൊക്കെ എത്രയോ അധികം വിജ്ഞാനികളായിരുന്ന, തദ്ദേശീയരായ അമേരിക്കക്കാരെ (റെഡ്‌ ഇന്ത്യന്‍സ്‌)നിങ്ങള്‍ വകവരുത്തി.

ചങ്ങലക്കിട്ട്‌, പട്ടിണിക്കിട്ട്‌, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിലേക്ക്‌ കൊണ്ടുവന്ന ആഫ്രിക്കന്‍ ജനതയെ നിങ്ങള്‍ നശിപ്പിച്ചു. നാപാമും, അണുബോംബുമിട്ട്‌, ഏഷ്യന്‍ ജനതയെയും നിങ്ങള്‍ കശാപ്പുചെയ്തു. ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ സമൃദ്ധിയായി കിടപ്പുണ്ട്‌. അത്‌ ഇപ്പോഴും തുടരുകയും ചെയ്യുന്നു. കാരണം, നിങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. നിങ്ങളിപ്പൊഴും ആ പഴയ, അപരിഷ്കൃതരായ, പ്രാകൃതരായ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അത്യാഗ്രഹികളായ വര്‍ഗ്ഗങ്ങളായി തുടരുന്നു. അതുകൊണ്ടാണ്‌ അതൊന്നും അവസാനിക്കാത്തത്‌.

ഇത്‌ എണ്ണയെക്കുറിച്ചൊന്നുമല്ല. നിങ്ങള്‍ പേപ്പട്ടികളെപ്പോലെ കുരച്ച്‌, എപ്പോഴും ആ നവ-യാഥാസ്ഥിതികരെ കുറ്റം പറഞ്ഞു നടക്കുന്നു. ആ വാക്ക്‌ നിങ്ങള്‍ തത്തയെപ്പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ആ നവ-യാഥാസ്ഥിതികര്‍ നിങ്ങളുടെതന്നെ ഭാഗമാണ്‌. ആട്ടിന്‍പറ്റങ്ങളെപ്പോലെ, നിങ്ങള്‍ സംഭാവന ചെയ്ത അതേ സമൂഹത്തിന്റെ, ഉത്‌പന്നമാണവര്‍, ഊടും പാവുമാണവര്‍. അതേ മാനസിക നിലയുള്ളവര്‍. ആ നവ യാഥാസ്ഥിതികരെ കുറ്റം പറയുന്നത്‌ ഇനിയെങ്കിലും നിര്‍ത്തുക, എന്നിട്ട്‌, നിങ്ങളുടെ ഉള്ളിലേക്ക്‌ നോക്കുക. കാരണം, അവര്‍, ഉണ്ടായത്‌ അവിടെയാണ്‌. അതെ. നിങ്ങളുടെ ഉള്ളില്‍തന്നെ.

ഇനി ഡോളറിലേക്ക്‌ തിരിച്ചുവരട്ടെ. ബാഗ്ദാദിനെ ബലംപ്രയോഗിച്ച്‌ കൈവശപ്പെടുത്തുകയും, നിഷ്ഠുരമായി കീഴ്‌പ്പെടുത്തുകയും, ബാഗ്ദാദിനെയും ബാക്കിയുള്ള ഇറാഖിനെയും ബലാത്സംഗം ചെയ്തും കഴിഞ്ഞപ്പോള്‍, രണ്ടു തവണ നിങ്ങള്‍ അധികാരത്തിലെത്തിച്ച നിങ്ങളുടെ സര്‍ക്കാര്‍, ഒരു പ്രാദേശിക സഖ്യ ഗവണ്മെന്റിനെ അധികാരത്തില്‍ കുടിയിരുത്തുകയുണ്ടായി. CPA (Coalition Provisional Authority)എന്ന പേരില്‍. ഗ്രീന്‍ സോണിലേക്ക്‌ ,നിങ്ങളെയും, CPA-യെയും പ്രതിനിധീകരിച്ച്‌, ധാരാളം ഗുണ്ടകളും ചേക്കേറി. നിങ്ങള്‍ കവര്‍ച്ചക്കാരെ വിലക്കെടുത്ത്‌, അവരെ പരിശീലിപ്പിച്ച്‌ കക്കാനും, ബലാല്‍ക്കാരം ചെയ്യാനും, കൊല്ലാനും കഴിവുള്ള മിടുമിടുക്കന്‍മാരാക്കി. 2003-ല്‍, 364 മില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ പക്കല്‍നിന്ന് കണ്ടുകെട്ടുകയുണ്ടായി. ഇറാഖിന്റെ മുതലായിരുന്നു അത്‌. ഒരു പ്രത്യേക വിമാനത്തില്‍ ആ 364 മില്ല്യണ്‍ ഡോളര്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലേക്ക്‌ കടത്തി. 'എണ്ണിത്തിട്ടപ്പെടുത്താന്‍' ആയിരുന്നുവത്രെ അത്‌.

എനിക്കു നന്നായി അറിയാവുന്ന ഒരാള്‍ ഈയിടെ, ഒരു പത്രവാര്‍ത്തയെത്തുടര്‍ന്ന്, ഒരു സി.പി.എ പ്രതിനിധിയോട്‌ -ഈ പ്രതിനിധി, നിങ്ങളുടെ 'ബഹുമാന്യരായ' ക്രിമിനല്‍ സംഘത്തില്‍ 'പുനര്‍നിര്‍മ്മാണത്തിന്റെ' ചുമതലയുള്ള ഒരാളാണ്‌; പണ്ട്‌, ഈ കൊള്ളസംഘത്തില്‍ ചേരുന്നതിനുമുന്‍പ് അയാള്‍ ഒരു സല്‍സ ഡാന്‍സ്‌ ടീച്ചറായിരുന്നു കേട്ടോ-ചോദിച്ചു, ആ 364 മില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി എന്ന്. ആ പഴയ സല്‍സ ഡാന്‍സ്‌ ടീച്ചര്‍ പറഞ്ഞതെന്താണെന്നോ? 'അത്‌ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്‌' എന്ന്. എന്റെ സുഹൃത്ത്‌ വിട്ടില്ല. അയാള്‍ വീണ്ടും എടുത്തുചോദിച്ചു, "ആറു മാസമായല്ലോ, എണ്ണിത്തീര്‍ന്നില്ലേ?' എന്ന്. സല്‍സ കള്ളന്റെ മുഖം ചുവന്നു. അയാള്‍ പറയുകയാണ്‌. "നീ ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഇതിനു നന്ദി പറയുകയാണ്‌ വേണ്ടത്‌' എന്ന്. അത്‌ ഞങ്ങളുടെ പൈസയാണ്‌. ഇറാഖിന്റെ പൈസ.

എനിക്ക്‌ ഒരു നന്ദിയുമില്ല കഴുവേറികളേ, എനിക്ക്‌ ചോദിക്കാനുള്ളത്‌ ചോദ്യങ്ങളാണ്. ഇറാഖിന്റെ പൈസ എവിടെപ്പോയി എന്ന് എനിക്ക്‌ അറിയണം. ആരാണത്‌ എടുത്തതെന്നും എനിക്കറിയണം. ആ കവര്‍ച്ചക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എനിക്ക്‌.

അതെ, ഇതാണ്‌ എനിക്കു വേണ്ടത്‌, ഞാന്‍ കാത്തിരിക്കുന്നത്‌, ഞാന്‍ ആഗ്രഹിക്കുന്നത്‌. ജനിച്ചതില്‍പ്പിന്നെ ഇന്നോളം നിങ്ങളുടെ രാജ്യം മാനവികതെക്കെതിരെ ചെയ്ത എല്ലാ അനീതികള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ കണക്കുപറഞ്ഞ്‌, കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട്‌ നഗ്നരായി നിങ്ങള്‍ നില്‍ക്കുന്നത്‌ എനിക്ക്‌ കാണണം.

എന്റെ അന്ത്യാഭിലാഷം ഇതാണ്‌. ആ 3 ട്രില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ സര്‍വ്വനാശത്തിന്‌ ഇടയാക്കണം. ധനം എന്നും നിങ്ങളുടെ ഒരു ദൗര്‍ബ്ബല്യമായിരുന്നു. അതേ ധനം തന്നെ, നിങ്ങളുടെ അവസാനത്തിനും കാരണമായിത്തീരണം. ആകും. അതെനിക്കുറപ്പുണ്ട്‌.

ഇറാഖ്‌ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് മുന്‍മന്ത്രി അല്‍ സഹാഫ്‌ പറഞ്ഞത്‌, നുണയല്ല. ഇറാഖ്‌ നിങ്ങളുടെ സാമ്പത്തികവും, ധാര്‍മ്മികവും, രാഷ്ട്രീയവും, ഭൗതികവുമായ ശവപ്പറമ്പായിത്തീരും. സംസ്കാരത്തിന്റെ ഈറ്റില്ലമാണ്‌ ടൈഗ്രീസിന്റെയും, യൂഫ്രട്ടീസിന്റെയും ഈ ഭൂമി. ഇവിടെത്തന്നെയായിരിക്കും നിങ്ങള്‍ക്ക്‌ ഒടുവില്‍ മുട്ടുകുത്തേണ്ടിവരിക. ഈ നാട്‌ നിങ്ങളെ നിങ്ങളുടെ നാട്യങ്ങളില്‍നിന്നും, വഞ്ചനയില്‍നിന്നും, അഹന്തയില്‍നിന്നും, ചുരുക്കത്തില്‍, നിങ്ങളുടെ എല്ലാ കറുത്ത നിഴലുകളില്‍നിന്നും എന്നന്നേക്കുമായി മോചിപ്പിക്കും.

ഈ നാട്‌ നിങ്ങളെ നിങ്ങളുടെ ആത്മീയമായ പാപ്പരത്തത്തില്‍നിന്നും മോചിപ്പിക്കും. ഒരു മാറ്റത്തിനുവേണ്ടിയെങ്കിലും, അടുത്ത ജന്മത്തില്‍, കൂടുതല്‍ നല്ലവരായിത്തീരാന്‍ ഈ നാട്‌ നിങ്ങള്‍ക്കിടവരുത്തും.

നിങ്ങള്‍ ഞങ്ങളോടാണ്‌ നന്ദിയുള്ളവരായിരിക്കേണ്ടത്‌. നിങ്ങള്‍ ഞങ്ങളെയാണ്‌ പ്രണമിക്കേണ്ടത്‌. കാരണം, സ്വന്തം ജീവിതം ഹോമിച്ചാണ്‌ ഞങ്ങള്‍ നിങ്ങളുടെ ഈ മോചനം ഉറപ്പുവരുത്തുന്നത്‌.

എന്റെ വാക്കുകള്‍ ശ്രദ്ധിച്ചോളൂ. അത്‌ സ്വയം പറയുകയും ചെയ്തോളൂ. ഒരു അറബ്‌ സ്ത്രീ എന്നോട്‌ പറഞ്ഞതാണിത്‌.

