Thursday, October 7, 2010

കൊമ്പുള്ള ജീവികൾ

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ മധുരച്ചൂരൽ എന്ന പംക്തിയിൽ ഡോ.എം.മുരളീധരൻ എഴുതിയ കുറിപ്പ്, കേരളത്തിലെ ചികിത്സാ രംഗത്തെക്കുറിച്ച് നിത്യവും വിചിത്രവും അവിശ്വസനീയവുമായ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരിൽ പറയത്തക്ക ക്ഷോഭവും ഞെട്ടലുമൊന്നും ഉണ്ടാക്കാൻ ഇടയില്ല.



ഡോ.രാംഗോപാൽ എന്നൊരു പുഴുക്കുത്തിനെ ഈ കുറിപ്പിൽ നമുക്ക് പരിചയപ്പെടാനാകും. ലേഖകൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജിലെ ട്യൂട്ടർ-MCH വിദ്യാർത്ഥിയായിരുന്നു രാംഗോപാൽ. എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസ്സാകുന്ന ഒരു ജീവി.

തലയിൽ വളരുന്ന കൊമ്പുമായി ആശുപതിയിലെത്തിയ നിസ്സഹായനായ ഒരു മനുഷ്യനെ തന്റെ മൂന്നാംവർഷ വൈദ്യവിദ്യാർത്ഥികൾക്ക് സ്പെസിമനായി കൊണ്ടുനിർത്തി പരിശോധിപ്പിക്കുന്ന ഇയാൾ, എല്ലാ പരിശോധനകൾക്കും തൊട്ടുകൂട്ടലിനും നിന്നുകൊടുത്ത് ഒടുവിൽ ക്ഷമകെട്ട് തന്റെ രോഗവിവരം അന്വേഷിക്കുന്ന ആ പാവപ്പെട്ട രോഗിയോട്, ഇത് നിന്റെ തലവിധിയാണെന്നു കരുതിയാൽ മതി എന്ന് പരിഹസിച്ച് ചിരിക്കുന്നു. രോഗിയോടുള്ള രാംഗോപാലന്റെ മറുപടി അന്ന് ആസ്വാദ്യമായി തോന്നിയെങ്കിലും ഇന്ന്, വർഷങ്ങൾക്കുശേഷം അതിലെ ക്രൂരഫലിതം തന്റെ ഉള്ളുപൊള്ളിക്കുന്നതായി ഡോ.മുരളീധരൻ തിരിച്ചറിയുന്നു.

രാംഗോപാൽ എന്ന മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കാം. കേരളത്തിലോ, മറ്റേതെങ്കിലും സംസ്ഥാനത്തോ, ഇന്ത്യക്കുപുറത്തോ എവിടെയെങ്കിലും. ഇന്നും രോഗികളെ തന്റെ സ്പെസിമൻ മാത്രമായി കണ്ട്, പരിഹസിച്ച്, ചികിത്സിച്ച് കൊന്നും, കൊല്ലാതെ കൊന്നും, ആഡംബരപൂർണ്ണമായി ജീവിതം തള്ളിനീക്കി, റൊട്ടേറിയനോ, ലയണോ ആയി വിരാജിക്കുന്നുണ്ടായിരിക്കാം. ഒരു അദ്ധ്യാപകൻ എന്തായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി ഇന്ന് ഒരു പഴയ വിദ്യാർത്ഥി അയാളെ ഓർക്കുന്നുണ്ട് എന്നു മാത്രമേ നമുക്കറിയൂ.

രാംഗോപാലുമാരെപ്പോലുള്ള പുഴുക്കുത്തുകളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്‌. മറ്റെന്തൊക്കെയോ ആകേണ്ടിയിരുന്നവരും, ആകാൻ മോഹിക്കുന്നവരുമായ കുട്ടികളെ, സ്വന്തം അഹന്തയുടെയും അന്തസ്സിന്റെയും പൂർത്തീകരണത്തിനായി നിർബന്ധപൂർവ്വം മറ്റു വഴികളിലേക്ക് ഉന്തിതള്ളിനീക്കുന്ന രക്ഷകർത്താക്കളും, അവരുടെ സ്വാർത്ഥതകൾക്ക് സീമാതീതമായ അവിശുദ്ധസാധ്യതകൾ ഒരുക്കൂട്ടിക്കൊടുക്കുന്ന സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും, ജനങ്ങളുടെ ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്ത്വത്തെ ഏറ്റവും അപ്രധാനമായ പരിഗണനാവിഷയമാക്കി പിന്നാമ്പുറത്തേക്കു മാറ്റിവെക്കുന്ന സർക്കാരുകളും, ഇവക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം പോലും നഷ്ടപ്പെട്ട നമ്മളും എല്ലാം ഇതിൽ കൂട്ടുപ്രതികളാണ്‌. ഇത്തരം അവിശുദ്ധമുന്നണിയുടെ സൃഷ്ടികളാണ്‌ രാംഗോപാലിനെപ്പോലുള്ള അർബ്ബുദങ്ങൾ.


