Thursday, November 12, 2009

ഗ്രേറ്റ് ഇന്ത്യന്‍ പൈറസി


സംശയം വേണ്ട. ആണവകരാര്‍ ഒപ്പിട്ടതിനും സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക്‌ പങ്കാളിയായി നിന്നുകൊടുത്തതിനും, തുടര്‍ച്ചയായി വരുന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ വാണിജ്യ-സൈനിക താത്‌പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യാ മഹാരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതിനുമുള്ള അര്‍ഹമായ പ്രതിഫലമാണ്‌ നമുക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വാഷിംഗ്‌ടണിലേക്ക്‌ പോയ നമ്മുടെ കൊലകൊമ്പന്‍മാര്‍ ഒരാഴ്ചത്തെ അമേരിക്കന്‍ വിദേശവാസ സുഖചികിത്സക്കുശേഷം വെറുംകൈയ്യുമായി നാണം കെട്ട്‌ തിരിച്ചുവന്നിരിക്കുന്നു. ചോദ്യം ചെയ്യാന്‍ പോയിട്ട്‌ കാണാന്‍ പോലും സാധിക്കാതെ.

26/11-ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലു്‌ (അഞ്ചുപേരാണെന്ന്‌ മറ്റൊരു കണക്കുണ്ട്‌) അമേരിക്കക്കാരുമുണ്ടായിരുന്നു. ആ ന്യായത്തിന്റെ ഒരേയൊരു ബലത്തിലാണ്‌. മുഖ്യമായും അന്ന്‌ എഫ്‌.ബി.ഐ.ഇന്ത്യയിലെത്തി തെളിവെടുപ്പ്‌ നടത്തിയത്‌. മുംബൈയിലും ഉത്തര്‍പ്രദേശിലുമൊക്കെ പോയി, സംശയം തോന്നിയവരെയൊക്കെ വേണ്ടവിധത്തില്‍ തന്നെ ചോദ്യം ചെയ്തു. ഒരു സാങ്കേതികത്വവും നടപടിക്രമവും അതിനു പ്രതിബന്ധമായതുമില്ല. നമ്മുടെ മണ്ണില്‍ നടന്ന അക്രമത്തിനെക്കുറിച്ച്‌ അന്വേഷിക്കാനും, നടപടിയെടുക്കാനും നമ്മളേക്കാള്‍ അവകാശം എഫ്‌.ബി.ഐ.ക്കാണ്‌ എന്ന്‌ പരോക്ഷമായി സമ്മതിച്ചുകൊടുക്കുകയാണ്‌ ഇന്ത്യയെന്ന പരമാധികാരരാജ്യം അന്ന്‌ ചെയ്തത്‌. തീവ്രവാദികളെ നേരില്‍ കണ്ടു എന്ന്‌ അവകാശപ്പെട്ട അനിത ഉദ്ദയ്യ എന്ന നാട്ടുമ്പുറത്തുകാരിയെ രായ്ക്കുരാമാനം അമേരിക്കയില്‍ കൊണ്ടുപോയി, ചോദ്യം ചെയ്ത്‌ തെളിവെടുത്ത്‌ തിരിച്ചിറക്കുക പോലും ചെയ്തിട്ടും അനങ്ങിയില്ല ഇന്ത്യാ മഹാരാജ്യം.

