പതിമൂന്നു വര്‍ഷങ്ങള്‍. നൂറ്റിമുപ്പത്തൊമ്പതു കത്തുകള്‍. അവയില്‍ മിക്കതും അമ്മയ്ക്ക്. ചിലത് അനിയനും. ഒന്നോ രണ്ടോ കത്തുകള്‍ തന്റെ പ്രിയപ്പെട്ട ഒരു നോവലിസ്റ്റിനും.
ആ കത്തുകളിലൂടെയും, ഇടക്കിടക്ക് അനുബന്ധമായി ഒരമ്മ എഴുതിയ കുറിപ്പുകളിലൂടെയും ഒരു പെണ്‍കുട്ടിയുടെ കൌതുകകരമായ വളര്‍ച്ച നമ്മള്‍ അറിയുന്നു.
കോളേജില്‍ ചേരുന്നത്, സുഹൃത്തുക്കളെ കണ്ടെത്തുന്നത്, സമാനമനസ്ക്കരായ ചെറുപ്പക്കാരുടെ കൂടെ ഒഴിവുസമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്, കവിതയുടെ വഴിയിലേക്ക് മെല്ലെമെല്ലെ നടന്നടുക്കുന്നത്, ദീര്‍ഘയാത്രക്കു പോകുന്നുവെന്ന് അമ്മക്ക് കത്തെഴുതിവെച്ച് വീടിന്റെ താഴെയുള്ള നിലവറയില്‍ പോയി കൈയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, മൂന്നു ദിവസങ്ങള്‍ക്കുശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്, പ്രതിഭാശാലിയായ ഒരു കവിസുഹൃത്തിനെ കണ്ടെത്തുന്നത്, അയാളെ ആരാധിച്ചും, പ്രണയിച്ചും, അയാളുടെ ജീവിതപങ്കാളിയാകുന്നത്, അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്നേഹിച്ച് പ്രശസ്തിയുടെ പടവുകള്‍ കയറുന്നത്, രണ്ടു കുട്ടികളുടെ അമ്മയാകുന്നത്, നിരുപാധികമായി താന്‍ നല്‍കിയ സ്നേഹവും വിശ്വാസവും തിരിച്ചുകിട്ടാതെ, ഭര്‍ത്താവിനാല്‍ പരിത്യക്തയാക്കപ്പെടുന്നത്, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നത്, തണുപ്പും, ദാരിദ്ര്യവും, വിടാതെ പിടികൂടുന്ന രോഗങ്ങളും കൊണ്ടു വലഞ്ഞ്, ഒടുവില്‍ ഒരു ദിവസം മക്കള്‍ ഉണരുമ്പോഴേക്കും അവര്‍ക്കു കഴിക്കാനുള്ള പ്രാതല്‍ ഒരുക്കിവെച്ച്, അടുക്കളയില്‍ പോയി, ഗ്യാസ് സ്റ്റൌവിലെ വാതകത്തെ കവിതയുടെയും ജീവിതത്തിന്റെയും ധമനികളിലേക്ക് കടത്തിവിട്ട്, തന്റെ സ്ഥലം ശൂന്യമാക്കി ഇവിടെനിന്നും കടന്നുപോകുന്നത്..
അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്.
എന്‍.പി.സജിത്ത് പരിഭാഷപ്പെടുത്തി, പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച, സില്‍വിയ പ്ളാത്തിന്റെ "വീട്ടിലേക്കുള്ള കത്തുകള്‍' ആ അസ്വസ്ഥമായ ജീവിതത്തിന്റെ ഒരു ലഘു പരിച്ഛേദമാണ്.
ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിന്റെ വഴി മിക്കപ്പോഴും ഇച്ഛാപൂര്‍വ്വമായ മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നത് കാണാം. വിരോധാഭാസമായിരിക്കാം. എങ്കിലും വിര്‍ജീനിയാ വൂള്‍ഫിന്റെയും, സില്‍വിയയുടെയും, ഹെമിംഗ്‌വേയുടെയും, മയക്കോവസ്‌കിയുടെയും, കവാബത്തയുടെയും, നമ്മുടെ രാജലക്ഷ്മിയുടെയും, നന്തനാരുടെയും, നന്ദിതയുടെയും ഷെല്‍വിയുടെയും, പിന്നെ, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത മറ്റു ഒട്ടനവധിപേരുടെയും കഥകള്‍ അത്തരമൊരു ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിലേക്കുതന്നെയല്ലേ വിരല്‍ചൂണ്ടുന്നത്? അതോ, അനുഭവിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്ത ഈ ജീവിതത്തിന്റെ നിത്യവൈരസ്യങ്ങളില്‍നിന്ന്, ജീവിച്ചിരിക്കുന്നിടത്തോളം ആവിഷ്ക്കാരസാദ്ധ്യമേയല്ലാത്ത മരണാനുഭവത്തിന്റെ വേരുകളിലേക്ക് തീര്‍ത്ഥയാത്ര നടത്തുകയാണ് ഇവരെന്നു വരുമോ? ആര്‍ക്കറിയാം.
