Wednesday, January 26, 2011

നാടുനീങ്ങിയവരുടെ മൂന്നു കവിതകള്‍


സ്വന്തം മണ്ണും ജീവിതവും വിട്ടുപോരേണ്ടിവന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച പലസ്തീൻ ജനതയുടെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന പോരാട്ടത്തിന്റെ അണയാത്ത നെരിപ്പോടുകളാണ്‌ മഹമ്മൂദ് ദാർവിഷിന്റെയും, സാമി അൽ ഖാസിമിന്റെയും കവിതകൾ. അഡോണിസെന്ന അലി അഹമ്മദ് സയ്യദ് ജനനം കൊണ്ട് സിറിയക്കാരനെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് രാജ്യഭ്രഷ്ടന്റെ രാഷ്ട്രീയം തന്നെയാണ്‌.

ദാർവിഷിന്റെ കവിതകളിൽ നീറിപ്പുകയുന്നത്, പലായനത്തിന്റെയും പല കോണുകളിൽനിന്ന് നിരന്തരമായി വഞ്ചിക്കപ്പെടുന്ന പോരാട്ടത്തിന്റെയും എരിയുന്ന കനലുകളാണെങ്കിൽ, ചുരുങ്ങിയ വാക്കുകളും വരികളും കൊണ്ട് അഡോണിസ്, ഒരേസമയം തന്റെ കവിതയെയും രോഷത്തെയും ആളിക്കത്തിക്കുകയാണ്‌ ചെയ്യുന്നത്. സാമിയാകട്ടെ, നിരന്തരമായ ഒരു ആത്മഭാഷണത്തിലൂടെ, ചിലപ്പോൾ ഒരു കറുത്ത ഫലിതത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യുന്നു.


മറ്റൊരു രാജ്യത്തിലേക്ക്‌
മഹമ്മൂദ് ദാർവിഷ് (1942-2008)

നമ്മൾ പോകുന്നു
നമ്മുടെ മാംസമല്ലാത്ത മറ്റൊരു രാജ്യത്തിലേക്ക്‌
നമ്മുടെ അസ്ഥികൾകൊണ്ട്‌ നട്ടതല്ല
അവിടുത്തെ ചെസ്റ്റ്നട്ട്‌ മരങ്ങൾ
നമ്മുടെ പർവ്വതഗീതങ്ങളിലെ ആടുകളല്ല
അവിടുത്ത കല്ലുകൾ
ആ കല്ലുകളുടെ കണ്ണുകളല്ല
അവിടുത്തെ
ലില്ലിപ്പൂക്കൾ

നമുക്കു വേണ്ടി മാത്രമായി ഉദിക്കാത്ത
ഒരു സൂര്യന്റെ നാട്ടിലേക്ക്‌
പുരാണങ്ങളിലെ സ്ത്രീകൾ നമ്മെ വിളിക്കുന്നു
നമുക്കുവേണ്ടിയും നമുക്കെതിരെയും ഒരു കടൽ
ഗോതമ്പും വെള്ളവും നിഷേധിക്കപ്പെട്ടാൽ
നിങ്ങൾ ഞങ്ങളുടെ സ്നേഹം ഭക്ഷിക്കുക,
ഞങ്ങളുടെ കണ്ണീർ കുടിക്കുക

കവികൾക്കുവേണ്ടി ഒരു കറുത്ത തൂവാല
വെണ്ണക്കല്ലുകളുടെ ഒരു വലിയ നിര
ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തും
ഞങ്ങളുടെ ആത്മാവുകളിൽ
കാലത്തിന്റെ പൊടി പുരളാതിരിക്കാൻ
ഒരു മെതിനിലം.
നമുക്കുവേണ്ടിയും നമുക്കെതിരെയും റോസാപ്പൂക്കൾ

നിങ്ങൾക്കു നിങ്ങളുടെ വിജയം
ഞങ്ങൾക്കു ഞങ്ങളുടെയും
ഞങ്ങളുടെ രഹസ്യമൊഴിച്ച്‌ മറ്റൊന്നും കാട്ടിത്തന്നിട്ടില്ലാത്ത രാജ്യം
വിജയം ഞങ്ങൾക്ക്‌
സ്വന്തം വീടൊഴിച്ച്‌ മറ്റെല്ലാ വീടുകളിലേക്കും
ഞങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന
തേഞ്ഞുപോയ കാലുകളിൽ തീർത്ത്‌ ഒരു സിംഹാസനം
ആത്മാവിന്റെ ആത്മാവിനെ
ആത്മാവിൽത്തന്നെ കണ്ടെത്തിയേ തീരൂ,
ഇല്ലെങ്കിൽ ഇവിടെത്തന്നെ മരിച്ചേ തീരൂ..