സത്യത്തില്‍, അമേരിക്കയാണ്‌ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളും, റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥങ്ങളും, ഡിപ്ലീറ്റഡ്‌ യുറേനിയവും മറ്റും ഉപയോഗിച്ചിട്ടുള്ളത്‌. കൂട്ട വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇറാഖിലെ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ കാണാറില്ലേ? 1990-നുശേഷം, ഇറാഖിന്റെ മണ്ണും, ജലവും, വായുവും എല്ലാം ഈ പദാര്‍ത്ഥങ്ങള്‍കൊണ്ട്‌ മലിനമായിരിക്കുന്നു. ആ പദാര്‍ത്ഥങ്ങളുടെ ആയുസ്സ്‌ ദശലക്ഷം വര്‍ഷങ്ങളാണ്‌. ഇറാഖിലെ ആളുകളും അവരുടെ ഇനി വരുന്ന തലമുറയും വലിയൊരു വിലയാണ്‌ നല്‍കേണ്ടിവരുക.

പറ, ഏതാണ്‌ ഇറാഖിലെ ഒരേയൊരു കൂട്ട നശീകരണ ആയുധം?

ഈ ഭൂമിയെ നശിപ്പിക്കാന്‍ കഴിവുള്ള ആ ഒരേയൊരു ആയുധം ഏതാണ്‌? അതെ, അത്‌, ആ കശാപ്പുകാരന്‍ ബുഷ്‌ മാത്രമാണ്‌.


(അവസാനിച്ചു)

Sunday, December 30, 2007

“എന്നെ തടസ്സപ്പെടുത്തരുത്..എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

പ്രിയപ്പെട്ട അമേരിക്കക്കാരേ,

നിങ്ങളൊക്കെ എങ്ങിനെയാണ്‌ ജീവിക്കുന്നതെന്ന് എനിക്കറിയാം. ആരെങ്കിലും നിങ്ങളുടെ വാഹനങ്ങള്‍ ചീത്തയാക്കിയാലോ, ഒരു പെന്നി അധികം ഈടാക്കിയാലോ, ഇന്‍സ്റ്റന്റ്‌ കാപ്പി തന്ന് നിങ്ങളുടെ ചുണ്ട്‌ പൊള്ളിപ്പിച്ചാലോ, നിങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്നും മറ്റും മുറവിളികൂട്ടി, കേസ്സു കൊടുത്ത്‌, ദശലക്ഷങ്ങള്‍ വാങ്ങിക്കൂട്ടും നിങ്ങള്‍. എന്നിട്ട്‌, നിങ്ങള്‍ ചെയ്യുന്നതോ? നാണമില്ലാതെ, ധാര്‍ഷ്ട്യത്തോടെ, മറ്റുള്ളവരുടെ സ്വത്തുവകകള്‍ കട്ടെടുത്ത്‌ അവരുടെ ജീവനോപാധി തകര്‍ത്ത്‌, അവരുടെ അവകാശങ്ങളെ ഹനിച്ച്‌, അവരെ കൊന്നും, ബലാത്സംഗം ചെയ്തും നിങ്ങള്‍ നിങ്ങളുടെ അതേ ച്ഛായയും, അഴിമതിയും നിറഞ്ഞ പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്യും. എന്നിട്ടും ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമെന്ന് നിങ്ങളുടെ രാജ്യത്തെ വിളിക്കുന്നോ?

നിങ്ങള്‍ ആ ക്രിമിനലിന്‌, ഒരിക്കലല്ല, രണ്ടു തവണ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചു എന്നു ഞാന്‍ വായിച്ചറിഞ്ഞു, എന്നിട്ട്‌, തിരഞ്ഞെടുപ്പിലെ തിരിമറികളെക്കുറിച്ച്‌ എന്നോട്‌ പുലമ്പല്ലേ. അത്‌ നിങ്ങളുടെ നാറിയ ജനാധിപത്യമാണ്‌, എന്റെ പ്രശ്നമല്ല. നിങ്ങള്‍ രണ്ടുതവണ ആ തന്തയില്ലാത്തവനെ തിരഞ്ഞെടുത്തു. ആ ക്രിമിനലിനെ, കൊള്ളക്കാരനെ. അതുകൊണ്ട്‌, വായടക്ക്‌. എന്നെ ശല്യപ്പെടുത്താതെ....കാരണം, എനിക്ക്‌, കുറേയധികം കാര്യങ്ങള്‍ പറയാനുണ്ട്‌.

നിങ്ങളുടെ ആ തന്തയില്ലാത്തവന്‌ ഇനി 3 ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? ഇറാഖിലെ യുദ്ധശ്രമങ്ങള്‍ക്ക്‌? നാലുവര്‍ഷം പരിശ്രമിച്ചിട്ടും, നിങ്ങളുടെ ആ നശിച്ച രാജ്യത്തിനും, അതുപോലെതന്നെ, ആ എമ്പോക്കി പട്ടാളത്തിനും, കാലിഫോര്‍ണിയയുടെ വലുപ്പം മാത്രമുള്ള ഞങ്ങളുടെ ചെറിയ രാജ്യത്തിനെ പിടിച്ചടക്കാനോ, നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ആ പതാക എടുത്ത്‌, ചെറുബാല്യം വിടാത്ത കുട്ടികളുടെ, ആ സൂര്യന്‍ പ്രകാശിക്കാത്ത ഇടമുണ്ടല്ലോ, അവിടെ തിരുകിവെക്ക്.

നിങ്ങളോട്‌ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ആളുകളെ ഇനിയും കൊന്നൊടുക്കാന്‍ മൂന്നു ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? അവരും, അവരുടെ സദ്ദാമും, അയാളുടെ സര്‍ക്കാരും നിങ്ങളോട്‌ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഒരു ഏകാധിപതിയെ നിലനിര്‍ത്തുന്നതിനെക്കുറിച്ചൊന്നും ഞങ്ങളോട് പുലമ്പണ്ട. ഞങ്ങള്‍ക്ക്‌, അദ്ദേഹം, ഏകാധിപതിയൊന്നുമായിരുന്നില്ല. വിശുദ്ധനായിരുന്നു. നിങ്ങളുടെ വൃത്തികെട്ട ഉപരോധം മുഴുവനും വര്‍ഷങ്ങളോളം പ്രയോഗിച്ചിട്ടും അയാളെ കിട്ടാതായപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ബോംബുകള്‍ ഉപയോഗിച്ച്‌ ഞങ്ങളെയും അദ്ദേഹത്തെയും പിടിച്ചെടുത്തു. നിങ്ങളുടെ പ്രതിനിധികളെന്നു പറയുന്ന ആ 'യുദ്ധ വിരുദ്ധ'രും, 'ഉദാരവാദികളു’മായ പന്നികളോട്‌ ഇനി പോയി പറ, അവരല്ല, അദ്ദേഹത്തെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന്. ഇറാഖിലെ ജനങ്ങളാണ്‌ അത്‌ ചെയ്തത്‌. എന്തു കള്ളത്തരം ചെയ്തിട്ടാണെങ്കില്‍ക്കൂടിയും..നിങ്ങള്‍ക്ക്‌ എന്തു തോന്നിയാലും ഇല്ലെങ്കിലും.

അതുകൊണ്ട്‌ നിങ്ങളുടെ ആ വൃത്തികെട്ട സിംഹാസനങ്ങളില്‍ നിന്നിറങ്ങിക്കോ. എന്നിട്ട്‌ മനസ്സിലാക്കിക്കൊള്ളുക, നിങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പ്‌ മാത്രമേ ഉള്ളുവെന്ന്. ആ ബോധം നിങ്ങളുടെ തലയോടുകള്‍ക്കകത്ത്‌ ഉണ്ടാകണം എപ്പോഴും. മയക്കുമരുന്നുകളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും, അക്രമവും, ആഭാസമായ ഓപ്പറകളും, പിന്നെ.. ഡോളറുംകൊണ്ട്‌ മത്തു പിടിച്ച്‌ മരവിച്ച ആ തലയോട്ടിയില്‍ ആ ബോധം എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഞങ്ങളെ ഇനിയും കൊല്ലാന്‍ നിങ്ങള്‍ ആ ഡോളറാണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒരു ഇറാഖിയെ കൊല്ലാന്‍ കേവലം 2.40 ഡോളര്‍ മാത്രമേ ചിലവുള്ളുവെന്ന്, ഒരു പഠനവും പുറത്തുവന്നിട്ടുണ്ടല്ലോ. നിങ്ങളുടേതുപോലുള്ള ഒരു നശിച്ച രാജ്യത്തിനു മാത്രമേ അത്തരമൊരു പഠനം പുറത്തിറക്കാന്‍ കഴിയൂ എന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. നിങ്ങളുടെ ആ നാറുന്ന മനക്കണക്കിലും, അഴുകിയളിഞ്ഞ മനസ്സിലും ഞങ്ങള്‍ക്കുള്ള വില അതാണെന്ന് ഞങ്ങള്‍ക്കറിയാം.

അങ്ങിനെ, 33 ട്രില്ല്യണ്‍ ഡോളറിനെ 2.40 കൊണ്ട്‌ ഹരിക്കുക, എന്നിട്ട്‌ ഞങ്ങളെ കൊന്നൊടുക്കുക. അതാണ് നിങ്ങള്‍. ചോരയിലും, കൊല്ലലിലും രസം കണ്ടെത്തുന്ന നിങ്ങള്‍.

യഥാര്‍ത്ഥജീവിതത്തിലും, സിനിമയിലും, ആളുകളെ കൊന്നിട്ടാണ്‌ നിങ്ങള്‍ ഈ പൈസയുണ്ടാക്കുന്നത്‌.

നിങ്ങളുടെ ആ മനംമടുപ്പിക്കുന്ന ഹോളിവുഡ്‌ ചിത്രങ്ങളും, മയക്കുമരുന്നില്‍ മുങ്ങിപ്പൊങ്ങുന്ന സിനിമാനടന്‍മാരേയും നോക്കുക. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ അറിയുന്നത്‌ അതൊക്കെമാത്രമാണ്‌. നിങ്ങള്‍ മറ്റുള്ളവരോട്‌ ഇന്ന് പെരുമാറുന്നപോലെതന്നെ, നിങ്ങളോടും നാളെ മറ്റുള്ളവര്‍ പെരുമാറും. അത്‌ എനിക്ക്‌ തീര്‍ച്ചയാണ്‌. ഈ ലോകത്തായാലും, പരലോകത്തായാലും ശരി, ഒന്നും, കണക്കില്‍ പെടാതെ പോകുന്നില്ല. നിങ്ങളുടെ കണക്കുകള്‍ പരിശോധിക്കാന്‍ ഇവിടെ ആരുമില്ലായിരിക്കാം. പക്ഷേ എല്ലാം കണക്കില്‍ വെക്കുന്ന മറ്റൊരാള്‍ ഉണ്ടെന്ന് ഓര്‍മ്മയില്‍ വേണം. അയാള്‍ക്ക്‌ ഒരു കണക്കും തെറ്റില്ല. അതാണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്ന വാഗ്ദാനം.

