രണ്ടായിരത്തഞ്ഞൂറോളം കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കിയ ഒരു മുത്തശ്ശി, ഒരു വര്‍ഷം മുന്‍പ് ഈ ദിവസം നമ്മളെ വിട്ടുപോയി.
ഐറീന സെന്‍ഡ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്. 98 വയസ്സായിരുന്നു മരിക്കുമ്പോള്‍ അവര്‍ക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത്, ഈ മുത്തശ്ശി, പോളണ്ടിലെ വാര്‍സാ ഘെറ്റോയില്‍ പ്ളംബറായി ജോലിക്കു ചേര്‍ന്നു. നാസികളില്‍നിന്ന് പോളണ്ടിലെ ജൂതന്‍മാരെ രക്ഷപ്പെടുത്താനുള്ള ദൌത്യം ഏറ്റെടുത്ത സെഗോട്ട എന്ന ഒളിസംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു അവര്‍. 30-ഓളം സന്നദ്ധപ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പിലായിരുന്നു ഐറീന്‍ സെന്‍ഡ്‌ലര്‍.
അഞ്ചു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ആ ജൂത ചേരിയില്‍ നിന്നാണ് ട്രബ്ളിങ്കയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് ജൂതര്‍ ആട്ടിത്തെളിക്കപ്പെട്ടത്. അതിനുമുന്‍പുതന്നെ, ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും മൂലം ചത്തൊടുങ്ങിയിരുന്നു. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ ചത്തൊടുങ്ങുകയും ഗ്യാസ് ചേമ്പറുകളിലേക്ക് ആട്ടിയോടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഐറീന്‍ മുത്തശ്ശി, കൈക്കുഞ്ഞുങ്ങളെ തന്റെ ടൂള്‍ബോക്സില്‍ ഒളിപ്പിച്ച് പുറത്തേക്കു കടത്തി. കുറച്ചുകൂടി വലിയ കുട്ടികളെ തന്റെ തോളിലെ മാറാപ്പിലും അവര്‍ ഒളിച്ചുകടത്തി. പരിശോധനക്കെത്തുന്ന നാസി പട്ടാളക്കാരുടെ കണ്ണുവെട്ടിക്കാനും കുട്ടികളുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനും വേണ്ടി, വിശ്വസ്തനായ നായയെയും ഐറീന്‍ പരിശീലിപ്പിച്ചിരുന്നു എന്ന് കഥയുണ്ട്. സത്യം നമുക്കറിയില്ല.
അതെന്തായാലും, രണ്ടായിരത്തോളം കുട്ടികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. താന്‍ രക്ഷപ്പെടുത്തിയ ഓരോ കുട്ടിയുടെയും പേരുവിവരങ്ങള്‍ അവര്‍ തുണ്ടുകടലാസ്സുകളിലെഴുതി വീട്ടുമുറ്റത്തെ മരത്തിന്‍കീഴില്‍ കുഴിച്ചിട്ടു. ആ കുട്ടികളെ ജീവകാരുണ്യസംഘടനകളുടെയും മക്കളില്ലാത്ത ദമ്പതികളുടെയും, മിഷണറി പ്രവര്‍ത്തകരുടെയും താത്ക്കാലിക സംരക്ഷണയിലാക്കി, അവര്‍ക്ക് പുതുജന്‍മം നല്‍കി, ഐറീന്‍.
ഒടുവില്‍ ഒരു നാള്‍ ഐറീന്‍ സെന്‍ഡ്‌ലര്‍ നാസികളുടെ പിടിയിലകപ്പെട്ടു. കടുത്ത മര്‍ദ്ദനത്തിനിരയായ അവരുടെ കൈകാലുകള്‍ ഗസ്റ്റപ്പോകള്‍ തല്ലിച്ചതച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഐറിനെ അവരുടെ സഹപ്രവര്‍ത്തകര്‍, ഗെസ്റ്റപ്പോവിനു കൈക്കൂലി നല്‍കി തലനാരിഴക്ക് രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഏറെ നാള്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടിയുംവന്നു.
