Saturday, December 22, 2007

നക്സലൈറ്റുകള്‍ ഉണ്ടാകുന്നത്‌....

നക്സലൈറ്റാവുക എന്നത്‌ എന്നു മുതല്‍ക്കാണ്‌ ഇത്ര വലിയ തെറ്റായിമാറിയത്‌? നാരായണന്‍കുട്ടി നായരുടെ തലയറുത്ത്‌ വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ്‌ എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക്‌ കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ്‌ ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്‌.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്‌.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

ഒരു നക്സലൈറ്റാവുക എന്നത്‌ ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത്‌ എങ്ങിനെയാണ്‌ ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്‌? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക്‌ അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ്‌ സഖാക്കളെ, ഗാന്ധിയന്‍മാരെ?

നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്‌. നക്സലൈറ്റ്‌-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്‌. വാദം അതൊന്നുമല്ല. നക്സലൈറ്റ്‌ എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ്‌ നമ്മള്‍ പച്ചക്കൊടി വീശുന്നത്‌. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത്‌ നീക്കാനും, പീപ്പിള്‍സ്‌ മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ്‌ കാണേണ്ടതും.

എവിടെ നമുക്ക്‌ അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്‌ പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

ഓര്‍മ്മകളുണ്ടായിരിക്കണം.

16 comments:

Rajeeve Chelanat said...

ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

Spark said...

നക്സലൈറ്റുകള്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന്‌ രാഷ്ട്രീയത്തിന്റെ എ ബി സി ഡി പോലും അറിയാത്ത മന്‍മോഹന്‍സിങ്ങിന്‌ അറിയാന്‍ നിവൃത്തിയില്ല. ഭൂപരിഷ്കാരം നടക്കാത്തതും കേറിക്കിടക്കാന്‍ കിടപ്പാടം പോലും ഇല്ലാതെ പുഴുക്കളെപ്പോലെ ജീവിക്കുന്നതുമായ പ്രദേശങ്ങളില്‍ അധിവസിക്കുന്ന മനുഷ്യന്‍മാരുടെ ഇടയിലാണ്‌ നക്സലൈറ്റുകള്‍ക്ക്‌ പ്രസക്തി ഉണ്ടാവുന്നതും അവര്‍ പ്രവര്‍ത്തിക്കുന്നതും. നക്സലൈറ്റുകള്‍ അവരുടെ ജന്‍മഗൃഹമായ ബംഗാളിലും വളര്‍ത്തുഗൃഹമായ കേരളത്തിലും വംശനാശം സംഭവിച്ചുപോയത്‌ അതാതിടങ്ങളിലെ ഇടതുഗവണ്‍മെന്റുകള്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയതുകൊണ്ടാണെന്നറിയാന്‍ ആറ്റുകാല്‍ രാധാകൃഷ്ണന്റെ ആവശ്യമില്ലല്ലോ.

ഒരു ജനതയുടെ അടിമമനോഭാവത്തിന്റെ ഫലമായി രാഷ്ടീയത്തിലിറങ്ങാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട സോണിയാഗന്ധിയുടെ സാരിത്തുമ്പില്‍ തലകീഴായി നില്‍ക്കുന്ന മന്‍മോഹന്‍ എന്ന രാഷ്ട്രീയ നപുംസകത്തിന്‌ നക്സലൈറ്റുകള്‍ ഇന്ത്യന്‍ സമൂഹത്തിലെ വൈറസാണെന്ന്‌ തോന്നിയതില്‍ ഒരല്‍ഭുതവുമില്ല.

ഒരു പ്രധാനമന്ത്രിയെന്ന നിലയ്ക്ക്‌ നക്സലൈറ്റു പ്രസ്ഥാനം ശക്തിപ്പെടുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും ആ പ്രശ്നത്തിന്‌ പരിഹാരങ്ങള്‍ നിര്‍ദ്ധേശിക്കാനും ആണ്‌ സിംഗ്‌ ആവശ്യപ്പെടേണ്ടിയിരുന്നത്‌. അതിനുപകരം നികൃഷ്ടജീവികളെപ്പോലെ നക്സലൈറ്റുകളെ വിശേഷിപ്പിച്ചത്‌ യു.പി.എ ഭരണത്തലവന്റെ തലക്കെട്ടിനുള്ളിലെ ശൂന്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.