വീണ്ടും നിങ്ങളുടെ ആ പച്ചനോട്ടുകളെക്കുറിച്ച്‌,

നിങ്ങള്‍ കട്ടെടുത്ത ആ 12 ബില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി? അത്‌ വെറും 12 ഒന്നും ആയിരുന്നില്ല. 20 ബില്ല്യണിനും മീതെയായിരുന്നു ഇറാഖില്‍നിന്നും നിങ്ങള്‍ തട്ടിയെടുത്തത്‌. ആ പണം 'ഞങ്ങളുടെ വിമോചന'ത്തിനു ചിലവഴിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി. എണ്ണക്കു പകരം ഭക്ഷണം എന്ന പദ്ധതിക്കു പകരം ഞങ്ങള്‍ക്ക്‌ കിട്ടിയ 20 ബില്ല്യണ്‍ ഡോളര്‍. ആ വാക്യം തന്നെ ഒന്നു ശ്രദ്ധിക്കുക. "എണ്ണക്കു പകരം ഭക്ഷണം' നീചവര്‍ഗ്ഗത്തില്‍നിന്നും വരുന്ന ഒരു നീചമായ വാക്യം. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും ആ ഒരേയൊരു വാക്യം കൊണ്ട്‌ നിര്‍വ്വച്ചിക്കാന്‍ കഴിയും. വൃത്തികെട്ട ജാതികള്‍..

എന്താണ് ആ വാക്യത്തിന്റെ അര്‍ത്ഥം. ‘നിങ്ങള്‍ നിങ്ങളുടെ എണ്ണ തരുക. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരാം‘ എന്ന്, അല്ലേ?. ഞങ്ങളുടെ എണ്ണ മേടിച്ച്‌ നിങ്ങള്‍ ഞങ്ങളളെ ഊട്ടാമെന്ന് അല്ലേ? നിങ്ങള്‍ നിങ്ങളുടെ പട്ടികളെ ഊട്ടുന്ന പോലെ, അല്ലേ? (ഓര്‍മ്മയില്ലേ അബു ഗ്രയിബ്‌, പുലയാടികളേ?)..പക്ഷേ അതിനെക്കുറിച്ച്‌, ഞാന്‍ മറ്റൊരിടത്ത്‌ പറയാം. ഞാന്‍ ഒന്നും വിട്ടുപോകില്ല. ആ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്നെ വിശ്വസിക്കാം.

ഞങ്ങളുടെ പൈസയും ചോരയുംകൊണ്ട്‌ ഞങ്ങളെ വിമോചിപ്പിക്കുക! എത്ര നീചമാനസരായിരിക്കണം നിങ്ങള്‍. നിങ്ങളെ എത്രമാത്രമാണ്‌ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക്‌ പറയാന്‍കൂടി ആകുന്നില്ല. നിങ്ങള്‍ ഇറാഖിലേക്ക്‌ കടന്നു വന്നത്‌, അനന്തമായ നീതിയുടെ മുദ്രാവാക്യവും മുഴക്കിക്കൊണ്ടായിരുന്നു. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മുഴക്കുന്ന മുദ്രാവാക്യം അനന്തമായ വെറുപ്പിന്റേതാണ്‌. മറ്റൊന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല..ഒന്നും.

നിങ്ങളോട്‌ ഞാന്‍ കാണിക്കേണ്ട മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉപദേശമൊന്നും എനിക്കു വായിക്കണ്ട. പോയി തുലയ്‌. നിങ്ങളുടെ നിഷ്ഠുരത ഇതൊക്കെയാണ്‌. മറ്റുള്ളവരോട്‌ നിങ്ങള്‍ ചെയ്യരുതാത്തതു ചെയ്തിട്ട്‌, പിന്നെ, പമ്മിപമ്മി അടുത്ത്‌ വന്ന്, 'എന്റെ രാജ്യം നിങ്ങളുടെ രാജ്യത്തോട്‌ ചെയ്ത തെറ്റുകള്‍ക്ക്‌ ക്ഷമിക്കണം' എന്ന് പറയുക. തെറ്റു പറ്റിയെന്നോ?

നിങ്ങള്‍ ഞങ്ങളെ നശിപ്പിച്ചു. ഞങ്ങളുടെ വീടുകളും, കുടുംബങ്ങളെയും എല്ലാക്കാലത്തേക്കുമായി നശിപ്പിച്ചു. എന്നിട്ടു നാണമില്ലാതെ വന്ന്, ഒരു വെറും ക്ഷമ പറഞ്ഞ്‌ ഒഴിവാകാമെന്നു കരുതിയോ? ഒരു രാജ്യത്തെ മുഴുവന്‍ ഒരു കാരണവുമില്ലാതെ ബലാത്സംഗം ചെയ്ത്‌, കൊന്ന്, ക്ഷമിക്കണം എന്നു പറഞ്ഞു നടക്കുന്നോ?

നിങ്ങളും നിങ്ങളുടെ ക്ഷമാപണവും. എനിക്കു നിങ്ങളുടെ ക്ഷമാപണവും, വാക്കുകളുമൊന്നും വേണ്ട. എനിക്ക്‌ എന്റെ പ്രിയപ്പെട്ടവരെ മതി, നിങ്ങളുടെ ക്യാമ്പില്‍ കിടന്നു നരകിക്കുന്ന, പീഡനം അനുഭവിക്കുന്നവരെ മതി. എനിക്ക്‌ ഒമറിനെ വേണം, ഹസ്സനെ വേണം, എന്റെ നബീലിനെ തിരിച്ചുകിട്ടണം, എനിക്ക്‌ എന്റെ വീട്‌ തിരിച്ചു കിട്ടണം. ഇറാഖിന്റെ സ്വത്തും, നിധികളും തിരിച്ചുകിട്ടണം. എനിക്കു നീതി കിട്ടണം.



(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പ്‌: ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്‌. ഇതിലെ ചില ആശയങ്ങളോട്‌ പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്‌. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ്‌ ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്‌. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത്‌ പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ്‌ ഇത്‌.

Saturday, December 29, 2007

ചെറുത്തുനില്‍പ്പ്‌

അര്‍ജന്റീനിയന്‍ എഴുത്തുകാരുടെ പിതൃസ്ഥാനീയനായ 96 വയസ്സുള്ള ഏണസ്റ്റോ സബാറ്റൊയുടെ (Ernesto Sabato) ഒരു പുസ്തകത്തിന്റെ പേര്‍ 'ലാ റെസിസ്റ്റന്‍ഷ്യ'എന്നാണ്‌. 150 പേജു വരുന്ന ഈ പുസ്തകത്തില്‍, ചെറുത്തുനില്‍പ്പ്‌ എന്ന പദം വളരെക്കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. പക്ഷേ ആ പുസ്തകത്തിന്റെ സന്ദേശം വ്യക്തമാണ്‌. അനീതിക്കെതിരെ മനുഷ്യന്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ഈ വാദത്തില്‍നിന്നാണ്‌ എന്റെ ഈ ലേഖനം ആരംഭിക്കുന്നത്‌.

ചെറുത്തുനില്‍പ്പ്‌ ആരംഭിക്കുന്നത്‌ സംശയത്തില്‍നിന്നാണ്‌. അവിശ്വാസത്തിന്റെ കൗമരത്തില്‍നിന്ന് അത്‌ വളരുന്നത്‌, നിഷേധത്തിലേക്കും, സംഘര്‍ഷത്തിലേക്കും പോരാട്ടത്തിലേക്കുമാണ്‌. അല്ല എന്നു പറയാനുള്ള നിശ്ചയദാര്‍ഢ്യമാണ്‌ ചെറുത്തുനില്‍പ്പ്‌. മധുരഭാഷണങ്ങളോടും, വഞ്ചനയോടും അല്ല, അല്ല എന്നു പറയാനുള്ള മനക്കരുത്ത്‌. ഓരോ നുണയോടും, മിത്ഥ്യാസങ്കല്‍പ്പങ്ങളോടും അല്ല എന്നു പറയുന്നു അത്‌. സുഖശീതളമായ ജീവിതത്തോടും, നമ്മുടെ ജീവിത രീതികളാണ്‌ ശരിയെന്ന ദൃഢപ്രസ്താവനകള്‍ക്കും എതിരായ വാക്കാണ്‌ ചെറുത്തുനില്‍പ്പ്‌.

പ്രതീതിയാഥാര്‍ത്ഥ്യമായ ജീവിതത്തിന്റെ നേരെ എതിര്‍ദിശയില്‍നില്‍ക്കുന്ന യഥാര്‍ത്ഥജീവിതമാണ്‌ ചെറുത്തുനില്‍പ്പ്‌. സമൂഹം നമുക്കു വെച്ചുനീട്ടുന്ന എളുപ്പവും സൗകര്യപ്രദവുമായ ജീവിതത്തിലേക്കുള്ള പിന്‍വാങ്ങലിന്റെയും, നമ്മുടെ ജീവിതശൈലിയും ജീവിതരീതിയുമാണ്‌ ആത്യന്തികമായ ശരി എന്ന തീര്‍ച്ചപ്പെടുത്തലിന്റെയും മറുവശത്താണ്‌ ചെറുത്തുനില്‍പ്പിന്റെ സ്ഥാനം. അധികാരത്തിന്റെ ജീവിതവ്യാഖ്യാനങ്ങളെ അത്‌ തള്ളിക്കളയുന്നു. അധികാരത്തിന്റെ മാസ്മരികതയെ അത്ഭുതനേത്രത്തോടെ നോക്കിക്കാണുന്നതിനെ അത്‌ നിരാകരിക്കുന്നു.

വിധേയത്വത്തിന്‌ എളുപ്പത്തില്‍ വശംവദനാവുന്ന മനുഷ്യസ്വഭാവത്തിനെ, ദസ്തയേവസ്കിയുടെ കാരമസോവ്‌ സഹോദരന്‍മാരിലെ കുറ്റവിചാരണക്കാരന്‍ (Grand Inquisitor) ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ മനുഷ്യന്‍ അഭിലഷിക്കുന്നത്‌, സംതൃപ്തിയോ, മരണമോ ആണെന്ന് ദസ്തയേവസ്കി വിശ്വസിക്കുന്നു. സംതൃപ്തിയാണ്‌ അവന്റെ ലക്ഷ്യം. അവനെ സംബന്ധിച്ചിടത്തോളം അതാണ്‌ അവന്റെ അപ്പം. ഭൂമിയിലേക്ക്‌ തിരിച്ചുവരുന്ന ക്രിസ്തുവിനോട്‌ ആ കുറ്റവിചാരണക്കാരനായ പുരോഹിതന്‍ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുമുണ്ട്‌, ആ അപ്പം നല്‍കലാണ്‌ ദേവാലയത്തിന്റെ ലക്ഷ്യമെന്ന്‌. ദേവാലയമെന്നതിനും, മതം എന്നതിനും, (Power) അധികാരമെന്നാണ്‌ ഇവിടെ വായിക്കേണ്ടത്. എന്നുപറഞ്ഞാല്‍, അധികാരത്തിന്റെ ലക്ഷ്യം, ഭൂമിയില്‍ മനുഷ്യന്‌ സംതൃപ്തി നല്‍കുക എന്നാണെന്ന്.