യാത്രാ ടിക്കറ്റുകൾ
സമി അൽ ഖാസിം (1930-)


എന്നെ നീ കൊല്ലുന്ന ദിവസം
എന്റെ കയ്യിൽ
യാത്രക്കുള്ള ഒരു ടിക്കറ്റ്‌ കാണും
സമാധാനത്തിലേക്കുള്ള
ടിക്കറ്റുകൾ
പാടങ്ങളിലേക്കും മഴയിലേക്കും
മനുഷ്യരുടെ മനസ്സാക്ഷിയിലേക്കുമുള്ള
ടിക്കറ്റുകൾ
അവ പാഴാക്കരുതേ


പ്രവചനം
അഡോണിസ് (1930-)

സഹസ്രാബ്ദങ്ങൾ നീണ്ട നമ്മുടെ ഉറക്കം

അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തിൽനിന്ന്‌
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളിൽ
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്‌
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യൻ ഉണർന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.


തര്‍ജ്ജനിയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത

Thursday, January 20, 2011

ഡെമോഗ്രാഫി വെറും ഒരു പദമല്ല

മേജർ ജനറൽ ദാഹി ഖൽഫാൻ തമീം യു.എ.ഇ.യിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ എന്ന നിലക്കു മാത്രമല്ല ശ്രദ്ധയാകർഷിച്ചിട്ടുള്ളത്‌. സത്യസന്ധവും വിമർശനാത്മകവുമായി സർക്കാർ നയങ്ങളെ വിലയിരുത്താനും, പ്രതിസന്ധികളിൽ സർക്കാരിന്റെ കൂടെ നിൽക്കാനും, തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുമൊക്കെയുള്ള ചങ്കൂറ്റം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്‌. ദുബായ്‌ സർക്കാരിന്റെ ഋണബാധ്യതയെക്കുറിച്ച്‌ സംസാരിക്കേണ്ടിവന്നപ്പോഴും,ചെച്നിയൻ കമാണ്ടർ യമാദേവ്‌ കൊല്ലപ്പെട്ടപ്പോഴും, ഹമാസ്‌ നേതാവ്‌ മഹമ്മൂദ്‌ കൊല്ലപ്പെട്ടപ്പോഴുമൊക്കെ നമ്മൾ അത്‌ കണ്ടതാണ്‌. ഫെഡറൽ നാഷണൽ ക്ൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടപ്പോൾ ഇത്രനാളും സർക്കാരിനെ വിശ്വസ്തതയോടെ സേവിക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത തനിക്ക്‌ അതിനു മനസ്സില്ലെന്ന്‌ പരസ്യമായും പറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്‌ മേജർ ജനറൽ.

യു.എ.ഇ.യിലെ ഡെമോഗ്രാഫിയെക്കുറിച്ച്‌ ഈയ്യിടെയായി അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്‌. ശിവസേനയടക്കമുള്ള തീവ്രവലതുപക്ഷ പ്രാദേശികകവാദക്കാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ്‌ നിർഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌. ഇന്ന്‌ അത്‌ വീണ്ടും അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലമാകട്ടെ പതിന്മടങ്ങ്‌ നിർഭാഗ്യകരവും.

ദുബായ്‌  മോഡേൺ ഹൈസ്കൂളിൽ പഠിക്കുന്ന വെറും നാലുവയസ്സു മാത്രമുള്ള ഒരു പിഞ്ചുബാലികയെ സ്കൂൾബസ്സിൽ വെച്ച്‌, ഡ്രൈവറും കണ്ടക്ടറുമടക്കം മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ മുൻനിർത്തിയാണ്‌ ഇന്ന്‌ അദ്ദേഹം പ്രവാസികൾക്കെതിരെ വാക്മുന പ്രയോഗിച്ചിരിക്കുന്നത്‌.