നക്സലൈറ്റുലള്‍ പൊതുവില്‍ നിസ്വാര്‍ത്ഥന്‍മാരും ത്യാഗമനോഭാവത്തോടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്ന്‌ സാഹസികപ്രവര്‍ത്തനത്തിലൂടെ ചൂഷണവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരുമാണ്‌. ഇവരുടെ കാല്‍പ്പനിക സാഹസികതകള്‍ കുറേ ചെറുപ്പക്കാരുടെ ജീവിതം തുലച്ചുകളയുന്നു എന്നല്ലാതെ മറ്റ്‌ കാര്യമായൊരു മെച്ചവും ഉണ്ടാക്കുന്നുമില്ല. കേരളം ഉള്‍പ്പെടെ മുഖ്യധാരാ ഇടതുപക്ഷങ്ങള്‍, ബൂര്‍ഷ്വാ ഭരണകൂടം ഭരണം കയ്യാളുന്ന ഒരു പരമാധികാര രാജ്യത്തിനുള്ളിലെ സംസ്ഥാനത്തിനകത്ത്‌ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ സമൂഹത്തിനാകെ ചെയ്തുകൊടുത്ത കാര്യങ്ങളാണ്‌ ഇന്ത്യക്കാകെയും കേരളസമൂഹത്തിനും മാതൃകയാകേണ്ടത്‌.

എന്നാല്‍ ഇതോടൊപ്പം നമ്മള്‍ കാണെണ്ടുന്ന വസ്തുത, പ്രച്ഛന്ന ഇടതുപക്ഷക്കാരായ നക്സലൈറ്റുകള്‍ ഇടതടവില്ലാതെ വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന്‌ മുഖ്യധാരാ ഇടതുപക്ഷത്തെ എതിര്‍ക്കുന്നു എന്നതാണ്‌. മന്‍മോഹന്റെ വങ്കന്‍ പ്രസ്താവനയെക്കുറിച്ചുള്ള ഈ പ്രതികരണത്തിലും മുഖധാരാ ഇടതുപക്ഷത്തെ പരിഹസിക്കാനാണ്‌ ചേലനാട്ടിനും കൌതുകം.

വേണു venu said...

രാജീവ്,
കെ.എ.അബ്ബാസിന്‍റെ നക്സലയിറ്റ് എന്ന സിനിമാ തീരുമ്പോള്‍‍ The End എന്നതിന്‍ പകരം The beginning എന്നെഴുതി അവസാനിപ്പിച്ചത് കണ്ട് അന്ന് ഒത്തിരി സംശയങ്ങള്‍‍ തോന്നിയിരുന്നു.
അദ്ദേഹത്തിന്‍റെ കണ്ണുകള്‍‍ ചുറ്റുവട്ടം കാണുന്നുണ്ടായിരുന്നുവല്ലോ.

അങ്കിള്‍ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാറ്റങ്ങള്‍ പുറകിലേക്കു മാറുമ്പോള്‍ അപ്രതീക്ഷിതമായത്‌ സംഭവിക്കുന്നു.

നല്ല വിവരണം

പാമരന്‍ said...

നന്നായിരിക്കുന്നു.

പ്രതികരിക്കാന്‍ ജനാധിപത്യമാര്‍ഗ്ഗങ്ങളെ ആശ്രയിക്കാന്‍ വയ്യാതെ വരുന്പോള്‍ നക്സലിസം തന്നെ ശരണം.. ജനം ഭൂരിഭാഗവും നന്നായലല്ലേ ജനാധിപത്യവും നന്നാവൂ..

Anonymous said...

What Naxels really missing can read from Rajeev's post. He is trying to justify the autrocities of Naxals at their home land ( Bangal) against the poor peasants ( those who are supporting CPM ) by comparing left with right. ....
From there the difference starts...
From there the objectives diverts...
From there the existence questions...

When Maoists co-operate with Thrinamul to destroy CPM.

While Maoists join hands with BJP or viswa Hindu parishath to destroy CPM....'
What comparison did u make Com. Rajeev?

Kalpatta Sudhakaran.

ദേവന്‍ said...

നക്സലൈറ്റുകള്‍ ഭീകരവാദികളണെന്ന വീക്ഷണം തെറ്റു തന്നെയാണ്‌, പക്ഷേ നക്സലൈറ്റ് പ്രസ്താനങ്ങള്‍ മുമ്പില്ലാത്ത വിധം ആശയക്കുഴപ്പത്തിലാണെന്നതിനും സംശയമില്ല. മണിപ്പൂര്‍ നല്ലൊരു ഉദാഹരണമാണ്‌. മണിപ്പൂര്‍ ഇന്നും പഴയ ചോരക്കറകള്‍ കഴുകിക്കളയാതെ അതേ കിടപ്പു കിടക്കുന്നതില്‍ സര്‍ക്കാരിനുള്ള അത്രയും പഴി നക്സലുകള്‍ക്കും കിട്ടേണ്ടതല്ലേ?