മനുഷ്യനു താങ്ങാനാവുന്നതിലും വലിയ ഭാരങ്ങള്‍ അവന്റെ മേല്‍ കെട്ടിവെച്ച സൃഷ്ടാവിനേക്കാള്‍ മനുഷ്യനെ സ്നേഹിക്കുന്നത്‌, ദേവാലയമാണെന്ന് (മതമാണെന്ന്) വിചാരണാ പുരോഹിതന്‍ ദൈവപുത്രനെ ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം മനുഷ്യനു നല്‍കുക വഴി മനുഷ്യന്റെ ശക്തിയില്‍ അമിതപ്രതീക്ഷ പുലര്‍ത്തുകയാണ്‌ ദൈവം ചെയ്തതെന്നും പുരോഹിതന്‍ സൂചിപ്പിക്കുന്നു. "അവനോട്‌ തരിമ്പും ദയയില്ലാതെയാണ്‌ നീ പെരുമാറിയത്‌. അവനില്‍നിന്ന് നീ വളരെക്കൂടുതല്‍ പ്രതീക്ഷിച്ചു". മതം, മനുഷ്യന്റെ പക്ഷത്താണ്‌ നില്‍ക്കേണ്ടത്‌. പുരോഹിതന്‍ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നു. അത്‌ (മതം) അജ്ഞാനിയെയും, ദുര്‍ബ്ബലനെയും, നീചനെയും, രോഗിയെയും ഒരുപോലെ ആശ്വസിപ്പിക്കണം. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിനും, ആത്മീയമായ സംഘര്‍ഷത്തിനും പകരം, അധികാരം, (ദേവാലയമോ മതമോ എന്തുമാകട്ടെ) മനുഷ്യനു നല്‍കേണ്ടത്‌, സന്തോഷമാണ്‌. ദുര്‍ബ്ബലര്‍ക്കും വിശക്കുന്നവര്‍ക്കും ദൈവികമായ അന്നത്തില്‍ താത്‌പര്യമുണ്ടാകാന്‍ വഴിയില്ലാത്തതുകൊണ്ട്‌, അധികാരം അവര്‍ക്ക്‌, ഭൂമിയിലെ അപ്പം വാഗ്ദാനം ചെയ്യുന്നു.

മഹാ പുരോഹിതനും, അയാളുടെ ദേവാലയവും മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഭൂമി, അങ്ങിനെ, കേവല സംതൃപ്തിയുടെ ഭൂമികയായി മാറുന്നു. ഒരു തരത്തിലുമുള്ള ആത്മീയമായ അഭിനിവേശങ്ങളും വേണ്ടാത്ത ഒരിടം. തൊഴിലെടുക്കേണ്ടിവരും. അതു വേറെ കാര്യം. അതൊഴിവാക്കാനാവില്ല. ദേവാലയം ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, വിശ്രമവേളകളെ സജീവമാക്കാന്‍ ഉതുകുംമട്ടിലുള്ള എല്ലാ വിനോദങ്ങളും, ബാലിശമായ പാട്ടും കൂത്തും ഒക്കെ അവിടെ നിങ്ങള്‍ക്കു കിട്ടുന്നു. വിലപിടിപ്പുള്ള വാഹനങ്ങളും, ടെലിവിഷനും, ഞായറാഴ്ച്ചകളിലെ പന്തുകളിയും ഒക്കെ. അല്‍പ്പസ്വല്‍പ്പം പാപം ചെയ്താലും വലിയ തരക്കേടൊന്നും വരാനില്ല. പാവം മനുഷ്യന്‍. അവന്റെ സന്തോഷമല്ലേ പ്രധാനം.

മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ, ദസ്തയേവസ്കി അങ്ങിനെ വിശദമായി വിവരിക്കുന്നുണ്ട്‌. തന്റെ സ്വതസിദ്ധമായ വിപ്ലവശൈലിയില്‍, അദ്ദേഹം, എല്ലാ കാലത്തെയും, എല്ലാ രാജ്യത്തെയും, എല്ലാ ദേവാലയങ്ങളിലെയും എല്ലാ മഹാ പുരോഹിതന്മരേയും ആക്രമിക്കുന്നു. മനുഷ്യന്‍ സ്വാതന്ത്ര്യം അഭിലഷിക്കുന്നില്ല എന്ന സാര്‍വ്വലൗകിക സത്യത്തെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌. പലരും സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു. സന്തോഷമായിരിക്കുക എന്നതു മാത്രമാണ്‌ അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുള്ള അര്‍ത്ഥം. അങ്ങിനെ വരുമ്പോള്‍, അമേരിക്കന്‍ സമൂഹത്തിന്റെ സന്തോഷം എന്നത്‌, 'അമേരിക്കന്‍ ജീവിത രീതി' നല്‍കുന്ന സന്തോഷമാണെന്നു വരുന്നു. ഈ സന്തോഷമെന്ന അവസ്ഥയാകട്ടെ, നിരന്തരം, പിടികിട്ടാതെ വഴുതിപ്പോവുന്ന ഒന്നാണ്‌. സംശയാസ്പദവും, തെന്നിമാറുന്നതും, ആത്മനിഷ്ഠവുമായ ഒന്നാണത്‌. അപ്പോള്‍, സന്തോഷമെന്നത്‌, അത്‌ നേടാന്‍ കഴിയാതെ വരുമ്പോഴുള്ള, അതായത്‌, പരാജയത്തെക്കുറിച്ചുള്ള ഭയം മാത്രമായി മാറുകയും ചെയ്യുന്നു.

ഭയമെന്നത്‌, നമ്മുടെ കാലഘട്ടത്തിന്റെ ഒരു ലക്ഷണമായിരിക്കുന്നു ഇന്ന്. ഒന്നും നേടാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള ഭയം. ഭീകരവാദത്തിനെക്കുറിച്ചുള്ള കൃത്രിമമായ ഭയം പോലെ. നമ്മള്‍ നമുക്കെതിരായി ചെയ്യുന്ന ഭീകരതയെക്കുറിച്ചുപോലും ഈ ഭയം എന്ന വാക്ക്‌ സൂചിപ്പിക്കുന്നുണ്ട്‌. സംഘടിതമായി നടത്തപ്പെടുന്ന തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള നമ്മുടെ ഇടതടവില്ലാത്ത പരസ്യമായ ചര്‍ച്ചകള്‍, നമ്മെ കൊണ്ടുചെന്നെത്തിക്കുക പട്ടാള ഭരണത്തിലേക്കു മാത്രമായിരിക്കും. തങ്ങളുടെ 'മക്കളുടെ ഭാവി'യെക്കുറിച്ചുള്ള അമേരിക്കന്‍ ഭയാശങ്കകള്‍ അവരുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിക്കൊണ്ടിരിക്കുന്നു.

ചെറുത്തുനില്‍പ്പിന്‌ ഒരിക്കലും ഒറ്റക്ക്‌ പ്രവര്‍ത്തിക്കാനാവില്ല. സാമൂഹിക ബലമാണ്‌ അതിനാവശ്യം. പക്ഷേ, ഒരിക്കല്‍ നിങ്ങള്‍ അതിനുള്ളിലായിക്കഴിഞ്ഞാല്‍, അതില്‍ ഉള്‍പ്പെടുകയും, അതിനോട്‌ പ്രതിജ്ഞാബദ്ധനാവുകയും ചെയ്താല്‍ പിന്നെ, ഓരോ ചുവടും എളുപ്പമുള്ളതാകും. ചെറുത്തുനില്‍പ്പ്‌ ഒരു സാധാരണമായ അവസ്ഥയായിത്തീരും. നിങ്ങള്‍ക്കല്ല, സമൂഹത്തിനാണ്‌ ഭ്രാന്തെന്ന് അപ്പോള്‍ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ചെറുത്തുനില്‍പ്പിന്റേതായ ലോകത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലേക്കെങ്കിലും എത്തിയവര്‍ വളരെ ചുരുക്കമാണ്‌ ഇന്ന്. പലരും, വാതില്‍ക്കല്‍ മാത്രം എത്തിയവരാണ്‌. യഥാര്‍ത്ഥജീവിതത്തിന്റെ പുറംഭാഗത്തുമാത്രം ചുറ്റിത്തിരിയുന്ന, കാറ്റിലൊഴുകുന്ന ചില കരിയിലകള്‍പോലും തങ്ങള്‍ അതിന്റെ ഉള്ളിലാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നതാണ്‌ ഏറെ കഷ്ടം. മനുഷ്യന്‍മാരെ തീരെ വിലമതിക്കാത്ത ഒരു തരം ജീവിതരീതിയോട്‌ അവര്‍ സൗകര്യപ്രദമായി സന്ധി ചെയ്തിരിക്കുന്നു. അധികാരം നമ്മോട്‌ പറയുന്നത്‌, ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്‍പ്പെടരുതെന്നാണ്‌, ഒരിക്കലും അതിനോട്‌ പ്രതിജ്ഞാബദ്ധമാകരുതെന്നാണ്‌, എന്തൊക്കെയായാലും, എല്ലാവരും, എല്ലാതും മലീമസമായിരിക്കുന്നുവെന്നാണ്‌.

പിന്‍വാങ്ങലിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌.

പിന്‍വാങ്ങലെന്നത്‌, വിധേയത്വത്തിനേക്കാളും മോശമായ ഒരു അവസ്ഥയാണ്‌. സബാറ്റോ അതിനെ നിര്‍വ്വചിക്കുന്നത്‌, "എന്തിനുവേണ്ടിയാണോ ഒരുവന്‍ പൊരുതേണ്ടത്‌, അതില്‍നിന്നുള്ള പിന്‍മാറ്റത്തെ നീതീകരിക്കുന്ന ഭീരുത്വ'മായിട്ടാണ്‌.

നമ്മള്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ചെറുത്തുനില്‍ക്കാന്‍ നിങ്ങള്‍ ഒരു നായകനോ ഒന്നും ആകേണ്ടതില്ല. അധികാരത്തിനെതിരെ ഒരു സ്ഫോടകവസ്തു എറിയുകയോ, ജയിലില്‍ പോവുകയോ ചെയ്യുന്നതിനേക്കാളുമൊക്കെ എത്രയോ ചെറുതായ ഒരു പ്രവൃത്തിയാണത്‌. പക്ഷേ, അതൊരു എതിരൊഴുക്കാണ്‌. നിത്യ ജീവിതത്തില്‍ എവിടെയൊക്കെയാണ്‌ ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടതെന്ന് സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. നമ്മെ 'തടവില്‍'ആക്കാന്‍ വിധത്തില്‍ സമൂഹത്തെ വാള്‍മാര്‍ഷ്യന്‍* (WallMartian)രീതിയില്‍ ഘനീഭവിപ്പിക്കുന്ന പ്രവണതകളെ നമ്മള്‍ കയ്യൊഴിയണം. എല്‍ സാല്‍വാഡോര്‍ എന്ന രാജ്യത്തിന്റെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 20 ഇരട്ടിയിലധികം വിറ്റുവരവുള്ള ജനറല്‍ മോട്ടോഴ്സിന്റെ ഒരു കാര്‍ വാങ്ങാതിരിക്കുക എന്നത്‌, ഒറ്റ നോട്ടത്തില്‍ ഒരു വിപ്ലവമൊന്നുമല്ല. പക്ഷേ, അതൊരു ചെറുത്തുനില്‍പ്പു തന്നെയാണ്‌. പൊതു ഗതാഗത സമ്പ്രദായവും, ഊര്‍ജ്ജസ്വലമായ ദേശീയ ആരോഗ്യ നയവും ആവശ്യപ്പെടുക എന്നത്‌, ചെറുത്തുനില്‍പ്പല്ലെങ്കില്‍ പിന്നെ എന്താണ്‌? നമ്മുടെ ജീവിതത്തെ ആയാസമറ്റതാക്കുമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി നമ്മുടെയും, നമ്മുടെ മക്കളുടെയും ജീവിതത്തെ ആഗോളവത്ക്കരണത്തിനു കാഴ്ച്ചവെകുന്ന പദ്ധതികളെ തള്ളിക്കളയുക എന്നത്‌, ചെറുത്തുനില്‍പ്പിന്റെ രീതിശാസ്ത്രം തന്നെയാണ്‌.

