അര്‍ജന്റീനിയന്‍ എഴുത്തുകാരുടെ പിതൃസ്ഥാനീയനായ 96 വയസ്സുള്ള ഏണസ്റ്റോ സബാറ്റൊയുടെ (Ernesto Sabato) ഒരു പുസ്തകത്തിന്റെ പേര്‍ 'ലാ റെസിസ്റ്റന്‍ഷ്യ'എന്നാണ്. 150 പേജു വരുന്ന ഈ പുസ്തകത്തില്‍, ചെറുത്തുനില്‍പ്പ് എന്ന പദം വളരെക്കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. പക്ഷേ ആ പുസ്തകത്തിന്റെ സന്ദേശം വ്യക്തമാണ്. അനീതിക്കെതിരെ മനുഷ്യന്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്. ഈ വാദത്തില്‍നിന്നാണ് എന്റെ ഈ ലേഖനം ആരംഭിക്കുന്നത്.
ചെറുത്തുനില്‍പ്പ് ആരംഭിക്കുന്നത് സംശയത്തില്‍നിന്നാണ്. അവിശ്വാസത്തിന്റെ കൗമരത്തില്‍നിന്ന് അത് വളരുന്നത്, നിഷേധത്തിലേക്കും, സംഘര്‍ഷത്തിലേക്കും പോരാട്ടത്തിലേക്കുമാണ്. അല്ല എന്നു പറയാനുള്ള നിശ്ചയദാര്‍ഢ്യമാണ് ചെറുത്തുനില്‍പ്പ്. മധുരഭാഷണങ്ങളോടും, വഞ്ചനയോടും അല്ല, അല്ല എന്നു പറയാനുള്ള മനക്കരുത്ത്. ഓരോ നുണയോടും, മിത്ഥ്യാസങ്കല്‍പ്പങ്ങളോടും അല്ല എന്നു പറയുന്നു അത്. സുഖശീതളമായ ജീവിതത്തോടും, നമ്മുടെ ജീവിത രീതികളാണ് ശരിയെന്ന ദൃഢപ്രസ്താവനകള്‍ക്കും എതിരായ വാക്കാണ് ചെറുത്തുനില്‍പ്പ്.
പ്രതീതിയാഥാര്‍ത്ഥ്യമായ ജീവിതത്തിന്റെ നേരെ എതിര്‍ദിശയില്‍നില്‍ക്കുന്ന യഥാര്‍ത്ഥജീവിതമാണ് ചെറുത്തുനില്‍പ്പ്. സമൂഹം നമുക്കു വെച്ചുനീട്ടുന്ന എളുപ്പവും സൗകര്യപ്രദവുമായ ജീവിതത്തിലേക്കുള്ള പിന്‍വാങ്ങലിന്റെയും, നമ്മുടെ ജീവിതശൈലിയും ജീവിതരീതിയുമാണ് ആത്യന്തികമായ ശരി എന്ന തീര്‍ച്ചപ്പെടുത്തലിന്റെയും മറുവശത്താണ് ചെറുത്തുനില്‍പ്പിന്റെ സ്ഥാനം. അധികാരത്തിന്റെ ജീവിതവ്യാഖ്യാനങ്ങളെ അത് തള്ളിക്കളയുന്നു. അധികാരത്തിന്റെ മാസ്മരികതയെ അത്ഭുതനേത്രത്തോടെ നോക്കിക്കാണുന്നതിനെ അത് നിരാകരിക്കുന്നു.
വിധേയത്വത്തിന് എളുപ്പത്തില്‍ വശംവദനാവുന്ന മനുഷ്യസ്വഭാവത്തിനെ, ദസ്തയേവസ്കിയുടെ കാരമസോവ് സഹോദരന്‍മാരിലെ കുറ്റവിചാരണക്കാരന്‍ (Grand Inquisitor) ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ മനുഷ്യന്‍ അഭിലഷിക്കുന്നത്, സംതൃപ്തിയോ, മരണമോ ആണെന്ന് ദസ്തയേവസ്കി വിശ്വസിക്കുന്നു. സംതൃപ്തിയാണ് അവന്റെ ലക്ഷ്യം. അവനെ സംബന്ധിച്ചിടത്തോളം അതാണ് അവന്റെ അപ്പം. ഭൂമിയിലേക്ക് തിരിച്ചുവരുന്ന ക്രിസ്തുവിനോട് ആ കുറ്റവിചാരണക്കാരനായ പുരോഹിതന്‍ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുമുണ്ട്, ആ അപ്പം നല്‍കലാണ് ദേവാലയത്തിന്റെ ലക്ഷ്യമെന്ന്. ദേവാലയമെന്നതിനും, മതം എന്നതിനും, (Power) അധികാരമെന്നാണ് ഇവിടെ വായിക്കേണ്ടത്. എന്നുപറഞ്ഞാല്‍, അധികാരത്തിന്റെ ലക്ഷ്യം, ഭൂമിയില്‍ മനുഷ്യന് സംതൃപ്തി നല്‍കുക എന്നാണെന്ന്.