വിദേശികളുടെ വ്യാപകമായ കടന്നുകയറ്റം കൊണ്ട്‌ ഈ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിൽ വന്ന വ്യതിയാനത്തിന്റെ ദൂഷ്യഫലമാണ്‌ ഇത്തരം സംഭവങ്ങളെന്നും, തങ്ങളുടെ സമൂഹത്തിൽ ഇതിനുമുൻപൊരിക്കലും ഇത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

യു.എ.ഇ.യുടെ വളർച്ചയിൽ ഇവിടുത്ത വിദേശികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ ശ്രീ ദാഹി ഖൽഫാന്‌ അറിയാത്തതല്ല. ബി.ബി.സിക്കുള്ള അഭിമുഖത്തിലും ഒരിക്കൽ അതദ്ദേഹം തുറന്നുസമ്മതിച്ചിട്ടുള്ളതുമാണ്‌. ആ പങ്ക്‌ ഒരിക്കലും ഏകപക്ഷീയവുമായിരുന്നില്ല. ഈ രാജ്യത്തിന്റെ വളർച്ചക്ക്‌ വിദേശികളെ അവർക്ക്‌ ആവശ്യമായിരുന്നു. തൊഴിലില്ലാത്ത നാട്ടിലെ അവസ്ഥയിൽനിന്നുള്ള മോചനം വിദേശികൾക്കും ഒരുപോലെ ആവശ്യമായിരുന്നു.

ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള ബഹുഭൂരിപക്ഷം വിദേശികളും ഇവിടുത്തെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്‌. മറ്റേതൊരു അറബ്‌ നാട്ടിലും ഇല്ലാത്തവിധം സ്വതന്ത്രവും, അവകാശങ്ങളും ഇവിടെയുണ്ടെന്ന്‌ തിരിച്ചറിയുകയും അതിന്റെ മഹത്ത്വം ബോധ്യമുള്ളവരുമാണവർ. ചൂഷണങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ട വ്യവസ്ഥിതികളും നീതിനിയമസംഹിതകളുമൊക്കെ മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഇവിടെയുമുണ്ടായിരിക്കാം. എന്നാലും ആ ദൌർബ്ബല്യങ്ങളെയൊക്കെ അതിജീവിക്കുന്ന ഒന്നാണ്‌ യു.എ.ഇ.യിൽ തങ്ങൾ അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ ശുദ്ധവായു എന്ന തിരിച്ചറിവുള്ളവരാണ്‌ മഹാഭൂരിപക്ഷം വരുന്ന വിദേശികളും.

മേജർ ജനറലിന്റെ അഭിപ്രായങ്ങൾ ഒരുപക്ഷേ സർക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ മാത്രമായിരിക്കാം. അങ്ങിനെത്തന്നെയായിരിക്കട്ടെ. എങ്കിലും, പ്രത്യക്ഷത്തിൽ അത്‌, ഇവിടെ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളെക്കുറിച്ചുള്ളതും, അവരെ അഭിസംബോധന ചെയ്യുന്നതുമായ ഒരു അഭിപ്രായപ്രകടനമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാൻ അധികവും സാധ്യത. വിദേശികളെ സംബന്ധിച്ചിടത്തോളം അത്‌ അപമാനകരമായി തോന്നിയാൽ, അതിനവരെ കുറ്റം പറയാനും ആവില്ല.

അവർക്കിടയിലും ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നത്‌ സ്വാഭാവികമാണെന്ന്‌ ദാഹി ഖൽഫാൻ മനസ്സിലാക്കണം.. ഇവിടുത്തെ നിയമം അനുവദിച്ചിരുന്നെങ്കിൽ, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവർക്കുമേൽ എത്ര പ്രാകൃതമായ ജനകീയവിധിയും നടപ്പിലാക്കാൻ, വിദേശികൾക്ക്‌ (പ്രത്യേകിച്ചും, ഇന്ത്യക്കാർക്ക്‌, പിന്നെയും പ്രത്യേകിച്ച്‌ മലയാളികൾക്ക്‌)സന്തോഷമേയുണ്ടാകൂ എന്നും മേജർ ജനറൽ മനസ്സിലാക്കണം.

