Wednesday, December 26, 2007

പന്ത്രണ്ടു മണിക്കൂറിന്റെ പൗരന്‍മാര്‍

അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്‌. പക്ഷേ പൗരത്വം ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കാണെന്നുമാത്രം. ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ദശാബ്ദങ്ങളായി ദിവസത്തില്‍ പകുതി നേരം മാത്രം ഇന്ത്യന്‍ പൗരന്‍മാരായി കഴിയുന്ന ഒരു സവിശേഷ സാഹചര്യം കാണണമെങ്കില്‍, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നാല്‍ മതിയാകും. നാലായിരം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ആ അതിര്‍ത്തി രേഖ കടന്നുപോകുന്ന ഗ്രാമങ്ങളിലാണ്‌ ഈ അര്‍ദ്ധപൗരന്‍മാര്‍ ജീവിക്കുന്നത്‌. കൊല്‍ക്കൊത്ത മുതല്‍ ത്രിപുര വരെ 170 ഗ്രാമങ്ങളാണ്‌ ഇത്തരത്തിലുള്ളത്‌. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളാല്‍ ഈ ഗ്രാമങ്ങളെ വേര്‍തിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌ ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെയായി സാധിച്ചിട്ടില്ല. ഗ്രാമങ്ങളെയും ഗ്രാമീണരെയും ഉപേക്ഷിച്ചിരിക്കുകയാണ്‌. ദിവസവും വൈകുന്നേരം, ആറുമണിയായാല്‍ മുള്ളുവേലിയുടെ വാതിലുകള്‍ അടയും. വീണ്ടും രാവിലെ ആറുമണിയാകുന്നതുവരെ, ഇന്ത്യാ രാജ്യം തങ്ങളുടെ പൗരന്‍മാരെ വേലിക്കുപുറത്തു നിര്‍ത്തുന്നു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രം തുറക്കുന്ന ഒരു ഇന്ത്യന്‍ പൗരത്വം.

1947-ലെ ഇന്ത്യാ-പാക്ക്‌ വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളുടെയുമിടയില്‍ പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1971-ല്‍ ബംഗ്ലാദേശ്‌ രൂപീകൃതമായതിനുശേഷം ഇന്ദിരാഗാന്ധിയും ഷേഖ്‌ മുജീബുര്‍ റഹ്‌മാനും ചേര്‍ന്ന്, തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക്‌ ഒരു കരാറില്‍ എത്തിച്ചേരുകയും, അതനുസരിച്ച്‌, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, ഇരുവര്‍ക്കും അധികാരമില്ലാത്ത നൂറു മീറ്റര്‍ ഭൂമി നിലവില്‍ കൊണ്ടുവരുകയും ചെയ്തു. ഈ ആരുടേതുമല്ലാത്ത ഭൂമിയില്‍ ജീവിക്കുന്ന നിസ്സഹായരായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമവും ഇരു കൂട്ടരും നടത്തിയിട്ടുമില്ല. സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും, വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഇവര്‍.

സന്ധ്യയ്ക്ക്‌ ആറു മണിയോടെ വാതിലുകള്‍ അടയുമ്പോള്‍ ഇരുട്ട്‌ ഈ ഗ്രാമങ്ങളെയും അവിടങ്ങളില്‍ താമസിക്കുന്നവരുടെ മനസ്സുകളെയും ഒരുപോലെ പൊതിയുന്നു. കൂടുതലും ബംഗ്ലാദേശില്‍നിന്നു വരുന്ന കവര്‍ച്ചസംഘങ്ങളുടെയും, തെമ്മാടികളുടെയും, സാമൂഹ്യവിരുദ്ധരുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക്‌ തങ്ങളുടെ ജീവനും സ്വത്തും അടിയറവു വെയ്ക്കേണ്ടിവരുന്നു ഈ ഗ്രാമവാസികള്‍ക്ക്‌. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അത്യാസന്ന നിലയിലായ രോഗികള്‍ക്ക്‌, പുലര്‍ച്ച്‌ ആറുമണിവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുക എന്ന രണ്ടു സാദ്ധ്യതകള്‍മാത്രമേ മുന്നിലുള്ളു. വിവാഹംപോലുള്ള സാമൂഹ്യാവസരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജില്ല മജിസ്ട്രേറ്റിന്റെ അനുവാദം മുന്‍കൂറായി വാങ്ങിയില്ലെങ്കില്‍, സ്വഗൃഹങ്ങളിലേക്ക്‌ തിരികെയെത്താന്‍ കഴിയില്ല.