മനുഷ്യനു താങ്ങാനാവുന്നതിലും വലിയ ഭാരങ്ങള്‍ അവന്റെ മേല്‍ കെട്ടിവെച്ച സൃഷ്ടാവിനേക്കാള്‍ മനുഷ്യനെ സ്നേഹിക്കുന്നത്, ദേവാലയമാണെന്ന് (മതമാണെന്ന്) വിചാരണാ പുരോഹിതന്‍ ദൈവപുത്രനെ ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം മനുഷ്യനു നല്‍കുക വഴി മനുഷ്യന്റെ ശക്തിയില്‍ അമിതപ്രതീക്ഷ പുലര്‍ത്തുകയാണ് ദൈവം ചെയ്തതെന്നും പുരോഹിതന്‍ സൂചിപ്പിക്കുന്നു. "അവനോട് തരിമ്പും ദയയില്ലാതെയാണ് നീ പെരുമാറിയത്. അവനില്‍നിന്ന് നീ വളരെക്കൂടുതല്‍ പ്രതീക്ഷിച്ചു". മതം, മനുഷ്യന്റെ പക്ഷത്താണ് നില്‍ക്കേണ്ടത്. പുരോഹിതന്‍ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നു. അത് (മതം) അജ്ഞാനിയെയും, ദുര്‍ബ്ബലനെയും, നീചനെയും, രോഗിയെയും ഒരുപോലെ ആശ്വസിപ്പിക്കണം. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിനും, ആത്മീയമായ സംഘര്‍ഷത്തിനും പകരം, അധികാരം, (ദേവാലയമോ മതമോ എന്തുമാകട്ടെ) മനുഷ്യനു നല്‍കേണ്ടത്, സന്തോഷമാണ്. ദുര്‍ബ്ബലര്‍ക്കും വിശക്കുന്നവര്‍ക്കും ദൈവികമായ അന്നത്തില്‍ താത്‌പര്യമുണ്ടാകാന്‍ വഴിയില്ലാത്തതുകൊണ്ട്, അധികാരം അവര്‍ക്ക്, ഭൂമിയിലെ അപ്പം വാഗ്ദാനം ചെയ്യുന്നു.
മഹാ പുരോഹിതനും, അയാളുടെ ദേവാലയവും മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഭൂമി, അങ്ങിനെ, കേവല സംതൃപ്തിയുടെ ഭൂമികയായി മാറുന്നു. ഒരു തരത്തിലുമുള്ള ആത്മീയമായ അഭിനിവേശങ്ങളും വേണ്ടാത്ത ഒരിടം. തൊഴിലെടുക്കേണ്ടിവരും. അതു വേറെ കാര്യം. അതൊഴിവാക്കാനാവില്ല. ദേവാലയം ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, വിശ്രമവേളകളെ സജീവമാക്കാന്‍ ഉതുകുംമട്ടിലുള്ള എല്ലാ വിനോദങ്ങളും, ബാലിശമായ പാട്ടും കൂത്തും ഒക്കെ അവിടെ നിങ്ങള്‍ക്കു കിട്ടുന്നു. വിലപിടിപ്പുള്ള വാഹനങ്ങളും, ടെലിവിഷനും, ഞായറാഴ്ച്ചകളിലെ പന്തുകളിയും ഒക്കെ. അല്‍പ്പസ്വല്‍പ്പം പാപം ചെയ്താലും വലിയ തരക്കേടൊന്നും വരാനില്ല. പാവം മനുഷ്യന്‍. അവന്റെ സന്തോഷമല്ലേ പ്രധാനം.
മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ, ദസ്തയേവസ്കി അങ്ങിനെ വിശദമായി വിവരിക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ വിപ്ലവശൈലിയില്‍, അദ്ദേഹം, എല്ലാ കാലത്തെയും, എല്ലാ രാജ്യത്തെയും, എല്ലാ ദേവാലയങ്ങളിലെയും എല്ലാ മഹാ പുരോഹിതന്മരേയും ആക്രമിക്കുന്നു. മനുഷ്യന്‍ സ്വാതന്ത്ര്യം അഭിലഷിക്കുന്നില്ല എന്ന സാര്‍വ്വലൗകിക സത്യത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. പലരും സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു. സന്തോഷമായിരിക്കുക എന്നതു മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുള്ള അര്‍ത്ഥം. അങ്ങിനെ വരുമ്പോള്‍, അമേരിക്കന്‍ സമൂഹത്തിന്റെ സന്തോഷം എന്നത്, 'അമേരിക്കന്‍ ജീവിത രീതി' നല്‍കുന്ന സന്തോഷമാണെന്നു വരുന്നു. ഈ സന്തോഷമെന്ന അവസ്ഥയാകട്ടെ, നിരന്തരം, പിടികിട്ടാതെ വഴുതിപ്പോവുന്ന ഒന്നാണ്. സംശയാസ്പദവും, തെന്നിമാറുന്നതും, ആത്മനിഷ്ഠവുമായ ഒന്നാണത്. അപ്പോള്‍, സന്തോഷമെന്നത്, അത് നേടാന്‍ കഴിയാതെ വരുമ്പോഴുള്ള, അതായത്, പരാജയത്തെക്കുറിച്ചുള്ള ഭയം മാത്രമായി മാറുകയും ചെയ്യുന്നു.
ഭയമെന്നത്, നമ്മുടെ കാലഘട്ടത്തിന്റെ ഒരു ലക്ഷണമായിരിക്കുന്നു ഇന്ന്. ഒന്നും നേടാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള ഭയം. ഭീകരവാദത്തിനെക്കുറിച്ചുള്ള കൃത്രിമമായ ഭയം പോലെ. നമ്മള്‍ നമുക്കെതിരായി ചെയ്യുന്ന ഭീകരതയെക്കുറിച്ചുപോലും ഈ ഭയം എന്ന വാക്ക് സൂചിപ്പിക്കുന്നുണ്ട്. സംഘടിതമായി നടത്തപ്പെടുന്ന തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള നമ്മുടെ ഇടതടവില്ലാത്ത പരസ്യമായ ചര്‍ച്ചകള്‍, നമ്മെ കൊണ്ടുചെന്നെത്തിക്കുക പട്ടാള ഭരണത്തിലേക്കു മാത്രമായിരിക്കും. തങ്ങളുടെ 'മക്കളുടെ ഭാവി'യെക്കുറിച്ചുള്ള അമേരിക്കന്‍ ഭയാശങ്കകള്‍ അവരുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിക്കൊണ്ടിരിക്കുന്നു.
ചെറുത്തുനില്‍പ്പിന് ഒരിക്കലും ഒറ്റക്ക് പ്രവര്‍ത്തിക്കാനാവില്ല. സാമൂഹിക ബലമാണ് അതിനാവശ്യം. പക്ഷേ, ഒരിക്കല്‍ നിങ്ങള്‍ അതിനുള്ളിലായിക്കഴിഞ്ഞാല്‍, അതില്‍ ഉള്‍പ്പെടുകയും, അതിനോട് പ്രതിജ്ഞാബദ്ധനാവുകയും ചെയ്താല്‍ പിന്നെ, ഓരോ ചുവടും എളുപ്പമുള്ളതാകും. ചെറുത്തുനില്‍പ്പ് ഒരു സാധാരണമായ അവസ്ഥയായിത്തീരും. നിങ്ങള്‍ക്കല്ല, സമൂഹത്തിനാണ് ഭ്രാന്തെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
നിര്‍ഭാഗ്യമെന്നു പറയട്ടെ, ചെറുത്തുനില്‍പ്പിന്റേതായ ലോകത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലേക്കെങ്കിലും എത്തിയവര്‍ വളരെ ചുരുക്കമാണ് ഇന്ന്. പലരും, വാതില്‍ക്കല്‍ മാത്രം എത്തിയവരാണ്. യഥാര്‍ത്ഥജീവിതത്തിന്റെ പുറംഭാഗത്തുമാത്രം ചുറ്റിത്തിരിയുന്ന, കാറ്റിലൊഴുകുന്ന ചില കരിയിലകള്‍പോലും തങ്ങള്‍ അതിന്റെ ഉള്ളിലാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നതാണ് ഏറെ കഷ്ടം. മനുഷ്യന്‍മാരെ തീരെ വിലമതിക്കാത്ത ഒരു തരം ജീവിതരീതിയോട് അവര്‍ സൗകര്യപ്രദമായി സന്ധി ചെയ്തിരിക്കുന്നു. അധികാരം നമ്മോട് പറയുന്നത്, ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്‍പ്പെടരുതെന്നാണ്, ഒരിക്കലും അതിനോട് പ്രതിജ്ഞാബദ്ധമാകരുതെന്നാണ്, എന്തൊക്കെയായാലും, എല്ലാവരും, എല്ലാതും മലീമസമായിരിക്കുന്നുവെന്നാണ്.
