Sunday, November 8, 2009

“ഭാഷയിതപൂര്‍ണ്ണം”

ഒരു കളിത്തോക്കുകൊണ്ടോ, വിരല്‍ ചൂണ്ടലുകൊണ്ടോ, കണ്ണുരുട്ടലുകൊണ്ടോ കൊഴിച്ചുകളയാവുന്ന വാക്കുകള്‍ നിറഞ്ഞ ഭാഷകൊണ്ട്‌ എന്തിനാണ്‌ നമ്മള്‍ ഇനിയും തൊപ്പിവെച്ചു കളിക്കുന്നത്‌ എന്ന ചോദ്യം അതിമനോഹരമായ ഒരു കവിതയിലൂടെ അതിഭംഗിയായി ചോദിച്ചിരിക്കുന്നു ഗോപീകൃഷ്ണന്‍.

റയ്‌മുണ്ടോ സില്‍വ. ജോസ്‌ സരമാഗോവിന്റെ ഹിസ്റ്ററി ഓഫ്‌ സീജ്‌ ഓഫ്‌ ലിസ്‌ബ്ണ്‍ (History of Siege of Lisbon) എന്ന നോവലിലെ കഥാപാത്രം. ഒരു നോവലിന്റെ പ്രൂഫ്‌ നോക്കുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുവേളകളില്‍ മൂറുകളുടെയും കുരിശുയുദ്ധക്കാരുടെയും സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ ചരിത്ര വഴികളിലൂടെ അലഞ്ഞുനടക്കുന്ന അയാളെ വിടാതെ പിന്തുടരുന്ന ഒരു നായയുണ്ട്‌. സമാനമല്ലാത്ത മറ്റൊരു ചരിത്രസന്ദര്‍ഭത്തിന്റെ പരിസരത്ത്‌, കഥാവസാനത്തില്‍, യുധിഷ്ഠിരനെ പിന്തുടരുന്ന സാരമേയം പോലെ. കുരിശുയുദ്ധക്കാരുടെ നഗരാധിനിവേശത്തെത്തുടര്‍ന്ന്‌ പട്ടിണിയിലായ മൂറുകള്‍ നായ്ക്കളെ തിന്നു വിശപ്പടക്കിയിരുന്നു പണ്ടൊരുകാലത്ത്.

അക്രമികളായ കുരിശുയുദ്ധക്കാരെയും, വിശപ്പാറ്റിയ തങ്ങളെയും ഒരുപോലെ നായയെന്നു വിളിക്കുന്ന മൂറുകളുടെ ചരിത്രബോധമില്ലായ്മയെ ലിസ്‌ബണിലെ ആ നായ്ക്കള്‍ തിരിച്ചറിയുന്നുണ്ട്‌. അവ കുരക്കുന്നില്ലായിരിക്കാം. എന്നാല്‍, ഉള്ളില്‍, ഒരേസമയം, പകയുടെയും, തത്ത്വചിന്തയുടെയും, ജാഗ്രതയുടെയും, ചെറുത്തുനില്‍പ്പിന്റെയും അമര്‍ത്തിപ്പിടിച്ച ഭാഷയുമായി, ഭാഷയില്ലാത്ത ആ നായ്ക്കള്‍, ഓരോ മുക്കൂട്ട പെരുവഴിയിലും, തിരിവിലും, ഭയത്തോടെ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കാന്‍ റയ്‌മുണ്ടോ സില്‍വമാരെ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്നു.

എം.പി. നാരായണപിള്ളയുടെ രാജപാളയത്തിന്റെ നേര്‍ക്കും യജമാനന്റെ വിരലോ അധികാരമോ എപ്പോഴും കളിത്തോക്കു ചൂണ്ടുന്നുണ്ട്‌. എന്നാല്‍, ആ രാജപാളയങ്ങളും തിരിച്ചറിയുന്നുണ്ട്, യജമാനന്റെ ഭയവും, ധര്‍മ്മസങ്കടങ്ങളും, പരിഹാസ്യതയും, ചരിത്രശൂന്യതയും.

'കണ്ണുതെറ്റിയ മാത്രകള്‍ നോക്കി,കണ്ണുവെച്ചവര്‍ തട്ടിയെടുത്തു ഉടഞ്ഞുപോയ മുട്ടകളെ'ക്കുറിച്ചു പറയാന്‍ ഭാഷയില്ലാതെ 'കോഴി'കളും, തുറന്നുപിടിച്ച വായയിലും ചത്തുമലച്ച കണ്ണുകളിലും കുരുങ്ങിയ കരച്ചിലുമായി മീനുകളും ഒക്കെ ചോദിക്കുന്നത്‌ ഗോപീകൃഷ്ണന്‍ ചോദിച്ച ഇതേ ചോദ്യമായിരിക്കണം.