പത്തു വയസ്സുള്ള ബാലനും എഴുപതു വയസ്സുള്ള സ്ത്രീയും ബോംബേറില്‍ മരിച്ചത് ഏതു മാവോസൂക്തം കൊണ്ട് ന്യായീകരിക്കാം? അവര്‍ മുതലാളിത്ത വര്‍ഗ്ഗ പ്രതിനിധികളോ ഭീകരഭരണകൂട വക്താക്കളോ?

ഒറ്റ ഓപ്പോസിഷന്‍ ബ്ലാസ്റ്റില്‍ ആ സംസ്ഥാനത്ത് ഇത്രയും വര്‍ഷം കൊണ്ട് പട്ടാളം പിടിച്ചുകൊണ്ട് പോയി കൊന്നെന്ന് കരുതുന്നതിലും കൂടുതല്‍ സാധാരണ ആളുകള്‍ മരിക്കുമ്പോള്‍ ജനം അറിയുന്നില്ല ആ വാര്‍ത്ത , അതിന്റെ പേരില്‍ നിരാഹാരസത്യഗ്രഹം കിടക്കാന്‍ ആരുമില്ലല്ലോ. മണിപ്പൂരി നക്സലുകളുടെ ഹബീബ് ബാങ്ക് ഫണ്ടുകള്‍ ഐ എസ് ഐ ഫണ്ടിങ്ങ് അക്കൗണ്ടുകള്‍ ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമല്ല സര്‍ദാര്‍ജിയെ ഇപ്പോള്‍ വിരട്ടിയത്, ഏ സി ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ടും ഏതാണ്ട് ആ ടോണില്‍ തന്നെ ഒന്നു ഇറങ്ങി.

ഇടതു പക്ഷത്തിനു എന്തോ പറ്റി, നക്സലുകള്‍ക്ക് അതിലും വലുതായി എന്തോ പറ്റി.

(വാറങ്കലിലും ഗുണ്ടൂരിലും ഞാന്‍ താമസിച്ചപ്പോള്‍ കേട്ട കഥകള്‍ എന്നില്‍ അവരോടുണ്ടാക്കിയ മതിപ്പ് ഇന്നും അതുപോലെ ഉണ്ട്)

Anonymous said...

ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പരാജയപ്പെടുന്നിടത്ത് തീവ്രചിന്തകള്‍ സ്വാഭാവികം.
അടിച്ചമര്‍ത്തപ്പെട്ടവന്റെ അധികാര പ്രവേശം എന്നും ഒരു സ്വപ്നമായ് തുടരേണ്ടത് അധികാരവര്‍ഗ്ഗത്തിന്റെ ആവശ്യകതയാണ്.(അവിടെ ഇടതു-വലതു വ്യത്യാസമില്ല).
നക്സലൈറ്റ് മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നീതീകരിക്കാവുന്നതല്ല. അതുകൊണ്ടു തന്നെയാണു അതിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. കൊന്നൊടുക്കുകയും ചത്തൊടുങ്ങുകയുമല്ലാതെ, ജനാധിപത്യ പ്രക്രിയയില്‍ കുറച്ചുകൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു. വിപ്ലവം എല്ലയ്പ്പോഴും രക്തരൂഷിതമായിരിക്കണമെന്നുണ്ടോ?
സ്വപ്നങ്ങള്‍ ഉള്ളിടത്തോളം വിപ്ലവവുമുണ്ടകും.

പ്രതിപക്ഷന്‍ said...

ഒറ്റപ്പെട്ട ശബ്ദങ്ങള്‍ എന്നും സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നക്സലിസം സാധാരണക്കാരന്റെ ശബ്ദമാണ് ഉയര്‍ത്തുന്നത്, അതുകൊണ്ടു തന്നെയാണ് ഭരണകൂടത്തിന് അതു ഭീകരവാദമായി മാറുന്നതും.

Unknown said...