യു.എ.യിലെ ഡെമൊഗ്രാഫി എങ്ങിനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്‌. ആ ഡെമോഗ്രാഫിയിൽ വ്യത്യാസങ്ങൾ വന്നതിന്റെ ഉത്തരവാദിത്ത്വം വിദേശികളിൽ കെട്ടിവെക്കുന്നതിന്റെ യുക്തി മാത്രം മനസ്സിലാകുന്നില്ല. ഇവിടുത്തെ ഭരണാധികാരികളുടെ അറിവോടെയും അനുവാദത്തോടെയും നിയമാനുസൃതം വന്നവരാണ്‌ ഇവിടെയുള്ളവരിലധികവും. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സങ്കീർണ്ണവും ഭീമവുമായ കമ്പോളവുമാണ്‌ ഇന്ന്‌ ഇവിടെയുള്ളത്‌. അതിനെയൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുകയോ, അഥവാ തദ്ദേശീയവത്ക്കരിക്കുകയോ ചെയ്യുന്നത്‌, എന്തായാലും ഈ രാജ്യത്തിന്‌ അനുഗുണമായിരിക്കില്ല. സാവധാനം നടത്തേണ്ട ഒരു പ്രക്രിയയയാണത്‌. അതിൽ യു.എ.ഇ. എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന്‌ സ്വയം ഒന്ന്‌ പരിശോധിക്കുന്നതും നന്നായിരിക്കും.

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും, ആസൂത്രിതമായിത്തന്നെ, തദ്ദേശീയരുടെ ഒരു തലമുറയെ വളർത്തിയെടുക്കുക, അവർക്കാവശ്യമായ തൊഴിൽ അവസരങ്ങൾ നിർമ്മിച്ചെടുക്കുക, എന്നിങ്ങനെ ഒരു രാജ്യത്തിന്റെ സ്വാശ്രയ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ പല മേഖലകളുണ്ട്‌. തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ തദ്ദേശീയരുടെ പ്രാതിനിധ്യം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌ യു.എ.ഇ.യിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 56 ശതമാനം തദ്ദേശീയർ മാത്രമാണ്‌ ഇപ്പോഴും തൊഴിലെടുക്കുന്നത്‌. തൊഴിലില്ലായ്മാ നിരക്കാകട്ടെ 31 ശതമാനവും. ഐക്യരാഷ്ട്രസഭയുടെ (UNPG-United Nations Programme for Governance)അറബ്‌ മേഖലയിലെ 2005-നെ അടിസ്ഥാനപ്പെടുത്തിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, അധിനിവേശ പലസ്തീന്റെയും ലിബിയയുടെയും പോലും പിന്നിലാണ് യു.എ.ഇ.യുടെ സ്ഥാനം (ദശാംശം 79 എന്ന റേറ്റിംഗോടെ). 2009-ൽ 7.9 ബില്ല്യൺ ദിർഹമായിരുന്നു വിദ്യാഭ്യാസമേഖലക്കുവേണ്ടി യു.എ.ഇ. നീക്കിവെച്ചത്‌. എന്നിട്ടും സ്ഥിതി അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല എന്ന്‌ 2007-ലാണ്‌ ദുബായ്‌ ഭരണാധികാരിയും യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ്‌ മുഹമ്മദ്‌ ഒരു നയപ്രഖ്യാപനവേളയിൽ ചൂണ്ടിക്കാട്ടിയത്‌. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, യു.എ.ഇ. തികഞ്ഞ പ്രതിജ്ഞാബദ്ധത കാണിക്കുന്നുണ്ടെന്നത്‌ നിസ്തർക്കമാണെങ്കിലും പല കാരണങ്ങളാലും ഇനിയും അതെല്ലാം കൂടുതൽ ഫലവത്താകേണ്ടിയിരിക്കുന്നു. ശ്രീ. ദാഹി ഖൽഫാനും ഇതെല്ലാം പല അവസരങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്‌.