ഇതര രാജ്യക്കാരായ കുറ്റവാളികളെയും കുറ്റവാളികളെന്നു സംശയം തോന്നുന്നവരെയും ചോദ്യം ചെയ്യേണ്ടവരെയുമൊക്കെ സ്വന്തം രാജ്യത്തെ ജയിലുകളിലേക്കോ, അതുമല്ലെങ്കില്‍ മൂന്നാംകിട ശിക്ഷാമുറകള്‍ക്ക്‌ കുപ്രസിദ്ധമായ സിറിയപോലുള്ള മറ്റു രാജ്യങ്ങളിലേക്കോ തട്ടിക്കൊണ്ടുപോകുന്നതും, ശിക്ഷിക്കുന്നതും, തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ഏതു ഭൂഗര്‍ഭത്തില്‍നിന്നായാലും, എന്തുവിലകൊടുത്തായാലും രക്ഷപ്പെടുത്തുന്നതുമൊക്കെ കാലാകാലങ്ങളായി അമേരിക്കയും ബ്രിട്ടനും ചവുട്ടിയാടിക്കൊണ്ടിരിക്കുന്ന തനതുകലകളാണ്. ജപ്പാനില്‍നിന്നും ഫിലിപ്പെന്‍സില്‍നിന്നും, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുമൊക്കെ ഈവിധമുള്ള ധാരാളം ദൃഷ്ടാന്തങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളെയും സാങ്കല്‍പ്പികഭയത്തെയും ഊതിപ്പെരുപ്പിച്ച്‌ വഴിവിട്ട സൈനികകരാറുകള്‍ക്കും, വൈദേശിക ആശ്രിതത്വത്തിനും പുകമറയാക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക്‌ ഇന്ദ്രപ്രസ്ഥത്തിലും സംസ്ഥാനങ്ങളിലെ സാമന്ത ദര്‍ബാറുകളിലും പൊന്നുംവിലയാണ്‌. ക്വതറോച്ചിമാരെ വിട്ടയക്കാനുള്ള ഉത്തരവിറക്കാന്‍ ഭരദ്വാജിനെപ്പോലുള്ള പിമ്പുകള്‍ക്ക്‌ ഒരു പു:നരാലോചനയുടെ അസൌകര്യംപോലും വേണ്ടിവരുന്നുമില്ല.

അടിയറവുവെച്ച പരമാധികാരത്തിനെയും സ്വാതന്ത്യാനന്തര അടിമത്തത്തിന്റെ അനിര്‍വ്വചനീയമായ മഹാസുഖങ്ങളെയും അന്താരാഷ്ട്ര ഡിപ്ളോമസിയായി കൊണ്ടാടുകയാണ്‌ ഇന്ത്യയും ഇന്ത്യയിലെ തനതു-വിദേശ കടല്‍ക്കൊള്ളക്കാരും.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നമുക്ക്‌ വെറുതെവിടാം. സാധുക്കള്‍.

14 comments:

Rajeeve Chelanat said...

ഗ്രേറ്റ് ഇന്ത്യന്‍ പൈറസി

പാമരന്‍ said...

വാര്‍ത്ത വായിച്ച മുതല്‍ക്കു തോന്നിയിരുന്ന കലിപ്സാണ്‌. വെല്‍ സെഡ്‌.

dethan said...

അമേരിക്കന്‍ സായിപ്പ് അച്ഛനാണെന്നു കരുതുന്ന ഭരണാധികാരികളില്‍ നിന്ന് നാണംകെട്ട ഇത്തരം
കീഴടങ്ങലല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടത്?സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും
അര്‍ത്ഥവും വ്യാപ്തിയും മന്മോഹന്‍ സിംഗിനെപ്പോലുള്ള സായിപ്പ്ഭക്തന്മാര്‍ക്ക് മനസ്സിലാകില്ല.അടിമത്തത്തില്‍ നിന്നു മോചനം നേടാന്‍ ജീവിതം ഹോമിച്ച മഹാത്മക്കള്‍ ഈ ഒറ്റുകാര്‍ക്ക് മാപ്പു കൊടുക്കട്ടെ!
-ദത്തന്‍

chithrakaran:ചിത്രകാരന്‍ said...

അടിമകളുടെ ഒരു രാജ്യത്തിന് അതിലും തറ അടിമ രാജ്യങ്ങളില്‍ നിന്നാല്ലാതെ എവിടെനിന്നുമാണ് ആത്മാര്‍ത്ഥതയുള്ള ആദരവു ലഭിക്കുക ?
ലോകത്തിന്റെ ആത്മാഭിമാനത്തിന്റെ ഏറ്റവും വലിയ ഖനിയായ മാഹാത്മാഗാന്ധിയുണ്ടായിട്ടും, നാം ആ കെഴവനെ പൂജിച്ച് സമയം കൊല്ലുകയല്ലാതെ ആ സൂര്യ തേജസ്സ് സ്വന്തമാക്കുന്നതില്‍ ഒന്നും ചെയ്തില്ല.
അടിമകളായ ജനങ്ങളുടെ വിധി !!!