നക്സലൈറ്റുകളായാലും മാവോയിസ്റ്റുകളായാലും അവരുടെ ആത്മാര്‍ത്ഥതയെയും അര്‍പ്പണസന്നദ്ധതയെയും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല . നക്സലിസവും മാവോയിസവും വളരുന്നതിനാവശ്യമായ സാമൂഹ്യസാഹര്യങ്ങളുമാണ് നിലവിലുള്ളത് . ഇത:പര്യന്തമുള്ള പുരോഗതി ഒരു ന്യൂനപക്ഷത്തിന് ആര്‍മ്മാദിച്ച് കളിക്കാനാണ് ഉപകരിക്കുന്നത് . ബഹുഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് . എന്നാല്‍ ആക്രമണങ്ങളും ഭീകരവാദവും കൊണ്ടുമൊന്നും ഒരു പ്രശ്നവും ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ല എന്നത് ലളിതമായ സത്യമാണ് . അതിനേക്കാളേറെ ലളിതമാണ് ജനങ്ങള്‍ സംഘടിച്ചാല്‍ ഏത് അനീതിയെയും അഴിമതിയെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നതും . ജനാധിപത്യപരമായ രീതിയില്‍ അഹിംസാത്മക മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ സംഘടിച്ചാലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും . കാരണം ജനശക്തിക്ക് മുന്‍പില്‍ ഏത് മര്‍ദ്ധക സംവിധാനങ്ങളും കടലാസ് പുലി മാത്രമാണ് . ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം മാതൃകയാക്കാവുന്നതാണ് . എന്നാല്‍ ഗാന്ധിസം എന്ന് കേട്ടാലേ മാര്‍ക്സിസത്തിന്റെ ആചാര്യന്മാര്‍ക്കും അതില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്കും പുച്ഛം തോന്നും . ജന്മിമാരുടെ തലയറുത്തത് കൊണ്ടോ പോലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചത് കൊണ്ടോ ഒന്നും ഒരിക്കലും നേടാന്‍ കഴിയില്ല . സമാധാനപരമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു ജനകീയ പ്രശ്നങ്ങളും ഉണ്ടാവാന്‍ ന്യായമില്ല . ഇതിന് മാര്‍ക്സിസവും ഗാന്ധിസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവബോധമാണ് ആവശ്യം .

മറ്റൊന്ന്, മുഴുവന്‍ പ്രശ്നവും സര്‍ക്കറാണ് പരിഹരിക്കേണ്ടത് എന്ന ധാരണയും ശരിയല്ല . സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് . ആത്യന്തികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം അവനവന് തന്നെയാണ് . സാമൂഹ്യജീവിതം ക്രമീകരിക്കുക , നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കുക തുടങ്ങിയവയാണ് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലകള്‍ . ഓരോ വ്യക്തികളുടെയും അങ്ങിനെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം സര്‍ക്കാറിനാണ് എന്നത് ഒരു കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പമാണ് . അത് പ്രായോഗികമല്ല എന്ന് തെളിയിക്കപ്പെട്ടതാണ് . പൌരന്മാര്‍ സന്താനങ്ങളെ ജനിപ്പിച്ചാല്‍ മതി ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളണം എന്ന മനോഭാവം ശരിയല്ല .

എന്റെ ഈ അഭിപ്രായം തികച്ചും വ്യക്തിപരമാണ് . കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് വായിക്കുമ്പോള്‍ പരിഹാസവും പുച്ഛവും തോന്നും . പ്രത്യേകിച്ചും രാജീവ് ചേലനാട്ടിന് . അങ്ങിനെ തോന്നുന്നപക്ഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു .

Rajeeve Chelanat said...

പ്രിയപ്പെട്ട സുകുമാരന്‍‌മാഷ്,

എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവരോട് പുച്ഛവും പരിഹാസവും എനിക്കു ഇതുവരെ തോന്നിയിട്ടില്ലെന്ന് സവിനയം അറിയിക്കട്ടെ. ആ വിയോജിപ്പുകളോട് പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ വാക്കുകളോ, പ്രയോഗങ്ങളോ രൂക്ഷമായിട്ടുണ്ടാകാം, വിഷയത്തിന്റെ സ്വഭാവമനുസരിച്ച് (ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തിനെക്കുറിച്ച് നാണപ്പന്‍ എഴുതിയതിനു മറുപടിയായി എഴുതിയ കമന്റുകള്‍ പോലെ)അങ്ങിനെ വരുന്നു എന്നു മാത്രം.

താങ്കളെപ്പോലെ ബ്ലോഗ്ഗിനെ ഗൌരവമായി സമീപിക്കുന്നവരോട് ബഹുമാനമാണുള്ളത് എന്നും കൂട്ടത്തില്‍ അറിയിക്കട്ടെ. വിശ്വസിച്ചാ‍ലും ഇല്ലെങ്കിലും.