എങ്കിലും ബൌബൌ എന്ന പകുതി ഭാഷയിലൂടെയും, തുറന്നുപിടിച്ച വായിലൂടെയും മാറിനിന്നുള്ള കൂവിക്കരച്ചിലിലൂടെയും, നിറം മാറുന്ന കൌശലത്തിലൂടെയും ഓരോരുത്തരും അവനനാവുംവിധം ഭാഷയെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. അധികാരത്തിനും, അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനുമെതിരെ.

ഗോപീകൃഷ്ണന്റെ ചോദ്യത്തിനും ആശങ്കകള്‍ക്കും മറ്റൊരുതരത്തില്‍ അദ്ദേഹത്തിന്റെ കവിത തന്നെ ഉത്തരം തന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

9 comments:

Rajeeve Chelanat said...

"ഭാഷയിതപൂര്‍ണ്ണം”

കെ.ആര്‍. സോമശേഖരന്‍ said...

പണ്ട് കുമാരനാശാനും ഇങ്ങനെ പറഞ്ഞിട്ടുണ്ട്

“തന്നതല്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമൂഴിയില്‍,
ഇന്നുഭാഷയിതപൂര്‍ണ്ണമെന്നഹോ
വന്നുപോം, പിഴയുമര്‍ത്ഥശങ്കയാല്‍.“

വികടശിരോമണി said...

ആശങ്കളും ഔഷധികളും ഒരേ പാത്രത്തിൽ നിറക്കുന്ന ഗോപീകൃഷ്ണന്റെ വഴി വിസ്മയിപ്പിക്കുന്നു.
സോമശേഖരാ,
ഓഹോ,ആശാൻ അങ്ങനെയും പറഞ്ഞിട്ടുണ്ട്,ല്ലേ:):):):)
എന്റെ രാജീവേട്ടാ:)))

Mahi said...

മാഷെ ഒരു സല്യൂട്ട്

Rajeeve Chelanat said...

നന്ദി, എല്ലാവര്‍ക്കും.
സോമശേഖരന്‍..ആശാനില്‍നിന്നുതന്നെയാണ് ഞാന്‍ കടമെടുത്തത്.
വി.ശി.:))

Anonymous said...

ആശാനിത്രയും പറയാന്‍‌‌ വെറും നാലുവരി മതിയായിരുന്നു.

Rajeeve Chelanat said...

അതെ അനോണീ..അത്തരം കഴിവുള്ളവരെയാണ് ആശാന്മാരെന്നു നമ്മള്‍ വിളിക്കുന്നത്. അല്ലെങ്കില്‍ വിളിക്കേണ്ടത്..(വിഷയത്തിലിടപെട്ട് കമന്റിടുന്ന അനോണിമാരെ ഇങ്ങനെ ഇടയ്ക്കുവല്ലപ്പോഴും കണ്ടുമുട്ടുന്നതിലും സന്തോഷം, നന്ദി).

അഭിവാദ്യങ്ങളോടെ

വെള്ളെഴുത്ത് said...

ആശാനിത്രയും പറയാന്‍‌‌ വെറും നാലുവരി മതിയായിരുന്നു.

- മതിയായിരുന്നോ? നാലുവരിയില്‍ ആശാന്‍ പൂര്‍ത്തിയാക്കിയ ആശയങ്ങളെത്ര? ആ കവ്യം മുഴുവന്‍ പിന്നെ എന്തിനായിരുന്നു, മുഴുവന്‍ ആശയവും നാലു വരിയില്‍ തീരുമായിരുന്നെങ്കില്‍ ? എന്തൊക്കെ തെറ്റിദ്ധാരണങ്ങളില്‍ കുടുങ്ങിയാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്..

Rajeeve Chelanat said...

ഞാന്‍ ഇവിടെ പറഞ്ഞതത്രയും എന്നായിരിക്കണം “ആശാനിത്രയും പറയാന്‍” എന്ന വാചകം കൊണ്ട് അനോണി ഉദ്ദേശിച്ചത് എന്നു തോന്നുന്നു. വെള്ളെഴുത്തേ. വെറും നാലുവരിയില്‍ ഒതുക്കാവുന്നതല്ലല്ലോ ആശാന്റെ ആശയപ്രപഞ്ചം.
വായനക്കും അഭിപ്രായത്തിനും നന്ദി.