ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വിവാദപര്‍വ്വം അങ്ങിനെ അവസാനിച്ചു. ആമി എന്ന മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുറയ്യ പോയി.
മലയാളിയുടെ കപട സദാചാരസങ്കല്‍പ്പത്തിനെയും അവന്റെ ജാത്യാഹന്തകളെയും സ്വന്തം ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നിര്‍ദ്ദയമായി പരിഹസിച്ചും, അവന്റെ സവര്‍ണ്ണ-യാഥാസ്ഥിതിക നാട്യങ്ങള്‍ക്കെതിരെ നിരന്തരം കല്ലെറിഞ്ഞും, ജീവിച്ചിരിക്കെത്തന്നെ പലതവണ ശവദാഹം ചെയ്യപ്പെട്ട ഒരു ധിക്കാരിയുടെ മരണം ആഘോഷിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇനി മലയാളികള്‍ക്ക് കൈവരാന്‍ പോകുന്നത്.
സ്വന്തം ജീവിതത്തെ ഇത്ര നിഷ്ക്കരുണമെടുത്ത് അമ്മാനമാടാന്‍ തക്കവണ്ണം ധൈര്യമുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിലൊന്നും ഇനി ഉണ്ടാകാനും സാധ്യതയില്ല. സുഖാലസ്യത്തിന്റെയും അനര്‍ഹമായ പ്രശസ്തിയുടെയും, സാംസ്കാരികനായകത്തിടമ്പുകളുടെയും നാലുവെള്ളിക്കാശിനുവേണ്ടി വാക്കിന്റെ അഗ്നിയെ തള്ളിപ്പറയാനോ ഒറ്റുകൊടുക്കാനോ മടിയില്ലാത്ത കൂലി എഴുത്തുതൊഴിലാളികളുടെ ട്രേഡ്‌യൂണിയന്‍ കാലഘട്ടത്തിലാണല്ലോ നമ്മള്‍ ഇന്നു ജീവിച്ചു പിഴച്ചുപോകുന്നത്. നമുക്കിതൊക്കെ മതി.
അവിശ്വസനീയവും അപകടകരവും, അക്ഷരവുമായ ഒരു ജീവിതമാണ് കമലാ സുറയ്യയുടെ മരണത്തിലൂടെ അവസാനിക്കുന്നത്.
ഇനിയും എന്നെ കൊന്നു തിന്ന് എന്ന് നമ്മളെയൊക്കെ നോക്കി ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം കമല സുറയ്യ എന്ന മാധവിക്കുട്ടി.
ആ ധീരയായ എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍.
Sunday, May 31, 2009
Subscribe to:
Post Comments (Atom)
13 comments:
ഒരു ധിക്കാരിയുടെ മരണം
സ്നേഹത്തെ പറ്റി പറഞ്ഞ മാധവിക്കുട്ടിക്ക് മലയാളി എന്താണ് തിരിച്ചു നല്‍കിയത്? ജീവിച്ചിരിക്കുമ്പോള്‍ നല്ലവാക്ക് പറയാത്തവര്‍ ഇനി ക്യാമറകള്‍ക്ക് മുമ്പില്‍ വിതുമ്പും... മാധവിക്കുട്ടി അതായിരുന്നു.... ഇതായിരുന്നു..... എന്നൊക്കെപ്പറഞ്ഞ്.... തെറിക്കത്തെഴുതിയും അസഭ്യം പറഞ്ഞും അവരെ മലയാള മണ്ണില്‍ നിന്നും ഓടിച്ച് വിട്ടപ്പോള്‍ ഒന്നും പറയാത്ത സാംസ്കാരിക നപുംസകങ്ങള്‍ ഇനി അലക്കി വെളുപ്പിച്ച വസ്ത്രമണിഞ്ഞ് നിറഞ്ഞ സങ്കടത്തോടെ ചാനല്‍ മുറികളില്‍ ക്യാമറക്കു മുമ്പില്‍ ആടിത്തിമിര്‍ക്കുന്നതു കാണാം.
ലജ്ജിക്കുക മലയാളമേ....
പ്രിയ കഥാകാരീ... ആ ആത്മാവ് പോലും തിരികെ ഇങ്ങോട്ട് വരരുത്... മലയാള മണ്ണിലേക്ക്...
നീ പാടിയ സ്നേഹത്തിന്റെ ലോകത്തില്‍ നിനക്കായുള്ള നീര്‍മാതളങ്ങള്‍ പൂത്ത് നില്‍ക്കുന്നുണ്ടാകും...
അവിടെയിരുന്ന് പാടുക സ്നേഹത്തെ പറ്റി... ഇനിയും...
പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍...
തുറന്നെഴുത്ത് , എഴുത്തിന്റെ സൌന്ദര്യം, കാലത്തിനു മുന്നേ നടന്ന ചിന്തകൾ....