യു.എ.ഇ.യുടെ സാംസ്ക്കാരികമൂല്യങ്ങളെ അതിന്റെ ഡെമൊഗ്രാഫിയിൽ വന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിച്ചു എന്ന വാദം പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. മാത്രമല്ല, ആ ദോഷത്തിന്റെ മുഖ്യ ഉത്തരവാദികൾ ഇവിടെ പണിയെടുക്കുന്ന, അവിവാഹിതരും, കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിവില്ലാത്തവരുമായ ആളുകളാണെന്ന വാദവും ഉയരുന്നുണ്ട്. ഇത് കൂടുതൽ അപകടകരമാണ്‌. ഈ വാദത്തിൽ വിശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌, ഒന്നുകിൽ ഇത്തരം തൊഴിലാളികളെ (ബാച്ചിലേഴ്സ്‌ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഏകാകികൾ) ഇവിടേക്കു വരുന്നതിൽ നിന്ന്‌ വിലക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ കുടുംബത്തോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുകയോ അല്ലേ? അതിനു പകരം, അവരെ അയിത്തതിന്റെയും അസ്പൃശ്യതയുടെയും മനോഭാവത്തോടെ കാണുന്നത്‌ എത്രകണ്ട്‌ ശരിയാണ്‌? ഈ പറയുന്ന ബാച്ചിലേഴ്സ്‌ വിഭാഗത്തിലും (അവരിൽ നല്ലൊരു ശതമാനവും താഴേക്കിടയിലുള്ള തൊഴിലാളികളുമാണ്‌) ഇവിടുത്തെ മദ്ധ്യവർഗ്ഗക്കാരെപ്പോലെ ഇവിടുത്തെ നിയമങ്ങളെയുമാചാരങ്ങളെയും അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌ മഹാഭൂരിപക്ഷവും.

ഏതൊരു വിഭാഗത്തിലുമെന്നപോലെ, അവരിലും, ചെറിയ കുറ്റവാളികളും, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പോലുള്ള മാപ്പർഹിക്കാത്ത കുറ്റവാളികളുമൊക്കെ ഉണ്ടാകാം. അതിനെ നിയമപരമായി നേരിടുകയാണ്‌, അതല്ലാതെ, നിയമാനുസൃതം ഇവിടെ വന്ന്‌, തൊഴിലെടുത്ത്‌ ജീവിക്കുന്നവരെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്‌.

ലോകത്തിന്റെ മറുഭാഗങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾപോലും, ഇവിടുത്തെ തനത്‌ പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നു എന്നുവരെ ഈയിടെയായി ചില തദ്ദേശീയ വിദഗ്ദ്ധരിൽനിന്നു കേട്ടുതുടങ്ങിയിട്ടുണ്ട്‌. മൊത്തം ജനസംഖ്യയിൽ വെറും ഇരുപത്‌ ശതമാനമായി ഒതുങ്ങിയിട്ടും, വിദേശികളോട്‌ കഴിഞ്ഞ നാലു ദശകങ്ങളെങ്കിലുമായി നിസ്സീമമായ സഹിഷ്ണുത പ്രകടിപ്പിച്ചുവരുന്ന തദ്ദേശീയരാണ്‌ ഇവിടെയുള്ളത്‌. അവരുടെ ഇടയിൽനിന്നുതന്നെയാണ്‌ ഇത്തരം കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റും വരുന്നത്‌ എന്നുകൂടി ഓർക്കണം.ക്തുകവാർത്തകളുടെ കൂട്ടത്തിൽ ചേർക്കാമെങ്കിലും, കേൾക്കാനോ, ഉൾക്കൊള്ളാനോ ഒട്ടും സുഖം തോന്നാത്ത അയുക്തികളാണ്‌ ഇതൊക്കെ.

അത്തരം അയുക്തികളും, വാചാകക്കസർത്തുകളും, ദാഹി ഖൽഫാൻ തമീമിനെപ്പോലുള്ള കഴിവുറ്റവരും പക്വതയുള്ളവരുമായ ഭരണാധികാരികളിൽനിന്ന്‌ ഒരിക്കലും വന്നുകൂടാത്തതാണ്‌.

കാരണം,  വെറുമൊരു ഉന്നതപോലീസുദ്യോഗസ്ഥൻ മാത്രമല്ല ശ്രീ ദാഹി ഖൽഫാൻ തമീം. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണ്‌. അതുകൊണ്ടുതന്നെ, അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ അത്‌, ഐക്യ അറബി നാടിന്റെ ശബ്ദമായിത്തന്നെയാണ്‌ സമൂഹത്തിന്റെ പൊതുധാരയിൽ അടയാളപ്പെടുക. 