ഇനി, വ്യക്തിപരമായ അഭിപ്രായം‌പോലും ഒരു സാമൂഹ്യമായ ഉത്പന്നമാണെന്നാണ് എന്റെ പക്ഷം. വ്യക്തിപരമായ മാറ്റങ്ങളിലൂടെ സാമൂഹ്യമായ മാറ്റം എന്നത് ഒരു ആശയം എന്ന നിലയ്ക്ക് നല്ല ഒന്നാണെങ്കിലും തികച്ചും ഉട്ടോപ്യന്‍ ആണ്. അതേ സമയം, സാമൂഹ്യമായ മാറ്റങ്ങളിലൂടെ (ചിലപ്പോള്‍ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കാവുന്നതല്ല)വ്യക്തികളുടെ സാമൂഹ്യാവസ്ഥയെ ഗുണപരമായ രീതിയില്‍ മാറ്റാന്‍ സാധിക്കുകയും ചെയ്യും.

നക്സലുകളും മാവോയിസ്റ്റുകളും ചെയ്യുന്നതൊക്കെ ശരിയാണെന്ന ഒരു ധാരണയും എനിക്കില്ല. പക്ഷേ, നക്സലുകളും, മാവോയിസ്റ്റുകളുമൊക്കെ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവയാണെന്ന ഭരണകൂടനിലപാടുകളോടാണ് , അതിലുള്ളടങ്ങിയിരിക്കുന്ന അനീതിയോടാണ് എന്റെ എതിര്‍പ്പ്.

വളരെ ഉയര്‍ന്ന ഒരു സാമൂഹ്യബോധത്തില്‍നിന്നുതന്നെയാണ് നക്സലിസവും, മറ്റു പല കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രങ്ങളും വന്നിട്ടുള്ളത്. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങള്‍ വന്നിട്ടുണ്ട്. തീര്‍ത്തും ഭിന്നമായ ലക്ഷ്യങ്ങളിലേക്കുപോലും അവയില്‍ ചിലത് തെറ്റിത്തെറിച്ചിട്ടുമുണ്ട്. അതൊന്നും നിഷേധിക്കുന്നില്ല. പക്ഷേ ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയിലല്ല, ഇടതു-വലതു സഖ്യങ്ങള്‍ നക്സലിസത്തെയും നക്സലൈറ്റുകളെയും കാണുന്നത്. സാമൂഹ്യവിരുദ്ധര്‍ എന്ന നിലയിലാണ്. അതാ‍കട്ടെ, എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളുടെ പ്രസക്തിയും തള്ളിക്കളയാവുന്നതല്ല, ഒരു പരിധിവരെ, എന്നും എനിക്ക് അഭിപ്രായമുണ്ട് .

ദേവന്‍, ഹബീബ് ബാങ്കിലെ അക്കൌണ്ട് നിക്ഷേപത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടൊന്നും മുഖവിലക്കെടുക്കാനാവില്ല. എം.കെ.നാരായണന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള (ഇന്ത്യന്‍)ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രഫുല്‍ ബിദ്വായെപ്പോലുള്ളവര്‍ ശക്തമായ സംശയങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ വിശേഷിച്ചും.

മണിപ്പൂരിലുണ്ടായ ബോംബ് ബ്ലാസ്റ്റുകള്‍ അപലപിക്കപ്പെടേണ്ടതുതന്നെയാണ്. അവിടെ മാത്രമല്ല, മറ്റിടങ്ങളിലും അത്തരത്തിലുള്ളവ നടക്കുന്നുണ്ടല്ലോ. നിരപരാധികള്‍ നിരവധിയായി പൊലിഞ്ഞുപോകുന്നുമുണ്ട്. എടുത്തുകാണിക്കാന്‍ ‘തീവ്രവാദി സംഘടനകള്‍’ ഉണ്ടാകുമ്പോള്‍ (ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും)ആര്‍ക്കും ആരെയും പഴി ചാരാം. ഇറോണ്‍ ഷാര്‍മ്മിളയെപ്പോലെ ഉദ്ദേശ്യശുദ്ധിയോടെ നിരാഹാരമനുഷ്ഠിക്കുന്നവരെപ്പോലും ആനുഷംഗികമായി വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തുകയുമാകാം.