മാധവിക്കുട്ടിയുടെ ചിന്തകൾക്കും കൃതികൾക്കും ഒരു കാലത്തും മരണമില്ല.....
ആദരാഞ്ജലികൾ
മലയാളത്തിന്റെ കഥാകാരിക്ക് ആദരാഞ്ജലികള്
ആദരാഞ്ജലികൾ
പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്
ഓഷ്വിസ്റ്റിനു ശേഷം ഇനി എന്തു കവിത എന്നു പറഞതു പോലെ, രാജീവ് താങ്കളുടെ ഈ കുറിപ്പു വായിച്ചശേഷം മാധവിക്കുട്ടിയെക്കുറിച്ചെഴുതാനെടുത്ത പേന ഞാന്‍ താഴെ വച്ചു.ഇനി വേറെന്തു കുറിപ്പ്? സമഗ്രവും സംക്ഷിപ്തവും വാചാലവുമായി താങ്കളുട കുറിപ്പ്. മാധവിക്കുട്ടി എന്ന കാതലുള്ള ധിക്കാരിയുടെ വ്യക്തിസത്തയെയും അതിനെ ഉള്‍ക്കൊള്ളാനുള്ള വളര്‍ച്ച ഇനിയും എത്തിയിട്ടില്ലാത്ത മലയാള സാഹിത്യ-പൊതു സമൂഹങളെയും കൂടി താങ്കളുടെ കുറിപ്പിന്‍റെ മുന നന്നായി കുത്തി മുറിവേല്പ്പിക്കുന്നുണ്ട്. നന്ദി. ഒപ്പം മാധവിക്കുട്ടിയ്ക്കു ആദരാഞ്ജലികള്‍.
ജയചന്ദ്രന്‍ നെരുവമ്പ്രം
ആദരാഞ്ജലികള്...
ചന്ദനമരങ്ങളുടെ സുഗന്ദം ഞങ്ങള്‍ക്കായി നല്‍കികൊണ്ട് ...........
ആദരാഞ്ജലികള്‍....
ഒരേ ഫോര്‍മുലയില്‍ മാധവിക്കുട്ടിയെ നിര്‍വ്വചിക്കുന്നത് നമ്മളിപ്പൊഴും തുടരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം, തന്റെ എഴുത്തിലൂടെ തന്റെ ജീവിതത്തിലേക്ക് നോക്കുന്നവരെ, ഏറ്റവും സമര്‍ത്ഥമായി മാനിപ്പുലേറ്റ് ചെയ്ത എഴുത്തുകാരിയാണ് അവര്‍. ആ വായനക്കാരുടെയും പ്രേക്ഷകരുടെയും മുന്നില്‍, തന്നെ, ഒരു ഫാന്റസിയുടെ തലത്തില്‍ പ്രതിഷ്ഠിക്കാന്‍ അവര്‍ക്ക് അനായാസം സാധിച്ചു. ഒരു കഥാകാരി എന്ന നിലക്കുള്ള അവരുടെ വിജയമാണ് അത്. ആ വിജയത്തിന്റെ ഏറ്റവും എക്സ്ട്രീമായ പ്രകടനമായിരുന്നു അവരുടെ മതം മാറ്റം. ഒരു നിര്‍വ്വചനത്തിലും താനൊതുങ്ങുന്നില്ല എന്ന ഗംഭീരമായ വെളിപ്പെടുത്തല്‍.
അതുകൊണ്ടും തീര്‍ന്നില്ല. കലഹിക്കാനുള്ള തന്റെ ഇടം അവിടെയും അവര്‍ ഭംഗിയായി വികസിപ്പിച്ചെടുക്കുകയും ചെയ്തു.
‘ഒരുമ്പെട്ട’ ഒരു സ്ത്രീയുടെ മാനസികവും സര്‍ഗ്ഗപരവുമായ വളര്‍ച്ചയെ ഉള്‍ക്കൊള്ളാനോ, ഒതുക്കാനോ, ഇല്ലാതാക്കാനോ ഈ ഭൂമിയില്‍ ഒരു ശക്തിക്കും സാധ്യമല്ല, എന്ന തന്റെ തീവ്രമായ ബോദ്ധ്യത്തിന്റെ ലളിതമായ ഒരു ഡെമോണ്‍സ്ട്രേഷന്‍.
അവരുടെ കൃതികളെ കാലം കടലെടുത്താലും ഈ ഒരു പ്രവൃത്തി മാത്രം എന്നും ചരിത്രത്തില്‍ ബാക്കിയാകും.
പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്
ഇനീയും ചൂടുമാറാത്ത നെയ്പ്പായസം
അവസാനത്തേ അത്താഴം
മലയാളിക്ക് അതായിരുന്നൂ
ആമി
Post a Comment