പിന്‍വാങ്ങലിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.
പിന്‍വാങ്ങലെന്നത്, വിധേയത്വത്തിനേക്കാളും മോശമായ ഒരു അവസ്ഥയാണ്. സബാറ്റോ അതിനെ നിര്‍വ്വചിക്കുന്നത്, "എന്തിനുവേണ്ടിയാണോ ഒരുവന്‍ പൊരുതേണ്ടത്, അതില്‍നിന്നുള്ള പിന്‍മാറ്റത്തെ നീതീകരിക്കുന്ന ഭീരുത്വ'മായിട്ടാണ്.
നമ്മള്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്. ചെറുത്തുനില്‍ക്കാന്‍ നിങ്ങള്‍ ഒരു നായകനോ ഒന്നും ആകേണ്ടതില്ല. അധികാരത്തിനെതിരെ ഒരു സ്ഫോടകവസ്തു എറിയുകയോ, ജയിലില്‍ പോവുകയോ ചെയ്യുന്നതിനേക്കാളുമൊക്കെ എത്രയോ ചെറുതായ ഒരു പ്രവൃത്തിയാണത്. പക്ഷേ, അതൊരു എതിരൊഴുക്കാണ്. നിത്യ ജീവിതത്തില്‍ എവിടെയൊക്കെയാണ് ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടതെന്ന് സദാ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മെ 'തടവില്‍'ആക്കാന്‍ വിധത്തില്‍ സമൂഹത്തെ വാള്‍മാര്‍ഷ്യന്‍* (WallMartian)രീതിയില്‍ ഘനീഭവിപ്പിക്കുന്ന പ്രവണതകളെ നമ്മള്‍ കയ്യൊഴിയണം. എല്‍ സാല്‍വാഡോര്‍ എന്ന രാജ്യത്തിന്റെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 20 ഇരട്ടിയിലധികം വിറ്റുവരവുള്ള ജനറല്‍ മോട്ടോഴ്സിന്റെ ഒരു കാര്‍ വാങ്ങാതിരിക്കുക എന്നത്, ഒറ്റ നോട്ടത്തില്‍ ഒരു വിപ്ലവമൊന്നുമല്ല. പക്ഷേ, അതൊരു ചെറുത്തുനില്‍പ്പു തന്നെയാണ്. പൊതു ഗതാഗത സമ്പ്രദായവും, ഊര്‍ജ്ജസ്വലമായ ദേശീയ ആരോഗ്യ നയവും ആവശ്യപ്പെടുക എന്നത്, ചെറുത്തുനില്‍പ്പല്ലെങ്കില്‍ പിന്നെ എന്താണ്? നമ്മുടെ ജീവിതത്തെ ആയാസമറ്റതാക്കുമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി നമ്മുടെയും, നമ്മുടെ മക്കളുടെയും ജീവിതത്തെ ആഗോളവത്ക്കരണത്തിനു കാഴ്ച്ചവെകുന്ന പദ്ധതികളെ തള്ളിക്കളയുക എന്നത്, ചെറുത്തുനില്‍പ്പിന്റെ രീതിശാസ്ത്രം തന്നെയാണ്.