 

10 comments:

Rajeeve Chelanat said...

കൊമ്പുള്ള ജീവികൾ

N.J Joju said...

ഡോ.രാംഗോപാല്‍ സ്വാശ്രയകച്ചവട കോളേജിലാണോ പഠിച്ചത്?

N.J Joju said...
This comment has been removed by the author.
Rajeeve Chelanat said...

രാംഗോപാല്‍ സ്വാശ്രയകച്ചവട കോളേജിലാണോ വിദേശസര്‍വ്വകലാശാലയിലാണോ പഠിച്ചതെന്ന് അറിയില്ല ജോജൂ..ഇതുപോലുള്ള ജീവികള്‍ക്ക്‌ സ്വാശ്രയകോളേജുകള്‍ കൂടുതല്‍ വളക്കൂറുള്ള മണ്ണാണെന്ന് മാത്രമേ എനിക്കറിയൂ..അതേ ഉദ്ദേശിച്ചിട്ടുമുള്ളു.

നിസ്സഹായന്‍ said...

ഇന്ത്യയിലെ ഡോക്ടര്‍-രോഗീ ബന്ധം ജന്മി കുടിയാന്‍ അല്ലെങ്കില്‍ അടിയാന്‍-തമ്പ്രാന്‍ ബന്ധത്തിനു തുല്യമാണ് എന്നു പറഞ്ഞാല്‍ എന്തിലും ഏതിലും അടിസ്ഥാനപരമായി ജാതി മാത്രം കാരണമായി കാണുന്നത് ഒരു രോഗമായി ആളുകള്‍ പറയും. എന്നാല്‍ അടിസ്ഥാനപരമായി അതു തന്നെയാണ് വസ്തുത. ഇവിടുത്തെ സവര്‍ണര്‍ ആദ്യം മുതല്‍ ഈ മേഖലയില്‍ കുത്തക സ്ഥാപിച്ചിരിക്കുന്നതില്‍ നിന്നു തന്നെയായിരിക്കണം അധീശത്വത്തിന്റേതായ ഈ മനോഭാവം ഈ പ്രൊഫഷനിലുള്ളവരുടെ പൊതു പെരുമാറ്റശൈലിയായി മാറിയത്. ഇവിടെ സാധാരണക്കാരനായ ഒരു രോഗിയ്ക്ക് ഒരു അടിമയുടെ ഭാവത്തോടെ മാത്രമേ ഡോക്ടറുടെ മുന്നില്‍ ഇരിക്കാന്‍ അവകാശമുള്ളു. അനാവശ്യമായി അയാള്‍ സംസാരിച്ചു കൂടാ. ഒരു മൃഗത്തിനെയെന്ന വണ്ണം ഡോക്ടറന്മാര്‍ അയാളുടെ തല തരിക്കും കുനിക്കും വാ പൊളിപ്പിക്കും. അപ്പോഴൊക്കെ ലേഖനത്തില്‍ പറയുമ്പോലെ അയാള്‍ ഒരു സ്പെസിമെന്‍ മാത്രമായി പോകുന്നു. ഇവിടുത്തെ മരുന്നു മാഫിയയുടെയും മരുന്നു കമ്പനികളുടെയും പറ്റുപടിക്കാരാണ് ബഹുഭൂരിപക്ഷം ഡാക്ടറന്മാരെന്നതും നഗ്നസത്യമാണ്. ഒരു ഡോക്ടറുടെ മുന്നില്‍ ചികില്‍സയ്ക്കായി എത്തുന്ന സാമാന്യ വിദ്യാഭ്യാസമുള്ള രോഗി പോലും അയാള്‍ കുറിച്ചു തരുന്ന മരുന്നുകളെ സംബന്ധിച്ച് യാതൊരു സംശയവും ഉന്നയിച്ചു കൂടാ. അതിന്റെ സൈഡ് ഇഫക്റ്റിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉന്നയിക്കുവാന്‍ രോഗികള്‍ക്ക് അവകാശമില്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡാക്ടറന്മാര്‍ സ്വയം ഒരു മാടമ്പിയും സര്‍വജ്ഞനുമാണ്.