സ്പാര്‍ക്ക്, നക്സലൈറ്റുകളില്‍ അധികവും ആ പ്രസ്ഥാനത്തില്‍ വന്നത്, കാല്‍പ്പനിക സാഹസികതകൊണ്ടൊന്നുമല്ല. കൊല്ലുന്നതിലും, സ്വയം കോണ്‍സന്‍‌ട്രേഷന്‍ ക്യാമ്പുകളില്‍ ഒടുങ്ങുന്നതിലും എവിടെയാണ് കാല്‍പ്പനികസാഹസികത? ചിലര്‍ ആ തരത്തിലും വന്നുപെട്ടിട്ടുണ്ടാകാം എന്നു മാത്രമേ പറയാനാകൂ. എങ്കിലും ആ പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തകരും സ്വന്തം രക്തം കൊണ്ട് നമുക്ക് നല്‍കിയത്, ഉശിരുള്ള ഒരു സമരപാരമ്പര്യം തന്നെയായിരുന്നു. അതിനെ കൂടുതല്‍ വലിയ ഒരു ശരിയിലേക്ക് , കൊണ്ടുചെന്നെത്തിക്കാ‍ന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇനി നമ്മളോ, നമ്മള്‍ ആ ഭാഗികമായ ശരികളുടെപോലും ഏഴയലത്തുപോയതുമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തുകൊണ്ട് നക്സല്‍ ഗ്രൂപ്പു പോലെയുള്ള വിഭാഗങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗവണ്മെന്റ് പഠന വിഷയമാക്കെണ്ടതാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇവര്‍ സ്വാധീനം നേടുന്ന മേഖലകളില്‍ വികസനം വളരെ കുറവുമാത്രം എത്തിയവയാണ്. മിക്ക പ്രദേശങ്ങളും വലിയ സംസ്ഥാനങ്ങളുടെ ആദിവാസി വന മേഖലകളും. ഈ ഭാഗങ്ങളില്‍ വികസനം എത്തുന്നുണ്ടോ ഇല്ലയോ എന്നത് ഗവണ്മെന്റിനോ ഭരണക്ഷികകോ പ്രസ്കതാമയ കാര്യമല്ല. കാരണം പത്രം വായിക്കുകയോ ടി.വി. കാണുകയോ ചെയ്യാത്ത ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്താല്‍ അതിനേ വോട്ടാക്കി മാറ്റി അടുത്ത തെരെഞെടുപ്പില്‍ ഗുണമുടാക്കാന്‍ കഴിയില്ല. നേരേ മറിച്ച് മദ്ധ്യവര്‍ഗ്ഗത്തേയോ അതിന് മുകളിലുള്ളവരയോ പ്രീണിപ്പിച്ചാല്‍ അത് വോട്ടായി മാറാനും മാധ്യമ ശ്രദ്ധ ലഭിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്.പിന്നെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ളവ ആകയാല്‍ വികസനം എന്നത് നഗരവികസനം എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതും സ്വാഭാവികം.

ചെറുത് സുന്ദരം എന്ന മുദ്രാവാക്യം ഇവിടെയും പ്രസക്ത്മാണ് എന്ന് തോന്നുന്നു. വലിയ സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ ആക്കിയാല്‍ ഒരു പരിധിവരെ രാഷ്ട്രീയ ശ്രദ്ധ ഇത്തരം അവഗണിക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഭാവിയില്‍ ആ രീതിയിലുള്ള ഒരു മാറ്റത്തെപ്പറ്റി ഗവണമെന്റുകള്‍ ചിന്തിച്ച് കൂടായ്കയില്ല. എന്നാല്‍ നക്സല്‍ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പോരായ്മ അവര്‍ കാലഹരണപ്പെട്ട മാര്‍സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ കാല്‍പ്പനീകതയിലാണ്. വിപ്ലവം തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം തുടങ്ങിയ അപ്രായോഗിഗ ചിന്തകള്‍ ഇവരുടെ ഉദ്ദ്യേശ ലക്ഷ്യങ്ങളുടേ മാറ്റ് കുറക്കുക തന്നെ ചെയ്യും.