നമ്മള്‍ 'സന്തുഷ്ടരാണ്' എന്ന മട്ടിലുള്ള അവരുടെ നുണപ്രചരണത്തിന്റെ ഉപകരണമാകാന്‍ വിസമ്മതിക്കുക എന്നുള്ളതാണ് ആദ്യത്തെ ചുവട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അധികാരത്തിന്റെ ഭീമന്‍ യന്ത്രങ്ങളുടെ പല്‍ച്ചക്രമാകാതിരിക്കുക എന്ന്.
അമേരിക്കയെയും യൂറോപ്പിനെയും കേന്ദ്രീകരിച്ചുള്ള സങ്കല്‍പ്പങ്ങളില്‍നിന്ന്-യഥാര്‍ത്ഥ ലോകം ആരംഭിക്കുന്നതും, അവസാനിക്കുന്നതും, ആ രാജ്യങ്ങളില്‍ നിന്നാണ് എന്ന സങ്കല്‍പ്പത്തിന്റെ മറ്റൊരു ഭാഷ്യമാണ് അത്തരം സങ്കല്‍പ്പങ്ങള്‍- വിടുതല്‍ നേടുക എന്നതാണ് നമുക്ക് കൈക്കൊള്ളാവുന്ന രണ്ടാമത്തെ നടപടി. ഭൂമിയിലെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് യൂറോപ്പും, അമേരിക്കയും. നമ്മള്‍ അത് സൗകര്യപൂര്‍വ്വം മറക്കുന്നു.
ലാറ്റിന്‍ അമേരിക്കയെക്കുറിച്ചുള്ള എന്റെ ചില ലേഖനങ്ങളില്‍, ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍ അലൈന്‍ ടൂറിനെ (Alain Tourraine)പലപ്പൊഴും ഉദ്ധരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഈയിടെ, യാദൃശ്ചികമെന്നു പറയട്ടെ, അദ്ദേഹവുമായി ബ്യൂണസ് അയേഴ്സ് ടെലിവിഷന്‍ നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖസംഭാഷണം, കാണാനിടവന്നു.
അടിസ്ഥാനപരമായ ചെറുത്തുനില്‍പ്പ് ആഗോളവത്ക്കരണത്തിനെതിരെയും, അതിന്റെ ഭാഷക്കെതിരെയും, അത് സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുമാകണമെന്നുതന്നെയാണ് ഏണസ്റ്റോ സബാറ്റോവിനെപ്പോലെ അലൈനും, ആ അഭിമുഖത്തില്‍ എടുത്തുപറഞ്ഞത്.
അങ്ങിനെ വരുമ്പോള്‍, ചെറുത്തുനില്‍പ്പെന്നത്, ആഗോളവിരുദ്ധം എന്നതിന്റെ പര്യായമാകുന്നു.
ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ ചിന്തകള്‍, നിങ്ങളെ പ്രതീക്ഷിക്കാത്ത വഴികളിലേക്കെത്തിക്കുന്നു. ഉദാഹരണത്തിന്, സമാധാനത്തിന്റെ വിപരീതം, യുദ്ധം മാത്രമല്ല എന്ന് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്നു. സമാധാനത്തിന്റെ വിപരീതമെന്നത്, സാമൂഹ്യമായ അനീതിയുടെ ധാരാളാത്തിമാണ്, മൗലികാവകാശങ്ങളോടുള്ള അനാദരവാണ്, എല്ലാ രീതിയിലുമുള്ള അനീതിയാണ്. രാജ്യങ്ങളുടെ കാര്യമായാലും, വ്യക്തികളുടെ കാര്യമായാലും, സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് അത്.