Crossing the Water എന്ന പേരില്‍, സില്‍വിയയുടെ തിരഞ്ഞെടുത്ത ചില കവിതകള്‍, അവരുടെ ഭര്‍ത്താവായിരുന്ന ടെഡ് ഹ്യൂസ് സമാഹരിച്ച്, ഹാര്‍പ്പര്‍ പെരെന്നിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കത്തുകള്‍' വായിച്ച് ഏറെക്കഴിയുന്നതിനുമുന്‍പാണ് ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്.
Stillborn എന്നൊരു കവിതയുണ്ട് ഹാര്‍പറിന്റെ ആ സമാഹാരത്തില്‍. “വീട്ടിലേക്കുള്ള കത്തുകളില്‍" ഒരിടത്ത്, ഗര്‍ഭമലസിയതിനെക്കുറിച്ച് സങ്കടപ്പെട്ട് സില്‍വിയ അമ്മക്കെഴുതുന്നുമുണ്ട്. എഴുതാതെ പോയ കവിതകളാണോ, ജനിക്കാതെ പോയ ആ കുട്ടിയാണോ സില്‍വിയയുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ. ഒരുപക്ഷേ രണ്ടുമായിരിക്കണം. അതോ അവരിലുണ്ടായിരുന്ന ആ ജീവിതാഭിമുഖ്യമോ? ഒരുപക്ഷേ അതാണെന്നും വരാം. കവികളുടെയും ഉന്മാദികളുടെയും ഉള്ളു കണ്ടവരുണ്ടോ? ഉണ്ടെന്ന നമ്മുടെ നാട്യവും അവകാശവാദവുമൊക്കെ വെറുതെ.
ഇതാ ആ കവിത..
ചാപിള്ള
ഈ കവിതകള്‍ക്ക് ആയുസ്സില്ല
ദു:ഖകരമായ തിരിച്ചറിവാണത്
അവയുടെ കുഞ്ഞിക്കാലും വിരലുകളും വളരുന്നുണ്ടായിരുന്നു
ഏകാഗ്രത പൂണ്ട കുഞ്ഞുനെറ്റികള്‍ തുറിച്ചുനിന്നു
എന്നിട്ടും മറ്റുള്ളവരെപ്പോലെ നടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ലെങ്കില്‍
അതിന് അവരുടെ അമ്മയുടെ സ്നേഹത്തെ പഴിക്കരുതേ
എന്താണവയ്ക്കു പറ്റിയതെന്ന് എനിക്കറിയില്ല
രൂപം, എണ്ണം, അവയവങ്ങള്‍
എല്ലാം
എല്ലാം തികഞ്ഞതായിരുന്നു
ഉപ്പിലിട്ട ജലത്തില്‍ അവ ഭംഗിയായി കിടന്നിരുന്നു
എന്നെ നോക്കി എപ്പോഴും ചിരിക്കാറുമുണ്ടായിരുന്നു
എന്നിട്ടും അവയുടെ കരളുകള്‍ നിറഞ്ഞില്ല
നെഞ്ചുകള്‍ കുറുകിയില്ല
മൃഗ-മത്സ്യ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും
മൃഗമോ മത്സ്യമോ ആയിരുന്നില്ല അവ
ജീവനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ
ജനിച്ചതുപോലും അതിനുവേണ്ടിയായിരുന്നില്ലേ?
എന്നിട്ടും അവ മരിച്ചു
ആകെത്തകര്‍ന്ന് ആ അമ്മയും ജീവച്ഛവമായി
എന്നിട്ടും അവളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ
വിഢികളെപ്പോലെ അവ തുറിച്ചുനോക്കുന്നു.