എന്നാല്‍ ഏറ്റവും രസകരമായ് കാര്യം കേരളത്തിലും നക്സല്‍ സാനിധ്യം ഉണ്ട് എന്നതാണ്. ഇവിടെയും ഇത്തരം തീവ്ര ഇടതു ചിന്തകരും നക്സലുകളും ഉണ്ട് . തൊഴിലാളി സര്‍വ്വാധിപത്യം ബാധ്യതയായ ഒരു സംസ്ഥനത്ത് ഇവര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് വെപ്പ്. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്ന്. കേരളത്തിലെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരം ചെയ്യുന്ന പല അധിനിവേശ പ്രവര്‍ത്തകരും ആഗോളവല്‍ക്കരണ വിരുദ്ധരും ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്നവരും ആഗോളവല്‍ക്കരണത്തിന്റെ സുഖഭോഗങ്ങള അനുഭവിക്കുന്നവരുമാണ് എന്നതാണ് ഏറ്റവും രസാവകം. ഒരു അധിനിവേശ വിരുദ്ധ 11000 രൂപ പെന്‍ഷനും സാണ്ട്രോ കാറും തനിക്കുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ എ.ഡി.ബി. ക്കെതിരെ സമരം ചെയ്യുമ്പോള്‍ പറയുന്നു വെള്ളത്തിന് വിലകൂട്ടിയാല്‍ പ്രക്ഷോഭം നടത്തുമെന്ന്. എന്നാല്‍ ഏറ്റവും രസ്സവകം 1000 ലിറ്റര്‍ വെള്ളത്തിന് 3 രൂപ മാത്രമാണ് സര്‍ക്കാര്‍ എല്ലാവരില്‍ നിന്നും വാങ്ങുന്നത് സര്‍ക്കാരിന് അതിന്റെ ചിലവ്‌ 7 രൂപയൌം. 11000 രൂപ പെന്‍ഷന്‍ മാത്രം വാങ്ങുന്നവരും ഇതേ സൌജന്യത്തിന് അര്‍ഹതയുന്റോ എന്ന് ചിന്തിക്കുമ്പോള്‍ ഇവിടെ എല്ലാവരും നിലകൊള്ളുന്നത് മധ്യവര്‍ഗ്ഗത്തിന് വേണ്ടിയാണ് എന്ന് തെളിയുന്നു. 25 അലെങ്കില്‍ 35% വരുന്ന തീരേ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മാത്രം സ്റ്റേറ്റിന്റെ സൌകര്യങ്ങള്‍ കൊടുത്ത് മദ്ധ്യവര്‍ഗ്ഗത്തിന്റെ വരുമാനത്തിനന്നുസ്സരിച്ച് സേബനഗ്ങള്‍ക്ക് പണം വാങ്ങിയാല്‍ മാത്രം പല അസംത്വങ്ങളും നമുക്ക് ഒഴിവാക്കാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവിടേയും മദ്ധ്യവര്‍ഗ്ഗം എല്ലാ സൌജന്യങ്ങളും പറ്റുന്നു. നക്കാ പിച്ച ശമ്പളത്തില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്ത് എല്ലാവിഭാഗം ആള്‍ക്കാര്‍ക്കും സൌജന്യ ചികിത്സ നല്‍കുന്നു. ഇവിടെയും മദ്ധ്യവര്‍ഗ്ഗം ഗുണം കൊയ്യുന്നു.

ദേവന്‍ said...

രാജീവ്,
ഷര്‍മിളയുടെ മാത്രമല്ല, നക്സലുകളുടെയും ഉദ്ദേശശുദ്ധിയില്‍ എനിക്ക് തെല്ലും സംശയമില്ല. എന്തോ പിഴയ്ക്കുന്നു എന്നേ പറഞ്ഞുള്ളു. ചിലര്‍ക്കെങ്കിലും അബദ്ധങ്ങള്‍ പറ്റാന്‍ പാടില്ല, റാഡിക്കല്‍ മൂവ്മെന്റ് ആ ചിലരില്‍ പെട്ടേ പറ്റൂ. (ശരിയുടെ മൂര്‍ത്തീഭാവമായി ഞാന്‍ ആരേയും കാണാറുമില്ല, ഒക്കെ മനുഷ്യര്‍ തന്നെ. )

ഒരിന്റലിജന്‍സ് റിപ്പോര്‍ട്ടാണു സര്‍ദാര്‍ജിയെ വിറളി പിടിപ്പിച്ചതെങ്കില്‍ ഞാന്‍ തള്ളിക്കളഞ്ഞേനെ, സാധാരണ ഭരണകൂട ഭീകരത കൂടുതലും വിമര്‍ശിക്കാറുള്ള ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഇത്തവണ റാഡിക്കല്‍ മൂവ്മെന്റില്‍ അതിഭയങ്കരമഅയി സിവിലിയന്‍ കാഷ്വാലിറ്റിയില്‍ കലാശിക്കുന്നതിനെപ്പറ്റി ആശങ്കപ്പെട്ടിട്ടുണ്ട് എന്നതും അങ്ങോരുടെ കണ്‍സേണ്‍ ആണെന്നാണ്‌ പറഞ്ഞത്.

കിരണ്‍,
മുറിയടച്ചു പൂട്ടിയിട്ട് അതിലിരുന്ന് മാവോയുടെ റെഡ് ബുക്ക് വായിക്കുന്ന സ്വപ്നജീവിയുടെ വിപ്ലവചിന്തയാണ്‌ കേരളത്തിലെ നക്സലിസം എന്ന് ഞാന്‍ ഒരു കണ്‍ക്ലൂഷനിലേക്ക് (ഇപ്പോഴത്തെ റാഡിക്കല്‍ മൂവ്മെന്റിനെ അറിയില്ലെങ്കിലും കേരളത്തെ അറിയാവുന്നതുകൊണ്ട്) ഞാന്‍ എടുത്തു ചാടും.