പ്രശസ്ത പത്രപ്രവര്‍ത്തകനായ മൃണാള്‍ താലൂക്ദര്‍ ഈ ആളുകളെക്കുറിച്ച്‌ 20 മിനുട്ട്‌ നീണ്ടുനില്‍ക്കുന്ന ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ആസ്സാമിലെ കരിംഗഞ്ച്‌ ജില്ലയില്‍ ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലുള്ള, സുതര്‍കണ്ടി എന്ന ഭാഗത്തെ ലഫ്സായി, ജറാപട്ട ഗ്രാമങ്ങളില്‍ വെച്ചാണ്‌ മൃണാള്‍ തന്റെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. എട്ടര മാസത്തെ കഠിനപ്രയത്നത്തിനൊടുവിലാണ്‌ കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന്, ഈ ചിത്രമെടുക്കാന്‍ അദ്ദേഹത്തിന്‌ അനുവാദം ലഭിച്ചത്‌. മുംബൈയില്‍ 2008 ഫെബ്രുവരി 4 മുതല്‍ 9 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവതരിപ്പിക്കപ്പെടുന്ന 13 ചിത്രങ്ങളില്‍ ഒന്നാണ്‌ മൃണാളിന്റെ NO BODY'S MEN എന്ന ചിത്രം. മഹത്തായ ഒരു യജ്ഞമാണ്‌ മൃണാള്‍ പൂര്‍ത്തീകരിച്ചത്‌.

ഈ ഗ്രാമവാസികള്‍ക്ക്‌ പൂര്‍ണ്ണപൗരത്വം ലഭിക്കാനുള്ള ശ്രമങ്ങളുമായി ബാറക്‌ മനുഷ്യാവകാശ സംഘടനയും രംഗത്തു വന്നിട്ടുണ്ട്‌.




*കൗണ്ടര്‍കറന്റ്സിന്റെ ഡിസംബര്‍ 20-ലെ ലക്കത്തില്‍ വാലി ലാസ്കര്‍ എഴുതിയ ലേഖനം

14 comments:

Rajeeve Chelanat said...

അങ്ങിനെയും ചില ആളുകള്‍..ആരുടേയുമല്ലാതെ...

asdfasdf asfdasdf said...

നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ അല്ലെ.

കുറുമാന്‍ said...

വളരെ നല്ല ലേഖനം രാജീവ്ജി.

ഇവരുടെ അവസ്ഥ മഹാ ശോചനീയം.

Pramod.KM said...

നന്ദി പരിചയപ്പെടുത്തലിന്.

മൂര്‍ത്തി said...

നന്ദി രാജീവ്‌

chithrakaran ചിത്രകാരന്‍ said...

ഇങ്ങണേയും ജീവിതങ്ങളുണ്ടല്ലേ ! കൌതുകകരമായിരിക്കുന്നു. നന്ദി രാജീവ്.

അനില്‍ശ്രീ... said...

രാജീവ്.. നന്നായിരിക്കുന്നു,,, നന്ദി...
അറിയാത്തതായി ഇനി എന്തെല്ലാം..
അറിയുന്നതെല്ലാം വീണ്ടും എഴുതൂ..
ഞങ്ങളും അറിയട്ടെ....


ഒ.ടൊ..

നാട്ടില്‍ പോയിരുന്നു അല്ലേ?

അങ്കിള്‍ said...

:)പുതിയ അറിവുകള്‍

വിന്‍സ് said...

theercha aayum puthiya arivu pakarnnu thanna oru lekhanam.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെയൊരു അറിവ് ആദ്യമായാണ്.വളരെ നന്ദി.

വെള്ളെഴുത്ത് said...

പുതിയ വിവരമായിരുന്നു.

krish | കൃഷ് said...

വായിച്ചു.
കൂടുതല്‍ പറയാന്‍ നിവൃത്തിയില്ല.

Roby said...

രാജീവ്‌,
താങ്കളുടെ എഴുത്ത്‌ അതിപ്രധാനമായൊരു രാഷ്ട്രീയബോധത്തെ അടയാളപെടുത്തുന്നു...
നന്ദി...

absolute_void(); said...

റോബി പറഞ്ഞിടത്തു് ഒരു കയ്യൊപ്പു്