യുദ്ധത്തിനുശേഷം, താന്‍ രക്ഷപ്പെടുത്തിയ കുട്ടികളുടെ കുടുംബത്തെ കണ്ടെത്തി അവരെ തിരിച്ചേല്‍പ്പിക്കാനുള്ള ഐറീന്റെ ശ്രമം പക്ഷേ, അധികം ഫലം കണ്ടില്ല. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമേ, ചരിത്രത്തിലെ ആ കറുത്ത കാലത്തെ അതിജീവിച്ചിരുന്നുള്ളു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വാര്‍സാ ഘെറ്റോയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം ജൂതന്‍മാരില്‍ കേവലം അമ്പതിനായിരത്തിനടുത്താളുകള്‍ മാത്രമാണ് 1943-ഓടെ ബാക്കിയായത്.
ആ കുട്ടികളും അവരുടെ സന്തതിപരമ്പരകളും ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു. ജറുസലേമിലെ യാദ് വാഷിം ഹോളോകാസ്റ്റ് മെമ്മോറിയല്‍ 1965-ല്‍ അവരെ "Righteous of Nation" പുരസ്കാരം നല്‍കി ആദരിച്ചുവെങ്കിലും അതേറ്റുവാങ്ങുന്നതിന് ഇസ്രായേലിലേക്ക് പോകാന്‍ പോളണ്ടിലെ അന്നത്തെ സര്‍ക്കാര്‍ അവരെ അനുവദിച്ചില്ല. ഒടുവില്‍ 1983-ലാണ് അവര്‍ അത് കൈപ്പറ്റുന്നത്.
2008-ലെ നോബല്‍ സമ്മാനത്തിന് ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളിലൊന്ന് ഐറീന്‍ സെന്‍ഡ്‌ലറുടേതായിരുന്നുവെങ്കിലും, കങ്കാണികളുടെ പിന്‍ബലത്തോടെ, നോബലെന്ന സുരസുന്ദരിയെ തട്ടിയെടുത്ത്, തങ്ങളുടെ അരമനയില്‍ പങ്കിട്ടെടുത്തനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയത്, അല്‍ ഗോറിനും Intergovernmental Panel on Climage Change എന്ന സംഘടനക്കും ആയിരുന്നു.
ചരിത്രത്തിലെ, ഇരുണ്ടതും, ദയാരഹിതവും, അവിശ്വസനീയവുമായ കാലഘട്ടങ്ങളെക്കുറിച്ച്, വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന്, ഇന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍, ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ധീരരായ ഇത്തരം പതാകാവാഹകര്‍, പ്രത്യാശക്കു വഴിനല്‍കുന്നുണ്ട്.
17 comments:
ഒരു മുത്തശ്ശിക്കഥ
മുത്തശ്ശിക്കഥകളെ അതിശയിപ്പിക്കുന്ന ജീവിതകഥ.ചരിത്രം ഓര്‍മിക്കുകയും ആവേശം കൊള്ളുകയും ആദരിക്കുകയും ചെയ്യേണ്ട ജീവിതം തന്നെ ഐറീന്‍ മുത്തശ്ശിയുടെ ജീവിതം.
അപ്പോ രാജീവ് ജീ അറിഞ്ഞില്ലേ ജര്‍മനിയില്‍ പണ്ട് ഹോളോകാസ്റ്റ് നടന്നിട്ടേയില്ല. ഹിറ്റലര്‍ ഭീകരനായിരുന്നെങ്കില്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പില്‍ നിന്നു ഒരാളെങ്കിലും പുറത്ത് വരുമായിരുന്നോ?
"വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമേ, ചരിത്രത്തിലെ ആ കറുത്ത കാലത്തെ അതിജീവിച്ചിരുന്നുള്ളു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വാര്‍സാ ഘെറ്റോയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം ജൂതന്‍മാരില്‍ കേവലം അമ്പതിനായിരത്തിനടുത്താളുകള്‍ മാത്രമാണ് 1943-ഓടെ ബാക്കിയായത്."
ഹൊ....
ഐറീന സെന്‍ഡ്‌ലറിന് ആദരാഞ്ജലികള്‍
ഒരുപാടൊരുപാട് ത്യാഗം സഹിച്ച് മനുഷ്യസ്നേഹത്തിന്റെ കൊടുമുടി കേറിയ ആ മുത്തശ്ശിക്ക് ആദരാഞ്ജലികള്‍..