ആഗോളവത്ക്കരണമെന്നത്, "ഒഴിച്ചുനിര്‍ത്തുന്നതിന്റെ സംസ്കാര'ത്തിനെയും, തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം, അവ ഇല്ലാതാക്കുന്നതിന്റെയും-പ്രത്യേകിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയിടയില്‍-പര്യായമായതിനാല്‍, ചെറുത്തുനില്‍പ്പെന്നത്, ആഗോളവത്ക്കരണവിരുദ്ധംകൂടിയാകുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥക്കും, വ്യാവസായിക വിപ്ലവപര്യന്തമുള്ള ലോകസമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ആഗോളവത്ക്കരണത്തിനും എതിരായിട്ടുള്ളതാണ് ചെറുത്തുനില്‍പ്പ്. കമ്പോള സമ്പദ്‌വ്യവസ്ഥയും, ആഗോളവത്ക്കരണവും ശക്തിപ്പെടുന്നത്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ പതനത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിലൂടെയും, അതിനെ ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിപ്ലവത്തിലൂടെയുമാണ്
സാങ്കേതിക വിപ്ലവത്തെ, ജോസഫ് ഷുംപീറ്റര്‍ (Joseph Schumpeter)വ്യാഖ്യാനിക്കുന്നത്, 'സൃഷ്ടിപരമായ വിനാശം' എന്നാണ്. അതിനെ ആഗോളവത്ക്കരണവുമായി സമീകരിക്കുന്നുമുണ്ട് ഷുംപീറ്റര്‍. 'ബഹുമാനിക്കപ്പെടണമെന്നും, തിരിച്ചറിയപ്പെടണമെന്നും' ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എന്ന് കണ്ടെത്തുന്ന ടൂറിനാകട്ടെ, ബൂര്‍ഷ്വാസിയെന്ന, മുതലാളിത്തത്തിന്റെ ആ പഴയ ചൂഷകവൃന്ദത്തിന്റെ നാമധേയവുമായിട്ടാണ് ആഗോളവത്ക്കരണത്തെ ബന്ധപ്പെടുത്തുന്നത്. ആഗോളവത്ക്കരണം, മുതലാളിത്തം ഒരുക്കിവെച്ച കെണിയാണ്.
സാങ്കേതിക വിപ്ലവത്തിന്റെയും, സ്വതന്ത്ര വിപണിയെന്ന പ്രത്യയശാസ്ത്രത്തിന്റെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സമന്വയമാണ്, മുന്‍പേ സൂചിപ്പിച്ച 'ഒഴിച്ചുനിര്‍ത്തലിന്റെ സംസ്കാര'ത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. വളരെ വലിയൊരു ജനവിഭാഗത്തിന്റെ മരണമണിയാണ്, സ്വതന്ത്ര വിപണിയുടെ സംസ്കാരത്തെ വളര്‍ത്തി വലുതാക്കുന്നതിലൂടെ ആ സംസ്കാരത്തിന്റെ പ്രചാരകര്‍ മുഴക്കുന്നത്.
ഇവിടെ വീണ്ടും, ചെറുത്തുനില്‍പ്പ് എന്ന പദം, മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദിശയില്‍ നില്‍ക്കുന്നു**. ഒഴിച്ചുനിര്‍ത്തലിന്റെ എതിര്‍പ്രക്രിയയായിട്ടാണ് (പുതിയ സോഷ്യലിസ്റ്റുകളുടെയും, പുതിയ സോഷ്യലിസ്റ്റ് ചിന്താ ധാരകളുടെയും)തിരിച്ചുവരവ്. എനിക്കു തെറ്റിയതാണോ, എന്തോ. വിലക്കപ്പെട്ട, രാഷ്ടീയമായി ശരിയല്ലാത്ത ആ വാക്ക് (പുത്തന്‍ സോഷ്യലിസം, പുത്തന്‍ സോഷ്യലിസ്റ്റ് എന്നിവ) ഈയടുത്ത കാലത്തായി ഇടയ്ക്കിടയ്ക്ക് അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യലിസം എന്നത്, സാമൂഹ്യാംഗീകാരം കിട്ടിയ ഒന്നായി മാറിയിരിക്കുന്നു., സോഷ്യലിസം, സത്യസന്ധമായ ആധുനിക ചിന്ത എന്നു തുടങ്ങി, ചെറുത്തുനില്‍പ്പിന്റെ നിരവധി രൂപങ്ങള്‍ ഭയത്തിന്റെയും മരണത്തിന്റെയും സംസ്കാരവാഹകരായ പുത്തന്‍ മതതീവ്രവാദികളുടെ പ്രതികരണം തീര്‍ച്ചയായും ക്ഷണിച്ചുവരുത്തുന്നുണ്ട്. ആ മതതീവ്രവാദ ശക്തികളാകട്ടെ, ആഗോളവത്ക്കരണത്തിന്റെ ശക്തരായ സഖ്യകക്ഷികളാണുതാനും. പക്ഷേ, അവര്‍ക്ക്, ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യും.