എന്നാല്‍ ശാസ്ത്രത്തിന്റെയും മെഡിക്കല്‍ സയന്‍സിന്‍യും കളിത്തൊട്ടിലായ പാശ്ചാത്യദേശത്ത് ഇതില്‍ നി്ന്നും തികച്ചും ഭിന്നമായ അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

ജോജു സംശയിച്ചതു നൂറുശതമാനം ശരിയാണ്. കൃസ്ത്യന്‍ സ്വാശ്രയക്കോളേജില്‍ നിന്നും പഠിച്ച് പുറത്തു വരുന്നത് കുനിഞ്ഞു നില്‍ക്കുന്നവന്റെ കിഡ്നി പോലും അടിച്ചു മാറ്റാന്‍ മടിക്കാത്ത മനഃസാക്ഷിയില്ലാത്ത ഡോക്ടറന്മാരായിരിക്കും. കാരണം വിദ്യാഭ്യാസ കച്ചവടക്കാരുടെ മനഃസാക്ഷിയില്ലാത്ത ചുഷണം ഡാക്ടറന്മാരെ ആദ്യം തന്നെ മൃഗങ്ങളാക്കി മാറ്റിയിരിക്കും. സംശയമില്ല.

ഷൈജൻ കാക്കര said...

ഡോ. എം. മുരളിധരന്റെ ലേഖനം നമ്മളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌... ഒരു അദ്ധ്യാപകൻ എങ്ങനെ ആകരുത്‌... തകർന്ന മാനസികനിലയുമായി വരുന്ന ഒരു രോഗിയോട്‌ പറയുന്ന ഓരൊ പരിഹാസവാക്കും എത്രത്തോളം ആഴത്തിൽ പതിക്കുന്നു... തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ രോഗിയും ഒരു സ്പെസിമെൻ എന്നതിനേക്കൽ ഒരു മനുഷ്യനാണ്‌ എന്ന ചിന്തയാണ്‌ മെഡിക്കൽ വിദ്യഭ്യാസത്തിൽ ഓരൊ വിദ്യാർത്ഥിയും മുറുകെ പിടിക്കേണ്ടത്‌...

പക്ഷെ രാജിവിന്റെ കൂട്ടിചേർക്കലുകൾ സ്വാശ്രയകോളേജിലേക്ക്‌ വലിച്ചു നീട്ടി!!! രാം ഗോപാൽ എന്ന അർബുദ്ദം ഏതെങ്ങിലും ഒരു കോളേജിന്റെ സന്തതിയല്ല... അത്‌ നമ്മുടെ സമൂഹത്തിന്റെ സന്തതിയാണ്‌... അതിന്റെ ഉത്തരവാദിത്വം ചുമ്മ സ്വാശ്രയകോളെജുകൾക്ക്‌ മാത്രമായി വീതം വെയ്ക്കല്ലേ...

നാസ്തോത് said...

വളരെ ശ്രദ്ധയര്‍ഹിക്കുന്ന സാമൂഹ്യപ്രശ്നം- താതപര്യവും അതിനെക്കാളേറെ തെരെഞ്ഞെടുത്ത് പഠിക്കെന്ന മെഡിക്കല്‍-ഇഞ്ചിനിയറിംഗ് പഠനത്തിന് ഒരു കഴിവും,ആഭിമുഖ്യവുമില്ലാത്ത (below average)കുട്ടികളെ ആര്‍ക്കാണ് പറഞ്ഞ് ബോദ്ധ്യപെടുത്താന്‍ പറ്റുക.
അത് പറഞ്ഞാലോ നമ്മുടെ അസൂയയും മറ്റും കാരണങ്ങളും പറഞ്ഞ് അടുത്ത ദിവസം മുതല്‍ ’മോന്തായം നീട്ടി ’ അവരുടെ പ്രതിഷേധം കാണാം.