Subscribe to:
Post Comments (Atom)
11 comments:
കവിതയെ ഉത്തമസാഹിത്യരൂപമായി മാത്രം കാണുകയും, സ്തുതി-കീര്‍ത്തന-ആത്മാലാപന ചുറ്റമ്പലങ്ങള്‍ക്കകത്ത് അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കവി പുരോഹിതരുടെ മാനസാന്തരത്തിനായി ഈ കവിതാ പരിഭാഷ ഭക്ത്യാദരപൂര്‍വ്വം അവരുടെ പാദചരണങ്ങളില്‍ സമര്‍പ്പിക്കുന്നു
അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്...
ഒത്തിരി വേദനിപ്പിച്ചും, ...
ഈ അവതരണത്തിനു ഹൃദയം നിറഞ്ഞ ആശംസകൾ,
Theerchayayum ivide nomparappeduthunnathu, pirakkathe poya kavithathanne. Nannayirikkunnu. Ashamsakal...!!!
എന്താണ് പെട്ടെന്ന് കവിതയിലേക്കൊരു സഞ്ചാരം.വളരെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സില്‍വിയയെ വായിക്കണമെന്നത് നടന്നിട്ടില്ല ഇതുവരെ
വായനകള്‍ക്കു നന്ദി
മഹീ,കവിതകള്‍ എന്നും എനിക്കിഷ്ടമായിരുന്നു. കവിതകളെക്കുറിച്ച് എഴുതാനുള്ള കോപ്പൊന്നും കയ്യിലില്ലെന്നുമാത്രം. അത്രയേയുള്ളു.
അഭിവാദ്യങ്ങളോടെ
ഹൃദയങ്ങള്‍ കീറിവെച്ച കവിതപ്പുറങ്ങള്‍ വായനയുടെ കൊത്തിപറക്കലുകള്‍ക്ക് തുറന്നു വെച്ചതിനു ആദ്യം നന്ദി പിന്നെ പരിഭാഷയില്‍ ചോര്‍ന്നു പോയത് ഒരു കവിതയുടെ ആത്മാവാണ്
ഈയടുത്ത് സില്‍വിയയുടെ എഴുത്തുകള്‍ കുറെ വായിച്ചിരുന്നു...
ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു
സില്വിയാ പ്ലാത്തിന്റെ കവിത പരിചയപ്പെടുത്തിയത് നന്നായി. സജീഷ് മാധ്യമം പത്രത്തിൽ വർക്ക് ചെയ്യുന്ന ആൾ.എന്റെ എഴുത്തുകൾ ആദ്യമായി പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ചു....പുസ്ത്കം ഇനു തന്നെ വാങ്ങണം.....
“കവിതയെ ഉത്തമസാഹിത്യരൂപമായി മാത്രം കാണുകയും, സ്തുതി-കീര്‍ത്തന-ആത്മാലാപന ചുറ്റമ്പലങ്ങള്‍ക്കകത്ത് അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കവി പുരോഹിതരുടെ മാനസാന്തരത്തിനായി ഈ കവിതാ പരിഭാഷ ഭക്ത്യാദരപൂര്‍വ്വം അവരുടെ പാദചരണങ്ങളില്‍ സമര്‍പ്പിക്കുന്നു“
വെറുതെ ഒരു ശത്രുവിനെ മുന്നിൽ സങ്കൽപ്പിക്കേണ്ടിയിരുന്നില്ല.....രാജീവ്.
...നന്ദി....നല്ല ശ്രമത്തിന്..
പാവപ്പെട്ടവന്‍
കവിതയുടെ ആത്മാവ് നഷ്ടമായിട്ടുണ്ടെങ്കില്‍,അത് എന്റെ ഭാഷാപരിമിതി മൂലമാണ്. ക്ഷമിക്കുക.
രാമനുണ്ണി മാഷേ,
വെറുതെ ഒരു ശത്രുവിനെ മനസ്സില്‍ സങ്കല്‍പ്പിക്കുകയായിരുന്നില്ല. കവിതയെക്കുറിച്ചുള്ള ചിലരുടെ നിലപാടുകള്‍ (ഉമേഷിന്റെ പോസ്റ്റിലെ കമന്റുകളിലൊന്നില്‍) ഈയടുത്ത് വായിക്കാനിടവന്നപ്പോള്‍, അതിനുള്ള ഒരു മറുപടി കൂടി ഇതിന്റെകൂടെ ഇരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവിടെയും അത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അഭിവാദ്യങ്ങളോടെ
"..... Dying is an art, like everything else,
I do it exceptionally well. ...."
Lady Lazarus
Post a Comment