നമ്മള്‍ സ്വയം ശക്തിപ്പെടുന്നതിനുവേണ്ടിയുള്ള...
നമ്മുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള കണക്കെടുപ്പോ സര്‍വ്വേയോ ഉടന്‍ നടത്തേണ്ടതാണെന്നു തോന്നുന്നു.അതിനായി സത്യസന്ധമായ നമ്മുടെ ചരിത്രം നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കഴിവില്ലായ്മയെ അവഗണിച്ചുള്ള,മറച്ചുവച്ചുകൊണ്ടുള്ള ദുരഭിമാന നിര്‍മ്മാണം എച്ചില്‍ പട്ടിയുടെ ആത്മാഭിമാനമേ ആകുന്നുള്ളു. പുരോഗതി പ്രാപിച്ച രാജ്യങ്ങളിലൊന്നും ദുരഭിമാനികളേയോ അവരുടെ രാജ്യത്തേയോ ആരും വിലവെക്കുകയില്ല.

S.V.Ramanunni said...

ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. 19 ഭാഷകളില്‍ സം സാരിച്ചു തുടങ്ങിയതല്ലെ..മഹാപുരുഷന്‍മാര്‍ പണ്ടേ..

Dinkan-ഡിങ്കന്‍ said...

വാർത്ത കണ്ടപ്പോഴേ ഇതിനെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിച്ചതാണ്. എന്തായാലും നമ്മടെ ഏജൻസിയെക്കാൾ ബല്യ‌ക്കാട്ട് ഏജൻസിയാണല്ലോ അവരുടേത്. സമ്മതിക്കാതെ വയ്യ. നടത്താൻ വല്യ ബുദ്ധിമുട്ടാണെങ്കിൽ 3,287,240 km2 ലീസിന് എൽ‌പ്പിക്കുകയുമാകാം :(

Anonymous said...

'''തീവ്രവാദികളെ നേരില്‍ കണ്ടു എന്ന്‌ അവകാശപ്പെട്ട അനിത ഉദ്ദയ്യ എന്ന നാട്ടുമ്പുറത്തുകാരിയെ രായ്ക്കുരാമാനം അമേരിക്കയില്‍ കൊണ്ടുപോയി, ചോദ്യം ചെയ്ത്‌ തെളിവെടുത്ത്‌ തിരിച്ചിറക്കുക പോലും ചെയ്തിട്ടും''

താങ്ക്ള്‍ ഈ വാര്‍ത്താ പിന്തുടറ്ന്നിരുന്നോ?

Anonymous said...

http://www.thehindu.com/2009/01/17/stories/2009011755471000.htm

shine അഥവാ കുട്ടേട്ടൻ said...

ഇത്തരം വാർത്തകൾ മറ്റു ചിലതോർമ്മിപ്പിക്കുന്നു.

India യിൽ രാഷ്ട്രീയവും, media യും പോലും നിൽക്കുന്നിടത്തു നിന്നുകൊണ്ടു തന്നെ നാല്‌ ചില്യാനം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്‌. നമുക്കു, ശക്തമായ ഒരു രാജ്യ്ത്തിന്റെ പ്രതിച്ഛായ ലോകരാജയ്ങ്ങളുടെ ഇടയിൽ ഉണ്ടാവാൻ, വളരുന്ന economy യുടെ കണക്കുകൾ മാത്രം കാണിച്കാൽ മതിയാവുകയില്ല. നമുക്കു പറയാനുള്ളത്‌, ലോകത്തിനു മുൻപിൽ, ആത്മവിശ്വാസത്തോടെയും, അഭിമാനത്തോട്യൂം പറയാൻ പറ്റിയ നേത്രത്വവും, അവരെ പിൻതുണക്കുന്ന ഒരു സമൂഹവും, മാധ്യമങ്ങളും വേണം. UN പോലെയുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും, ലോകരാജ്യങ്ങളുടെ political lobbying നെക്കുറിച്ച്‌ നന്നായറിയുകയും ചെയ്യുന്ന, ശശി തരൂറിനെപ്പോലെ ഒരു സഹ മന്ത്രിയെ കിട്ടിയിട്ടു കൂടി നമുക്കതു കഴിയുന്നില്ലെങ്കിൽ, അതിനൊരിക്കലും കഴിയില്ല.