മുത്തശ്ശിക്കഥകളെങ്കിലും ഇടയ്ക്കു കേട്ടില്ലെങ്കില്‍ അടുത്തതലമുറയിലും ഹിറ്റ്ലര്‍മാരുണ്ടാവും.. നന്ദി.
ചില ജീവിതങ്ങള്‍ മനുഷ്യരിലുള്ള നമ്മുടെ വിശ്വാസം ബലപ്പെടുത്തുന്നു....
ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്.
ഏതിരുട്ടിലും
തെളിയുന്ന ചെറു വെട്ടം.
വളരെ നന്നായി രാജീവ്
സല്യൂട്ട്!
sathyathilekkulla vazhikal,nanmakal
അറിഞ്ഞിട്ടും അറിയാതെ പോകുന്ന തലമുറയ്ക്ക് ഇത് ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
നല്ല റിപ്പോര്‍ട്ട്.
വായനകള്‍ക്കു നന്ദി,
കാല്‍വിന്‍, ശരിയാണ്. ഹോളോകാസ്റ്റും ഇന്‍ക്വിസിഷനും, കുരിശുയുദ്ധങ്ങളും, നാഗസാക്കിയും, ഹിരോഷിമയും, ഒന്നും നടന്നിട്ടേയില്ല. അതൊക്കെ ഓരോരുത്തര്‍ പടച്ചുവിട്ട നുണകള്‍.
ഷിന്‍ഡ്‌ലറുടെയും സെന്‍ഡ്‌ലറുടെയും പേരുകളിലെ സാമ്യവും നമ്മെ അത്ഭുതപ്പെടുത്തുമല്ലേ?
അഭിവാദ്യങ്ങളോടെ
രജീവ് വായിച്ച് കണ്ണ് നനഞ്ഞ് പോകുന്നു
നല്ല കുറിപ്പ് രാജീവ്..
എങ്കിലും അതിന്റെ അവസാനത്തെ രാഷ്ട്രീയ വ്യഗ്രത വല്ലാതെ ചിരിപ്പിച്ചു. മുത്തശ്ശിക്ക് പലതവണ നിര്‍ദ്ദേശിക്കപ്പെട്ട നോബെല്‍ പ്രൈസ് കിട്ടാതെ പോയതിന്റെ കുറ്റം 2007-ല്‍ നോബല്‍ പ്രൈസ് വശീകരിച്ചുകൊണ്ടുപോയ അല്‍ ഗോറിന്!!! അതുവരെ കിട്ടിയതൊക്കെ പുണ്യാത്മാക്കള്‍ക്ക് ആയതുകൊണ്ട് കുഴപ്പമില്ല ..
അതു പോട്ടെ. ഗോറിനിട്ട് വലിച്ചുനീട്ടി ഒന്നു മാന്താം എന്ന് തീരുമാനിച്ചത് ജൂതന്മാര്‍ കനിഞ്ഞ് 1965 ഇല്‍ കൊടുത്ത സമ്മാനം പോലും വാങ്ങാന്‍ സമ്മതിക്കാതെ പിടിച്ചുവച്ച ഗവണ്മെന്റ് മോസ്കോയിലെ പഴയ സഖാക്കളുടെ പാവസര്‍ക്കാരായിരുന്നു എന്ന മിണ്ടിക്കൂടാത്ത ചരിത്രം (പോളണ്ടിനെപ്പറ്റി... ശ്ശ്ശ്ശ്ശ്ശ്) ഓര്‍ത്തുണ്ടായ കുറ്റബോധം ചൊറിഞ്ഞു തീര്‍ക്കാനായിരുന്നോ?
sudhakaran model vallathum ondel nere angu poratte..tracking :)
പുത്തനറിവിന്റെ ഈ മുത്തശ്ശിക്കഥയ്ക്ക് നന്ദി രാജീവ്.
മുത്തശ്ശിക്ക് ആദരാജ്ഞലികള്‍.
അതേ, ഒരു മുത്തശ്ശികഥ തന്നെ..
Post a Comment