നമ്മള്‍ 'സന്തുഷ്ടരാണ്‌' എന്ന മട്ടിലുള്ള അവരുടെ നുണപ്രചരണത്തിന്റെ ഉപകരണമാകാന്‍ വിസമ്മതിക്കുക എന്നുള്ളതാണ്‌ ആദ്യത്തെ ചുവട്‌. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അധികാരത്തിന്റെ ഭീമന്‍ യന്ത്രങ്ങളുടെ പല്‍ച്ചക്രമാകാതിരിക്കുക എന്ന്.

അമേരിക്കയെയും യൂറോപ്പിനെയും കേന്ദ്രീകരിച്ചുള്ള സങ്കല്‍പ്പങ്ങളില്‍നിന്ന്-യഥാര്‍ത്ഥ ലോകം ആരംഭിക്കുന്നതും, അവസാനിക്കുന്നതും, ആ രാജ്യങ്ങളില്‍ നിന്നാണ്‌ എന്ന സങ്കല്‍പ്പത്തിന്റെ മറ്റൊരു ഭാഷ്യമാണ്‌ അത്തരം സങ്കല്‍പ്പങ്ങള്‍- വിടുതല്‍ നേടുക എന്നതാണ്‌ നമുക്ക്‌ കൈക്കൊള്ളാവുന്ന രണ്ടാമത്തെ നടപടി. ഭൂമിയിലെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്‌ യൂറോപ്പും, അമേരിക്കയും. നമ്മള്‍ അത്‌ സൗകര്യപൂര്‍വ്വം മറക്കുന്നു.

ലാറ്റിന്‍ അമേരിക്കയെക്കുറിച്ചുള്ള എന്റെ ചില ലേഖനങ്ങളില്‍, ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ഫ്രഞ്ച്‌ സാമൂഹ്യശാസ്ത്രജ്ഞന്‍ അലൈന്‍ ടൂറിനെ (Alain Tourraine)പലപ്പൊഴും ഉദ്ധരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഈയിടെ, യാദൃശ്ചികമെന്നു പറയട്ടെ, അദ്ദേഹവുമായി ബ്യൂണസ്‌ അയേഴ്സ്‌ ടെലിവിഷന്‍ നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖസംഭാഷണം, കാണാനിടവന്നു.

അടിസ്ഥാനപരമായ ചെറുത്തുനില്‍പ്പ്‌ ആഗോളവത്ക്കരണത്തിനെതിരെയും, അതിന്റെ ഭാഷക്കെതിരെയും, അത്‌ സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുമാകണമെന്നുതന്നെയാണ്‌ ഏണസ്റ്റോ സബാറ്റോവിനെപ്പോലെ അലൈനും, ആ അഭിമുഖത്തില്‍ എടുത്തുപറഞ്ഞത്‌.

അങ്ങിനെ വരുമ്പോള്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവിരുദ്ധം എന്നതിന്റെ പര്യായമാകുന്നു.

ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ ചിന്തകള്‍, നിങ്ങളെ പ്രതീക്ഷിക്കാത്ത വഴികളിലേക്കെത്തിക്കുന്നു. ഉദാഹരണത്തിന്‌, സമാധാനത്തിന്റെ വിപരീതം, യുദ്ധം മാത്രമല്ല എന്ന് നിങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെടുന്നു. സമാധാനത്തിന്റെ വിപരീതമെന്നത്‌, സാമൂഹ്യമായ അനീതിയുടെ ധാരാളാത്തിമാണ്‌, മൗലികാവകാശങ്ങളോടുള്ള അനാദരവാണ്‌, എല്ലാ രീതിയിലുമുള്ള അനീതിയാണ്‌. രാജ്യങ്ങളുടെ കാര്യമായാലും, വ്യക്തികളുടെ കാര്യമായാലും, സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്‌ അത്‌.

ആഗോളവത്ക്കരണമെന്നത്‌, "ഒഴിച്ചുനിര്‍ത്തുന്നതിന്റെ സംസ്കാര'ത്തിനെയും, തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം, അവ ഇല്ലാതാക്കുന്നതിന്റെയും-പ്രത്യേകിച്ച്‌, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയിടയില്‍-പര്യായമായതിനാല്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവത്ക്കരണവിരുദ്ധംകൂടിയാകുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥക്കും, വ്യാവസായിക വിപ്ലവപര്യന്തമുള്ള ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ആഗോളവത്ക്കരണത്തിനും എതിരായിട്ടുള്ളതാണ്‌ ചെറുത്തുനില്‍പ്പ്‌. കമ്പോള സമ്പദ്‌വ്യവസ്ഥയും, ആഗോളവത്ക്കരണവും ശക്തിപ്പെടുന്നത്‌, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെ പതനത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിലൂടെയും, അതിനെ ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിപ്ലവത്തിലൂടെയുമാണ്‌

സാങ്കേതിക വിപ്ലവത്തെ, ജോസഫ്‌ ഷുംപീറ്റര്‍ (Joseph Schumpeter)വ്യാഖ്യാനിക്കുന്നത്‌, 'സൃഷ്ടിപരമായ വിനാശം' എന്നാണ്‌. അതിനെ ആഗോളവത്ക്കരണവുമായി സമീകരിക്കുന്നുമുണ്ട്‌ ഷുംപീറ്റര്‍. 'ബഹുമാനിക്കപ്പെടണമെന്നും, തിരിച്ചറിയപ്പെടണമെന്നും' ആഗ്രഹിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എന്ന്‌ കണ്ടെത്തുന്ന ടൂറിനാകട്ടെ, ബൂര്‍ഷ്വാസിയെന്ന, മുതലാളിത്തത്തിന്റെ ആ പഴയ ചൂഷകവൃന്ദത്തിന്റെ നാമധേയവുമായിട്ടാണ്‌ ആഗോളവത്ക്കരണത്തെ ബന്ധപ്പെടുത്തുന്നത്‌. ആഗോളവത്ക്കരണം, മുതലാളിത്തം ഒരുക്കിവെച്ച കെണിയാണ്‌.

സാങ്കേതിക വിപ്ലവത്തിന്റെയും, സ്വതന്ത്ര വിപണിയെന്ന പ്രത്യയശാസ്ത്രത്തിന്റെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സമന്വയമാണ്‌, മുന്‍പേ സൂചിപ്പിച്ച 'ഒഴിച്ചുനിര്‍ത്തലിന്റെ സംസ്കാര'ത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്‌. വളരെ വലിയൊരു ജനവിഭാഗത്തിന്റെ മരണമണിയാണ്‌, സ്വതന്ത്ര വിപണിയുടെ സംസ്കാരത്തെ വളര്‍ത്തി വലുതാക്കുന്നതിലൂടെ ആ സംസ്കാരത്തിന്റെ പ്രചാരകര്‍ മുഴക്കുന്നത്‌.

ഇവിടെ വീണ്ടും, ചെറുത്തുനില്‍പ്പ്‌ എന്ന പദം, മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദിശയില്‍ നില്‍ക്കുന്നു**. ഒഴിച്ചുനിര്‍ത്തലിന്റെ എതിര്‍പ്രക്രിയയായിട്ടാണ്‌ (പുതിയ സോഷ്യലിസ്റ്റുകളുടെയും, പുതിയ സോഷ്യലിസ്റ്റ്‌ ചിന്താ ധാരകളുടെയും)തിരിച്ചുവരവ്‌. എനിക്കു തെറ്റിയതാണോ, എന്തോ. വിലക്കപ്പെട്ട, രാഷ്ടീയമായി ശരിയല്ലാത്ത ആ വാക്ക്‌ (പുത്തന്‍ സോഷ്യലിസം, പുത്തന്‍ സോഷ്യലിസ്റ്റ്‌ എന്നിവ) ഈയടുത്ത കാലത്തായി ഇടയ്ക്കിടയ്ക്ക്‌ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. സോഷ്യലിസം എന്നത്‌, സാമൂഹ്യാംഗീകാരം കിട്ടിയ ഒന്നായി മാറിയിരിക്കുന്നു., സോഷ്യലിസം, സത്യസന്ധമായ ആധുനിക ചിന്ത എന്നു തുടങ്ങി, ചെറുത്തുനില്‍പ്പിന്റെ നിരവധി രൂപങ്ങള്‍ ഭയത്തിന്റെയും മരണത്തിന്റെയും സംസ്കാരവാഹകരായ പുത്തന്‍ മതതീവ്രവാദികളുടെ പ്രതികരണം തീര്‍ച്ചയായും ക്ഷണിച്ചുവരുത്തുന്നുണ്ട്‌. ആ മതതീവ്രവാദ ശക്തികളാകട്ടെ, ആഗോളവത്ക്കരണത്തിന്റെ ശക്തരായ സഖ്യകക്ഷികളാണുതാനും. പക്ഷേ, അവര്‍ക്ക്‌, ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യും.

അനീതികള്‍ക്കെതിരായിട്ടുള്ള ചെറുത്തുനില്‍പ്പ്‌ വിപ്ലവകരമൊന്നുമല്ലെന്ന് തോന്നിയേക്കാം. പക്ഷേ അത്‌, വിപ്ലവകരം തന്നെയാണ്‌. ഒരു രാജ്യം അതിന്റെ ദേശീയ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കലോ, വ്യക്തി സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തലോ ഒന്നുമല്ല അനീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ്‌ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. സോഷ്യലിസത്തെ പിന്താങ്ങുക എന്നതുപോലും ആ വാക്കുകൊണ്ട്‌ ഉദ്ദേശിക്കപ്പെടണമെന്നില്ല. പക്ഷേ, കമ്പോളത്തെ സ്വയംസമ്പൂര്‍ണ്ണമെന്ന നിലയില്‍ ആരാധിക്കുകയും, അതിനെ, മനുഷ്യ സ്വഭാവത്തിന്റെയും, മനുഷ്യ സമൂഹത്തിന്റെയും ആത്യന്തിക ലക്ഷ്യമായി കരുതുകയും ചെയ്യുന്ന നിഷ്ഠുരമായ മുതലാളിത്തത്തിന്റെ നിരാസമാണത്‌, തീര്‍ച്ചയായും.