Monday, January 10, 2011

ഭാരതീയം





The Nationalist not only does not disapprove of atrocities committed by his own side, but he has a remarkable capacity for not even hearing about them - George Orwell


നാലാം ക്ളാസ്സില്‍ പഠിക്കുന്ന മകന്‌ സ്കൂളില്‍ അവതരിപ്പിക്കാന്‍ രാജ്യസ്നേഹത്തെക്കുറിച്ച്‌ ഒരു പ്രസംഗം എളുപ്പത്തില്‍ എഴുതിക്കൊടുക്കണമെന്ന്‌ നല്ല പകുതി പറയുന്നു. എളുപ്പത്തില്‍ വായിച്ചു പഠിക്കാവുന്ന ഒരു ചെറിയ വാചാപ്രസംഗം. ദാ, ആ തലതിരിഞ്ഞ സാധനങ്ങളൊന്നും എഴുതിക്കൊടുക്കണ്ട, നാലാം ക്ളാസ്സുകാരനുവേണ്ടിയുള്ളതാണെന്ന്‌ ഓര്‍മ്മിച്ചോളൂ എന്ന്‌, കൂട്ടത്തില്‍, കളിവാക്കില്‍ പൊതിഞ്ഞുവെച്ചതെങ്കിലും ശക്തമായ ഒരു മുന്നറിയിപ്പും.

നാലാം ക്ളാസ്സുകാരനായ മകനോട്‌ രാജ്യസ്നേഹത്തെക്കുറിച്ച്‌ എന്താണ്‌ ഞാന്‍ പറഞ്ഞു കൊടുക്കേണ്ടത്‌?

അവനവന്റെ രാജ്യമാണ്‌ സാരേ ജഹാം സേ അച്ചാ എന്നോ? ഇന്ത്യയെന്നു കേള്‍ക്കുമ്പോഴേക്കും അഭിമാനപൂരിതമാവുകയും ചോരതിളക്കുകയും ചെയ്യണമെന്നോ? ചോരയുടെ വകതിരിവുകള്‍ക്കും കന്നംതിരിവുകള്‍ക്കും രാജ്യാഭിമാനവുമായും അതിര്‍ത്തികളുമായും ഒരു ബന്ധവുമില്ലെന്നോ? മുറിച്ചുമാറ്റുകയും, തുന്നിച്ചേര്‍ക്കുകയും ചെയ്ത എല്ലാ അതിര്‍ത്തി ഞരമ്പുകളിലൂടെയും  ഒഴുകുന്ന എല്ലാ രക്തവും, കണ്ണീരും ഒന്നെന്നോ? കുടിയൊഴിക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളായി മാറിയവരുടെയും, പരസ്പരം അവിശ്വസിച്ചും, ഭയന്നും കഴിയുന്നവരുടെയും രക്തധമനികളെ ഇന്ത്യ എന്നൊരു പദം കൊണ്ട്‌ അഭിമാനപൂരിതമാക്കാനും തിളപ്പിക്കാനും ശ്രമിക്കുന്നത്‌ വിഫലമാണെന്നോ?

അരവയര്‍ നിറക്കാര്‍ പകലന്തിയോളം വിയർപ്പൊഴുക്കുന്നവന്റെയും, പൊതുകിണറില്‍നിന്ന്‌ ദാഹം ശമിപ്പിച്ചതിന്‌ തീയില്‍ വെന്തവന്റെയും, ഓരോ മുപ്പതുമിനുട്ടിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെയും ഇന്ത്യയില്‍നിന്ന്‌, അംബരചുംബികള്‍ നിര്‍മ്മിക്കുന്ന അംബാനിമാരുടെയും കോടികള്‍ക്ക്‌ ലേലം ഉറപ്പിക്കുന്ന ഏറുപന്തുകാരുടെയും ഇന്ത്യയിലേക്കുള്ള ദൂരം നാലാം ക്ളാസ്സുകാരന്‌ മനസ്സിലാകാന്‍ ഇടയില്ല.

അവന്റെ കട്ടിലിന്റെ തലക്കലെ ഭൂപടത്തില്‍ പരന്നുകിടക്കുന്ന ലോകത്തില്‍ പല രാജ്യങ്ങളുണ്ടെന്നും അവരില്‍ മലയാളികളും അറബികളും, ഇംഗ്ളീഷുകാരും ചൈനക്കാരും ബംഗ്ളാദേശികളും ഫിലിപ്പീനികളും ഉണ്ടെന്നുള്ള ഏകദേശരൂപമല്ലാതെ, ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്തുന്ന അതിര്‍ത്തികളുടെയും, ഭാഷകളുടെയും, വേഷങ്ങളുടെയും, രുചിഭേദങ്ങളുടെയും ആചാരങ്ങളുടെയും സ്വത്വ വൈവിദ്ധ്യം എത്രത്തോളമാണെന്നൊന്നും അവന്റെ ഇളം ബുദ്ധിയില്‍ അത്രയ്ക്കങ്ങോട്ട്‌ വേരുറച്ചുതുടങ്ങിയിട്ടില്ല.