ആന്ധ്രയിലും ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലും നക്സല്‍ പ്രസ്ഥാനങ്ങളുണ്ടായത് സാമൂഹിക സാമ്പത്തിക ക്ലാസ്സ് ഡിഫറന്‍ഷ്യ പൂര്‍ണ്ണവും ഭയാനകമാം വിധം അപലപനീയവും ആയതുകൊണ്ടാണ്‌. ക്ലാസ് കോണ്‍ഫ്ലിക്റ്റ് ഇല്ലായ്മ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമല്ലാതായ ഇടമാണ്‌ കേരളം.

വിഘടനം ന്യായീകരിക്കാനുള്ള സാഹചര്യം കേരളത്തിനുള്ളതിനെക്കാള്‍ വളരെയൊന്നും കൂടുതല്‍ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയറിലുമില്ല. ഫെഡറല്‍ റിപ്പബ്ലീക്ക് ആക്കിയാല്‍ ഗോസായിയും ഹിന്ദിയുമാണ്‌ മഹാനായ മേരാ ഭാരത് എന്ന പ്രശ്നത്തിനും പരിഹാരമാവും.


ഈയിടെയായി ഗ്ലോറി കൂടുന്നത് വിഘടനത്തിനായതുകൊണ്ട് ചുമ്മ എല്ലാവരോടും ഒരു ചോദ്യം (ഇവിടെ അത് ഓഫ് ആണെങ്കിലും ) "ഖാലിസ്ഥാന്‍ ഞാന്‍ അടങ്ങുന്ന സിഖുകാരുടെ പുരോഗതിക്കു വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അതു ചോദിക്കുന്നവര്‍ക്ക് ഞാന്‍ ഖബര്‍സ്ഥാന്‍ പകരം കൊടുക്കാന്‍ തീരുമാനിച്ചു" എന്നു പറഞ്ഞ ഗില്‍ ഒരു വിപ്ലവകാരിയാണോ അതോ ഭരണകൂട ഭീകരതയുടെ പിണിയാളനോ?
(ഖാലിസ്ഥാന്‍ വാദം ഇന്ദിരയുടെ സംഭാവനയല്ലേ എന്ന ജാതി ചോദ്യങ്ങള്‍ ഇതിനുത്തരമാവില്ലല്ലോ)

രാമചന്ദ്രന്‍ വെള്ളിനേഴി said...

ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

കുറിക്കുകൊള്ളുന്ന ഇത്തരം പ്രയോഗങ്ങള്‍....... അതാണ് !!!!! നല്ല ലേഖനം

Kabeer Katlat said...

Manmohan's declaration came in the context of nation wide struggle by landless peasentry, agri workers, and other oppressed, more than 100 placed all over india san any party colour, flag, common (oppressed) poeple who lost land due to SEZ, an extension of neo-liperal order. Off course, CPI (ML), the only political party who oppose SEZ outrightly support the whole on going struggle.

The idea comes from Manmohan's masters, Bush's Imperail emporers. Engraving the fighting people as terrorist and suppress the struggle.

Manmohan, Budda, Modi all says same on SEZ. They all also says it was maoist made riot in Nandigram where they have no root there, instead the struggle put up by the people of nandigram, Chathisgard, Barnala, Koppil, Navi Mumbai

Maoist instead reject the role of people, masses implement anarchist style of one sidedly emphasising armed gang in effect helping ruling class to suppress the people, Just like Al Quida subbotage peoples struggle in Iraq, Afghan, Palastsine etc.

Govinden Kutty was knwon to every body who used to address publically with full address. Mallaya was very well known to intelligence. It was a ruling class jimmik to terrorize peoples struggle to which more and more adivasis, landless people in kerala comes towards the core issue of land distribution in Kerala.

the person who boasted the land reformation in W. Bangal and Kerala is at Fools' paradise. Let him study well on real situation of land possesion in the Kerala and W. Bangal.

Rajeev's termination of Naxalite and Maoist brougth confusion among the blog readers and diverted the discussion. The said term is used by the ruling class and the whole story dropped the basic truth that CPI (ML) is a revelutionary off shoot of Communist Party, THAT THEY ARE COMMUNIST..!

The immediate reason for PM's comment is grand success of CPI (ML) parleiment march and accummulating grwoth of communist revelutionaries around nation in the context of absolute exposure of CPI(M) led social democratic front towards perfect prepatuators of Neo-liberal policies.