സംശയം വേണ്ട. ആണവകരാര്‍ ഒപ്പിട്ടതിനും സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക് പങ്കാളിയായി നിന്നുകൊടുത്തതിനും, തുടര്‍ച്ചയായി വരുന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ വാണിജ്യ-സൈനിക താത്‌പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യാ മഹാരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതിനുമുള്ള അര്‍ഹമായ പ്രതിഫലമാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വാഷിംഗ്‌ടണിലേക്ക് പോയ നമ്മുടെ കൊലകൊമ്പന്‍മാര്‍ ഒരാഴ്ചത്തെ അമേരിക്കന്‍ വിദേശവാസ സുഖചികിത്സക്കുശേഷം വെറുംകൈയ്യുമായി നാണം കെട്ട് തിരിച്ചുവന്നിരിക്കുന്നു. ചോദ്യം ചെയ്യാന്‍ പോയിട്ട് കാണാന്‍ പോലും സാധിക്കാതെ.
26/11-ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലു് (അഞ്ചുപേരാണെന്ന് മറ്റൊരു കണക്കുണ്ട്) അമേരിക്കക്കാരുമുണ്ടായിരുന്നു. ആ ന്യായത്തിന്റെ ഒരേയൊരു ബലത്തിലാണ്. മുഖ്യമായും അന്ന് എഫ്.ബി.ഐ.ഇന്ത്യയിലെത്തി തെളിവെടുപ്പ് നടത്തിയത്. മുംബൈയിലും ഉത്തര്‍പ്രദേശിലുമൊക്കെ പോയി, സംശയം തോന്നിയവരെയൊക്കെ വേണ്ടവിധത്തില്‍ തന്നെ ചോദ്യം ചെയ്തു. ഒരു സാങ്കേതികത്വവും നടപടിക്രമവും അതിനു പ്രതിബന്ധമായതുമില്ല. നമ്മുടെ മണ്ണില്‍ നടന്ന അക്രമത്തിനെക്കുറിച്ച് അന്വേഷിക്കാനും, നടപടിയെടുക്കാനും നമ്മളേക്കാള്‍ അവകാശം എഫ്.ബി.ഐ.ക്കാണ് എന്ന് പരോക്ഷമായി സമ്മതിച്ചുകൊടുക്കുകയാണ് ഇന്ത്യയെന്ന പരമാധികാരരാജ്യം അന്ന് ചെയ്തത്. തീവ്രവാദികളെ നേരില്‍ കണ്ടു എന്ന് അവകാശപ്പെട്ട അനിത ഉദ്ദയ്യ എന്ന നാട്ടുമ്പുറത്തുകാരിയെ രായ്ക്കുരാമാനം അമേരിക്കയില്‍ കൊണ്ടുപോയി, ചോദ്യം ചെയ്ത് തെളിവെടുത്ത് തിരിച്ചിറക്കുക പോലും ചെയ്തിട്ടും അനങ്ങിയില്ല ഇന്ത്യാ മഹാരാജ്യം.
ഇതര രാജ്യക്കാരായ കുറ്റവാളികളെയും കുറ്റവാളികളെന്നു സംശയം തോന്നുന്നവരെയും ചോദ്യം ചെയ്യേണ്ടവരെയുമൊക്കെ സ്വന്തം രാജ്യത്തെ ജയിലുകളിലേക്കോ, അതുമല്ലെങ്കില്‍ മൂന്നാംകിട ശിക്ഷാമുറകള്‍ക്ക് കുപ്രസിദ്ധമായ സിറിയപോലുള്ള മറ്റു രാജ്യങ്ങളിലേക്കോ തട്ടിക്കൊണ്ടുപോകുന്നതും, ശിക്ഷിക്കുന്നതും, തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ഏതു ഭൂഗര്‍ഭത്തില്‍നിന്നായാലും, എന്തുവിലകൊടുത്തായാലും രക്ഷപ്പെടുത്തുന്നതുമൊക്കെ കാലാകാലങ്ങളായി അമേരിക്കയും ബ്രിട്ടനും ചവുട്ടിയാടിക്കൊണ്ടിരിക്കുന്ന തനതുകലകളാണ്. ജപ്പാനില്‍നിന്നും ഫിലിപ്പെന്‍സില്‍നിന്നും, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുമൊക്കെ ഈവിധമുള്ള ധാരാളം ദൃഷ്ടാന്തങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളെയും സാങ്കല്‍പ്പികഭയത്തെയും ഊതിപ്പെരുപ്പിച്ച് വഴിവിട്ട സൈനികകരാറുകള്‍ക്കും, വൈദേശിക ആശ്രിതത്വത്തിനും പുകമറയാക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും സംസ്ഥാനങ്ങളിലെ സാമന്ത ദര്‍ബാറുകളിലും പൊന്നുംവിലയാണ്. ക്വതറോച്ചിമാരെ വിട്ടയക്കാനുള്ള ഉത്തരവിറക്കാന്‍ ഭരദ്വാജിനെപ്പോലുള്ള പിമ്പുകള്‍ക്ക് ഒരു പു:നരാലോചനയുടെ അസൌകര്യംപോലും വേണ്ടിവരുന്നുമില്ല.
അടിയറവുവെച്ച പരമാധികാരത്തിനെയും സ്വാതന്ത്യാനന്തര അടിമത്തത്തിന്റെ അനിര്‍വ്വചനീയമായ മഹാസുഖങ്ങളെയും അന്താരാഷ്ട്ര ഡിപ്ളോമസിയായി കൊണ്ടാടുകയാണ് ഇന്ത്യയും ഇന്ത്യയിലെ തനതു-വിദേശ കടല്‍ക്കൊള്ളക്കാരും.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നമുക്ക് വെറുതെവിടാം. സാധുക്കള്‍.