അനീതികള്‍ക്കെതിരായിട്ടുള്ള ചെറുത്തുനില്‍പ്പ് വിപ്ലവകരമൊന്നുമല്ലെന്ന് തോന്നിയേക്കാം. പക്ഷേ അത്, വിപ്ലവകരം തന്നെയാണ്. ഒരു രാജ്യം അതിന്റെ ദേശീയ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കലോ, വ്യക്തി സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തലോ ഒന്നുമല്ല അനീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. സോഷ്യലിസത്തെ പിന്താങ്ങുക എന്നതുപോലും ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടണമെന്നില്ല. പക്ഷേ, കമ്പോളത്തെ സ്വയംസമ്പൂര്‍ണ്ണമെന്ന നിലയില്‍ ആരാധിക്കുകയും, അതിനെ, മനുഷ്യ സ്വഭാവത്തിന്റെയും, മനുഷ്യ സമൂഹത്തിന്റെയും ആത്യന്തിക ലക്ഷ്യമായി കരുതുകയും ചെയ്യുന്ന നിഷ്ഠുരമായ മുതലാളിത്തത്തിന്റെ നിരാസമാണത്, തീര്‍ച്ചയായും.
ബ്യൂണസ് അയേഴ്സിലെ ഒരു കഫേയിലിരുന്നുതന്നെയാണ്, La Nacion എന്ന പത്രത്തില്‍, പ്രൊഫസ്സര്‍ ദീപേഷ് ചക്രവര്‍ത്തിയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഞാന്‍ വായിച്ചത്. "കീഴാള പഠന'ങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുള്ള, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ പ്രൊഫസ്സറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ Rethinking Working Class History: Bengal, 1840-1940 എന്ന പുസ്തകം, ചരിത്രത്തിന്റെ പ്രാന്തസ്ഥലികളെക്കുറിച്ചുള്ള ചരിത്രമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിന്റെ അതിരുകളില്‍നിന്ന്, ചരിത്രത്തിന്റെ അതിരുകളെക്കുറിച്ച് എഴുതുകയാണ് അദ്ദേഹം ചെയ്യുന്നത്. ജനാധിപത്യം, മുതലാളിത്തം, സാമൂഹ്യ നീതി, മനുഷ്യാവകാശങ്ങള്‍, സമത്വം, ആഗോളവത്ക്കരണം എന്നിങ്ങനെ, സാമ്രാജ്യത്വം അവശേഷിപ്പിച്ച നിരവധി സാര്‍വ്വലൗകിക സംജ്ഞകളെ അദ്ദേഹം തന്റെ കൃതിയില്‍ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്.
കുറച്ചുദിവസം മുന്‍പ്, മറ്റൊരു വീക്ഷണംകൂടി വായിക്കാന്‍ ഇടയായി. ഇരുപത് വര്‍ഷത്തെ വാള്‍സ്ട്രീറ്റിലെ ജീവിതത്തിനു ശേഷം അര്‍ജന്റീനിയയിലേക്കു മടങ്ങിയ, വിദ്യാസമ്പന്നനും, ധാരാളം ഭൂസ്വത്തുക്കളുമുള്ള ഒരു ചെറുപ്പക്കാരന്റെ ലേഖനം. അതെന്നെ അത്ര അതിശയപ്പെടുത്തിയതൊന്നുമില്ല. വ്യോമഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയും, വിമാനയാത്രക്ക് കൈവന്ന അവസരത്തിലെ തുല്ല്യതയും ഒക്കെയാണ് ആ വിദ്വാന്‍ ആഗോളവത്ക്കരണത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാനദണ്ഡങ്ങള്‍. കേട്ടാല്‍ തോന്നും, പ്രാദേശിക വ്യവസായങ്ങളെ അതിസൂക്ഷ്മമായി തകര്‍ക്കുന്നതിലും, അവയെ അരികുകളിലേക്ക് തള്ളിമാറ്റുന്നതിലും ഒന്നും ആഗോളവത്ക്കരണത്തിന് യാതൊരു പങ്കുമില്ലെന്ന്.
Countercurrents-ന്റെ 21 ഡിസംബറിലെ ലക്കത്തില്‍ വന്ന ഗെയ്ത് സ്റ്റുവാര്‍ട്ടിന്റെ ലേഖനം.