നമുക്ക്‌ ശശി തരൂറിനെ താറടിച്ചു കാണാനാണിഷ്ടം. Cattle Class പ്രയോഗത്തിൽ പിടിച്ച്‌ ബഹളം വെച്ചാ ഇന്ത്യൻ ബുദ്ധിജീവികളോട്‌, സ്വാഭാവികമായി ഉപയോഗിക്കുന്ന ഒരു american slang പദം മാത്രമാണതെന്നു വിശദീകരിക്കണമെന്നു പോലും തോന്നാത്ത വിധം അദ്ദേഹം സഹികെട്ടിട്ടുണ്ടാകും!

India യെത്തേടി Bill gates വരുന്നു, Hollywood ലെ കൊംബന്മാർ വരുന്നു. പക്ഷെ അപ്പോഴും നമുക്കതിൽ സാമ്രാജ്യത്ത അധിനിവേശ ഭീതിയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ശരിയായിരിക്കാം, അവർക്കെല്ലാം അങ്ങനെ ഒരു agenda ഉണ്ടായിരിക്കാം. പക്ഷെ നമുക്കെന്തു കൊണ്ട്‌, നിവർന്നു നിന്ന് അവരോടു സംസാരിക്കാനും, നമ്മുടെ സമൂഹത്തിനും (കുറച്ചൊക്കെ അവർക്കും) ഗുണകരമായ രീതിയിൽ കാര്യങ്ങൾ നീക്കാൻ കഴിയുന്നില്ല?

മുൻപ്‌ രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌, (ഈട്‌} യിലും Telecomലും വിദഗ്ധനായ ഒരു സാം പിട്രോടെയെ ഇവിടെ ക്ഷണിച്ചു കൊണ്ടു വന്നിരുന്നു. അന്നുണ്ടായ ഗ്ഗുണകരമായ മാറ്റങ്ങൾ നമ്മൾ കാണാതെ പോവരുത്ത്‌.

ഇന്നു നമ്മുടെ അന്വേഷണ ഏജൻസികളെ കുറ്റം പറയുമ്പോഴും, നമ്മളെല്ലാം സൗകര്യപൂർവ്വം മറക്കുന്ന ഒന്നുണ്ട്‌- Democarcy യുടെ പേരിൽ അവരെ ആവശ്യത്തിനും, അനാവശ്യത്തിനും നിയന്ത്രിക്കുന്നത്‌ നമ്മളൊക്കെ തിരഞ്ഞെടുത്തയക്കുന്നവർ തന്നെയാണെന്ന്.

നമ്മുടെ media യിലും, politics ലും ഒരു പരിധിക്കപ്പുറം ഒത്തുതീപ്പുകൾക്കു നിന്നു കൊടുക്കാതെ, ആർജ്ജവത്തോടെ കാര്യങ്ങൾ നടത്താൻ ശേഷിയുള്ള നേതൃത്വം വരണം - ചിന്തിക്കാൻ കഴിവുള്ള, professionalism ഉള്ള, ധാർമീക ബോധമുള്ളതുമായ ഒരു തലമുറ.

അതിനി ഒരു മാർഗ്ഗമേ ഉള്ളു. നമ്മുടെ കുട്ടികളെ അങ്ങനെ വളർത്തുക; അതോടൊപ്പം അങ്ങനെ വളരാത്തവരെ നേരിട്ടു ജയിച്ച്‌ അധികാരസ്ഥാനങ്ങളിൽ ഇരുന്ന് നാടു ഭരിക്കാൻ അനുവദിക്കുക. കാരണം, ഇരിക്കേണ്ടവൻ ഇരുന്നില്ലെങ്കിൽ, ആ കസേരകളിൽ മറ്റു വല്ലവരും കയറിയിരിക്കും.