വേറെ ഒന്ന് സ്വാശ്രയത്തിലു മാത്രം ഒതുക്കാവുന്നതാണൊ അടുത്തതായി പറ്ഞ്ഞ ഡൊക്ട്റുരുമാരുടെ പണത്തോടുള്ള ആക്രാന്തം.സ്വാശ്രയത്തിന് മുംപുള്ള തലമുറയില്‍ പെട്ട ആളാണെന്നു തോന്നുന്നു പറയെപ്പെട്ട ഡൊക്ട്റദ്യാപകന്‍. ഡൊക്ട്റുമാരിലെ പണക്കൊതിയന്മാരും, സാമൂഹ്യപ്ര്തിമദ്ധതയില്ലാത്തവരും പഴയ് തലമുറയിലും , മറ്റ് പ്രൊഫഷണിലുകളില്ലാത്ത വിധം കൂടുതലല്ലെ?

Jijo said...

സ്വാശ്രയവും രാംഗോപാലുമായി ബന്ധം കാണാൻ ബുദ്ധിമുട്ടാണ്. ഇവിടെ അമേരിക്കയിൽ രോഗിയാണ് രാജാവ്. ഡോക്റ്റർമാർ പെരുമാറുന്നതും അങ്ങിനെ തന്നെ. അവരൊന്നും ഗവണ്മെന്റ് കോളേജിൽ പഠിച്ച് വന്നവരല്ല.

നിസ്സഹായൻ പറഞ്ഞ പോലെ ഇന്ത്യയിലെ ഡോക്റ്റർ-രോഗി ബന്ധം ജന്മി-കുടിയാൻ ബന്ധം തന്നെയാണ്. ക്രിസ്ത്യൻ മിഷൻ ആശുപത്രികളിൽ കന്യാസ്ത്രീകൾ ഡോക്റ്റർമാരെ ബഹുമാനിച്ച് ചീത്തയാക്കുന്നത് എന്റെ നേരനുഭവമാണ്. ഡോക്റ്ററുടെ മുന്നിൽ ഓഛാനിച്ച് നിൽക്കുന്ന നഴ്സുമാരേയും മറ്റ് കന്യാസ്ത്രീകളേയും കാണുമ്പോൾ വരുന്നത് ഓക്കാനമാണ്. ഡോക്റ്റർ റൌണ്ടിന് വരുമ്പോൾ ഏതാണ്ട് രാജാവ് സന്ദർശനത്തിന് വരുന്ന ഒരു പ്രതീതി ഉണ്ടാക്കും. അങ്ങിനെ ഒരു മാനസികാവസ്ഥയിൽ ഉള്ള ഡോക്റ്റർ രോഗികളെ സ്പെസിമനായി കണ്ടില്ലെങ്കിലാണ് അതിശയം.

ഒരു പക്ഷെ ഡോക്റ്റർമാരുടെ എണ്ണം സമൂഹത്തിൽ വർദ്ധിക്കുകയും അതു വഴി അവരുടെ ‘വില’ ഇടിയുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം. അല്ലേ?

N.J Joju said...

"ജോജു സംശയിച്ചതു നൂറുശതമാനം ശരിയാണ്. കൃസ്ത്യന്‍ സ്വാശ്രയക്കോളേജില്‍ നിന്നും പഠിച്ച് പുറത്തു വരുന്നത് കുനിഞ്ഞു നില്‍ക്കുന്നവന്റെ കിഡ്നി പോലും അടിച്ചു മാറ്റാന്‍ മടിക്കാത്ത മനഃസാക്ഷിയില്ലാത്ത ഡോക്ടറന്മാരായിരിക്കും."

സഹതാപമുണ്ട് സുഹൃത്തേ,
കുറഞ്ഞ പക്ഷം സ്വാശ്രയം എന്താനെന്നെങ്കിലും മനസിലാകാന്‍ ശ്രമിക്കുക. എല്ലാക്കാലവും എല്ലാം സൌജന്യമായി ലഭിക്കണം എന്ന് ശഠിക്കതിരിക്കുക.

ക്രിസ്ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവന്‍ കിഡ്നി അടിച്ചു മാറ്റുന്നവരും അല്ലാത്ത സ്വാശ്രയ കോളേജില്‍ പഠിക്കുന്നവര്‍ അങ്ങനെ അല്ലാതെയും ആകുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.

ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസിലിരുന്നു കൈക്കൂലി വാങ്ങുന്നവരും അഴിമതി കാണിക്കുന്നവരുമായ ഡോക്ടര്‍മാരും എങ്ങിനീയര്‍മാരും ഇതു സ്വാശ്രയ കോളേജില്‍ ആണ് പഠിച്ചത് ?