ബ്യൂണസ്‌ അയേഴ്സിലെ ഒരു കഫേയിലിരുന്നുതന്നെയാണ്‌, La Nacion എന്ന പത്രത്തില്‍, പ്രൊഫസ്സര്‍ ദീപേഷ്‌ ചക്രവര്‍ത്തിയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ ഞാന്‍ വായിച്ചത്‌. "കീഴാള പഠന'ങ്ങളുടെ അസ്തിത്വത്തെക്കുറിച്ച്‌ ധാരാളമായി എഴുതിയിട്ടുള്ള, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ പ്രൊഫസ്സറാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ Rethinking Working Class History: Bengal, 1840-1940 എന്ന പുസ്തകം, ചരിത്രത്തിന്റെ പ്രാന്തസ്ഥലികളെക്കുറിച്ചുള്ള ചരിത്രമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിന്റെ അതിരുകളില്‍നിന്ന്, ചരിത്രത്തിന്റെ അതിരുകളെക്കുറിച്ച്‌ എഴുതുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ജനാധിപത്യം, മുതലാളിത്തം, സാമൂഹ്യ നീതി, മനുഷ്യാവകാശങ്ങള്‍, സമത്വം, ആഗോളവത്ക്കരണം എന്നിങ്ങനെ, സാമ്രാജ്യത്വം അവശേഷിപ്പിച്ച നിരവധി സാര്‍വ്വലൗകിക സംജ്ഞകളെ അദ്ദേഹം തന്റെ കൃതിയില്‍ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്‌.

കുറച്ചുദിവസം മുന്‍പ്‌, മറ്റൊരു വീക്ഷണംകൂടി വായിക്കാന്‍ ഇടയായി. ഇരുപത്‌ വര്‍ഷത്തെ വാള്‍സ്ട്രീറ്റിലെ ജീവിതത്തിനു ശേഷം അര്‍ജന്റീനിയയിലേക്കു മടങ്ങിയ, വിദ്യാസമ്പന്നനും, ധാരാളം ഭൂസ്വത്തുക്കളുമുള്ള ഒരു ചെറുപ്പക്കാരന്റെ ലേഖനം. അതെന്നെ അത്ര അതിശയപ്പെടുത്തിയതൊന്നുമില്ല. വ്യോമഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയും, വിമാനയാത്രക്ക്‌ കൈവന്ന അവസരത്തിലെ തുല്ല്യതയും ഒക്കെയാണ്‌ ആ വിദ്വാന്‍ ആഗോളവത്ക്കരണത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാനദണ്ഡങ്ങള്‍. കേട്ടാല്‍ തോന്നും, പ്രാദേശിക വ്യവസായങ്ങളെ അതിസൂക്ഷ്മമായി തകര്‍ക്കുന്നതിലും, അവയെ അരികുകളിലേക്ക്‌ തള്ളിമാറ്റുന്നതിലും ഒന്നും ആഗോളവത്ക്കരണത്തിന്‌ യാതൊരു പങ്കുമില്ലെന്ന്.



Countercurrents-ന്റെ 21 ഡിസംബറിലെ ലക്കത്തില്‍ വന്ന ഗെയ്ത്‌ സ്റ്റുവാ‍ര്‍ട്ടിന്റെ ലേഖനം.

* WallMartian - പലേ അര്‍ത്ഥതലങ്ങളുമുള്ള ഒരു വാക്കാണ് ഇത്. തീവ്ര വലതുപക്ഷ, സാമൂഹ്യവിരുദ്ധ ചിന്തകളുടെ പ്രയോക്താക്കളെയും, അവരുടെയിടയിലുള്ള നിഗൂഢമായ വിനിമയശൈലിയെയുമൊക്കെ പൊതുവെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നു. (ചില ആധുനിക സെമാന്റിക്സ് പ്രയോഗങ്ങളാണ് ഇത്തരം വാക്കുകള്‍. എപ്പോഴും അവ നിരുപദ്രവമായിക്കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ചില പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ വാരിക്കുഴികളാകാനും സെമാന്റിക്സിനെ നമ്മള്‍ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് - പരിഭാഷകക്കുറിപ്പ്).

**ഇവിടെ (ഇംഗ്ലീഷിലുള്ള ലേഖനത്തില്‍)സ്റ്റുവാര്‍ട്ട്‌ എഴുതിയിരിക്കുന്നത് “Here again, as the antithesis of Marx's dialectical process, appears the word resistance എന്നാണ്. ഇത് അല്‍പ്പം അവ്യക്തമോ, തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്നതോ ആയ ഒരു പ്രയോഗമാണ്. 'ഒഴിച്ചുനിര്‍ത്തല്‍' എന്ന സിദ്ധാന്തത്തിന്റെ പ്രതിദ്വന്ദമായിതന്നെയാണ്‌, സോഷ്യലിസത്തിന്റെ (അഥവാ, നവസോഷ്യലിസത്തിന്റെയും) 'തിരിച്ചുവരവ്‌' എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്‌. മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മക പ്രക്രിയയിലും (സംവാദത്തിലും) അങ്ങിനെ വരാനേ ഇടയുള്ളു. അതല്ലാതെ, ചെറുത്തുനില്‍പ്പ്‌ എന്ന പ്രക്രിയ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദശയിലാകാന്‍ തീരെ തരമില്ല. ഇനി അങ്ങിനെതന്നെയാണ് സ്റ്റുവാര്‍ട്ട് ഉദ്ദേശിച്ചതെങ്കില്‍, അത് തെറ്റാണെന്നും പരിഭാഷകന്‍ കരുതുന്നു.- പരിഭാഷക്കുറിപ്പ്‌.

Wednesday, December 26, 2007

പന്ത്രണ്ടു മണിക്കൂറിന്റെ പൗരന്‍മാര്‍

അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്‌. പക്ഷേ പൗരത്വം ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കാണെന്നുമാത്രം. ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ദശാബ്ദങ്ങളായി ദിവസത്തില്‍ പകുതി നേരം മാത്രം ഇന്ത്യന്‍ പൗരന്‍മാരായി കഴിയുന്ന ഒരു സവിശേഷ സാഹചര്യം കാണണമെങ്കില്‍, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നാല്‍ മതിയാകും. നാലായിരം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ആ അതിര്‍ത്തി രേഖ കടന്നുപോകുന്ന ഗ്രാമങ്ങളിലാണ്‌ ഈ അര്‍ദ്ധപൗരന്‍മാര്‍ ജീവിക്കുന്നത്‌. കൊല്‍ക്കൊത്ത മുതല്‍ ത്രിപുര വരെ 170 ഗ്രാമങ്ങളാണ്‌ ഇത്തരത്തിലുള്ളത്‌. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളാല്‍ ഈ ഗ്രാമങ്ങളെ വേര്‍തിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌ ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെയായി സാധിച്ചിട്ടില്ല. ഗ്രാമങ്ങളെയും ഗ്രാമീണരെയും ഉപേക്ഷിച്ചിരിക്കുകയാണ്‌. ദിവസവും വൈകുന്നേരം, ആറുമണിയായാല്‍ മുള്ളുവേലിയുടെ വാതിലുകള്‍ അടയും. വീണ്ടും രാവിലെ ആറുമണിയാകുന്നതുവരെ, ഇന്ത്യാ രാജ്യം തങ്ങളുടെ പൗരന്‍മാരെ വേലിക്കുപുറത്തു നിര്‍ത്തുന്നു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രം തുറക്കുന്ന ഒരു ഇന്ത്യന്‍ പൗരത്വം.

1947-ലെ ഇന്ത്യാ-പാക്ക്‌ വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളുടെയുമിടയില്‍ പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1971-ല്‍ ബംഗ്ലാദേശ്‌ രൂപീകൃതമായതിനുശേഷം ഇന്ദിരാഗാന്ധിയും ഷേഖ്‌ മുജീബുര്‍ റഹ്‌മാനും ചേര്‍ന്ന്, തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക്‌ ഒരു കരാറില്‍ എത്തിച്ചേരുകയും, അതനുസരിച്ച്‌, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, ഇരുവര്‍ക്കും അധികാരമില്ലാത്ത നൂറു മീറ്റര്‍ ഭൂമി നിലവില്‍ കൊണ്ടുവരുകയും ചെയ്തു. ഈ ആരുടേതുമല്ലാത്ത ഭൂമിയില്‍ ജീവിക്കുന്ന നിസ്സഹായരായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമവും ഇരു കൂട്ടരും നടത്തിയിട്ടുമില്ല. സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും, വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഇവര്‍.

സന്ധ്യയ്ക്ക്‌ ആറു മണിയോടെ വാതിലുകള്‍ അടയുമ്പോള്‍ ഇരുട്ട്‌ ഈ ഗ്രാമങ്ങളെയും അവിടങ്ങളില്‍ താമസിക്കുന്നവരുടെ മനസ്സുകളെയും ഒരുപോലെ പൊതിയുന്നു. കൂടുതലും ബംഗ്ലാദേശില്‍നിന്നു വരുന്ന കവര്‍ച്ചസംഘങ്ങളുടെയും, തെമ്മാടികളുടെയും, സാമൂഹ്യവിരുദ്ധരുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക്‌ തങ്ങളുടെ ജീവനും സ്വത്തും അടിയറവു വെയ്ക്കേണ്ടിവരുന്നു ഈ ഗ്രാമവാസികള്‍ക്ക്‌. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അത്യാസന്ന നിലയിലായ രോഗികള്‍ക്ക്‌, പുലര്‍ച്ച്‌ ആറുമണിവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുക എന്ന രണ്ടു സാദ്ധ്യതകള്‍മാത്രമേ മുന്നിലുള്ളു. വിവാഹംപോലുള്ള സാമൂഹ്യാവസരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജില്ല മജിസ്ട്രേറ്റിന്റെ അനുവാദം മുന്‍കൂറായി വാങ്ങിയില്ലെങ്കില്‍, സ്വഗൃഹങ്ങളിലേക്ക്‌ തിരികെയെത്താന്‍ കഴിയില്ല.

പ്രശസ്ത പത്രപ്രവര്‍ത്തകനായ മൃണാള്‍ താലൂക്ദര്‍ ഈ ആളുകളെക്കുറിച്ച്‌ 20 മിനുട്ട്‌ നീണ്ടുനില്‍ക്കുന്ന ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ആസ്സാമിലെ കരിംഗഞ്ച്‌ ജില്ലയില്‍ ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലുള്ള, സുതര്‍കണ്ടി എന്ന ഭാഗത്തെ ലഫ്സായി, ജറാപട്ട ഗ്രാമങ്ങളില്‍ വെച്ചാണ്‌ മൃണാള്‍ തന്റെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. എട്ടര മാസത്തെ കഠിനപ്രയത്നത്തിനൊടുവിലാണ്‌ കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന്, ഈ ചിത്രമെടുക്കാന്‍ അദ്ദേഹത്തിന്‌ അനുവാദം ലഭിച്ചത്‌. മുംബൈയില്‍ 2008 ഫെബ്രുവരി 4 മുതല്‍ 9 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവതരിപ്പിക്കപ്പെടുന്ന 13 ചിത്രങ്ങളില്‍ ഒന്നാണ്‌ മൃണാളിന്റെ NO BODY'S MEN എന്ന ചിത്രം. മഹത്തായ ഒരു യജ്ഞമാണ്‌ മൃണാള്‍ പൂര്‍ത്തീകരിച്ചത്‌.