ബിനോയ്//HariNav said...

കൃത്യമായി പറഞ്ഞിരിക്കുന്നു രാജീവ്‌ജീ :)

Rajeeve Chelanat said...

അഭിപ്രായങ്ങള്‍ക്കു നന്ദി.

അനോണീ..വാര്‍ത്ത ഫോളോ അപ്പ് ചെയ്യാന്‍ കുറച്ചുകാലം ശ്രമിച്ചിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മഹാരാഷ്ട്ര പോലീസിനും കഫെ പരെഡ് പോലീസിനുമൊക്കെ പറയാനുള്ളത്. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ഇത്തരം അവകാശവാദങ്ങള്‍ എഴുന്നള്ളിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. മാത്രവുമല്ല, യാത്രയെക്കുറിച്ചും, അമേരിക്കയിലെ ഹ്രസ്വമായ താമസത്തെക്കുറിച്ചും എല്ലാം വിശ്വസനീയമായ രീതിയില്‍തന്നെയാണ് അവര്‍ മഹാരാഷ്ട്ര പോലീസിനു വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

അത് എന്തോ ആകട്ടെ, അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിലെ അന്വേഷണസംഘങ്ങള്‍ക്ക് ഇന്ത്യയില്‍ ഇതൊന്നും നടത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവരാറില്ലെന്ന് പത്രങ്ങള്‍ തന്നെ പലപ്പൊഴും സാക്ഷ്യം നല്‍കിയിട്ടുണ്ട്.

ഷൈന്‍, താങ്കള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് മുഴുവന്‍ വ്യക്തമല്ല. “പക്ഷെ നമുക്കെന്തു കൊണ്ട്‌, നിവര്‍ന്നു നിന്ന് അവരോടു സംസാരിക്കാനും, നമ്മുടെ സമൂഹത്തിനും (കുറച്ചൊക്കെ അവര്‍ക്കും) ഗുണകരമായ രീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിയുന്നില്ല?“ തുടങ്ങിയ ചോദ്യങ്ങലും നിരീക്ഷണങ്ങളും തീരെ കഴമ്പുള്ളതായും തോന്നിയില്ല. ഈ ‘കുറച്ചൊക്കെ‘യുടെ അളവ് എന്താണെന്നുകൂടി പറഞ്ഞുതന്നാല്‍ നന്ന്.

ഡിങ്കന്‍, ഇപ്പോള്‍ ലീസിലല്ല കാര്യങ്ങള്‍ എന്നാണോ? :-)

അഭിവാദ്യങ്ങളോടെ

kureeppuzhasreekumar said...

ഭാരതമെന്ന പേര്‍ കേട്ടാല്‍ അപമാന
പൂരിതമാകയാണ് അന്തരംഗം

Joker said...

അമേരിക്കയുമായി ഇനിയും കൂടുതല്‍ സഹകരണം വേണം എന്നാണ്. മന്‍ മോഹന്‍ ജി പറഞ്ഞത്.(ഇതൊന്നും പോര)

സിഐഎ മേധാവിയും ഇന്ത്യയില്‍ വന്ന് പോയല്ലോ.

Anonymous said...

സ്വന്തം നാട്ടിൽ റോഡുണ്ടാക്കാൻ ചൈനീസ് സാമ്രാജത്വ പോലീസ് ഇന്ത്യയെ സമ്മതിക്കുന്നില്ലായെന്നും ഇന്ത്യ അതിനു വഴങ്ങിക്കൊടുത്തു എന്ന വാർത്ത വായിച്ചപ്പോഴും എന്റെ തൊലി പൊളിഞ്ഞുപോയി! ചൈനയ്ക്ക് മുൻപിലും ഇന്ത്യ തലകുനിക്കുന്നോ? ലജ്ജാവഹം!