സര്‍ക്കാരിന്റെ സൌജന്യം വാങ്ങിയവര്‍ തന്നെയാണല്ലോ നിര്‍ബന്ധിത ഗ്രാമീണ സേവനതിനെതിരെ കോടതിയില്‍ കേസിന് പോകുന്നത്.

രാജീവ്‌ ഇവിടെ പറയുന്ന വിഷയതോടു വിയോജിപ്പില്ല. എന്തിനും ഏതിനും സ്വശ്രയമാണ് കുറ്റമെന്നു സ്വപിക്കാന്‍ ശ്രമിക്കുന്നത് രാജീവിന്റെ രാഷ്ട്രീയം. എല്ലാം സര്‍ക്കാരിന്റെ കൈപ്പിടിയിലായാല്‍ സമത്വ സുന്ദരമാകുമെന്നത് കംയോനിസ്ടുകാരന്റെ മൌഡ്യം. കാലം തെളിവുകള്‍ നിരത്തുമ്പോള്‍ കണ്ണുമടച്ചു തന്നെ പാവങ്ങള്‍.

Rajeeve Chelanat said...

ജോജൂ,

സ്വാശ്രയകോളേജുകളില്‍നിന്നു പഠിച്ചു പുറത്തുവരുന്നവര്‍ എല്ലാം രാംഗോപാല്‍മാര്‍ ആണെന്നോ, ആവുമെന്നോ ഒന്നും എനിക്കും അഭിപ്രായമില്ല. തങ്ങളുടെ തൊഴിലിനെ സ്നേഹിക്കുന്നവരും, അതിനോട് ആത്മാര്‍ത്ഥത ഉള്ളവരുമൊക്കെ അതിലുണ്ടാകാം. ഉണ്ട്‌. എങ്കിലും, ഇത്തരം കോളേജുകള്‍ ഇന്ന് നിലനില്‍ക്കുന്നത്, പണം ഉള്ളവര്‍ക്ക് (മാത്രം) പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌.

"എല്ലാക്കാലവും എല്ലാം സൌജന്യമായി ലഭിക്കണം എന്ന് ശഠിക്കതിരിക്കുക" എന്ന് പറയുന്നതിലെ ജോജുവിന്റെ രാഷ്ട്രീയം തന്നെയാണ്‌ സ്വാശ്രയകോളേജിന്റെ പ്രയോക്താക്കളുടെതും. എന്റെ രാഷ്ട്രീയം അതല്ലെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യട്ടെ.

ഇവിടെ എല്ലാം എല്ലാവര്‍ക്കും സൌജന്യമായി കിട്ടണമെന്ന വാദമൊന്നും എനിക്കും ഇല്ല. എങ്കിലും വിദ്യാഭ്യാസവും ആരോഗ്യവും, തൊഴില്‍ അവസരങ്ങളും, സാമൂഹ്യനീതിയും, സമൂഹത്തിലെ ഏറ്റവും ദാരിദ്രവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌. ആ ഉത്തരവാദിത്വം ഇതുവരെയുള്ള സര്‍ക്കാരുകള്‍ കൈയ്യൊഴിഞ്ഞ ഇടങ്ങളിലാണ് ഇത്തരം കച്ചവട വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ കടന്നുവന്നത്. അവയില്‍നിന്ന് പഠിച്ചു പുറത്തുവരുന്നവരുടെ തൊഴില്‍ എത്തിക്സും വ്യത്യസ്തമാവും. രാംഗോപാലിനെപ്പോലുള്ളവരെ സൃഷ്ടിക്കുന്നത്തിനും വളര്‍ത്തുന്നത്തിനും ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ കൂടുതല്‍ അവസരമൊരുക്കും എന്ന എന്റെ 'വലിച്ചുനീട്ട'ലിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.

ഇത്തരം അര്‍ബുദങ്ങള്‍ സമൂഹത്തിന്റെ സന്തതിയാണ് എന്നൊക്കെ പറഞ്ഞ് ഒഴിയാനും എളുപ്പമാണ്. സമൂഹത്തിന്റെ സന്തതികള്‍ എങ്ങിനെ ഉണ്ടാവുന്നു എന്ന് അന്വേഷിക്കേണ്ട ബാധ്യതയില്‍നിന്ന് അപ്പോള്‍ എളുപ്പത്തില്‍ തലയൂരാമല്ലോ.

അഭിവാദ്യങ്ങളോടെ