ഈ ഗ്രാമവാസികള്‍ക്ക്‌ പൂര്‍ണ്ണപൗരത്വം ലഭിക്കാനുള്ള ശ്രമങ്ങളുമായി ബാറക്‌ മനുഷ്യാവകാശ സംഘടനയും രംഗത്തു വന്നിട്ടുണ്ട്‌.




*കൗണ്ടര്‍കറന്റ്സിന്റെ ഡിസംബര്‍ 20-ലെ ലക്കത്തില്‍ വാലി ലാസ്കര്‍ എഴുതിയ ലേഖനം

Saturday, December 22, 2007

നക്സലൈറ്റുകള്‍ ഉണ്ടാകുന്നത്‌....

നക്സലൈറ്റാവുക എന്നത്‌ എന്നു മുതല്‍ക്കാണ്‌ ഇത്ര വലിയ തെറ്റായിമാറിയത്‌? നാരായണന്‍കുട്ടി നായരുടെ തലയറുത്ത്‌ വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ്‌ എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക്‌ കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ്‌ ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്‌.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്‌.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

ഒരു നക്സലൈറ്റാവുക എന്നത്‌ ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത്‌ എങ്ങിനെയാണ്‌ ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്‌? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക്‌ അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ്‌ സഖാക്കളെ, ഗാന്ധിയന്‍മാരെ?

നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്‌. നക്സലൈറ്റ്‌-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്‌. വാദം അതൊന്നുമല്ല. നക്സലൈറ്റ്‌ എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ്‌ നമ്മള്‍ പച്ചക്കൊടി വീശുന്നത്‌. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത്‌ നീക്കാനും, പീപ്പിള്‍സ്‌ മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ്‌ കാണേണ്ടതും.

എവിടെ നമുക്ക്‌ അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്‌ പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

ഓര്‍മ്മകളുണ്ടായിരിക്കണം.

Wednesday, December 5, 2007

ജപ്പാനിലെ താത്രിക്കുട്ടിമാര്‍

പാശ്ചാത്യ രീതിയിലുള്ള അഭിനയശൈലിയിലൂടെ ജപ്പാന്റെ നാടകരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ ജാപ്പനീസ്‌ നാടകനടിയാണ്‌ മാത്‌സുയി സുമാകോ (Matsui Sumako). ഇബ്‌സന്റെ A Doll's House എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തിനെ അനശ്വരമാക്കുകയുണ്ടായി അവര്‍. പക്ഷേ, കുടുംബത്തിന്റെയും ആഭിജാത്യത്തിന്റെയും നേര്‍ക്ക്‌ പുറംതിരിഞ്ഞുനില്‍ക്കുക എന്നത്‌, യഥാര്‍ത്ഥജീവിതത്തില്‍ അത്രക്ക്‌ എളുപ്പമുള്ള ഒന്നല്ലെന്ന് അവര്‍ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. നോവലിസ്റ്റും, പണ്ഡിതനും, വിവാഹിതനുമായ ഷിമാമുര ഹൊഗേത്‌സുവുമായുള്ള ബന്ധത്തോടെ അവര്‍ ഒരു അസുരവിത്തായി മുദ്രയടിക്കപ്പെട്ടു.

സ്ത്രൈണത തീരെ പോരാ എന്നതായിരുന്നു മിക്കവരും അവരില്‍ കണ്ട ന്യൂനത. രോഗിയായിരുന്ന ഷിമാമുരയുടെ മരണത്തിനുവരെ അവര്‍ കാരണക്കാരിയാണെന്ന് ജനം വിധിയെഴുതി. സ്വന്തം പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഷിമാമുരയുടെ ആരോഗ്യം അവര്‍ കണക്കിലെടുത്തില്ല എന്നതായിരുന്നു ആളുകളുടെ വിധിയെഴുത്ത്‌. അപമാനം സഹിക്കവയ്യാതെ, തന്റെ പ്രിയപ്പെട്ടവന്‍ മരിച്ച്‌ രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, സുമാകോ തന്റെ ജീവിതം ഒരു കയര്‍ത്തുമ്പില്‍ ഒടുക്കി.

സ്ത്രീകളോട്‌ അത്രയധികം കരുണയൊന്നും കാണിച്ചിരുന്നില്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ജാപ്പനീസ്‌ സമൂഹം. വേറിട്ട ജീവിതത്തിനു ധൈര്യം കാണിച്ചവര്‍ക്ക്‌ അവര്‍ ഒരിക്കലും മാപ്പു കൊടുത്തതുമില്ല. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍, അപാരമായ ധൈര്യം കൈമുതലായി വേണ്ടിയിരുന്നു. അതിനു പുറപ്പെട്ടവരാകട്ടെ, നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഫില്ലിസ്‌ ബിണ്‍മാം എഴുതിയ (Phyllis Birnbaum)Modern Girls, Shining Star, The Skies of Tokyo: 5 Japanese Women (Columbia University Press, New York) എന്ന പുസ്തകം അത്തരക്കാരായ അഞ്ചു സ്ത്രീകളെയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. ജീവിതവിജയം നേടിയിട്ടും, മാത്‌സുയി അടക്കമുള്ള അഞ്ചു സ്ത്രീകള്‍ക്ക്‌, യുദ്ധ-പൂര്‍വ്വ ജപ്പാന്‍ സമൂഹം, 'തോരാത്ത കണ്ണുനീരിന്റെ താഴ്‌വര'യായി അനുഭവപ്പെട്ടു. തങ്ങളുടെ കലാപത്തിന്‌ അവര്‍ നല്‍കേണ്ടിവന്ന വില അത്ര വലുതായിരുന്നു.

'ചീകോവിന്റെ ആകാശം'(Chieko's Sky) എന്ന കവിതയില്‍, തകാമുറ ചീകോ (Takamura Chieko)എന്ന ചിത്രകാരിയെ, അവരുടെ ഭര്‍ത്താവ്‌ തകാമുറ കോടാരോ അവതരിപ്പിക്കുന്നത്‌, കുട്ടികളുടെ വിശുദ്ധിയും നൈര്‍മ്മല്ല്യവുമുള്ള ഒരു സാധാരണ സ്ത്രീയായിട്ടാണ്‌. ഉദാത്തമായ സ്ത്രീസങ്കല്‍പം എന്ന നിലയ്ക്കാണ്‌ ആ പറഞ്ഞ ഗുണങ്ങളൊക്കെ കോടാരോ തന്റെ ഭാര്യയില്‍ അദ്ധ്യാരോപിക്കുന്നത്‌. പക്ഷേ കോടാരോ ഉയര്‍ത്തിക്കാട്ടിയ ആ മാതൃകാ സ്ത്രീ-സങ്കല്‍പ്പത്തിലുള്ളത്‌, ഒരു ഭര്‍ത്താവ്‌ ഭാര്യയെ കാണുന്ന വീക്ഷണസങ്കല്‍പ്പമാണോ, അതോ, ഒരു പച്ചയായ സ്ത്രീയെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ അംശമാണോ?

മാമൂലുകളെ വെറുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, തന്റെ ഭാര്യ പൂര്‍ത്തിയാക്കാതെ പോയ ശില്‍പ്പങ്ങളിലും, അവളുടെ ശൂന്യമായ ക്യാന്‍വാസ്സുകളിലും, കോടാരോ ഒരു അഭാവവും ദര്‍ശിക്കുന്നില്ല. "പതിവു വീട്ടുജോലികളിലും' 'രണ്ടറ്റമെത്തിക്കാനുള്ള പരക്കംപാച്ചിലും' പെട്ട്‌ അവള്‍ പരിക്ഷീണിതയായിരുന്നു എന്നു മാത്രമാണ്‌ കോടാരോയിലെ ഭര്‍ത്താവ്‌ നിരീക്ഷിക്കുന്നത്‌. "സ്ത്രീയായതുകൊണ്ട്‌ അവള്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നു" വെന്ന് അദ്ദേഹം പറയുന്നുണ്ട്‌. പക്ഷേ, ഭര്‍ത്താവിന്റെ പ്രതിഭയെക്കുറിച്ച്‌ നിരന്തരം ഓര്‍മ്മപ്പെടുത്താനും അവള്‍ ബാദ്ധ്യസ്ഥയായിരുന്നുവത്രെ! മാനസികമായി തകര്‍ന്ന്, ഒരു ചികിത്സാകേന്ദ്രത്തിലായിരുന്നു ചീകോവിന്റെ അന്ത്യം. ആ മരണത്തിന്‌ കോടാരോ പഴിക്കുന്നത്‌ ചീകോവിന്റെ കലാപരമായ അന്ത:സംഘര്‍ഷങ്ങളെയല്ല, മറിച്ച്‌, അവളുടെ കുടുംബത്തില്‍ ചിലര്‍ക്ക്‌ പാരമ്പര്യമായി കണ്ടുവന്നിരുന്ന ഭ്രാന്തിനെയാണ്‌.

വിരോധാഭാസമെന്നു പറയട്ടെ, 'ചീകോവിന്റെ ആകാശം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ആ ചിത്രകാരിയെ ഇന്ന് ലോകം അറിയുമായിരുന്നില്ല. പുതിയ ജീവിതപങ്കാളികള്‍ക്ക്‌ അനുരാഗപൂര്‍ണ്ണമായ ദാമ്പത്യം നേര്‍ന്നുകൊണ്ട്‌, പ്രചാരമുള്ള വിവാഹസമ്മാനമായി ആ പുസ്തകം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച എഴുത്തുകാരിയായിരുന്നു യാനഗിവാര ബ്യാകുരേന്‍ (Yanagiwara Byakuren) യഥാര്‍ത്ഥജീവിതത്തിലും ഇബ്‌സന്റെ നോരയെപ്പോലെ ജീവിച്ച ഒരു എഴുത്തുകാരി. അസഹി (Asahi) എന്ന പത്രത്തില്‍ ഒരു കത്ത്‌ പ്രസിദ്ധീകരിച്ച്‌, വളരെ നാടകീയമായിട്ടാണ്‌ അവര്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്‌. ആ കത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുകയും, അവരുടെ ദാമ്പത്യത്തിന്റെ പ്രഹസനത്തെ തുറന്നെഴുതുകയും ചെയ്തു. ഇത്‌ സാദ്ധ്യമായത്‌, അതിനകംതന്നെ കവയിത്രി എന്ന പേരില്‍ അവര്‍ പുകള്‍പെറ്റതുകൊണ്ടും, പ്രസിദ്ധീകരണരംഗത്ത്‌ അവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടും മാത്രമാണ്‌.