* WallMartian - പലേ അര്‍ത്ഥതലങ്ങളുമുള്ള ഒരു വാക്കാണ് ഇത്. തീവ്ര വലതുപക്ഷ, സാമൂഹ്യവിരുദ്ധ ചിന്തകളുടെ പ്രയോക്താക്കളെയും, അവരുടെയിടയിലുള്ള നിഗൂഢമായ വിനിമയശൈലിയെയുമൊക്കെ പൊതുവെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നു. (ചില ആധുനിക സെമാന്റിക്സ് പ്രയോഗങ്ങളാണ് ഇത്തരം വാക്കുകള്‍. എപ്പോഴും അവ നിരുപദ്രവമായിക്കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ചില പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ വാരിക്കുഴികളാകാനും സെമാന്റിക്സിനെ നമ്മള്‍ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് - പരിഭാഷകക്കുറിപ്പ്).
**ഇവിടെ (ഇംഗ്ലീഷിലുള്ള ലേഖനത്തില്‍)സ്റ്റുവാര്‍ട്ട് എഴുതിയിരിക്കുന്നത് “Here again, as the antithesis of Marx's dialectical process, appears the word resistance എന്നാണ്. ഇത് അല്‍പ്പം അവ്യക്തമോ, തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്നതോ ആയ ഒരു പ്രയോഗമാണ്. 'ഒഴിച്ചുനിര്‍ത്തല്‍' എന്ന സിദ്ധാന്തത്തിന്റെ പ്രതിദ്വന്ദമായിതന്നെയാണ്, സോഷ്യലിസത്തിന്റെ (അഥവാ, നവസോഷ്യലിസത്തിന്റെയും) 'തിരിച്ചുവരവ്' എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മക പ്രക്രിയയിലും (സംവാദത്തിലും) അങ്ങിനെ വരാനേ ഇടയുള്ളു. അതല്ലാതെ, ചെറുത്തുനില്‍പ്പ് എന്ന പ്രക്രിയ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദശയിലാകാന്‍ തീരെ തരമില്ല. ഇനി അങ്ങിനെതന്നെയാണ് സ്റ്റുവാര്‍ട്ട് ഉദ്ദേശിച്ചതെങ്കില്‍, അത് തെറ്റാണെന്നും പരിഭാഷകന്‍ കരുതുന്നു.- പരിഭാഷക്കുറിപ്പ്.
Saturday, December 29, 2007
Subscribe to:
Post Comments (Atom)
6 comments:
പ്രതീതിയാഥാര്‍ത്ഥ്യമായ ജീവിതത്തിന്റെ നേരെ എതിര്‍ദിശയില്‍നില്‍ക്കുന്ന യഥാര്‍ത്ഥജീവിതമാണ് ചെറുത്തുനില്‍പ്പ്. സമൂഹം നമുക്കു വെച്ചുനീട്ടുന്ന എളുപ്പവും സൗകര്യപ്രദവുമായ ജീവിതത്തിലേക്കുള്ള പിന്‍വാങ്ങലിന്റെയും, നമ്മുടെ ജീവിതശൈലിയും ജീവിതരീതിയുമാണ് ആത്യന്തികമായ ശരി എന്ന തീര്‍ച്ചപ്പെടുത്തലിന്റെയും മറുവശത്താണ് ചെറുത്തുനില്‍പ്പിന്റെ സ്ഥാനം. അധികാരത്തിന്റെ ജീവിതവ്യാഖ്യാനങ്ങളെ അത് തള്ളിക്കളയുന്നു. അധികാരത്തിന്റെ മാസ്മരികതയെ അത്ഭുതനേത്രത്തോടെ നോക്കിക്കാണുന്നതിനെ അത്
നന്ദി രാജീവ്..ഞാന്‍ ഇത് പി.ഡി.എഫ് ആക്കി സുഹൃത്തുക്കള്‍ക്ക് അയക്കുന്നുണ്ട്..തുടരുക..നവവത്സരാശംസകള്‍..
നന്നായിരിക്കുന്നു
പുതുവത്സരാശംസകള്‍
ഇതുപോലുള്ള നല്ല ലേഖനഗള്‍ പരിചയപ്പെടുത്തുന്നതിനു അഭിനന്ദനം.നല്ലതു എവിടെയുണ്ടെന്ന അറിവാണു വലിയ അറിവ്.
സ്നേഹാര്‍ദ്രമായ പുതുവത്സരം ആശംസിക്കുന്നു..
ചിന്തിപ്പിക്കുന്ന ലേഖനം രാജീവ്!
പ്രത്യേകിച്ചും മനുഷ്യന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞത്..
Post a Comment