ആ അവനെയും അവനെപ്പോലെയുള്ള കുട്ടികളെയും മുന്നില്‍  രാജ്യസ്നേഹത്തെക്കുറിച്ചുള്ള ഏതു വാചാപ്രസംഗമാണ്‌ ഞാന്‍ അവതരിപ്പിക്കേണ്ടത്‌? എങ്ങിനെ?

മറ്റൊരു രാജ്യവും നമ്മുടെ രാജ്യത്തോളം നല്ലതല്ലെന്നോ? മറ്റൊരു നാട്ടാരും നമ്മുടെ നാട്ടാരോളം നല്ലവരല്ലെന്നോ? വേണ്ടിവന്നാല്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം രാജ്യത്തിനുവേണ്ടി ബലികൊടുക്കാന്‍ തക്കവണ്ണം ശ്രേഷ്ഠമാണ്‌ നമ്മുടെയൊക്കെ ജന്മമെന്നോ?

രാജ്യമെന്നത്‌, സമ്പന്നരാലും സ്വാര്‍ത്ഥതാത്പര്യങ്ങളാലും, ഭരണഘടനാതാളുകളാലും നിര്‍വ്വചിക്കപ്പെട്ട കേവലമൊരുപിടി മണ്ണല്ലെന്നും, അതിലെ ജനകോടികളുടെ സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ സങ്കല്പങ്ങളെ സാര്‍ത്ഥകമാക്കാനുള്ള ഇടമാണെന്നും പറഞ്ഞാര്‍ എന്താകും അവനും അവരും മനസ്സിലാക്കുക?

രാജ്യമെന്നത്‌, നാനാത്വത്തിലെ ഏകത്വമല്ലെന്നും, നാനാത്വത്തിലെ നാനാത്വത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആശയമാണെന്നും പറഞ്ഞാല്‍ അവർക്കത്‌ എത്രകണ്ട്‌ ദഹിക്കും?

സ്വന്തം നാട്ടിലെ മണ്ണിനെയും മലയെയും കാടിനെയും നഗരത്തെയും ഗ്രാമത്തെയും അവിടങ്ങളിലെ മഴയെയും വെയിലിനെയും കാറ്റിനെയും ഉഷ്ണത്തെയും ശിശിരത്തെയും, അവയില്‍ ജനിക്കുകയും ജീവിച്ചുമരിക്കുകയും ചെയ്യുന്ന മനുഷ്യരെയും സ്നേഹിക്കുന്നതില്‍നിന്ന്‌ എത്രയോ കാതം അകലെയാണ്‌ രാജ്യസ്നേഹമെന്ന കപടവെച്ചുകെട്ടലുകളെന്നും മനസ്സിലാകാന്‍ ഇനിയും അവര്‍ക്കെത്ര പഠിപ്പു തികയണം?

ചുറ്റോടുചുറ്റും ശത്രുക്കള്‍ എന്ന പേടിക്കഥ നിരന്തരം പറഞ്ഞുകൊടുത്ത്‌ പടുത്തുയര്‍ത്തുന്ന രാജ്യസ്നേഹത്തിന്റെ പഞ്ചതന്ത്ര പഴംകഥകള്‍ക്കകത്ത്‌ നുഴഞ്ഞുകയറിയ സ്വന്തം തക്ഷകന്മാരെ എങ്ങിനെയാണ്‌ ഈ കുട്ടികള്‍ക്ക്‌ കാട്ടിക്കൊടുക്കുക?

ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളെ ഏതുവിധത്തിലാണ്‌ കാട്ടിക്കൊടുക്കേണ്ടത്‌?

കുട്ടികള്‍ക്ക്‌ കളിക്കാന്‍ പാകത്തിലുള്ള രാജ്യസ്നേഹം എവിടെനിന്നു കിട്ടും?