"ജപ്പാന്റെ ജന്മിത്ത സദാചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും എതിരായ അവരുടെ തുറന്ന ആക്രമണം" ജാപ്പനീസ്‌ സമൂഹത്തില്‍ ഒരു കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിവിട്ടു. വലതുപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി, അതിനെ അധിക്ഷേപിക്കുകയും ധാര്‍മ്മികാധപതനമായി മുദ്രകുത്തുകയുമുണ്ടായി. അവര്‍ക്കുനേരെ വധിഭീഷണിയും ഉയര്‍ന്നു. പക്ഷേ ജപ്പാനിലെ ലിബറല്‍ കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിച്ചത്, സാമൂഹ്യമാറ്റത്തിനായി പൗരന്‍മാരെ ഉദ്‌ബോധിപ്പിക്കാനുള്ള ഒരു അവസരമായിട്ടായിരുന്നു. തന്റെ കത്തിന്‌ ഇത്രയധികം പ്രതികരണമുണ്ടാകുമെന്ന് യാനഗിവാര ഒരിക്കലും കരുതിയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ആ കത്ത്‌, തന്റെ അഭിമാനത്തിനെ ചോദ്യം ചെയ്തിരുന്ന ഒരു ബന്ധത്തില്‍നിന്നുള്ള മോചനത്തിനുള്ള ഉപാധി മാത്രമായിരുന്നു. നിരവധി വെപ്പാട്ടിമാരെ കൈവശം വെക്കാന്‍ പുരുഷന് അധികാരാവകാശങ്ങള്‍ നല്‍കുകയും, എന്നാല്‍ ഒരു കാമുകനെ സ്വീകരിച്ചു എന്ന തെറ്റിന്‌ ഒരു ഭാര്യയെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമസംഹിതകള്‍ കൈക്കൊള്ളുന്ന സമൂഹത്തിന്റെ കപടമുഖത്തിനെയായിരുന്നു അവര്‍ തന്റെ കത്തിലൂടെ തുറന്നുകാട്ടിയത്‌.

യാനഗിവാരയുടെ കാര്യമോ? ഒരു ചെറുപ്പക്കാരനുമായുള്ള ചങ്ങാത്തത്തിനുശേഷം മാത്രമാണ് ഈ പൊടുന്നനെയുള്ള 'ബോധോദയം' ഉണ്ടായത് എന്ന രീതിയിലാണ് സമൂഹം അവരെ വിമര്‍ശിക്കാന്‍ മുതിര്‍ന്നത്. തന്റെമേലുള്ള ഭര്‍ത്താവിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മുന്‍പൊരിക്കല്‍ അവര്‍ മനപ്പൂര്‍വ്വമായിത്തന്നെ, മറ്റൊരു സ്ത്രീയെ വിലക്കെടുത്തിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ കൂടുതല്‍ ക്രൂശിക്കപ്പെടുകയുണ്ടായി. ഒരു പക്ഷേ, തീര്‍ത്തും അസഹനീയമായ ഒരു മുഹൂര്‍ത്തതിലായിരിക്കാം അവരത്‌ ചെയ്തത്‌. ആ പ്രവൃത്തിയെ ന്യായീകരിക്കാനുമാവില്ലായിരിക്കാം. ശരിയാണ്. പക്ഷേ, പറഞ്ഞുവരുന്നത്‌, ഇതൊക്കെയാണ്‌ വിമോചനത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ എന്നു മാത്രമാണ്‌.

നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയായിരുന്നു തകാമിനി ഹിഡെകോ (Takamine Hideko). ബാലനടിയായിട്ടായിരുന്നു അവരുടെ അരങ്ങേറ്റം. അകിര കുറസോവയടക്കം, പല പ്രമുഖ ജാപ്പനീസ്‌ ചലച്ചിത്രകാരന്മാരുടെയും കൂടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. ജീവിത വിജയം നേടിയിട്ടും, അവരുടെ അഭിനയ ജീവിതം കയ്പ്പുനീര്‍ നിറഞ്ഞതായിരുന്നു. ധനസമ്പാദനത്തിനുള്ള യന്ത്രമായി തന്നെ കാണുന്ന സ്വന്തം കുടുംബത്തിനെതിരെപോലും അവര്‍ക്ക് കലഹിക്കേണ്ടിവന്നു. സിനിമയുടെ സെറ്റിലും ഒരേസമയം, സ്വാതന്ത്ര്യവും, ‘വിചിത്രമായ നിരാശയും‘ അവര്‍ അനുഭവിച്ചു. ക്യാമറക്കുള്ളിലും, പുറത്തും താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നും അവര്‍ക്കുണ്ടായിരുന്നു.

ഒരുപക്ഷേ, ആധുനിക വനിതകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌, യൂനോ ചിയോ എന്ന നോവലിസ്റ്റായിരിക്കും. ജപ്പാന്റെ 'മോഗാ' (mo ga). സദാചാരത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ച്‌, പലപ്രാവശ്യം വിവാഹം കഴിക്കുകയും, പലര്‍ക്കുവേണ്ടിയും തന്റെ അടിവസ്ത്രച്ചരടുകളഴിക്കുകയും ചെയ്ത യൂനോ. തിരതല്ലിയാര്‍ക്കുന്ന അവരുടെ പ്രണയകഥകളില്‍ നമുക്ക്‌ കാണാനാവുക, അടിപതറാത്ത അവരുടെ സ്വത്വത്തെ തന്നെയാണ്‌. പല കഥകളും അവരുടെ അനുഭവത്തില്‍നിന്ന് എടുത്തവയായിരുന്നു. പരമ്പരാഗത വേലിക്കെട്ടുകള്‍ക്കകത്ത്‌ കഴിഞ്ഞുവന്ന ജാപ്പനീസ്‌ സ്ത്രീകള്‍ യൂനോവിന്റെ ജീവിതരീതിയെ എങ്ങിനെയാണ്‌ കണ്ടിരുന്നത്‌ എന്ന് നമുക്കറിയില്ല. എങ്കില്‍തന്നെയും, അവര്‍ എഴുതിയ കഥകള്‍ അവിടുത്തെ സ്ത്രീസമൂഹം വളരെ ആവേശത്തോടെയാണ്‌ വായിച്ചത്‌. ഒരു പക്ഷേ, തങ്ങളുടെ ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനതകളില്‍നിന്ന് അവര്‍ക്ക്‌, ആ കഥകള്‍ താത്‌ക്കലികമായെങ്കിലും മോചനം നല്‍കിയിരിക്കാം. പഴയ മാമൂലുകളെ ലംഘിക്കാതെ തന്നെ, പുതിയ സാദ്ധ്യതകള്‍ ദര്‍ശിക്കാന്‍ യൂനോവിന്റെ കഥകള്‍ അവര്‍ക്ക്‌ പ്രേരകമായിട്ടുമുണ്ടാവണം.

സാമൂഹ്യമായ അതിര്‍ത്തികളുടെ പു:നര്‍വിന്യാസത്തിലൂടെ, യൂനോയെയും മാത്‌സുയിയെപ്പോലെയുമുള്ള സ്ത്രീകള്‍ ഒരു പുതിയ സ്ത്രീയുടെ ആവിര്‍ഭാവം സാദ്ധ്യമാക്കുകയായിരുന്നു. ആ സമരം അവസാനിച്ചിട്ടൊന്നുമില്ല. ബിണ്‍മാം ഈ കഥകളൊക്കെ പറയുന്നത്‌, സഹാനുഭൂതിയോടെയും, സൗമ്യതയോടെയുമാണ്‌. ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക്‌, അവര്‍, ആ സ്ത്രീകളുടെ തെറ്റുകുറ്റങ്ങളെ ന്യായീകരിക്കാനോ, അവരുടെ വിമര്‍ശകര്‍ക്ക്‌ മറുപടി പറയാനോ ഒന്നും മുതിരുന്നില്ല. അതിന്റെയൊക്കെ ഫലമായി നമുക്ക്‌ കിട്ടിയിരിക്കുന്ന ഈ പുസ്തകം, ആ അഞ്ചു സ്ത്രീകളുടെ ജീവിതത്തിലേക്കും, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കും തുറന്നുവെച്ച ഒരു ജാലകമാണ്‌.




*ഏഷ്യാവീക്ക് എന്ന മാസികയില്‍ Tan Pek Leng എഴുതിയ Daring to be Different എന്ന പേരിലുള്ള പണ്ടത്തെ ഒരു ലേഖനത്തിന്റെ പരിഭാഷ. തലക്കെട്ടിലും മറ്റും ചില്ലറ മനോധര്‍മ്മങ്ങളുടെ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ക്ഷമിക്കുക. ജാപ്പനീസ് പേരുകളുടെ ഉച്ചാരണത്തിലും തെറ്റുകള്‍ കണ്ടേക്കാം.

കുറിപ്പുകള്‍:

mo ga (modan gaaru)- ആധുനിക വനിത

Matsui Sumako - 1886-1919 (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജപ്പാന്റെ നാടകരംഗത്ത് പ്രശസ്തയായിരുന്ന ഒരു നടി)

Takamura Chieko - 1886-1938 (ജാ‍പ്പനീസ് ഫെമിനിസ്റ്റ് പ്രസ്ഥാനമായ Seiosha യില്‍ സജീവമായിരുന്നു. ചിത്രകാരി, പെയിന്റര്‍ എന്നീ നിലകളില്‍ പ്രശസ്ത) ചീകോവിന്റെ ഭര്‍ത്താവ് കോടാരോ പണ്ഡിതനും പ്രശസ്തനായ ഒരു ശില്‍പ്പിയുമായിരുന്നു.

Takamine Hideko - 50-60കളിലെ ജാപ്പനീസ് സിനിമകളിലൂടെ പ്രശസ്തയായ നടി.

Yanagiwara Byakuren - (1885-1967)ജാപ്പനീസ് കവയിത്രി.ജപ്പാനിലെ തായിഷോ ചക്രവര്‍ത്തിയുടെ ബന്ധു എന്ന നിലയ്ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാ‍നമുണ്ടായിരുന്നു യാനഗിവാരക്ക്.

Uno Chiyo - 1897-1996 (ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള എഴുത്തുകാരിയായിരുന്നു യൂനോ. ഡിസൈനര്‍, ഫാഷന്‍ മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

Asahi - ഒസാകയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം.

Nora (Nora Helmer)- ഇബ്‌സന്റെ A Doll's House-ലെ പ്രധാന കഥാപാത്രം. വിക്ടോറിയന്‍ കുടുംബസദാചാര സങ്കല്‍പ്പങ്ങള്‍ക്ക് ശക്തമായ പ്രഹരം നല്‍കിയ ആദ്യത്തെ ഫെമിനിസ്റ്റ് രംഗാവിഷ്ക്കാരം എന്ന നിലയ്ക്കും ഈ നാടകവും, നോര എന്ന കഥാപാത്രവും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.